ഓർക്കുമ്പോൾ കൗതുകവും സന്തോഷവുമാണ് ജി.കെ. പിള്ള എന്ന വലിയ നടൻ. 36 വർഷങ്ങൾക്കു മുമ്പ് ഉദയായുടെ ‘സഞ്ചാരി’ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച അനുഭവം മാത്രമേ അദ്ദേഹവുമായി എനിക്കുള്ളൂ. എങ്കിലും ചില അനുഭവങ്ങൾ എത്രകാലം ജീവിച്ചാലും വളരെ ആഴത്തിൽ നമ്മളെ സ്പർശിച്ചുകൊണ്ടേയിരിക്കും. അങ്ങനെയൊന്നാണ് ജി.കെ. പിള്ള എന്ന അനുഭവം. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ കഴിഞ്ഞ് എന്റെ രണ്ടാമത്തെ ചിത്രമായ സഞ്ചാരിയുടെ ലൊക്കേഷനിൽ എത്തുമ്പോൾ അനുഭവങ്ങളുടെ മഹാപ്രപഞ്ചമാണ് എന്നെ സ്വീകരിച്ചത്. അവിടെ ഒരു പുതുമുഖ നടനെന്ന നിലയിലല്ല ആരും എന്നോടു പെരുമാറിയത്. നാടകത്തിന്റെയും സിനിമയുടെയും അഭിനയചക്രവാളത്തിലൂടെ മുന്നേറിയ മഹാരഥന്മാർക്കു മുമ്പിൽ ഞാൻ വെറുമൊരു ശിശുവായിരുന്നു. പക്ഷേ, അവരെല്ലാം എനിക്കു നൽകിയ സ്‌നേഹം ഒരു മകനോടോ, കൊച്ചനുജനോടോ കാണിക്കുന്നതുപോലെയായിരുന്നു. അക്കാലത്തെ ടോപ്പ് ഹീറോ ആയ ജയന്റെയും പ്രേംനസീറിന്റെയും വില്ലനായിട്ടാണ് സഞ്ചാരിയിൽ ഞാൻ വേഷമിട്ടത്. ഡോ. ശേഖർ എന്ന കഥാപാത്രം. എന്റെ അച്ഛനായി ജി.കെ. പിള്ളസാറും അമ്മയായി സുകുമാരിച്ചേച്ചിയുമാണ് വേഷമിട്ടത്. ഞങ്ങൾ മൂന്നുപേരും വില്ലൻ കഥാപാത്രങ്ങൾതന്നെ. വില്ലനും വില്ലത്തിയുമായ അച്ഛനമ്മമാരുടെ ക്രൂരനായ മകൻ.

നേരിൽ കാണും മുമ്പേ ജി.കെ. പിള്ളസാറിനെകുറിച്ച് ഒരുപാട് അറിഞ്ഞിരുന്നു. വലിയ ജീവിതാനുഭവമുള്ള മനുഷ്യൻ. പട്ടാളത്തിലും സിനിമയിലും പിന്നീട് നാടകത്തിലുമൊക്കെ നിറഞ്ഞ ജീവിതയാത്ര. ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയിൽ, ദൂരെ മാറി ഇരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അടുക്കൽ ഞാൻ ചെന്നു. ”സാർ, ഞാൻ മോഹൻലാൽ.” ”അറിയാം.” – മുഴങ്ങുന്ന ശബ്ദത്തിൽ മറുപടി ഉടൻ വന്നു. കസേരയിലേക്കു വിരൽ ചൂണ്ടി അദ്ദേഹം പറഞ്ഞു:”ഇരിക്കൂ.”
സംസാരിച്ചതത്രയും സഞ്ചാരിയിലെ കഥാപാത്രത്തെക്കുറിച്ചായിരുന്നു. അച്ഛനും മകനുമായി വേഷമിടുന്ന രണ്ടു നടന്മാർ തമ്മിലുള്ള ഒരു ചർച്ച. ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ അഭിനന്ദിച്ചുകൊണ്ടദ്ദേഹം പറഞ്ഞു: ”മോഹൻ… നന്നായിട്ടുണ്ട്. നന്നായി വരും.” പിള്ളസാർ എന്നെ വിളിച്ചിരുന്നത് മോഹൻ എന്നായിരുന്നു. ബ്രേയ്ക്ക് ആയപ്പോൾ വീണ്ടും ഞങ്ങൾ ആ കസേരകളിൽതന്നെ വന്നിരുന്നു. അപ്പോഴേക്കും സുകുമാരിച്ചേച്ചിയും എത്തി. പിന്നീട് അച്ഛനും അമ്മയും മകനും തമ്മിലുള്ള കോംപിനേഷൻ സീനുകളെക്കുറിച്ചായി ചർച്ച. ഏഴോ എട്ടോ ദിവസം സഞ്ചാരിയുടെ ഷൂട്ടിങ് ഉണ്ടായിട്ടും വ്യക്തിപരമായ ഒരു കാര്യത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചില്ല. സിനിമയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമായിരുന്നു സംസാരിച്ചതത്രയും.

ഇതിനിടയിൽ ജയനും ഞാനും തമ്മിലുള്ള രണ്ടു ഫൈറ്റ് സീനുകളും ചിത്രീകരിച്ചിരുന്നു. ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തിൽ ജി.കെ. പിള്ളസാർ പലപ്പോഴും ഒരച്ഛന്റെ സ്‌നേഹവാത്സല്യങ്ങളോടെ പറഞ്ഞു: ”സൂക്ഷിക്കണം, ശ്രദ്ധിച്ച് ചെയ്യണം.” ഉദയായുടെയും നവോദയായുടെയും വടക്കൻപാട്ട് ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്നു പിള്ളസാർ. വാൾപ്പയറ്റിലും ഉശിരൻ സംഘട്ടനങ്ങളിലുമൊക്കെ പലപ്പോഴും പരിക്കുകൾ പറ്റിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

subscribe