ജോമോൻ, സ്‌കൂളിലും പള്ളിയിലും മിടുക്കനായി അറിയപ്പടുന്നവൻ. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ഇടവകയുടെ ഫ്‌ളെക്‌സിൽ ഫോട്ടോയും പേരും വരുമെന്നു വീട്ടുകാരും നാട്ടുകാരും ഒരുപോലെ പ്രതീക്ഷയർപ്പിച്ച വിദ്യാർത്ഥി. പക്ഷേ, ഓണപ്പരീക്ഷാക്കാലത്ത് ഒരു തലവേദന, മൈഗ്രെയ്ൻ എന്നൊക്കെ പറയുന്നു, ഇപ്പോൾ മോഡൽ പരീക്ഷ ആയപ്പോൾ വീണ്ടും വന്നു അതേ തലവേദന. പഠിക്കാൻ പറ്റുന്നില്ല, പഠിച്ചാൽ തന്നെ പരീക്ഷ ഹാളിൽ എത്തുമ്പോൾ എല്ലാം മറന്നു പോകുന്നു, കൈ വിറയ്ക്കുന്നു, തളരും പോലെ. കുട്ടിയും വീട്ടുകാരും ആകെ തളർന്ന അവസ്ഥ.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. പല മാതാപിതാക്കളുടെയും സ്‌കൂൾ അധികൃതരുടെയും സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുത്തുന്നു പരീക്ഷാക്കാലത്തു കുട്ടികൾക്കിടയിലുണ്ടാക്കുന്ന ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾ. എപ്പോഴും തലവേദനയായി കാണപ്പെടണമെന്നില്ല. മറിച്ച്, വയറുവേദന, തലകറക്കം, വിശപ്പില്ലായ്മ അല്ലെങ്കിൽ അമിതമായ വിശപ്പ്, ഛർദ്ദി, ബോധക്ഷയം, അമിതമായ വിയർപ്പ്, നെഞ്ചിടിപ്പ് കൂടുക, വായിപ്പുണ്ണ് എന്തിന് അപസ്മാരത്തിന്റെ ഭീകരത വരെ ഈ പറയുന്ന എക്‌സാമിനോഫോബിയ അഥവാ ടെസ്റ്റോഫോബിയ എന്നു ശാസ്ത്രീയമായി അറിയപ്പെടുന്ന പരീക്ഷാപ്പനിക്ക് ഉണ്ടായേക്കാം.

ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്, ഉറക്കക്കുറവ്, അകാരണമായ പരാജയഭീതി, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരിക, എല്ലാത്തിനോടും താത്പര്യക്കുറവ്, ആസ്വാദ്യകരമായ സന്ദർഭങ്ങളിൽ അതിനു കഴിയാതെ എല്ലാത്തിനോടും ഒരു തരം ഉൾവലിവ്. സ്വഭാവത്തിൽ മാറ്റങ്ങൾ, മതിയായ കാരണം ഇല്ലാതെ ദേഷ്യപ്പെടൽ, കരച്ചിൽ എന്നീ മാനസിക ലക്ഷണങ്ങളും പലപ്പോഴും ഈ അവസ്ഥയുടെ സങ്കീർണതകൾ കൂട്ടുന്നു. ഒരു ചെറിയ ശതമാനം കുട്ടികളിലെങ്കിലും ഭാവിയിൽ ഡിപ്രഷൻ അഥവാ വിഷാദരോഗത്തിലേക്ക് ഇതു നയിച്ചേക്കാം.

ഇതിന്റെ ശാസ്ത്രീയ വശങ്ങൾ അവലോകനം ചെയ്യാം. പരീക്ഷാപ്പനി മാനസികരോഗമല്ല, എന്നാലും തീർച്ചയായും മാനസിക അസ്വാസ്ഥ്യം ആണ്. ഇത് ഏതു പ്രായത്തിലും കണ്ടുതുടങ്ങാം. എന്നാലും ജീവിതത്തിലെ നാഴികക്കല്ലുകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന, വലിയ പരീക്ഷകളുമായി ബന്ധപ്പെട്ടാണ് ആദ്യം അറിയാൻ സാധിക്കുക. ഉത്കണ്ഠ, ഒരളവു വരെ അത്യാവശ്യം വേണ്ടതു തന്നെ, ജീവിതത്തിൽ നല്ല രീതിയിൽ മുന്നേറാൻ ഇതു സഹായിച്ചേക്കാം. പക്ഷേ, ചില അവസരങ്ങളിൽ അമിതമായ ഉത്കണ്ഠ മാനസിക പിരിമുറുക്കങ്ങൾ വഴി ഇതുപോലെയുള്ള അവസ്ഥകളിലേക്കു വന്നു ചേരാം. അതുപോലെ തന്നെ ഭയവും അഭികാമ്യം തന്നെ, എന്നാൽ അടിസ്ഥാനമില്ലാത്ത ഭയം അതായത് ഫോബിയ അതു പാടില്ല. ഈ അവസ്ഥയിൽ പലപ്പോഴും കുട്ടി പരീക്ഷയെ അല്ല ഭയക്കുന്നതു മറിച്ചു തോൽവിയെ ആകാം, ചിലപ്പോൾ പരീക്ഷ എന്ന അളവുകോൽ കൊണ്ട് അവർ അളക്കപ്പെടും എന്ന സംശയം ആകാം.

കാരണങ്ങൾ എന്തെല്ലാമെന്നു നോക്കാം. ഏറ്റവും പ്രധാന കാരണം കുട്ടിയുടെ ചുറ്റുമുള്ള വ്യക്തികൾ തന്നെ. രക്ഷകർത്താക്കൾ, അധ്യാപകർ, സമൂഹം ഇവ എല്ലാം ചേർന്നു മനഃപൂർവം അല്ലെങ്കിലും കുട്ടികളെ സമ്മർദ്ദത്തിൽ ആക്കാറുണ്ട്. സ്വന്തം സ്വപ്നങ്ങൾ കുട്ടികളിലൂടെ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന ഇവർ കുഞ്ഞുമനസുകളിൽ ആത്മവിശ്വാസത്തിനു പകരം ഭയം വിതച്ചുകൊടുക്കും. ആവശ്യമുള്ളതും ഇല്ലാത്തതുമായ പരീക്ഷണങ്ങൾക്ക് ഈ കുരുന്നുമനസുകളെ സമൂഹം തള്ളിവിടുന്നു. പരസ്യമായി കുട്ടിയെ താരതമ്യപ്പെടുത്തുക, കുട്ടിയുടെ ഉള്ള കഴിവുകളെ കണക്കിലെടുക്കാതെ ഇല്ലാത്തവയെ ചൊല്ലി അനാവശ്യമായി വഴക്കു പറയുക, സ്‌നേഹം പ്രകടിപ്പിക്കാതെ എപ്പോഴും കർക്കശമായി പെരുമാറുക ഇവയൊക്കെ ഇത്തരം അവസ്ഥയിലേക്കു കുഞ്ഞുങ്ങളെ എത്തിച്ചേക്കാം. പലപ്പോഴും കുഞ്ഞിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമായ രീതിയിൽ മുന്നോട്ടു പോകാൻ അവർ നിർബന്ധിതർ ആയേക്കാം.
ഇവ കൂടാതെ പലപ്പോഴും കുട്ടികളുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന ചില വ്യക്തിഗത കാര്യങ്ങൾ പരീക്ഷാപ്പനിക്കു കാരണമാകാറുണ്ട്. പഠനരീതി തന്നെ അതിൽ പ്രധാനം. അപര്യാപ്തമായ പഠനം പിന്നെ, ഫലപ്രദമല്ലാത്ത പഠനം. പാഠഭാഗങ്ങൾ ഒരു ചിട്ടയില്ലാത്ത കൈകാര്യം ചെയ്യുക, കാര്യങ്ങൾ ഗൗരവത്തോടു കൂടി മനസിലാക്കി പഠിക്കാതിരിക്കുക, കൃത്യമായ ഒരു പഠന പദ്ധതി രൂപീകരിക്കാൻ സാധിക്കാതെ വരിക, പരീക്ഷയുടെ മുൻ ദിവസങ്ങളിൽ ഉറക്കമില്ലാതിരിക്കുക, മനഃപാഠം പഠിക്കാനുള്ള ശ്രമം, പഠിച്ച പാഠഭാഗങ്ങൾ ഓർത്തെടുക്കാൻ സാധിക്കാതെ വരിക. ഇതു കൂടാതെ, ചില മനഃശാസ്ത്രപരമായ കാരണങ്ങളും ഈ പട്ടികയിൽ ചേർക്കാം. പരീക്ഷകൾ അഭിമുഖീകരിക്കാൻ സാധ്യമല്ല എന്ന തോന്നൽ, നെഗറ്റീവ് ആയ ചിന്തകൾ, സ്വയം വിമർശിക്കുക, ഞാൻ തോറ്റുപോയാൽ എനിക്കുണ്ടായേക്കാവുന്ന നഷ്ടങ്ങൾ, ബന്ധങ്ങൾ, ലക്ഷ്യമിട്ട മാർക്ക് അല്ലെങ്കിൽ ഗ്രേഡ് കിട്ടാതിരിക്കുക, എന്നെ ഒന്നിനും കൊള്ളില്ല, ഞാൻ തോറ്റുപോകും തീർച്ച, പരാജയഭീതി എന്നിങ്ങനെ നീളുന്നു അനാവശ്യമായ തോന്നലുകളുടെ ഈ പട്ടിക.

subscribe