ബാലൻ സ്വാമിയെന്ന കുമ്പളം ബാലകൃഷ്ണൻ എമ്പ്രാന്തിരി സാമൂഹ്യസേവനത്തിൽ മാതൃകയാകുന്നു

നിരവധി മെഡിക്കൽ ക്യാംപുകളും സഹായ പദ്ധതികളും നടപ്പാക്കി. പ്രളയത്തിൽ ദുരിതമനുഭവിച്ച 600-ാളം കുടുംബങ്ങൾക്കു വീട്ടുപകരണങ്ങളടക്കമുള്ള സഹായങ്ങൾ നൽകി

‘അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം’ എന്ന നാരായണ ഗുരുദേവ വചനങ്ങളെ പ്രവർത്തിപഥത്തിലെത്തിക്കുകയാണ് കരുണ വറ്റാത്ത മനസിനുടമയായ ബാലൻ സ്വാമിയെന്ന കുമ്പളം ബാലകൃഷ്ണൻ എമ്പ്രാന്തിരി. അച്ഛൻ വെട്ടിത്തെളിച്ച കാരുണ്യത്തിന്റെ പാതയിലൂടെ ഒറ്റയ്ക്കു നടന്നുനീങ്ങാൻ കരുത്തേകിയതു പ്രാർത്ഥനകൾ മാത്രമായിരുന്നു. നിർദ്ധനരെ തന്നാലാവുംവിധം സഹായിക്കണമെന്ന ആഗ്രഹം വളരെ നാളുകൾക്കു മുന്നേ മനസിലുറച്ചതാണ്. അതു പ്രാവർത്തികമാക്കാൻ ഏറെ കഷ്ടപ്പെടേണ്ടി വന്നു, ബാലൻ സ്വാമിക്ക്. ആദൃമൊക്കെ തന്നാൽ കഴിയുന്ന രീതിയിലുള്ള സഹായങ്ങളാണ് ചെയ്തുപോന്നത്. താൻ ചെയ്യുന്നത് മറ്റാരും അറിയരുതെന്നായിരു ആഗ്രഹം. എന്നാൽ ഒരാൾ ഒറ്റയ്ക്കു ചെയ്യുന്നതിനു പരിമിതിയുണ്ടല്ലോ. കുറച്ചു പേരെ കൂടെ കൂട്ടിയാൽ നൽകുന്ന സഹായത്തിന്റെ എണ്ണം കൂട്ടാമല്ലോയെന്ന ആലോചനയ്‌ക്കൊടുവിൽ സമാന ചിന്താഗതിക്കാരായ മറ്റുചിലരെയും കൂടെച്ചേർത്ത് ഒരു സംഘടന രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.

വളരെ നാളായി മനസിൽ കൊണ്ടുനടന്ന ഒരാഗ്രഹമായിരുന്നു, സാമ്പത്തികമായി ഏറെ പിന്നിലായ ഒരു കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കണമെന്നത്. സംഘടനയിൽ ഇക്കാര്യം ചർച്ച ചെയ്തു. അംഗങ്ങളെല്ലാവരും ഒറ്റക്കെട്ടായി സ്വാമിയുടെ ആവശ്യത്തെ സ്വഗതം ചെയ്തു.
ആയിടയ്ക്ക് സംഘടനയുടെ നേതൃത്വത്തിൽ ഒരു ഭാഗവത സപ്താഹ യജ്ഞം നടത്താനിടയായി. ക്ഷേത്രങ്ങളിൽ നടത്തുന്ന സപ്താഹങ്ങളെക്കാൾ ഉണ്ടായ ജനപങ്കാളിത്തം ജനശ്രദ്ധ പിടിച്ചുപറ്റി. അതിൽ നിന്നു ലഭിച്ച ദക്ഷിണയുടെ ഒരു ഭാഗം സേവന പ്രവർത്തനങ്ങൾക്കായി നീക്കിവച്ചു.

സപ്താഹത്തിലെ രുഗ്മിണീ സ്വയംവര നാളിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. അതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഒരു സുഹൃത്ത് ഏഴു പവൻ സ്വർണം ഈ മംഗല്യനിധിയിലേക്കു വാഗ്ദാനം ചെയ്തു. അതോടൊപ്പം മറ്റു ചിലർ കൂടി ഒപ്പം കൂടിയതോടെ ഒന്നിനു പകരം മൂന്നു കുട്ടികളുടെ വിവാഹം നടത്താമെന്നു തീരുമാനിച്ചു. ഒരു കുട്ടിക്ക് പത്ത് പവൻ സ്വർണവും വിവാഹച്ചിലവുകളുമാണ് ഒരുക്കേണ്ടിയിരുന്നത്. ഇതിനായി ഒരു വിളമ്പരം നടത്തി. അതിലൂടെ ലഭിച്ച 17 അപേക്ഷകളിൽ നിന്ന് അർഹരായ മൂന്നുപേരെ നറുക്കെടുപ്പിലൂടെ കണ്ടെത്തി. ഇവർ മൂന്നു പേരും രുഗ്മിണീസ്വയംവര ദിനത്തിൽത്തന്നെ വിവാഹിതരാവുകയും ഇന്നു സന്തോഷകരമായ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു.

അടുത്ത തവണ നിർദ്ധനരായ രോഗികൾക്കായി ചികിത്സാസഹായം ചെയ്തു കൊണ്ടാണ് സ്വാമി തന്റെ സേവന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം തുടങ്ങി വച്ചത്. സംഘടനയുടെ അംഗീകാരവും ലഭ്യമായതോടെ അംഗങ്ങൾ കർമനിരതരായി. അക്കുറി പത്ത് രോഗികൾക്ക് 25,000 രൂപ വീതം സഹായ ധനം നൽകാനായിരുന്നു തീരുമാനം. ഇതിനായി 67 അപേക്ഷകൾ ലഭിച്ചു. വിവര ശേഖരണം നടത്തി അടിയന്തിര വൈദ്യസഹായം ആവശ്യമായ 45 പേരെ കണ്ടെത്തി. പത്ത് പേർക്കാണ് നൽകാൻ ഉദ്ദേശിച്ചതെങ്കിലും ബാക്കിയുള്ള 35 പേരേയും ഒഴിവാക്കാനാവാത്തതു വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. രോഗതീവ്രതയുടെ അടിസ്ഥാനത്തിൽ തുക വിഭജിച്ചു നൽകിയാണ് അന്നു പ്രശ്‌നം പരിഹരിച്ചത്. ചികിത്സാ സഹായ പദ്ധതി സംഘടനയെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാക്കിയതോടെ പ്രവർത്തനം ഏറെക്കുറേ മന്ദീഭവിച്ചു.

subscribe