1972-ലാണ് എന്നിലെ നടനും സംവിധായകനും നിർമാതാവിന്റെ വേഷമെടുത്തത്. നടനെക്കാളും സംവിധായകനെക്കാളും ഉത്തരവാദിത്തമുള്ള റോളായിരുന്നു അത്. ഏറെ ആലോചനകൾക്കു ശേഷമാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് ഞാൻ എത്തിച്ചേർന്നത്. അവിടെയും എന്റെ മനസ് വ്യത്യസ്തതയ്ക്കും പുതുമയ്ക്കും വേണ്ടി ദാഹിച്ചു. എന്റെ ഓരോ ചിത്രങ്ങളിലും ആ ദാഹം എന്നെ പിൻതുടർന്നു.

നിർമാതാവിന്റെ വേഷമിട്ട ആദ്യചിത്രമായിരുന്നു ‘സതി’. സതി എന്ന നായികാപ്രാധാന്യമുള്ള പേര് ആ ചിത്രത്തിന് ഇട്ടതു തന്നെ എന്റെ വീക്ഷണത്തിലെ വ്യത്യസ്തതയായിരുന്നു. സതി എന്ന ചിത്രത്തിന്റെ മൂലകഥയുടെ പേര് ‘പൂജാമുറി’ എന്നായിരുന്നു. നിർമാതാവ് എന്ന നിലയിൽ തന്റെ ഉന്നം കുടുംബപ്രേക്ഷകർ ആയിരുന്നു. പരിശുദ്ധയായ ഒരു കുടുംബിനിയുടെ ദുരന്തകഥ പറഞ്ഞ ആ ചിത്രം നിർമാതാവ് എന്ന നിലയിൽ എനിക്കു നഷ്ടമുണ്ടാക്കിയ ചിത്രമായിരുന്നു. എന്നാൽ, ആ ദുരനുഭവം എന്നെ തളർത്തിയില്ല. വീഴ്ച പറ്റിയതെവിടെ എന്നു കൃത്യമായി അന്വേഷിച്ചു, പഠിച്ചു, അതിൽ നിന്ന് പാഠമുൾക്കൊണ്ട് ആയിരുന്നു അടുത്ത ചിത്രത്തിന്റെ നിർമാണം തുടങ്ങിയത്.

ജി. കുമാരപിള്ളയുടെ ‘മാതൃകാമനുഷ്യൻ’ എന്ന നാടകം ‘മാന്യശ്രീ വിശ്വാമിത്രൻ’ എന്ന പേരിൽ ചിത്രീകരിച്ചു. വളരെ വ്യത്യസ്തമായിരുന്ന ആ ചിത്രം മികച്ച വിജയം നേടി. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളാവുകയും ചെയ്തു. നിർമാണത്തിന്റെ രസതന്ത്രം ഏറെ പിടികിട്ടിയതോടെ ഈ രംഗത്ത് ചുവടുറപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അതിന്റെ വ്യക്തമായ സൂചനയായിരുന്നു അടുത്ത വർഷം ഞാൻ നിർമിച്ച രണ്ടു ചിത്രങ്ങൾ. പി.ആർ.ചന്ദ്രന്റെ രണ്ടു നാടകങ്ങളാണ് ഇതിനുവേണ്ടി ഞാൻ തെരഞ്ഞെടുത്തത്. ‘അക്കൽദാമ’യും ‘മിഥ്യ’യും. അക്കൽദാമ അതേ പേരിലും മിഥ്യ ‘കാമം ക്രോധം മോഹം’ എന്ന പേരിലും സിനിമകളായി. രണ്ടും വിജയിച്ചു.

എന്നാൽ, മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണു പിന്നീട് ഒരു ചിത്രം ഞാൻ നിർമിച്ചത്, 1978 ൽ. അതായിരുന്നു ‘അസ്തമയം’. ആദ്യമായി ഞാൻ നിർമിക്കുന്ന വർണചിത്രം. ഇതുവരെ സ്വന്തം ചിത്രങ്ങൾ എല്ലാം സംവിധാനം ചെയ്തത് ഞാൻ സ്വയമായിരുന്നു. എന്നാൽ, അസ്തമയത്തിന്റെ സംവിധാനം ഞാൻ പി. ചന്ദ്രകുമാറിനെ ഏൽപ്പിക്കുകയാണുണ്ടായത്. ആ ചിത്രവും വൻവിജയമായി. അടുത്ത വർഷം രണ്ടു ചിത്രങ്ങൾ കൂടി നിർമിച്ചു. ‘ശുദ്ധികലശ’വും ‘പ്രഭാതസന്ധ്യ’യും.

ആദ്യത്തേത് ഒന്നാംതരമൊരു പ്രതികാരകഥയും രണ്ടാമത്തേത് മൂന്നു വ്യത്യസ്ത തലത്തിലുള്ള പ്രണയബന്ധങ്ങളുടെയും കഥയായിരുന്നു. രണ്ടും സംവിധാനം ചെയ്തത് പി. ചന്ദ്രകുമാറായിരുന്നു. രണ്ടും സൂപ്പർ ഹിറ്റുകളാവുകയും ചെയ്തു. ‘വൈകിവന്ന വസന്തം’ നിർമിക്കുന്നത് 1980-ലാണ്. സംവിധാനം ചെയ്തത് ബാലചന്ദ്രമേനോനായിരുന്നു. ചിത്രം വ്യത്യസ്തമായിരുന്നെങ്കിലും പ്രേക്ഷകർ അതു സ്വീകരിച്ചില്ല.

തൊട്ടടുത്ത വർഷം രണ്ടു ചിത്രങ്ങൾ നിർമിച്ചുകൊണ്ടാണ് പ്രേക്ഷകരുടെ മുൻപിലേക്കു ഞാൻ വന്നത്. പി.എൻ. മേനോൻ സംവിധാനം ചെയത് ‘അർച്ചന ടീച്ചറും’ എം.കൃഷണൻനായർ സംവിധാനം ചെയ്ത ‘ഗൃഹലക്ഷ്മി’യും. അർച്ചന ടീച്ചർ വിജയിച്ചപ്പോൾ ഗൃഹലക്ഷ്മി വേണ്ടത്ര വിജയിച്ചില്ല. 1982-ൽ ‘ഞാൻ ഏകനാണ്’ എന്ന ചിത്രം നിർമിച്ചു. സംവിധാനം ചെയ്തത് പി. ചന്ദ്രകുമാർ. ചിത്രത്തിലെ ഗാനങ്ങൾ വൻ ഹിറ്റുകളായി. സിനിമയും നഷ്ടമായില്ല. 1983-ൽ ട്രെൻഡ് സെറ്റർ എന്നു പറയാവുന്ന തരത്തിൽ ഒരു ചിത്രം നിർമിക്കുകയുണ്ടായി. ‘രതിലയം’. സിൽക്ക് സ്മിതയായിരുന്നു നായിക. നായകനായത് ക്യാപ്റ്റൻ രാജുവും. പി. ചന്ദ്രകുമാറിനെ കൊണ്ടാണ് ഈ ചിത്രവും സംവിധാനം ചെയ്യിപ്പിച്ചത്. ചിത്രം വമ്പൻ ഹിറ്റായി മാറി. ഈ സിനിമയിൽ ശ്രദ്ധിക്കേണ്ട കാര്യം സെക്‌സിന് അമിതപ്രാധാന്യം ചിത്രത്തിന്റെ കഥ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ പരിമിതമായ നിലയിൽ മാത്രമായിരുന്നു സെക്‌സ് ഈ ചിത്രത്തിൽ ചൂഷണം ചെയ്യപ്പെട്ടത്. ഒരു നിലവിട്ട് എന്റെ ചിത്രങ്ങൾ താഴാൻ പാടില്ല എന്ന നിർബന്ധബുദ്ധി എനിക്കുണ്ടായിരുന്നതുകൊണ്ടാണ് രതിലയം ആ രീതിയിൽ സംവിധായകൻ ഒരുക്കിയെടുത്തത്.

1986 ൽ ‘ഉദയം പടിഞ്ഞാറ്’ എന്ന ചിത്രം നിർമിക്കുക മാത്രമല്ല സംവിധായകപട്ടം ഒരിക്കൽ കൂടി ഞാൻ അണിയുകയും ചെയ്തു. അമേരിക്കൻ മലയാളികളുടെ കഥ പറഞ്ഞ ചിത്രം ഇംഗ്ലീഷിലും ഷൂട്ട് ചെയ്തിരുന്നു. ചിത്രം നഷ്ടമായില്ല. ഇതേത്തുടർന്ന് ഒൻപതു വർഷം കഴിഞ്ഞാണ് ഞാൻ വീണ്ടും ഒരു സിനിമ നിർമിച്ചത്. അത് കുട്ടികൾക്കുള്ള ചലച്ചിത്രമായിരുന്നു. ‘മിനി’ എന്നായിരുന്നു പേരിട്ടത്. സംവിധാനച്ചുതല വീണ്ടും പി. ചന്ദ്രകുമാറിനു തന്നെ നൽക്കി. നിരവധി കേന്ദ്ര-സംസ്ഥാന അവാർഡുകൾ മിനിയ്ക്കു ലഭിച്ചു.

subscribe