പട്ടിക്കര ഡയറീസ് – ഈ പംക്തി എഴുതിത്തുടങ്ങുമ്പോൾ എന്തൊക്കെ എഴുതണം, എങ്ങനെ എഴുതണം തുടങ്ങിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, എവിടെ തുടങ്ങണം എന്ന കാര്യത്തിൽ എനിക്ക് രണ്ടാമതൊരു ചിന്ത ഇല്ലായിരുന്നു. എന്റെ തുടക്കം പോലെ ആന്റോ ജോസഫിൽ നിന്നു തന്നെ തുടങ്ങാം. സിനിമയ്ക്കു വേണ്ടിയുള്ള അഹോരാത്ര പരിശ്രമങ്ങൾക്കൊടുവിൽ – മോഹൻലാലിന്റെ ഭാഷയിൽ പറഞ്ഞാൽ – ഞാൻ എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ ആയിരുന്നു. സാക്ഷാൽ ആന്റോ ജോസഫിന്റെ മടയിൽ!

ആ കഥ പറയാം, അതിനുമുമ്പ് എന്റെ നാട്ടിലേക്കൊന്നു പോകാം, തൃശൂർ ജില്ലയിലെ പട്ടിക്കര. എല്ലാ അർത്ഥത്തിലും തനി നാട്ടിൻപുറം! വിദ്യാഭ്യാസം കഴിഞ്ഞ് ഉള്ളിലൊളിപ്പിച്ച സിനിമാമോഹവുമായി നടക്കുന്ന കാലം. നാട്ടിലെ യുവതരംഗം ക്ലബ്ബിന്റെ സെക്രട്ടറിയായി ചില്ലറ പ്രവർത്തനങ്ങളുമായി നടക്കുമ്പോഴാണ് പ്രിയ സുഹൃത്തുക്കളായ പ്രദീപ് നാരായണൻ, പ്രകാശൻ എന്നിവർ ടെലിഫിലിമുകൾ എടുത്തു തുടങ്ങുന്നത്. സമാന മനസ്‌ക്കരായ ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ഒപ്പം കൂടി. ഓരോരുത്തർക്ക് ഓരോ ജോലി. ആർട്ടിസ്റ്റുകളെ കൂട്ടിക്കൊണ്ടുവരിക, ഹോട്ടൽ ബുക്കിങ് തുടങ്ങിയ പ്രൊഡക്ഷന്റെ ചുമതലകൾ എനിക്കായിരുന്നു. അതായിരുന്നു എന്റെ ബാലപാഠങ്ങൾ.

കുറേ നാളത്തെ പരിശ്രമത്തിനു ശേഷം എനിക്ക് ഒരു സിനിമയിൽ പ്രൊഡക്ഷൻ മാനേജരായി അവസരം കിട്ടി. ജനശക്തി ഫിലിംസിന്റെ ബാനറിൽ ജയപാല മേനോൻ നിർമിച്ച് പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ഗർഷോം ആയിരുന്നു സിനിമ. ആരിഫ് പൊന്നാനി ആയിരുന്നു അതിന്റെ പ്രൊഡക്ഷൻ കൺട്രോളർ. കൂറ്റനാടും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. കൂറ്റനാടിനടുത്ത് വളയംകുളത്തുള്ള ‘മാനംകണ്ടത്ത് തറവാട്’ ചിത്രത്തിലെ ഒരു പ്രധാന ലൊക്കേഷൻ ആയിരുന്നു.

അവിടത്തെ ചിത്രീകരണം കഴിഞ്ഞ് കൂറ്റനാട് ചിത്രീകരണം നടന്നുകൊണ്ടിരിക്കേ, വേറൊരു സിനിമയുടെ അണിയറ പ്രവർത്തകർ ലൊക്കേഷൻ തേടി അവിടെയെത്തി. അവർക്ക് വേണ്ടത് പ്രൗഢിയുള്ള ഒരു മുസ്‌ലിം തറവാടായിരുന്നു. മാനംകണ്ടത്ത് തറവാടിന്റെ സ്റ്റിൽസ് കണ്ട് അവർക്ക് ഇഷ്ടപ്പെട്ടു. നേരിട്ട് ആ വീട് കാണണം എന്നായി. അങ്ങനെ, അവർക്ക് വഴി കാണിക്കാനായി സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന ഖാദർ കൊച്ചന്നൂരിന്റെ നിർദ്ദേശപ്രകാരം ഞാനും അവരുടെ കാറിൽ കയറി. വന്നവരുടെ കൂട്ടത്തിൽ ആന്റോ സാർ ഉണ്ടായിരുന്നു. ആ കാർ യാത്രയിലാണ് ഞാൻ സാറിനെ പരിചയപ്പെടുന്നത്. എന്തായാലും വീട് കണ്ടു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഷൂട്ടിന് തീയതിയും തീരുമാനിച്ചു. അങ്ങനെ വഴികാട്ടിയായ ഞാൻ ആ ചിത്രത്തിൽ ആന്റോ സാറിനൊപ്പം കൂടി.

subscribe