P K Abdulla Koya a gulf success story -പി.കെ. അബ്ദുള്ള കോയ / പി. ടി. ബിനു

പി.കെ. അബ്ദുള്ള കോയയുടെ ജീവിതം വിജയങ്ങളുടെ യാത്രയാണ്. ഗൾഫിൽ വിജയം കൈവരിച്ച മലയാളികളിൽ പ്രമുഖനായ അബ്ദുള്ള കോയ 1978-ലാണ് തൊഴിൽ തേടി യു.എ.യിലെത്തുന്നത്. കോഴിക്കോട് സ്വദേശിയായ അദ്ദേഹം 1981-ലാണ് സ്വന്തമായി ബിസിനസ് ചെയ്യാൻ ആരംഭിക്കുന്നത്. പ്രിന്റിങ്ങുമായി ബന്ധപ്പെട്ട് ‘ആഡ്പ്രിന്റ്’ എന്ന സ്ഥാപനം തുടങ്ങിയായിരുന്നു ബിസിനസിലേക്കുള്ള വരവ്. തുടർന്ന്, സ്റ്റാമ്പ് നിർമാണ കമ്പനിയായ സൺസ്റ്റാമ്പർ ആരംഭിച്ചു. ഇന്ന് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഓസ്ട്രേലിയ, യു.കെ., ചൈന, സിങ്കപ്പൂർ, പാപുവ ന്യൂഗ്വിനിയ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. റൂഫിങ് ടൈലുകളും അനുബന്ധ ഉത്പന്നങ്ങളും നിർമിക്കുന്ന കോഴിക്കോടുള്ള നാഷണൽ ടൈൽ ഫാക്ടറി, കെട്ടിട നിർമാണാവശ്യങ്ങൾക്കുള്ള കല്ലുകളും ലോഹവും നിർമിക്കുന്ന ബീറ്റാ ഗ്രാനൈറ്റ്സ്, സ്റ്റാമ്പ് നിർമാണത്തിനുള്ള ഫോമും പ്ലാസ്റ്റിക് ഭാഗങ്ങളും നിർമിക്കുന്ന കമ്പനി, ടി.എം.ടി സ്റ്റീൽ നിർമിക്കുന്ന വാളയാർ സ്റ്റീൽസ് എന്നിവയും അബ്ദുള്ള കോയയുടെ ബിസിനസ് സ്ഥാപനങ്ങളാണ്. പ്രവർത്തന മേഖലയിലെ വിജയത്തിന് 2018-ലെ ‘ഗർഷോം’ അന്താരാഷ്ട്ര പുരസ്കാരം അബ്ദുള്ള കോയയ്ക്കു ലഭിച്ചിട്ടുണ്ട്. ജപ്പാനിൽ വച്ചു നടന്ന ചടങ്ങിൽ ‘ലൈഫ്ടൈം’ അച്ചീവ്മെന്റ്’ വിഭാഗത്തിലാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. ഷെയ്ഖ് സെയ്ദ് ഇന്റർനാഷണൽ എക്സലൻസ് അവാർഡ്, ഏഷ്യാനെറ്റ് ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് തുടങ്ങിയ പ്രമുഖ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അബ്ദുള്ള കോയ ഞാൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം.
- പ്രവാസം
1978-ലാണ് യു.എ.യിലെത്തുന്നത്. മുംബൈയിൽ നിന്ന് കപ്പലിലാണ് ഗൾഫ് മണ്ണിൽ കാലുകുത്തുന്നത്. അക്കാലത്ത് കപ്പലിലാണ് ആളുകൾ ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിയിരുന്നത്. 1980 ആയപ്പോഴേക്കും കപ്പൽ യാത്രകൾ അവസാനിച്ചിരുന്നു. റാഷിദ് പോർട്ടിലാണ് കപ്പലുകൾ വരിക. റാഷിദ് പോർട്ടൽ ഇന്ന് ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും പോർട്ടാണ്. പോർട്ടിലെത്തിയാൽ അവിടത്തെ ഉദ്യോഗസ്ഥർ വരും. നമ്മുടെ കൈവശമുള്ള രേഖകൾ പരിശോധിച്ച് വിസ തരും. വളരെ ലളിതമായ നടപടികളായിരുന്നു അന്ന്. യു.എ.ഇയിൽ വളർച്ചയുടെ ആദ്യനാളുകളിലായിരുന്നു അന്ന്. ധാരാളം തൊഴിലവസരങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നു മാത്രമല്ല, മറ്റു രാജ്യങ്ങളിൽ നിന്നും തൊഴിലന്വേഷകർ എത്തിയിരുന്നു.
അന്ന് ഇന്നത്തെപ്പോലെ റിക്രൂട്ടിങ് സംവിധാനങ്ങളൊന്നുമില്ല. പലരും ബന്ധുക്കൾ വഴിയും സുഹൃത്തുക്കൾ വഴിയുമാണ് ഗൾഫിലെത്തിയിരുന്നത്. താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞവരായിരുന്നു തൊഴിൽ തേടിയെത്തിയിരുന്നവരിൽ ഭൂരിഭാഗവും. അന്ന് വലിയ കമ്പനികളൊന്നുമുണ്ടായിരുന്നില്ല. ഉണ്ടായിരുന്ന കമ്പനികളിലൊക്ക നല്ല ജോലികൾ ചെയ്തിരുന്നത് അറബികളോ അല്ലെങ്കിൽ അവരുടെ ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവരോ ആയിരുന്നു. ഈജിപ്ത്, സുഡാൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് സർക്കാർ തലത്തിൽ അല്ലെങ്കിൽ കമ്പനികളിലെ ഓഫിസർ ഗ്രേഡുകളിൽ ജോലി ചെയ്തിരുന്നത്. ഡിഫൻസിൽ പോലും വിദേശികളായിരുന്നു കൂടുതൽ. അക്കാലത്ത് സുഡാനികളായിരുന്നു വിദ്യാഭ്യാസപരമായി ഉയർന്നുനിന്നിരുന്നത്. അതുകൊണ്ട് അവരെല്ലാം ഉയർന്ന ജോലികൾ ചെയ്യുന്നവരായിരുന്നു. - അക്കാലത്തെ തൊഴിൽ സാഹചര്യങ്ങൾ
യു.എ.ഇയുടെ വളർച്ചയുടെ ആദ്യഘട്ടമായിരുന്നു അക്കാലം. ധാരളാം തൊഴിലവസരങ്ങൾ ഉണ്ടായിരുന്നു. മലബാർ മേഖലയിൽ നിന്നുള്ളവരാണ് അക്കാലത്ത് അധികവും ഗൾഫിൽ എത്തിയിരുന്നത്. മലയാളികൾക്ക് ‘മലബാറികൾ’ എന്നും ഗൾഫിൽ വിളിപ്പേരുണ്ടല്ലോ. ആദ്യകാലങ്ങളിൽ എത്തിയിരുന്നവർ വിദ്യാഭ്യാസം കുറഞ്ഞ ആളുകളായിരുന്നതുകൊണ്ട് മികച്ച ജോലിസാധ്യതകളൊന്നും അവർക്കുണ്ടായിരുന്നില്ല. ചെറുകിട ജോലികളാണ് അവർക്ക് കിട്ടിയിരുന്നത്. എൺപതുകളുടെ തുടക്കത്തിലാണ് ഗൾഫിലേക്കുള്ള മലയാളികളുടെ വൻ കടന്നുവരവുണ്ടാകുന്നത്. കേരളത്തിന്റെ എല്ലാ മേഖലയിൽ നിന്നും ആളുകളെത്തി. വലിയ വിദ്യാഭ്യാസമുള്ളവരും എത്തിത്തുടങ്ങി. ഉയർന്ന തൊഴിൽ സാഹചര്യങ്ങൾ മലയാളിക്കും ഗൽഫിൽ ലഭിച്ചു തുടങ്ങി.
ഞാൻ ഇവിടെ എത്തിയത് ഹോട്ടൽ ജീവനക്കാരനായി എത്തുന്നത്. മുംബൈയിൽ നിന്ന് 14 പേരുടെ സംഘമായായിരുന്നു യു.എ.ഇയിലേക്കുള്ള യാത്ര. കഷ്ടപ്പാടുകളില്ലാത്ത ഒരു ജീവിതം സ്വപ്നം കണ്ടാണ് ഗൾഫിൽ എത്തുന്നത്. ഹോട്ടൽ ജീവനക്കാരനു ശേഷം വിവിധ തൊഴിലുകൾ ചെയ്തു. പിന്നീട് സ്വന്തമായി എന്തെങ്കിലും ആരംഭിക്കണമെന്ന് തോന്നി. ചിലരുടെ സഹായത്തോടെ ചെറുകിട ബിസിനസ് ആരംഭിച്ചു.
- ആഡ് പ്രിന്റ്
1981-ലാണ് ആഡ് പ്രിന്റ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. ബിസിനസുകാരനാകണം എന്ന മോഹിച്ച് ബിസിനസിലേക്ക് എത്തിയതല്ല. നിലനിൽപ്പിന്റെ പ്രശ്നങ്ങളുടെ ഭാഗമായാണ് ബിസിനസിലേക്കു വരുന്നത്. ഹോട്ടൽ, റെഡിമെയ്ഡ് ഷോപ്പ് എന്നീ ബിസിനസുകളാണ് ആദ്യം തുടങ്ങിയത്. എന്നാൽ, അതൊന്നും ലാഭകരമായിരുന്നില്ല. ഒരിക്കൽ, ലീവിന് നാട്ടിൽ വന്നപ്പോഴാണ് പ്രിന്റിങ് മേഖലയുമായി കൂടുതൽ പരിചയപ്പെടുന്നത്. പ്രിന്റിങ്ങിൽ പ്രവർത്തിക്കുന്ന ചില സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അങ്ങനെയാണ് സ്ക്രീൻ പ്രിന്റിങ് എന്ന ടെക്നോളജി പരിചയപ്പെടുന്നത്. അറിഞ്ഞപ്പോൾ അതിൽ താത്പര്യം തോന്നി. സ്ക്രീൻ പ്രിന്റിങ് ചെയ്യുന്നത് കണ്ടു പഠിച്ചു.
സ്ക്രീൻ പ്രിന്റിങ് യു.എ.ഇയിൽ തുടങ്ങാൻ ആഗ്രഹിച്ചു. അന്ന് ഇക്കാലത്തെപ്പോലെ കംപ്യൂട്ടർ ഡിസൈനിങ് സംവിധാനങ്ങളൊന്നുമില്ല. എല്ലാം മാനുവലായാണ് ചെയ്യുന്നത്. സ്ക്രീൻ പ്രിന്റിങ് കമ്പനി എനിക്ക് കൂടുതൽ ബിസിനസ് അടുപ്പം നേടിത്തന്നു.

അരങ്ങിലെ പെൺകരുത്ത് -ഉഷ ചന്ദ്രബാബു / നിരജ്ഞൻ

”സ്വന്തം വ്യക്തിത്വവും ശക്തിയും തിരിച്ചറിയാത്ത പെണ്ണുങ്ങൾ നാടകത്തിലായാലും ജീവിതത്തിലായാലും മാറ്റി നിർത്തപ്പെടും. ചങ്കുറപ്പും മനസുമുണ്ടെങ്കിൽ ഏത് പെണ്ണിനും ഏത് ആൺകൂട്ടത്തിനു നടുവിലും തല ഉയർത്തി നിൽക്കാം” – പറയുന്നത് ഉഷാ ചന്ദ്രബാബു. ഈവർഷത്തെ സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ ഏറ്റവും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഉഷ ചന്ദ്രബാബുവിന് അരങ്ങ് ആവേശവും ആത്മാവിഷ്കാരത്തിന്റെ വേദിയും മാത്രമല്ല. തീർച്ചയായും സമരായുധമാണ്.
തൃശൂർ ചേലക്കര സ്വദേശി മഞ്ഞനാൽ രാഘവന്റെയും സരോജിനിയുടെയും മൂന്നു പെൺമക്കളിൽ ഇളയവളാണ് ഉഷ എന്ന ഉഷ ചന്ദ്രബാബു. ഒരു നടിയാവുക എന്ന ജന്മനിയോഗത്തിന്റെ പ്രയാണം നാലാമത്തെ വയസിൽ ‘ശിൽപ്പകല’ എന്ന നാടകത്തിലൂടെ ആരംഭിച്ച ഈ അഭിനേത്രി മലയാള നാടകത്തിന് പെൺകരുത്തിന്റെ പുതിയ പാഠങ്ങൾ ചമയ്ക്കുകയാണ്. കെ.ടി. മുഹമ്മദിന്റെയും ഇബ്രാഹിം വെങ്ങരയുടെയും ശിക്ഷണത്തിൽ വളർന്ന ഉഷാ ചന്ദ്രബാബുവിന് സംഗീതനാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം നാലു തവണ കിട്ടിയിട്ടുണ്ട്. കെ.ടി.യുടെ ‘തീക്കനൽ’ ഇബ്രാഹിം വെങ്ങരയുടെ ‘തട്ടകം’ പടനിലം, സ്റ്റേജ് ഇന്ത്യയുടെ ‘ഗുരു’, ക്ഷത്രിയൻ എഴുത്തച്ഛൻ തുടങ്ങി നിരവധി നാടകങ്ങളിൽ വേഷമിട്ട ഉഷാ ചന്ദ്രബാബു തെരുവുനാടകരംഗത്തും ശ്രദ്ധേയയാണ്. പുരുഷൻ കടലുണ്ടിയുടെ അടുക്കള, പെൺപെരുമ, പ്രതീക്ഷയുടെ സൂര്യൻ എന്നിവയിലെ ഒറ്റയാൾ പോരാട്ടം എടുത്തു പറയേണ്ടിയിരിക്കുന്നു. നിരവധി ഫൈൻ ആർട്സ് മത്സരങ്ങളിൽ ഏറ്റവും നല്ല നടിക്കുള്ള അവാർഡും 2004-2005ലും, 2007-08ലും പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടിക്കുള്ള അവാർഡും ലഭിച്ച ഉഷ ഇതിനകം കേരളത്തിനകത്തും ബോംബെ, കോയമ്പത്തൂർ എന്നീ നഗരങ്ങളിലുമടക്കം ആയിരത്തിൽ അധികം വേദികൾ പിന്നിട്ടിട്ടുണ്ട്.
20 വയസ് തികയും മുമ്പ് ചിരന്തനയുടെ ‘തീക്കനലലിലൂടെ പ്രൊഫഷണൽ നാടകവേദിയിലെത്തിയ ഉഷ ഇന്ന് ഉഷ ചന്ദ്രബാബുവാണ്. നാടക അഭിനേതാവായ അച്ഛനോടൊപ്പം ‘ശിൽപ്പശാല’ എന്ന നാടകത്തിലൂടെയണ് ഉഷ ആദ്യമായി അരങ്ങിലെത്തിയതെങ്കിലും വീട്ടിലെ നാടകകാഴ്ചകളിൽ നിന്നും വേറിട്ട് നൃത്തത്തിലേക്ക് ചുവടുമാറിയ ഉഷ നാടക പ്രവർത്തകനായ ചന്ദ്രബാബുവിനെ വിവാഹം ചെയ്തശേഷമാണ് നാടകത്തിൽ സജീവമായത്.
ബാല്യ – കൗമാരങ്ങൾ സ്കൂൾ -കോളേജ് നാടകങ്ങളിലൂടെ ആടി തീർത്ത ഉഷയിൽ അന്നേ നടിയുടെ അനായാസമായ അഭിനയത്തികവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്ങനെയാണ് ഉഷയുടെ ഗുരുനാഥൻ കൂടിയായ പഴയന്നൂർ രവീന്ദ്രൻമാഷ് മുഖാന്തിരം നാടകാചാര്യനായ കെ.ടി.യുടെ കോഴിക്കോട്ടെ നാടക സംഘത്തിലേക്കെത്തുന്നത്. കെ.ടിയുടെ ‘തീക്കനൽ’ എന്ന നാടകത്തിലെ സൈനയുടെ വേഷമിട്ടുകൊണ്ടായിരുന്നു ഉഷയുടെ നാടക യൗവനം ആരംഭിച്ചത്. പിന്നീട് എം.ടിയുടെ ‘ഇരുട്ടിന്റെ ആത്മാവി’ലെ അമ്മുക്കുട്ടി എന്ന കഥാപാത്രമവതരിപ്പിച്ച് പ്രേക്ഷക മനസ് കീഴടക്കി. മണിയറ എന്ന നാടകത്തിലെ അഭിനയത്തിന് ബാലൻ കെ. നായർ അവാർഡും ‘ശങ്കരൻ ശവാസനത്തിലാണ്’ നാടകത്തിന് മികച്ച നടിക്കുള്ള സ്വർണപതക്കവും ഉഷയെ തേടിയെത്തി.

മഹാഗുരുവിലെ കാരുണ്യവാനായ മനഃശാസ്ത്രജ്ഞൻ -സുഗത പ്രമോദ്

ആർക്കും എന്തും തുറന്നു പറയാനുള്ള ഒരു കുമ്പസാരക്കൂടായിരുന്നു ഗുരു നിത്യ ചൈതന്യ യതി. ഒരിക്കൽ, ഞാൻ ഗുരുവിന്റെ അടുത്തിരുന്നു അന്നത്തെ തപാലിൽ വന്ന കത്തുകൾ ഓരോന്നായി വായിച്ചു കൊടുക്കുകയായിരുന്നു. ഓരോ കത്തും പൊട്ടിക്കുമ്പോൾ ഗുരു വാങ്ങി നോക്കും. തീർത്തും വ്യക്തിപരമല്ലാത്തതാണെങ്കിൽ ഉറക്കെ വായിക്കാൻ പറയും.
ഒരു ദിവസം അങ്ങനെ ഒട്ടും പരിചയമില്ലാത്ത ഒരാളുടെ കവർ പൊട്ടിച്ചു നോക്കിയിട്ട് ”ഇതെന്താ മോളേ ലേഖനമോ മറ്റോ ആണെന്ന് തോന്നുന്നു. അഞ്ചെട്ട് പേജുണ്ടല്ലോ. നീ ഇതൊന്ന് വായിച്ചേ…” എന്നു പറഞ്ഞ് എന്റെ കൈയിൽ തന്നു.
അത്യന്തം ക്ഷമയോടെ ആ പേജുകൾ മുഴുവൻ ഞാൻ ഉറക്കെ വായിച്ചു. ഗുരു അതു മുഴുവൻ കേട്ടിരുന്നു. പിന്നെ, ഒരു പോസ്റ്റ് കാർഡ് എടുത്ത് അതിൽ ഇങ്ങനെ എഴുതി. ‘പ്രിയപ്പെട്ട പ്രശാന്ത്…. ഈ കാർഡ് കിട്ടിയാൽ ഉടൻ പുറപ്പെടുക. ഇവിടെ നല്ല തണുപ്പാണ്. അതുകൊണ്ട് കമ്പിളി വസ്ത്രങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതും എടുത്ത് രണ്ടാഴ്ച എന്റെ കൂടെ വന്നു താമസിക്കൂ. ഭക്ഷണവും താമസിക്കാനുള്ള മുറിയും ഞാൻ തരാം.
ഇനി കമ്പിളി വസ്ത്രങ്ങൾ ഇല്ലെങ്കിൽ വിഷമിക്കേണ്ട. അതും നമുക്കു ശരിയാക്കാം. എത്രയും വേഗം പുറപ്പെട്ടോളൂ. സ്നേഹപൂർവ്വം നിത്യ’. ഇത്ര മാത്രം. എഴുതി പോസ്റ്റ് ചെയ്യാൻ കൊടുത്തു.
എനിക്കു ഭയമാണ് തോന്നിയത്. കാരണം ആ കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. ഫൈനൽ ഇയർ ഡിഗ്രിക്കു പഠിക്കുന്ന ഒരു യുവാവിന് അയാളെ നൊന്തു പെറ്റ അമ്മയോടു കാമം തോന്നുന്നു. ഒരു മകന്റെ ധാർമികതയിൽ അയാൾ സ്വയം നിയന്ത്രിച്ച് നിയന്ത്രിച്ച് പൊട്ടിത്തകരുമെന്ന അവസ്ഥയായപ്പോൾ എന്തും വരട്ടെ എന്നു കരുതി അയാൾ ധൈര്യപൂർവം തുറന്നു പറയാൻ കണ്ടെത്തിയതാണ് നിത്യ ഗുരുവിനെ. അമ്മയോടുള്ള അചഞ്ചലമായ സ്നേഹവും ആദരവും ഉള്ളു നിറയെ തുളുമ്പുമ്പോഴും അമ്മ അടുത്തു വരുമ്പോൾ അവൻ വല്ലാതാകും.

വിജയത്തേരിൽ മൂവർ സംഘംവൈഗാ ലക്ഷ്മി


സാർത്ഥകമീ ജീവിതം എം.കെ. സജീവൻ / സഫറുള്ള പാലപ്പെട്ടി


റോൺസിന്റെ അയേൺമാൻ ജോസഫ് ജോൺ / ബിനു കുര്യൻ

