കഥകളിലൂടെയും ചലച്ചിത്രകാവ്യങ്ങളിലൂടെയും പ്രണയത്തിന്റെയും മഴയുടെയും ഗന്ധർവസ്പർശം മലയാളികളുടെ മനസിനെ അനുഭവിപ്പിച്ച പത്മരാജൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 29 വർഷം പിന്നിടുന്നു. കഥാകാരനായ അദ്ദേഹം അഭ്രപാളിയിലും കഥകൾ പറഞ്ഞു പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഓരോ സിനിമയും ഓരോ അനുഭവമാണ്. തിയേറ്റർ വിട്ടിറങ്ങിയാലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ നമ്മോടൊപ്പം സഞ്ചരിക്കും. ചെറിയ ബജറ്റിൽ സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കുകയും താരങ്ങളെ വാർത്തെടുക്കാനും കഴിഞ്ഞുവെന്നത് പത്മരാജൻ സിനിമകളുടെ മറ്റൊരു പ്രത്യേകതയും കൂടിയാണ്.

ഹരിപ്പാടിനടുത്ത് മുതുകുളം എന്ന സ്ഥലത്ത് 1945 മേയ് 23-നാണ്് പത്മരാജന്റെ ജനനം. മുതുകുളം സ്‌കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബിരുദപഠനം വരെ തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരത്തെ ജീവിതവും പഠനവും അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. 1965- ൽ ആൾ ഇന്ത്യ റേഡിയോയിൽ ഉദ്യോഗസ്ഥനായി. പിന്നീടാണ്, പത്മരാജൻ സിനിമയുടെ വലിയ ലോകത്തേക്കു പ്രവേശിക്കുന്നത്. തൂവാനത്തുമ്പികൾ, മൂന്നാം പക്കം, ഞാൻ ഗന്ധർവൻ, പെരുവഴിയമ്പലം, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരിടത്തൊരു ഫയൽവാൻ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്നീ സിനിമകൾ മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്.

കോളേജ് പഠനകാലത്തുതന്നെ സാഹിത്യലോകത്തേക്കു ചുവടുവയ്പ്പു നടത്തിയ പത്മരാജന്റെ കഥകൾ മൗലികത കൊണ്ടും ക്രാഫ്റ്റ് കൊണ്ടും വിമർശകരുടെ പോലും പ്രശംസ പിടിച്ചുപറ്റി. ചെറുകഥയിൽ മാത്രമായി ഒതുങ്ങിയില്ല, പത്മരാജന്റെ എഴുത്ത്. നക്ഷത്രങ്ങളേ കാവൽ പുതുമയാർന്ന അവതരണരീതി കൊണ്ടും അനുഭവലോകം കൊണ്ടും ഭാഷാസങ്കേതങ്ങൾ കൊണ്ടും വ്യത്യസ്തമാണ്. 1971-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ഈ നോവലിനു ലഭിച്ചു. വാടകയ്‌ക്കൊരു ഹൃദയം, ശവവാഹനങ്ങളും തേടി, ഇതാ ഇവിടെ വരെ, മഞ്ഞു കാലം നോറ്റ കുതിര, ഉദകപ്പോള, പ്രതിമയും രാജകുമാരിയും, പെരുവഴിയമ്പലം, രതിനിർവേദം തുടങ്ങിയ കൃതികൾ വായനക്കാരുടെയും നിരൂപകരുടെയും ഇഷ്ടം നേടി. 36 സിനിമകൾക്കാണ് തിരക്കഥയൊരുക്കിയത്. 18 സിനിമകൾ സംവിധാനം ചെ്തു. പ്രയാണം (1975) ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രയാണം ദേശീയതലത്തിൽ വരെ പ്രശംസ പിടിച്ചുപറ്റി.

subscribe