മാത്തുക്കുട്ടിയും കുഞ്ഞെൽദോയും മാത്തുക്കുട്ടി / രാജ്കുമാർ ആർ

ആർജെ മാത്തുക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു: ഇതാണ് പലരും ഞാനാണെന്നു വിചാരിച്ചിരിക്കുന്ന മാത്തുക്കുട്ടി സേവ്യർ. ഡയറക്ടർ ഒഫ് ഹെലൻ! കൺഗ്രാജുലേഷൻസ് ബ്രദർ… നീ പൊളിക്കും എന്ന് എനിക്കുറപ്പായിരുന്നു. ഒന്നൂല്ലേൽ ഇത് എന്റെ പേരല്ലേ…!
അന്ന ബെന്നും ലാലും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഹെലന്റെ സംവിധായകൻ മാത്തുക്കുട്ടിയാണ്. വെറും മാത്തുക്കുട്ടിയല്ല, മാത്തുക്കുട്ടി സേവ്യർ. ഈ മാത്തുക്കുട്ടിയെ ആർജെ മാത്തുക്കുട്ടിയായി പലരും തെറ്റിദ്ധരിച്ചു! അതോടെയാണു വിശദീകരണവുമായി ആർജെ മാത്തുക്കുട്ടി എത്തിയത്. അതും മാത്തുക്കുട്ടി സ്റ്റൈലിൽ തന്നെ!
മാത്തുക്കുട്ടിക്ക്, മാത്തുക്കുട്ടിത്തം എന്നൊരു ബ്ലോഗുണ്ട്. വളരെ രസകരമായ കുറിപ്പുകളാണ് ബ്ലോഗിലുള്ളത്. ബ്ലോഗിൾ മാത്തുക്കുട്ടി സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:
പേര് മാത്തുക്കുട്ടി. കൊച്ചിയിൽ ഒരു സ്വകാര്യ റേഡിയോയിൽ ആണ് പണി. അത് പോരാഞ്ഞിട്ട് ഇപ്പോൾ ബ്ലോഗ് വഴിയും നാട്ടുകാരുടെ മെക്കിട്ടുകേറുന്നു. നീ വീണ്ടും എഴുതണം എന്നു പറഞ്ഞ പഴയ കൂട്ടുകാരുടെ വിധി. അവർ ഇത്രയും പ്രതീക്ഷിച്ചുകാണില്ല!’
പെരുമ്പാവൂർ, വെങ്ങോലയിലാണ് മാത്തുക്കുട്ടിയുടെ സ്വദേശം. അരുൺ മാത്യു എന്നാണ് മാത്തുക്കുട്ടിയുടെ ശരിക്കുള്ള പേര്. കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാരിട്ട വട്ടപ്പേരിനെ അരുൺ മാത്യു സ്വന്തം പേരാക്കി. സംഗതി പൊളിയല്ലേ! അങ്ങനെ അരുൺ മാത്യു, മാത്തുക്കുട്ടിയായി, പിന്നെ ആർജെ മാത്തുക്കുട്ടിയും. ഒടുവിൽ ആർജെ മാത്തുക്കുട്ടിയെയും സിനിമയിലെടുത്തു. ആസിഫ് അലി നായകനായ കുഞ്ഞെൽദോ മാത്തുക്കുട്ടിത്തം നിറഞ്ഞ രസകരമായ സിനിമയാണ്. സിനിമാവിശേഷങ്ങളുമായി മാത്തുക്കുട്ടി.
- വിനീതേട്ടൻ തന്ന ധൈര്യം
ഞാൻ ആദ്യമായിട്ട് വിനീതേട്ടന്റെ അടുത്താണ് ഈ കഥ പറയുന്നത്. മാത്തൂ, നീ ഇതെഴുത് രസമുണ്ട്, ബാക്കി നമുക്ക് നോക്കാം എന്നുപറഞ്ഞ് വിനീതേട്ടൻ തന്ന ധൈര്യമാണ് ശരിക്കും ഈ സിനിമ പിറക്കാൻ കാരണം. പിന്നീട് വിനീതേട്ടൻ പറഞ്ഞു, ഇതു നീ തന്നെ ഡയറക്ട് ചെയ്യ്.’ ഞാൻ പറഞ്ഞു, ‘വിനീതേട്ടാ എനിക്കങ്ങനെ എക്സ്പീരിയൻസൊന്നും ഇല്ല.’
‘അതൊന്നും നീ നോക്കണ്ട, സിനിമ ചെയ്യാൻ പറ്റുമോ എന്നൊരു പേടി എല്ലാവർക്കും ഉണ്ടാവും. നീ അങ്ങനെ പേടിക്കണ്ട കാര്യമില്ല.’
- കുഞ്ഞെൽദോ സുഹൃത്ത്
കുഞ്ഞെൽദോയുടെ കഥയുണ്ടാക്കിയത്, എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നിന്നാണ്. കുഞ്ഞെൽദോ എന്നാണ് അവന്റെ പേരും. അവൻ എന്റെ കസിനും സുഹൃത്തുമാണ്. ഞങ്ങളൊരുമിച്ചു പഠിച്ചതുമാണ്. ഞങ്ങളുടെ പഠനകാലത്തുണ്ടായ കുറച്ചു സംഭവങ്ങളും അതിനൊപ്പം കോളേജിൽ പഠിക്കുമ്പോൾ, കൂട്ടുകാർ ഒപ്പിച്ച കുരുത്തക്കേടുകളുണ്ടല്ലോ, ഇതെല്ലാം ചേർത്തുവച്ചിട്ടാണ് കുഞ്ഞെൽദോ പ്ലാൻ ചെയ്തത്. കുഞ്ഞെൽദോയിൽ എഴുപതു ശതമാനത്തോളം ക്യാംപസാണു വരുന്നത്. പിന്നെ ആദ്യ സിനിമയാകുമ്പോൾ കുറേ സംഭവങ്ങൾ എഴുതാനുണ്ടാവുമല്ലോ! കോമൺ നെയിമാണ് കുഞ്ഞെൽദോ. ഒരുപാട് എൽദോമാർ ഇവിടെയുണ്ട്. എന്റെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ ഏറ്റവും കൂടുതലുള്ള പേര് എൽദോയാണ്. എൽദോ, എൽദോസ്, കുഞ്ഞെൽദോ…. ഇങ്ങനെ ഓരോരുത്തരെയും പല രീതിയിൽ വിളിക്കും.
- ആസിഫ് ഞെട്ടി
രണ്ടര മണിക്കൂറെടുത്ത്, ആസിഫിന്റെ ഫ്ളാറ്റിലിരുന്നാണ് കുഞ്ഞെൽദോയുടെ കഥ മൊത്തം പറയുന്നത്. കഥ മുഴുവൻ കേട്ട്, ‘അളിയാ നമുക്ക് ചെയ്യാം’ എന്നു പറഞ്ഞ ശേഷം അവൻ എന്നോട് ചോദിച്ചത്, ‘എടാ, എന്റെ ലൈഫിൽ നടന്ന സംഭവങ്ങൾ, നീ എങ്ങനെയാണ് എന്റെ മുന്നിലിരുന്നു പറഞ്ഞത്’ എന്നാണ്. കോളജിൽ വച്ചുണ്ടായ ഒരു സംഭവം അവൻ എന്നോടു പറഞ്ഞു. അത് സിനിമയിലും ഉണ്ട്. ആസി പറഞ്ഞു, ‘എടാ, എന്റെ ജീവിതത്തിൽ ഇത് ഇങ്ങനെ തന്നെ സംഭവിച്ചിട്ടുണ്ട്! എനിക്കതിനു പണിയും കിട്ടിയിട്ടുണ്ട്. നീ പറയുമ്പോൾ ഞാൻ ഭയങ്കരമായിട്ട് അത്ഭുതപ്പെട്ടു.’
അതെന്നെ ഏറെ കംഫർട്ടബിളാക്കിയ കാര്യമായിരുന്നു. ഈ കഥാപാത്രത്തിലൂടെ ശരിക്കും എന്താണോ ഉദ്ദേശിക്കുന്നത്, ആ കഥാപാത്രത്തിന്റെ എനർജി എന്താണ്, കുഞ്ഞെൽദോ എങ്ങനെയായിരിക്കും. ഇതെല്ലാം ആസിക്ക് ഒറ്റ നരേഷനിൽ തന്നെ കിട്ടിയിട്ടുണ്ട്. ന്യൂഇയറിന്റെ അന്ന് ആസി വിളിച്ചിട്ടുപറഞ്ഞു, ‘എടാ, താങ്ക്സ് ഫോർ കുഞ്ഞെൽദോ. ഭയങ്കര സന്തോഷമുണ്ടെടാ.’ ആസിയുടെ ന്യൂഇയർ വിഷ് ഇങ്ങനെയായിരുന്നു.
- ഗൂഗിൾ നോക്കി ഉറപ്പിച്ചു
ഞാൻ ഏറ്റവും കുറച്ച് നിർദ്ദേശങ്ങൾ നൽകിയത് ആസിക്കാണ്. കാരണം ഞങ്ങൾക്കൊന്നും പറയേണ്ടി പോലും വന്നില്ല. ആസി ആ കഥാപാത്രത്തിനു കറക്ടായിരുന്നു. തുള്ളിച്ചാടി നടപ്പും… അങ്ങനെ എല്ലാം. റിലീസിനു മുമ്പ് ഗ്ലിംസ് ഒഫ് കുഞ്ഞെൽദോ എന്ന വീഡിയോ പ്ലാൻ ചെയ്യാൻ ഒരു കാരണമുണ്ട്. തൊട്ടുമുമ്പു വന്ന ആസിഫിന്റെ ഹിറ്റായ സിനിമയാണ് കെട്ട്യോളാണെന്റെ മാലാഖ. അതിലെ സ്ലീവാച്ചൻ എന്ന കഥാപാത്രമാണ് എല്ലാവരുടെയും മനസിൽ. സ്ലീവാച്ചന്റെ കുടവയറും കൊമ്പൻ മീശയും പറ്റെ വെട്ടിയ മുടിയും ഉൾപ്പെടെ ആൾക്കാരുടെ മനസിലുണ്ട്. ആളുകളെ ഈ സിനിമ കാണാൻ റെഡിയാക്കുക എന്നതായിരുന്നു ഗ്ലിംസ് ഒഫ് കുഞ്ഞെൽദോയുടെ ഉദ്ദേശ്യം. അതെന്തായാലും ആളുകൾക്ക് ഇഷ്ടപ്പെട്ടു. ആസി ഭയങ്കരമായി കഷ്ടപ്പെട്ടിട്ടുണ്ട്, ആ ക്യാരക്ടറിൽ നിന്ന്, ഈ ക്യാരക്ടറിലേക്കുവരാൻ. ഒറ്റ ഫോട്ടോയിലൂടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്നു ഞങ്ങൾക്കു തോന്നി. അങ്ങനെയാണ് വീഡിയോയിലേക്കുമാറിയത്.
വീഡിയോ കണ്ട് കുറേ ആളുകൾ യൂട്യൂബിൽ കമന്റും ചെയ്തു, ഋതുവിലെ ലുക്ക് പോലെ എന്നൊക്കെ. ഈ സിനിമ ആസിയെ വച്ച് പ്ലാൻ ചെയ്യുമ്പോൾ, ഋതുവിൽ ആസി വരുന്ന സമയത്ത് എങ്ങനെയിരുന്നു എന്നാണ് ഞാൻ ആദ്യം നോക്കിയത്. ഗൂഗിളിൽ ഋതുവിലെ ഫോട്ടോ കണ്ടപ്പോൾ, സത്യത്തിൽ ഇവനു വലിയ മാറ്റമൊന്നും ഇല്ലല്ലോ എന്നുവിചാരിക്കുകയും ചെയ്തു. സ്കിൻ ടോണൊക്കെ ഇപ്പോഴും അങ്ങനെ തന്നെയാണ്.

Midhun Jith Champion of Martial Arts -മിഥുൻ ജിത്ത് / പി. ടി. ബിനു

- എൻജിനീയർ പക്ഷേ, ആയോധന കലകളിൽ മാസ്റ്റർ
കുട്ടിക്കാലം മുതൽ ആയോധനകലകൾ പഠിക്കാൻ ആരംഭിച്ചിരുന്നു. ഏഴു വയസു മുതൽ കരാട്ടേ പഠനം ആരംഭിച്ചു. എൻജിനീയറാകാൻ എനിക്കു താത്പര്യം ഉണ്ടായിരുന്നില്ല. ഷിപ്പിൽ ജോലി ചെയ്യാനായിരുന്നു ഇഷ്ടം. മറൈൻ എൻജിനീയറിങ്ങിൽ ആണ് ബിരുദമുള്ളത്. നോട്ടിക്കൽ സയൻസിനാണ് അപേക്ഷിച്ചത്, പക്ഷേ കിട്ടിയില്ല. ഷിപ്പിൽ പോകാൻ വേണ്ടി മാത്രമാണ് മറൈൻ എൻജിനീയറിങ് പഠിച്ചത്. പഠിക്കുന്ന സമയത്താണ് ഗിന്നസ് റെക്കോർഡ് (2012) ബ്രേക്ക് ചെയ്യുന്നത്. തൊട്ടടുത്ത വർഷം വേൾഡ് ചാംപ്യൻഷിപ്പ് കരസ്ഥമാക്കി.
കോഴ്സ് കഴിഞ്ഞ ഉടനെതന്നെ ഷിപ്പിൽ ജോലിക്കു കയറി. ധാരാളം രാജ്യങ്ങൾ സന്ദർശിച്ചു. പക്ഷേ, ഞാൻ സന്തോഷവാനായിരുന്നില്ല. എന്റെ മനസു നിറയെ കരാട്ടെയും കിക്ക് ബോക്സിങ്ങുമായിരുന്നു. അവധിക്കു നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഷിപ്പിലെ ജോലി ഉപേക്ഷിക്കാം എന്ന തീരുമാനത്തിലെത്തി. ചില ബിസിനസ് ആരംഭിച്ചു. നാട്ടിൽ നിൽക്കാനും മാർഷ്യർ ആർട്സിൽ തുടരാനും വേണ്ടിയാണ് അതെല്ലാം ആരംഭിച്ചത്.
- ലോകം ചുറ്റിക്കാണാൻ മോഹം
ലോകം ചുറ്റിക്കാണാനും വിവിധ സംസ്കാരങ്ങളും പാരമ്പര്യങ്ങളും അടുത്തറിയാനും പഠിക്കാനും വേണ്ടിയാണ് ഷിപ്പിൽ ജോലിക്കു കയറിയത്. എന്നാൽ, ഈ ജോലിക്കു പരിമിതികളുമുണ്ട്. വീടും നാടുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമായി സഹകരിക്കാനോ, പങ്കെടുക്കാനോ കഴിഞ്ഞെന്നു വരില്ല. വ്യക്തിപരമായി അത്തരം ചില നഷ്ടങ്ങളും ഉണ്ടാകും.
50-ാളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട്.
സന്ദർശിച്ചതിൽ ഏറ്റവും ഇഷ്ടം ക്യൂബയാണ്. ക്യുബ ഭംഗിയുള്ള രാജ്യമാണ്. അവരുടെ നഗരങ്ങൾ, അവിടത്തെ കെട്ടിടങ്ങൾ.. അതിന്റെ പഴമ, പാരമ്പര്യം എല്ലാം എടുത്തുപറയേണ്ടതാണ്. അർജന്റീന സന്ദർശിച്ച വേളയിൽ മെസിയുടെ ജന്മനാടായ റൊസാരിയോ സന്ദർശിച്ചു. അതൊരു വലിയ അനുഭവമായിരുന്നു. ഒരു വർഷത്തിലേറെ തുടർച്ചയായി ട്രാവൽ ചെയ്തിട്ടുണ്ട്.
- ഓൾ എലൈറ്റ് കരാട്ടെ ലീഗ്
കരാട്ടെയുമായി ബന്ധപ്പെട്ട വലിയൊരു ചാംപ്യൻഷിപ്പ് ആണ് സംഘടിപ്പിക്കുന്നത്. ഓൾ എലൈറ്റ് കരാട്ടെ ലീഗ് എന്നാണ് ടൂർണമെന്റിനു പേരിട്ടിരിക്കുന്നത്.
വിവിധ അസോസിയേഷനുകൾ ഇവിടെ കരാട്ടെ ടൂർണമെന്റുകൾ സംഘടിപ്പിക്കാറുണ്ട്. വിജയികൾക്ക് കൊടുക്കുന്നത് സർട്ടിഫിക്കെറ്റുകളും ട്രോഫികളും മാത്രമാണ്. വലിയ പണച്ചെലവില്ലാത്ത കാര്യങ്ങളാണിതെല്ലാം.
എന്നാൽ, ഓൾ എലൈറ്റ് കരാട്ടെ ലീഗ് നിലവിൽ നടക്കുന്ന കരാട്ടെ ടൂർണമെന്റകളിൽ നിന്നു വളരെ വ്യത്യസ്തമാണ്. ഓരോ മൂന്നു മാസം കൂടുമ്പോഴും കരാട്ടെ ലീഗ് സംഘടിപ്പിക്കും. വിജയികളാകുന്നവർക്ക് ആകർഷകമായ ക്യാഷ് പ്രൈസ് ലീഗ് കൊടുക്കും. കരാട്ടെ ടൂർണമെന്റുകളിൽ ക്യാഷ് പ്രൈസ് കൊടുക്കുന്നതു വളരെ കുറവാണ്. വേൾഡ് കരാട്ടെ ഫെഡറേഷൻ, ഏഷ്യൻ കരാട്ടെ ഫെഡറേഷൻ തുടങ്ങി മറ്റേതു സംഘടനകൾ കൊടുക്കുന്നതിനേക്കാളും ഉയർന്ന ക്യാഷ് പ്രൈസ് ആണു കൊടുക്കാൻ നിശ്ചയിച്ചിരിക്കുന്നത്. അതുമാത്രല്ല, വിജയികൾക്കു മികച്ച പ്രമോഷനും കൊടുക്കും.
ഒരു കരാട്ടെ ലീഗ് സംഘടിപ്പിക്കണമെന്നത് വർഷങ്ങളായുള്ള ആഗ്രഹമാണ്. 17 പ്രാവശ്യം ഞാൻ നാഷണൽ ചാംപ്യൻ ആണ്. 21 പ്രാവശ്യം സ്റ്റേറ്റ് ചാംപ്യൻഷിപ്പും നേടിയിട്ടുണ്ട്. നിരവധി ടൂർണമെന്റുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വിവിധ ടൂർണമെന്റുകളിൽ സ്റ്റുഡന്റ്സിനെയും കൂട്ടി പോയിട്ടുണ്ട്.

അൻവർ സാദിഖ് ജീവിത/ചലച്ചിത്ര യാത്രകൾ – അൻവർ സാദിഖ് / രാജ്കുമാർ ആർ

വിനീത് ശ്രീനിവാസനും നമിത പ്രമോദും പ്രധാന വേഷത്തിൽ എത്തിയ ഓർമയുണ്ടോ ഈ മുഖം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് അൻവർ സാദിഖ്. രണ്ടാമത്തെ ചിത്രം മനോഹരത്തിലും നായകൻ വിനീതാണ്. വി. കെ. പ്രകാശിന്റെ സംവിധാന സഹായിയായി സിനിമയിൽ തുടക്കം കുറിച്ച അൻവറിന്റെ വേറിട്ട ജീവിതം.
- ആദ്യം രാമായണം, പിന്നെ മഹാഭാരതം
യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലാണ് ഞാൻ ജനിച്ചത്. പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്തുള്ള എരുമയൂരിലെ സ്കൂളിൽ അധ്യാപികയായിരുന്നു അമ്മ. ഞങ്ങൾ താമസിച്ചിരുന്നത് ചേരാനാടിലാണ്. അക്കാലത്ത് എല്ലാ വീടുകളിലും ടി.വിയില്ല. ഞാൻ ആറിൽ പഠിക്കുമ്പോഴാണ് എന്നാണ് ഓർമ. ഞങ്ങളുടെ മദ്രസയുടെ തൊട്ടടുത്ത് സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഒരു കുടുംബമുണ്ട്. അവിടെ ടി.വിയുണ്ട്. ദൂരദർശനിൽ രാമായണം സീരിയൽ പ്രദർശിപ്പിക്കുന്ന സമയമാണ്. മദ്രസ വിട്ടയുടൻ നേരെ പോയി രാമായണം കാണും. പിന്നീട് മഹാഭാരതം വന്നു. അങ്ങനെ രാമായണവും മഹാഭാരതവുമാണ് ആദ്യം കണ്ടുശീലിച്ചത്. രാമായണവും മഹാഭാരവും കണ്ട ശേഷം വീട്ടിലെത്തി ഈർക്കിൽ കൊണ്ട് അമ്പുണ്ടാക്കി വാഴയിൽ എയ്യുന്നതും ഇപ്പോഴും ഓർമയിലുണ്ട്. ഞങ്ങളുടെ വീട്ടിൽ ടി.വി വന്നപ്പോൾ ദൂരദർശനിൽ ഞായറാഴ്ചകളിൽ സംപ്രേക്ഷണം ചെയ്യുന്ന സിനിമകൾ കാണാൻ തുടങ്ങി.
അമ്മയുടെ സ്കൂളിൽ തന്നെയാണ് ഞാൻ പഠിച്ചത്. അപ്പോൾ സ്കൂളിൽ അമിതമായ പഠനഭാരമൊന്നും ഉണ്ടായിരുന്നില്ല. തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിൽ ക്ലാസ് ഫസ്റ്റൊക്കെയാണ്. വേറെ സ്കൂളിൽ പഠിച്ചിരുന്നെങ്കിൽ ചിലപ്പോൾ പണികിട്ടിയേനെ (ചിരിക്കുന്നു).
പാലക്കാട് പ്രധാനമായും നെൽകൃഷിയാണല്ലോ. ധാരാളം അരി മില്ലുകളും നെല്ലുണക്കാനായി വിശാലമായ സ്ഥലങ്ങളുമുണ്ട്. അവിടെ ചില ദിവസങ്ങളിൽ നാട്ടിലെ ചേട്ടന്മാർ വീഡിയോ കാസറ്റിട്ട് സിനിമ കാണിക്കും. അമ്പതു പൈസ കൊടുത്താൽ സിനിമ കാണാം. രാത്രി മുഴുവൻ നാലോ അഞ്ചോ സിനിമകൾ കാണും. അത്തരം ചില ബാല്യകാല ഓർമകളുണ്ട്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്കും മണിയറയുമാണ് തിയേറ്ററിൽ ആദ്യം കണ്ട ചിത്രങ്ങളായി ഓർമയിലുള്ളത്. അന്ന് സ്കൂളുകളിലും സിനിമാപ്രദർശനം ഉണ്ടായിരുന്നു.
- സിനിമ കളിച്ച ബാല്യം
ബൾബിൾ വെള്ളം നിറച്ച്, അതിനു മുന്നിൽ ഫിലിം വച്ച് സിനിമ കാണിക്കുന്നത് കുട്ടിക്കാലത്തെ കളികളിലൊന്നാണ്. സിനിമ കാണിക്കാനായി ഒരു ‘ഡാർക്ക് റൂം’ വേണം. അതിനായി പറമ്പിൽ ഒരു പന്തൽ കെട്ടി. ന്യൂസ് പേപ്പർ കൊണ്ട് പന്തൽ മറച്ചു. ബൾബ് സംഘടിപ്പിച്ച് അതിൽ വെള്ളം നിറച്ചു. പിന്നീട് സിനിമ കാണാനായി എല്ലാവരെയും വിളിച്ചുവരുത്തി. എന്നാൽ, ശരിയായി ലൈറ്റില്ലാത്തതിനാൽ പ്രദർശനം നടന്നില്ല. മുറിച്ച ഫിലിം അന്ന് വാങ്ങാൻ കിട്ടും. എല്ലാവരുടെ കൈയിലും ഫിലിം ഉണ്ടാവും. ഗോട്ടി കളിച്ചു ജയിച്ചാൽ സമ്മാനമായി ഫിലിം ആണ് കിട്ടുക. അധികവും തമിഴ് സിനിമകളുടെ ഫിലിമുകളാണ് കിട്ടിയിരുന്നത്. അതിനിടയിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ ഫിലിം ലഭിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.

Suraj Venjaramoodu Ace Comedian & Versatile Actor -സുരാജ് വെഞ്ഞാറാമൂട് / പി. ടി. ബിനു

ഹാസ്യനടനായും സ്വഭാവനടനായും മലയാളികളുടെ മനസു കീഴടക്കിയ താരമാണ് ദേശീയ പുരസ്കാര ജേതാവു കൂടിയായ സുരാജ് വെഞ്ഞാറമൂട്. ജഗതി ശ്രീകുമാറിനു ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച കോമഡി ആർട്ടിസ്റ്റായാണ് സുരാജിനെ വിലയിരുത്തപ്പെടന്നത്. അവതരിപ്പിച്ച വേഷങ്ങളെല്ലാം ചിരിയുടെ പൂരമായിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത്. ആക്ഷൻ ഹീറോ ബിജു, ഒരു യമണ്ടൻ പ്രേമ കഥ എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ പ്രേക്ഷകരുടെ കണ്ണു നനയിക്കുന്നതായിരുന്നു. തിരുവനന്തപുരത്തെ വെഞ്ഞാറമൂട് ജനിച്ച്, തന്റെ നർമത്തിലൂടെ മലയാളക്കാരയെ സ്വന്തമാക്കിയ സുരാജിന്റെ വിശേഷങ്ങൾ
- ചിരിയുടെ രസക്കൂട്ടുകൾ
കരയിപ്പിക്കാൻ എളുപ്പമാണ്, ഒരാളെ ചിരിപ്പിക്കാനാണ് പ്രയാസം. ചിരിയുടെ രസക്കൂട്ടുകൾ ഇതൊക്കെയായിരിക്കണം എന്നൊന്നും മുൻകൂട്ടി നിർവചിക്കാനാവില്ല. ഷൂട്ടിങ് സമയത്തും ഡബ്ബിങ് സമയത്തും തിയേറ്ററിൽ വൻ കൈയടി ലഭിക്കുമെന്നു കരുതിയ പല സീനുകളും വലിയ ചലനങ്ങൾ സൃഷ്ടിക്കാതെ ആവറേജ് ആയി കടന്നുപോകും. പലപ്പോഴും, നമ്മൾ പ്രതീക്ഷിക്കാത്ത സീനുകൾ പ്രേക്ഷകർ ഏറ്റെടുക്കുകയും ആസ്വദിക്കുകയും ചെയ്യും. തിയേറ്ററുകളിൽ ജനം കൈയടിക്കുന്ന സീനുകൾ മുൻകൂട്ടി പ്രവചിക്കാനാവില്ലല്ലോ.
സിനിമയിൽ സിറ്റുവേഷനനുസരിച്ചാണ് കോമഡി ഉണ്ടാകുന്നത്. കോമഡിക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്താൽ ചിലപ്പോൾ അത് ഫലിക്കാതെ വരും അല്ലെങ്കിൽ ഹാസ്യം അസ്ഥാനത്തായിപ്പോകും. സ്റ്റേജ് ഷോയിലാണെങ്കിൽ അതിന്റെ റിസൽറ്റ് അപ്പോൾത്തന്നെ അറിയാം. സിനിമയിൽ അതു പറ്റില്ലല്ലോ. സ്റ്റേജിലായാലും സിനിമയിലായാലും ആർട്ടിസ്റ്റിന്റെ സംഭാവനകൾ ഉണ്ടാകും. എന്നെ സംബന്ധിച്ച് സ്ക്രിപ്റ്റിൽ ഇല്ലാത്തതൊക്കെ ഡയറക്ടറുടെ അനുവാദത്തോടെ ചിത്രീകരണ സമയത്തും ഡബ്ബിങ് സമയത്തും കൂട്ടിച്ചേർക്കാറുണ്ട്.
അറബിക്കഥ എന്ന സിനിമയിൽ അത്തരമൊരു സീനുണ്ട്. ഞാനും ശ്രീനിയേട്ടനും നോമ്പുതുറ സമയത്ത് ഒരു പള്ളിയിൽ എത്തുന്ന സീനുണ്ട്. ഞങ്ങൾ നോമ്പുപിടിച്ചവരല്ല കഥയിൽ. വിശപ്പാണ് പ്രശ്നം. ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാതെയാണ് അവിടെ എത്തുന്നത്. വയറു നിറയെ കഴിച്ചതിനു ശേഷം കൈയിൽ കരുതിയിരുന്ന കവറിൽ പഴങ്ങൾ നിറച്ചുകൊണ്ടു പുറത്തേക്കിറങ്ങുന്നു. അപ്പോൾ പറയുന്ന, ”കവറു കൊണ്ടുവന്നത് മോശയാവോ ആവോ.. നാളെ മുതൽ ചാക്ക് എടുത്തോണ്ടു വരാം… ” എന്ന ഡയലോഗ് സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു. ഡബ്ബിങ് സമയത്ത് കൈയിൽ നിന്നിട്ടതാണ്. തിയേറ്ററിൽ വലിയ കൈയടി കിട്ടിയ രംഗമായി മാറി.
- കോംപിനേഷനുകൾ
ചില ആർട്ടിസ്റ്റുകളോടൊത്തുള്ള കോംപിനേഷനുകൾ ഇംപ്രവൈസേഷൻ ഉണ്ടാക്കും. അതു സിനിമയ്ക്കു ഗുണം ചെയ്യും. ദിലീപ്, ഹരിശ്രീ അശോകൻ, സലിംകുമാർ തുടങ്ങിയവരോടൊപ്പമുള്ള സീനുകൾ ഇംപ്രവൈസേഷനിലൂടെ കൂടുതൽ നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്. അപ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത റിസൽറ്റ് സീനിനുണ്ടാകും. കാര്യസ്ഥൻ, മിസ്റ്റർ മരുമകൻ, ലൈഫ് ഓഫ് ജോസൂട്ടി, ടു കൺട്രീസ്, ഏഴു സുന്ദര രാത്രികൾ അങ്ങനെ പേരെടുത്തു പറഞ്ഞാൽ ഒരുപാടു ചിത്രങ്ങളുണ്ട് ദിലീപേട്ടനോടൊപ്പം. ടൈമിങ്ങും കൗണ്ടറും കറക്ടാകുമ്പോൾ കോമഡി വർക്കൗട്ട് ആകും. എന്നെ സംബന്ധിച്ചടത്തോളം നന്നായി പെർഫോം ചെയ്യാൻ പറ്റും. എക്സ്പീരിയൻസ് ആയ ആർട്ടിസ്റ്റുകളോടൊപ്പം അഭിനയിക്കുമ്പോൾ കോമഡി രംഗങ്ങൾ മാത്രമല്ല, സിനിമയുടെ ടോട്ടാലിറ്റിയും നന്നാകും.
- ഇഷ്ടം കോമഡി
കോമഡി ചെയ്യാനാണ് എന്നും ഇഷ്ടം. ഒരു സിറ്റുവേഷൻ കിട്ടിയാൽ, എങ്ങനെയെല്ലാം ഇംപ്രവൈസ് ചെയ്യാം. എന്തെല്ലാം കൂട്ടിച്ചേർക്കാം അങ്ങനെയുള്ള ശ്രമങ്ങൾ ചെയ്യാറുണ്ട്. അതിനർത്ഥം, ക്യാരക്ടർ റോളുകൾ ചെയ്യില്ല എന്നല്ല. മികച്ച വേഷങ്ങൾ ചെയ്യാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. കുറേക്കാലം കോമഡി വേഷങ്ങൾ ചെയ്ത്, എന്തെങ്കിലും ഒരു ചെയ്ഞ്ച് വേണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് ‘പേരറിയാത്തവർ’ എന്ന സിനിമയിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് (2013) ലഭിച്ചു. നിരവിധ ദേശീയ-അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെടുകയും അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു.
ഒരാളെ ചിരിപ്പിക്കാനാണ് ഏറ്റവും പ്രയാസം. നമ്മുടെ ജീവിത സാഹചര്യങ്ങൾ മാറിയിരിക്കുന്നു. ഫാസ്റ്റ് ലൈഫ് കാലമാണിത്. ഇതിനിടയിൽ സിനിമ കാണാനോ, മറ്റ് കലാരൂപങ്ങൾ കാണാനോ അധികനേരം ആർക്കും കിട്ടിയെന്നു വരില്ല. എല്ലാവരുടെയും പ്രശ്നം അതിയായ തിരക്കുകളും സ്ട്രസുമാണ്. ആളുകളെ അതിൽ നിന്ന് റിലീസ് ചെയ്യിപ്പിക്കണമെങ്കിൽ വലിയ പ്രയത്നം ആവശ്യമാണ്. തിയേറ്ററുകളിൽ എത്തുന്നവരാണെങ്കിലും വൈകിട്ട് ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തി ടി.വി കാണാനിരിക്കുന്നവരാണെങ്കിലും അവർക്കിടയിലേക്ക് കോമഡിയുമായി ഇറങ്ങിച്ചെല്ലുമ്പോൾ നമ്മൾ നന്നായി വർക്ക് ചെയ്യേണ്ടതുണ്ട്. ഒരു വിഷയം കൊണ്ടുവരിക, അതിനുള്ള സിറ്റുവേഷൻ കൊണ്ടുവരിക, സ്കിറ്റ് ആക്കുക അതെല്ലാം വളരെ പ്രയാസമേറിയതാണ്. പ്രേക്ഷകരുടെ ഇഷ്ടം കൂടി നാം കണക്കിലെടുക്കണം. പ്രേക്ഷകൻ എല്ലാം മറന്നു ചിരിച്ചാൽ അതു ഒരു കൊമേഡിയന്റെ വിജയമാണ്.

അപ്പോഴും അച്ഛന്റെ ചിത കത്തുകയായിരുന്നു – ഭാനുപ്രകാശ്

മുപ്പത്തിമൂന്ന് വർഷങ്ങൾക്കു മുമ്പുള്ള ആ അരങ്ങ് ബാലുശേരി സരസ ജീവിതത്തിലൊരിക്കലും മറക്കില്ല. എറണാകുളത്തിനടുത്ത് ഒരു വേദിയിൽ സ്റ്റേജ് ഇന്ത്യക്കു വേണ്ടി പി.എം. താജ് രചിച്ച് വിക്രമൻ നായർ സംവിധാനം ചെയ്ത ‘അഗ്രഹാരം’ എന്ന നാടകത്തിലെ പട്ടത്തിയായി നിറഞ്ഞാടുകയായിരുന്നു സരസ. കാഴ്ചക്കാരെയും സഹനടീനടന്മാരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു മഞ്ഞച്ചരടിട്ട്, മുഖത്ത് മഞ്ഞൾ തേച്ച് പട്ടത്തിയായുള്ള അവരുടെ പ്രകടനം. പലരും ചോദിച്ചു: ‘ഇവർ ശരിക്കും പട്ടത്തിതന്നെയാണോ?’. അത്രമാത്രം കഥാപാത്രമായി മാറിക്കഴിഞ്ഞിരുന്നു സരസ. ഇതെല്ലാം കണ്ടുകൊണ്ട് സ്റ്റേജിന്റെ സൈഡ് കർട്ടനരികിൽ എന്താണ് വേണ്ടതെന്നറിയാത്ത ചിന്താക്കുഴപ്പത്തിൽ നിൽക്കുകയാണ് വിക്രമൻ നായർ. ഇത്രമാത്രം ഇഴുകിച്ചേർന്ന് അഭിനയിക്കുന്ന ഒരു നടിയോട് നാടകത്തിനിടയിൽ ആ സത്യം പറയാൻ അയാൾക്ക് തോന്നിയില്ല. രണ്ടും കൽപ്പിച്ച് പറഞ്ഞാൽത്തന്നെ അത് അഭിനേതാവിനോടും നാടകത്തോടുമുള്ള അവഹേളനമായിത്തീരില്ലേ സന്ദേഹത്തിൽ വിക്രമൻ നായർ മൗനം കടിച്ചുപിടിച്ചുനിന്നു. അവസാന രംഗവും കഴിഞ്ഞ് തിരശീല താഴുമ്പോൾ നിലയ്ക്കാത്ത ഹർഷാരവം. ബാലുശേരി സരസയുടെ അഭിനയസിദ്ധിക്കു ലഭിച്ച അംഗീകാരം കൂടിയായിരുന്നു ആ ഹർഷാരവം.
ഗ്രീൻ റൂമിലേക്കെത്തി മുഖത്തുതേപ്പുകൾ കഴുകിക്കളയുമ്പോൾ അവരുടെ മനസ് ആഹ്ലാദദീപ്തമായിരുന്നു. അപ്പോഴും കഥാപാത്രത്തിൽ നിന്നും സരസ പൂർണമായും മോചിതയായിരുന്നില്ല. പട്ടത്തിയുടെ അടയാളങ്ങളിൽ അവരുടെ ചലനങ്ങളിൽ അവശേഷിക്കുന്നുണ്ടായിരുന്നു. നാടകം കഴിയാൻ കാത്തുനിന്ന വിക്രമൻ നായർ ആ സമയത്ത് അവിടേക്കു കടന്നുവന്നു. ഇനിയും പറയാൻ വൈകരുതെന്ന തിടുക്കത്തോടെ അദ്ദേഹം പറഞ്ഞു: ‘സരസയുടെ അച്ഛന് അസുഖം അൽപ്പം കൂടുതലാണ്. കോഴിക്കോട്ടു നിന്നും വിളിച്ചിരുന്നു. നാടകം നടന്നുകൊണ്ടിരിക്കുന്ന സമയമായതിനാൽ പറയാതിരുന്നതാണ്’. സരസയുടെ മുഖത്തെ ആഹ്ലാദത്തിന്റെ തിരയിളക്കങ്ങളെ മുറിച്ചുകൊണ്ട് ദുഃഖത്തിന്റെ മിന്നലാട്ടങ്ങൾ അതിവേഗം കടന്നുപോയി. അഗ്രഹാരത്തിലെ പട്ടത്തി പെട്ടെന്ന് സരസയായി മാറി. അരങ്ങിന് പുറത്തെ പച്ചയായ ജീവപരിസരത്തേക്ക് പെട്ടെന്ന് ഇറങ്ങിവന്നുകൊണ്ട് അവർ ചോദിച്ചു: ”അച്ഛന് അസുഖം കൂടുതലാണെന്നല്ലേ പറഞ്ഞിട്ടുള്ളൂ, വേറെയൊന്നുമില്ലല്ലോ?”. ”ഒരു കുഴപ്പവുമില്ല, സരസ പേടിക്കേണ്ട”. വിക്രമൻ നായർ ആശ്വസിപ്പിച്ചു.

Nelson Ipe Producer of Mega Hits നെല്സണ് ഐപ്പ് / പി. ടി. ബിനു


മണിയും രാജാമണിയുംസുനിത സുനില്


പ്രതീക്ഷയോടെ ഐവി ജുനൈസ് ഐവി ജുനൈസ് / ബി. ഹൃദയനന്ദ


സഹസ്ര പൂർണിമയുടെ ഹേമന്തചന്ദ്രികഎം.ടി / കെ.പി. സുധീര


പട്ടിന്റെ ബ്രാൻഡ് അംബാസിഡർബീനാ കണ്ണൻ/ പി. ടി. ബിനു

