Memory

You Are Here: Home / Archives / Category / Memory

ഗന്ധർവസ്മരണയിൽ
-സനിത അനൂപ്

Categories:

കഥകളിലൂടെയും ചലച്ചിത്രകാവ്യങ്ങളിലൂടെയും പ്രണയത്തിന്റെയും മഴയുടെയും ഗന്ധർവസ്പർശം മലയാളികളുടെ മനസിനെ അനുഭവിപ്പിച്ച പത്മരാജൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 29 വർഷം പിന്നിടുന്നു. കഥാകാരനായ അദ്ദേഹം അഭ്രപാളിയിലും കഥകൾ പറഞ്ഞു പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഓരോ സിനിമയും ഓരോ അനുഭവമാണ്. തിയേറ്റർ വിട്ടിറങ്ങിയാലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ നമ്മോടൊപ്പം സഞ്ചരിക്കും. ചെറിയ ബജറ്റിൽ സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കുകയും താരങ്ങളെ വാർത്തെടുക്കാനും കഴിഞ്ഞുവെന്നത് പത്മരാജൻ സിനിമകളുടെ മറ്റൊരു പ്രത്യേകതയും കൂടിയാണ്.

ഹരിപ്പാടിനടുത്ത് മുതുകുളം എന്ന സ്ഥലത്ത് 1945 മേയ് 23-നാണ്് പത്മരാജന്റെ ജനനം. മുതുകുളം സ്‌കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബിരുദപഠനം വരെ തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരത്തെ ജീവിതവും പഠനവും അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. 1965- ൽ ആൾ ഇന്ത്യ റേഡിയോയിൽ ഉദ്യോഗസ്ഥനായി. പിന്നീടാണ്, പത്മരാജൻ സിനിമയുടെ വലിയ ലോകത്തേക്കു പ്രവേശിക്കുന്നത്. തൂവാനത്തുമ്പികൾ, മൂന്നാം പക്കം, ഞാൻ ഗന്ധർവൻ, പെരുവഴിയമ്പലം, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരിടത്തൊരു ഫയൽവാൻ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്നീ സിനിമകൾ മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്.

കോളേജ് പഠനകാലത്തുതന്നെ സാഹിത്യലോകത്തേക്കു ചുവടുവയ്പ്പു നടത്തിയ പത്മരാജന്റെ കഥകൾ മൗലികത കൊണ്ടും ക്രാഫ്റ്റ് കൊണ്ടും വിമർശകരുടെ പോലും പ്രശംസ പിടിച്ചുപറ്റി. ചെറുകഥയിൽ മാത്രമായി ഒതുങ്ങിയില്ല, പത്മരാജന്റെ എഴുത്ത്. നക്ഷത്രങ്ങളേ കാവൽ പുതുമയാർന്ന അവതരണരീതി കൊണ്ടും അനുഭവലോകം കൊണ്ടും ഭാഷാസങ്കേതങ്ങൾ കൊണ്ടും വ്യത്യസ്തമാണ്. 1971-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ഈ നോവലിനു ലഭിച്ചു. വാടകയ്‌ക്കൊരു ഹൃദയം, ശവവാഹനങ്ങളും തേടി, ഇതാ ഇവിടെ വരെ, മഞ്ഞു കാലം നോറ്റ കുതിര, ഉദകപ്പോള, പ്രതിമയും രാജകുമാരിയും, പെരുവഴിയമ്പലം, രതിനിർവേദം തുടങ്ങിയ കൃതികൾ വായനക്കാരുടെയും നിരൂപകരുടെയും ഇഷ്ടം നേടി. 36 സിനിമകൾക്കാണ് തിരക്കഥയൊരുക്കിയത്. 18 സിനിമകൾ സംവിധാനം ചെ്തു. പ്രയാണം (1975) ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രയാണം ദേശീയതലത്തിൽ വരെ പ്രശംസ പിടിച്ചുപറ്റി.

subscribe

‘വിജയലക്ഷ്മി ഇരന്തു പോച്…’
-കലവൂർ രവികുമാർ

Categories:

ഒരു സെപ്റ്റംബർ ഇരുപത്തിമൂന്നാം തിയതി കടന്നുപോയ സിൽക്ക് സ്മിതയെ കുറിച്ച് സഹതാരം അനുരാധയുടെ ചില ഓർമകൾ ഫേസ്ബുക്കിൽ വായിച്ചു.
സിൽക്ക് സ്മിത ഒരു കാലത്തെ നമ്മുടെ സണ്ണി ലിയോൺ ആയിരുന്നല്ലോ. സണ്ണി ലിയോണിനെ കാത്തുനിന്ന പോലെ അന്ന് ആളുകൾ അവരെ കാത്തു നിന്നു കണ്ടിട്ടുണ്ട്. അവർ കടിച്ച ആപ്പിൾ വരെ ലേലം കൊണ്ടിട്ടുണ്ട്. അതൊന്നുമല്ല പറയാൻ വന്നത്. എന്റെ ചില അനുഭവങ്ങളാണ്. പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായിരുന്നു ജി.എ. ലാൽ ഒരിക്കൽ അവരോട് അഭിമുഖം ചോദിച്ചിട്ടുണ്ട്. കടുത്ത നിഷേധമായിരുന്നു മറുപടി. ലാൽ അപ്പോൾ പറഞ്ഞു എനിക്ക് വിജയലക്ഷ്മിയുടെ അഭിമുഖം ആണു വേണ്ടത്. ലാലിനെ നിമിഷങ്ങളോളം നോക്കി നിന്നു കൊണ്ട് അവർ പറഞ്ഞു, ‘വിജയലക്ഷ്മി ഇരന്തു പോച്..’
ആന്ധ്രയിലെ ഒരു ഗ്രാമത്തിൽ നിന്ന് കോടമ്പാക്കത്തെത്തിയ വിജയലക്ഷ്മി എന്ന നാടൻ പെൺകിടാവിനെ സിനിമ സിൽക്ക് സ്മിതയായി മാറ്റിപ്പണിയുകയായിരുന്നല്ലോ. അപ്പോഴും അവർ വിജയലക്ഷമിയെ സ്‌നേഹിച്ചിരുന്നിരിക്കണം. അല്ലെങ്കിൽ ആ പെൺകുട്ടി മരിച്ചുപോയെന്ന് അവർ പറയുമായിരുന്നോ. സ്‌നേഹത്തിന്റെ സങ്കടക്കടലിൽ ഉഴലുമ്പോഴാണല്ലോ നമ്മൾ നമ്മെ തന്നെ കൊന്നു കളയുന്നത്. ഒടുവിൽ സിൽക്ക് സ്മിത സിൽക്ക് സ്മിതയോട് ചെയ്തതും അതു തന്നെ. അവർ ഒരു സാരി തുമ്പിൽ അവരെ കെട്ടി തൂക്കി നമുക്കുള്ള അവസാന കാഴ്ചയായി.

ഞാൻ അന്ന് പത്രപ്രവർത്തകന്റെ വേഷത്തിൽ മദ്രാസിൽ ഉണ്ട്. അവരുടെ മരണം റിപ്പോർട്ട് ചെയ്യാൻ പോയ ജോൺസൻ ചിറമ്മൽ തിരിച്ചു വന്നു വിഷണ്ണനായി. ആശുപതിയിൽ മൃതദേഹത്തിനടുത്തു അങ്ങനെ ആരുമില്ല. ഞാൻ അപ്പോൾ അറിയാതെ പറഞ്ഞു, ജീവിച്ചിരുന്നപ്പോൾ ആരാധകർ ആഘോഷിച്ച ആ ശരീരം പ്രാണൻ പോയപ്പോൾ അവർക്കും വേണ്ടാ. അത് എഴുതൂ ജോൺസാ….
ജോൺസൻ പിന്നെ മൂകനായിരുന്ന് ആ വാർത്ത എഴുതുന്നതു കണ്ടു.

നക്ഷത്രങ്ങളുടെ ആൽബം എന്ന എന്റെ നോവലിൽ സുചിത്ര എന്ന നടിയുണ്ട്. കോടമ്പാക്കം മാറ്റി തീർത്ത ഒരു ജീവിതം. അവർ സ്മിതയല്ല. അവരെ പോലുള്ള ഒരാൾ. സ്മിത മരിച്ച രാത്രിയിൽ ഞാനും സുഹൃത്തായ ഷാജനും കോടമ്പാക്കത്തൂടെ നടന്നത് ഓർക്കുന്നു. അവിടെ ആരും സ്മിതയെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നില്ല.

കോടമ്പാക്കം വിജയലക്ഷ്മിമാരുടെ ശവപ്പറമ്പായിരുന്നു. ജോർജ് സാർ ലേഖയുടെ മരണത്തിൽ അതു വരച്ചിട്ടിട്ടുണ്ട്. ഞാനീ പറയുന്നതിനേക്കാൾ ഹൃദയസ്പൃക്കായി. സിൽക്ക് സ്മിതയും ആ സിനിമയുമൊക്കെ… ഹോ വല്ലാത്ത ഓർമകൾ തന്നെ…

സാംബശിവൻ നവതി കഥ തുടരുന്നു
-മിനി ഗോപിനാഥ്

Categories:

നന്നായി വസ്ത്രധാരണം ചെയ്ത സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരൻ കഥ പറയുകയാണ്

‘ആരും കൊതിയ്ക്കും ബിരുദക്കാരൻ
പാരം കൊഴുത്ത ചെറുപ്പക്കാരൻ
ധീരൻ സുമുഖൻ പ്രഭുകുമാരൻ
ആരെയും കൂസാത്ത ഭാവക്കാരൻ’

മഹാനായ ആ കഥാപ്രസംഗകാരൻ വി. സാംബശിവന്റെ നവതി അതിവിപുലമായി മലയാളക്കര ആഘോഷിക്കുകയാണ്. കഥാപ്രസംഗ രംഗത്തു അദ്ദേഹം ഉപേക്ഷിച്ചു പോയ സിംഹാസനം അദ്ദേഹത്തിനു മാത്രമുള്ളതാണെന്നു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ആ കലാകാരൻ. തിരുവനന്തപുരത്തും കൊല്ലത്തുമായി വി. സാംബശിവൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച മൂന്നു കഥാപ്രസംഗ മേളകളിലും ജനങ്ങൾ കാണിച്ച ആവേശവും ആഹ്ലാദവും അതാണ് അടിവരയിടുന്നത്. ചിരഞ്ജീവിയാണദ്ദേഹം, എന്ന് രണ്ടാമതൊന്ന് ആലോചിയ്ക്കാതെ പറയാൻ കഴിയുന്ന ബഹുമുഖ പ്രതിഭ. മഹാനായ ആ മനുഷ്യ സ്‌നേഹി എഴുതിയ ‘ദിവ്യതീർത്ഥം’എന്ന നോവലിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും ഈ വേളയെ ധന്യമാക്കുന്നു.

‘കലാശാല വിദ്യാഭാസം ചെയ്യാൻ എനിക്ക് കലശലായ മോഹം. ഞാനൊരു കഥാപ്രസംഗം ചെയ്യാം പകരം നിങ്ങൾ എനിക്കു പഠിക്കാൻ പണം തരാൻ ദയവുണ്ടാകണം.’ ഇങ്ങനെ ഒരാമുഖത്തോടെയാണ് സാംബശിവൻ എന്ന യുവാവ് കഥാപ്രസംഗകലയെ ഉപാസിച്ചു തുടങ്ങിയത്. സാമ്പത്തിക ബാധ്യതയുള്ള കുടുംബത്തിലെ ഒൻപത് മക്കളിൽ മൂത്തയാളായിരുന്നു സാംബശിവൻ. കഥപറയുന്നതിന് പ്രതിഫലം കിട്ടിത്തുടങ്ങിയതോടെ കൊല്ലം എസ്. എൻ. കോളേജിൽ ചേർന്നു. കലാലയത്തിൽ ഈ കലാകാരൻ രാഷ്ട്രീയത്തിലും സജീവമായി. അക്കാലത്തു രൂപീകൃത്യമായ സ്റ്റുഡന്റസ് ഫെഡറേഷന്റെ (എസ്.എഫ്) ആദ്യത്തെ പ്രസിഡന്റുമായി.

കഥാപ്രസംഗം ജീവവായുവായി അദ്ദേഹത്തിൽ അലിഞ്ഞുതുടങ്ങിയിരുന്നു. കഥ പറയാത്ത തന്റെ ജീവിതം കഥയില്ലാതായിപ്പോകുമെന്ന് തിരിച്ചറിഞ്ഞ്, കഠിനാദ്ധ്വാനം ചെയ്തുതുടങ്ങി. കെ.കെ. വാദ്ധ്യാരും ജോസഫ് കൈമാപ്പറമ്പനും ആയിരുന്നു കലാമേഖലയിലെ മാർഗദർശികൾ. 1949-ലെ ഓണക്കാലത്ത് ചതയ ദിനത്തിൽ പെട്രോമാക്‌സ് വെളിച്ചത്തിൽ മൈക്കില്ലാതെ ചങ്ങമ്പുഴയുടെ ‘ദേവത’ കഥാപ്രസംഗരൂപത്തിൽ അവതരിപ്പിച്ചു. ഇതിന്റെ ഉത്ഘാടനം നിർവ്വഹിച്ച, ഒ. നാണു ഉപാധ്യായൻ സംസ്‌കൃതപണ്ഡിതനും അധ്യാപകനും കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനും സ്‌നേഹസമ്പന്നനുമായിരുന്നു. അദ്ദേഹത്തിന്റെ
‘ലളിതമായ ഭാഷയിൽ എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ കഥ അവതരിപ്പിയ്ക്കണം’ എന്ന ഉപദേശം സാംബശിവൻ ശിരസാവഹിച്ചു.

ആശാൻ, ഉള്ളൂർ, വള്ളത്തോൾ, മലയാറ്റൂർ, തിരുനെല്ലൂർ കരുണാകരൻ, വയലാർ, ചങ്ങമ്പുഴ തുടങ്ങിയവരുടെ കൃതികളെ ആസ്പദമാക്കി കഥാപ്രസംഗ ശിൽപ്പങ്ങൾ മെനഞ്ഞെടുത്തു. ഇതിലെ ഗാനവും സംഗീതവും എല്ലാം സ്വയം ചിട്ടപ്പെടുത്തി. പുള്ളിമാൻ, ശ്രീനാരായണ ഗുരുദേവൻ, പ്രേമശിൽപ്പി, ദേവലോകം തുടങ്ങി നിരവധി കഥകൾ സഹൃദയ സദസുകളെ കീഴ്‌പ്പെടുത്തി. ഇടയ്ക്ക് മനസിനിണങ്ങുന്ന കഥ ലഭിക്കാതെ വന്നപ്പോൾ ‘പട്ടുനൂലും വാഴനാരും’ സ്വയം എഴുതി അവതരിപ്പിച്ചു.

subscribe

മനുഷ്യൻ ചന്ദ്രനെ തൊട്ടിട്ട് അമ്പതു വർഷം
-എസ്. സന്ദീപ്

Categories:

‘ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽവയ്പാണ്; പക്ഷേ, മനുഷ്യരാശിയുടെ വൻ കുതിച്ചുചാട്ടവും.”
നീൽ ആംസ്‌ട്രോങ്.

അമേരിക്കൻ ബഹിരാകാശ യാത്രികനായ നീൽ ആംസ്‌ട്രോങ് 1969 ജൂലൈ 21 ന് പറഞ്ഞ വാചകമാണിത്. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നിമിഷമാണ് അദ്ദേഹമിതു പറഞ്ഞത്. ചന്ദ്രൻ മനുഷ്യന് മുന്നിൽ തലകുനിച്ചിട്ട് 50 വർഷം പൂർത്തിയാവുന്നു (അമേരിക്കയിൽ ജൂലൈ 20). നീൽ ആംസ്‌ട്രോങ് ചന്ദ്രനിലിറങ്ങി 19 മിനിട്ടിനുശേഷം സഹയാത്രികൻ എഡ്വിൻ ആൾഡ്രിനും ചന്ദ്രനെ തൊട്ടു. ചന്ദ്രനിൽ പാദമുദ്ര പതിപ്പിച്ച രണ്ടാമൻ.
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ അമേരിക്കയുടെ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. 1969 ജൂലൈ 16ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് അപ്പോളോ 11 വിക്ഷേപിക്കപ്പെട്ടത്. അപ്പോളോ 11ന് മുമ്പ് ചന്ദ്രനെ കീഴടക്കാൻ അമേരിക്കയും റഷ്യയും നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 1959-ൽ തുടങ്ങിയ ശ്രമങ്ങൾ ലക്ഷ്യത്തിലെത്തിയത് 1966-ലാണ്. 1966 ഫെബ്രുവരി നാലിനു റഷ്യയുടെ ലൂണാ 9 ചരിത്രദൗത്യം പൂർത്തിയാക്കി ചന്ദ്രനിൽ ഇറങ്ങി. ചിത്രങ്ങളെടുത്തു. എന്നാൽ, ആ ദൗത്യത്തിൽ മനുഷ്യൻ ഉണ്ടായിരുന്നില്ല.

അമേരിക്ക – റഷ്യ മത്സരം

ശാസ്ത്രസാങ്കേതിക രംഗത്ത് അമേരിക്കയുടെയും സോവ്യറ്റ് യൂണിയന്റെയും ഇടയിലുണ്ടായിരുന്ന മത്സരബുദ്ധിയാണ് ശാസ്ത്രസാങ്കേതിക രംഗത്തെ ഏറ്റവും വലിയ നേട്ടമായി വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന്റെ ചന്ദ്രയാത്രയിലേക്കു വഴിതെളിച്ചത്. ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ തങ്ങളാണ് ഒന്നാം നിരക്കാർ എന്ന ചിന്ത എല്ലാക്കാലത്തും അമേരിക്കക്കാർക്കുണ്ടായിരുന്നു. വസ്തുതകൾ പരിശോധിച്ചാൽ ഒരു പരിധിവരെ ഇത് സത്യമാണ്. എന്നാൽ, ബഹിരാകാശ ഗവേഷണ രംഗത്ത് അമേരിക്കയെ ഞെട്ടിച്ചുകൊണ്ടാണ് 1957-ൽ സ്പുട്‌നിക് എന്ന ഉപഗ്രഹം സോവ്യറ്റ് യൂണിയൻ (1990-ൽ യൂണിയൻ തകർന്നു) വിക്ഷേപിച്ചത്. വിക്ഷേപണം വിജയമായിരുന്നു. ഭൂമിയെ ഭ്രമണം ചെയ്യുന്ന ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്‌നിക് മാറി.
നാലു വർഷങ്ങൾക്കുശേഷം യൂറി അലക്‌സെവിച് ഗഗാറിനെ ബഹിരാകാശത്തെത്തിച്ച് സോവ്യറ്റ് യൂണിയൻ വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഇതോടെ അമേരിക്കയെ സംബന്ധിച്ച് ബഹിരാകാശ ഗവേഷണ രംഗത്ത് തങ്ങളുടെ മേധാവിത്വം വീണ്ടെടുക്കണമെന്ന ചിന്തയുണർന്നു. സോവ്യറ്റ് യൂണിയനൊപ്പമെത്തിയാൽ പോര അതിനുമപ്പുറം സഞ്ചരിച്ചേ മതിയാവൂ എന്ന സാഹചര്യത്തിലാണ്. ഒരു പക്ഷേ, ഇന്നും അതിസാഹസികമെന്നു വിശേഷിപ്പിക്കുന്ന ചാന്ദ്രദൗത്യത്തിന് അമേരിക്ക തയാറായത്.

ജോൺ എഫ്. കെന്നഡിയുടെ ആഗ്രഹം

ചാന്ദ്രദൗത്യം നടത്താൻ രാജ്യത്തെ ബഹിരാകാശ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടത് അമേരിക്കയുടെ എക്കാലത്തെയും മികച്ച ഭരണാധികാരിയെന്ന ഖ്യാതിക്ക് ഉടമയായ ജോൺ എഫ്. കെന്നഡിയാണ്. ബഹിരാകാശത്തേക്ക് ഉപഗ്രഹമയച്ചു തിരികെയെത്തിച്ചിട്ടു പോലുമില്ലാത്ത രാജ്യത്തോടാണ് പ്രസിഡന്റ് കെന്നഡി ഈ ആവശ്യം മുന്നോട്ടുവച്ചത്. അങ്ങനെയാണ് അപ്പോളോ ദൗത്യം ആരംഭിക്കുന്നത്. ഏകദേശം എട്ടു വർഷത്തെ നിരന്തരമായ കഠിനാധ്വാനത്തിന്റെ ഫലമാണ് 1969 ജൂലൈ 16-ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 7.02-ന് വിക്ഷേപിക്കപ്പെട്ട അപ്പോളോ 11. നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു അപ്പോളോ 11-ലെ യാത്രക്കാർ. ഭീമാകാരമായ സാറ്റേൺ അഞ്ച് റോക്കറ്റാണ് മനുഷ്യരേയും കൊണ്ട് ചന്ദ്രനിലേക്കു കുതിച്ചത്. അപ്പോളോ 11 – ന്റെ ഭാരം 3,100 ടൺ ആയിരുന്നു. 36 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു സാറ്റേൺ അഞ്ച് റോക്കറ്റിന്; അതായത് ഏതാണ്ട് 110 മീറ്റർ ഉയരം.

അപ്പോളയ്ക്ക് മുമ്പ്
………………………..

അപ്പോളോ 11 -ന് മുമ്പ് 1967-ലും 1968- ലും ഉപഗ്രഹങ്ങളെ അമേരിക്ക ഭ്രമണപഥത്തിലെത്തിച്ചു. 1968 നവംബറിൽ മൂന്നു ബഹിരാകാശ സഞ്ചാരികളുമായി അപ്പോളോ ഏഴ് ബഹിരാകാശത്ത് 260 മണിക്കൂർ ചെലവഴിച്ചു. അടുത്തമാസം മൂന്നു ബഹിരാകാശ യാത്രികരുമായി അപ്പോളോ എട്ട് ഭൂമിയുടെ ഭ്രമണപഥവും കടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. അപ്പോളോ എട്ട് ചന്ദ്രന്റെ ഉപരിതലത്തിന് 69 മൈൽ അടുത്തുവരെയെത്തി. പിന്നീട്, അപ്പോളോ ഒൻപതും പത്തും വിക്ഷേപിക്കപ്പെട്ടു. ഈ രണ്ടു പരീക്ഷണങ്ങളുടെയും ലക്ഷ്യം ചന്ദ്രനിൽ സുരക്ഷിതമായി എങ്ങനെ ഇറങ്ങാം എന്ന പരീക്ഷണങ്ങളായിരുന്നു. മനുഷ്യനെ ചന്ദ്രനിലിറക്കുന്നതിന് മുന്നോടിയായി ഏഴ് ഉപഗ്രഹങ്ങളാണ് അമേരിക്ക വിക്ഷേപിച്ചത്. അതും വെറും ഒരു വർഷത്തിനുള്ളിൽ.

ഒന്നു പിഴച്ചാൽ യാത്രക്കാരുടെ ജീവൻ പൊലിയുകയും കളങ്കിത ചരിത്രം രചിക്കപ്പെടുകയും ചെയ്യുമെന്ന് അമേരിക്കയ്ക്ക് അറിയാമായിരുന്നു. അക്കാരണത്താൽ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും നാസ തയാറായില്ല. അപ്പോളോ നാലു മുതൽ 10 വരെ ദൗത്യങ്ങൾ നടത്തിയത് സുരക്ഷയിൽ ഒരു പിഴവും വരാതിരിക്കുക എന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ്. ഒന്നിലേറെ റോക്കറ്റുകൾ പരീക്ഷിച്ചതിനു ശേഷമാണ് സാറ്റേൺ അഞ്ചിലേക്ക് നാസ എത്തിച്ചേരുന്നത്.

subscribe

നെടുമുടിയുടെ വിഷുവിചാരങ്ങള്‍
നെടുമുടി വേണു

Categories:
വിഷുത്തലേന്നുള്ള രാത്രി, കിടക്കുന്നതിനു മുമ്പായി അമ്മ തേച്ചുകഴുകി വൃത്തിയാക്കിവച്ച പിച്ചളത്താലം. വാല്‍ക്കണ്ണാടിയും വെള്ളരിക്കയും അലക്കിയ മുണ്ടും സ്വര്‍ണമാലയും പഴങ്ങളും ഗ്രന്ഥവും നിറഞ്ഞ ഉരുളിയ്ക്കരുകില്‍ കൊന്നപ്പൂക്കള്‍ക്കൊണ്ടലങ്കരിച്ച ബാലഗോപാലന്‍റെ പ്രതിമ. അഞ്ചുതിരിയിട്ടു കത്തിച്ചുവച്ച നിലവിളക്കിന്‍റെ സ്വര്‍ണപ്രഭ. ‘പുത്തന്‍വരിഷത്തില്‍ പുലരിക്കണി കാണാന്‍’ അമ്മ മക്കളെ വിളിച്ചുണര്‍ത്തും. കാലും മുഖവും കഴുകിച്ച്, ഭസ്മം തൊടുവിച്ച്, കണ്ണുംപൂട്ടി കണിയുടെ മുമ്പില്‍ കൊണ്ടുപോയി നിര്‍ത്തും. ശുഭപ്രതീക്ഷയോടെ അമ്മ ഒരുക്കിയ വിഷുക്കണി കണ്ടശേഷം മക്കള്‍ക്ക് അഞ്ചുപേര്‍ക്കും അച്ഛന്‍റെ വിഷുക്കൈനീട്ടം – അതൊരു കാലം. ഞാന്‍ തനി നാട്ടുമ്പുറത്തുകാരനാണ്. നെടുമുടിക്കാരന്‍. വള്ളവും വെള്ളവും വയലുകളും നിറഞ്ഞ കുട്ടനാടന്‍ ഗ്രാമഭൂമികയില്‍ നിന്നു സിനിമയുടെ ലോകത്തേക്കു കടന്നുവന്ന എനിക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ആഘോഷം വിഷുവാണ്. ലൊക്കേഷനില്‍ നിന്നും ലോക്കേഷനിലേക്കുള്ള യാത്രക്കിടയിലും വിഷുവാഘോഷം അദ്ദേഹം മാറ്റിനിര്‍ത്താറില്ല. കൊന്ന ഇപ്പോള്‍ നേരത്തെ പൂക്കുന്നുണ്ടല്ലേ? കൊന്നപ്പൂക്കള്‍ കാണുമ്പോള്‍ത്തന്നെ മനസിനു വല്ലാത്തൊരു കുളിര്‍മയാണ്. കടുത്ത വേനലിനിടയിലും ഹൃദയഹാരിയായ ഒരു വിഷുക്കണിപോലെയാണത്. ഓണവും വിഷുവും ബക്രീദും ക്രിസ്തുമസുമെല്ലാം എനിക്കു പ്രിയപ്പെട്ട ആഘോഷങ്ങളാണ്. എങ്കിലും വിഷുവിനോടാണ് കൂടുതല്‍ ഇഷ്ടം. അത് എന്‍റെ കുട്ടിക്കാലത്തു തുടങ്ങിയതാണ്. പരീക്ഷ കഴിഞ്ഞ് സ്കൂള്‍ അടച്ചശേഷമുള്ള ഒരു ശ്വാസം വിടലാണത്. മാമ്പൂക്കളുടെ ഗന്ധവും കൊന്നപ്പൂവിന്‍റെ സുവര്‍ണസ്മിതവും വിഷുപ്പക്ഷിയുടെ പാട്ടും എല്ലാം ചേര്‍ന്ന് ഒരു പുതിയലോകത്തായിരിക്കും. ഇന്നതിന്‍റെ ശോഭയ്ക്ക് അല്‍പ്പം മങ്ങലേറ്റോ എന്ന് ഞാനും സംശയിക്കുന്നു. എങ്കിലും വിഷു ഇന്നും നമുക്ക് മാറ്റിനിര്‍ത്താനാകാത്ത ആഘോഷമാണ്. ഷൂട്ടിങ്ങിന്‍റെ തിരക്കുകള്‍ക്കിടയിലും വിഷു എന്നെ വീട്ടിലെത്തിച്ചിരിക്കും. നമ്മുടെ പൂര്‍വികന്മാരാല്‍ ആചരിച്ചുപോരുന്ന പല ആഘോഷങ്ങളുമുണ്ടെങ്കിലും അവ പലതും ചിട്ടപ്പടി ആഘോഷിക്കാന്‍ പറ്റാറില്ലെന്നുമാത്രം എങ്കിലും കണികാണലും കൈനീട്ടം നല്‍കലുമൊക്കെ ഞാനും തുടര്‍ന്നുപോരുന്നുണ്ട്.   *ആദ്യത്തെ വിഷുക്കൈനീട്ടം അച്ഛന്‍റെ കൈയില്‍ നിന്നാണ് വിഷുക്കൈനീട്ടം ആദ്യം കിട്ടിയത്. കുട്ടിക്കാലത്ത് എല്ലാ വിഷുവിനും അച്ഛന്‍ മുടങ്ങാതെ തരാറുള്ള നാണയം ശരിക്കും ഒരു ദക്ഷിണയാണ്. ഇന്ന് ഞാനതെന്‍റെ മക്കള്‍ക്കു കൊടുക്കുന്നു. ഷൂട്ടിങ് സ്ഥലത്താണ് വിഷു ആഘോഷിക്കേണ്ടിവരുന്നതെങ്കില്‍ എന്നേക്കാള്‍ ഇളപ്പമുള്ളവര്‍ക്ക് ഞാന്‍ വിഷുക്കൈനീട്ടം നല്‍കാറുണ്ട്. അതു പലരും സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. പഴയ തലമുറയ്ക്ക് ഓട്ടക്കാലണയും അരയണയും ഒരണയുമൊക്കെയായി നിറഞ്ഞ മനസോടെ കാരണവന്മാര്‍ നല്‍കിയിരുന്ന വിഷുക്കൈനീട്ടം ഇന്ന് വന്‍തുക പോക്കറ്റ് മണിയായി നല്‍കുന്നതു വരെയെത്തി. പക്ഷേ, അതിലൊന്നും അത്ഭുതപ്പെടാനില്ല. വാഴയിലയില്‍ ഊണുകഴിക്കണമെന്നായിരുന്നു പണ്ടത്തെ ചിട്ട. ഇന്നത് പേപ്പര്‍വാഴയിലവരെയെത്തിയില്ലേ? കാലം ഫാസ്റ്റാവുകയാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതരീതിയിലും ആഘോഷങ്ങളിലുമെല്ലാം ഉണ്ടാവും. അതില്‍ വ്യാകുലപ്പെട്ടിട്ട് ഒരു കാര്യവുമില്ല. എങ്കിലും ഇത്തരം ആഘോഷങ്ങളില്‍ പുത്തനണിയാനും ഓര്‍മ പുതുക്കാനും വീട്ടില്‍ വിഷുക്കണിയൊരുക്കാനും മറക്കാത്തവര്‍ ഉണ്ടാകുന്നതുതന്നെ വലിയൊരു ആശ്വാസമാണ്. അവരുടെ മനസിലെങ്കിലും ഇത്തിരി കൊന്നപ്പൂവും ഗ്രാമത്തിന്‍ മണവും മമതയും അവശേഷിക്കുന്നുണ്ടല്ലോ? അമ്മയുണ്ടാക്കിയ സദ്യയുടെ രുചി ഇപ്പോഴും നാവില്‍ തുമ്പിലുണ്ട്. കണിവയ്ക്കുന്നതും സദ്യയുണ്ടാക്കുന്നതുമെല്ലാം അമ്മയായിരുന്നു. ഞങ്ങള്‍ അഞ്ച് ആണ്‍മക്കളായതുകൊണ്ട് എല്ലാവരുടെയും പ്രായപരിധിയില്‍പ്പെട്ട സുഹൃത്തുക്കള്‍ എപ്പോഴും വീട്ടിലുണ്ടാകും. അവരൊക്കെ അമ്മയുടെ കൈപ്പുണ്യം അറിഞ്ഞവരാണ്. സമയം കിട്ടുമ്പോഴൊക്കെ അമ്മയെ പോയിക്കാണാറുണ്ടായിരുന്നു. ഇപ്പോള്‍ നെടുമുടിയിലെത്താന്‍ ഒട്ടും പ്രയാസമില്ലല്ലോ. പണ്ടങ്ങനെയായിരുന്നില്ല. ബോട്ടിലും വള്ളത്തിലുമൊക്കെയായി ഒരു പാടു ദൂരം കാല്‍നടയായി യാത്ര ചെയ്തുവേണം നെടുമുടിയിലെത്താന്‍. അന്ന് നെടുമുടിക്കാരെയെല്ലാവരെയും നന്നായി അറിയാം. വീട്ടിലെത്തും മുമ്പ് എത്ര പേരോടാണ് സംസാരിക്കേണ്ടിവരിക. ഇന്ന് വീടിന്‍റെ മുറ്റംവരെ വാഹനമെത്തും. എന്‍റെ പല കഥാപാത്രങ്ങളുടെയും സ്വാഭാവിക രീതികളും മറ്റും എനിക്കു ഗ്രാമത്തില്‍ നിന്നും കിട്ടിയതാണ്. നെടുമുടിയില്‍ നിന്നും തിരുവനന്തപുരത്തെ ‘തമ്പി’ ലെത്തുമ്പോഴും നെടുമുടിക്കാരനായ എന്‍റെ ജീവിതരീതികളിലൊന്നും ഒരു മാറ്റവുമില്ല. ഒരു തനി ഗ്രാമീണമനസ് എപ്പോഴും സൂക്ഷിക്കുന്നു.  

ഒരേയൊരു ജയന്‍
മധു

Categories:
ജയനെ ഓര്‍ക്കുമ്പോള്‍ കൗതുകവും കൗതുകവും ആവേശവും വേദനയും എന്നിലൂടെ കടന്നുപോകുന്നു. ഹരിപോത്തനാണ് ജയനെ എനിക്കു പരിചയപ്പെടുത്തിത്തന്നത്. അന്ന് ജയന്‍ സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കൊല്ലത്തുകാരനാണെന്നും യഥാര്‍ഥ പേര് കൃഷ്ണന്‍ നായരാണെന്നും നേവിയിലെ ജോലി രാജിവച്ചശേഷമാണ് സിനിമയിലഭിനയിക്കാനെത്തിയതെന്നുമുള്ള ചില വര്‍ത്തമാനങ്ങള്‍ ആദ്യ പരിചയപ്പെടലില്‍ ജയനില്‍ നിന്നുണ്ടായി. പെരുമാറ്റത്തിലെ മാന്യതയും വിനയവുമാണ് ആദ്യം ജനയനിലേക്ക് എന്നെ ആകര്‍ഷിച്ചത്. ആ സ്വഭാവവിശേഷത ജയന്‍ മരണം വരെ കാത്തു സൂക്ഷിച്ചിരുന്നു. ഏവരോടും ഒരു കലാകാരനുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണവും അതുതന്നെയാണ്. കേവലം പത്തെഴുപത് മാസമേ ജയന് അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ. ചുരുങ്ങിയ ഈ കാലംകൊണ്ടുതന്നെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോയും സൂപ്പര്‍സ്റ്റാറുമായി. ജയന്‍റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, രാഘവന്‍, വിന്‍സെന്‍റ്, സുധീര്‍, മോഹന്‍, രവികുമാര്‍, ഞാന്‍, പിന്നെ കമല്‍ഹാസന്‍ അന്ന് നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്നു ജയന്‍. പക്ഷേ, ജയന്‍റെ വില്ലന്മാര്‍ പലപ്പോഴും പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങിയിരുന്നു. അത് ജയന്‍റെ പ്രത്യേക രീതിയിലുള്ള അഭിനയശൈലി കൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുന്നതുകൊണ്ടുമായിരുന്നു. വില്ലനായും ഉപനായകനായും തുല്യപ്രാധാന്യമുള്ള വേഷങ്ങളിലും ജയന്‍ എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട്. വേഷം എത്ര ചെറുതായാല്‍പ്പോലും അതിന് അതിന്‍റേതായ ഒരു മിഴിവ് നല്‍കാന്‍ ജയന്‍ എപ്പോഴും ശ്രദ്ധിച്ചു. എന്‍റെ ഉമാ സ്റ്റുഡിയോവില്‍ ആദ്യം നിര്‍മിച്ച ‘അസ്തമയ’ത്തിന്‍റെ വര്‍ക്കുകള്‍ നടക്കുന്നതിനിടയിലാണ് ജയന്‍ ഒരിക്കല്‍ കടന്നുവന്നത്. ആ ചിത്രത്തില്‍ ഒരു വേഷം നല്‍കണം എന്നാവശ്യവുമായിട്ടായിരുന്നു ആ വരവ്. കഥയില്‍ ഇല്ലാത്ത ഒരു കഥാപാത്രത്തെ ഞാന്‍ ജയനുവേണ്ടി സൃഷ്ടിക്കുകയായിരുന്നു. വെറും നാലോ അഞ്ചോ സീനില്‍ മാത്രമൊതുങ്ങുന്ന വേഷം കോളേജിലെ എന്‍റെ സഹപാഠി. ആ വേഷം ജയന്‍ ശ്രദ്ധേയമാക്കി. ജയന്‍റെ രണ്ടുമൂന്ന് സംഘട്ടന രംഗങ്ങളും ഈ ചിത്രത്തിലുണ്ടായിരുന്നു. പരിചയപ്പെട്ട കാലം മുതല്‍ ജയനില്‍ എനിക്കു തോന്നിയ മറ്റൊരു സവിശേഷത അദ്ദേഹത്തിന്‍റെ ആരോഗ്യപരിപാലനമായിരുന്നു. നന്നായി വ്യായാമം ചെയ്തു ദൃഢപ്പെടുത്തിയ ആ ശരീരം ജയന്‍ പൊന്നുപോലെയാണ് സൂക്ഷിച്ചത്. ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്‍മാന്‍ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിര്‍ത്താവുന്ന നടനായിരുന്നു ജയന്‍. ഇതിനര്‍ത്ഥം ജയന്‍ വെറും സ്റ്റണ്ട് നടനായിരുന്നു എന്നല്ല. നല്ല അഭിനയശേഷി ജയനിലുണ്ടായിരുന്നു. ഒട്ടേറെ ചിത്രങ്ങള്‍ ഒരുമിച്ചുചെയ്തതുകൊണ്ട് ഇക്കാര്യം എനിക്കു നന്നായിട്ടറിയാം.

നെല്ലിക്കോട് ഭാസ്കരന്‍ ജീവിതം, നാടകം, സിനിമ
ഭാനുപ്രകാശ്

Categories:
അറുപതു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എ.കെ. പുതിയങ്ങാടിയുടെ  ‘പ്രഭാതം ചുവന്ന തെരുവില്‍’ എന്ന നാടകം കോഴിക്കോട് യുണൈറ്റഡ് ഡ്രാമാറ്റിക് അസോസിയേഷന്‍ അരങ്ങിലെത്തിക്കുന്നത്. യു.ഡി.എയുടെ പത്താമത് നാടകമായിരുന്നു അത്. ആ ഘട്ടത്തിലാണ് മലബാര്‍ കേന്ദ്ര കലാസമിതി തൃശൂരില്‍ വച്ച് നടത്തിയ നാടകോത്സവത്തിലേക്ക് ‘പ്രഭാതം ചുവന്ന തെരുവില്‍’ തെരഞ്ഞെടുക്കപ്പെടുന്നത്. നാടകത്തിലെ മുഖ്യ കഥാപാത്രങ്ങളിലൊന്നായ മാധവനെ ആര് അവതരിപ്പിക്കും എന്നത് വലിയൊരു ചര്‍ച്ചയായി. പ്രത്ഭരായ പല നടന്മാരുടെയും മുഖങ്ങള്‍ പുതിയങ്ങാടിയുടെ മനസിലൂടെ കടന്നുപോയി. ഒടുവില്‍ നറുക്കു വീണത് പി. ഭാസ്കര്‍ എന്ന നടന്. മലബാറിലെ അമേച്വര്‍ നാടകരംഗത്ത് നിറഞ്ഞുനിന്നിരുന്ന നടനായിരുന്നു പി. ഭാസ്കര്‍. യു.ഡി.എയുടെ സ്നേഹപൂര്‍വമായ ക്ഷണം സ്വീകരിച്ച് ‘പ്രഭാതം ചുവന്ന തെരുവിലെ’ മാധവനാകാന്‍  അയാളെത്തി. പക്ഷേ, നായികയായ ആമിനയെ അവതരിപ്പിക്കാന്‍ ഒരു നടിപോലുമില്ല. അക്കാലത്ത് മിക്കവാറും നാടകങ്ങളില്‍ നടന്മാര്‍ തന്നെയായിരുന്നു സ്ത്രീവേഷം കെട്ടിയിരുന്നത്. ‘ഇനി എന്തു ചെയ്യും?’ എന്ന  പുതിയങ്ങാടിയുടെ ചോദ്യത്തിനു മുമ്പില്‍ ഭാസ്കര്‍ പറഞ്ഞു: “എ.കെ.പി വിഷമിക്കേണ്ട, നടിയെ ഞാന്‍ കൊണ്ടുവരാം.” അടുത്ത ദിവസം രാവിലെ റിഹേഴ്സല്‍ ക്യാംപിലേക്ക് നായികയെയും കൊണ്ട് ഭാസ്കറെത്തി. ‘ഇതാരാ..?’ പുതിയങ്ങാടി ചോദിച്ചു. ‘ഇത് എന്‍റെ ജീവിത നായിക, സംശയമുണ്ടോ?’ ഭാസ്കറിന്‍റെ മറുപടി. ‘കല്യാണം കഴിഞ്ഞിട്ട് കുറച്ചു ദിവസമല്ലേ ആയുള്ളൂ’ പുതിയങ്ങാടി ചോദിച്ചു. ‘അതു പറഞ്ഞിട്ട് കാര്യമില്ലല്ലോ, മധുവിധു ആഘോഷിക്കാന്‍ പോയാല്‍ നാടകം നടക്കില്ല. നമുക്ക് റിഹേഴ്സല്‍ തുടങ്ങാം.’ ഭാസ്കറിന്‍റെ മറുപടി കേട്ട് യു.ഡി.എയുടെ പ്രവര്‍ത്തകര്‍ അമ്പരന്നു. രാപ്പകലുകള്‍ നീണ്ടുനിന്ന റിഹേഴ്സല്‍. നാടകം അരങ്ങിലെത്തി. മാധവനായി ഭാസ്കറും ആമിനയായി ഭാസ്കറിന്‍റെ ഭാര്യയും തകര്‍ത്തഭിനയിച്ചു. ഒടുവില്‍, നാടകത്തിന്‍റെ മത്സരഫലം പ്രഖ്യാപിക്കപ്പെട്ടു. മികച്ച നടന്‍: പി ഭാസ്കര്‍. പിന്നീട് പല നാടകങ്ങളിലും ഈ ദമ്പതികള്‍ വേഷമിട്ടു. പക്ഷേ, മലയാള നാടകചരിത്രത്തില്‍ പി. ഭാസ്കര്‍ എന്ന നടനെ നമുക്കു കണ്ടെത്താനാവില്ല. എന്നാല്‍, പില്‍ക്കാലത്ത് നെല്ലിക്കോട് ഭാസ്കരന്‍ എന്നു പ്രശസ്തനായ നടനായിരുന്നു പി. ഭാസ്കര്‍ എന്നറിയുമ്പോള്‍ ആദരവുകൊണ്ട് നമ്മുടെ മനസ് നിറയും. അപ്പോഴും നാടകത്തില്‍ വളരെ സജീവമായ ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന് നെല്ലിക്കോട് ഭാസ്കരന്‍റെ ഭാര്യ എവിടെയും പറഞ്ഞിട്ടില്ല. രേഖപ്പെടുത്തിയിട്ടുമില്ല. ശരിക്കും പ്രഭാതം ചുവന്ന തെരുവില്‍ എന്ന നാടകത്തോടെയാണ് ഒരു നടന്‍ എന്ന നിലയില്‍ നെല്ലിക്കോട് ഭാസ്കരന്‍ ഏറെ പ്രശസ്തനാകുന്നത്. എ.കെ.ജിയുടെ അഭിനന്ദനം മലബാറിലെ നാടകവേദി ജനകീയ പ്രസ്ഥാനങ്ങള്‍ക്കു മുമ്പില്‍ ദീപശിഖയേന്തിയ കാലത്താണ് നെല്ലിക്കോട് ഭാസ്കരന്‍ എന്ന കലാകാരന്‍റെ പിറവി. നാടകമെന്നത് ജീവിതത്തിന്‍റെ തുടര്‍ച്ചയാണെന്ന് കരുതപ്പെട്ടിരുന്ന സുവര്‍ണകാലം കൂടിയായിരുന്നു അത്. നാടകം കളിച്ച് പ്രതിഫലവും വാങ്ങി വീടുകളിലേക്കു പോകുകയായിരുന്നില്ല നാടക കലാകാരന്മാര്‍. തങ്ങളുടെ കലാപ്രവര്‍ത്തനങ്ങള്‍ ജനകീയ വിപ്ലവങ്ങളുടെ വളര്‍ച്ചയ്ക്കു നല്‍കുന്ന പങ്കിനെക്കുറിച്ച് അവര്‍ ബോധവാന്മാരായിരുന്നു. മലബാറിന്‍റെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്കു നാടകവും നടന്മാരും നാടകകൃത്തുക്കളുമൊക്കെ വഹിച്ച പങ്ക് ആര്‍ക്കും മറക്കാന്‍ കഴിയില്ല. ജീവിതമുന്നേറ്റത്തിന്‍റെ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കിയ ആ കാലഘട്ടത്തിന്‍റെ നോവും വേവും അനുഭവിച്ചറിഞ്ഞുകൊണ്ടാണ് ചുണ്ടേപ്പുനത്തില്‍ രാമന്‍നായരുടെയും പീടികപ്പുറത്ത് നാരായണിയമ്മയുടെയും മകനായി  ജനിച്ച പി. ഭാസ്കര മേനോന്‍ നെല്ലിക്കോട് ഭാസ്കരനായി വളര്‍ന്നത്. ആ ജീവിതത്തിനു പിറകില്‍ ക്ലേശങ്ങളുടെയും ദുരിതങ്ങളുടെയും നീണ്ട കഥകള്‍ ഉണ്ട്. വീട്ടിലെ ദാരിദ്ര്യം മൂലം നാലാം തരത്തില്‍ പഠിപ്പു നിര്‍ത്തേണ്ടിവന്നു. പിന്നെ ജീവിതനാടകത്തില്‍ എന്തെല്ലാം വേഷങ്ങള്‍. നെയ്ത്തുതൊഴിലാളി, കൈനോട്ടക്കാരന്‍, തയ്യല്‍ക്കാരന്‍, തെങ്ങുകയറ്റക്കാരന്‍, ഫോട്ടോഗ്രാഫര്‍, പൊറാട്ടുനാടകങ്ങളിലെ നടന്‍, മജീഷ്യന്‍… വീട്ടിലെ അടുപ്പു പുകയാന്‍ ഭാസ്കരന്‍ കെട്ടിയാടാത്ത വേഷങ്ങളില്ല. അപ്പോഴും കമ്യൂണിസ്റ്റു പാര്‍ട്ടി വേദികളിലെ ഗായകനായിരുന്നു അയാള്‍. 1944 ല്‍ മുതലക്കുളം മൈതാനത്തു നടന്ന അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ഭാസ്കരന്‍ പാടി. ‘ഭാരതമിനിയും പരന്‍റെ കീഴില്‍ ചങ്ങലയണിയാനോ..’ ആ പാട്ടിന് ജനസാഗരം നല്‍കിയ പിന്തുണ നിറഞ്ഞ കൈയടിയായിരുന്നു. എകെജി,  ഇ.എം.എസ്, ടി.വി. തോമസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍, പി.സി. ജോഷി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത പാര്‍ട്ടി റാലികളിലും ഭാസ്കരന്‍ പാടി: ‘കേള്‍ക്കണം ഞാനന്നൊരുനാള്‍ വോട്ടിനായിപ്പോയന്ന്…., ഇനി ഞമ്മളെ വോട്ടിക്കോഗ്രസിന് കൊടുക്കൂലാ…’ ഈ പാട്ടുകേട്ട് എ.കെ.ജി ഭാസ്കരനെ ആലിംഗനം ചെയ്തുതകൊണ്ടാണ് അഭിനന്ദിച്ചത്.