ഏതു സിനിമാക്കാർക്കും പറയാനുണ്ടാകും ഒരു കോടമ്പാക്കം കഥ. അതു പോലെ മദ്രാസിലെ ഉമാ ലോഡ്ജിനെപ്പറ്റിയുള്ള ഓർമകളും. ഒട്ടുമിക്ക സിനിമക്കാർക്കും ഒരനുഭവം അവിടെയുണ്ടാകും. ചിലർക്കു കയ്പ്പു നിറഞ്ഞതെങ്കിൽ ചിലർക്കു മധുരിക്കുന്നത്. അങ്ങനെ എനിക്കും പറയാനുണ്ട് ഒരു ലോഡ്ജ് കഥ! മദ്രാസിലല്ല, ഇങ്ങ് എറണാകുളത്ത്, ലിസി ഹോസ്പ്പിറ്റൽ ജങ്ഷനിൽ ഷംസു ടൂറിസ്റ്റ് ഹോം! എന്റെ കോടമ്പക്കവും എന്റെ ഉമാ ലോഡ്ജും എല്ലാം ആ ടൂറിസ്റ്റ് ഹോം ആയിരുന്നു.

കൃത്യമായി പറഞ്ഞാൽ 1999 മേയ് അഞ്ച്, അന്നാണ് ഞാൻ ഷംസു ടൂറിസ്റ്റ് ഹോമിൽ ഒരു മുറിയെടുക്കുന്നത്. ഒരു ഒറ്റമുറി. നമ്പർ 108. ലിസി ഹോസ്പിറ്റലിനു തൊട്ടടുത്ത്, ഒതുങ്ങിയ ശാന്തമായ ഒരിടം. അന്നു മുറിയെടുക്കുമ്പോൾ നാൽപ്പത് രൂപയാണ് മാസവാടക. ആ താമസം സ്ഥിരമായി. എനിക്ക് ആ സ്ഥലത്തോടും ആ കെട്ടിടത്തോടും ആ മുറിയോടും വല്ലാത്തൊരു ആത്മബന്ധമായി. അതിന്റെ ഉടമസ്ഥനായ ഷംസുദ്ദീൻ ഇക്കയോടും. വളരെ സൗമ്യനായ ഒരു മനുഷ്യൻ.

പിന്നീട് സിനിമയുടെ തിരക്ക് കൂടിയപ്പോൾ അതുമായി ബന്ധപ്പെട്ടു പലയിടങ്ങളിലായി താമസം. പക്ഷേ എന്റെ 108 ഞാൻ ഒഴിഞ്ഞില്ല. ജോലിത്തിരക്കിനിടയിൽ കിട്ടുന്ന സമയത്തു വീട്ടിലെത്താൻ കൊതിക്കുന്ന ഒരു ഗൃഹനാഥനെപ്പോലെ, കിട്ടുന്ന സമയങ്ങളിൽ ഞാൻ ഷംസുവിലെത്തി, എന്റെ 108-ൽ മനസ് നിറഞ്ഞ് ഉറങ്ങി. സിനിമ വാരികകളുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും നല്ലൊരു ശേഖരമുണ്ട് എനിക്ക്. കാലം കഴിയുന്തോറും അവയുടെ എണ്ണം കൂടി, ആ ചെറിയ മുറി നിറഞ്ഞു.

പക്ഷേ, അതെന്നെ ശ്വാസം മുട്ടിക്കുകയല്ല, നവോന്മേഷം നൽകുകയാണു ചെയ്തത്. അതുകൊണ്ടു തന്നെ, ഞാൻ വർക്ക് ചെയ്യുന്ന സിനിമകൾ, ചിത്രീകരണം എറണാകുളത്താണു നടക്കുന്നതെങ്കിൽ കഴിവതും ഞാൻ ഷംസുവിൽ തന്നെ കഴിയാൻ ശ്രമിച്ചു. മുൻപ് നല്ല പാർക്കിങ് സൗകര്യം ഉണ്ടായിരുന്നു അവിടെ, അതുകൊണ്ടു തന്നെ എറണാകുളത്തെ ചിത്രീകരണ സംഘങ്ങൾ അവിടെ മുറിയെടുത്തിരുന്നു.
ഇന്നും ഏതു സമയത്ത് അവിടെ ചെന്നാലും കുറച്ച് മുറികളിൽ ഏതെങ്കിലും ചിത്രീകരണ സംഘങ്ങൾ ഉണ്ടാവും. മറ്റു താമസ സ്ഥലങ്ങളിൽ സാധാരണ കാണാത്തതു പോലെ, സിനിമയുടെ മെസ് പ്രവർത്തിക്കുന്നതിനുള്ള സൗകര്യം ഇന്നും ഷംസുവിനു സ്വന്തം. അതുകൊണ്ടാണ് ഇവിടം ചിത്രീകരണ സംഘങ്ങൾക്കു പ്രിയപ്പെട്ടതായത്.

മറ്റൊരു വിശേഷണം കൂടിയുണ്ട് ഷംസുവിന്. എറണാകുളത്ത് എത്തിപ്പെടുന്ന സിനിമാമോഹികൾക്ക് അവിടെ എത്ര സിനിമ, എവിടെയൊക്കെ ചിത്രീകരണം നടക്കുന്നു എന്നറിയാൻ ഷംസുവിൽ എത്തിയാൽ മതി. കാരണം, താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കുമുള്ള ഭക്ഷണങ്ങളുമായി വണ്ടികൾ പുറപ്പെടുന്നത് ഷംസുവിന്റെ മുറ്റത്തു നിന്നാണ്. എറണാകുളത്ത് ഷൂട്ടിങ് ഉണ്ടോ, മെസ് ഷംസുവിലായിരിക്കും. പഴമയുടെ പ്രതീകമാണ് ഷംസു. ഈ കാലയളവിൽ നിരവധി ആളുകൾ ചിത്രീകരണത്തിന് അനുമതി തേടി ഷംസുക്കയുടെ അടുത്തെത്തിയിട്ടുണ്ട്. പക്ഷേ, എന്തെങ്കിലും ഒഴിവു കഴിവുകൾ പറഞ്ഞ് ഷംസുക്ക അവരെ മടക്കി അയക്കും. പക്ഷേ, അവിടെയും എനിക്കു മാത്രം അവകാശപ്പെട്ട ഒന്നുണ്ട്. അന്നും ഇന്നും ലിസി ഹോസ്പിറ്റൽ ജങ്ഷനിൽ തലയുയർത്തി നിൽക്കുന്ന ഈ കെട്ടിടം ഏതെങ്കിലും ഒരു സിനിമയിൽ ഭാഗമായിട്ടുണ്ടെങ്കിൽ അത് ഞാൻ വർക്ക് ചെയ്ത, പ്രദീപ് നായർ സംവിധാനം ചെയ്ത ‘ഒരിടം’ എന്ന ചിത്രത്തിലാണ്. അതിൽ ഗീതു മോഹൻദാസ് ലോഡ്ജിൽ മുറിയെടുക്കാൻ വരുന്ന ഒരു രംഗമുണ്ട്. അത് ചിത്രീകരിച്ചിരിക്കുന്നത് ഷംസുവിലാണ്.

subscribe