‘ജീവനെടുക്കാൻ പരിശീലനം നേടിയ ഞാൻ, ജീവിതം തിരിച്ചുനൽകുന്ന മേഖലയിൽ എത്തിയത് അപൂർവ ഭാഗ്യമായി കരുതുന്നു. 34 കൊല്ലം പട്ടാളക്കാരനായിരുന്നു. 10 വർഷമായി ആതുരസേവനരംഗത്താണ്. എല്ലാം ഈശ്വരൻ നിശ്ചയിച്ചുറപ്പിച്ചതാണെന്നാണ് എന്റെ വിശ്വാസം. വിധിയിൽ ഞാൻ വിശ്വസിക്കുന്നു. പട്ടാളക്കാർ പൊതുവെ അന്ധവിശ്വാസികളാണ്. ഞാൻ കുറച്ചുകൂടുതൽ അന്ധവിശ്വാസിയാണ്.’
കേണൽ രാജീവ് മണ്ണാളി സംസാരിക്കുന്നത് പട്ടാളക്കാരന്റെ ചിട്ടയും മോട്ടിവേഷണൽ സ്പീക്കറുടെ വ്യക്തതയും മനുഷ്യസ്‌നേഹിയുടെ ആർദ്രതയും നിറഞ്ഞ വാക്കുകളിലാണ്. ചിലപ്പോൾ അദ്ദേഹം ഒരു തത്വചിന്തകനെപ്പോലെയാകും. അദ്ദേഹം പട്ടാളക്കഥകൾ പറയുമ്പോൾ അതിൽ മനുഷ്യത്വത്തിന്റെ മധുരവും നിറയും. ഇന്നുവരെ ഒരാളും തന്റെ കൈകൊണ്ട് കൊല്ലപ്പെട്ടിട്ടില്ല എന്ന് അഭിമാനത്തോടെ പറയുന്ന പട്ടാളക്കാരൻ. ജീവിതത്തിൽ പല റോളുകളിൽ നിൽക്കാൻ അദ്ദേഹത്തിനു സാധിക്കുന്നതിന്റെ രസതന്ത്രവും അതാവും. ജീവിതത്തെ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: ഒരു ജീവിതം, രണ്ടു റോളുകൾ. സൈനിക ഉദ്യോഗസ്ഥന്റെ യൂണിഫോമിൽ നിന്ന് അഡ്മിനിസ്‌ട്രേറ്ററുടെ റോളിലേക്കുള്ള മാറ്റം. രണ്ടു റോളുകളും അദ്ദേഹം ഒരുപോലെ ആസ്വദിക്കുന്നു. തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറിന്റെ കസേരയിലിരുന്ന് കേണൽ രാജീവ് മണ്ണാളി ജീവിതം പറയുന്നു.

  • ജീവിതം യൂണിഫോമിൽ

യൂണിഫോമുമായുള്ള ബന്ധം തുടങ്ങുന്നത് 1966 ഫെബ്രുവരി മാസത്തിലാണ്. കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി രണ്ടിന് കഴക്കൂട്ടം സൈനിക് സ്‌കൂളിൽ കേഡറ്റായി ചേർന്നപ്പോൾ. അച്ഛൻ അഞ്ചു വർഷം ബ്രിട്ടീഷ് ആർമിയിൽ ചീഫ് കമ്മിഷൻഡ് ഓഫിസർ ആയിരുന്നു. അദ്ദേഹത്തിന്റെ അനുഭവങ്ങൾ കേട്ടാണ് പട്ടാളക്കാരനാവണം എന്ന ആഗ്രഹം കുട്ടിക്കാലത്ത് മനസിൽ കയറിയത്. അഭിഭാഷകനും കമ്യൂണിസ്റ്റ് നേതാവും തൊഴിലാളി യൂണിയൻ നേതാവുമൊക്കെയായിരുന്നു അച്ഛൻ മണ്ണാളി വിശ്വനാഥൻ. അച്ഛനും അമ്മയും എന്നെ സൈനിക് സ്‌കൂളിൽ കൊണ്ടുവന്ന ദിവസം ഇന്നും എന്റെ ഓർമയിലുണ്ട്. അന്ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി സെന്ററിൽ നിൽക്കുമ്പോൾത്തന്നെ സൈനിക് സ്‌കൂൾ കാണാം. ദൂരെ നിന്നു കണ്ടപ്പോൾ കൊട്ടാരം പോലെയാണ് തോന്നിയത്.

അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും പിരിഞ്ഞുള്ള ജീവിതവും സൈനിക് സ്‌കൂളിലെ പരിശീലനവും ആദ്യം കുറച്ചു ബുദ്ധിമുട്ടായി തോന്നിയെങ്കിലും പിന്നീട് അതൊരു ഹരമായി. പെട്ടെന്നു തന്നെ സൈനിക് സ്‌കൂൾ ജീവിതത്തിന്റെ ഭാഗമായി മാറി. പുതിയ കൂട്ടുകാരും ജീവിതരീതിയുമായി വളരെ വേഗം ഇഴുകിച്ചേരാനും സാധിച്ചു. ആറു വർഷം കടന്നുപോയത് അറിഞ്ഞില്ല. 1972-ൽ കോഴ്‌സ് പൂർത്തിയാക്കി സൈനിക് സ്‌കൂളിൽ നിന്ന് വിട പറയുമ്പോഴേക്കും നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം ലഭിച്ചിരുന്നു. 1972 ജൂലൈയിൽ മഹാരാഷ്ട്രയിലെ ഖഡക് വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ മൂന്നു കൊല്ലം പരിശീലനം. വളരെ ദുഷ്‌കരമായിരുന്നു പരിശീലനം. പതിനേഴുകാരന്റെ മനസിനും ശരീരത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. ഇത്രയും ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതുണ്ടോ, ജീവിതം ഇതു തന്നെയായി മാറുമോ എന്നൊക്കെയുള്ള സന്ദേഹങ്ങൾ മനസിൽ നിറഞ്ഞു. പക്ഷേ, അതിനെയെല്ലാം അതിജീവിക്കാനും പരിശീലനം പൂർത്തിയാക്കാനും കഴിഞ്ഞു. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പരിശീലനത്തിനു ശേഷം 1975-ൽ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ തുടർപരിശീലനത്തിനായി പോയി. ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ ഒരു വർഷത്തെ പ്രത്യേക പരിശീലനത്തിനു ശേഷം 1976-ൽ കമ്മിഷൻഡ് ഓഫിസറായി പുറത്തുവരുമ്പോഴേക്കും ജീവിതവും കാഴ്ചപ്പാടുകളും മാറിമറിഞ്ഞിരുന്നു.

subscribe