Pravasi

You Are Here: Home / Archives / Category / Pravasi

P K Abdulla Koya a gulf success story
-പി.കെ. അബ്ദുള്ള കോയ / പി. ടി. ബിനു

Categories:

പി.കെ. അബ്ദുള്ള കോയയുടെ ജീവിതം വിജയങ്ങളുടെ യാത്രയാണ്. ഗൾഫിൽ വിജയം കൈവരിച്ച മലയാളികളിൽ പ്രമുഖനായ അബ്ദുള്ള കോയ 1978-ലാണ് തൊഴിൽ തേടി യു.എ.യിലെത്തുന്നത്. കോഴിക്കോട് സ്വദേശിയായ അദ്ദേഹം 1981-ലാണ് സ്വന്തമായി ബിസിനസ് ചെയ്യാൻ ആരംഭിക്കുന്നത്. പ്രിന്റിങ്ങുമായി ബന്ധപ്പെട്ട് ‘ആഡ്പ്രിന്റ്’ എന്ന സ്ഥാപനം തുടങ്ങിയായിരുന്നു ബിസിനസിലേക്കുള്ള വരവ്. തുടർന്ന്, സ്റ്റാമ്പ് നിർമാണ കമ്പനിയായ സൺസ്റ്റാമ്പർ ആരംഭിച്ചു. ഇന്ന് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഓസ്‌ട്രേലിയ, യു.കെ., ചൈന, സിങ്കപ്പൂർ, പാപുവ ന്യൂഗ്വിനിയ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. റൂഫിങ് ടൈലുകളും അനുബന്ധ ഉത്പന്നങ്ങളും നിർമിക്കുന്ന കോഴിക്കോടുള്ള നാഷണൽ ടൈൽ ഫാക്ടറി, കെട്ടിട നിർമാണാവശ്യങ്ങൾക്കുള്ള കല്ലുകളും ലോഹവും നിർമിക്കുന്ന ബീറ്റാ ഗ്രാനൈറ്റ്‌സ്, സ്റ്റാമ്പ് നിർമാണത്തിനുള്ള ഫോമും പ്ലാസ്റ്റിക് ഭാഗങ്ങളും നിർമിക്കുന്ന കമ്പനി, ടി.എം.ടി സ്റ്റീൽ നിർമിക്കുന്ന വാളയാർ സ്റ്റീൽസ് എന്നിവയും അബ്ദുള്ള കോയയുടെ ബിസിനസ് സ്ഥാപനങ്ങളാണ്. പ്രവർത്തന മേഖലയിലെ വിജയത്തിന് 2018-ലെ ‘ഗർഷോം’ അന്താരാഷ്ട്ര പുരസ്‌കാരം അബ്ദുള്ള കോയയ്ക്കു ലഭിച്ചിട്ടുണ്ട്. ജപ്പാനിൽ വച്ചു നടന്ന ചടങ്ങിൽ ‘ലൈഫ്‌ടൈം’ അച്ചീവ്‌മെന്റ്’ വിഭാഗത്തിലാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. ഷെയ്ഖ് സെയ്ദ് ഇന്റർനാഷണൽ എക്‌സലൻസ് അവാർഡ്, ഏഷ്യാനെറ്റ് ഗ്ലോബൽ ബിസിനസ് എക്‌സലൻസ് അവാർഡ് തുടങ്ങിയ പ്രമുഖ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അബ്ദുള്ള കോയ ഞാൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം.

  • പ്രവാസം
    1978-ലാണ് യു.എ.യിലെത്തുന്നത്. മുംബൈയിൽ നിന്ന് കപ്പലിലാണ് ഗൾഫ് മണ്ണിൽ കാലുകുത്തുന്നത്. അക്കാലത്ത് കപ്പലിലാണ് ആളുകൾ ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിയിരുന്നത്. 1980 ആയപ്പോഴേക്കും കപ്പൽ യാത്രകൾ അവസാനിച്ചിരുന്നു. റാഷിദ് പോർട്ടിലാണ് കപ്പലുകൾ വരിക. റാഷിദ് പോർട്ടൽ ഇന്ന് ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും പോർട്ടാണ്. പോർട്ടിലെത്തിയാൽ അവിടത്തെ ഉദ്യോഗസ്ഥർ വരും. നമ്മുടെ കൈവശമുള്ള രേഖകൾ പരിശോധിച്ച് വിസ തരും. വളരെ ലളിതമായ നടപടികളായിരുന്നു അന്ന്. യു.എ.ഇയിൽ വളർച്ചയുടെ ആദ്യനാളുകളിലായിരുന്നു അന്ന്. ധാരാളം തൊഴിലവസരങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നു മാത്രമല്ല, മറ്റു രാജ്യങ്ങളിൽ നിന്നും തൊഴിലന്വേഷകർ എത്തിയിരുന്നു.
    അന്ന് ഇന്നത്തെപ്പോലെ റിക്രൂട്ടിങ് സംവിധാനങ്ങളൊന്നുമില്ല. പലരും ബന്ധുക്കൾ വഴിയും സുഹൃത്തുക്കൾ വഴിയുമാണ് ഗൾഫിലെത്തിയിരുന്നത്. താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞവരായിരുന്നു തൊഴിൽ തേടിയെത്തിയിരുന്നവരിൽ ഭൂരിഭാഗവും. അന്ന് വലിയ കമ്പനികളൊന്നുമുണ്ടായിരുന്നില്ല. ഉണ്ടായിരുന്ന കമ്പനികളിലൊക്ക നല്ല ജോലികൾ ചെയ്തിരുന്നത് അറബികളോ അല്ലെങ്കിൽ അവരുടെ ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവരോ ആയിരുന്നു. ഈജിപ്ത്, സുഡാൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് സർക്കാർ തലത്തിൽ അല്ലെങ്കിൽ കമ്പനികളിലെ ഓഫിസർ ഗ്രേഡുകളിൽ ജോലി ചെയ്തിരുന്നത്. ഡിഫൻസിൽ പോലും വിദേശികളായിരുന്നു കൂടുതൽ. അക്കാലത്ത് സുഡാനികളായിരുന്നു വിദ്യാഭ്യാസപരമായി ഉയർന്നുനിന്നിരുന്നത്. അതുകൊണ്ട് അവരെല്ലാം ഉയർന്ന ജോലികൾ ചെയ്യുന്നവരായിരുന്നു.
  • അക്കാലത്തെ തൊഴിൽ സാഹചര്യങ്ങൾ

യു.എ.ഇയുടെ വളർച്ചയുടെ ആദ്യഘട്ടമായിരുന്നു അക്കാലം. ധാരളാം തൊഴിലവസരങ്ങൾ ഉണ്ടായിരുന്നു. മലബാർ മേഖലയിൽ നിന്നുള്ളവരാണ് അക്കാലത്ത് അധികവും ഗൾഫിൽ എത്തിയിരുന്നത്. മലയാളികൾക്ക് ‘മലബാറികൾ’ എന്നും ഗൾഫിൽ വിളിപ്പേരുണ്ടല്ലോ. ആദ്യകാലങ്ങളിൽ എത്തിയിരുന്നവർ വിദ്യാഭ്യാസം കുറഞ്ഞ ആളുകളായിരുന്നതുകൊണ്ട് മികച്ച ജോലിസാധ്യതകളൊന്നും അവർക്കുണ്ടായിരുന്നില്ല. ചെറുകിട ജോലികളാണ് അവർക്ക് കിട്ടിയിരുന്നത്. എൺപതുകളുടെ തുടക്കത്തിലാണ് ഗൾഫിലേക്കുള്ള മലയാളികളുടെ വൻ കടന്നുവരവുണ്ടാകുന്നത്. കേരളത്തിന്റെ എല്ലാ മേഖലയിൽ നിന്നും ആളുകളെത്തി. വലിയ വിദ്യാഭ്യാസമുള്ളവരും എത്തിത്തുടങ്ങി. ഉയർന്ന തൊഴിൽ സാഹചര്യങ്ങൾ മലയാളിക്കും ഗൽഫിൽ ലഭിച്ചു തുടങ്ങി.
ഞാൻ ഇവിടെ എത്തിയത് ഹോട്ടൽ ജീവനക്കാരനായി എത്തുന്നത്. മുംബൈയിൽ നിന്ന് 14 പേരുടെ സംഘമായായിരുന്നു യു.എ.ഇയിലേക്കുള്ള യാത്ര. കഷ്ടപ്പാടുകളില്ലാത്ത ഒരു ജീവിതം സ്വപ്‌നം കണ്ടാണ് ഗൾഫിൽ എത്തുന്നത്. ഹോട്ടൽ ജീവനക്കാരനു ശേഷം വിവിധ തൊഴിലുകൾ ചെയ്തു. പിന്നീട് സ്വന്തമായി എന്തെങ്കിലും ആരംഭിക്കണമെന്ന് തോന്നി. ചിലരുടെ സഹായത്തോടെ ചെറുകിട ബിസിനസ് ആരംഭിച്ചു.

  • ആഡ് പ്രിന്റ്

1981-ലാണ് ആഡ് പ്രിന്റ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. ബിസിനസുകാരനാകണം എന്ന മോഹിച്ച് ബിസിനസിലേക്ക് എത്തിയതല്ല. നിലനിൽപ്പിന്റെ പ്രശ്‌നങ്ങളുടെ ഭാഗമായാണ് ബിസിനസിലേക്കു വരുന്നത്. ഹോട്ടൽ, റെഡിമെയ്ഡ് ഷോപ്പ് എന്നീ ബിസിനസുകളാണ് ആദ്യം തുടങ്ങിയത്. എന്നാൽ, അതൊന്നും ലാഭകരമായിരുന്നില്ല. ഒരിക്കൽ, ലീവിന് നാട്ടിൽ വന്നപ്പോഴാണ് പ്രിന്റിങ് മേഖലയുമായി കൂടുതൽ പരിചയപ്പെടുന്നത്. പ്രിന്റിങ്ങിൽ പ്രവർത്തിക്കുന്ന ചില സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അങ്ങനെയാണ് സ്‌ക്രീൻ പ്രിന്റിങ് എന്ന ടെക്‌നോളജി പരിചയപ്പെടുന്നത്. അറിഞ്ഞപ്പോൾ അതിൽ താത്പര്യം തോന്നി. സ്‌ക്രീൻ പ്രിന്റിങ് ചെയ്യുന്നത് കണ്ടു പഠിച്ചു.
സ്‌ക്രീൻ പ്രിന്റിങ് യു.എ.ഇയിൽ തുടങ്ങാൻ ആഗ്രഹിച്ചു. അന്ന് ഇക്കാലത്തെപ്പോലെ കംപ്യൂട്ടർ ഡിസൈനിങ് സംവിധാനങ്ങളൊന്നുമില്ല. എല്ലാം മാനുവലായാണ് ചെയ്യുന്നത്. സ്‌ക്രീൻ പ്രിന്റിങ് കമ്പനി എനിക്ക് കൂടുതൽ ബിസിനസ് അടുപ്പം നേടിത്തന്നു.

subscribe

ബ്രിട്ടനിൽ ഒരു മലയാളിപ്പെൺപ്പെരുമ
-പി.കെ.ബി

Categories:

വിശാലമായ ലണ്ടൻ നഗരത്തിന്റെ ഓരം ചേർന്ന് ഒരു ഉദ്യാനം പോലെ മനോഹരമായ ആഷ് ടെഡ് എന്ന സമ്പന്നരുടെ ചെറുഗ്രാമം. അവിടെ അൽപ്പം ഉള്ളിലേക്കൊതുങ്ങി വസന്തം നിറഞ്ഞുനിൽക്കുന്ന പാതയോരത്ത് വിശ്രമം കൊള്ളുന്ന ഒരു ചുവന്ന വിക്ടോറിയൻ സൗധം. വിശാലമായ പച്ചപ്പുൽ തകിടികൾക്കും പൂന്തോട്ടത്തിനു നടുവിൽ തലയുയർത്തി നിൽക്കുന്ന മുപ്പതോളം മുറികളുള്ള ‘റെഡ് ഹൗസ്’. രോഗ പീഡിതരും ശയ്യാവലംബികളുമായ പ്രായാധിക്യരുടെ സ്വർഗതുല്യഭവനം. അതിലെ ഓഫിസ് മുറികളിലെ തിരക്കുകൾക്കിടയിലിരുന്ന് ജനറൽ മാനേജർ വൽ മാത്യു എന്ന അനു മാത്യുവിനു പറയാനുള്ളത് അനിതര സാധാരണമായ അതിജീവനത്തിന്റെയും ശ്ലാഖനീയമായ തൊഴിൽ വിജയത്തിന്റെയും ചരിത്രം. ചങ്ങനാശേരി തൃക്കൊടിത്താനം ഗ്രാമത്തിലെ പട്ടിണിയും കഷ്ടപ്പാടുകളും നിറഞ്ഞ ഭൂതകാല ജീവിതത്തിൽ നിന്നു തുടങ്ങി ബ്രിട്ടനിലെ കെയർ മാനേജ്‌മെന്റ് രംഗത്തെ ഉന്നതനേട്ടങ്ങൾ കൈവരിച്ചതിലേക്കുള്ള പ്രചോദനാത്മകവും ഉജ്വലവുമായ ജീവിതകഥ.

ബ്രിട്ടീഷ് സർക്കാരിന്റെ കെയർ ക്വാളിറ്റി കമ്മിഷൻ (CQC) വിപുലവും കർക്കശവുമായ നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം ഈ വർഷം നൽകിയ ഏറ്റവും കഴിവുള്ള മാനേജ്‌മെന്റ് എന്ന ഖ്യാതി റെഡ് ഹൗസിനു നേടിക്കൊടുത്തതിന്റെ സന്തോഷത്തിലാണ് അനു. മാത്രമല്ല, CQC യുടെ ഏറ്റവും ഉയർന്ന ഔട്ട്‌സ്റ്റാൻഡിങ് റേറ്റിങ് റെഡ് ഹൗസിന്റെ പ്രവർത്തനത്തിന് നേടിക്കൊടുക്കാനായതിന്റെ മൊത്തം ക്രെഡിറ്റും അനുവിനു തന്നെ. യുകെയിൽ പ്രവർത്തിക്കുന്ന പന്ത്രണ്ടായിരത്തോളം വരുന്ന കെയർ ഹോമുകളിൽ വിരലിലെണ്ണാവുന്നവയ്ക്കു മാത്രം ലഭിക്കുന്ന അത്യപൂർവ റേറ്റിങ് ആണിത്. കഴിഞ്ഞ ഏഴു വർഷമായി റെഡ് ഹൗസിന്റെ ജനറൽ മാനേജരും ഗ്രൂപ്പ് കോംപ്ലയൻസ് ഹെഡുമായ അനുവിനെ സംബന്ധിച്ചിടത്തോളം ഇതു തന്റെ കരിയറിലെയും ജീവിതത്തിലെയും അവിസ്മരണീയ ഘട്ടം. റെഡ് ഹൗസ് എന്ന കെയർ ഹോമിനെയും അതുൾപ്പെടുന്ന ഗോൾഡൻ ഇയേഴ്‌സ് എന്ന കെയർ ഗ്രൂപ്പിനെയും സംബന്ധിച്ചിടത്തോളം ഇതു സുദൃഢവും ശോഭനകരവുമായ ഭാവിയിലേക്കുള്ള ജാലകം.

അനു മാത്യുവിന് കരിയറിലെ ശ്രദ്ധേയമായ ആദ്യ നേട്ടമല്ല. ബ്രിട്ടനിലെ തന്നെ മാഞ്ചസ്റ്ററിലെ ഒരു നഴ്‌സിങ് ഹോമിൽ പത്തു വർഷങ്ങൾക്കു മുമ്പ് മാനേജരായിരിക്കുമ്പോൾ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ (28 വയസ്) കെയർ ഹോം മാനേജരായിരുന്നു അനു. മാഞ്ചസ്റ്റർ ഏരിയായിലെ ആദ്യത്തെ ഗോൾഡ് സ്റ്റാന്റേർഡ്‌സ് ഫ്രെയിം വർക്ക് (GSF) അവാർഡ് തന്റെ സ്ഥാപനത്തിന് നേടിക്കൊടുത്തതും അനുവിന്റെ കഴിവുകൾക്കുള്ള അംഗീകാരമായിരുന്നു. ഒരു രജിസ്‌റ്റേർഡ് മാനേജർ എന്നതിലുപരി ഒരു അംഗീകൃത കെയർ മാനേജ്‌മെന്റ് പരിശീലക എന്ന നിലയിലും കുറഞ്ഞ കാലം കൊണ്ടുതന്നെ പേരെടുത്തു.

subscribe

ഷാഹിധനി പെണ്ണരങ്ങിലെ കുങ്കുമപ്പൊട്ട്
സഫറുള്ള പാലപ്പെട്ടി

Categories:
കേരളത്തിൽ നാടക പ്രവർത്തനങ്ങൾ സജീവമായിരുന്ന കാലത്ത് ഗൾഫ് നാടുകളിലും മലയാളികളുടെ നാടക പ്രവർത്തനങ്ങൾ സജീവമായിരുന്നു. മലയാളികളുടെ സമ്പന്നമായൊരു നാടകകാലം ഗൾഫ് നാടുകളിലും ഉണ്ടായിരുന്നു. ഇന്ന് അബുദാബിയുടെ കോർണീഷ് എന്നറിയപ്പെടുന്ന യു.എ.ഇയുടെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായി മാറിയ അബുദാബി കടപ്പുറത്ത് 1969 മാർച്ച് ആറിന് ഈന്തപ്പനയോലകൾ കൊണ്ടും മരക്കഷ്ണങ്ങൾ കൊണ്ടും താത്കാലികമായി കെട്ടിയുണ്ടാക്കിയ വേദിയിൽ അബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ മലയാള നാടകം അവതരിപ്പിച്ചുകൊണ്ടാണ് ഗൾഫിലെ നാടക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ‘ജീവിതം ഒരു കൊടുങ്കാറ്റ്’ എന്നതായിരുന്നു നാടകത്തിന്റെ പേര്. തുടർന്നങ്ങോട്ട് അബുദാബിയിലും ഇതര എമിറേറ്റുകളിലും മറ്റ് ഗൾഫ് നാടുകളിലും നാടകം ഇതൾ വിരിയുകയായിരുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപതുകളും എൺപതുകളും അബുദാബിയിൽ മലയാള നാടകങ്ങളുടെ വസന്തകാലമായിരുന്നു. കേരള സോഷ്യൽ സെന്ററിൽ നാടകോത്സവവും അബുദാബി മലയാളി സമാജത്തിൽ നാടകമത്സരവും അരങ്ങുതകർത്തിരുന്ന കാലം. നാടകാചാര്യന്മാരായ പി.കെ. വേണുകുട്ടൻ നായർ, കെ.പി. ഉമ്മർ, എൻ. കൃഷ്ണപ്പിള്ള, കരമന ജനാർദ്ദനൻ നായർ, പ്രൊഫ. ആനന്ദക്കുട്ടൻ, കെ.ജി. സേതുനാഥ്, ജി. ശങ്കരപ്പിള്ള, വയലാ വാസുദേവപ്പിള്ള, നരേന്ദ്രപ്രസാദ് തുടങ്ങി മലയാള നാടക ലോകത്തെ ഒട്ടുമിക്ക പ്രഗത്ഭരും നാടകോത്സവവുമായും നാടകമത്സരവുമായും ബന്ധപ്പെട്ട് അബുദാബിയിൽ എത്തിയിരുന്നു. അബുദാബി ശക്തി തിയറ്റേഴ്‌സ്, ജനസംസ്‌കൃതി, സംഘവേദി, ശിഖ അബുദാബി, മാസ് അബുദാബി, സ്റ്റേജ് ഓഫ് അൽ ഐൻ, സമീക്ഷ, ചലനം തിയറ്റേഴ്‌സ്, ഒമർഖയാം കലാവേദി തുടങ്ങി വിവിധ നാടക സമിതികൾ എണ്ണമറ്റ നാടകങ്ങൾ അവതരിപ്പിച്ചു. അന്ന്, നാടക സമിതികൾ അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ പ്രശ്‌നം നാടകത്തിൽ സ്ത്രീ വേഷങ്ങൾ ചെയ്യാൻ സ്ത്രീകളെ ലഭ്യമല്ലാതിരുന്നു എന്നതാണ്. നാടകത്തിൽ അഭിനയിക്കുക എന്നത് കുടുംബത്തിൽ പിറന്ന സ്ത്രീകൾക്കു യോജിച്ചതല്ല എന്ന വികലമായ കാഴ്ചപ്പാട് ആദ്യകാലങ്ങളിൽ കേരളത്തിൽ ഉണ്ടായിരുന്നതുപോലെ ഗൾഫ് നാടുകളിലും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ വലിയ വായിൽ പുരോഗമനം പറയുന്നവർ പോലും തങ്ങളുടെ ഭാര്യയെയോ, മകളെയോ അഭിനയിക്കാൻ വേദികളിലേക്കു വിടില്ലായിരുന്നു. അതുകൊണ്ട് സ്ത്രീ വേഷങ്ങൾ പുരുഷന്മാരായിരുന്നു കെട്ടിയിരുന്നത്. പല മത്സരങ്ങളിലും മികച്ച നടിയായി തെരഞ്ഞെടുക്കലും അന്നു മികച്ച അഭിനയം കാഴ്ചവച്ച പുരുഷനെ തന്നെയായിരുന്നു. ഇതിനൊക്കെ, മാറ്റം വന്നത് ഷാഹിധനി വാസുവിനെപ്പോലുള്ള പുതു തലമുറകളിൽപ്പെട്ട കുടുംബിനികൾ അരങ്ങത്തു വന്നതോടെയാണ്. കേവലം ഒരു കുടുംബിനിയായി ഒതുങ്ങിക്കൂടി ജീവിക്കാൻ 1992-ൽ അബുദാബിയിലെത്തിയ ഷാഹിധനി അരങ്ങെത്തെത്തുന്നത് തികച്ചും യാദൃശ്ചികമായാണ്. നാട്ടുകാരുടെ കൂട്ടായ്മയായ വടകര എൻ.ആർ.ഐ ഫോറം സംഘടിപ്പിച്ച വടകര മഹോത്സവത്തിൽ രൂപേഷ് തിക്കോടിയുടെ സംവിധാനത്തിൽ ചിട്ടപ്പെടുത്തിയ മുരുകൻ കാട്ടാക്കടയുടെ ‘കണ്ണട’യ്ക്ക് വേണ്ടിയായിരുന്നു ആദ്യമായി മുഖത്ത് ചായം തേച്ചത്. ഭർത്താവ് കുറുങ്ങോട്ട് വാസുവും അവരുടെ സഹോദരങ്ങളായ കുഞ്ഞിക്കണ്ണൻ, വിജയൻ, സഹോദര പുത്രി അഞ്ജന, മകൻ അവിനേഷ് തുടങ്ങി വീട്ടിലുള്ളവരും സ്ഥിരപരിചിതരായ നാട്ടുകാരും വേഷം കെട്ടുന്നത് കണ്ടപ്പോൾ ഷാഹിധനിക്ക് അതൊരു പ്രചോദനമാവുകയായിരുന്നു. പക്ഷേ, അബുദാബി കൾച്ചറൽ ഫൗണ്ടേഷൻ ഹാൾ സംഘാടകർക്ക് മഹോത്സവത്തിന് അനുവദിച്ച സമയ പരിധി കഴിഞ്ഞതുകൊണ്ട് പ്രസ്തുത ദൃശ്യാവിഷ്‌കാരം അന്ന് അരങ്ങത്ത് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. പിന്നീട്, ഷാർജയിൽ വച്ച് നടന്ന വടകര മഹോത്സവത്തലും ഇൻഡോ അറബ് സാംസ്‌കാരികോത്സവത്തിന്റെ ഭഗമായും ‘കണ്ണട’ അവതരിപ്പിച്ചു. ഇതിനു മുമ്പു പലപ്പോഴും പാട്ടു പാടുവാനും കവിത ചൊല്ലുവാനും തിരുവാതിര കളിക്കുവാനും സ്റ്റേജിൽ കയറിയിട്ടുണ്ടെങ്കിലും അഭിനയ രംഗത്തേയ്‌ക്കെത്തുന്നത് ആദ്യമായാണ്. തകഴിയുടെ ‘രണ്ടിടങ്ങഴി’യുടെ നാടാകാവിഷ്‌കാരത്തിൽ വേഷമിട്ടുകൊണ്ടായിരുന്നു നാടക വേദിയിലേക്കു കാലെടുത്തുവച്ചത്. നാടകത്തിനു വേണ്ടി ആദ്യമായി മുഖത്തു ചായം തേയ്ക്കുന്നത് അന്നായിരുന്നു. ‘ഒപ്പ് കടലാസ്’ ആയിരുന്നു രണ്ടാമത് അവതരിപ്പിച്ച ലഘു നാടകം. ഇരു നാടകവും സംവിധാനം ചെയ്തത് ഇ.ആർ. ജോഷിയായിരുന്നു. കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ നാടകോത്സവമായ പ്രഥമ ഭരത് മുരളി നാടകോത്സവത്തിൽ അവതരിപ്പിക്കുന്നതിനായി 2009-ൽ പ്രമുഖ നാടക പ്രവർത്തകൻ സതീഷ് കെ. സതീഷിന്റെ സംവിധാനത്തിൽ നാടകസൗഹൃദം അവതരിപ്പിച്ച ‘അവൾ’ എന്ന നാടകത്തിലായിരുന്നു ഷാഹിധനി ഒരു മത്സര നാടകത്തിനായി ആദ്യമായി വേഷം കെട്ടുന്നത്. ഒരു ഡോക്ടറുടെ വേഷമായിരുന്നു അന്ന് ഷാഹിധനി കൈകാര്യം ചെയ്തത്. പ്രസ്തുത നാടകം മികച്ച രണ്ടാമത്തെ നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ഷാഹിധനിയുടെ ഭാഗ്യനക്ഷത്രം തെളിയുന്നത് കേരള സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഈ വർഷത്തെ കോർഡിനേറ്റർമാരിൽ ഒരാളായ ജലീൽ ടി. കുന്നത്തിന്റെ സംവിധാനത്തിൽ അബുദാബി ശക്തി തിയിയറ്റേഴ്‌സിനു വേണ്ടി അവതരിപ്പിച്ച ‘ഉസ്മാന്റെ ഉമ്മ’യിലൂടെയായിരുന്നു. തന്റെ പൊന്നുമോന്റെ മനസൽ ജാതി-മത-രാഷ്ട്രീയ വിഷം ഏൽപ്പിക്കപ്പെട്ടതറിഞ്ഞ്, ആ വിഷം അവർ ആവോളം പാനം ചെയ്യുന്നതറിഞ്ഞ് മകനെ തന്റെ ജീവിതത്തിൽ നിന്നു തള്ളിപ്പറയേണ്ടി വന്ന വൃദ്ധമാതാവായാണ് ഷാഹിധനി ഈ നാടകത്തിൽ വേഷമിട്ടത്.

ആലത്തൂരിലെ അറബിയും അറേബ്യയിലെ ആലത്തൂരുകാരനും
നൗഷാദ് ആലത്തൂർ / പി.ടി. ബിനു

Categories:
മലയാള സിനിമയിലെ പ്രമുഖ നിർമാതാക്കളിൽ ഒരാളാണ് നൗഷാദ് ആലത്തൂർ. നൗഷാദിന്റെ ഗ്രാൻഡേ ഫിലിം കോർപ്പറേഷൻ നിരവധി നല്ല സിനിമകൾ നിർമിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ജീവിതം തേടി അറബിനാട്ടിൽ എത്തുകയും ബിസിനസിൽ വിജയം കണ്ടെത്തുകയും ചെയ്ത നൗഷാദ് സൗദി അറേബ്യയിൽ അറിയപ്പെടുന്ന മലയാളി ബിസിനസുകാരനാണ്. 23 വർഷമായി നൗഷാദ് സൗദിയിലാണു താമസം. പ്രേഷകശ്രദ്ധയാകർഷിച്ച നിരവധി ചിത്രങ്ങളുടെ നിർമാതാവു കൂടിയായ നൗഷാദിന്റെ ജീവിതം സിനിമാക്കഥ പോലെയാണ്. കയറ്റങ്ങളുമിറക്കങ്ങളും ട്വിസ്റ്റുകളുമുള്ള ജീവിതം. പ്രവാസം യൗവനാരംഭത്തിൽ തന്നെ പ്രവാസജീവിതം ആരംഭിച്ച വ്യക്തിയാണു ഞാൻ. പത്താം ക്ലാസ് കഴിഞ്ഞ്, ഒന്നു രണ്ടു വർഷങ്ങൾ നാട്ടിൽ ചെലവഴിച്ചശേഷം മുംബൈയിൽ എത്തി. സുഹൃത്തിനൊപ്പമാണ് മുംബൈയിൽ എത്തിയത്. മൂന്നു മാസത്തോളം മുംബൈയിൽ ഉണ്ടായിരുന്നു. തുടർന്ന് ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിൽ എത്തി. മൂന്നുവർഷത്തോളം അഹമ്മദാബാദിൽ ബിസിനസ് ചെയ്തു. മൂന്നു ഷോപ്പുകൾ നടത്തിയിരുന്നു. ആ സമയത്താണ് എന്റെ സഹോദരീ ഭർത്താവ് സൗദിയിലേക്കുള്ള വിസ ഏർപ്പാടാക്കിത്തരുന്നത്. തായിഫിലെ ഒരു വർക്ക്‌ഷോപ്പിലായിരുന്നു ആദ്യം ജോലിയിൽ പ്രവേശിച്ചത്. അക്കാലത്ത് മലയാളികൾ വളരെ കുറവായിരുന്നു തായിഫിൽ. ഏഴു വർഷത്തോളം തായിഫിൽ ജോലി ചെയ്തു. അതിനുശേഷം ജിദ്ദയിൽ എത്തി. ജിദ്ദയിലെത്തിയ ശേഷമാണു സ്വന്തമായി ബിസിനസ് ആരംഭിക്കണമെന്ന ആഗ്രഹം ഉടലെടുത്തത്. ജനറൽ സർവീസിന്റെ ഓഫിസായിരുന്നു തുടങ്ങിയത്. ജിദ്ദയിലെ ഷറഫിയയിലാണ് ഓഫിസ് ആരംഭിച്ചത്. ജിദ്ദയിൽ മലയാളികൾ ധാരാളമുള്ള സ്ഥലമാണ് ഷറഫിയ. വർഷങ്ങളോളം തായിഫിൽ താമസിച്ചതിനാൽ അറബ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ നല്ല വശമുണ്ടായിരുന്നു. ഷറഫിയയിലെ മലയാളികൾക്ക് അറബ് ഭാഷ ഉപയോഗിക്കുന്നതിൽ വൈദഗ്ധ്യം കുറവായിരുന്നു. അറബിയിലുള്ള പരിജ്ഞാനം എനിക്കു ബിസിനസിൽ വലിയ ഗുണം ചെയ്തു. പാസ്‌പോർട്ട് സംബന്ധമായ, സൗദി സർക്കാരുമായി ബന്ധപ്പെട്ട പേപ്പറുകൾ ക്ലിയർ ചെയ്തുകൊടുക്കലായിരുന്നു ജനറൽ സർവീസ് ചെയ്തിരുന്നത്. ബിസിനസിലേക്കുള്ള വരവ് ജനറൽ സർവീസ് വിജയമായിരുന്നു. സൗദിയിൽ നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. ആ സൗഹൃദവലയത്തിൽ നിന്നുകൊണ്ടാണ് ബിസിനസ് മേഖലയിലേക്കു പ്രവേശിക്കുന്നത്. സുഹൃത്തുക്കളുമായി വിവിധ ബിസിനസുകളിൽ പാർട്ണർഷിപ്പ് ചേർന്നു. ചെയ്ത ബിസിനസുകളിലൊന്നും പാളിച്ചകൾ ഉണ്ടായില്ലെന്നത് ഈശ്വരാനുഗ്രഹം. ബിസിനസിലെ ഐക്യമാണു വിജയത്തിന്റെ രഹസ്യം. കാര്യങ്ങൾ കച്ചവട പങ്കാളികളുമായി തുറന്നു ചർച്ച ചെയ്യുക, മാറ്റേണ്ടവ അല്ലെങ്കിൽ പരിഷ്‌കരിക്കേണ്ടവ ഏതെന്നു കണ്ടെത്തി പരിഹാരം കാണുക തുടങ്ങിയവയൊക്കെ കൂട്ടായി എടുക്കുന്ന തീരുമാനങ്ങളാണ്. സ്ഥാപനങ്ങൾ 16 വർഷമായി സൗദിയിൽ ബിസിനസ് ചെയ്യുന്നു. ജിദ്ദയിൽ ടെക്‌സ്റ്റെൽസ്, ഹോട്ടലുകൾ, സൂപ്പർമാർക്കറ്റ്, സ്വീറ്റ് ഷോപ്പുകൾ തുടങ്ങിയവയുണ്ട്. മക്കയിൽ ഇലക്ട്രോണിക്‌സ് ഷോപ്പ് നടത്തുന്നു. സ്ഥാപനങ്ങളെല്ലാം നല്ല നിലയിൽത്തന്നെ പ്രവർത്തിക്കുന്നു. പുതിയ പ്രോജക്ടുകൾ മനസിലുണ്ട്. സൗദിയിലെ ഭാവി സാഹചര്യങ്ങൾ പഠിച്ചതിനുശേഷം പുതിയ സംരംഭങ്ങൾ തുടങ്ങിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. സൗദിയിലെ ഇപ്പോഴത്തെ സാഹചര്യം മലയാളികൾ മാത്രമല്ല, അവിടെയുള്ള എല്ലാ പ്രവാസികളും ഇപ്പോൾ പ്രതിസന്ധി നേരിടുന്നു. നിരവധി ആളുകൾ ദിനംപ്രതി മടങ്ങിപ്പോരുന്നു. പലയിടങ്ങളിലും പിടിച്ചുനിൽക്കാനാകാത്ത സാഹചര്യം ഉടലെടുക്കുകയാണെന്നു വേണം പറയാൻ. നിതാഖത്ത് വന്നതിനുശേഷം ആയിരക്കണക്കിന് മലയാളികളാണ് സൗദിയിൽ നിന്നു നാട്ടിലേക്കു മടങ്ങിയത്. കൃത്യമായ വിസയോ മറ്റു രേഖകളോ ഇല്ലാത്ത ധാരാളം പേർ സൗദിയിൽ ഉണ്ടായിരുന്നു. അവരാണ് ആദ്യഘട്ടത്തിൽ അവിടെ നിന്നു മടങ്ങിയത്. തുടർന്ന്, മറ്റുള്ളവരും മടങ്ങേണ്ട സാഹചര്യം രൂപപ്പെട്ടു. രാജ്യം സാമ്പത്തികമായി പിന്നാക്കം പോകുന്ന അവസ്ഥയാണുള്ളത്. എല്ലാ രംഗത്തും സ്വദേശിവത്കരണം നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ വിവിധ ട്രേഡുകളിൽ സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ. സ്വദേശിവത്കരണം ഉൾപ്പെടെയുള്ള സർക്കാർ നടപടികൾ കൂടുതൽ ഊർജിതമാകും. അല്ലെങ്കിൽ, സൗദി വലിയ പ്രതിസന്ധികളിലേക്കു കൂപ്പുകുത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പുറപ്പെട്ടുപോയവന്റെ ജീവിതം
മനോഹരൻ വി. പേരകം

Categories:
പ്രവാസം എന്ന വാക്ക് എല്ലാ എഴുത്തുകാരും തലങ്ങുംവിലങ്ങും ഉപയോഗിച്ചു വല്ലാത്തൊരു ക്ലീഷെയായിട്ടുണ്ടെന്നാണു തോന്നുന്നത്. യഥാർത്ഥത്തിൽ ഒരു ഇന്ത്യൻ അവസ്ഥയിൽ ഇന്ത്യക്കാർക്കു പ്രവാസം സാധ്യമല്ല തന്നെ! സ്വന്തം ദേശത്തിന്റെ പരിമിതികളിൽ അതിന്റെ കഷ്ടങ്ങളിൽ അസംതൃപ്തരായ ഒരു വിഭാഗം കടൽ കടന്നുപോയ ചരിത്രസന്ദർഭങ്ങളെ ഒരിടത്തും പ്രവാസിയായി അംഗീകരിച്ചിട്ടില്ല. ജീവനുതന്നെ ഭീഷണിയാകുന്ന ഘട്ടങ്ങളിൽ എല്ലാം ഇട്ടെറിഞ്ഞുള്ള പലായനമാണ് ഒരു പ്രവാസിയെ സൃഷ്ടിക്കുന്നത്. എന്നിട്ടും വിദേശവാസത്തിന്റെ സുഖശീതോഷ്ണത്തിൽ അഭിരമിച്ച പല എഴുത്തുകാരും പ്രവാസത്തിന്റെ മൊത്തക്കച്ചവടക്കാരായി കൊണ്ടാടപ്പെടുന്നുണ്ട് എന്നതാണു ഖേദകരം. എൺപത്തഞ്ചിലെ മാർച്ച് പതിനേഴിനാണ് ഞാൻ ആദ്യമായി അറബ് രാജ്യമായ ബഹറിനിലെത്തുന്നത്. ഒരു പ്രവാസിയുടെ ജീവിതക്ലേശം തരിമ്പുപോലും ആ യാത്രയിലുണ്ടായിരുന്നില്ല. നിലവിലുള്ള അവസ്ഥയിൽ നിന്നു വിടുതിനേടി മെച്ചപ്പെട്ട ജീവിതാവസ്ഥ സ്വപ്‌നംകണ്ടുള്ള പാച്ചിലായിരുന്നു അത്. ഒരു രാത്രിയാണു വീടുവിട്ടിറങ്ങുന്നത്. നേരെ ബസിൽ മുംബൈയ്ക്ക്. പത്തുപതിനഞ്ചു ദിവസം അച്ഛന്റെ സുഹൃത്തിന്റെയൊപ്പമാണു താമസിച്ചത്. അദ്ദേഹമാണ് എന്റെ യാത്രയ്ക്കുള്ള പേപ്പറുകൾ ശരിയാക്കിയത്. ഒരുച്ചയ്ക്കായിരുന്നു ബഹറിനിലേക്കുള്ള വിമാനം. തണുത്തുവിറച്ചുള്ള രണ്ടര മണിക്കൂർ യാത്രയ്ക്കുശേഷമാണ് ബഹറിൻ എയർപോർട്ടിൽ വിമാനമിറങ്ങുന്നത്. അവിടെയെത്തുമ്പോഴും ഉച്ചനേരം തന്നെ. കൈയിലെ ബാഗിൽ അമ്മയുണ്ടാക്കിത്തന്ന അവലോസുണ്ടകളുടെ ഒരു പൊതിയും മൂന്നു പുസ്തകങ്ങളും ജീവിതം വിവരിച്ച കുറേ കത്തുകളുമായിരുന്നു. മാക്‌സിംഗോർക്കിയുടെ അമ്മ, എമിലി സോളയുടെ നാന, വിലാസിനിയുടെ അവകാശികളുടെ നാലാം ഭാഗവുമായിരുന്നു ആ പുസ്തകങ്ങൾ. പ്ലെയിനിങ്ങി പുറത്തേക്കു കടന്നതും ഞാനൊന്നാന്തിപ്പോയി. പുറത്തു നെറുകെ പിളർത്തുന്ന ചൂട്. മുന്നോട്ടുവച്ച കാൽ പിന്നിലേക്കെടുത്തു സ്തംഭിച്ചെന്നോണം നിന്നു. എന്റെ ദൈവമേയെന്ന് ഉള്ളിൽ കരഞ്ഞു. മരുഭൂമിയിലെ പൊള്ളുന്ന കാലാവസ്ഥയെക്കുറിച്ചു പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും അതിത്രയും ഭീകരാവസ്ഥയിലുള്ളതാണെന്നു കരുതിയില്ല. ഓഫീസിലെ നമ്പറിലേക്കു വിളിച്ചു. അപ്പുറത്ത് തലശേരിക്കാരനായ ഒരു കൃഷ്ണൻ നായരായിരുന്നു ഫോണെടുത്തത്. മലയാളിയായതുകൊണ്ടു കാര്യങ്ങൾ വേഗത്തിൽ പറഞ്ഞുമനസിലാക്കാൻ കഴിഞ്ഞു. അരമണിക്കൂർ കഴിഞ്ഞപ്പോൾ എന്നെ കൊണ്ടുപോകാനുള്ള ജീപ്പോടിച്ചുകൊണ്ടു കരിയിൽ മുങ്ങിയ കൊല്ലത്തുകാരൻ രവിയേട്ടനെത്തി. എന്തെടെയ് എന്ന അയാളുടെ ആദ്യ വിളിയിൽത്തന്നെ മലയാളഭാഷയുടെ ദേശവ്യതിയാനങ്ങൾ മനസിൽ തറച്ചു. നാട്ടിൽ ലീവിൽ വരുന്ന എല്ലാ ഗൾഫുകാരെയും എനിക്കപ്പോൾ ഓർമ വന്നു. അവർ വസ്ത്രങ്ങളിൽ പൂശുന്ന അത്തറിന്റെ മണം എന്റെ മൂക്കിലേക്ക് ഇരച്ചെത്തി. ശരിക്കും നാട്ടിലേക്ക് ലീവിനു വന്നിരുന്ന, അത്തറു പൂശി, ക്യാമറ കഴുത്തിലിട്ടു നടന്നിരുന്ന ആർഭാടക്കാരാണ് കേരളത്തിലെ മിക്ക ചെറുപ്പക്കാരെയും ഗൾഫ് രാജ്യങ്ങളുടെ മായികലോകത്തെത്തിച്ചതെന്നാണ് എനിക്കു തോന്നുന്നത്. ഓഫീസിന്റെ പടിക്കൽ ജീപ്പ് നിർത്തി എന്നെയിറക്കി രവിയേട്ടൻ വർക്ക്‌ഷോപ്പിലേക്കു പാഞ്ഞുപോയി. കുറച്ചുനേരം ഓഫീസ് വാതിൽക്കൽ നിന്നു പരുങ്ങിയെങ്കിലും പിന്നീടു വാതിൽ തുറന്ന് അകത്തേക്കു കടന്നുചെന്നു. അന്നേരം കുറേപ്പേർ തോളിൽ ബാഗും കൈയിൽ പാസ്‌പോർട്ടുമായി അകത്തെ കസേരകളിലിരിക്കുന്നുണ്ടായിരുന്നു. മാനേജരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന എന്റെ ഊഴമെത്തി. തണുത്ത ആ മുറിയിലേക്കു കടന്നപാടെ നാട്ടിലെ മഴക്കാലമാണ് എനിക്കോർമ വന്നത്. മഴകൊണ്ടുനടക്കും ഞാൻ. മഴ എനിക്കെന്നും ഹരമായിരുന്നു. മഴയുടെ തുള്ളിവീഴ്ചകൾ ശിരസിലേറ്റു നാട്ടുവഴികളിലൂടെ ഞാനങ്ങോട്ടുമിങ്ങോട്ടുമോടുമായിരുന്നു. അമ്മയുടെ ‘ കുരുത്തല്യാത്തോനേ… ‘ എന്ന വിളിക്കിടയിലും ആ ശീതം കൊള്ളൽ എനിക്കു ഹരമായിരുന്നു. ”നിങ്ങൾക്ക് എന്തെല്ലാം പണിയറിയാം..?” പെട്ടെന്ന് ഞാൻ കണ്ട മഴകൾ നിലച്ചതുപോലെയായി. ശരിക്കും തോർന്നു. മഴ കൊണ്ടുനനഞ്ഞിട്ടുണ്ടാകുമെന്നു കരുതി ഞാൻ കർച്ചീഫെടുത്തു ശിരസും മുഖവും തുടച്ചു. മാനേജർ മേശപ്പുറത്തടിച്ച് എന്റെ ശ്രദ്ധ ക്ഷണിച്ചു വീണ്ടും ചോദിച്ചു ” എന്തൊക്കെ വേലയറിയും..? ”

പത്തരമാറ്റ് ഫൈസൽ
ആദിൽ സാദിഖ്

Categories:
പരിശുദ്ധിയുടെ പര്യായമാണ് മലബാർ ഗോൾഡ്. ഒൻപതു രാജ്യങ്ങളിലായി 181 ഷോപ്പുകൾ മലബാർ ഗോൾഡ് നൽകുന്ന സ്വർണത്തിനു കലർപ്പില്ല. ഉപഭോക്താക്കളുടെ വിശ്വാസമാണ് എല്ലാ ബിസിനിസ് വിജയത്തിന്റെയും അടിസ്ഥാനം. മലബാർ ഗോൾഡിന്റെ വിജയരഹസ്യവും അതുതന്നെ. ബി.ഐ.എസ് ഹാൾമാർക്ക് സർട്ടിഫൈഡ് സ്വർണാഭരണങ്ങളാണ് മലബാർ നൽകുന്നത്. ഇന്റർനാഷണൽ ജെമോളജിക്കൽ ലബോറട്ടറി (ഐ.ജി.ഐ) സർട്ടിഫൈഡ് ഡയമണ്ട്‌സ് ആണ് മലാബാറിന്റേത്. പ്ലാറ്റിനം ആഭരണങ്ങൾക്ക് പ്ലാറ്റിനം ഗിൽഡ് ഇന്ത്യ (പി.ജി.ഐ) യുടെ സർട്ടിഫിക്കേഷൻ ഉണ്ട്. മലബാർ ഗോൾഡ് ഉപഭോക്താക്കൾക്ക് നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ മലബാറിന്റെ ഏതു ഷോപ്പിൽ നിന്ന് പർച്ചേയ്‌സ് ചെയ്ത സ്വർണമാണെങ്കിലും ഉപഭോക്താവിന്റെ സൗകര്യമനുസരിച്ച് മലബാറിന്റെ ഇഷ്ടമുള്ള ഷോപ്പിൽ നിന്നും സർവീസ് ലഭിക്കും. മലബാറിന്റെ ഷോപ്പുള്ള എല്ലാ രാജ്യത്തും കസ്റ്റമർ കെയർ സൗകര്യങ്ങൾ ലഭ്യമാണ്. ഇന്ത്യയിലെ ഭൂരിഭാഗം സിറ്റികളിലും കൂടാതെ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ), ബഹറിൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, മലേഷ്യ, സിംഗപ്പുർ എന്നീ രാജ്യങ്ങളിലും മലബാർ ഗോൾഡിന്റെ ഷോറൂമുകൾ പ്രവർത്തിക്കുന്നു. ജി.സി.സിയിൽ മാത്രം 87 ഷോപ്പുകൾ മലബാർ ഗോൾഡിനുണ്ട്. മലബാർ ഗോൾഡിന്റെ ആരംഭം 1993-ൽ ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലാണ് മലബാർ ഗ്രൂപ്പിന്റെ തുടക്കം. എം.പി. അഹമ്മദ് ചെയർമാനായാണ് മലബാർ ആരംഭിക്കുന്നത്. ഞാൻ മലബാർ ഗോൾഡിന്റെ ഫൗണ്ടർ ഡയറക്ടറാണ്. എന്റെ സഹോദരൻ എ.കെ. നിഷാദ്, കെ.പി. ബീരാൻകുട്ടി, അബ്ദുൾസലാം, അബ്ദുൾമജീദ് എന്നിവരാണു മറ്റ് ഡയറക്ടർമാർ. മലബാർ ഗ്രൂപ്പ് ആരംഭിക്കുന്നതിനു മുമ്പ് എന്റെ അമ്മാവന് കോഴിക്കോട്ട് കൊപ്ര വ്യാപാര സ്ഥാപനമുണ്ടായിരുന്നു. അമ്മാവന്റെ സഹായത്തോടെ ഞാനും സഹോദരൻ നിഷാദും കസിൻ ബ്രദർ ബഷീറും കൂടി കോഴിക്കോട് വലിയങ്ങാടിയിൽ യുണൈറ്റഡ് പ്രൊഡ്യൂസ് കമ്പനി എന്ന പേരിൽ കൊപ്ര വ്യാപാരം ആരംഭിച്ചു. അമ്മാവനും വലിയങ്ങാടിയിൽ കൊപ്ര വ്യാപാരമുണ്ട്. സിൻഡിക്കേറ്റ് പ്രൊഡ്യൂസ് കമ്പനി എന്നാണ് അമ്മാവന്റെ കടയുടെ പേര്. കർഷകരിൽ നിന്നു കൊപ്ര വാങ്ങി വിവിധ കമ്പനികളിലേക്കു കയറ്റി അയയ്ക്കുകയാണു ഞങ്ങൾ ചെയ്തിരുന്നത്. കൊപ്ര തരുന്ന കർഷകർക്ക് ചീട്ട് എഴുതിക്കൊടുക്കും. അതുകൊണ്ട് അവർക്കു ഞങ്ങൾ നിർദേശിക്കുന്ന കടകളിൽ പലചരക്കു മുതൽ സ്വർണം വരെ വാങ്ങാം. ആളുകൾക്ക് അത്ര വിശ്വാസമായിരുന്നു ഞങ്ങളെ. പിന്നീടാണ്, ഞങ്ങൾ ഒരു സ്വർണക്കട ആരംഭിക്കാനുള്ള പ്രോജക്ട് തയാറാക്കുന്നത്. കോഴിക്കോട് കൊളംബോ ബിൽഡിംഗിന്റെ ഫസ്റ്റ് ഫ്‌ളോറിലാണ് മലബാർ ഗോൾഡിന്റെ ആദ്യത്തെ ഷോപ്പ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഷോപ്പ് ഉദ്ഘാടനം ചെയ്തത്. ഗ്രൗണ്ട് ഫ്‌ളോറിൽ അഡ്വാൻസ് കൂടുതൽ കൊടുക്കേണ്ടിവരുന്നതുകൊണ്ടാണ് ഫസ്റ്റ് ഫ്‌ളോറിൽ ഷോപ്പ് ആരംഭിച്ചത്. അന്ന് കോഴിക്കോട് പ്രമുഖ ബ്രാൻഡ് ഷോപ്പുകളുണ്ട്. അതിനിടിയിലാണു ചെറിയ ഷോപ്പ്. കഠിനാദ്ധ്വാനം മാത്രമായിരുന്നു മുതൽ മുടക്ക്. ഭാഗ്യം ഞങ്ങൾക്കൊപ്പമായിരുന്നു. സ്വർണക്കട ക്രമേണ വൻ സ്ഥാപനമായി മാറി. ഗോൾഡ് റീട്ടെയിൽ ബിസിനസ് രംഗത്ത് വാർഷിക ടേണോവറിൽ ലോകത്തിലെ മൂന്നാമത്തെ ഗ്രൂപ്പ് ഒൻപതു രാജ്യങ്ങളിലായി 181 ബ്രാഞ്ചുകളും പത്ത് ഹോൾസെയിൽ ഔട്ട്‌ലെറ്റുകളുമാണ് കമ്പനിക്കുള്ളത്. സ്വർണക്കട്ടി, ഡിസൈൻ സെന്ററുകൾ, ആഭരണ നിർമാണ യൂണിറ്റ്, ഡിസ്ട്രിബ്യൂഷൻ, വിൽപ്പന, വിൽപ്പനാനന്തരസേവനങ്ങൾ എന്നിവ മലബാർ ചെയ്യുന്നു. കോഴിക്കോടാണ് മലബാർ ഗ്രൂപ്പിന്റെ ഹെഡ് ഓഫിസ്. കമ്പനിയുടെ ഇന്റർനാഷണൽ ഓപ്പറേഷൻസ് ഓഫിസ് സ്ഥിതിചെയ്യുന്നത് ദുബായിലാണ്. കൂടുതൽ രാജ്യങ്ങളിലേക്ക് ഗോൾഡ് ഔട്ട്‌ലെറ്റുകൾ വ്യാപിക്കാനുള്ള പ്രോജക്ടുകൾ തയാറാകുന്നു.  ജുവലറി മാനുഫാക്ചറിംഗ് ജുവലറി ഡിസൈനിംഗ്, മാനുഫാക്ചറിംഗ് മേഖലയിലാണു ഞാൻ പ്രവർത്തിക്കുന്നത്. കോഴിക്കോട് മലബാർ ഗോൾഡിന്റെ ആദ്യ ഷോപ്പ് തുടങ്ങിയ സമയത്താണ് ആഭരണ നിർമാണത്തിലേക്കു കടക്കുന്നത്. എനിക്കു നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. അവരുടെ പ്രേരണയാലും സഹായത്താലുമാണ് ജുവലറി മാനുഫാക്ചറിംഗ് ആരംഭിക്കുന്നത്. മലബാർ ഗോൾഡിന്റെ ആരംഭത്തിൽ ഡയറക്ടർ ആയിരുന്നപ്പോൾത്തന്നെ കടയിൽ സെയിൽസ്മാനായും പ്രവർത്തിച്ചിരുന്നു. ആ സമയത്താണ് ആഭരണ നിർമാണം ആരംഭിക്കുന്നത്. തുടക്കത്തിൽ ചെറിയ രീതിയിലായിരുന്നു. രണ്ടു സുഹൃത്തുക്കളുമായി ചേർന്നായിരുന്നു ജുവലറി മാനുഫാക്ചറിംഗ് ആരംഭിക്കുന്നത്. ഒരാൾ വർക്കിംഗ് പാർട്ട്ണർ ആയിരുന്നു. ഞാനായിരുന്നു ഇൻവെസ്റ്റർ. കൈയിൽ കാര്യമായ ഫണ്ട് ഉണ്ടായിരുന്നില്ല. ആ സമയത്താണ് കോഴിക്കോട് പ്രവർത്തിച്ചിരുന്ന രാജധാനി ജ്വല്ലറി പൂട്ടുന്നത്. ദുബായി കാരാമയിൽ ബിസിനസ് ഉണ്ടായിരുന്ന ഉസ്മാൻ ആണ് രാജധാനിയുടെ പ്രധാന ഇൻവെസ്റ്റർ. രാജധാനി ഷെയർ പിരിഞ്ഞപ്പോൾ ഉസ്മാനു കിട്ടിയ അഞ്ചു കിലോ സ്വർണം എന്നെ ഏൽപ്പിച്ചു. രാജധാനിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന വയനാട് സ്വദേശി ഷെബീർ ആണ് ഉസ്മാനിലേക്കുള്ള വഴിതുറന്നത്. അതെനിക്കൊരു ടേണിംഗ് പോയിന്റായിരുന്നു. പിന്നീട്, ഞങ്ങൾ പാർട്ട്ണർഷിപ്പ് പിരിഞ്ഞു. പിരിയുമ്പോൾ എന്റെ കൈയിൽ 15 കിലോ സ്വർണമുണ്ടായിരുന്നു. തുടർന്ന് ഒറ്റയ്ക്ക് മാനുഫാക്ചറിംഗ് ആരംഭിച്ചു. ബിസിനസ് നല്ലരീതിയിൽ വളർന്നു. എന്റെ സ്‌റ്റോക്ക് 150 കിലോ സ്വർണമായി. അന്ന് മലബാർ ഗോൾഡിന് തലശേരി, കാസർഗോഡ്, തിരൂർ, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിൽ അഞ്ചു ഷോപ്പുകളാണ് ഉണ്ടായിരുന്നത്. അക്കാലത്ത്, മലബാറിൽ നിന്ന് ഗോൾഡ് മാനുഫാക്ചറിംഗ് യൂണിറ്റ് തുടങ്ങാനുള്ള ഓഫർ വന്നു. മലബാറിൽ കൂടുതൽ ഷെയർ എടുത്ത് ആഭരണ നിർമാണം ആരംഭിച്ചു. മലബാർ ഗോൾഡ് മേക്കേഴ്‌സ് എന്നായിരുന്നു കമ്പനിയുടെ പേര്. കമ്പനിക്കു വേറെയും പാർട്ട്‌ണേഴ്‌സ് ഉണ്ടായിരുന്നു. പിന്നീട്, ഞാൻ ഷെയർ പിരിഞ്ഞു. തുടർന്ന്, മലബാറിനു വേണ്ടി മാത്രം ആഭരണ നിർമാണം ആരംഭിച്ചു. ദുബായിൽ ഗോൾഡ് ഹോൾസെയിൽ ബിസിനസിൽ തുടക്കം മലബാർ ഗോൾഡ് ദുബായിൽ ഹോൾസെയിൽ ബിസിനസാണ് അദ്യം ആരംഭിക്കുന്നത്. അമ്മാവൻ ദുബായിക്കു പോകാൻ നിർബന്ധിച്ചെങ്കിലും ഞാൻ പോയില്ല. അമ്മാവന്റെ മകൻ ഷംലാൽ ആ പ്രോജക്ട് ഏറ്റെടുത്തു. പിന്നീട്, റീട്ടെയിൽ ബിസിനസിലേക്കു കടന്നു. ഷാർജയിലാണ് ആദ്യ റീട്ടെയിൽ ഷോപ്പ് ആരംഭിച്ചത്. റീട്ടെയിൽ ഷോപ്പുകൾ ആരംഭിക്കാൻ തുടങ്ങിയപ്പോൾ കമ്പനിയുമായി ഹോൾസെയിൽ ഇടപാടുകൾ നടത്തിയിരുന്നവർ സ്വർണം വാങ്ങാതായി. മിഡിൽ ഈസ്റ്റിലെ പ്രമുഖ ജ്വല്ലറികളെല്ലാം ഞങ്ങളിൽ നിന്നു സ്വർണം എടുത്തിരുന്നു. ഹോൾസെയിൽ ബിസിനിസ് അൽപ്പം താഴാൻ തുടങ്ങിയപ്പോൾ റീട്ടെയിൽ ഷോപ്പുകൾ കൂടുതലായി ആരംഭിച്ചു. ഇന്ന് ജി.സി.സിയിലെ പ്രമുഖ സ്വർണവ്യാപാരികളാണ് മലബാർ ഗോൾഡ്. കമ്പനിക്ക് നാലു മാനുഫാക്ചറിംഗ് യൂണിറ്റുകളാണുള്ളത്. പുറത്തുള്ള കമ്പനികൾക്കും സ്വർണം കൊടുക്കുന്നുണ്ട്. അമേരിക്ക, മലേഷ്യ, സിംഗപ്പുർ, കുവൈറ്റ് എന്നിവിടങ്ങളിൽ കമ്പനിക്ക് ക്ലൈന്റ്‌സ് ഉണ്ട്. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള മാനുഫാക്ചറിംഗ് യൂണിറ്റാണ് കമ്പനിയുടേത്. ഡിസൈനിംഗിനുതന്നെ വലിയൊരു ഡിപ്പാർട്ട്‌മെന്റുണ്ട്. പരിശുദ്ധിയും പരമ്പരാഗതവും അതുപോലെ ആധുനികവുമായ ഡിസൈനിംഗും കമ്പനിയെ വ്യത്യസ്ഥമാക്കുന്നു. കഴിഞ്ഞ ഡിസംബറിൽ കമ്പനിയുടെ ടേണോവർ ആയിരം കിലോ സ്വർണമായിരുന്നു. മുംബൈ, ബംഗളൂരു, കോൽക്കത്ത എന്നിവിടങ്ങളിൽ കമ്പനിയുടെ മാനുഫാക്ചറിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നു.  കോസ്‌മോസ് സ്‌പോർട്‌സ് കമ്പനി എന്റെ സഹോദരൻ നിഷാദ് സ്‌പോർട്‌സിൽ താത്പര്യമുള്ള വ്യക്തിയാണ്. ബാഡ്മിന്റൺ ആണ് നിഷാദിന്റെ ഐറ്റം. അദ്ദേഹത്തിന്റെ താത്പര്യപ്രകാരമാണ് സ്‌പോർട്‌സ് ഐറ്റംസ് വിൽക്കുന്ന സ്ഥാപനം ആരംഭിക്കുന്നത്. മുപ്പതു വർഷമായുള്ള സ്ഥാപനമാണ് കോസ്‌മോസ്. അതു ഞങ്ങൾ ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം, കൊച്ചി, തൃശൂർ, മഞ്ചേരി, കോയമ്പത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി കോസ്‌മോസ് സ്‌പോർട്‌സിന് ഷോപ്പുകളുണ്ട്. കോഴിക്കാട്ട് രണ്ടു ഷോപ്പുകൾ പ്രവർത്തിക്കുന്നു. കേരളത്തിലും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും കോസ്‌മോസ് വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ട്. ദുബായ് കാരാമയിൽ കോസ്‌മോസ് പുതിയ ഷോപ്പ് തുടങ്ങാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു. വൈകാതെ തുറന്നുപ്രവർത്തിക്കും.

സാർത്ഥകമീ ജീവിതം
എം.കെ. സജീവൻ / സഫറുള്ള പാലപ്പെട്ടി

Categories:
ദാരിദ്യത്തിന്റെ കുപ്പത്തൊട്ടിയിൽ ബാല്യം, കലയും നാടകവും നാടക സംഘവുമായ് കൗമാരം, അഗ്നിപരീക്ഷണങ്ങളുടെ ആരോഹണാവരോഹണങ്ങളുടെ യൗവനം… ഇത് എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ തത്തപ്പിള്ളി സ്വദേശി എം.കെ. സജീവന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ആകെചിത്രം. ജീവിതംതന്നെ ഇടയ്ക്കുവച്ചു നിന്നുപോകുമോയെന്നു ഭയപ്പെട്ടിരുന്ന അവസ്ഥയിൽ നിന്നു സ്വപ്രയത്‌നംകൊണ്ട് ഉയരങ്ങൾ കീഴടക്കിയ സജീവന്റെ ജീവിതം സിനിമക്കഥപോലെ. തെറ്റില്ലാത്ത ജീവിത സാഹചര്യങ്ങളിൽ കഴിയവെ ആകസ്മികമായിരുന്നു അച്ഛന്റെ വിയോഗം. അന്ന്, സജീവന് ആറു വയസായിരുന്നു പ്രായം. മൂത്ത സഹോദരിക്ക് 19 വയസ്, അതിനു താഴേയും അഞ്ചു സഹോദരിമാർ, ഏറ്റവും ഇളയവനായിരുന്നു സജീവൻ. അച്ഛന്റെ മരണത്തോടുകൂടി ദാരിദ്ര്യത്തിന്റെ പടുകുഴിയിലേയ്ക്ക് എറിയപ്പെട്ട കുടുംബത്തെ സംരക്ഷിക്കുന്ന തീവ്രപ്രയത്‌നത്തിലായിരുന്നു അമ്മ. കൃഷിയിടങ്ങളിൽ ജോലി ചെയ്തും പശുവിനെ വളർത്തിയും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ സജീവനെയും മൂത്ത ആറു സഹോദരിമാരെയും പഠിപ്പിച്ചതും വിവാഹം ചെയ്തയച്ചതും അമ്മയായിരുന്നു. അമ്മ കൃഷി ചെയ്തു സമ്പാദിക്കുന്ന ചെറിയ വരുമാനംകൊണ്ടു കുടുംബം പോറ്റുമ്പോഴും സജീവൻ നൂലു പൊട്ടിയ പട്ടം പോലെ സഞ്ചരിക്കുകയായിരുന്നു. അമ്മയെയും ആറു സഹോദരിമാരെയും സംരക്ഷിക്കേണ്ട ചുമതല തനിക്കാണെന്ന് സജീവനു ബാല്യകൗമാരങ്ങളിലൊന്നും തോന്നിയതേയില്ല. അപ്പോഴെല്ലാം കുടുംബത്തോടുള്ള സ്‌നേഹത്തേക്കാളും കലയോടുള്ള പ്രതിബദ്ധതയായിരുന്നു സജീവനെ നയിച്ചിരുന്നത്. തന്റെ ആദ്യകാല കലാ-നാടകപ്രവർത്തനങ്ങളെക്കുറിച്ചു പറയുമ്പോൾ സജീവൻ ഏറെ വാചാലനായിരുന്നു. വലിയൊരു ബിസിനസ് ശ്രൃംഖലയുടെ മേധാവി എന്ന തന്റെ നിലവിലെ സ്ഥാനം മറന്ന് അദ്ദേഹം 1980-കളിലെ നാടക കലാകാരനായി മാറുകയായിരുന്നു. പത്താം തരം കഴിഞ്ഞതോടെ കലാരംഗത്ത് ഒന്നു പയറ്റി നോക്കാൻ തീരുമാനിച്ചു. ചെറുപ്പം മുതലേ ഉള്ളിൽക്കൊണ്ടു നടന്നിരുന്ന കലയോടുള്ള ആഭിമുഖ്യം കാരണം തബല, ഗിറ്റാർ, നൃത്തം തുടങ്ങിയവ അൽപ്പം സ്വന്തമാക്കി. ക്രമേണ നാട്ടിലെ അമച്വർ നാടകസംഘങ്ങളുമായി സഹകരിച്ച് അഭിനയവും തുടങ്ങി. എൺപതുകളുടെ തുടക്കത്തിൽ പറവൂർ ആർട്‌സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു. മാസം തോറും നാടകം അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. പി.ജെ. ആന്റണിയുടെ ‘തീ’ എന്ന നാടകത്തിലൂടെയാണ് സജീവൻ സ്റ്റേജിലെത്തിയത്. കുറേക്കാലം വീടിനെക്കുറിച്ചുള്ള ചിന്തയൊന്നുമില്ലാതെ അമച്വർ നാടകങ്ങളുമായി അലഞ്ഞു. അക്കാലത്ത്, കൊല്ലത്തുനിന്നുള്ള ഒരു പ്രൊഫഷണൽ ട്രൂപ്പ് പറവൂരെത്തി. ‘പനോരമ; കളിച്ചു. കഥാപ്രസംഗം, ബാലെ, നാടകം ഇവ മൂന്നും ചേർന്നുള്ള നാലു മണിക്കൂർ കലാവിരുന്നാണ് ‘പനോരമ’. കഥാപ്രസംഗത്തിൽ നിന്നു തുടങ്ങി നാടകം ബാലെ എന്നിവയിലൂടെ സഞ്ചരിച്ചു കഥാപ്രസംഗത്തിൽ ചെന്നവസാനിക്കുന്ന രീതി. ആ രീതി വല്ലാതെ ഇഷ്ടപ്പെട്ടു. ‘ഹരിശ്രീ’ എന്ന പേരിൽ സ്വന്തം ട്രൂപ്പ് തുടങ്ങുവാൻ തീരുമാനിച്ചു. കൈയിലാണെങ്കിൽ പൈസയൊന്നും ഇല്ലായിരുന്നു. കൂടാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും എതിർപ്പ് ആവശ്യത്തിലേറെ. സുഹൃത്തായ സുകുമാരനെക്കൊണ്ട് ഒരു പനോരമയുടെ സ്‌ക്രിപ്റ്റ് എഴുതിച്ചു. അദ്ദേഹം അന്നാട്ടിലെ ധനികനുമായിരുന്നു. നാടകക്കളരിക്കു വീടു തന്നു സഹായിച്ചു. കാഥികനായ തോപ്പിൽ ബാലൻ, കലാകാരനായ അൻവർ തുടങ്ങിയവർ പ്രതിഫലം പറ്റാതെ സാമ്പത്തികമായും മാനസികമായും കലാപരമായും സഹായിച്ചു. നാടക ക്യാപിലെ ഭക്ഷണത്തിനായി പലചരക്കു കടക്കാരൻ ആവോളം വായ്പയും തന്നു. കംപോസിംഗും റിഹേഴ്‌സലും വളരെ നല്ല നിലയിൽ മുന്നേറി. മീശ കുരുക്കാത്ത പയ്യനായ ഞാൻ നടകക്കമ്പനിയുടെ മുതലാളിയായതു നാട്ടിൽ വലിയ വാർത്തയായിരുന്നു. സത്യം എനിക്കല്ലേ അറിയൂ. എന്തായാലും ഞാനും ഒട്ടും വിട്ടുകൊടുത്തില്ല. മൂന്നര മാസം കൊണ്ട് റിഹേഴ്‌സലും മറ്റും തീർത്ത് ഉഗ്രനായൊരു ഉദ്ഘാടന മഹാമഹം പറവൂരിൽ സംഘടിപ്പിച്ചു. പരിപാടി കണ്ട ബുക്കിംഗ് ഏജന്റുമാർക്കൊക്കെ എന്റെ ‘നള ദമയന്തി’ പനോരമ വല്ലാതെ ഇഷ്ടപ്പെട്ടു. കേരളത്തിലെങ്ങും പരിപാടിയായി. സീസണടുത്താൽ തട്ടേന്നിറങ്ങാൻ പറ്റാത്ത അവസ്ഥ. അമ്പലപ്പരിപാടികളിലും പള്ളിപ്പരിപാടികളിലും ‘ഹരിശ്രീ’ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറി. ദിവസം രണ്ട് സ്റ്റേജ് വരെ കളിക്കേണ്ടി വന്ന അവസ്ഥയുണ്ടായിരുന്നു. ഇന്ന്, ഓർക്കസ്ട്രക്കാരുടെ ആവശ്യമില്ല. ഒരു സിഡി മാത്രം മതി. അന്നാണെങ്കിൽ ഹാർമോണിയം, തബല, ഗിറ്റാർ തുടങ്ങി അതിന്റേതായ കലാകാരന്മാരെ കൂടെ കൊണ്ടു പോകണം. പാട്ടുകാരിയുണ്ടെങ്കിൽ അവരുടെ അച്ഛനെയോ അമ്മയെയോ കൂടെ കൂട്ടണം, പിന്നെ, നാടക കലാകാരന്മാരും കലാകാരികളും. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകുവാൻ പര്യാപ്തമായ വാഹനം നോർത്ത് പറവൂരിൽ നിന്ന് 60 കിലോമീറ്റർ ദൂരെയുള്ള ഇരിങ്ങാലക്കുടയിൽ മത്രമേ ലഭ്യമാകൂ. അതിൽ മുഴുവൻ ആളെ ഉൾക്കൊള്ളുന്നില്ലെങ്കിൽ വേറെ കാറും കൂടെ വാടകയ്‌ക്കെടുക്കും. കർട്ടൺ, കോസ്റ്റ്യൂംസ്, ലൈറ്റ് തുടങ്ങി ഓർക്കസ്ട്ര പോലും കടമായിരുന്നു.

റോൺസിന്റെ അയേൺമാൻ
ജോസഫ് ജോൺ / ബിനു കുര്യൻ

Categories:
ദുബായിലെ ഏറ്റവും വലിയ ഫെസിലിറ്റി ക്ലീനിങ് ആണ് Rons-Enviro Care LLC നൽകുന്നത്. ആധുനിക സംവിധാനങ്ങളോടെ പരിസ്ഥിതി സംരക്ഷണവും ഭുമിയ്ക്കുള്ള കരുതലും മുന്നിൽക്കണ്ടാണ് റോൺസ് ശുചീകരണമേഖലയിൽ പ്രവർത്തിക്കുന്നത്. റോൺസ് എന്ന നാമം തന്നെ അതിന്റെ പ്രത്യേകതകൾ എടുത്തു കാണിക്കുന്നു. (RONS – R-reality, O-optimism, N-nature-friendly, S-sustainability). 1997-ൽ ആരംഭിച്ച കമ്പനിയുടെ സേവനം ഇന്ന് യു.എ.ഇയിലെവിടെയും ലഭ്യമാണ്. ദുബായ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റോൺസ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച കമ്പനിയാണ്. ഏറ്റവും കൃത്യമായി ആദ്യമേ ചെയ്യുക. എല്ലാം സാധ്യമാണ് എന്ന വിജയവാക്കുകളുടെ ഉടമയായ തൃശൂർ ഇരിങ്ങാലക്കുടയിലെ അവിട്ടത്തൂർ സ്വദേശി ജോസഫ് ജോൺ ആണ് റോൺസിന്റെ മാനേജിങ് ഡയറക്ടർ. തന്റെ പിന്നട്ട വഴികളെക്കുറിച്ചും പ്രവാസജീവിതത്തെക്കുറിച്ചും ജോസഫ് ജോൺ ഞാൻ മലയാളിയോട് സംസാരിക്കുന്നു. മലയാളികൾക്ക് ഗൾഫ് സ്വപ്‌നഭൂമിയായിരുന്ന കാലത്താണ് ജോസഫ് ജോൺ ഗൾഫിലെത്തുന്നത്? അതെ. ഗൾഫിൽ മലയാളികൾ കൂടുതലായി എത്തിക്കൊണ്ടിരുന്ന കാലഘട്ടത്തിന്റെ തുടർച്ചയിൽ, 1982-ലാണു ഞാനും ജീവിതസ്വപ്‌നങ്ങളുമായി ഗൾഫിലെത്തുന്നത്. സഹോദരി ഭർത്താവിന്റെ സഹായത്തോടെയാണ് മരുഭൂമികളുടെ നാട്ടിലെത്തിയത്. ദുബായിൽ സഹോദരി ഭർത്താവ് നടത്തിയിരുന്ന മെയിന്റനൻസ് കമ്പനിയിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. ഹെൽപ്പർ ജോലിയായിരുന്നു അവിടെ. കാര്യമായ ശമ്പളമില്ലാതെയായിരുന്നു ജോലി. അമ്പത് പിൽസിന്റെ ബിസ്‌ക്കറ്റും വെള്ളവുമായിരുന്നു ഇടയ്ക്കിടെയുള്ള ഭക്ഷണം. സഹോദരി ഭർത്താവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ യൂണിമിക്‌സ് കോൺക്രീറ്റ് കമ്പനിയിൽ രണ്ടു മാസത്തെ ലീവ് വേക്കൻസിയിൽ ഓഫിസ് ബോയിയായി ജോലി ലഭിച്ചു. അന്ന് 800 ദിർഹമായിരുന്നു ശമ്പളം. എന്റെ കഠിനാദ്ധ്വാനം കണ്ട് ഇഷ്ടപ്പെട്ട ഇന്ത്യക്കാരനായ കമ്പനി മാനേജർ ഹൈദർ അബീദി എനിക്ക് കമ്പനിയിൽ ക്ലർക്ക് ജോലി നൽകി. 1070 ദിർഹമായിരുന്നു ശമ്പളം. കമ്പനിക്ക് എന്നും വിശ്വസ്തനായ തൊഴിലാളിയായിരുന്നു ഞാൻ. രണ്ടു വർഷങ്ങൾക്കു ശേഷം കമ്പനി എന്നെ പ്രൊഡക്ഷൻ സൂപ്പർവൈസറായും തുടർന്ന് പ്രൊഡക്ഷൻ മാനേജരായും നിയമിച്ചു. അക്കാലത്ത് മറീനയിൽ ദുബായ് സിവിൽ എൻജിനീയറിങ് കമ്പനിയുടെ കൺസ്ട്രക്ഷൻ വർക്കിനു വേണ്ടി 24 മണിക്കൂർകൊണ്ട് 10500 ക്യുബിക് മീറ്റർ കോൺക്രീറ്റ് സപ്ലൈ ചെയ്തത് ഇന്നും എന്റെ കരിയറിലെ അവിസ്മരണീയ മുഹൂർത്തമാണ്. അതാണു ഞങ്ങളുടെ ടീമിന്റെ വിജയം. ഇതിലൂടെ ഞങ്ങൾ മിഡിൽ ഈസ്റ്റ് റെക്കോർഡ് കരസ്ഥമാക്കി. മറ്റു പല കമ്പനികളും ഏറ്റെടുക്കാൻ വിസമ്മതിച്ച വർക്കാണിത്. കാരണം 24 മണിക്കൂർകൊണ്ട് 10500 ക്യുബിക് മീറ്റർ ക്വാണ്ടിറ്റി കോൺക്രീറ്റ് സപ്ലൈ ചെയ്യുക എന്നത് അവർക്ക് അസാധ്യമായി തോന്നിയിരിക്കാം. അവർക്ക് അസാധ്യമായത് ഞങ്ങൾക്കു സാധ്യമായി എന്നതാണ് ഞങ്ങളുടെ ടീമിന്റെ വിജയം. ഈ വർക്കിലൂടെ ഞങ്ങളുടെ ടീം അഥോറിറ്റിയുടെ പ്രശംസയ്ക്ക് അർഹരായി. ബുർജ് അൽ അറബ്, ബുർജ് ഖലീഫ, എമിറേറ്റ്‌സ് ലാൻഡ് മാർക്‌സ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞത് എനിക്കും എന്റെ ടീം അംഗങ്ങൾക്കും അഭിമാനകരമാണ്. എന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ അച്ഛനോടൊപ്പം കുട്ടിക്കാലം മുതൽ തുടങ്ങിയ കഠിനാദ്ധ്വാനശീലമാണ്. ഞാനതു ജീവിതത്തിൽ പ്രാവർത്തികമാക്കി. ‘വർക്ക്‌ഹോളിക് മാൻ’ എന്നൊരു വിളിപ്പേരുണ്ടല്ലോ? എന്റെ കഠിനാദ്ധ്വാനം കണ്ട് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ എനിക്കു നൽകിയ പേരാണ് വർക്ക്‌ഹോളിക് മാൻ. തുടർന്ന്, അതെന്റെ പേരിന്റെ പിന്നിൽ ചേർക്കുകയോ സഹകരണ പ്രവർത്തകർ അങ്ങനെ വിളിക്കാനോ ആരംഭിച്ചു.

അറബിക്കഥയിലെ നായകന്‍
ബോസ്‌ക / ജാക്കി റഹ്മാന്‍, ദുബായ്‌

Categories:
ബോസ് അല്ലെങ്കില്‍ ബോസ്ക എന്നറിയപ്പെടുന്ന ഖാദര്‍കുട്ടി യുഎഇയിലെ മലയാളി വ്യവസായികളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ്. ബിസിനസ് രംഗത്തെ വിജയങ്ങളില്‍ വിനയം കാത്തുസൂക്ഷിക്കുന്ന അദ്ദേഹം സാമൂഹ്യ സേവനരംഗത്തും സജീവ സാന്നിധ്യമാണ്. മനുഷ്യസ്നേഹത്തെ സ്വന്തം പ്രാണന്‍ പോലെ കൊണ്ടുനടക്കുന്ന ബോസ്ക വിദേശത്തു മാത്രമല്ല സ്വദേശത്തും ധാരാളം കര്‍മ പദ്ധതികള്‍ക്കു നേതൃത്വം നല്‍കുന്നു. കണ്ണൂര്‍ ജില്ലയിലെ പുല്ലൂക്കരയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച്, അബുദാബിയില്‍ കഫറ്റീരിയ ജീവനക്കാരനായി ജോലിയാരംഭിച്ച അദ്ദേഹം ഇന്ന് യുഎഇയില്‍ വ്യാപിച്ചുകിടക്കുന്ന ബോസ്ക ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനങ്ങളുടെ ഉടമയാണ്. ബോസ്ക ഇന്ന് ദുബായിലെ പ്രമുഖ ബ്രാന്‍ഡാണ്. അനുകരിക്കാവുന്ന മാതൃകയാണ് അദ്ദേഹത്തിന്‍റെ ജീവിതവും കാഴ്ചപ്പാടുകളും. ബോസ്ക തന്‍റെ ജീവിതവും അനുഭവങ്ങളും പങ്കുവയ്ക്കുന്നു…. ബോസ്ക എന്ന ബ്രാന്‍ഡിനു പിന്നില്‍ ഗ്രീറ്റിംഗ് അല്‍ മദീന എന്നായിരുന്നു സ്ഥാപനങ്ങളുടെ പേര്. എന്‍റെയൊരു അടുത്ത സുഹൃത്താണ് ബോസ്ക എന്ന ബ്രാന്‍ഡ് പേര് സ്ഥാപനങ്ങള്‍ക്കു നല്‍കിയത്. കൂടുതലായും ചെയ്യുന്നത് റസ്റ്ററന്‍റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായതുകൊണ്ട് ആ ബ്രാന്‍ഡ് സ്വീകരിക്കുകയായിരുന്നു. എന്നെ ഇപ്പോള്‍ വ്യവസായികള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും അറിയപ്പെടുന്നത് ബോസ്, അല്ലെങ്കില്‍ ബോസ്ക എന്നാണ്. ഖാദര്‍ എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ അറിയാന്‍ പ്രയാസമായിരിക്കും. ഇപ്പോള്‍ ബോസ് എന്‍റെ പേര് ആയി മാറിയിരിക്കുന്നു. സ്വന്തം സ്ഥാപനങ്ങളുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍ കഴിയുക എന്നത് സന്തോഷകരമാണ്. എന്നാണ് ഗള്‍ഫിലെത്തിയത് 1992-ല്‍ ആണ് ഞാന്‍ ഗള്‍ഫിലെത്തിയത്. സാധാരണ കുടുംബത്തിലെ അംഗമായിരുന്നു ഞാന്‍. എല്ലാ പ്രവാസികളെയും പോലെ നല്ല തൊഴില്‍ തേടുക, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക ഇതൊക്കെയായിരുന്നു ഗള്‍ഫിലെത്താനുള്ള പ്രചോദനം. ഗള്‍ഫിലെത്തുന്നതിനു മുമ്പ് കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ വിവിധ തൊഴിലുകള്‍ ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍ ആദ്യം ജോലിക്കു കയറിയത് അബുദാബി ബെന്യാസിലെ സണ്‍ എന്‍ജിനീയറിങ് കമ്പനിയിലാണ്. ഹെല്‍പ്പര്‍ ജോലിയായിരുന്നു അത്. കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ഹെല്‍പ്പര്‍ ജോലി കഠിനകരമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. അബുദാബിയിലെ കൊടും ചൂട് അസഹനീയമായിരുന്നു. താമസിക്കാന്‍ ആവശ്യമായ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. കണ്‍സ്ട്രക്ഷന്‍ സൈറ്റിനോടു ചേര്‍ന്ന ലേബര്‍ ടെന്‍റുകളാണു തൊഴിലാളികള്‍ക്കു താമസിക്കാന്‍ അനുവദിച്ചിരുന്നത്. ഒരു ടെന്‍റില്‍ത്തന്നെ നിരവധി ആളുകളുണ്ടായിരുന്നു. വിയര്‍ത്തൊലിച്ചു നനയും. കുളിച്ചിട്ടു ശരീരം തോര്‍ത്താത്ത പോലിരിക്കും. ഒരു ദിവസം മൂന്നുംനാലും ജോഡി വസ്ത്രങ്ങള്‍ വരെ മാറിയിട്ടുണ്ട്. അക്കാലത്തു വിവിധ തൊഴിലുകള്‍ ചെയ്തിട്ടുണ്ട്.