ഏതു ഭാഷയിലെയും പോലെ മറാത്തിയിലും കവിതയുണ്ടായത് കൃഷിയിടങ്ങളിലാണ്. ഇന്ത്യയിൽ അത് കീഴാളരുടെ സ്വന്തമാണ്. അതിനൊരു പ്രത്യേക കാരണമുള്ളത് ഇന്ത്യയിലെ ജാതി വ്യവസ്ഥയാണ്. കുലത്തൊഴിൽ എന്ന പേരിൽ അടിമപ്പണി അടിച്ചേൽപ്പിച്ചപ്പോൾ അക്ഷരം പഠിക്കാനുള്ള സന്ദർഭം ഇല്ലാതായി. ചേറിൽ പണിയെടുക്കുന്നവന് എന്തിനാണ് എഴുത്തും വായനയും! അതിനാൽ തോന്നിയ കവിതകൾ അവർ ഉച്ചത്തിൽ പാടി. അതിൽ ദു:ഖവും സ്വപ്‌നവും എല്ലാം ഉണ്ടായിരുന്നു.

നവോത്ഥാന പരിശ്രമങ്ങൾക്കുശേഷം എല്ലാർക്കും പഠിക്കാമെന്നായി. ചൊൽക്കവിതകൾ അക്ഷരലാവണ്യത്തിൽ ജ്വാലകളായി. മലയാളത്തെക്കാൾ മറാത്തിയിലാണ് കീഴാളജീവിതം രേഖപ്പെടുത്തപ്പെട്ടത്. ഒ.ടി.ജെ മേനോൻ അടക്കമുള്ള ആദരണീയരായ കേരളീയർ മറാത്തിക്കവിതയിലെ കറുത്തലിപികളെ ലോകത്തിനു മുന്നിലെത്തിച്ചു.

രണ്ടു ധാരകളും മറാത്തിയിൽ സജീവമായി. ഒപ്പം അമിതകാൽപ്പനികതയുടെ പൂവൻപഴഭംഗികളെ മറാത്തിക്കവികൾ വലിച്ചെറിഞ്ഞു. ജാഗ്രതയുടെ പരുക്കൻ ഭാഷ അവർ രൂപപ്പെടുത്തിയെടുത്തു. നിതാന്തജാഗ്രത മറാത്തിക്കവിതയുടെ കൊടിയടയാളമായി. ഡോ. ശ്രീപാദ് ബാലചന്ദ്ര ജോഷിയുടെ കവിതകൾ ഉണർന്നിരിക്കുന്നവയാണ്. അതീവശ്രദ്ധയോടെ, സമൂഹത്തിലെ ഓരോ ചലനവും ആ കവിതകൾ സ്വാംശീകരിച്ചിരിക്കുന്നു. സൂര്യപ്രകാശം ചാന്ദ്രപ്രകാശമായി രാവിലും ഉണർന്നിരിക്കുന്നതുപോലെ ആ സൗന്ദര്യമണ്ഡലം തെളിഞ്ഞുനിൽക്കുന്നു. നക്ഷത്രക്കണ്ണുകളോടെ രാപകലില്ലാതെ കണ്ടിരിക്കുന്നു.
വിയോജിപ്പുകളുടെ കലയാണല്ലോ കവിത. ജോഷിക്കവിതകൾ വിയോജിപ്പുകളുടെ സേനാവ്യൂഹമാണ്. ചോദ്യംചെയ്യലും ഭേദ്യംചെയ്യലും നെടുവീർപ്പുകളും പരിഹാസബുള്ളറ്റുകളും ഈ കവിതകളിലുണ്ട്.

മഴയെ കാത്തുകാത്തു വിണ്ടുകീറിയ മണ്ണും നഗ്‌നരെ പരിശോധിക്കാൻ എത്തിയവർ സ്വയം നഗ്‌നരായി തിരിച്ചുപോകുന്നതും വയലുകളിൽ മുളച്ചുപൊന്തുന്ന തോക്കുകളും നനഞ്ഞു കുതിർന്നുപോയ സന്ദേശവും വഴിതെറ്റിപ്പോയ കുതിരകളും ഗ്രൂപ്പ് കൊടികളും സംസാരിക്കുന്ന വിടവുകളും ഈ കാവ്യവഴിയിലുണ്ട്. ജാതിയില്ലാത്ത മഴയും അപ്പുപ്പൻതാടിപോലെ പറക്കുന്ന മനസും തുറന്ന സ്ഥലത്തുപോലും ലഭിക്കാത്ത ശുദ്ധവായുവും ഉള്ളിലെ കൊടുങ്കാറ്റും ഒരിക്കലും എത്തിപ്പെടാത്ത ഇടവും മെല്ലെ മെല്ലെ വിടർന്നുവരുന്ന ചിറകുകളും സത്യത്തിന്റെ പൂക്കളും മഴയോടുള്ള വെറുപ്പുകലർന്ന സമീപനവും സ്വന്തം കണ്ണീർ തുടയ്ക്കുന്ന മണ്ണും വെയിലും തണലും തമ്മിലുള്ള കണ്ണുപൊത്തിക്കളിയും കൊടുങ്കാറ്റു ബാധിക്കാത്ത സൂര്യനും ബാധിക്കുന്ന സൂര്യഭക്തരും ഭ്രാന്തൻമാരുടെ ആശുപത്രിക്കായി നീക്കിവയ്ക്കപ്പെട്ട സ്ഥലത്തു വിതയ്ക്കപ്പെട്ട വിത്തും വെള്ളത്തിനടിയിൽ ഒരുങ്ങുന്ന വീടും ഈ കാവ്യഭൂമിയിലുണ്ട്.

subscribe