Festivals

You Are Here: Home / Archives / Category / Festivals

സാഹോദര്യത്തിന്റെ റമസാന്‍ നിലാവ്
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ / പി. ടി. ബിനു

Categories:
റമസാന്‍, ആത്മപരിശോധനയുടെ മാസം കൂടിയാണ്. മഹാനന്മകളും മാനുഷികമൂല്യങ്ങളും പരിശോധിക്കപ്പെടുന്ന പരിശുദ്ധിയുടെ ദിനരാത്രങ്ങള്‍. ആത്മീയരംഗത്തും രാഷ്ട്രീയരംഗത്തും പ്രവര്‍ത്തിക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ റമസാന്‍റെ വിശുദ്ധിയും സ്മരണകളും ‘ ഞാന്‍ മലയാളി’യുടെ വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു * റമസാന്‍ നല്‍കുന്ന സന്ദേശം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വയം സമര്‍പ്പിക്കുന്ന സത്യവിശ്വാസിയുടെ ജീവിതം ക്ഷമയും സഹനവും സഹിഷ്ണുതയും ത്യാഗസന്നദ്ധതയുമുള്ളതായിരിക്കണമെന്നാണ് വിശുദ്ധ റമസാന്‍ നല്‍കുന്ന പാഠം. വിശപ്പും ദാഹവും അതിന്‍റെ കാഠിന്യത്തോടെത്തന്നെ അനുഭവിച്ചറിയുന്നു. ദേഹേച്ഛകള്‍ നിയന്ത്രിക്കപ്പെടുന്നു. പട്ടിണി കിടന്നാല്‍ മാത്രം പോരാ, വാക്കും പ്രവൃത്തിയും മനസിലെ ചിന്തകള്‍ പോലും സംശുദ്ധമായിരിക്കണം. ആരാധനാകാര്യങ്ങളില്‍ സൂക്ഷമതയും കൃത്യതയും പുലര്‍ത്തണം. അധികതോതിലുള്ള ദാനധര്‍മങ്ങള്‍കൊണ്ടു ജീവിതവും സമ്പാദ്യവും ശുദ്ധീകരിക്കണം. അപ്പോള്‍ മറ്റുള്ളവരുടെ വിശപ്പും സാമ്പത്തിക പ്രയാസങ്ങളുമെല്ലാം തൊട്ടറിയുന്ന രാജാവും പ്രജയും ധനാഢ്യനും ദരിദ്രനും വ്യത്യാസമില്ലാതെ തൊട്ടുരുമ്മി ചുമലൊത്തുനില്‍ക്കുന്നു. നമസ്കാരത്തിന്‍റെയും മനസിന്‍റെ ചാഞ്ചാട്ടങ്ങള്‍ക്കുപോലും കടിഞ്ഞാണിടുന്ന റമസാന്‍ ദിനരാത്രങ്ങളുടെ പരിശീലനം ഒരു ആയുസ് മുഴുവന്‍ ചിട്ടപ്പെടുത്തുന്ന സമത്വ, സാഹോദര്യബോധത്തിന്‍റേതാണ്. മനുഷ്യന്‍ മനുഷ്യനുമേല്‍ ആധിപത്യം സ്ഥാപിക്കാനോ അതിക്രമം നടത്താനോ തുനിയുന്നതു മതത്തിന്‍റെ താത്പര്യമല്ല. ഭക്ഷണവും ധനവും സ്വാതന്ത്ര്യവും നിഷേധിക്കുകയല്ല, പങ്കുവയ്ക്കുകയാണു വേണ്ടതെന്ന് റമസാന്‍ ലോകസമൂഹത്തെ ഉദ്ബോധിപ്പിക്കുന്നു. * കൊടപ്പനക്കല്‍ തറവാട്ടിലെ നോമ്പുകാലം കുട്ടിക്കാലത്ത് ബാപ്പയോടൊപ്പമായിരുന്നു നോമ്പുതുറ. ആരെങ്കിലുമൊക്കെ അതിഥികളുണ്ടാകും. അതിഥികളെന്നുവച്ചാല്‍ പ്രധാനമായും വീട്ടില്‍വന്നുകയറുന്ന വഴിയാത്രക്കാര്‍. അന്നൊക്കെ ദൂരസ്ഥലങ്ങളിലേക്കു നടന്നുപോകുന്നവരാണല്ലോ അധികവും. നോമ്പുതുറക്കാന്‍ നേരം വീട്ടുമുറ്റത്തോ പടിപ്പുരയിലോ ആരെങ്കിലുമുണ്ടെങ്കില്‍ വിളിക്കാന്‍ ബാപ്പ പറയും. ബാപ്പയോടൊപ്പം പള്ളിയില്‍ പോകും. 1975ല്‍ ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മരണപ്പെട്ടു. മുസ്ലിം ലീഗിന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്നു അദ്ദേഹം. പിന്നീട്, ആ സ്ഥാനത്ത് ജ്യേഷ്ഠന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വന്നു. * കുട്ടിക്കാലത്തെ റമസാന്‍, പെരുന്നാള്‍ റമസാന്‍, പെരുന്നാള്‍ ഓര്‍മകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മാസമുറപ്പിക്കുന്ന ദിവസം. ചന്ദ്രമാസപ്പിറവി കണ്ടാലോ അല്ലെങ്കില്‍ നിലവിലുള്ള മാസം 30 തികഞ്ഞാലോ ആണ് നോമ്പോ പെരുന്നാളോ ഉറപ്പിക്കുന്നത്. ബാപ്പയും തുടര്‍ന്ന്, സഹോദരډാരെല്ലാം നിരവധി മഹല്ലുകളുടെ ഖാസിമാരായിരുന്നു. അതുകൊണ്ട് റമസാന്‍വ്രതം, പെരുന്നാള്‍ എന്നിവ ഖാസി ഉറപ്പിക്കണം. അതിനായി പലദിക്കില്‍നിന്നും സന്ധ്യയോടെ ആളുകള്‍ എത്തിത്തുടങ്ങും. ഏതെങ്കിലും ദേശത്തു മാസപ്പിറവി കണ്ടതായി അറിയുമ്പോഴേക്കും അര്‍ധരാത്രിയായിട്ടുണ്ടാകും. ഫോണില്ലാത്ത കാലത്ത് ആളുകള്‍ വാഹനം വിളിച്ചുവന്നാണു വിവരം നല്‍കുക. ഇന്നിപ്പോള്‍ ഫോണ്‍ സംവിധാനങ്ങളായി. കാര്യങ്ങള്‍ തത്സമയം അറിയാന്‍ കഴിയും. മാസപ്പിറവി ഉറപ്പിച്ചുകഴിഞ്ഞാല്‍ ഖാസി പദവി വഹിക്കുന്ന മഹല്ലുകളിലേക്കു കത്തുകളെഴുതണം. ആ ജോലി ഞങ്ങള്‍ കുട്ടികളായിരുന്നു ബാപ്പയുടെ കാലത്തു ചെയ്തിരുന്നത്. പിന്നീട്, സഹായിക്കാന്‍ പുതുതലമുറവന്നു.

നോമ്പിന്റെ സുവിശേഷങ്ങള്‍
സത്യന്‍ അന്തിക്കാട്

Categories:
ഇല്ലാത്തവനും ഉള്ളവനും ഒരേപാതയില്‍ സഞ്ചരിക്കുന്ന മാസമാണ് റംസാനെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. റംസാന്‍ മാസം തീരുന്നതോടെ മനുഷ്യന്‍ സ്വയം ശുദ്ധീകരിക്കപ്പെടുന്നു. മാനസികമായും, ശാരീരികമായും. അതുകൊണ്ടുതന്നെ നോമ്പുകാലവും റംസാനുമൊക്കെ എനിക്കിഷ്ടമാണ്. ഒരു നോമ്പുകാലത്താണ് ‘സന്മനസുള്ളവര്‍ക്കു സമാധാന’ത്തിന്‍റെയും ‘പട്ടണപ്രവേശ’ത്തിന്‍റെയും തിരക്കഥ രചിക്കുന്നത്. ഞാനും ശ്രീനിവാസനും അക്കാലത്ത് എറണാകുളം ഭാരത് ടൂറിസ്റ്റ്ഹോമിലായിരുന്നു താമസം. രണ്ടു സിനിമകളുടെയും നിര്‍മാതാവ് സിയാദ് കോക്കറാണ്. നോമ്പു തീരുന്നതു വരെ വൈകിട്ട് സിയാദ് ഞങ്ങളെ നോമ്പുതുറക്കാന്‍ വിളിക്കും. അക്കാലത്ത് വൈകിട്ട് ആറു മുതല്‍ ഏഴുവരെ തിരക്കഥാരചനയ്ക്ക് ഇടവേളയാണ്. സിയാദിന്‍റെ വീട്ടിലെത്തി ഈന്തപ്പഴവും പലഹാരവും കഴിച്ച് നോമ്പുമുറിക്കാന്‍ കൂടുമ്പോഴും ദിവ്യമായ ഒരനുഭൂതിയായിരുന്നു മനസില്‍. നോമ്പിന് മതപരമായ ചേരിതിരിവില്ലെന്നതിന്‍റെ ഉദാഹരണമാണ് സമൂഹനോമ്പുതുറകള്‍. ഇപ്പോള്‍ ഇഷ്ടംപോലെ സമൂഹ നോമ്പുതുറകള്‍ എല്ലായിടത്തുമുണ്ട്. ഒരുമയുടെ സന്ദേശമാണ് അതു നല്‍കുന്നത്. നോമ്പുകാലമായാല്‍ ഒരുപാടു സുഹൃത്തുക്കള്‍ വിളിക്കാറുണ്ട്. പലപ്പോഴും തിരക്കു കാരണം പോകാന്‍ പറ്റാറില്ല. ദിവസവും അഞ്ചുനേരം നിസ്കരിക്കുന്ന ഒരു സൂപ്പര്‍സ്റ്റാറുണ്ടല്ലോ നമുക്ക്. മമ്മൂട്ടി. നോമ്പ് കൃത്യമായി പാലിക്കുന്നയാള്‍. ഒരു നോമ്പുകാലത്ത് ഞാനുമുണ്ടായിരുന്നു മമ്മൂട്ടിയുടെ കൂടെ. ഏതോ ലൊക്കേഷനില്‍ വൈകിട്ട് കാണാന്‍ ചെന്നതായിരുന്നു ഞാന്‍. സംസാരിച്ചിട്ടു പോകാന്‍ തുടങ്ങുമ്പോള്‍ മമ്മൂട്ടി പറഞ്ഞു: “നോമ്പുകാലമാണ്. വൈകിട്ട് നോമ്പു മുറിച്ചിട്ടേ പോകാവൂ.”

നോമ്പ് പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നു
അനൂപ് ചന്ദ്രന്‍

Categories:
കുട്ടിക്കാലം മുതലേ നോമ്പിനെക്കുറിച്ചും റംസാനെക്കുറിച്ചും കേട്ടിട്ടുണ്ട്. അന്നു മുതല്‍ തുടങ്ങിയതാണ് അറിയാനുള്ള ആഗ്രഹം. ലോകത്താകമാനമുള്ള മനുഷ്യര്‍ വര്‍ഷങ്ങളായി അനുഷ്ഠിക്കുന്നതാണ് നോമ്പ്. പക്ഷേ, നോമ്പ് എടുക്കാന്‍ പറ്റിയിട്ടില്ല. ഒരു നോമ്പുകാലത്തായിരുന്നു ‘ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസി’ന്‍റെ ചിത്രീകരണം. അവിടെ, മമ്മൂക്കയും അബുസലീമുമൊക്കെയുണ്ട്. അവര്‍ റംസാന്‍വ്രതത്തിലായിരുന്നു. ബ്രേക്കില്‍ ഞങ്ങള്‍ സംസാരിച്ചത് നോമ്പിനെക്കുറിച്ചായിരുന്നു. “എടാ, ഇത്തവണ ഒരാഴ്ചത്തേക്ക് നോമ്പു പിടിയെടാ. നമ്മളാരാണെന്ന് നമുക്കുതന്നെ ബോധ്യം വരും.” അബുക്ക പറഞ്ഞപ്പോള്‍ അനുസരിച്ചു. ജീവിതത്തില്‍ ആദ്യമായാണു നോമ്പെടുക്കുന്നത്. അത്രയും കാലം ഒരു ദിവസത്തെ വ്രതം പോലുമെടുത്തിട്ടില്ല. നോമ്പ് എന്താണെന്നറിയാനുള്ള ശ്രമമായിരുന്നു എന്‍റേത്.

കുറ്റിച്ചിറയിലെ നോമ്പുകാലം
സി.കെ. അബ്ദുള്‍ നൂര്‍

Categories:
കിഴക്കന്‍ചക്രവാളത്തില്‍ റംസാന്‍ചന്ദ്രിക മിന്നിയാല്‍ പിന്നെ ചരിത്രമുറങ്ങുന്ന കുറ്റിച്ചിറയും പരിസരങ്ങളും തിരക്കിലാണ്. നോമ്പുകാലത്ത് ഇവിടെയെത്തുന്നവരെ സ്വീകരിച്ചിരുത്തി പരിപാലിക്കുന്ന കുറ്റിച്ചിറയുടെ പാരമ്പര്യത്തിന് കോഴിക്കോടന്‍ പൈതൃക പെരുമയുടെ പിന്‍ബലവുമുണ്ട്. റംസാന്‍ വ്രതമായാല്‍ കുറ്റിച്ചിറക്കാര്‍ക്ക് ഉറക്കമുണ്ടാകില്ല. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു നോമ്പു കാലത്ത് ഇവിടെയെത്തുന്നവര്‍ക്ക് ഒരു പുതുമയെങ്കിലും നല്‍കാനുള്ള ഒരുക്കത്തിലാകും ഇവിടെത്തുകാര്‍. നോമ്പുതുറയ്ക്കായി കോഴിക്കോടന്‍ രുചിവൈഭവങ്ങളും തനിമയും വിളിച്ചോതുന്ന വിഭവങ്ങളൊരുക്കി കുറ്റിച്ചിറ സമ്പന്നമാകും. സാമൂതിരി ഭരണത്തിലും പടയോട്ടക്കാലത്തും തുടങ്ങിയ കുറ്റിച്ചിറയുടെ മതസൗഹാര്‍ദ്ദത്തിന്‍റെ സഞ്ചാരപഥം തലമുറകളില്‍ നിന്നു തലമുറകളിലേക്കു കൈമാറി മുന്നേറുകയാണ്. സാമൂതിരി ഭരണത്തിന്‍റെ അടയാളമായി ഒരേക്കര്‍ വിസ്താരമുള്ള ചിറ. സമീപത്തായി ചരിത്രത്തിന്‍റെ ഏടുകള്‍ വിശ്രമിക്കുന്ന മിശ്ക്കാല്‍ പള്ളിയും ജുമാഅത്ത് പള്ളിയും. പ്രദേശം നാമം വിശാലമായ ചിറയ്ക്കു ചാര്‍ത്തി നല്‍കിയതോടെ കുറ്റിച്ചിറയുടെ മഹിമ വിദേശികളും സ്വദേശികളും ഏറ്റുപാടി. കോഴിക്കോടന്‍ സംസ്കാരത്തിനും സൗഹാര്‍ദ്ദത്തിനും സാഹിത്യത്തിനും സംഗീതത്തിനും ലഭിച്ച മേډയ്ക്കും സ്വീകാര്യതയ്ക്കും കുറ്റിച്ചിറയുടെ പങ്ക് അനിര്‍വചനീയമാണ്.