
- പുതിയ പ്രതീക്ഷകൾ
പ്രതീക്ഷകളുടെ വർഷമാണിത്. പുതിയ പ്രോജക്ടുകളുണ്ട്, നല്ല കഥാപാത്രങ്ങളും. കിട്ടുന്ന കഥാപാത്രങ്ങൾ വലിതോ ചെറുതോ എന്നു തരം തിരിക്കാറില്ല. സംവിധായകൻ ഏൽപ്പിച്ച ജോലി ഭംഗിയായി നിറവേറ്റാൻ കഴിയുക എന്നതാണ് ഒരു ആർട്ടിസ്റ്റിന്റെ കടമ. മുമ്പു ചെയ്തതിൽ നിന്നു വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചെയ്യാൻ പോകുന്നത്.
പിന്നെ, വ്യക്തിപരമായി പറഞ്ഞാൽ നല്ല ഭാര്യയായി, നല്ല മകളായി, നല്ല മരുമകളായി തുടരാൻ കഴിയുക തുടങ്ങിയ പ്രാർത്ഥനകളും മാത്രം.
- പ്രോജക്ടകൾ
പുതിയ പ്രോജക്ടുകളുണ്ട്. റോസ് പെറ്റൽസിന്റെ ഒരു സീരിയൽ ചെയ്യുന്നുണ്ട്. മഴവിൽ മനോരമയ്ക്കു വേണ്ടിയാണ് സീരിയൽ. എന്നാൽ, സീരിയലിന്റെ പേര് തീർച്ചപ്പെടുത്തിയിട്ടില്ല.
- ശ്രീകുമാരൻ തമ്പിയും ചട്ടമ്പിക്കല്ല്യാണിയും
നായികയാകുന്ന ആദ്യ സീരിയൽ ആയിരുന്നു ശ്രീകുമാരൻ തമ്പി സാറിന്റെ ചട്ടമ്പിക്കല്ല്യാണി. ടൈറ്റിൽ വേഷമായിരുന്നു അതിലെനിക്ക്. തുടക്കക്കാലത്തു തന്നെ ലെജൻഡ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ശ്രീകുമാരൻ തമ്പി സാറിന്റെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ചട്ടമ്പിക്കല്ല്യാണി എന്ന സിനിമ റീമേക്ക് ചെയ്തതായിരുന്നു സീരിയിൽ. തന്റെ കൂടെ വർക്ക് ചെയ്യുന്ന എല്ലാവരുടെയും കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുന്ന വ്യക്തിയാണ് അദ്ദേഹം. പ്രൊഡക്ഷനിൽ തയാറാക്കുന്ന ഭക്ഷണം അദ്ദേഹം രുചിച്ചു നോക്കിയ ശേഷം മാത്രമാണു വിളമ്പുക. അഭിനയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ, നൽകുന്ന വിവരണങ്ങൾ, ഉപദേശങ്ങളെല്ലാം എന്റെ കരിയറിൽ ഗുണം ചെയ്തിട്ടുണ്ട്. തമ്പി സാർ പിന്നീട് ചെയ്ത് സിനിമയിലെ ഒരു പാട്ട് സീനിൽ ഞാൻ ഉണ്ടായിരുന്നു. ലെങ്ത് കൂടിപ്പോയതിനാൽ പാട്ട് കട്ട് ചെയ്യുകയായിരുന്നു.
- പ്രിയപ്പെട്ട അഭിനേതാക്കളും കമൽഹാസനും
നിരവധി ആർട്ടിസ്റ്റുകൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ലാലേട്ടൻ, മമ്മൂക്ക, മുരളി സാർ തുടങ്ങിയവരൊക്കെ എന്നെ സ്വാധീനിച്ചവരാണ്, ഏറെ പ്രിയപ്പെട്ടവരാണ്. ഞാൻ കമൽഹാസൻ സാറിന്റെ കടുത്ത ഫാനാണ്. ആ മഹാനടന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പല സിനിമകളും വീണ്ടും വീണ്ടും കാണാൻ തോന്നുന്നവയാണ്. അദ്ദേഹത്തോടൊപ്പം ഒരു സീനിലെങ്കിലും അഭിനയിക്കമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.
- തട്ടീം മുട്ടീം
ആളുകളെ ചിരിപ്പിക്കുക എന്നത് നിസാരകാര്യമല്ല. ചിരിപ്പിക്കുന്നവരെ ആർക്കാണ് ഇഷ്ടമല്ലാത്തത്. സമ്മർദ്ദങ്ങളേറിയ ഫാസ്റ്റ് ലൈഫിൽ കോമഡി പ്രോഗ്രാമുകൾക്ക് ജനപ്രീതിയേറുന്നുണ്ട്. തട്ടീം മുട്ടീം എന്ന കോമഡി സീരിയലിനു മുമ്പ് കുടുംബ പോലീസ് എന്നൊരു കോമഡി സീരിയൽ ചെയ്തിട്ടുണ്ട്. അതേസമയം ചന്ദനമഴയിലെ നെഗറ്റീവ് വേഷവും ചെയ്തു. ക്യാരക്ടർ നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്നു നോക്കാറില്ല.
തട്ടീം മുട്ടീം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയതിൽ സന്തോഷമുണ്ട്. കോമഡി ചെയ്യുന്നതിൽ പ്രയാസങ്ങളൊന്നുമില്ല. ഒപ്പമുള്ള ആർട്ടിസ്റ്റുകൾ നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള കോംപിനേഷനുകൾ സീനിനു ഗുണം ചെയ്യും. ഒരു സീനിൽ ഒരാൾ മാത്രം വിചാരിച്ചാൽ ചിലപ്പോൾ കോമഡി വർക്കൗട്ട് ആകണമെന്നില്ലല്ലോ. എന്ന സംബന്ധിച്ച് കോമഡി മാത്രമല്ല, എല്ലാ കഥാപാത്രങ്ങളും ഇഷ്ടപ്പെട്ടു ചെയ്തതാണ്. കഥാപാത്രങ്ങളെ ഉൾക്കൊണ്ട് അവതരിപ്പിച്ചില്ലെങ്കിൽ പരാജയപ്പെടുമെന്നാണ് എന്റെ വിശ്വാസം.
- മിനിസ്ക്രീനിൽ സന്തുഷ്ടയാണോ
തീർച്ചയായും സന്തുഷ്ടയാണ്. സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. നല്ല കഥാപാത്രങ്ങൾ സിനിമയിൽ ലഭിച്ചാൽ സ്വീകരിക്കും. സിനിമയിലൂടെയാണ് അഭിനയലോകത്തേക്കു പ്രവേശിക്കുന്നത്. പിന്നീടാണ് മിനിസ്ക്രീനിലേക്ക് എത്തുന്നത്. ഇപ്പോൾ സീരിയലുകളിൽ നല്ല കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്.
- സീരിയലുകൾക്കെതിരേയുള്ള വിമർശനങ്ങൾ
വിമർശനങ്ങളെ സംയമനത്തോടെ നോക്കിക്കാണുകയാണ് എന്റെ രീതി. ജനങ്ങൾക്ക് എന്തിനേയും വിമർശിക്കാം. അവർക്കതിനുള്ള അവകാശമുണ്ട്. വിമർശനങ്ങളിലെ നല്ല വശങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കാറുണ്ട്. സീരിയലുകളെക്കുറിച്ചു വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. സ്ഥിരം ഒരേ സബ്ജക്ട് തന്നെ കാണിക്കുന്നു. അമ്മായിയമ്മ, രണ്ടാനച്ഛൻ, ദുർമാർഗിയായ ഭർത്താവ് അങ്ങനെ പോകുന്ന ക്ലീഷേ സംഭവങ്ങൾ. എന്നാലും സീരിയലുകളിലെ പോസിറ്റിവ് വശങ്ങൾ നാം കാണാതെ പോകരുത്. ഇതൊക്കെ നമ്മുടെ സമൂഹത്തിൽ സാധാരണ നടക്കുന്നതാണ്. സീരിയൽ ഇൻഡസ്ട്രി സിനിമ പോലെ തന്നെ വലിയൊരു മേഖലയാണ്. നൂറുകണക്കിന് ആർട്ടിസ്റ്റുകളും ടെക്നീഷ്യൻമാരുമാണ് ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്.
- യാത്രകൾ
കുട്ടിക്കാലം തൊട്ടേ യാത്രകൾ എനിക്കിഷ്ടമാണ്. അച്ഛന്റെ ബൈക്കിന്റെ പെട്രോൾ ടാങ്കിന്റെ മുകളിലിരുന്നുള്ള കുട്ടിക്കാലത്തെ യാത്രകളുടെ ഓർമകൾ എന്നും മധുരിക്കുന്നതാണ്. ബൈക്കിൽ അച്ഛന്റെയും അമ്മയുടെയും കൂടെ ബന്ധു വീടുകളിലൊക്കെ പോകും. ഞായറാഴ്ചകളിലായിരിക്കും അധികവും യാത്രകൾ.
പുതിയ സ്ഥലങ്ങൾ കാണുക, പുതിയ ആളുകളെ കാണുക, അവരുടെ സംസ്കാരം, പാരമ്പര്യം തുടങ്ങിയവ അടുത്തറിയുക ഇതെല്ലാം ഇഷ്ടമാണ്. കുട്ടിക്കാലം തൊട്ടു യാത്രയോടുള്ള ഇഷ്ടം വലിതായപ്പോൾ കൂടി എന്നു മാത്രം. സ്വന്തമായി വരുമാനമായപ്പോൾ യാത്രകൾ വിവിധ രാജ്യങ്ങൾ വരെ എത്തി. ഹിൽ സ്റ്റേഷനുകൾ സന്ദർശിക്കാനാണു കൂടുതൽ ഇഷ്ടം.
അടുത്തിടെ നടത്തിയത് റഷ്യൻ യാത്രയാണ്. എന്റെ ഭർത്താവ് മെൽവിൻ ഫിലിപ്പും കൂടെയുണ്ടായിരുന്നു. അദ്ദേഹവും എന്നെപ്പോലെയാണ്. യാത്രകളിൽ താത്പര്യമുള്ള ആളാണ്.
- റഷ്യ
റഷ്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ ചുറ്റിക്കറങ്ങി എന്നു പറയാം. ഞങ്ങൾ തിരിച്ചുവരാൻ തുടങ്ങിയപ്പോൾ ശക്തമായി മഞ്ഞുവീഴാൻ തുടങ്ങിയിരുന്നു. മഞ്ഞ് ഇഷ്ടമായതുകൊണ്ട് കുറച്ചു ദിവസങ്ങൾ കൂടി അവിടെ തങ്ങാൻ ആഗ്രഹിച്ചു. പക്ഷേ കഴിഞ്ഞില്ല. ഡോസ്റ്റോയേവ്സ്കി, ചെക്കോവ്, ടോൾസ്റ്റോയി തുടങ്ങിയവരുടെ രചനകളിലൂടെ പരിചിതമായ റഷ്യൻ നഗരങ്ങളും അവിടത്തെ തെരുവുകളും വായന തുടങ്ങിയ കാലം തൊട്ടേ ഉള്ളിലുള്ളതാണ്.
റഷ്യയിലെ സ്ട്രീറ്റ് ഫുഡ് കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു. കഴിച്ചപ്പോൾ നമ്മുടെ ടേയ്സറ്റിന് ഇഷ്ടട്ടപ്പെട്ടില്ല. തീരെ പരിചിതമല്ലാത്തെ പാചകക്കൂട്ടുകൾ. കൂടുതൽ വെറൈറ്റികൾ ടേയ്സ്റ്റ് ചെയ്ത് നോക്കിയില്ല.
സെന്റ് പീറ്റേഴ്സ് ബെർഗ്, പുഷ്കിൻ, മോസ്കോ തുടങ്ങിയ നഗരങ്ങളാണ് പ്രധാനമായും സന്ദർശിച്ചത്.
വിവാഹശേഷമാണ് വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകൾ ആരംഭിച്ചത്. റഷ്യൻ സന്ദർശനത്തിനു മുമ്പ് മെൽവിനും ഞാനും തായ്ലൻഡ് പോയിരുന്നു. മനസിൽ പോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളും നഗരങ്ങളും ഇനിയുമുണ്ട്. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ പദ്ധതിയുണ്ട്.
- സീരിയലുകളിൽ മാറ്റം
സിനിമ പോലെ തന്നെ സീരിയലുകളിലും മാറ്റങ്ങളും പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ചിത്രീകരണത്തിലും മറ്റ് ടെക്നിക്കൽ മേഖലകളിലും വലിയ മാറ്റങ്ങൾ ഇക്കാലത്ത് ഉണ്ടാകുന്നുണ്ട്. ഇപ്പോൾ ഞാൻ ചെയ്യന്ന തട്ടീം മുട്ടീം എന്ന സീരിയൽ പതിവു രീതികളിൽ നിന്നൊക്ക വ്യത്യസ്തമാണ്. ഇതുപോലെ വ്യത്യസ്തമായ സീരിയലുകളാണ്, മറിമായം, ഉപ്പും മുളകും തുടങ്ങിയവ. ഇതിന്റെ പ്രത്യേകത ഒരു എപ്പിസോഡിൽ ഒരു കഥ തീരുന്നു എന്നതാണ്. പ്രേക്ഷകർ ഇടയ്ക്ക് കാണാൻ വിട്ടു പോയാലും പ്രശ്നമൊന്നുമില്ല. സീരിയലുകളിൽ നിന്നു വ്യത്യസ്തമായി വലിയ കാഴ്ചക്കാരും ഇത്തരം പരിപാടികൾക്കുണ്ട്.
സിനികളെല്ലാം കാണാറുണ്ട്. തമിഴ് മാസ് സിനിമകൾ മിസ് ചെയ്യാറില്ല. സമയം കണ്ടെത്തി കാണും.
