Next-gen Mahindra Scorpio പി.കെ.ബി.

നിരത്തുകളിൽ ഇതിഹാസമെഴുതിയ മഹീന്ദ്ര സ്കോർപിയോ വീണ്ടുമെത്തുന്നു. ലുക്കിലും കരുത്തിലും മുന്നിട്ടുനിൽക്കുന്ന നെക്സ്റ്റ്-ജെൻ മഹീന്ദ്ര സ്കോർപിയോ അടുത്തവർഷം വിപണിയിലെത്തും
നിരത്തുകളിൽ ഇതിഹാസമെഴുതിയ മഹീന്ദ്രയുടെ ജനപ്രിയ മോഡൽ സ്കോർപിയോ വീണ്ടുമെത്തുന്നു. ഓൺറോഡിലും ഓഫ് റോഡിലും കരുത്തുതെളിയിച്ച് വാഹനപ്രേമികളുടെ ഇഷ്ടവാഹനമായി മാറിയ സ്കോർപിയോ. സ്കോർപിയോയുടെ പുതുതലമുറ പുറത്തിറക്കാൻ തയാറെടുക്കുകയാണ് മഹീന്ദ്ര. നിരവധി പുതുമകളോടെയും സവിശേഷതകളോടെയുമാണ് നെക്സ്റ്റ്-ജെൻ മഹീന്ദ്ര സ്കോർപിയോ നിരത്തിലിറങ്ങുന്നത്. സ്കോർപിയോയുടെ ടെസ്റ്റ് ഡ്രൈവ് പൂർത്തിയായതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
സ്കോർപിയോയുടെ ലുക്ക് നിരത്തിലിറങ്ങുമ്പോൾ അതുവരെയുണ്ടായിരുന്ന വാഹനങ്ങളെ ഏറെ പിന്തുള്ളന്നതായിരുന്നു. പുതുതലമുറ സ്കോർപിയോയും രൂപഭംഗിയിൽ ഒട്ടും പിന്നിലല്ല. പുത്തൻ ലുക്ക് മാത്രമല്ല, പുത്തൻ എൻജിനും നെക്സ്റ്റ്-ജെൻ മഹീന്ദ്ര സ്കോർപിയോയുടെ പ്രത്യേകതയാണ്.

TATA Altroz -പി.കെ.ബി

ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ് കരസ്ഥമാക്കിയ ടാറ്റയുടെ പുതിയ ഹാച്ച്ബാക്ക് അൾട്രോസ് നിരത്തിലിറങ്ങി. വൻ ബുക്കിങ് ആണ് വാഹനത്തിനു ലഭിക്കുന്നത്. ആകർഷങ്ങളായ ഓഫറുകളും കമ്പനി നൽകുന്നു. നിരത്തിലിറങ്ങുന്നതിനു മുമ്പുതന്നെ ടാറ്റയുടെ ആൾട്രോസ് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ് കരസ്ഥമാക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വാഹനമെന്ന ഖ്യാതിയും അൾട്രോസിനാണ്. ടാറ്റയുടെ നെക്സോൺ കോംപാക്ട് എസ്.യു.വി ആയിരുന്നു ഫൈവ് സ്റ്റാർ റേറ്റിങ് കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യ വാഹനവും. മുൻവശം, വശങ്ങൾ ഉൾപ്പെടെ ഗ്ലോബൽ എൻ-ക്യാപ് ക്രാഷ് ടെസ്റ്റുകളിലൂടെ അൾട്രോസിന്റെ ഘടനയും സുരക്ഷയും വിലയിരുത്തി. കുട്ടികളുടെ സുരക്ഷയിൽ ഈ വാഹനത്തിന് ത്രീ സ്റ്റാർ റേറ്റിങ് ഉണ്ട്.
ഡ്യുവൽ എയർബാഗ്, സ്പീഡ് സെൻസിങ് ഓട്ടോ ഡോർ ലോക്ക്, എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇബിഡി, ചൈൽഡ് ലോക്ക്, സെൻട്രൽ ലോക്ക്, കോർണർ ലൈറ്റ്, ഇമ്മോബിലൈസർ, റിയർ ഡിഫോഗർ, പെരിമെട്രിക് അലാറം സിസ്റ്റം എന്നിവ ടാറ്റയുടെ അൾട്രോസിന് സുരക്ഷയൊരുക്കുന്നു.

S PRESSO – പി.കെ.ബി

ഇന്ത്യൻ നിരത്തുകളുടെ പ്രിയ താരമാകാൻ മാരുതി സുസുക്കിയുടെ കുഞ്ഞൻ എസ്യുവി രംഗത്തെത്തി. 2018 ഓട്ടോ എക്സ്പോയിൽ ആദ്യമായി അവതരിപ്പിച്ച ഫ്യൂച്ചർ എസ് കൺസെപ്റ്റ് കാറിന്റെ പ്രൊഡക്ഷൻ പതിപ്പാണ് എസ് പ്രെസോ. വാഹനത്തിന്റെ സ്റ്റൈലും വിലയുമാണ് ഏറ്റവും ആകർഷണീയമായ ഘടകം. വാഹന പ്രേമികൾക്ക് എസ്യുവി മോഡലുകളോടുള്ള പ്രിയം വളരെ കൂടുതലാണ്. എസ് പ്രെസോ നിരത്തിലിറങ്ങി ദിവസങ്ങൾക്കുള്ളിൽ ബുക്കിങ് പതിനായിരം കടന്നു.
യുവാക്കളെ ആകർഷിക്കുന്ന മോഡലായ എസ് പ്രെസോയ്ക്ക് ഈ സെഗ്മെന്റിൽ ലഭ്യമായവയിൽ മികച്ച സുരക്ഷയാണ് മാരുതി ഒരുക്കിയിരിക്കുന്നത്. എബിഎസ് വിത്ത് ഇബിഡി, എയർബാഗ് തുടങ്ങി പത്തിലധികം സുരക്ഷാ സംവിധാനങ്ങൾ കമ്പനി ഒരുക്കിയിരിക്കുന്നു. മികച്ച സീറ്റുകൾ, സെഗ്മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകൾ എസ് പ്രെസോയ്ക്കുണ്ട്. എസ്യുവി സ്റ്റൈൽ വേണ്ടുവോളമുള്ള എസ് പ്രെസോയുടെ മുൻഭാഗവും പിൻ ഭാഗവും ഏറെ ബോൾഡാണ്. എസ്യുവി ലുക്കിനു വേണ്ടി മസ്കുലറായ വീൽ ആർച്ച്, ഉയർന്ന ബോണറ്റ്, വലിപ്പമുള്ള ബംപറുകൾ, സ്കഫ് പ്ലേറ്റുകൾ ഒരുക്കിയിരിക്കുന്നു. ഇന്റീരിയറിന്റെ ഭംഗി എടുത്തു പറയേണ്ടതാണ്. സ്റ്റൈലിഷായ ഡ്യുവൽ ടോൺ ഇന്റീരിയർ വാഹനത്തിനു നൽകിയിരിക്കുന്നു.
68 എച്ച്പിയും 90 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ആൾട്ടോ കെ 10 ന്റെ എൻജിനാണ് എസ് പ്രെസോയ്ക്കും കരുത്തു നൽകുന്നത്. അഞ്ച് സ്പീഡ് മാനുവൽ, എജിഎസ് ഗിയർബോക്സുകളിൽ എസ് പ്രെസോ വിപണിയിൽ ലഭിക്കും. ലിറ്ററിന് 21.7 കി.മീ. മൈലേജ് മാരുതി വാഗ്ദാനം ചെയ്യുന്നു.

MAHINDRA XUV 300 -അമൽ കെ. ജോബി

പ്രമുഖ ഇന്ത്യൻ വാഹന നിർമാതാക്കൾ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് യൂട്ടിലിറ്റി വെഹിക്കിൾ സെഗ്മെന്റിൽ പുതിയ കോംപാക്റ്റ് സ്പോർട്സ് യൂട്ടിലിറ്റി (കോംപാക്റ്റ് എക്സ്യുവി) വാഹനമായ എക്സ്യുവി 300 വിപണിയിലിറക്കി. ഇന്ത്യൻ നിരത്തുകൾക്കു പ്രിയപ്പെട്ട വാഹനമായി മാറുന്നു ഈ ചെറു എക്സ്യുവി. അഞ്ചു പേർക്കു സുഖമായി യാത്ര ചെയ്യാം.
മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്യോങിന്റെ ചെറു എസ്യുവി ടിവോളിയെ അടിസ്ഥാനമാക്കിയാണ് എക്സ്യുവി നിർമിച്ചിരിക്കുന്നത്. സാങ് യോങ് അമ്പതിലധികം രാജ്യങ്ങളിലായി 2.6 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച ടിവോളിയുടെ പ്ലാറ്റ്ഫോം പങ്കുവച്ചുകൊണ്ടാണ് ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ വിഭാഗത്തിലുമുള്ള വാഹനപ്രേമികൾക്ക് ആവേശം പകരുന്നതാണ് എക്സ്യുവി 300.
കൂടുതൽ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, നവീകരിച്ച സസ്പെൻഷൻ, സ്റ്റിയറിങ് സംവിധാനങ്ങൾ എന്നിവയുള്ള ഈ വാഹനം ഏഴ് എയർ ബാഗുകളുള്ള ഇന്ത്യയിലെ ഒരേയൊരു കോംപാക്റ്റ് എക്സ്യുവിയാണ്. ഉന്നത ഗുണനിലവാരവും നവീനമായ ഒരു വാഹനാനുഭവവുമാണ് എക്സ്യുവി 300-ലൂടെ മഹീന്ദ്ര നൽകുന്നത്. ബോഡി ഘടകങ്ങളും രൂപകൽപ്പനയുമെല്ലാം ടിവോളിയിൽ അടിസ്ഥാനമാക്കിയാണെങ്കിലും ഇന്ത്യൻ സാഹചര്യങ്ങൾക്കായി വാഹനത്തിന്റെ സസ്പെൻഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എംപിവിയായ മറാസോയിൽ അരങ്ങേറിയ 1.5 ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ എൻജിനാവും എക്സ്യുവി 300-നും കരുത്തുപകരുന്നത്. കോംപാക്ട് എസ്യുവിയിലെത്തുമ്പോൾ ഈ ഡീസൽ എൻജിൻ 300 എൻഎം ടോർക്ക് സൃഷ്ടിക്കും.

Mahindra Marazzo -അമൽ കെ. ജോബി

മഹീന്ദ്ര മറാസോ മൾട്ടി പർപ്പസ് വാഹനം ഉപഭോക്താക്കളുടെ മനം കീഴടക്കി. എം2, എം4, എം6, എം8 എന്നീ നാല് വേരിയന്റുകളിൽ ഓൾ-ന്യൂ മഹീന്ദ്ര മറാസോ എംപിവി ലഭിക്കുക. 9.99 ലക്ഷം രൂപ മുതൽ 13.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഇന്ത്യ എക്സ് ഷോറൂം വില. മഹീന്ദ്രയുടെ പൂർണമായും പുതിയ മോഡലാണ് മറാസോ. മഹീന്ദ്രയുടെ ഇന്ത്യയിലെ ഫ്ളാഗ്ഷിപ്പ് മോഡലും ഇനി മറാസോ തന്നെ. എംപിവി സെഗ്മെന്റിൽ ലീഡറായി വിലസുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്സ എന്നിവയാണ് മഹീന്ദ്ര മറാസോയുടെ എതിരാളികൾ. മാരുതി സുസുകി എർട്ടിഗയും ഒന്നു കരുതിയിരിക്കുന്നത് നന്ന്.
പുതിയ 1.5 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എൻജിനാണ് മഹീന്ദ്ര മറാസോ മൾട്ടി പർപ്പസ് വാഹനത്തിന് കരുത്തേകുന്നത്. 120 ബിഎച്ച്പി പരമാവധി പവറും 300 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കും വിധം എൻജിൻ ട്യൂൺ ചെയ്തിരിക്കുന്നു. എൻജിനുമായി 6 സ്പീഡ് മാന്വൽ ഗിയർബോക്സ് ചേർത്തുവച്ചു. ഓട്ടോമാറ്റിക് ട്രാൻസ്മിഷനെക്കുറിച്ച് തത്ക്കാലം മഹീന്ദ്ര ഒന്നും പറയുന്നില്ല. മറാസോയുടെ പെട്രോൾ എൻജിൻ വേർഷന്റെ പണിപ്പുരയിലാണ് മഹീന്ദ്ര. പിന്നീട് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.
മഹീന്ദ്ര വാഹനങ്ങളിൽ ഏറ്റവുമധികം ഫൂട്ട്പ്രിന്റുള്ള മോഡലാണ് മറാസോ. വലിയ അളവുകളും അഗ്രസീവ് സ്റ്റൈലിംഗുമാണ് മറാസോയുടെ പ്രത്യേകത. സ്രാവിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണ് മഹീന്ദ്ര മറാസോയുടെ സ്റ്റൈലിങ്. സ്റ്റൈലിഷ് എന്ന് വിശേഷിപ്പിക്കാവുന്ന ക്രോം ടൂത്ത് ഗ്രിൽ, പൈലറ്റ് ലൈറ്റുകൾ സഹിതം ഡബിൾ ബാരൽ ഹെഡ്ലാംപുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, കണ്ണിന്റെ ആകൃതിയുള്ള ഫോഗ് ലാംപുകൾ എന്നിവ മൾട്ടി പർപ്പസ് വാഹനത്തിന്റെ വിശേഷങ്ങളാണ്. 17 ഇഞ്ച് അലോയ് വീലുകൾ, വലിയ പുറം കണ്ണാടികൾ, സ്രാവിന്റെ വാലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ടെയ്ൽലാംപുകൾ, ടെയ്ൽലാംപുകളെ ബന്ധിപ്പിച്ച് തടിച്ച ക്രോം സ്ലാറ്റ് എന്നിവയും ഫീച്ചറുകൾ തന്നെ.

രാജകീയം മഹീന്ദ്ര അള്ട്യുറാസ് ജി4അമല് കെ. ജോബി

