Movie

You Are Here: Home / Archives / Category / Movie

കഥാപാത്രങ്ങളും അനുഭവങ്ങളും
മധു

Categories:

ഓരോ ലൊക്കേഷനിൽ എത്തുമ്പോഴും പുതിയ കുറേ കുട്ടികളെ കാണാം. അഭിനയിക്കാൻ വേണ്ടിമാത്രമല്ല എഴുത്തിലെയും സംവിധാനത്തിലെയും സഹായികളായും എത്തുന്ന അവരെ പിന്നീട് കാണാറേയില്ല. സിനിമ അത്ര പെട്ടെന്ന് പഠിക്കാൻ പറ്റില്ല. മിക്കവർക്കും ഒറ്റ സിനിമയിലൂടെ പണവും പ്രശസ്തിയും നേടണം എന്നാണ് ആഗ്രഹം. അങ്ങനെയൊരു ആഗ്രഹത്തിന്റെ പുറത്ത് സിനിമയിലെത്തുന്നവർക്ക് ഒറ്റ സിനിമയോടുകൂടി ആ പരിപാടി അവസാനിപ്പിക്കേണ്ടതായി വരും. ക്ഷമയോടെ സഹിച്ചു പഠിച്ചു മുന്നേറുന്നവർക്കാണ് എന്നും ജീവിതത്തിൽ വിജയങ്ങൾ ഉണ്ടാകുക. അഭിനയരംഗം നൽകിയ പതിറ്റാണ്ടുകളുടെ അനുഭവങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ ഓർമകൾ നന്മയുടെയും സ്‌നേഹത്തിന്റെയും തണൽ മരങ്ങളായ് ഉയർന്നു നിൽക്കും. ചിലപ്പോൾ വേദനകളുടെ കൂടാരങ്ങളിൽ അകപ്പെട്ടപോലെ തോന്നും.

കടന്നുവന്ന വഴികളിലെ സന്തോഷവും സ്‌നേഹവും ദുഃഖവുമെല്ലാം സിൽവർ സ്‌ക്രീനിൽ എന്നപോലെ എനിക്കുമുന്നിൽ തെളിയും. ഒരർത്ഥത്തിൽ എന്നെ ഞാനാക്കിയത് അനുഭവങ്ങളാണ്. ആ അനുഭവങ്ങളോട് ഞാനെന്നും നന്ദിയുള്ളവനായിരിക്കും. അന്നും ഇന്നും എന്നും എനിക്കു കരുത്താകുന്നത് അനുഭവങ്ങൾ തന്നെയാണ്. നാടകത്തിലും സിനിമയിലും ഒരുപാട് മഹാരഥന്മാരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്നിലെ അഭിനേതാവിന്റെ പുണ്യമായി ഞാൻ കാണുന്നു. ഓരോ കഥാപാത്രങ്ങളും ഓരോ അനുഭവങ്ങളാണ് എനിക്കും നൽകിയത്. ആ അനുഭവ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു പറയുകയാണെങ്കിൽ പഴയതലമുറയ്ക്ക് ഉണ്ടായതിനേക്കാൾ വലിയ അനുഭവങ്ങളൊന്നും പുതിയ കാലത്തെ കുട്ടികൾക്കില്ല. എങ്കിലും അവരുടെ ഭാവനകൾ സമൃദ്ധമാണ്. സിനിമയിൽ വലിയ വലിയ സ്വപ്നങ്ങളാണ് അവർ കാണുന്നത്. അതിലെ സർഗാത്മകത വളരെ വലുതാണ്.

സത്യൻ മാഷ് മുതൽ എത്രയോ നടന്മാർക്കൊപ്പവും ഷീല മുതൽ നിരവധി നായികന്മാർക്കൊപ്പവും കടന്നുപോയ എന്റെ അഭിനയജീവിതത്തിൽ ഇന്നത്തെ യുവതാരങ്ങൾക്കൊപ്പമുള്ള അഭിനയാനുഭവം ഏറെ വ്യത്യസ്തമാണ്. ഒരു സീനിയർ ആർട്ടിസ്റ്റിനു ലഭിക്കുന്ന എല്ലാ ആദരവും ഇന്നത്തെ കുട്ടികൾ എനിക്കു നൽകുന്നുണ്ട്. മുതിർന്നവരെ ബഹുമാനിക്കാൻ അവർക്കു പറഞ്ഞുകൊടുക്കേണ്ടതില്ല. അതൊരു ഗുരുത്വമാണ്. ചിലപ്പോൾ അച്ഛന്റെ സ്ഥാനത്തു മറ്റു ചിലപ്പോൾ സഹോദരന്റെ സ്ഥാനത്ത് അല്ലെങ്കിൽ ഗുരുതുല്യനായ ഒരാളുടെ സ്ഥാനത്ത് ഇങ്ങനെയൊക്കെ പുതിയതലമുറയിലെ കുട്ടികൾ എനിക്കു നൽകുന്ന സ്‌നേഹം പറഞ്ഞറിയിക്കാനാവില്ല.

ആദ്യമായി മൂവി ക്യാമറയെ അഭിമുഖീകരിക്കുമ്പോൾ എനിക്കുണ്ടായ ആശങ്കപോലും ഇന്നത്തെ കുട്ടികൾക്കില്ലെന്നാണു തോന്നുന്നത്. അത്രമാത്രം സ്വാഭാവികതയോടെയാണ് അവർ അഭിനയത്തെ സമീപിക്കുന്നത്. തൊണ്ണൂറുശതമാനം പേർക്കും ആക്ടിങ് ഒരു ആവേശവും ലഹരിയുമാണ്. എന്റെ അനുഭവത്തിൽ ഓരോ കാലത്തും സിനിമയിലേക്കു കടന്നുവന്ന പുതുതലമുറയുടെ അഭിനയരീതിയേക്കാൾ ഏറെ മുന്നിൽ നിൽക്കുന്നത് ഇന്നത്തെ ന്യൂജനറേഷൻ തന്നെയാണ്. സിനിമയുടെ ചരിത്രത്തെക്കുറിച്ചോ അല്ലെങ്കിൽ പഴയകാല നടീനടന്മാരെക്കുറിച്ചോ അതുമല്ലെങ്കിൽ അന്നത്തെ സിനിമാരീതികളെക്കുറിച്ചോ കാര്യമായ അറിവൊന്നും ഇന്നത്തെ കുട്ടികൾക്കില്ലെന്നാണു തോന്നുന്നത്. അതുകൂടി അവർ പഠിക്കാൻ ശ്രമിക്കണം. സിനിമയിൽ അഭിനയിച്ചു പേരും പ്രശസ്തിയും നേടുന്നതോടൊപ്പം നമ്മുടെ സിനിമയുടെ ഗതിവിഗതികൾ എന്തൊക്കെയായിരുന്നുവെന്ന് സാമാന്യമായെങ്കിലും ഒരു ആർട്ടിസ്റ്റ് അറിഞ്ഞിരിക്കണം.

subscribe

കഥ സിനിമയുടെ മാണിക്യക്കല്ല്
എം. മോഹനൻ / മിനീഷ് മുഴപ്പിലങ്ങാട്

Categories:

ഇടത്തരക്കാരുടെ ജീവിതങ്ങളെ കഥകളിലാവാഹിച്ചും അഭ്രപാളിയിൽ ആവിഷ്‌കരിച്ചും മലയാളികളുടെ മനസ് കീഴടക്കിയവരായിരുന്നു ശ്രീനിവാസനും സത്യൻ അന്തിക്കാടും. അവരുടെ കഥ-സംവിധാന സങ്കൽപ്പങ്ങളിൽ നിന്നും ഊർജം ഉൾക്കൊണ്ട്, മലയാള സിനിമയ്ക്ക് പുത്തൻ പ്രതീക്ഷകൾ ഉണർത്തി ഇതാ അവർക്കൊരു പിൻഗാമി-എം. മോഹനൻ. തിരക്കഥയുടെ മർമ്മം ശ്രീനിവാസനിൽ നിന്നും സംവിധാനപാടവം സത്യൻ അന്തിക്കാടിൽ നിന്നും അഭ്യസിച്ച മോഹനന് അങ്ങനെ ആകാതിരിക്കാൻ കഴിയില്ലല്ലൊ!

അതേസമയം സിനിമയോടുള്ള സമീപനത്തിൽ തന്റേതുമാത്രമായ രീതികളും കാഴ്ചപ്പാടും അദ്ദേഹം വച്ചുപുലർത്തുകയും ചെയ്യുന്നുണ്ട്. ആദ്യസംവിധാന സംരംഭമായ കഥപറയുമ്പോൾ കഴിഞ്ഞ് അദ്ദേഹം തന്നെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച മാണിക്യക്കല്ലിൽ എത്തുമ്പോൾ സ്വന്തം കഴിവിന്റെ പിൻബലത്തിൽ തനിക്കു മികച്ച സിനിമകൾ ചെയ്യാനാവും എന്നദ്ദേഹം തെളിയിക്കുകയായിരുന്നു. ഒരർഥത്തിൽ എം. മോഹനൻ എന്ന സംവിധായകന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയായിരുന്നു, മാണിക്യക്കല്ല്. തുടർന്ന് അദ്ദേഹം സംവിധാനം ചെയ്ത 916, മൈ ഗോഡ്, അരവിന്ദന്റെ അതിഥികൾ എന്നീ സിനിമകളിലും ആ സ്വാതന്ത്ര്യത്തിന്റെ സവിശേഷമായ സിദ്ധി തെളിഞ്ഞു കാണാം.

നമുക്കു ചുറ്റും അശ്രദ്ധമായി അവഗണിക്കപ്പെട്ടു പോകുന്ന ചില നിർണായക ജീവിത മുഹൂർത്തങ്ങളെ പ്രമേയമാക്കുന്ന കഥയുടെ മാണിക്യക്കല്ലു തേടിയുള്ള യാത്രയാണ് മോഹനന് ഓരോ സിനിമയും. അതിലൂടെ സാധാരണക്കാരന്റെ സങ്കടങ്ങളുടെയും സ്വപ്നങ്ങളുടെയും കഥപറയുകയാണ് അദ്ദേ ഹം ചെയ്യുന്നത്. എം. മോഹനൻ ഞാൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം.

  • പുതിയ പ്രോജക്ടുകൾ

പുതിയ സിനിമയുടെ തയാറെടുപ്പിലാണ്. അതുമായി ബന്ധപ്പെട്ട ചർച്ചകളും മറ്റും നടക്കുന്നതേയുള്ളൂ. കൃത്യമായി ഒന്നും പറയാറായിട്ടില്ല.

  • കഥകൾ തേടി

ഇതൊന്നുമല്ല കാര്യം. അതൊക്കെ അങ്ങനെ സംഭവിക്കുന്നതാണ്. ഉദാഹരണത്തിനു കഥപറയുമ്പോൾ ശ്രീനിയേട്ടന്റെ കഥയായിരുന്നു. തുടർന്ന് മാണിക്യക്കല്ല് ചെയ്യുമ്പോൾ എനിക്കു തന്നെ പറയാൻ ഒരു കഥ ഉണ്ടായിരുന്നു. അത് ഉപയോഗിച്ചു എന്നു മാത്രം. തുടർന്നു വന്ന 916-ന്റെ കഥ, ഞാൻ കഥപറയുമ്പോൾ ചെയ്യുന്നതിന് മുമ്പേ മനസിൽ ഉണ്ടായിരുന്നതാണ്. പിന്നീട് വന്ന മൈ ഗോഡിലും അരവിന്ദന്റെ അതിഥികളിലും മറ്റുള്ളവരുടെ കഥകളാണ് ഞാൻ ഉപയോഗിച്ചത്. ഇപ്പോൾ ചെയ്യാൻ പോകുന്ന പുതിയ സിനിമയുടെ കഥയും മറ്റൊരാളുടേതാണ്. കഥ, സിനിമയുടെ മാണിക്യക്കല്ലാണ്. അത് കണ്ടെത്തുക എന്നതാണ് മുഖ്യം. അതു ശ്രമകരവുമാണ്.

  • സിനിമകൾ തമ്മിലുള്ള ഇടവേളകൾ

2007-ലാണ് കഥപറയുമ്പോൾ ഇറങ്ങുന്നത്. 2011 ആരംഭത്തിലാണ് മാണിക്യക്കല്ല് വരുന്നത്. 2012 അവസാനമാണ് 916 റിലീസാകുന്നത്. മൈ ഗോഡ് 2015-ലും അരവിന്ദന്റെ അതിഥികൾ 2018-ലുമാണ് ഇറങ്ങുന്നത്. പലപ്പോഴും ഗ്യാപ്പ് ഉണ്ടാകുന്നു. എന്തുകൊണ്ടാണിങ്ങനെ എന്നു ചോദിച്ചാൽ അതിനു പ്രത്യേകിച്ചു കാരണം പറയാനില്ല. സത്യത്തിൽ സിനിമയിൽ ഈ കാലയളവ് വലിയ ഗ്യാപ്പ് ഒന്നുമല്ല. കഥ പറയുമ്പോൾ സമ്മാനിച്ചത് ഒരു വലിയ വിജയമായിരുന്നു. അതോടെ അടുത്തത് ഒരു നല്ല പടമായി ചെയ്തു വിജയിപ്പിക്കേണ്ട വലിയ ഉത്തരവാദിത്വം തലയിൽ കയറി. പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരേണ്ടതുണ്ടായിരുന്നു. ഓഫറുകൾ അനവധി വന്നു. പക്ഷേ, വന്നവർക്കൊക്കെ കഥപറയുമ്പോൾ എന്ന പടത്തിന്റെ തന്നെ ചുവടുപിടിച്ചുള്ള ഒരു സിനിമയായിരുന്നു വേണ്ടിയിരുന്നത്. അത്തരം ഒരു സിനിമ ചെയ്യുന്നില്ല എന്നു ഞാൻ ഉറപ്പിച്ചിരുന്നു. വ്യത്യസ്തമായ കഥകൾ പ്രമേയമാക്കുമ്പൊഴേ സത്യത്തിൽ ഒരു സിനിമാക്കാരൻ ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്ന വിശ്വാസക്കാരനാണ് ഞാൻ. അതിനായുള്ള കാത്തിരിപ്പിനിടയിലാണ് ഇടവേളകൾ സംഭവിക്കുന്നത്. പടം നന്നാകാൻ ഇടവേളകൾ പലപ്പോഴും സഹായിക്കുന്നുണ്ട് എന്നു ഞാൻ കരുതുന്നു.

  • ശ്രീനിവാസനോടൊപ്പം

എത്തിപ്പെട്ടതല്ല, മനസിൽ സിനിമ എന്നത് ഉറപ്പിച്ചു തന്നെ വന്നതാണ്. പഠിക്കുന്ന കാലത്തേ ഞാൻ ധാരാളം കഥകളെഴുതിയിരുന്നു. എന്റെ തലമുറയിലെ കഥയെഴുത്തുകാരായ കുറേപ്പേരുടെയെങ്കിലും സ്വപ്നം അന്ന് സിനിമയായിരുന്നു. സിനിമ കണ്ടും സിനിമയെക്കുറിച്ച് ചിന്തിച്ചും സംസാരിച്ചും സിനിമയ്ക്കു പറ്റുന്ന കഥകളെഴുതിയും ചർച്ച ചെയ്തും നടന്ന കാലം. സിനിമയിലെത്തുക എന്നതല്ലാതെ മറ്റൊരു ജോലിയെക്കുറിച്ചും അന്നു ചിന്തിച്ചിരുന്നില്ല. അതിനാൽ ഡിഗ്രി കഴിഞ്ഞ ഉടനെ ചെന്നൈയിലേക്ക് വണ്ടികയറി ശ്രീനിയേട്ടനൊപ്പം കൂടി (പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ ഭാര്യാ സഹോദരനാണ് എം. മോഹനൻ) ഇന്ന് ഞാൻ സിനിമയിൽ എന്തെങ്കിലും ആയിത്തീർന്നിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ സഹായം ഒന്നു കൊണ്ടു മാത്രമാണ്.

  • കഥാകാരനും സംവിധായകനും

സംവിധായകനാവുക എന്ന സ്വപ്നവുമായി തന്നെയാണ് ഞാൻ ശ്രീനിയേട്ടനൊപ്പം കൂടിയത്. കഥയെഴുത്തും തിരക്കഥാരചനയും ഒക്കെയായി കുറേ നാളുകൾ കഴിഞ്ഞെങ്കിലും സംവിധായകൻ ആവുക എന്ന സ്വപ്നം ഞാൻ കൈവിട്ടില്ല. അതിൽ കുറഞ്ഞ ഒന്നും ആകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. സിനിമ ഒരു ടീം വർക്കാണെങ്കിൽ കൂടി, ആത്യന്തികമായി അത് സംവിധായകന്റെ കലയാണ് എന്നു കരുതിയിരുന്നതു കൊണ്ടാണ് ആ വിചാരം എന്നിൽ ബലപ്പെട്ടത്. സംവിധാനം പഠിക്കാനാണ് എനിക്ക് താത്പര്യം എന്ന് ഞാൻ ശ്രീനിയേട്ടനോടു പറഞ്ഞു. അദ്ദേഹമാണ് എന്നെ സത്യേട്ടന് (സത്യൻ അന്തിക്കാട്) പരിചയപ്പെടുത്തുന്നതും തുടർന്ന് ഞാൻ അദ്ദേഹത്തിന്റെ സംവിധാന സഹായിയായി സിനിമാ ജീവിതം തുടങ്ങുന്നതും.

  • സത്യൻ അന്തിക്കാടിന്റെ കൂടെയുള്ള കാലം

എന്നും നൻമകൾ എന്ന സിനിമയിൽ തുടങ്ങി തൂവൽ കൊട്ടാരം വരെ യുള്ള 14 സിനിമകളിൽ ഞാൻ അദ്ദേഹത്തിന്റെ സംവിധാന സഹായിയായും അസോസിയേറ്റായും പ്രവർത്തിച്ചിട്ടുണ്ട്. ആ സുവർണ കാലത്തിന്റെ അനുഭവങ്ങളാണ് എന്നിലെ സംവിധായകനെ രൂപപ്പെടുത്തിയത് എന്നു പറയാം. ഒരു സംവിധായകൻ എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും ഒപ്പം എന്തായിരിക്കരുത് എന്നും എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. സത്യത്തിൽ അദ്ദേഹം ഒരു സ്‌കൂൾ ഓഫ് ലെസൻ ആണ്. സിനിമയുടെ എല്ലാ സൂഷ്മാംശങ്ങളിലേക്കും ശ്രദ്ധ ചെലുത്തുന്ന സത്യൻ അന്തിക്കാട് വാസ്തവത്തിൽ ഇനിയും വിലയിരുത്തപ്പെടേണ്ട ഒരു സംവിധായക പ്രതിഭയാണ്. കഥ പറയുമ്പോൾ എന്ന ചിത്രത്തിലൂടെ ഒരു സ്വതന്ത്ര സംവിധായകനായി മാറാനുള്ള ആത്മവിശ്വാസം എനിക്കു നൽകിയത് അദ്ദേഹമാണ്. സിനിമയിലെ എന്റെ ഗുരുനാഥനാണ് സത്യൻ അന്തിക്കാട്; വഴികാട്ടി ശ്രീനിവാസനും.

  • കഥ പറയുന്നതിനും മുമ്പ്

കഥ പറയുന്നതിനു മുമ്പു നടക്കാതെ പോയ മറ്റൊരു സിനിമ പ്രോജക്ട് ഉണ്ടായിരുന്നു. കഥയും നിർമാതാവും നടീനടൻമാരും ഷൂട്ടിങ് ലൊക്കേഷനുമെല്ലാം തീരുമാനിക്കപ്പെട്ടതായിരുന്നു. പക്ഷേ, അവസാന നിമിഷം നിർമാതാവ് ഏതോ കാരണത്തിൽ പിൻമാറിക്കളഞ്ഞു. അതോടെ പടം മുടങ്ങി. ആദ്യ സിനിമ മുടങ്ങിയതിൽ വലിയ വിഷമം തോന്നിയില്ല. കുറേ വർഷങ്ങളായി ഞാൻ സിനിമാ രംഗത്തുണ്ട്.ഒരു പാട് കണ്ടും കേട്ടും അനുഭവിച്ചും ശീലമായി. ഒന്നിലും അമിതമായി ദുഖി ക്കുകയോ സന്തോഷിക്കുകയോ ചെയ്യരുത് എന്നാണ് ഞാനീ രംഗത്ത് നി ന്നും പഠിച്ച വലിയ പാഠം. സിനിമയിൽ പലപ്പോഴും നാം വിചാരിച്ചതു പോ ലെയല്ല കാര്യങ്ങൾ നടക്കുക. ആദ്യ സിനിമ മുടങ്ങിയപ്പോൾ ഞാൻ എന്നോ ട് തന്നെ പറഞ്ഞത്, സാരമില്ല, മറ്റൊന്ന് എവിടെയോ നിനക്കായി ഒരുങ്ങുന്നു ണ്ട് എന്നാണ്. വൈകാതെ കഥ പറയുമ്പോൾ എന്ന സിനിമ ചെയ്യാൻ കഴിഞ്ഞു.

subscribe

ഡോക്ടർമാർക്കൊപ്പം കുറേ പോലീസ് വേഷങ്ങളും
മധു

Categories:

‘ഇതാണെന്റെ വഴി’ എന്നചിത്രത്തിൽ തന്റെ പ്രൊഫഷനെ വല്ലാതെ സ്‌നേഹിക്കുകയും രാത്രികാലങ്ങളിൽ ഗുണ്ടയുടെ പ്രച്ഛന്നവേഷത്തിൽ നടക്കുന്ന ഒരു ഡോക്ടറുടെ വേഷമാണ് അവതരിപ്പിച്ചത്

കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘അർച്ചന’യിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ട പോലീസ് വേഷം ആദ്യമായി ഞാൻ ചെയ്യുന്നത്

ശ്രീകുമാരൻ തമ്പിയുടെ ‘ജീവിതം ഒരു ഗാനം’ എന്ന ചിത്രത്തിലും സാധുവായ പോലീസ് കോൺസ്റ്റബിളായിട്ടാണ് ഞാൻ അഭിനയിച്ചത്. ഈ ചിത്രത്തിലെ സാധു മനുഷ്യനെ പ്രേക്ഷകർ നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ചു

പി.സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘കളിയോടം’ എന്ന ചിത്രം ഞാൻ ആദ്യകാലത്ത് അവതരിപ്പിച്ച ശ്രദ്ധേയമായ ഡോക്ടർ വേഷങ്ങളിലൊന്നായിരുന്നു. ബാല്യകാലസഖിയുടെ കണ്ണ് അവളെ വഞ്ചിച്ച പുരുഷനു വേണ്ടി ഓപ്പറേറ്റ് ചെയ്യേണ്ടിവരുന്ന യുവഡോകടറുടെ ധർമസങ്കടങ്ങളായിരുന്നു ഞാൻ അവതരിപ്പിച്ചത്.

ജെ.ഡി. തോട്ടാൻ സംവിധാനം ചെയ്ത ‘സർപ്പക്കാട്’ എന്നചിത്രത്തിൽ പാമ്പിൻ വിഷത്തിനു മറുമരുന്നു കണ്ടെത്താൻ ശ്രമിക്കുന്ന ഒരു ഡോക്ടറുടെ വേഷമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. വനാന്തരങ്ങളിൽ അപൂർവ ഇനം പാമ്പുകളെ കണ്ടെത്താൻ ശ്രമിക്കുന്ന ഈ ഡോക്ടർ കാട്ടുസുന്ദരിയുമായി പ്രണയത്തിലാകുന്നു. തുടർന്ന് ഉടലെടുക്കുന്ന പ്രശ്‌നങ്ങളായിരുന്നു ചിത്രത്തിന്റെ കാതൽ. കാമുകിക്കും ഈ ബന്ധത്തെ എതിർക്കുന്ന സ്വന്തം അച്ഛനുമിടയിൽ വീർപ്പുമുട്ടുന്ന, പലപ്പോഴും സ്വന്തം പ്രൊഫഷൻ തന്നെ മറന്നുപോകുന്ന യുവഡോക്ടറായി ഞാനതിൽ അഭിനയിച്ചു.

പി. ഭാസ്‌കരൻ സംവിധാനം ചെയ്ത ‘സ്‌നേഹദീപമേ മിഴി തുറക്കൂ’ എന്ന ചിത്രത്തിലും മികച്ച വേഷമായിരുന്നു എനിക്കു ലഭിച്ചത്. സമൂഹം അകറ്റി നിർത്തുന്ന കുഷ്ഠരോഗികളെ ശുശ്രൂഷിക്കാൻ മടികാണിക്കാത്ത ഹൃദയവിശാലതയുള്ള ഡോക്ടറുടെ വേഷം ഞാൻ അഭിനയിച്ചു. ഒടുവിൽ അതേ രോഗത്തിനു കീഴടങ്ങുന്ന നായകവേഷം ആരിലും സഹാനുഭൂതി വളർത്തുന്ന കഥാപാത്രമായിരുന്നു.

തോപ്പിൽ ഭാസി സംവിധാനം ചെയ്ത ‘ശരശയ്യ’ എന്ന ചിത്രത്തിലെ ജൂനിയർ ഡോക്ടറുടെ വേഷവും ശ്രദ്ധേയമായിരുന്നു. കുഷ്ഠ രോഗിയായിരുന്ന സ്ത്രീയെ സ്‌നേഹിക്കാൻ മനസു കാണിക്കുന്ന വിശാലഹൃദയനായ, ആർക്കും കൊതി തോന്നുന്ന ഒരു ഡോക്ടർ വേഷമാണ് ശരശയ്യയിൽ എനിക്കുണ്ടായിരുന്നത്. അഭിനയ ചക്രവർത്തിയായ സത്യനോടൊപ്പം എന്റെ ഡോക്ടർ വേഷവും ശ്രദ്ധിക്കപ്പെട്ടു.

പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘ഹൃദയം ഒരു ക്ഷേത്രം’ എന്ന ചിത്രത്തിലെ ഡോക്ടർ വേഷം ഏറ്റവും ഹൃദയസ്പർശിയായിരുന്നു. കാമുകിയുടെ ഭർത്താവിനെ ശുശ്രൂഷിക്കാൻ വിധിക്കപ്പെട്ട ഡോക്ടറുടെ വേഷം കരളലയിക്കും വിധം ഗംഭീരമായിട്ടാണ് ഞാൻ അവതരിപ്പിച്ചത്. ചിത്രത്തിന്റെ വൻവിജയത്തിന് എന്റെ ഡോക്ടർ വേഷവും കാരണമായി.

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘അസ്തമയം’ എന്ന ചിത്രത്തിലെ ഡോക്ടറുടെ വേഷവും പ്രേക്ഷകർ ഹൃദയപൂർവം സ്വീകരിച്ചു. ഒരിക്കൽ നഷ്ടപ്പെട്ട കാമുകി രോഗിയായി മുൻപിൽ എത്തുമ്പോൾ അവളുടെ രോഗമെന്തെന്നു പോലും തിരിച്ചറിയാനാകാതെ വിഷമിക്കുന്ന ഡോക്ടറായി ഞാനതിൽ അഭിനയിച്ചു.

subscribe

യാത്ര ഒരു നിയോഗമാണ് നിശ്ചയിക്കുന്നത് യാത്രക്കാരനല്ല
നമസ്‌ക്കാരം ദിനേശാണ്, പി ആർ ഒ

Categories:

കർമത്തിന്റെയോ സ്ഥാനത്തിന്റെയോ വലിപ്പചെറുപ്പമല്ല, ഏറ്റേടുത്ത കാര്യങ്ങളിൽ നിന്നു പിൻതിരിയാതെ സന്തോഷത്തോടെ മുന്നേറുമ്പോഴാണു കാലം വിജയപീഠമൊരുക്കുന്നത്

ഒറ്റയ്ക്കു പോകാനുള്ള മടിയോ, ഭയമോ മൂലമായിരിക്കാം എനിക്ക് ബനാറസിന്റെ ലോക്കേഷനിൽ പോകാൻ കഴിഞ്ഞില്ല. അങ്ങനെ കാശി കാണാനും അനുഭവിക്കാനും സാധിച്ചില്ല

സ്വപ്നത്തിൽ പോലും വിചാരിക്കാതെ യാദൃശ്ചികമായി എത്തിയതാണെങ്കിലും മലയാള സിനിമയിൽ പി.ആർ.ഒ ആയി ഉറച്ചു നിൽക്കാൻ തീരുമാനിച്ചത് ബോധപൂർവമാണ്. ഫ്രീലാൻസ് ജേർണലിസ്റ്റായും ഓഡിയോ കാസ്റ്ററ്റ് പി.ആ.ർ.ഒയായും കഴിഞ്ഞിരുന്ന ഞാൻ, തുടക്ക ചിത്രങ്ങളായ ആറ്റുവേല, പഞ്ചലോഹം, ദാദാ സാഹിബ്ബ്, ഹരിഹരൻ പിള്ള ഹാപ്പിയാണ് തുടങ്ങിയ ചിത്രങ്ങൾ കഴിഞ്ഞാണ് ആ തീരുമാനമെടുത്തത്.
ജീവിതാനുഭവങ്ങളാൽ രൂപീകൃതമായ സങ്കൽപ്പ മോഹങ്ങളുടെ വർണച്ചിറകുകൾ കൂട്ടികെട്ടി മനസിന്റെ അകത്തളത്തിൽ നനവാർന്ന ഓരത്ത് ഒതുക്കിവച്ചാണ് ഒരു മുൻവിധിയുമില്ലാതെ അന്ന് ആ തീരുമാനം എടുത്തത്.

അപ്പോഴേക്കും സിനിമയിലെത്തിട്ട് മൂന്നു നാലു കൊല്ലം കഴിഞ്ഞിരുന്നു. മലയാള സിനിമയിലെ പുറംപോക്കിൽ കഴിയുന്ന പി.ആർ.ഒയ്ക്ക് ക്രിയാത്മകമായും സാമ്പത്തികമായും മറ്റും ഒരിക്കലും ഒരു ഉയർച്ചയുണ്ടാവില്ലെന്നും മറ്റു സൈഡ് ബിസിനസ് താത്പര്യമില്ലാത്തതിനാൽ ആ ചട്ടകൂടിൽ തന്നെ ഒതുങ്ങി കൂടി ജീവിതം അവസാനിക്കുമെന്നും ഉറപ്പിച്ചിരുന്നു. അതുകൊണ്ടാണ് എന്റെ സഹപാഠികളും ആത്മസുഹൃത്തും എന്തിനാ ഈ പണിക്ക് പോകുന്നതെന്ന് അന്നു ചോദിച്ചത്.

അതൊരു നിയോഗമായിരുന്നു. മോഹങ്ങളെല്ലാം ഹോമിച്ച് ഗുരു കൃപയാൽ സ്വന്തം നിലപാടിൽ ഉറച്ചുനിന്ന് പ്രതിഫലമിച്ഛിക്കാതെ ഒരു പരാതിയുമില്ലാതെ സ്വകർമനിരതനായപ്പോൾ കാലം എന്റെ മുന്നിൽ സ്വപ്നങ്ങൾ വിരിയിച്ചു. പി.ആർ.ഒ എന്ന നിലയിൽ മലയാള സിനിമയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സാധ്യമാവാത്ത മുഹൂർത്തങ്ങൾക്കും സൗഭാഗ്യങ്ങൾക്കും എനിക്കു സാക്ഷ്യം വഹിക്കാൻ ഭാഗ്യം സിദ്ധിച്ചു. ഇതാ ഏറ്റവും ഒടുവിൽ, ബംഗളൂരു ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവെലിൽ ”ബിരിയാണി” എന്ന ചിത്രത്തിന്റെ സംവിധായകൻ സജിൻ ബാബുവിനോടൊപ്പം വേദിയിൽ വച്ച് ആ ചിത്രത്തിന്റെ പി. ആർ.ഒ എന്ന നിലയിൽ ഫെസ്റ്റിവെൽ ആർട്ടിസ്റ്റിക് ഡയറക്ടർ വിദ്യാ ശങ്കർ എനിക്കു ഉപഹാരം നൽകിയപ്പോൾ ഞാൻ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൊടിമുടിയിലെ ആനന്ദക്കാറ്റിൽ ആറാടുകയായിരുന്നു. ഇതിന് എന്നെ യോഗ്യനാക്കിയ സംവിധായകൻ സജിൻ ബാബുവിനും എന്നെ ഓർമിപ്പിച്ച് ഫിലിം ഫെസ്റ്റിവെലിൽ കൂട്ടി കൊണ്ടു പോയ സുഹൃത്തുക്കളായ ജോൺസനും രമേശിനും എന്റെ നന്ദി.

കർമത്തിന്റെയോ സ്ഥാനത്തിന്റെയോ വലിപ്പചെറുപ്പമല്ല, ഏറ്റേടുത്ത കാര്യങ്ങളിൽ നിന്നു പിൻതിരിയാതെ സന്തോഷത്തോടെ മുന്നേറുമ്പോഴാണു കാലം വിജയപീഠമൊരുക്കുന്നത്. പറയാനെളുപ്പമാണ്, പ്രവൃത്തിക്കാനാണ് പ്രയാസം.

subscribe

ഹാസ്യ വേഷങ്ങൾ
മധു

Categories:

ഹാസ്യം ഗൗരവതരമായി അവതരിപ്പിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് ജി. കുമാരപിള്ളയുടെ ‘മാതൃകാമനുഷ്യൻ’ എന്ന നാടകം. ‘മാന്യശ്രീ വിശ്വാമിത്രൻ’ എന്ന പേരിൽ ഈ നാടകം ഞാൻ ചലച്ചിത്രമാക്കി. ജീവിതത്തിൽ അനാവശ്യമായ ചില ചിട്ടകൾ വയ്ക്കുകയും അതിനനുസരിച്ച് ഭാര്യയും കുടുംബാംഗങ്ങളും ജീവിക്കുകയും വേണമെന്നു ശഠിക്കുന്ന കഥാപാത്രമായിരുന്നു ഈ ചിത്രത്തിൽ എന്റേത്.

‘വിക്‌ടോറിയ നമ്പർ 203’ എന്ന പേരിൽ ഹിന്ദിയിലും ‘വൈരം’ എന്ന പേരിൽ തമിഴിലും പ്രദർശനത്തിനെത്തിയ സിനിമ മലയാളത്തിൽ ബേബി ‘സംരംഭം’ എന്ന പേരിൽ അവതരിപ്പിച്ചു. ഹിന്ദിയിൽ അശോക് കുമാറും തമിഴിൽ അശോകനും അവതരിപ്പിച്ച കഥാപാത്രത്തിന് മലയാളത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് എനിക്കായിരുന്നു. വാർധക്യത്തിന്റെ പടിമുറ്റത്തു എത്തിനിൽക്കുന്ന അവിവാഹിതനും മദ്യപാനിയുമായ ഒരു കള്ളന്റെ വേഷമായിരുന്നു എനിക്കതിൽ. ‘ഐ ആം എ ബാച്ചിലർ, ചില ആലോചനകളൊക്കെ വരുന്നുണ്ട്’ എന്നു പറഞ്ഞു സ്വയം പരിചയപ്പെടുത്തുന്ന ഈ കഥാപാത്രം ശുദ്ധമായ ഹാസ്യത്തിന്റെ നറുനിലാവാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ചിത്രം പുറത്തിറങ്ങി ആദ്യവാരം പിന്നിടുമ്പോൾ ‘എന്റെ അഭിനയത്തിലെ വ്യത്യസ്തത കാണാൻ’ ഈ ചിത്രം കാണുക എന്നതായി മാറി ഈ ചിത്രത്തിന്റെ പരസ്യവാചകം പോലും.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘വൈകിവന്ന വസന്ത’ത്തിൽ ഒരു വിഭാര്യന്റെ വേഷമായിരുന്നു എന്റെത്. ശ്രീവിദ്യക്കായിരുന്നു ടീച്ചറുടെ വേഷം. കൂടെക്കൂടെ ഒരു ചെറിയ ചിരിയോടെ ‘എന്താ അതല്ലേ അതിന്റെ ഒരു ശരി’ എന്നു പറയുന്ന ഈ കഥാപാത്രം എന്റെ അക്കാലത്തു ലഭിച്ചുവന്നിരുന്ന വേഷങ്ങളിൽ നിന്നു തികച്ചും ഭിന്നമായിരുന്നു. യുവത്വം തോന്നിപ്പിക്കാൻ ‘ഡൈ’ ആശ്രയിക്കുന്നതും വണ്ണം കുറയ്ക്കാൻ വ്യായാമം നടത്തി ടീച്ചറുടെ മുമ്പിൽ മിടുക്കനാകാൻ ശ്രമിക്കുന്നതുമായ രംഗങ്ങളിലൂടെ കോമാളിത്തമില്ലാതെ പ്രേക്ഷകരെ ചിരിപ്പിക്കാനാകുമെന്നു എനിക്കു ബോധ്യപ്പെട്ടു.

കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘ആരോരുമറിയാതെ’ എന്ന ചിത്രത്തിൽ ഒരു റിട്ട. പ്രൊഫസറുടെ വേഷത്തിലായിരുന്നു ഞാൻ അഭിനയിച്ചത്. സുഹൃത്തുക്കളോടൊപ്പം നടത്തിയ യാത്രയിൽ തോന്നിയ ഒരു ചെറിയ കുസൃതി വരുത്തിവയ്ക്കുന്ന പൊല്ലാപ്പുകളായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഭരത് ഗോപി, കരമന ജനാർദ്ദനൻ നായർ, നെടുമുടി വേണു തുടങ്ങിയവരോടൊപ്പം പ്രേക്ഷകരുടെ കൈയടി നേടിയെടുക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല സ്വതവേ ഗൗരവക്കാരനായ ഈ കഥാപാത്രം സ്വന്തം കാർ ഡ്രൈവറുടെ മുമ്പിൽപോലും ഓച്ഛാനിച്ചുനിൽക്കുന്ന രംഗവും പഴയ ശിഷ്യനായ പോലീസുകാരന്റെ മുമ്പിൽ ചൂളിപ്പോകുന്നതുമായ രംഗവും തന്മയത്വമായി അവതരിപ്പിക്കാൻ സാധിച്ചു.

ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ‘ജീവിതം ഒരു ഗാനം’ എന്ന ചിത്രത്തിൽ ശുദ്ധഹൃദയനായ ഒരു പോലീസ് കോൺസ്റ്റബിളിന്റെ വേഷമായിരുന്നു. ക്രിസ്തുവചനത്തിൽ വിശ്വസിച്ച് ജീവിക്കാൻ ശ്രമിക്കുന്ന സാധു. ആശ്വസിപ്പിക്കാൻ വേണ്ടി ത്രേസ്യാമ്മയോടു പറഞ്ഞ ഒരു വാചകത്തിന്റെ പേരിൽ അവരെ വിവാഹം കഴിക്കേണ്ടിവരുന്ന ഈ സാത്വികന്റെ വേഷത്തിൽ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ കഴിഞ്ഞു. ‘മരച്ചീനി വിളയുന്ന മലയോരം’ എന്ന പാട്ടും പാടി ത്രേസ്യാമ്മയ്ക്കുചുറ്റും നടക്കുന്ന ഈ കഥാപാത്രമായി ഞാൻ എറേ ആഹ്ലാദിച്ചു. വിലസി രണ്ടാംപകുതിയിൽ ഗൗരവക്കാരനാകുന്ന ഈ കഥാപാത്രമെങ്കിലും ആദ്യപുകുതിയിലെ അഭിനയം പ്രേക്ഷകർക്കു മറക്കാനാകാത്ത അനുഭൂതിയാണു നൽകിയതെന്നു പലരും പറഞ്ഞു.

വിജി തമ്പി സംവിധാനം ചെയ്ത ‘സിംഹവാലൻ മേനോൻ’ എന്ന ചിത്രത്തിൽ പാരമ്പര്യവാദിയായ ഒരു ഗാന്ധിഭക്തനെയാണ് ഞാൻ അവതരപ്പിച്ചത്. ഇംഗ്ലീഷുകാരോടുള്ള രോഷം അവരെ നാടുകടത്തിയിട്ടും തീരാതെ ആ ഭാഷ പോലും സംസാരിക്കില്ലെന്ന ഉറപ്പ തീരുമാനവുമായി നടക്കുന്ന മേനോൻ പ്രേക്ഷകരെ ആദ്യന്തം ചിരിപ്പിക്കുന്ന കഥാപാത്രമായിരുന്നു. വേഷത്തിലും ഭാഷയിലും പെരുമാറ്റത്തിലും ഗാന്ധിസം പുലർത്തുന്ന കഥാപാത്രമായി മാറി. ആരെങ്കിലും ‘ഗുഡ് മോണിങ്’ പറയുമ്പോൾ എന്റെ കഥാപാത്രത്തിന്റെ മുഖത്തു വിടരുന്ന പുച്ഛവും തിരിച്ച് വന്ദനം പറഞ്ഞ് ജയിക്കുമ്പോഴുണ്ടാകുന്ന ഭാവവും വലിയോരനുഭവമായിരുന്നു. ഹിന്ദിയിൽ ഗോൾമാൽ എന്ന പേരിലും തമിഴിൽ ‘തില്ലുമുള്ള്’ എന്ന പേരിലും ഇറങ്ങിയ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഈ സിനിമ. എന്റെ മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിനു മേൽപ്പറഞ്ഞ രണ്ടു ചിത്രങ്ങളിലെ അതേ കഥാപാത്രങ്ങളെക്കാൾ പ്രാധാന്യം കൂടുതൽ ലഭിച്ചു. അതുകൊണ്ടാണല്ലോ അതു ടൈറ്റിൽ വേഷമായി മാറിയത്.

ഞാൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു ഒരു ‘യുഗസന്ധ്യ’. ജി. വിവേകാനന്ദന്റെ ഇല കൊഴിഞ്ഞ മരം എന്ന നോവലായിരുന്നു ഇതിന്റെ മൂലകഥ. പക്ഷേ മൂലകഥയിൽനിന്നു വ്യത്യസ്തമായിരുന്നു ചിത്രത്തിന്റെ അവതരണം. നോവലിൽ മുഖ്യകഥാപാത്രമായ കുടുംബകാരണവർ ദുരന്തത്തിന് ഇരയാകുകയായിരുന്നുവെങ്കിൽ സിനിമയിൽ ഈ കഥാപാത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. ഗൗരവക്കാരനെങ്കിലും ആർദ്രഹൃദയനായിരുന്നു ഇതിലെ കാരണവർ. മക്കളുടെ ഇഷ്ടങ്ങളെ കണ്ണടച്ച് എതിർക്കുകയും പക്ഷേ അവർ പോലും അറിയാതെ അവരുടെ ഇഷ്ടങ്ങൾക്കു വേണ്ട ഒത്താശയും ചെയ്യുന്ന ഈ കഥാപാത്രം ചിത്രം കണ്ട ആരുടേയും മനസിൽനിന്നു വേഗത്തിൽ മായില്ല. മക്കളുടെയും ഭാര്യയുടെയും മുൻപിൽ കാമ്പില്ലാത്ത ദേഷ്യത്തിന്റെ മുഖം മൂടി അഴിഞ്ഞുവീണുന്നിടത്ത് അതു മറയ്ക്കാൻ വിഫലശ്രമം നടത്തുന്ന കാരണവരായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണവും.

subscribe

ഷംസു ടൂറിസ്റ്റ് ഹോം
Shaji Pattikkara

Categories:

ഏതു സിനിമാക്കാർക്കും പറയാനുണ്ടാകും ഒരു കോടമ്പാക്കം കഥ. അതു പോലെ മദ്രാസിലെ ഉമാ ലോഡ്ജിനെപ്പറ്റിയുള്ള ഓർമകളും. ഒട്ടുമിക്ക സിനിമക്കാർക്കും ഒരനുഭവം അവിടെയുണ്ടാകും. ചിലർക്കു കയ്പ്പു നിറഞ്ഞതെങ്കിൽ ചിലർക്കു മധുരിക്കുന്നത്. അങ്ങനെ എനിക്കും പറയാനുണ്ട് ഒരു ലോഡ്ജ് കഥ! മദ്രാസിലല്ല, ഇങ്ങ് എറണാകുളത്ത്, ലിസി ഹോസ്പ്പിറ്റൽ ജങ്ഷനിൽ ഷംസു ടൂറിസ്റ്റ് ഹോം! എന്റെ കോടമ്പക്കവും എന്റെ ഉമാ ലോഡ്ജും എല്ലാം ആ ടൂറിസ്റ്റ് ഹോം ആയിരുന്നു.

കൃത്യമായി പറഞ്ഞാൽ 1999 മേയ് അഞ്ച്, അന്നാണ് ഞാൻ ഷംസു ടൂറിസ്റ്റ് ഹോമിൽ ഒരു മുറിയെടുക്കുന്നത്. ഒരു ഒറ്റമുറി. നമ്പർ 108. ലിസി ഹോസ്പിറ്റലിനു തൊട്ടടുത്ത്, ഒതുങ്ങിയ ശാന്തമായ ഒരിടം. അന്നു മുറിയെടുക്കുമ്പോൾ നാൽപ്പത് രൂപയാണ് മാസവാടക. ആ താമസം സ്ഥിരമായി. എനിക്ക് ആ സ്ഥലത്തോടും ആ കെട്ടിടത്തോടും ആ മുറിയോടും വല്ലാത്തൊരു ആത്മബന്ധമായി. അതിന്റെ ഉടമസ്ഥനായ ഷംസുദ്ദീൻ ഇക്കയോടും. വളരെ സൗമ്യനായ ഒരു മനുഷ്യൻ.

പിന്നീട് സിനിമയുടെ തിരക്ക് കൂടിയപ്പോൾ അതുമായി ബന്ധപ്പെട്ടു പലയിടങ്ങളിലായി താമസം. പക്ഷേ എന്റെ 108 ഞാൻ ഒഴിഞ്ഞില്ല. ജോലിത്തിരക്കിനിടയിൽ കിട്ടുന്ന സമയത്തു വീട്ടിലെത്താൻ കൊതിക്കുന്ന ഒരു ഗൃഹനാഥനെപ്പോലെ, കിട്ടുന്ന സമയങ്ങളിൽ ഞാൻ ഷംസുവിലെത്തി, എന്റെ 108-ൽ മനസ് നിറഞ്ഞ് ഉറങ്ങി. സിനിമ വാരികകളുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും നല്ലൊരു ശേഖരമുണ്ട് എനിക്ക്. കാലം കഴിയുന്തോറും അവയുടെ എണ്ണം കൂടി, ആ ചെറിയ മുറി നിറഞ്ഞു.

പക്ഷേ, അതെന്നെ ശ്വാസം മുട്ടിക്കുകയല്ല, നവോന്മേഷം നൽകുകയാണു ചെയ്തത്. അതുകൊണ്ടു തന്നെ, ഞാൻ വർക്ക് ചെയ്യുന്ന സിനിമകൾ, ചിത്രീകരണം എറണാകുളത്താണു നടക്കുന്നതെങ്കിൽ കഴിവതും ഞാൻ ഷംസുവിൽ തന്നെ കഴിയാൻ ശ്രമിച്ചു. മുൻപ് നല്ല പാർക്കിങ് സൗകര്യം ഉണ്ടായിരുന്നു അവിടെ, അതുകൊണ്ടു തന്നെ എറണാകുളത്തെ ചിത്രീകരണ സംഘങ്ങൾ അവിടെ മുറിയെടുത്തിരുന്നു.
ഇന്നും ഏതു സമയത്ത് അവിടെ ചെന്നാലും കുറച്ച് മുറികളിൽ ഏതെങ്കിലും ചിത്രീകരണ സംഘങ്ങൾ ഉണ്ടാവും. മറ്റു താമസ സ്ഥലങ്ങളിൽ സാധാരണ കാണാത്തതു പോലെ, സിനിമയുടെ മെസ് പ്രവർത്തിക്കുന്നതിനുള്ള സൗകര്യം ഇന്നും ഷംസുവിനു സ്വന്തം. അതുകൊണ്ടാണ് ഇവിടം ചിത്രീകരണ സംഘങ്ങൾക്കു പ്രിയപ്പെട്ടതായത്.

മറ്റൊരു വിശേഷണം കൂടിയുണ്ട് ഷംസുവിന്. എറണാകുളത്ത് എത്തിപ്പെടുന്ന സിനിമാമോഹികൾക്ക് അവിടെ എത്ര സിനിമ, എവിടെയൊക്കെ ചിത്രീകരണം നടക്കുന്നു എന്നറിയാൻ ഷംസുവിൽ എത്തിയാൽ മതി. കാരണം, താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കുമുള്ള ഭക്ഷണങ്ങളുമായി വണ്ടികൾ പുറപ്പെടുന്നത് ഷംസുവിന്റെ മുറ്റത്തു നിന്നാണ്. എറണാകുളത്ത് ഷൂട്ടിങ് ഉണ്ടോ, മെസ് ഷംസുവിലായിരിക്കും. പഴമയുടെ പ്രതീകമാണ് ഷംസു. ഈ കാലയളവിൽ നിരവധി ആളുകൾ ചിത്രീകരണത്തിന് അനുമതി തേടി ഷംസുക്കയുടെ അടുത്തെത്തിയിട്ടുണ്ട്. പക്ഷേ, എന്തെങ്കിലും ഒഴിവു കഴിവുകൾ പറഞ്ഞ് ഷംസുക്ക അവരെ മടക്കി അയക്കും. പക്ഷേ, അവിടെയും എനിക്കു മാത്രം അവകാശപ്പെട്ട ഒന്നുണ്ട്. അന്നും ഇന്നും ലിസി ഹോസ്പിറ്റൽ ജങ്ഷനിൽ തലയുയർത്തി നിൽക്കുന്ന ഈ കെട്ടിടം ഏതെങ്കിലും ഒരു സിനിമയിൽ ഭാഗമായിട്ടുണ്ടെങ്കിൽ അത് ഞാൻ വർക്ക് ചെയ്ത, പ്രദീപ് നായർ സംവിധാനം ചെയ്ത ‘ഒരിടം’ എന്ന ചിത്രത്തിലാണ്. അതിൽ ഗീതു മോഹൻദാസ് ലോഡ്ജിൽ മുറിയെടുക്കാൻ വരുന്ന ഒരു രംഗമുണ്ട്. അത് ചിത്രീകരിച്ചിരിക്കുന്നത് ഷംസുവിലാണ്.

subscribe

ഒരു ചെക്കും പുലിവാലുകളും
എ.എസ്. ദിനേശ്

Categories:

സിനിമയിലെത്തി കാലം കുറെ കഴിഞ്ഞിട്ടും ഒരു പുരോഗതിയും ഉണ്ടാകാത്ത നേരത്ത് നാനയിലെ പരസ്യ മാനേജർ കൃഷ്ണൻ സാർ പറഞ്ഞു, സിനിമയുടെ പരസ്യം സംഘടിപ്പിച്ചു തന്നാൽ കമ്മിഷൻ തരാമെന്ന്. അന്ന് മൂന്നാല് സിനിമയിൽ നിന്ന് എനിക്കു കിട്ടുന്ന കാശ് ഒരു ബാക്ക് പേജ് പരസ്യം കൊടുത്താൽ കമ്മിഷനായി ലഭിക്കുമെന്നായപ്പോൾ ശ്രമിച്ചു നോക്കാമെന്നു കരുതി.

അന്ന് ഓഡിയോ കാസറ്റ് രംഗത്താണു കൂടതൽ സജീവം. തുടർന്ന് ഓഡിയോ കാസറ്റുകളുടെയും പുതിയ കമ്പനികളുടെ സിനിമാപ്പരസ്യങ്ങളും നാനയ്ക്കു മാത്രമല്ല മറ്റു ചലച്ചിത്ര പ്രസിദ്ധീകരണങ്ങൾക്കും വാങ്ങി കൊടുത്തു തുടങ്ങി. സിനിമ കമ്പനിയിൽ നിന്നു കാശ് കിട്ടിയിട്ടു മാത്രമെ ഞാൻ പരസ്യത്തിന്റെ ചെക്കു കൊടുക്കാറുള്ളു. അങ്ങനെ രണ്ടു മൂന്നു വർഷം പോയി. ഇതിൽ വളരെ സ്‌നേഹത്തോടെ ചിരിച്ച് സ്വാധീനിച്ച് എന്നിൽ നിന്നു പരസ്യം മേടിക്കാൻ മിടുക്കുള്ള ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അയാളുടെ കൈയിൽ മുൻകൂറായി ഞാൻ ഒപ്പിട്ട ഒരു ചെക്ക് എപ്പോഴുമുണ്ടായിരുന്നു. കാശ് കിട്ടുന്ന മുറക്ക് ഞാൻ പറയും. അപ്പോൾ ചെക്ക് ബാങ്കിൽ കൊടുക്കും.

ഞാൻ പറയാതെ ചെക്ക് കൊടുക്കില്ലെന്ന വിശ്വാസത്തിലാണ് അങ്ങനെ ചെയ്തത്. ബാക്കി ആർക്കും മുൻകൂറായി ചെക്ക് കൊടുത്തിരുന്നില്ല.
സിനിമ കമ്പനിയിൽ നിന്നു പണം കിട്ടാത്തതു കൊണ്ട് പരസ്യം മേടിച്ചു കൊടുക്കലും അവസാനിപ്പിച്ചു. അതിന്റെ പേരിൽ കുറച്ചു പേർക്ക് ഞാൻ ഇപ്പോഴും പണം കൊടുക്കാനുമുണ്ട്. പക്ഷേ, ഒരു കാര്യം അതിന്റെ പേരിൽ ഒരു രൂപ പോലും ഞാൻ കമ്മിഷൻ എടുത്തിട്ടില്ല. ഒരു കൊല്ലം കഴിഞ്ഞപ്പോൾ എന്നെ തേടി പോലീസ് വന്നു. എനിക്ക് അറസ്റ്റ് വാറന്റ്. ഓഫിസിൽ സമൻസ് വന്നപ്പോൾ ഞാൻ ഇല്ലാത്തതിനാൻ മടക്കി അയച്ചു.
അന്വേഷിച്ചപ്പോൾ ചെക്ക് കേസ് ആണ്. അപ്പോഴാണ്, പഴയ പരസ്യത്തിന്റെ കാര്യം ഓർത്തത്. ആ സുഹൃത്തിനെ വിളിച്ചു. ആയാൾ ആ കമ്പനിയിൽ നിന്നു മാറി കഴിഞ്ഞിരുന്നു.

കോടതി, കേസ്, പോലീസ് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. കേസ് കൊടുത്ത കമ്പനിയിൽ പുതിയ മാനേജ്‌മെന്റ് ആയതിനാൽ ആർക്കും എന്നെ സഹായിക്കാൻ കഴിയുമായിരുന്നില്ല. ചെക്ക് കേസായതിനാൽ സിനിമാക്കാരോടു പറയാനും തോന്നിയില്ല. പരസ്യത്തിന്റെ പണം തരേണ്ട സിനിമ കമ്പനി പൂട്ടി പോകുകയും ചെയ്തു. രണ്ടാഴ്ച ഭയത്തിന്റെ നിഴലിലായിരുന്നു. ഉറക്കം നഷ്ടപ്പെട്ടു. ടെൻഷൻ കൊണ്ടു വീർപ്പുമുട്ടി. ജാമ്യത്തിലെടുക്കാൻ ഭാര്യ കരം അടച്ചു രസീത് വാങ്ങി. അപ്പോഴേക്കും എന്നെ സഹായിക്കാൻ ദൈവദൂതനെ പോലെ ഒരാൾ വന്നു. ഒപ്പം നാട്ടുകാരും കൂട്ടുകാരും മുന്നിലെത്തി. വക്കീലിനെ വച്ചു. ജാമ്യമെടുത്തു. എത്രയും വേഗം കൊടുക്കാനുള്ള പണം കൊടുത്ത് കേസ് തീർക്കാൻ ഞാൻ പറഞ്ഞെങ്കിലും വക്കീൽ അതിനെതിരേ വാദിച്ചു. ഒടുവിൽ എനിക്കെതിരേ വിധി വന്നു. വീണ്ടും ജാമ്യത്തിലെടുക്കാൻ സുഹൃത്തുക്കൾ ഉണ്ടായിരുന്നതു കൊണ്ടു രക്ഷപ്പെട്ടു.
തുടർന്ന് ഹൈക്കോടതിയിലൂടെ പരസ്പര ധാരണയിൽ പണം അടച്ച് കേസ് അവസാനിപ്പിച്ചു.

subscribe

മധുവസന്തം
-മധു

Categories:

ചിൽഡ്രൻസ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ആകുന്നതിനു മുമ്പും എനിക്കു കുട്ടികളുടെ ചലച്ചിത്രങ്ങളോട താത്പര്യമുണ്ടായിരുന്നു. ഈ താത്പര്യം തന്നെയാണ് രണ്ടു കുസൃതികളുടെ കഥ പറഞ്ഞ ‘ബോബനും മോളിയും’ എന്ന ചലച്ചിത്രത്തിലും ‘വിടരുന്ന മൊട്ടുകൾ’ എന്ന കുട്ടികളുടെ ചലച്ചിത്രത്തിലും അഭിനയിക്കാൻ എനിക്ക് കരുത്തും ആഹ്ലാദവും തന്നത്.

ബോബനും മോളിയും അക്കാലത്ത് മലയാള മനോരമ ആഴ്ചപ്പതിപ്പിലൂടെ ലക്ഷക്കണക്കിന് വായനക്കാരുടെ ഹരമായി ടോംസിന്റെ കാർട്ടൂൺ കഥാപാത്രങ്ങളായിരുന്നു. അത് അടിസ്ഥാനമാക്കി ഒരു സിനിമ എടുക്കുമ്പോൾ സ്വാഭാവികമായും ചിത്രത്തിൽ പ്രാധാന്യം ആ കുട്ടികൾക്കായിരിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. മറ്റു കഥാപാത്രങ്ങളൊക്കെത്തന്നെ അപ്രധാനമാകാനാണ് സാധ്യത. എന്നാൽ ഈ ചിന്തകളൊന്നും തന്നെ ഈ വേഷം സ്വീകരിക്കുന്നതിനോട് എനിക്ക് വിലങ്ങുതടിയായില്ല എന്നുമാത്രമല്ല കുട്ടികൾക്കായുള്ള ചിത്രമാണ് ഇതെന്ന ഒരൊറ്റ കാര്യമാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ എനിക്കു കരുത്തു നൽകിയത്. ആ ചിത്രത്തിൽ എന്റെ നായികയായത് വിജയശ്രീ ആയിരുന്നു. സാക്ഷാത്കരിക്കപ്പെടാതെ പോകുന്ന സ്‌നേഹത്തിന്റെ നൊമ്പരവുമായി വന്നിറങ്ങിയ കഥാപാത്രത്തിന് അക്കാലത്ത് ഒരുപാട് അഭിനന്ദനപൂച്ചെണ്ടുകൾ എനിക്കു സമ്മാനിച്ചു. പൊട്ടിച്ചിരിക്കു മുൻതൂക്കം നൽകിയ സിനിമയിലെ വേദന പ്രേക്ഷകർ ഏറ്റെടുത്തു എന്നുവേണം കരുതാൻ.

പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘വിടരുന്ന മൊട്ടുകൾ’ എന്ന ചിത്രം പൂർണമായും കുട്ടികൾക്കു വേണ്ടി നിർമിച്ചതായിരുന്നു. അഭിനയിക്കാൻ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി കഥാപാത്രങ്ങളാക്കുകയായിരുന്നു ചിത്രത്തിൽ. ഇതിലെ അധ്യാപകന്റെ വേഷം അഭിനയിക്കുന്നതിന് എനിക്കു പൂർണമനസായിരുന്നു. വലിയ വെല്ലുവിളിയൊന്നുമില്ലാത്ത ആ കഥാപാത്രം സ്വീകരിക്കാൻ എന്നെ പ്രതിബദ്ധനാക്കിയത് കുട്ടികൾക്കായുള്ള ചലച്ചിത്രമായതുകൊണ്ട് മാത്രമാണ്.

subscribe

ടി.വി. ചന്ദ്രൻ എന്ന സ്‌നേഹം
-ഷാജി പട്ടിക്കര

Categories:

ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് ടി.വി. ചന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ ആയി ആദ്യം വർക്ക് ചെയ്യുന്നത് അദ്ദേഹത്തിന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലാണ്. ഇത്രയും വലിയ ഒരു സംവിധായകനൊപ്പം തന്നെ ആദ്യ ചിത്രം. അത് എന്റെ ഭാഗ്യമാണ്. വലിയ സ്‌നേഹവും കരുതലും തരുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. യാതൊരു ടെൻഷനുമില്ലാത്ത – അത് ചിത്രീകരണ സമയത്തായാലും അല്ലെങ്കിലും വളരെ കൂൾ ആയ, ചില സമയങ്ങളിൽ ഗൗരവക്കാരന്റെ വേഷമണിയുന്ന, ചില സമയങ്ങളിൽ ഒരു കൊച്ചു കുട്ടിയുടെ നിഷ്‌ക്കളങ്കതയുള്ള, ചില സമയങ്ങളിൽ ചെറിയ പിടിവാശി കാണിക്കുന്ന; എല്ലാത്തിനുമുപരി ഉള്ളിൽ നിറയെ സ്‌നേഹമുള്ള ഒരു വലിയ മനുഷ്യൻ.

താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാവിനുമൊം ഒരു പോലെ സ്വീകാര്യനായ മനുഷ്യൻ! യാതൊരു കൺഫ്യൂഷനും ഇല്ലാത്ത മികച്ച ടെക്‌നീഷ്യൻ. അതുകൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ വളരെ സുഖവുമാണ്. ‘പാഠം ഒന്ന് ഒരു വിലാപ’ത്തിൽ തുടങ്ങി അവസാനം റിലീസ് ചെയ്ത ‘പെങ്ങളില’ വരെ ഏഴ് ചിത്രങ്ങളിൽ ആണ് ഞാൻ പ്രൊഡക്ഷൻ കൺട്രോളർ ആയി വർക്ക് ചെയ്തത്. ആ തുടർച്ചയിൽ ‘കഥാവശേഷൻ’ മാത്രമാണ് ഞാൻ ഒപ്പമില്ലാതിരുന്നത്. തുടർച്ചയായി ഒരുമിച്ച് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ചന്ദ്രൻ സാറിനൊപ്പം വർക്ക് ചെയ്ത ഏക പ്രൊഡക്ഷൻ കൺട്രോളറും ഞാൻ തന്നെയാണ്, രണ്ടാം സ്ഥാനത്ത് പട്ടണം റഷീദും.

ക്ലിയർ ഇമേജിന്റെ ബാനറിൽ ആര്യാടൻ ഷൗക്കത്ത് കഥയെഴുതി നിർമിച്ച ചിത്രമായിരുന്നു ‘പാഠം ഒന്ന് ഒരു വിലാപം’. തിരക്കഥയും സംഭാഷണവും സംവിധാനവും ചന്ദ്രൻ സാർ. മീരാ ജാസ്മിൻ, ഇർഷാദ്, പി. ശ്രീകുമാർ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. ആ ചിത്രത്തിലൂടെ മീരാ ജാസ്മിനു മികച്ച നടിക്കുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും ലഭിച്ചു. മികച്ച രണ്ടാമത്തെ നടനായി പി. ശ്രീകുമാറും മികച്ച രണ്ടാമത്തെ നടിയായി റോസ്‌ലിനും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കഥയ്ക്ക് നിർമാതാവായ ആര്യാടൻ ഷൗക്കത്തിനും മീരാ ജാസ്മിന്റെ ഉമ്മയായി അഭിനയിച്ച പല്ലവി കൃഷ്ണന് ശബ്ദം നൽകിയ നടി സീനത്തിന്റെ സഹോദരി കൂടിയായ അഫ്‌സത്തിന് മികച്ച ഡബ്ബിങ്ങിനും അവാർഡ് കിട്ടി. അങ്ങനെ പ്രൊഡക്ഷൻ കൺട്രോളറായുള്ള എന്റെ ആദ്യ അനുഭവം തന്നെ മധുരം നിറഞ്ഞതായി.

subscribe

ബാലേട്ടന്റെ സമ്മാനം
-മോഹൻലാൽ

Categories:

ജീവിതത്തിലാദ്യമായി ദൈവത്തിനോട് എനിക്കു ദേഷ്യം തോന്നിയത് ബാലേട്ടന്റെ കാര്യത്തിലാണ്. ബാലൻ കെ. നായരെ ഞാൻ സ്‌നേഹത്തോടെ വിളിച്ചിരുന്നത് ബാലേട്ടൻ എന്നാണ്. സിനിമയിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറെ വെറുപ്പു സമ്പാദിച്ച നടനായിരുന്നു അദ്ദേഹം. പക്ഷേ, സ്‌ക്രീനിലെ വില്ലത്തരങ്ങളെ ഒരിക്കലും സിനിയ്മക്കു പുറത്തേക്കു കൊണ്ടുപോകാത്ത ബാലേട്ടന്റെ ജീവിതത്തിലേക്ക് രോഗം വില്ലനായി കടന്നുവന്നതോടെയാണ് ദൈവത്തിനോട് എനിക്കു ദേഷ്യം തോന്നിത്തുടങ്ങിയത്. അത്രമാത്രം ക്രൂരമായാണു രോഗം ബാലേട്ടനെ കാർന്നുതിന്നത്. നീണ്ട പത്തു വർഷം അദ്ദേഹം ഏറ്റുമുട്ടിയത് രോഗത്തോടായിരുന്നു. ആ കാഴ്ച മനസിനെ വല്ലാതെ ഉലച്ചുകളഞ്ഞ ഒന്നായിരുന്നു. ഇന്നും ആ വലിയ നടന്റെ ജീവിതത്തെ കുറിച്ചോർക്കുമ്പോൾ വിഷമം തോന്നാറുണ്ട്. ചിലരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ദുരന്തങ്ങൾ പോലെയായിരുന്നു ബാലേട്ടന്റെ ജീവിതത്തിലേക്കു രോഗം കടന്നുവന്നത്. നല്ല മനുഷ്യരെ ദൈവം പെട്ടെന്നു വിളിക്കും എന്നു നമ്മൾ പലപ്പോഴും പറയാറുണ്ടല്ലോ. പക്ഷേ, ബാലേട്ടന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. വർഷങ്ങളോളം രോഗവുമായി മല്ലിട്ട് വേദനയിൽ പൊതിഞ്ഞ് ഒടുവിൽ തിരിച്ചറിയാൻപോലും ആകാത്തവിധം മരണത്തിനു കീഴടങ്ങുക. ആ ക്രൂര വിധിയെ നമ്മൾ ശപിച്ചില്ലെങ്കിലല്ലേ അത്ഭഭുതമുള്ളൂ.

സിനിമയിൽ ഞാൻ വന്നകാലം മുതലേയുള്ള അടുപ്പമാണ് ബാലേട്ടനുമായുണ്ടായിരുന്നത്. അന്ന് അദ്ദേഹം നെഗറ്റീവ് വേഷങ്ങളിൽ നിറഞ്ഞാടുകയാണ്. എന്റെ കഥാപാത്രങ്ങളും വില്ലൻമാരായിരുന്നു. ശശികുമാർ സാറിന്റെ ‘അട്ടിമറി’ എന്ന സിനിമയിലാണ് ഞങ്ങൾ ആദ്യം ഒന്നിക്കുന്നതെങ്കിലും ശശിയേട്ട (ഐ.വി. ശശി) ന്റെ ‘അഹിംസ’യിലൂടെയാണ് ഞങ്ങളുടെ സൗഹൃദം ദൃഢമാകുന്നത്. സെറ്റിൽ തമാശ പറഞ്ഞിരിക്കുന്ന ബാലേട്ടനെ മറക്കാനാവില്ല. പുതുമുഖമായ എന്നെപ്പോലുള്ളവർക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാടു പഠിക്കാനുണ്ടായിരുന്നു. ക്യാമറയ്ക്കു മുന്നിലെത്തിയാൽ ബാലേട്ടൻ കഥാപാത്രമായി മാറുകയാണ്. പലപ്പോഴും അഭിനയിക്കുകയാണെന്ന കാര്യം അദ്ദേഹം മറന്നുപോകും. സ്റ്റണ്ടുരംഗമാണെങ്കിൽ പ്രത്യേകിച്ചും. എന്റെ മുഖത്ത് ഇപ്പോഴും മായാതെ കിടക്കുന്ന ഒരു പാടുണ്ട്. ഏതോ ഒരു സിനിമയിലെ സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിൽ ബാലേട്ടൻ തന്ന സമ്മാനമാണത്. ഫൈറ്റ് സീനിൽ ബാലേട്ടൻ ശരിക്കും ഇടിച്ചുകളയും. അങ്ങനെ കിട്ടിയ ഒരടിയായിരുന്നു അത്. ബാലേട്ടന്റെ ഓർമയായി ഇപ്പോഴും ആ പാടു ശേഷിക്കുന്നു.

ബാലേട്ടനും ഞാനും സുഹൃത്തുക്കളെപ്പോലെയായിരുന്നു. പ്രായവ്യത്യാസമൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. എന്തും പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹം എനിക്കു തന്നിരുന്നു. ആ സ്വാതന്ത്ര്യം ഞാൻ മിക്കപ്പോഴും എടുത്തിട്ടുമുണ്ട്. അപ്പോഴൊക്കെ ഞാൻ മനസിലാക്കിയ ഒരു കാര്യം നിഷ്‌കളങ്കനായ ഈ മനുഷ്യനെ എന്തിനാണു പ്രേക്ഷകർ ഇത്രയേറെ വെറുക്കുന്നത് എന്നാണ്. അതിന്റെ പ്രധാന കാരണം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നു. ഒരു കാലഘട്ടം മുഴുവൻ വില്ലൻ വേഷങ്ങളിൽ മാത്രം തളച്ചിടപ്പെടുകയായിരുന്നു ആ പ്രതിഭ. അപ്പോഴും കഥാപാത്രം ആവശ്യപ്പെടുന്നതെന്താണോ അത് നൂറുശതമാനവും പെർഫെക്ഷനോടെ ബാലേട്ടൻ നൽകി. ആറാട്ടും അങ്ങാടിയും ലോറിയും ചാട്ടയുമൊക്കെ പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകർക്കിടയിൽ ബാലേട്ടന് ക്രൂരമുഖമാണ് നൽകിയത്. അത് നടന്റെ വിജയമായി കാണാം. പക്ഷേ, തന്നെ കാണുമ്പോൾ സ്ത്രീകൾ ഭയത്തോടുകൂടി മാറിപ്പോകുന്നത് അദ്ദേഹത്തിൽ പലപ്പോഴും വലിയ വിഷമം ഉണ്ടാക്കിയിരുന്നു. എന്നിട്ടും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ തനിക്കു ലഭിക്കുന്ന വേഷങ്ങളെ സമർപ്പണത്തോടെ അദ്ദേഹം മികവുറ്റതാക്കി.

ഒട്ടനവധി ചിത്രങ്ങളിൽ ബാലേട്ടനും ഞാനും ഒന്നിച്ചിട്ടുണ്ട്. ആദ്യകാലചിത്രങ്ങളിൽ മിക്കതിലും അദ്ദേഹവും ഞാനും വില്ലൻ വേഷങ്ങൾ തന്നെയായിരുന്നു അണിഞ്ഞിരുന്നത്. വില്ലനായ അച്ഛനും മകനും. അല്ലെങ്കിൽ എതിരാളികളായ രണ്ടു വില്ലന്മാർ. ഇങ്ങനെയൊക്കെയായിരുന്നു അക്കാലത്ത് ഞങ്ങളെ തേടിയെത്തിയ വേഷങ്ങൾ. ഒരിക്കലും കഥാപാത്രങ്ങളുടെ വലുപ്പ ചെറുപ്പം ബാലേട്ടനു പ്രശ്‌നമായിരുന്നില്ല. ഏതു വേഷവും ഒരേ മനസോടെയാണ് അദ്ദേഹം സ്വീകരിച്ചത്. ” ലാലേ, അഭിനയം എന്റെ തൊഴിലാണ്. ഞാൻ ആഗ്രഹിക്കുന്ന വേഷങ്ങൾ ചെയ്യണമെന്നു വിചാരിച്ചാൽ വീട്ടിലിരിക്കേണ്ടി വരും.” പലപ്പോഴും ബാലേട്ടൻ പറയാറുണ്ടായിരുന്നു. ഞാൻ നായകനായ പല ചിത്രങ്ങളിലും അദ്ദേഹം സ്വഭാവ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ബാലേട്ടനൊപ്പമുള്ള ഓരോ സിനിമയും ഓരോ അനുഭവമായിരുന്നു. അനുഭവം എന്നു പറഞ്ഞത് ഷൂട്ടിങ് അനുഭവത്തെ കുറിച്ചു മാത്രമല്ല. ഒരുപക്ഷേ, കോഴിക്കോടൻ നാടകവേദിയെക്കുറിച്ച് ഞാൻ കൂടുതലായി അറിഞ്ഞത് ബാലേട്ടനും പപ്പുവേട്ടനും കുഞ്ഞാണ്ടിയേട്ടനും നെല്ലിക്കോട് ഭാസ്‌കരേട്ടനുമൊപ്പമുള്ള അഭിനയാനുഭവങ്ങളിലൂടെയാണ്. നാടകരംഗത്തും മികച്ച നടൻ തന്നെയായിരുന്നു ബാലേട്ടൻ. അരങ്ങിന്റെ കരുത്തുമായാണ് അദ്ദേഹം സിനിമയിലെത്തിയത്. കെ.ടി. സാറിന്റെയും തിക്കോടിയൻ മാഷിന്റെയും ദാമോദരൻ മാഷിന്റെയുമൊക്കെ നാടകങ്ങളിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടനായിരുന്നു ബാലേട്ടൻ. ആ വേഷങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം ഒരുപാടു സംസാരിക്കുമായിരുന്നു. വിശേഷിച്ച് ഒരു കഥാപാത്രത്തെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. സോഫാക്ലീസിന്റെ ‘ഈഡിപ്പസി’ലെ ക്രയോണിന്റെ വേഷമായിരുന്നു അത്. കുഞ്ഞാണ്ടിയേട്ടൻ ഈഡിപ്പസായും ബാലേട്ടൻ ക്രയോണായും അരങ്ങു തകർത്ത ഇതിഹാസമായിരുന്നു ആ നാടകമെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. നാടകത്തിനുവേണ്ടി ജീവിതം സമർപ്പിച്ച പലരും സിനിമയിലെത്തിയപ്പോൾ ചിലരിലൊക്കെ നാടകാഭിനയം മുഴച്ചു നിന്നിട്ടുണ്ട്. എന്നാൽ ബാലേട്ടൻ സിനിമയിലൊരിക്കലും സ്റ്റേജി ആയിരുന്നില്ല. നാടകത്തിലെയും സിനിമയിലെയും അഭിനയങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു അദ്ദേഹം.

subscribe