സിനിമയിലെത്തി കാലം കുറെ കഴിഞ്ഞിട്ടും ഒരു പുരോഗതിയും ഉണ്ടാകാത്ത നേരത്ത് നാനയിലെ പരസ്യ മാനേജർ കൃഷ്ണൻ സാർ പറഞ്ഞു, സിനിമയുടെ പരസ്യം സംഘടിപ്പിച്ചു തന്നാൽ കമ്മിഷൻ തരാമെന്ന്. അന്ന് മൂന്നാല് സിനിമയിൽ നിന്ന് എനിക്കു കിട്ടുന്ന കാശ് ഒരു ബാക്ക് പേജ് പരസ്യം കൊടുത്താൽ കമ്മിഷനായി ലഭിക്കുമെന്നായപ്പോൾ ശ്രമിച്ചു നോക്കാമെന്നു കരുതി.

അന്ന് ഓഡിയോ കാസറ്റ് രംഗത്താണു കൂടതൽ സജീവം. തുടർന്ന് ഓഡിയോ കാസറ്റുകളുടെയും പുതിയ കമ്പനികളുടെ സിനിമാപ്പരസ്യങ്ങളും നാനയ്ക്കു മാത്രമല്ല മറ്റു ചലച്ചിത്ര പ്രസിദ്ധീകരണങ്ങൾക്കും വാങ്ങി കൊടുത്തു തുടങ്ങി. സിനിമ കമ്പനിയിൽ നിന്നു കാശ് കിട്ടിയിട്ടു മാത്രമെ ഞാൻ പരസ്യത്തിന്റെ ചെക്കു കൊടുക്കാറുള്ളു. അങ്ങനെ രണ്ടു മൂന്നു വർഷം പോയി. ഇതിൽ വളരെ സ്‌നേഹത്തോടെ ചിരിച്ച് സ്വാധീനിച്ച് എന്നിൽ നിന്നു പരസ്യം മേടിക്കാൻ മിടുക്കുള്ള ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അയാളുടെ കൈയിൽ മുൻകൂറായി ഞാൻ ഒപ്പിട്ട ഒരു ചെക്ക് എപ്പോഴുമുണ്ടായിരുന്നു. കാശ് കിട്ടുന്ന മുറക്ക് ഞാൻ പറയും. അപ്പോൾ ചെക്ക് ബാങ്കിൽ കൊടുക്കും.

ഞാൻ പറയാതെ ചെക്ക് കൊടുക്കില്ലെന്ന വിശ്വാസത്തിലാണ് അങ്ങനെ ചെയ്തത്. ബാക്കി ആർക്കും മുൻകൂറായി ചെക്ക് കൊടുത്തിരുന്നില്ല.
സിനിമ കമ്പനിയിൽ നിന്നു പണം കിട്ടാത്തതു കൊണ്ട് പരസ്യം മേടിച്ചു കൊടുക്കലും അവസാനിപ്പിച്ചു. അതിന്റെ പേരിൽ കുറച്ചു പേർക്ക് ഞാൻ ഇപ്പോഴും പണം കൊടുക്കാനുമുണ്ട്. പക്ഷേ, ഒരു കാര്യം അതിന്റെ പേരിൽ ഒരു രൂപ പോലും ഞാൻ കമ്മിഷൻ എടുത്തിട്ടില്ല. ഒരു കൊല്ലം കഴിഞ്ഞപ്പോൾ എന്നെ തേടി പോലീസ് വന്നു. എനിക്ക് അറസ്റ്റ് വാറന്റ്. ഓഫിസിൽ സമൻസ് വന്നപ്പോൾ ഞാൻ ഇല്ലാത്തതിനാൻ മടക്കി അയച്ചു.
അന്വേഷിച്ചപ്പോൾ ചെക്ക് കേസ് ആണ്. അപ്പോഴാണ്, പഴയ പരസ്യത്തിന്റെ കാര്യം ഓർത്തത്. ആ സുഹൃത്തിനെ വിളിച്ചു. ആയാൾ ആ കമ്പനിയിൽ നിന്നു മാറി കഴിഞ്ഞിരുന്നു.

കോടതി, കേസ്, പോലീസ് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. കേസ് കൊടുത്ത കമ്പനിയിൽ പുതിയ മാനേജ്‌മെന്റ് ആയതിനാൽ ആർക്കും എന്നെ സഹായിക്കാൻ കഴിയുമായിരുന്നില്ല. ചെക്ക് കേസായതിനാൽ സിനിമാക്കാരോടു പറയാനും തോന്നിയില്ല. പരസ്യത്തിന്റെ പണം തരേണ്ട സിനിമ കമ്പനി പൂട്ടി പോകുകയും ചെയ്തു. രണ്ടാഴ്ച ഭയത്തിന്റെ നിഴലിലായിരുന്നു. ഉറക്കം നഷ്ടപ്പെട്ടു. ടെൻഷൻ കൊണ്ടു വീർപ്പുമുട്ടി. ജാമ്യത്തിലെടുക്കാൻ ഭാര്യ കരം അടച്ചു രസീത് വാങ്ങി. അപ്പോഴേക്കും എന്നെ സഹായിക്കാൻ ദൈവദൂതനെ പോലെ ഒരാൾ വന്നു. ഒപ്പം നാട്ടുകാരും കൂട്ടുകാരും മുന്നിലെത്തി. വക്കീലിനെ വച്ചു. ജാമ്യമെടുത്തു. എത്രയും വേഗം കൊടുക്കാനുള്ള പണം കൊടുത്ത് കേസ് തീർക്കാൻ ഞാൻ പറഞ്ഞെങ്കിലും വക്കീൽ അതിനെതിരേ വാദിച്ചു. ഒടുവിൽ എനിക്കെതിരേ വിധി വന്നു. വീണ്ടും ജാമ്യത്തിലെടുക്കാൻ സുഹൃത്തുക്കൾ ഉണ്ടായിരുന്നതു കൊണ്ടു രക്ഷപ്പെട്ടു.
തുടർന്ന് ഹൈക്കോടതിയിലൂടെ പരസ്പര ധാരണയിൽ പണം അടച്ച് കേസ് അവസാനിപ്പിച്ചു.

subscribe