സാഹചര്യങ്ങൾ ഒറ്റപ്പെടുത്തിയ പെൺകുട്ടിയുടെ അതിജീവനത്തിന്റെ പേരാണ് ‘ചിതൽ.’ പാലക്കാട് സ്വദേശിനി സിഫിയ ഹനീഫിന്റെ ജീവിതം മറ്റുളളവർ മാതൃക ആക്കേണ്ടതാണ്. ഇരുപതാം വയസിൽ വിധവയായപ്പോൾ സമൂഹം അവളെ ഒറ്റപ്പെടുത്തി. മുലകുടിമാറാത്ത കുഞ്ഞിനെ മാറോടണച്ച് സിഫിയ സ്വന്തമായി വരുമാനം കണ്ടെത്തി. അവൾ അധ്വാനിക്കുന്നത് സ്വന്തം ജീവിതം സുന്ദരമാക്കാനല്ല. മറിച്ച് സഹജീവികളുടെ വേദന ഇല്ലാതാക്കാനാണ്. തന്റെ വേദനകൾ ഉളളിലൊതുക്കി അവൾ വിധവകൾക്കും അവരുടെ മക്കൾക്കുമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. കിട്ടിയ തുച്ഛമായ വരുമാനം കൊണ്ട് സിഫിയ ‘ചിതൽ’ എന്ന കുട്ടായ്മയിലൂടെ പ്രവർത്തനം ആരംഭിച്ചു.

  • ബാല്യകൗമാരങ്ങൾ

ഓർമയിൽ സൂക്ഷിക്കാവുന്ന നല്ലൊരു ബാല്യം തന്നെയായിരുന്നു എന്റേത്. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന സന്തുഷ്ട കുടുംബം. പിതാവ് വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തികബുദ്ധിമുട്ട് എന്തെന്ന് അറിയാതെയാണ് വളർന്നത്. ഇഷ്ടങ്ങൾ പറയും മുൻപേ സാധിച്ചു തരുന്ന മാതാപിതാക്കൾ.
അവധിക്ക് നാട്ടിൽ വരുമ്പോൾ പിതാവിനെക്കൂട്ടാൻ എയർപോർട്ടിൽ പോകുമെന്നല്ലാതെ പുറംലോകവുമായി യാതൊരു പരിചയവുമില്ലാത്ത ഒരുകാലം ഉണ്ടായിരുന്നു. വീടിന് പുറത്ത് ഇങ്ങനൊരു ലേകമുണ്ടെന്ന് പോലും ഞാൻ തിരിച്ചറിഞ്ഞത് ഈ അടുത്തകാലത്താണ്.

  • സിഫിയിൽ നിന്ന് ചിതലിലേക്കുളള യാത്ര

കളിക്കൂട്ടുകാരിയായ ചേച്ചി വിവാഹം കഴിഞ്ഞ് ഭർതൃഗൃഹത്തിലേക്ക് പോയി. അതോടെ ഞാൻ ഒറ്റയ്ക്കായി. ഇടയ്ക്ക് വീട്ടിൽ വരുമ്പോൾ പണ്ടത്തെപ്പോലെ ചേച്ചിക്കു കളിയും ചിരിയും ഒന്നുമില്ലായിരുന്നു. ചേച്ചിയൊരു ഭാര്യയാണെന്നും കുടുംബിനിയാണെന്നും കുട്ടിയായതുകൊണ്ട് അന്നെനിക്കു മനസിലായില്ല. പ്ലസ്‌വണ്ണിന് പഠിക്കുമ്പോൾ രാവിലെ സ്‌കൂളിലേക്ക് പോകാനുളള ഒരുക്കത്തിനിടെ അമ്മ വന്നു പറഞ്ഞു:
”മോള് ഇന്ന് സ്‌കൂളിൽ പോകണ്ട. നിന്നെക്കാണാൻ ഒരു പയ്യൻ വരുന്നുണ്ട്.”
അമ്മ കൊണ്ടുത്തന്ന വസ്ത്രം ധരിച്ച് ചെറുക്കന്റെ വീട്ടുകാരുടെ മുന്നിൽ നിന്നപ്പോൾ കുടുംബജീവിതം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. പതിനാറാം വയസിൽ വിവാഹം കഴിഞ്ഞ് ഭാർത്താവിനൊപ്പം ബംഗളൂരു നഗരത്തിലേക്കു പോയി. എന്നെ സംബന്ധിച്ചിടത്തോളം പുതിയ സ്ഥലം, ഭാഷ എല്ലാം ആദ്യമൊക്കെ പ്രശ്‌നമായിരുന്നു. അവിടുത്തെ ജീവിതവുമായി പൊരുത്തപ്പെടാൻ കുറച്ചുസമയം വേണ്ടിവന്നു. പതിനേഴാം വയസിൽ ഞാനൊരു അമ്മയായി. മകന്റെ ജനനത്തോടെ സിഫിയയെന്ന പെൺകുട്ടിയിൽ നിന്ന് പക്വതയുളള ഒരമ്മയായി മാറി.

രണ്ടുവർഷത്തിനുശേഷം ഞങ്ങൾക്ക് രണ്ടാമതൊരു മകൻ കൂടി ഉണ്ടായി. കുഞ്ഞുങ്ങൾക്കൊപ്പം ജീവിച്ചു തുടങ്ങും മുൻപേ വിധി എന്നിൽ നിന്ന് ഭർത്താവിനെ തട്ടിയെടുത്തു. ഒരു വേനലവധിക്കു കുട്ടികളുമായി ഞാൻ നാട്ടിലേക്കു വന്നു. ആ സമയം കൂട്ടുകാരുമൊത്ത് ഭാർത്താവ് വിനോദയാത്രയ്ക്കു പോയതാണ്. യാത്രക്കിടെ കുളിക്കാൻ ഇറങ്ങിയ അദ്ദേഹം ചുഴിയിൽപ്പെട്ട് വെള്ളത്തിനടിയിലേക്ക് പോയി. ആ സമയമെല്ലാം ഞാൻ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. റിങ് ചെയ്‌തെങ്കിലും കോൾ എടുത്തില്ല. തിരക്കുമൂലം ഞാൻ വിളിച്ചത് കണ്ടില്ലെന്ന് കരുതി സമാധാനിച്ചു. പിന്നീടാണ് അറിഞ്ഞത് എന്റെ കോളുകൾ കാണും മുമ്പേ അദ്ദേഹം ഈ ലോകത്തു നിന്നു യാത്രയായെന്ന്. മൂന്നു ദിവസങ്ങൾക്കുശേഷമാണ് ബോഡി കിട്ടിയത്. സന്തോഷത്തോടെ യാത്ര പറഞ്ഞുപോയ ഭർത്താവിന്റെ തണുത്തുമരവിച്ച ശരീരമാണു പിന്നീട് കിട്ടിയത്. അവസാനമായി ഒരുനോക്കു കാണാൻപോലും സാധിച്ചില്ല. അതെനിക്കൊരു ഷോക്കായിരുന്നു. ഇന്ന് കാണുന്നൊരു ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധിക്കുമെന്നു കരുതിയതല്ല.

പിന്നീടങ്ങോട്ട് കാലത്തിന് ഒപ്പമെത്താനുളള ഓട്ടത്തിലായിരുന്നു. ജീവിതം എന്തെന്ന് അറിഞ്ഞു തുടങ്ങും മുമ്പേ ഇരുപതാം വയസിൽ ഒറ്റപ്പെട്ടുപോയ ഞാൻ കുട്ടികളുമായി നാട്ടിലേക്കു മടങ്ങി. അത്രയും നാളും ഓടി കളിച്ചുനടന്ന വീടായിരുന്നില്ല വിധവയായി തിരിച്ചു വന്നപ്പോൾ. വീട്ടുകാരും നാട്ടുകാരും എന്നെ മറ്റൊരു കണ്ണോടെയാണു നോക്കുന്നതെന്ന് എനിക്കു തോന്നി. പക്ഷേ എന്റെ മാതാപിതാക്കൾ അവരുടെ സങ്കടം പുറമെ കാണിക്കാതെ എനിക്കൊപ്പം നിന്നു. അധികം വൈകാതെ മറ്റൊരു വിവാഹത്തിന് അവരെന്നെ നിർബന്ധിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല.

  • പഠനം പുനരാരംഭിച്ചു

എങ്ങനെയും ജോലി സമ്പാദിക്കണം എന്ന ചിന്തയായി. പാതി വഴിയിൽ ഉപേക്ഷിച്ച പഠനം പുനരാരംഭിക്കാൻ തീരുമാനിച്ചു. അതിനായി പരിശ്രമിച്ചു. കുറച്ചു നാളുകൾക്കു ശേഷം അടുത്തുള്ള കോളേജിൽ കറസ്‌പോണ്ടൻസായി ഡിഗ്രിക്ക് ചേർന്നു. പകൽ സമയങ്ങളിൽ ജോലിക്കു പോയും വൈകുന്നേരങ്ങളിൽ അടുത്തുള്ള കുട്ടികൾക്ക് ട്യൂഷൻ എടുത്തും സ്വന്തമായി വരുമാനം കണ്ടെത്തി. കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഒന്നുമാകില്ലെന്ന് ബോധ്യമായതോടെ മൂത്ത മകനെ അമ്മയെ ഏൽപ്പിച്ച്, മുലകുടി മാറാത്ത ഇളയ മകനുമായി ബംഗളൂരുവിലേക്കു വീണ്ടും വണ്ടി കയറി. എനിക്കവിടെ കുറച്ചു നല്ല സുഹൃത്തുക്കൾ ഉണ്ടെന്ന വിശ്വാസത്തോടെ. അവർ വിചാരിച്ചാൽ ഒരു ജോലി തരപ്പെടുത്തി തരുമെന്ന് കരുതി. പക്ഷേ ഭർത്താവില്ലാതെ കൈ കുഞ്ഞുമായി കയറിച്ചെന്ന എന്നെ സഹായിക്കാൻ അവർക്കായില്ല. ഒരുപക്ഷേ ഞാനവർക്കു ബാധ്യതയാകുമെന്നു ഭയന്നിട്ടാവാം.

തലചായ്ക്കാൻ ഒരിടമില്ലാതെ ശിവാജിനഗറിലെ ബസ്‌സ്‌റ്റോപ്പിൽ കുഞ്ഞിനെ മാറോടടക്കി പിടിച്ച് ഒരുരാത്രി കഴിച്ചുകൂട്ടി. പിറ്റേദിവസം ജോലി അന്വേഷിച്ചു ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. വാവിട്ടു കരയുന്ന കുഞ്ഞുമായി വീണ്ടും ബസ് സ്‌റ്റോപ്പിൽ ചെന്നിരുന്നു. മോന്റെ കരച്ചിൽ കേട്ട് പ്രായമായൊരു സ്ത്രീ അരികിൽ വന്നു. കുഞ്ഞിന വിശക്കുന്നുണ്ടെങ്കിൽ എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ അവർ പറഞ്ഞു. എന്റെ നിസഹായാവസ്ഥ കണ്ട് അവർ കാര്യം അന്വേഷിച്ചു. കഥകൾ കേട്ട് കഴിഞ്ഞപ്പോൾ അവർക്കൊപ്പം ഞങ്ങളെയും കൂട്ടി. വയറു നിറയെ ഭക്ഷണവും കിടക്കാൻ ഒരിടവും തന്നു. ആ സ്ത്രീ വന്നില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല. അന്നുമുതൽ ഞാനവരെ സ്‌നേഹത്തോടെ ‘പാട്ടി’ എന്നു വിളിച്ചു. പിറ്റേദിവസം കന്യാസ്ത്രീകൾ താമസിക്കുന്ന ഹോസ്റ്റലിൽ റൂം ശരിയാക്കി തന്നു. അവിടെ നിന്നുകൊണ്ട് ഒരു കോൾ സെന്ററിൽ ജോലി കണ്ടെത്തി. ഏഴുമാസത്തോളം അവിടെ ജോലിചെയ്തു. കുഞ്ഞിനു സുഖമില്ലാതെ വന്നപ്പോൾ നാട്ടിലേക്കുമടങ്ങി. ഇടയ്ക്കു പാട്ടിയെ കാണാൻ ബംഗളൂരുവിലേക്കു പോകാറുണ്ട്. നാട്ടിലെത്തിയ ഞാൻ ബിഎഡിനു ചേർന്നു. പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ ട്രെയിനിങ്ങിനു കയറിയ സ്‌കൂളിൽ ദിവസ വേതനത്തിനു ജോലി ലഭിച്ചു.

subscribe