Mar 23, 2020

You Are Here: Home / 23 Mar 2020

മാത്തുക്കുട്ടിയും കുഞ്ഞെൽദോയും
മാത്തുക്കുട്ടി / രാജ്കുമാർ ആർ

Categories:

ആർജെ മാത്തുക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു: ഇതാണ് പലരും ഞാനാണെന്നു വിചാരിച്ചിരിക്കുന്ന മാത്തുക്കുട്ടി സേവ്യർ. ഡയറക്ടർ ഒഫ് ഹെലൻ! കൺഗ്രാജുലേഷൻസ് ബ്രദർ… നീ പൊളിക്കും എന്ന് എനിക്കുറപ്പായിരുന്നു. ഒന്നൂല്ലേൽ ഇത് എന്റെ പേരല്ലേ…!
അന്ന ബെന്നും ലാലും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഹെലന്റെ സംവിധായകൻ മാത്തുക്കുട്ടിയാണ്. വെറും മാത്തുക്കുട്ടിയല്ല, മാത്തുക്കുട്ടി സേവ്യർ. ഈ മാത്തുക്കുട്ടിയെ ആർജെ മാത്തുക്കുട്ടിയായി പലരും തെറ്റിദ്ധരിച്ചു! അതോടെയാണു വിശദീകരണവുമായി ആർജെ മാത്തുക്കുട്ടി എത്തിയത്. അതും മാത്തുക്കുട്ടി സ്‌റ്റൈലിൽ തന്നെ!
മാത്തുക്കുട്ടിക്ക്, മാത്തുക്കുട്ടിത്തം എന്നൊരു ബ്ലോഗുണ്ട്. വളരെ രസകരമായ കുറിപ്പുകളാണ് ബ്ലോഗിലുള്ളത്. ബ്ലോഗിൾ മാത്തുക്കുട്ടി സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:
പേര് മാത്തുക്കുട്ടി. കൊച്ചിയിൽ ഒരു സ്വകാര്യ റേഡിയോയിൽ ആണ് പണി. അത് പോരാഞ്ഞിട്ട് ഇപ്പോൾ ബ്ലോഗ് വഴിയും നാട്ടുകാരുടെ മെക്കിട്ടുകേറുന്നു. നീ വീണ്ടും എഴുതണം എന്നു പറഞ്ഞ പഴയ കൂട്ടുകാരുടെ വിധി. അവർ ഇത്രയും പ്രതീക്ഷിച്ചുകാണില്ല!’
പെരുമ്പാവൂർ, വെങ്ങോലയിലാണ് മാത്തുക്കുട്ടിയുടെ സ്വദേശം. അരുൺ മാത്യു എന്നാണ് മാത്തുക്കുട്ടിയുടെ ശരിക്കുള്ള പേര്. കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാരിട്ട വട്ടപ്പേരിനെ അരുൺ മാത്യു സ്വന്തം പേരാക്കി. സംഗതി പൊളിയല്ലേ! അങ്ങനെ അരുൺ മാത്യു, മാത്തുക്കുട്ടിയായി, പിന്നെ ആർജെ മാത്തുക്കുട്ടിയും. ഒടുവിൽ ആർജെ മാത്തുക്കുട്ടിയെയും സിനിമയിലെടുത്തു. ആസിഫ് അലി നായകനായ കുഞ്ഞെൽദോ മാത്തുക്കുട്ടിത്തം നിറഞ്ഞ രസകരമായ സിനിമയാണ്. സിനിമാവിശേഷങ്ങളുമായി മാത്തുക്കുട്ടി.

 • വിനീതേട്ടൻ തന്ന ധൈര്യം

ഞാൻ ആദ്യമായിട്ട് വിനീതേട്ടന്റെ അടുത്താണ് ഈ കഥ പറയുന്നത്. മാത്തൂ, നീ ഇതെഴുത് രസമുണ്ട്, ബാക്കി നമുക്ക് നോക്കാം എന്നുപറഞ്ഞ് വിനീതേട്ടൻ തന്ന ധൈര്യമാണ് ശരിക്കും ഈ സിനിമ പിറക്കാൻ കാരണം. പിന്നീട് വിനീതേട്ടൻ പറഞ്ഞു, ഇതു നീ തന്നെ ഡയറക്ട് ചെയ്യ്.’ ഞാൻ പറഞ്ഞു, ‘വിനീതേട്ടാ എനിക്കങ്ങനെ എക്‌സ്പീരിയൻസൊന്നും ഇല്ല.’
‘അതൊന്നും നീ നോക്കണ്ട, സിനിമ ചെയ്യാൻ പറ്റുമോ എന്നൊരു പേടി എല്ലാവർക്കും ഉണ്ടാവും. നീ അങ്ങനെ പേടിക്കണ്ട കാര്യമില്ല.’

 • കുഞ്ഞെൽദോ സുഹൃത്ത്

കുഞ്ഞെൽദോയുടെ കഥയുണ്ടാക്കിയത്, എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നിന്നാണ്. കുഞ്ഞെൽദോ എന്നാണ് അവന്റെ പേരും. അവൻ എന്റെ കസിനും സുഹൃത്തുമാണ്. ഞങ്ങളൊരുമിച്ചു പഠിച്ചതുമാണ്. ഞങ്ങളുടെ പഠനകാലത്തുണ്ടായ കുറച്ചു സംഭവങ്ങളും അതിനൊപ്പം കോളേജിൽ പഠിക്കുമ്പോൾ, കൂട്ടുകാർ ഒപ്പിച്ച കുരുത്തക്കേടുകളുണ്ടല്ലോ, ഇതെല്ലാം ചേർത്തുവച്ചിട്ടാണ് കുഞ്ഞെൽദോ പ്ലാൻ ചെയ്തത്. കുഞ്ഞെൽദോയിൽ എഴുപതു ശതമാനത്തോളം ക്യാംപസാണു വരുന്നത്. പിന്നെ ആദ്യ സിനിമയാകുമ്പോൾ കുറേ സംഭവങ്ങൾ എഴുതാനുണ്ടാവുമല്ലോ! കോമൺ നെയിമാണ് കുഞ്ഞെൽദോ. ഒരുപാട് എൽദോമാർ ഇവിടെയുണ്ട്. എന്റെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ ഏറ്റവും കൂടുതലുള്ള പേര് എൽദോയാണ്. എൽദോ, എൽദോസ്, കുഞ്ഞെൽദോ…. ഇങ്ങനെ ഓരോരുത്തരെയും പല രീതിയിൽ വിളിക്കും.

 • ആസിഫ് ഞെട്ടി

രണ്ടര മണിക്കൂറെടുത്ത്, ആസിഫിന്റെ ഫ്‌ളാറ്റിലിരുന്നാണ് കുഞ്ഞെൽദോയുടെ കഥ മൊത്തം പറയുന്നത്. കഥ മുഴുവൻ കേട്ട്, ‘അളിയാ നമുക്ക് ചെയ്യാം’ എന്നു പറഞ്ഞ ശേഷം അവൻ എന്നോട് ചോദിച്ചത്, ‘എടാ, എന്റെ ലൈഫിൽ നടന്ന സംഭവങ്ങൾ, നീ എങ്ങനെയാണ് എന്റെ മുന്നിലിരുന്നു പറഞ്ഞത്’ എന്നാണ്. കോളജിൽ വച്ചുണ്ടായ ഒരു സംഭവം അവൻ എന്നോടു പറഞ്ഞു. അത് സിനിമയിലും ഉണ്ട്. ആസി പറഞ്ഞു, ‘എടാ, എന്റെ ജീവിതത്തിൽ ഇത് ഇങ്ങനെ തന്നെ സംഭവിച്ചിട്ടുണ്ട്! എനിക്കതിനു പണിയും കിട്ടിയിട്ടുണ്ട്. നീ പറയുമ്പോൾ ഞാൻ ഭയങ്കരമായിട്ട് അത്ഭുതപ്പെട്ടു.’
അതെന്നെ ഏറെ കംഫർട്ടബിളാക്കിയ കാര്യമായിരുന്നു. ഈ കഥാപാത്രത്തിലൂടെ ശരിക്കും എന്താണോ ഉദ്ദേശിക്കുന്നത്, ആ കഥാപാത്രത്തിന്റെ എനർജി എന്താണ്, കുഞ്ഞെൽദോ എങ്ങനെയായിരിക്കും. ഇതെല്ലാം ആസിക്ക് ഒറ്റ നരേഷനിൽ തന്നെ കിട്ടിയിട്ടുണ്ട്. ന്യൂഇയറിന്റെ അന്ന് ആസി വിളിച്ചിട്ടുപറഞ്ഞു, ‘എടാ, താങ്ക്‌സ് ഫോർ കുഞ്ഞെൽദോ. ഭയങ്കര സന്തോഷമുണ്ടെടാ.’ ആസിയുടെ ന്യൂഇയർ വിഷ് ഇങ്ങനെയായിരുന്നു.

 • ഗൂഗിൾ നോക്കി ഉറപ്പിച്ചു

ഞാൻ ഏറ്റവും കുറച്ച് നിർദ്ദേശങ്ങൾ നൽകിയത് ആസിക്കാണ്. കാരണം ഞങ്ങൾക്കൊന്നും പറയേണ്ടി പോലും വന്നില്ല. ആസി ആ കഥാപാത്രത്തിനു കറക്ടായിരുന്നു. തുള്ളിച്ചാടി നടപ്പും… അങ്ങനെ എല്ലാം. റിലീസിനു മുമ്പ് ഗ്ലിംസ് ഒഫ് കുഞ്ഞെൽദോ എന്ന വീഡിയോ പ്ലാൻ ചെയ്യാൻ ഒരു കാരണമുണ്ട്. തൊട്ടുമുമ്പു വന്ന ആസിഫിന്റെ ഹിറ്റായ സിനിമയാണ് കെട്ട്യോളാണെന്റെ മാലാഖ. അതിലെ സ്ലീവാച്ചൻ എന്ന കഥാപാത്രമാണ് എല്ലാവരുടെയും മനസിൽ. സ്ലീവാച്ചന്റെ കുടവയറും കൊമ്പൻ മീശയും പറ്റെ വെട്ടിയ മുടിയും ഉൾപ്പെടെ ആൾക്കാരുടെ മനസിലുണ്ട്. ആളുകളെ ഈ സിനിമ കാണാൻ റെഡിയാക്കുക എന്നതായിരുന്നു ഗ്ലിംസ് ഒഫ് കുഞ്ഞെൽദോയുടെ ഉദ്ദേശ്യം. അതെന്തായാലും ആളുകൾക്ക് ഇഷ്ടപ്പെട്ടു. ആസി ഭയങ്കരമായി കഷ്ടപ്പെട്ടിട്ടുണ്ട്, ആ ക്യാരക്ടറിൽ നിന്ന്, ഈ ക്യാരക്ടറിലേക്കുവരാൻ. ഒറ്റ ഫോട്ടോയിലൂടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്നു ഞങ്ങൾക്കു തോന്നി. അങ്ങനെയാണ് വീഡിയോയിലേക്കുമാറിയത്.

വീഡിയോ കണ്ട് കുറേ ആളുകൾ യൂട്യൂബിൽ കമന്റും ചെയ്തു, ഋതുവിലെ ലുക്ക് പോലെ എന്നൊക്കെ. ഈ സിനിമ ആസിയെ വച്ച് പ്ലാൻ ചെയ്യുമ്പോൾ, ഋതുവിൽ ആസി വരുന്ന സമയത്ത് എങ്ങനെയിരുന്നു എന്നാണ് ഞാൻ ആദ്യം നോക്കിയത്. ഗൂഗിളിൽ ഋതുവിലെ ഫോട്ടോ കണ്ടപ്പോൾ, സത്യത്തിൽ ഇവനു വലിയ മാറ്റമൊന്നും ഇല്ലല്ലോ എന്നുവിചാരിക്കുകയും ചെയ്തു. സ്‌കിൻ ടോണൊക്കെ ഇപ്പോഴും അങ്ങനെ തന്നെയാണ്.

subscribe

ഷംസു ടൂറിസ്റ്റ് ഹോം
Shaji Pattikkara

Categories:

ഏതു സിനിമാക്കാർക്കും പറയാനുണ്ടാകും ഒരു കോടമ്പാക്കം കഥ. അതു പോലെ മദ്രാസിലെ ഉമാ ലോഡ്ജിനെപ്പറ്റിയുള്ള ഓർമകളും. ഒട്ടുമിക്ക സിനിമക്കാർക്കും ഒരനുഭവം അവിടെയുണ്ടാകും. ചിലർക്കു കയ്പ്പു നിറഞ്ഞതെങ്കിൽ ചിലർക്കു മധുരിക്കുന്നത്. അങ്ങനെ എനിക്കും പറയാനുണ്ട് ഒരു ലോഡ്ജ് കഥ! മദ്രാസിലല്ല, ഇങ്ങ് എറണാകുളത്ത്, ലിസി ഹോസ്പ്പിറ്റൽ ജങ്ഷനിൽ ഷംസു ടൂറിസ്റ്റ് ഹോം! എന്റെ കോടമ്പക്കവും എന്റെ ഉമാ ലോഡ്ജും എല്ലാം ആ ടൂറിസ്റ്റ് ഹോം ആയിരുന്നു.

കൃത്യമായി പറഞ്ഞാൽ 1999 മേയ് അഞ്ച്, അന്നാണ് ഞാൻ ഷംസു ടൂറിസ്റ്റ് ഹോമിൽ ഒരു മുറിയെടുക്കുന്നത്. ഒരു ഒറ്റമുറി. നമ്പർ 108. ലിസി ഹോസ്പിറ്റലിനു തൊട്ടടുത്ത്, ഒതുങ്ങിയ ശാന്തമായ ഒരിടം. അന്നു മുറിയെടുക്കുമ്പോൾ നാൽപ്പത് രൂപയാണ് മാസവാടക. ആ താമസം സ്ഥിരമായി. എനിക്ക് ആ സ്ഥലത്തോടും ആ കെട്ടിടത്തോടും ആ മുറിയോടും വല്ലാത്തൊരു ആത്മബന്ധമായി. അതിന്റെ ഉടമസ്ഥനായ ഷംസുദ്ദീൻ ഇക്കയോടും. വളരെ സൗമ്യനായ ഒരു മനുഷ്യൻ.

പിന്നീട് സിനിമയുടെ തിരക്ക് കൂടിയപ്പോൾ അതുമായി ബന്ധപ്പെട്ടു പലയിടങ്ങളിലായി താമസം. പക്ഷേ എന്റെ 108 ഞാൻ ഒഴിഞ്ഞില്ല. ജോലിത്തിരക്കിനിടയിൽ കിട്ടുന്ന സമയത്തു വീട്ടിലെത്താൻ കൊതിക്കുന്ന ഒരു ഗൃഹനാഥനെപ്പോലെ, കിട്ടുന്ന സമയങ്ങളിൽ ഞാൻ ഷംസുവിലെത്തി, എന്റെ 108-ൽ മനസ് നിറഞ്ഞ് ഉറങ്ങി. സിനിമ വാരികകളുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും നല്ലൊരു ശേഖരമുണ്ട് എനിക്ക്. കാലം കഴിയുന്തോറും അവയുടെ എണ്ണം കൂടി, ആ ചെറിയ മുറി നിറഞ്ഞു.

പക്ഷേ, അതെന്നെ ശ്വാസം മുട്ടിക്കുകയല്ല, നവോന്മേഷം നൽകുകയാണു ചെയ്തത്. അതുകൊണ്ടു തന്നെ, ഞാൻ വർക്ക് ചെയ്യുന്ന സിനിമകൾ, ചിത്രീകരണം എറണാകുളത്താണു നടക്കുന്നതെങ്കിൽ കഴിവതും ഞാൻ ഷംസുവിൽ തന്നെ കഴിയാൻ ശ്രമിച്ചു. മുൻപ് നല്ല പാർക്കിങ് സൗകര്യം ഉണ്ടായിരുന്നു അവിടെ, അതുകൊണ്ടു തന്നെ എറണാകുളത്തെ ചിത്രീകരണ സംഘങ്ങൾ അവിടെ മുറിയെടുത്തിരുന്നു.
ഇന്നും ഏതു സമയത്ത് അവിടെ ചെന്നാലും കുറച്ച് മുറികളിൽ ഏതെങ്കിലും ചിത്രീകരണ സംഘങ്ങൾ ഉണ്ടാവും. മറ്റു താമസ സ്ഥലങ്ങളിൽ സാധാരണ കാണാത്തതു പോലെ, സിനിമയുടെ മെസ് പ്രവർത്തിക്കുന്നതിനുള്ള സൗകര്യം ഇന്നും ഷംസുവിനു സ്വന്തം. അതുകൊണ്ടാണ് ഇവിടം ചിത്രീകരണ സംഘങ്ങൾക്കു പ്രിയപ്പെട്ടതായത്.

മറ്റൊരു വിശേഷണം കൂടിയുണ്ട് ഷംസുവിന്. എറണാകുളത്ത് എത്തിപ്പെടുന്ന സിനിമാമോഹികൾക്ക് അവിടെ എത്ര സിനിമ, എവിടെയൊക്കെ ചിത്രീകരണം നടക്കുന്നു എന്നറിയാൻ ഷംസുവിൽ എത്തിയാൽ മതി. കാരണം, താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കുമുള്ള ഭക്ഷണങ്ങളുമായി വണ്ടികൾ പുറപ്പെടുന്നത് ഷംസുവിന്റെ മുറ്റത്തു നിന്നാണ്. എറണാകുളത്ത് ഷൂട്ടിങ് ഉണ്ടോ, മെസ് ഷംസുവിലായിരിക്കും. പഴമയുടെ പ്രതീകമാണ് ഷംസു. ഈ കാലയളവിൽ നിരവധി ആളുകൾ ചിത്രീകരണത്തിന് അനുമതി തേടി ഷംസുക്കയുടെ അടുത്തെത്തിയിട്ടുണ്ട്. പക്ഷേ, എന്തെങ്കിലും ഒഴിവു കഴിവുകൾ പറഞ്ഞ് ഷംസുക്ക അവരെ മടക്കി അയക്കും. പക്ഷേ, അവിടെയും എനിക്കു മാത്രം അവകാശപ്പെട്ട ഒന്നുണ്ട്. അന്നും ഇന്നും ലിസി ഹോസ്പിറ്റൽ ജങ്ഷനിൽ തലയുയർത്തി നിൽക്കുന്ന ഈ കെട്ടിടം ഏതെങ്കിലും ഒരു സിനിമയിൽ ഭാഗമായിട്ടുണ്ടെങ്കിൽ അത് ഞാൻ വർക്ക് ചെയ്ത, പ്രദീപ് നായർ സംവിധാനം ചെയ്ത ‘ഒരിടം’ എന്ന ചിത്രത്തിലാണ്. അതിൽ ഗീതു മോഹൻദാസ് ലോഡ്ജിൽ മുറിയെടുക്കാൻ വരുന്ന ഒരു രംഗമുണ്ട്. അത് ചിത്രീകരിച്ചിരിക്കുന്നത് ഷംസുവിലാണ്.

subscribe

ചിരിക്കാൻ എനിക്കും ഇഷ്ടം
Shalu Kurian

Categories:
 • പുതിയ പ്രതീക്ഷകൾ

പ്രതീക്ഷകളുടെ വർഷമാണിത്. പുതിയ പ്രോജക്ടുകളുണ്ട്, നല്ല കഥാപാത്രങ്ങളും. കിട്ടുന്ന കഥാപാത്രങ്ങൾ വലിതോ ചെറുതോ എന്നു തരം തിരിക്കാറില്ല. സംവിധായകൻ ഏൽപ്പിച്ച ജോലി ഭംഗിയായി നിറവേറ്റാൻ കഴിയുക എന്നതാണ് ഒരു ആർട്ടിസ്റ്റിന്റെ കടമ. മുമ്പു ചെയ്തതിൽ നിന്നു വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചെയ്യാൻ പോകുന്നത്.
പിന്നെ, വ്യക്തിപരമായി പറഞ്ഞാൽ നല്ല ഭാര്യയായി, നല്ല മകളായി, നല്ല മരുമകളായി തുടരാൻ കഴിയുക തുടങ്ങിയ പ്രാർത്ഥനകളും മാത്രം.

 • പ്രോജക്ടകൾ

പുതിയ പ്രോജക്ടുകളുണ്ട്. റോസ് പെറ്റൽസിന്റെ ഒരു സീരിയൽ ചെയ്യുന്നുണ്ട്. മഴവിൽ മനോരമയ്ക്കു വേണ്ടിയാണ് സീരിയൽ. എന്നാൽ, സീരിയലിന്റെ പേര് തീർച്ചപ്പെടുത്തിയിട്ടില്ല.

 • ശ്രീകുമാരൻ തമ്പിയും ചട്ടമ്പിക്കല്ല്യാണിയും

നായികയാകുന്ന ആദ്യ സീരിയൽ ആയിരുന്നു ശ്രീകുമാരൻ തമ്പി സാറിന്റെ ചട്ടമ്പിക്കല്ല്യാണി. ടൈറ്റിൽ വേഷമായിരുന്നു അതിലെനിക്ക്. തുടക്കക്കാലത്തു തന്നെ ലെജൻഡ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ശ്രീകുമാരൻ തമ്പി സാറിന്റെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ചട്ടമ്പിക്കല്ല്യാണി എന്ന സിനിമ റീമേക്ക് ചെയ്തതായിരുന്നു സീരിയിൽ. തന്റെ കൂടെ വർക്ക് ചെയ്യുന്ന എല്ലാവരുടെയും കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുന്ന വ്യക്തിയാണ് അദ്ദേഹം. പ്രൊഡക്ഷനിൽ തയാറാക്കുന്ന ഭക്ഷണം അദ്ദേഹം രുചിച്ചു നോക്കിയ ശേഷം മാത്രമാണു വിളമ്പുക. അഭിനയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ, നൽകുന്ന വിവരണങ്ങൾ, ഉപദേശങ്ങളെല്ലാം എന്റെ കരിയറിൽ ഗുണം ചെയ്തിട്ടുണ്ട്. തമ്പി സാർ പിന്നീട് ചെയ്ത് സിനിമയിലെ ഒരു പാട്ട് സീനിൽ ഞാൻ ഉണ്ടായിരുന്നു. ലെങ്ത് കൂടിപ്പോയതിനാൽ പാട്ട് കട്ട് ചെയ്യുകയായിരുന്നു.

 • പ്രിയപ്പെട്ട അഭിനേതാക്കളും കമൽഹാസനും

നിരവധി ആർട്ടിസ്റ്റുകൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ലാലേട്ടൻ, മമ്മൂക്ക, മുരളി സാർ തുടങ്ങിയവരൊക്കെ എന്നെ സ്വാധീനിച്ചവരാണ്, ഏറെ പ്രിയപ്പെട്ടവരാണ്. ഞാൻ കമൽഹാസൻ സാറിന്റെ കടുത്ത ഫാനാണ്. ആ മഹാനടന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പല സിനിമകളും വീണ്ടും വീണ്ടും കാണാൻ തോന്നുന്നവയാണ്. അദ്ദേഹത്തോടൊപ്പം ഒരു സീനിലെങ്കിലും അഭിനയിക്കമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.

 • തട്ടീം മുട്ടീം

ആളുകളെ ചിരിപ്പിക്കുക എന്നത് നിസാരകാര്യമല്ല. ചിരിപ്പിക്കുന്നവരെ ആർക്കാണ് ഇഷ്ടമല്ലാത്തത്. സമ്മർദ്ദങ്ങളേറിയ ഫാസ്റ്റ് ലൈഫിൽ കോമഡി പ്രോഗ്രാമുകൾക്ക് ജനപ്രീതിയേറുന്നുണ്ട്. തട്ടീം മുട്ടീം എന്ന കോമഡി സീരിയലിനു മുമ്പ് കുടുംബ പോലീസ് എന്നൊരു കോമഡി സീരിയൽ ചെയ്തിട്ടുണ്ട്. അതേസമയം ചന്ദനമഴയിലെ നെഗറ്റീവ് വേഷവും ചെയ്തു. ക്യാരക്ടർ നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്നു നോക്കാറില്ല.
തട്ടീം മുട്ടീം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയതിൽ സന്തോഷമുണ്ട്. കോമഡി ചെയ്യുന്നതിൽ പ്രയാസങ്ങളൊന്നുമില്ല. ഒപ്പമുള്ള ആർട്ടിസ്റ്റുകൾ നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള കോംപിനേഷനുകൾ സീനിനു ഗുണം ചെയ്യും. ഒരു സീനിൽ ഒരാൾ മാത്രം വിചാരിച്ചാൽ ചിലപ്പോൾ കോമഡി വർക്കൗട്ട് ആകണമെന്നില്ലല്ലോ. എന്ന സംബന്ധിച്ച് കോമഡി മാത്രമല്ല, എല്ലാ കഥാപാത്രങ്ങളും ഇഷ്ടപ്പെട്ടു ചെയ്തതാണ്. കഥാപാത്രങ്ങളെ ഉൾക്കൊണ്ട് അവതരിപ്പിച്ചില്ലെങ്കിൽ പരാജയപ്പെടുമെന്നാണ് എന്റെ വിശ്വാസം.

 • മിനിസ്‌ക്രീനിൽ സന്തുഷ്ടയാണോ

തീർച്ചയായും സന്തുഷ്ടയാണ്. സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. നല്ല കഥാപാത്രങ്ങൾ സിനിമയിൽ ലഭിച്ചാൽ സ്വീകരിക്കും. സിനിമയിലൂടെയാണ് അഭിനയലോകത്തേക്കു പ്രവേശിക്കുന്നത്. പിന്നീടാണ് മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. ഇപ്പോൾ സീരിയലുകളിൽ നല്ല കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്.

 • സീരിയലുകൾക്കെതിരേയുള്ള വിമർശനങ്ങൾ

വിമർശനങ്ങളെ സംയമനത്തോടെ നോക്കിക്കാണുകയാണ് എന്റെ രീതി. ജനങ്ങൾക്ക് എന്തിനേയും വിമർശിക്കാം. അവർക്കതിനുള്ള അവകാശമുണ്ട്. വിമർശനങ്ങളിലെ നല്ല വശങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കാറുണ്ട്. സീരിയലുകളെക്കുറിച്ചു വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. സ്ഥിരം ഒരേ സബ്ജക്ട് തന്നെ കാണിക്കുന്നു. അമ്മായിയമ്മ, രണ്ടാനച്ഛൻ, ദുർമാർഗിയായ ഭർത്താവ് അങ്ങനെ പോകുന്ന ക്ലീഷേ സംഭവങ്ങൾ. എന്നാലും സീരിയലുകളിലെ പോസിറ്റിവ് വശങ്ങൾ നാം കാണാതെ പോകരുത്. ഇതൊക്കെ നമ്മുടെ സമൂഹത്തിൽ സാധാരണ നടക്കുന്നതാണ്. സീരിയൽ ഇൻഡസ്ട്രി സിനിമ പോലെ തന്നെ വലിയൊരു മേഖലയാണ്. നൂറുകണക്കിന് ആർട്ടിസ്റ്റുകളും ടെക്‌നീഷ്യൻമാരുമാണ് ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്.

 • യാത്രകൾ

കുട്ടിക്കാലം തൊട്ടേ യാത്രകൾ എനിക്കിഷ്ടമാണ്. അച്ഛന്റെ ബൈക്കിന്റെ പെട്രോൾ ടാങ്കിന്റെ മുകളിലിരുന്നുള്ള കുട്ടിക്കാലത്തെ യാത്രകളുടെ ഓർമകൾ എന്നും മധുരിക്കുന്നതാണ്. ബൈക്കിൽ അച്ഛന്റെയും അമ്മയുടെയും കൂടെ ബന്ധു വീടുകളിലൊക്കെ പോകും. ഞായറാഴ്ചകളിലായിരിക്കും അധികവും യാത്രകൾ.
പുതിയ സ്ഥലങ്ങൾ കാണുക, പുതിയ ആളുകളെ കാണുക, അവരുടെ സംസ്‌കാരം, പാരമ്പര്യം തുടങ്ങിയവ അടുത്തറിയുക ഇതെല്ലാം ഇഷ്ടമാണ്. കുട്ടിക്കാലം തൊട്ടു യാത്രയോടുള്ള ഇഷ്ടം വലിതായപ്പോൾ കൂടി എന്നു മാത്രം. സ്വന്തമായി വരുമാനമായപ്പോൾ യാത്രകൾ വിവിധ രാജ്യങ്ങൾ വരെ എത്തി. ഹിൽ സ്റ്റേഷനുകൾ സന്ദർശിക്കാനാണു കൂടുതൽ ഇഷ്ടം.
അടുത്തിടെ നടത്തിയത് റഷ്യൻ യാത്രയാണ്. എന്റെ ഭർത്താവ് മെൽവിൻ ഫിലിപ്പും കൂടെയുണ്ടായിരുന്നു. അദ്ദേഹവും എന്നെപ്പോലെയാണ്. യാത്രകളിൽ താത്പര്യമുള്ള ആളാണ്.

 • റഷ്യ

റഷ്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ ചുറ്റിക്കറങ്ങി എന്നു പറയാം. ഞങ്ങൾ തിരിച്ചുവരാൻ തുടങ്ങിയപ്പോൾ ശക്തമായി മഞ്ഞുവീഴാൻ തുടങ്ങിയിരുന്നു. മഞ്ഞ് ഇഷ്ടമായതുകൊണ്ട് കുറച്ചു ദിവസങ്ങൾ കൂടി അവിടെ തങ്ങാൻ ആഗ്രഹിച്ചു. പക്ഷേ കഴിഞ്ഞില്ല. ഡോസ്‌റ്റോയേവ്‌സ്‌കി, ചെക്കോവ്, ടോൾസ്‌റ്റോയി തുടങ്ങിയവരുടെ രചനകളിലൂടെ പരിചിതമായ റഷ്യൻ നഗരങ്ങളും അവിടത്തെ തെരുവുകളും വായന തുടങ്ങിയ കാലം തൊട്ടേ ഉള്ളിലുള്ളതാണ്.
റഷ്യയിലെ സ്ട്രീറ്റ് ഫുഡ് കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു. കഴിച്ചപ്പോൾ നമ്മുടെ ടേയ്‌സറ്റിന് ഇഷ്ടട്ടപ്പെട്ടില്ല. തീരെ പരിചിതമല്ലാത്തെ പാചകക്കൂട്ടുകൾ. കൂടുതൽ വെറൈറ്റികൾ ടേയ്സ്റ്റ് ചെയ്ത് നോക്കിയില്ല.
സെന്റ് പീറ്റേഴ്‌സ് ബെർഗ്, പുഷ്‌കിൻ, മോസ്‌കോ തുടങ്ങിയ നഗരങ്ങളാണ് പ്രധാനമായും സന്ദർശിച്ചത്.
വിവാഹശേഷമാണ് വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകൾ ആരംഭിച്ചത്. റഷ്യൻ സന്ദർശനത്തിനു മുമ്പ് മെൽവിനും ഞാനും തായ്‌ലൻഡ് പോയിരുന്നു. മനസിൽ പോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളും നഗരങ്ങളും ഇനിയുമുണ്ട്. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ പദ്ധതിയുണ്ട്.

 • സീരിയലുകളിൽ മാറ്റം

സിനിമ പോലെ തന്നെ സീരിയലുകളിലും മാറ്റങ്ങളും പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ചിത്രീകരണത്തിലും മറ്റ് ടെക്‌നിക്കൽ മേഖലകളിലും വലിയ മാറ്റങ്ങൾ ഇക്കാലത്ത് ഉണ്ടാകുന്നുണ്ട്. ഇപ്പോൾ ഞാൻ ചെയ്യന്ന തട്ടീം മുട്ടീം എന്ന സീരിയൽ പതിവു രീതികളിൽ നിന്നൊക്ക വ്യത്യസ്തമാണ്. ഇതുപോലെ വ്യത്യസ്തമായ സീരിയലുകളാണ്, മറിമായം, ഉപ്പും മുളകും തുടങ്ങിയവ. ഇതിന്റെ പ്രത്യേകത ഒരു എപ്പിസോഡിൽ ഒരു കഥ തീരുന്നു എന്നതാണ്. പ്രേക്ഷകർ ഇടയ്ക്ക് കാണാൻ വിട്ടു പോയാലും പ്രശ്‌നമൊന്നുമില്ല. സീരിയലുകളിൽ നിന്നു വ്യത്യസ്തമായി വലിയ കാഴ്ചക്കാരും ഇത്തരം പരിപാടികൾക്കുണ്ട്.
സിനികളെല്ലാം കാണാറുണ്ട്. തമിഴ് മാസ് സിനിമകൾ മിസ് ചെയ്യാറില്ല. സമയം കണ്ടെത്തി കാണും.

subscribe