January 2020

You Are Here: Home / January 2020

ബാലേട്ടന്റെ സമ്മാനം
-മോഹൻലാൽ

Categories:

ജീവിതത്തിലാദ്യമായി ദൈവത്തിനോട് എനിക്കു ദേഷ്യം തോന്നിയത് ബാലേട്ടന്റെ കാര്യത്തിലാണ്. ബാലൻ കെ. നായരെ ഞാൻ സ്‌നേഹത്തോടെ വിളിച്ചിരുന്നത് ബാലേട്ടൻ എന്നാണ്. സിനിമയിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറെ വെറുപ്പു സമ്പാദിച്ച നടനായിരുന്നു അദ്ദേഹം. പക്ഷേ, സ്‌ക്രീനിലെ വില്ലത്തരങ്ങളെ ഒരിക്കലും സിനിയ്മക്കു പുറത്തേക്കു കൊണ്ടുപോകാത്ത ബാലേട്ടന്റെ ജീവിതത്തിലേക്ക് രോഗം വില്ലനായി കടന്നുവന്നതോടെയാണ് ദൈവത്തിനോട് എനിക്കു ദേഷ്യം തോന്നിത്തുടങ്ങിയത്. അത്രമാത്രം ക്രൂരമായാണു രോഗം ബാലേട്ടനെ കാർന്നുതിന്നത്. നീണ്ട പത്തു വർഷം അദ്ദേഹം ഏറ്റുമുട്ടിയത് രോഗത്തോടായിരുന്നു. ആ കാഴ്ച മനസിനെ വല്ലാതെ ഉലച്ചുകളഞ്ഞ ഒന്നായിരുന്നു. ഇന്നും ആ വലിയ നടന്റെ ജീവിതത്തെ കുറിച്ചോർക്കുമ്പോൾ വിഷമം തോന്നാറുണ്ട്. ചിലരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ദുരന്തങ്ങൾ പോലെയായിരുന്നു ബാലേട്ടന്റെ ജീവിതത്തിലേക്കു രോഗം കടന്നുവന്നത്. നല്ല മനുഷ്യരെ ദൈവം പെട്ടെന്നു വിളിക്കും എന്നു നമ്മൾ പലപ്പോഴും പറയാറുണ്ടല്ലോ. പക്ഷേ, ബാലേട്ടന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. വർഷങ്ങളോളം രോഗവുമായി മല്ലിട്ട് വേദനയിൽ പൊതിഞ്ഞ് ഒടുവിൽ തിരിച്ചറിയാൻപോലും ആകാത്തവിധം മരണത്തിനു കീഴടങ്ങുക. ആ ക്രൂര വിധിയെ നമ്മൾ ശപിച്ചില്ലെങ്കിലല്ലേ അത്ഭഭുതമുള്ളൂ.

സിനിമയിൽ ഞാൻ വന്നകാലം മുതലേയുള്ള അടുപ്പമാണ് ബാലേട്ടനുമായുണ്ടായിരുന്നത്. അന്ന് അദ്ദേഹം നെഗറ്റീവ് വേഷങ്ങളിൽ നിറഞ്ഞാടുകയാണ്. എന്റെ കഥാപാത്രങ്ങളും വില്ലൻമാരായിരുന്നു. ശശികുമാർ സാറിന്റെ ‘അട്ടിമറി’ എന്ന സിനിമയിലാണ് ഞങ്ങൾ ആദ്യം ഒന്നിക്കുന്നതെങ്കിലും ശശിയേട്ട (ഐ.വി. ശശി) ന്റെ ‘അഹിംസ’യിലൂടെയാണ് ഞങ്ങളുടെ സൗഹൃദം ദൃഢമാകുന്നത്. സെറ്റിൽ തമാശ പറഞ്ഞിരിക്കുന്ന ബാലേട്ടനെ മറക്കാനാവില്ല. പുതുമുഖമായ എന്നെപ്പോലുള്ളവർക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാടു പഠിക്കാനുണ്ടായിരുന്നു. ക്യാമറയ്ക്കു മുന്നിലെത്തിയാൽ ബാലേട്ടൻ കഥാപാത്രമായി മാറുകയാണ്. പലപ്പോഴും അഭിനയിക്കുകയാണെന്ന കാര്യം അദ്ദേഹം മറന്നുപോകും. സ്റ്റണ്ടുരംഗമാണെങ്കിൽ പ്രത്യേകിച്ചും. എന്റെ മുഖത്ത് ഇപ്പോഴും മായാതെ കിടക്കുന്ന ഒരു പാടുണ്ട്. ഏതോ ഒരു സിനിമയിലെ സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിൽ ബാലേട്ടൻ തന്ന സമ്മാനമാണത്. ഫൈറ്റ് സീനിൽ ബാലേട്ടൻ ശരിക്കും ഇടിച്ചുകളയും. അങ്ങനെ കിട്ടിയ ഒരടിയായിരുന്നു അത്. ബാലേട്ടന്റെ ഓർമയായി ഇപ്പോഴും ആ പാടു ശേഷിക്കുന്നു.

ബാലേട്ടനും ഞാനും സുഹൃത്തുക്കളെപ്പോലെയായിരുന്നു. പ്രായവ്യത്യാസമൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. എന്തും പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹം എനിക്കു തന്നിരുന്നു. ആ സ്വാതന്ത്ര്യം ഞാൻ മിക്കപ്പോഴും എടുത്തിട്ടുമുണ്ട്. അപ്പോഴൊക്കെ ഞാൻ മനസിലാക്കിയ ഒരു കാര്യം നിഷ്‌കളങ്കനായ ഈ മനുഷ്യനെ എന്തിനാണു പ്രേക്ഷകർ ഇത്രയേറെ വെറുക്കുന്നത് എന്നാണ്. അതിന്റെ പ്രധാന കാരണം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നു. ഒരു കാലഘട്ടം മുഴുവൻ വില്ലൻ വേഷങ്ങളിൽ മാത്രം തളച്ചിടപ്പെടുകയായിരുന്നു ആ പ്രതിഭ. അപ്പോഴും കഥാപാത്രം ആവശ്യപ്പെടുന്നതെന്താണോ അത് നൂറുശതമാനവും പെർഫെക്ഷനോടെ ബാലേട്ടൻ നൽകി. ആറാട്ടും അങ്ങാടിയും ലോറിയും ചാട്ടയുമൊക്കെ പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകർക്കിടയിൽ ബാലേട്ടന് ക്രൂരമുഖമാണ് നൽകിയത്. അത് നടന്റെ വിജയമായി കാണാം. പക്ഷേ, തന്നെ കാണുമ്പോൾ സ്ത്രീകൾ ഭയത്തോടുകൂടി മാറിപ്പോകുന്നത് അദ്ദേഹത്തിൽ പലപ്പോഴും വലിയ വിഷമം ഉണ്ടാക്കിയിരുന്നു. എന്നിട്ടും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ തനിക്കു ലഭിക്കുന്ന വേഷങ്ങളെ സമർപ്പണത്തോടെ അദ്ദേഹം മികവുറ്റതാക്കി.

ഒട്ടനവധി ചിത്രങ്ങളിൽ ബാലേട്ടനും ഞാനും ഒന്നിച്ചിട്ടുണ്ട്. ആദ്യകാലചിത്രങ്ങളിൽ മിക്കതിലും അദ്ദേഹവും ഞാനും വില്ലൻ വേഷങ്ങൾ തന്നെയായിരുന്നു അണിഞ്ഞിരുന്നത്. വില്ലനായ അച്ഛനും മകനും. അല്ലെങ്കിൽ എതിരാളികളായ രണ്ടു വില്ലന്മാർ. ഇങ്ങനെയൊക്കെയായിരുന്നു അക്കാലത്ത് ഞങ്ങളെ തേടിയെത്തിയ വേഷങ്ങൾ. ഒരിക്കലും കഥാപാത്രങ്ങളുടെ വലുപ്പ ചെറുപ്പം ബാലേട്ടനു പ്രശ്‌നമായിരുന്നില്ല. ഏതു വേഷവും ഒരേ മനസോടെയാണ് അദ്ദേഹം സ്വീകരിച്ചത്. ” ലാലേ, അഭിനയം എന്റെ തൊഴിലാണ്. ഞാൻ ആഗ്രഹിക്കുന്ന വേഷങ്ങൾ ചെയ്യണമെന്നു വിചാരിച്ചാൽ വീട്ടിലിരിക്കേണ്ടി വരും.” പലപ്പോഴും ബാലേട്ടൻ പറയാറുണ്ടായിരുന്നു. ഞാൻ നായകനായ പല ചിത്രങ്ങളിലും അദ്ദേഹം സ്വഭാവ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ബാലേട്ടനൊപ്പമുള്ള ഓരോ സിനിമയും ഓരോ അനുഭവമായിരുന്നു. അനുഭവം എന്നു പറഞ്ഞത് ഷൂട്ടിങ് അനുഭവത്തെ കുറിച്ചു മാത്രമല്ല. ഒരുപക്ഷേ, കോഴിക്കോടൻ നാടകവേദിയെക്കുറിച്ച് ഞാൻ കൂടുതലായി അറിഞ്ഞത് ബാലേട്ടനും പപ്പുവേട്ടനും കുഞ്ഞാണ്ടിയേട്ടനും നെല്ലിക്കോട് ഭാസ്‌കരേട്ടനുമൊപ്പമുള്ള അഭിനയാനുഭവങ്ങളിലൂടെയാണ്. നാടകരംഗത്തും മികച്ച നടൻ തന്നെയായിരുന്നു ബാലേട്ടൻ. അരങ്ങിന്റെ കരുത്തുമായാണ് അദ്ദേഹം സിനിമയിലെത്തിയത്. കെ.ടി. സാറിന്റെയും തിക്കോടിയൻ മാഷിന്റെയും ദാമോദരൻ മാഷിന്റെയുമൊക്കെ നാടകങ്ങളിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടനായിരുന്നു ബാലേട്ടൻ. ആ വേഷങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം ഒരുപാടു സംസാരിക്കുമായിരുന്നു. വിശേഷിച്ച് ഒരു കഥാപാത്രത്തെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. സോഫാക്ലീസിന്റെ ‘ഈഡിപ്പസി’ലെ ക്രയോണിന്റെ വേഷമായിരുന്നു അത്. കുഞ്ഞാണ്ടിയേട്ടൻ ഈഡിപ്പസായും ബാലേട്ടൻ ക്രയോണായും അരങ്ങു തകർത്ത ഇതിഹാസമായിരുന്നു ആ നാടകമെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. നാടകത്തിനുവേണ്ടി ജീവിതം സമർപ്പിച്ച പലരും സിനിമയിലെത്തിയപ്പോൾ ചിലരിലൊക്കെ നാടകാഭിനയം മുഴച്ചു നിന്നിട്ടുണ്ട്. എന്നാൽ ബാലേട്ടൻ സിനിമയിലൊരിക്കലും സ്റ്റേജി ആയിരുന്നില്ല. നാടകത്തിലെയും സിനിമയിലെയും അഭിനയങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു അദ്ദേഹം.

subscribe

Intelligent Writer Versatile Actor
-മുരളി ഗോപി / രാജ്കുമാർ ആർ

Categories:

നടൻ, എഴുത്തുകാരൻ – രണ്ടു റോളുകളും മുരളി ഗോപിയിൽ ഭദ്രം. മലയാളിയെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപിടി ചിത്രങ്ങളുടെ തിരക്കഥാകൃത്ത്. ബ്രഹ്മാണ്ഡ ചിത്രം ലൂസിഫർ പിറന്നതും മുരളി ഗോപിയുടെ തൂലികയിൽ. നടനവൈഭവം പ്രകടമാക്കുന്ന, ഓർമയിൽ തങ്ങിനിൽക്കുന്ന എത്രയോ കഥാപാത്രങ്ങൾ. മുരളി ഗോപി സംസാരിക്കുന്നു.

 • മുരളി ഗോപിയെ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടമാണ്. അതിന്റെ രസതന്ത്രം എന്താണ്

ഞാൻ വളരെ ആത്മാർത്ഥമായിട്ടാണ് എന്റെ ജോലി ചെയ്യുന്നത്. എന്റെ സിനിമ, ഞാൻ എഴുതുന്ന സിനിമ പരമാവധി ജനങ്ങൾ കാണുകയും ആസ്വദിക്കുകയും ചെയ്യണം എന്നാണ് തിരക്കഥാകൃത്തെന്ന നിലയിൽ എന്റെ ഏറ്റവും വലിയ ആഗ്രഹം. നിരൂപകരുടെ ഇടനിലയില്ലാതെ, സിനിമയുമായി മുഖാമുഖം സംവദിക്കുന്നവരാണ് യഥാർത്ഥ ആസ്വാദകർ. അവർ എനിക്കു സ്‌നേഹം തരുന്നു എന്നറിയുന്നതിൽ സന്തോഷം. അതാണെനിക്ക് പരമപ്രധാനം.

 • മാസ് സിനിമകൾ, ലൂസിഫർ

എനിക്ക് ഇഷ്ടമുള്ള പല ജനുസുകളിൽ ഒന്നാണ് മാസ് എന്റടെയ്‌നറുകൾ. ഈ വിഭാഗത്തിൽപ്പെട്ട ഞാനെഴുതിയ സിനിമ എന്ന നിലയിലാണ് ലൂസിഫറിനെ ഞാൻ കാണുന്നത്. ആളുകളെ രസിപ്പിക്കുമ്പോൾത്തന്നെ, കാഴ്ചയ്ക്കു ശേഷമുള്ള ഒരു ചെറു ചിന്താപ്രതലം അവശേഷിപ്പിച്ചുപോകുക എന്നതായിരുന്നു ലക്ഷ്യം. അതിൽ വിജയിച്ചതിൽ സന്തോഷം.
കാസ്റ്റിങ്ങും എഴുത്തും രണ്ടും രണ്ടു പ്രക്രിയകളാണ്. എഴുതിക്കഴിഞ്ഞാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പ്രക്രിയയും കാസ്റ്റിങ് തന്നെയാണ്. ശരിയായ കാസ്റ്റിങ് നടന്നാൽത്തന്നെ ഒരു സിനിമ പ്രാഥമിക വിജയം കൈവരിച്ചു എന്നു ഞാൻ പറയും. ലൂസിഫറിന്റെ കാസ്റ്റിൽ ഒരിടത്തും ഞാൻ എന്ന നടനെ എനിക്ക് ദർശിക്കാനായില്ല. അതുകൊണ്ടുതന്നെയാണ് ഞാൻ അതിൽ അഭിനയിക്കാത്തത്.

 • കഥാപാത്രങ്ങൾ

കഥാപാത്രം എത്ര തന്നെ നന്നായാലും അതിന്റെ മർമം അറിഞ്ഞ് അഭിനയിക്കുന്നവർ ഇല്ലെങ്കിൽ അത് ഓർമിക്കപ്പെടുകയേ ഇല്ല. കഥാപാത്രത്തിന്റെ ശക്തി പോലെ തന്നെ നടന്റെ വൈഭവവും ഓർമിക്കപ്പെടലിന്റെ ഒരു വലിയ ഘടകമാണ്.

 • മോഹൻലാലിനൊപ്പം

ഇന്ത്യൻ സിനിമയിലെ അതുല്യ താരമായ ലാലേട്ടനൊപ്പം പ്രോജക്ട് ചെയ്യാനായത് സന്തോഷകരമാണ്. ലൂസിഫറിന്റെ കാര്യത്തിലാണെങ്കിൽ, ആ സിനിമ നേടിയ വിജയവും മധുരിക്കുന്നതാണ്. സാധാരണ മാസ് സിനിമകളിൽ ഒരുപാട് ഡയലോഗടിക്കുന്ന നായകന്മാരാണ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ കഥാപാത്രം ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണ്. കാണാത്ത ഒരു വശം അയാളിലുണ്ട്. പറയപ്പെടാത്ത ദു:ഖങ്ങളും. അങ്ങനെയുള്ള കഥാപാത്രങ്ങൾ പ്രകൃതവശാൽ കുറച്ചേ സംസാരിക്കൂ എങ്കിലും പറയുന്നതിൽ യുക്തിയുണ്ടാവും. സ്റ്റീഫൻ നെടുമ്പള്ളിയുടെ കണ്ണുകൾ സംസാരിക്കുന്നത്ര അയാൾ വാക്കുകളിലൂടെ സംസാരിക്കുന്നില്ല. ആ നിലയിൽ അതിയായ ആഴമുണ്ട് ലാലേട്ടന്റെ പ്രകടനത്തിന്. എഴുതുന്ന വാക്കുകൾക്കിടയിലുള്ള മൗനങ്ങളെ വായിക്കാൻ കെൽപ്പുള്ളവരാണ് മഹാനടന്മാർ. ലാലേട്ടൻ അങ്ങനെയൊരു നടനാണെന്ന് ഞാൻ പറഞ്ഞ് അറിയിക്കേണ്ട ആവശ്യമില്ലല്ലോ..!

 • മമ്മൂക്കയുമായി ഒരു പ്രോജക്ട് പ്രതീക്ഷയും

മഹാനടനാണ് അദ്ദേഹം. മലയാള ഭാഷയുടെ തേജസും വീര്യമുള്ള നടനത്തിന്റെ ഓജസും ഒരുമിച്ചൊന്നായ മഹാനടൻ. അതുകൊണ്ടുതന്നെ, എഴുത്തുകാരൻ എന്ന നിലയിൽ എന്നെ കൊതിപ്പിക്കുന്ന നടനും കൂടിയാണ്. അദ്ദേഹവുമായി ഒന്നല്ല, ഒരുപാട് ചിത്രങ്ങൾ ചെയ്യാൻ താത്പര്യമുണ്ട്. അദ്ദേഹത്തെ അതിനായി വിട്ടുതരേണ്ടത് അദ്ദേഹം തന്നെയാണ് (ചിരിക്കുന്നു).

 • താങ്കളുടെ കഥാപാത്രമായി തിരശീലയിൽ കാണാൻ ആഗ്രഹമുള്ള അഭിനേതാക്കൾ

അമിതാഭ് ബച്ചൻ, അൽ പച്ചീനോ, മെറിൽ സ്ട്രീപ്പ്, കേറ്റ് ബ്ലാൻചറ്റ്, ജൂഡി ഫോസ്റ്റർ, കമൽഹാസൻ, മമ്മൂട്ടി… പോരേ…? (ചിരിക്കുന്നു)

 • ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാരസംഭവം തുടങ്ങിയവ പ്രവചന സ്വഭാവമുള്ള ചിത്രങ്ങളാണ്. ഇപ്പോൾ വലിയ അപ്രീസിയേഷനാണ് കിട്ടുന്നത്

പ്രവചനസ്വഭാവം ഉണ്ടാവുക എന്നത് അത് ശരിയായ ശ്രമമായിരുന്നു എന്നതിന്റെ വലിയ തെളിവാണ്. ഒരു കലാകാരന് അന്നന്നു ചെയ്യുന്ന ജോലിക്ക് അന്നുതന്നെ കൂലി കിട്ടിക്കൊള്ളണമെന്നില്ല. സമകാലിക നിരൂപകരെന്ന ഇടനിലക്കാരും അവാർഡ് കമ്മിറ്റികളിലെ കൊച്ചുമുതലാളിമാരുമല്ല അവന്റെ കൂലി നിശ്ചയിക്കുക, കാലം എന്ന വലിയ മുതലാളിയാണ്.

 • പ്രചോദിപ്പിച്ച തിരക്കഥാകൃത്തുകൾ

പി. പത്മരാജൻ, ക്രിസ്റ്റഫർ നോലൻ, ക്വിന്റിൻ ടാരന്റ്‌റീനോ, സത്യജിത്ത് റായ്, സലിംജാവെദ്, ശ്രീനിവാസൻ, അടൂർ ഗോപാലകൃഷ്ണൻ, ലോഹിതദാസ്… അങ്ങനെ ഒരു വലിയ നിര തന്നെയുണ്ട്. എല്ലാ ജോണറുകളിലുമുള്ള, രീതികളിലുമുള്ള എഴുത്തുകൾ ഇഷ്ടമാണ്.

subscribe

നിർമാണം മധു
-മധു

Categories:

1972-ലാണ് എന്നിലെ നടനും സംവിധായകനും നിർമാതാവിന്റെ വേഷമെടുത്തത്. നടനെക്കാളും സംവിധായകനെക്കാളും ഉത്തരവാദിത്തമുള്ള റോളായിരുന്നു അത്. ഏറെ ആലോചനകൾക്കു ശേഷമാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് ഞാൻ എത്തിച്ചേർന്നത്. അവിടെയും എന്റെ മനസ് വ്യത്യസ്തതയ്ക്കും പുതുമയ്ക്കും വേണ്ടി ദാഹിച്ചു. എന്റെ ഓരോ ചിത്രങ്ങളിലും ആ ദാഹം എന്നെ പിൻതുടർന്നു.

നിർമാതാവിന്റെ വേഷമിട്ട ആദ്യചിത്രമായിരുന്നു ‘സതി’. സതി എന്ന നായികാപ്രാധാന്യമുള്ള പേര് ആ ചിത്രത്തിന് ഇട്ടതു തന്നെ എന്റെ വീക്ഷണത്തിലെ വ്യത്യസ്തതയായിരുന്നു. സതി എന്ന ചിത്രത്തിന്റെ മൂലകഥയുടെ പേര് ‘പൂജാമുറി’ എന്നായിരുന്നു. നിർമാതാവ് എന്ന നിലയിൽ തന്റെ ഉന്നം കുടുംബപ്രേക്ഷകർ ആയിരുന്നു. പരിശുദ്ധയായ ഒരു കുടുംബിനിയുടെ ദുരന്തകഥ പറഞ്ഞ ആ ചിത്രം നിർമാതാവ് എന്ന നിലയിൽ എനിക്കു നഷ്ടമുണ്ടാക്കിയ ചിത്രമായിരുന്നു. എന്നാൽ, ആ ദുരനുഭവം എന്നെ തളർത്തിയില്ല. വീഴ്ച പറ്റിയതെവിടെ എന്നു കൃത്യമായി അന്വേഷിച്ചു, പഠിച്ചു, അതിൽ നിന്ന് പാഠമുൾക്കൊണ്ട് ആയിരുന്നു അടുത്ത ചിത്രത്തിന്റെ നിർമാണം തുടങ്ങിയത്.

ജി. കുമാരപിള്ളയുടെ ‘മാതൃകാമനുഷ്യൻ’ എന്ന നാടകം ‘മാന്യശ്രീ വിശ്വാമിത്രൻ’ എന്ന പേരിൽ ചിത്രീകരിച്ചു. വളരെ വ്യത്യസ്തമായിരുന്ന ആ ചിത്രം മികച്ച വിജയം നേടി. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളാവുകയും ചെയ്തു. നിർമാണത്തിന്റെ രസതന്ത്രം ഏറെ പിടികിട്ടിയതോടെ ഈ രംഗത്ത് ചുവടുറപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അതിന്റെ വ്യക്തമായ സൂചനയായിരുന്നു അടുത്ത വർഷം ഞാൻ നിർമിച്ച രണ്ടു ചിത്രങ്ങൾ. പി.ആർ.ചന്ദ്രന്റെ രണ്ടു നാടകങ്ങളാണ് ഇതിനുവേണ്ടി ഞാൻ തെരഞ്ഞെടുത്തത്. ‘അക്കൽദാമ’യും ‘മിഥ്യ’യും. അക്കൽദാമ അതേ പേരിലും മിഥ്യ ‘കാമം ക്രോധം മോഹം’ എന്ന പേരിലും സിനിമകളായി. രണ്ടും വിജയിച്ചു.

എന്നാൽ, മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണു പിന്നീട് ഒരു ചിത്രം ഞാൻ നിർമിച്ചത്, 1978 ൽ. അതായിരുന്നു ‘അസ്തമയം’. ആദ്യമായി ഞാൻ നിർമിക്കുന്ന വർണചിത്രം. ഇതുവരെ സ്വന്തം ചിത്രങ്ങൾ എല്ലാം സംവിധാനം ചെയ്തത് ഞാൻ സ്വയമായിരുന്നു. എന്നാൽ, അസ്തമയത്തിന്റെ സംവിധാനം ഞാൻ പി. ചന്ദ്രകുമാറിനെ ഏൽപ്പിക്കുകയാണുണ്ടായത്. ആ ചിത്രവും വൻവിജയമായി. അടുത്ത വർഷം രണ്ടു ചിത്രങ്ങൾ കൂടി നിർമിച്ചു. ‘ശുദ്ധികലശ’വും ‘പ്രഭാതസന്ധ്യ’യും.

ആദ്യത്തേത് ഒന്നാംതരമൊരു പ്രതികാരകഥയും രണ്ടാമത്തേത് മൂന്നു വ്യത്യസ്ത തലത്തിലുള്ള പ്രണയബന്ധങ്ങളുടെയും കഥയായിരുന്നു. രണ്ടും സംവിധാനം ചെയ്തത് പി. ചന്ദ്രകുമാറായിരുന്നു. രണ്ടും സൂപ്പർ ഹിറ്റുകളാവുകയും ചെയ്തു. ‘വൈകിവന്ന വസന്തം’ നിർമിക്കുന്നത് 1980-ലാണ്. സംവിധാനം ചെയ്തത് ബാലചന്ദ്രമേനോനായിരുന്നു. ചിത്രം വ്യത്യസ്തമായിരുന്നെങ്കിലും പ്രേക്ഷകർ അതു സ്വീകരിച്ചില്ല.

തൊട്ടടുത്ത വർഷം രണ്ടു ചിത്രങ്ങൾ നിർമിച്ചുകൊണ്ടാണ് പ്രേക്ഷകരുടെ മുൻപിലേക്കു ഞാൻ വന്നത്. പി.എൻ. മേനോൻ സംവിധാനം ചെയത് ‘അർച്ചന ടീച്ചറും’ എം.കൃഷണൻനായർ സംവിധാനം ചെയ്ത ‘ഗൃഹലക്ഷ്മി’യും. അർച്ചന ടീച്ചർ വിജയിച്ചപ്പോൾ ഗൃഹലക്ഷ്മി വേണ്ടത്ര വിജയിച്ചില്ല. 1982-ൽ ‘ഞാൻ ഏകനാണ്’ എന്ന ചിത്രം നിർമിച്ചു. സംവിധാനം ചെയ്തത് പി. ചന്ദ്രകുമാർ. ചിത്രത്തിലെ ഗാനങ്ങൾ വൻ ഹിറ്റുകളായി. സിനിമയും നഷ്ടമായില്ല. 1983-ൽ ട്രെൻഡ് സെറ്റർ എന്നു പറയാവുന്ന തരത്തിൽ ഒരു ചിത്രം നിർമിക്കുകയുണ്ടായി. ‘രതിലയം’. സിൽക്ക് സ്മിതയായിരുന്നു നായിക. നായകനായത് ക്യാപ്റ്റൻ രാജുവും. പി. ചന്ദ്രകുമാറിനെ കൊണ്ടാണ് ഈ ചിത്രവും സംവിധാനം ചെയ്യിപ്പിച്ചത്. ചിത്രം വമ്പൻ ഹിറ്റായി മാറി. ഈ സിനിമയിൽ ശ്രദ്ധിക്കേണ്ട കാര്യം സെക്‌സിന് അമിതപ്രാധാന്യം ചിത്രത്തിന്റെ കഥ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ പരിമിതമായ നിലയിൽ മാത്രമായിരുന്നു സെക്‌സ് ഈ ചിത്രത്തിൽ ചൂഷണം ചെയ്യപ്പെട്ടത്. ഒരു നിലവിട്ട് എന്റെ ചിത്രങ്ങൾ താഴാൻ പാടില്ല എന്ന നിർബന്ധബുദ്ധി എനിക്കുണ്ടായിരുന്നതുകൊണ്ടാണ് രതിലയം ആ രീതിയിൽ സംവിധായകൻ ഒരുക്കിയെടുത്തത്.

1986 ൽ ‘ഉദയം പടിഞ്ഞാറ്’ എന്ന ചിത്രം നിർമിക്കുക മാത്രമല്ല സംവിധായകപട്ടം ഒരിക്കൽ കൂടി ഞാൻ അണിയുകയും ചെയ്തു. അമേരിക്കൻ മലയാളികളുടെ കഥ പറഞ്ഞ ചിത്രം ഇംഗ്ലീഷിലും ഷൂട്ട് ചെയ്തിരുന്നു. ചിത്രം നഷ്ടമായില്ല. ഇതേത്തുടർന്ന് ഒൻപതു വർഷം കഴിഞ്ഞാണ് ഞാൻ വീണ്ടും ഒരു സിനിമ നിർമിച്ചത്. അത് കുട്ടികൾക്കുള്ള ചലച്ചിത്രമായിരുന്നു. ‘മിനി’ എന്നായിരുന്നു പേരിട്ടത്. സംവിധാനച്ചുതല വീണ്ടും പി. ചന്ദ്രകുമാറിനു തന്നെ നൽക്കി. നിരവധി കേന്ദ്ര-സംസ്ഥാന അവാർഡുകൾ മിനിയ്ക്കു ലഭിച്ചു.

subscribe

തമ്പി കണ്ണന്താനവും കഥകളും
-എ. എസ്. ദിനേശ്

Categories:

മനസു കൊണ്ടു മരിച്ചവരെ ഓർക്കുന്ന ദിവസം. അതുകൊണ്ടു മാത്രമല്ല, സംവിധായകൻ തമ്പി കണ്ണന്താനത്തെ ഓർമിക്കുന്നത്. തമ്പി കണ്ണന്താനത്തിന്റെ കഥാസമാഹാരം പ്രകാശനം ചെയ്യപ്പെടുന്നു. അതിലെ കഥകൾ ഞാൻ നേരിട്ടു കേട്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. ചിലതൊക്കെ പ്രസിദ്ധീകരിക്കാൻ അയച്ചിട്ടുണ്ട്. അതുകൊണ്ട്, തമ്പി സാറിന്റെ കഥാസമാഹാരം പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ഉള്ളിലെവിടെയോ തണുത്ത തഴുകൽ.

സുഹൃത്തും സഹപാഠിയുമായ ശ്രീകുമാർ അരുക്കുറ്റി മുഖാന്തിരമാണ് അന്നത്തെ സൂപ്പർ സംവിധായകനായ തമ്പി കണ്ണാന്താനത്തെ പരിചയപ്പെടുന്നത്. അന്ന് ഫ്രീലാൻസ് ജേണലിസ്റ്റായിരുന്ന ഞാൻ തമ്പി കണ്ണന്താനത്തെക്കുറിച്ച് ഒരു ആർട്ടിക്കിൾ എഴുതി. ആ എഴുത്താണ് ലക്ഷ്യമില്ലാത്ത, എന്റെ തലതിരിഞ്ഞ ജീവിതത്തെ മാറ്റി മറിച്ചത്. അതു പ്രസിദ്ധീകരിച്ചു വന്നപ്പോൾ നന്നായിട്ടെഴുതിയെന്നു പറഞ്ഞ് കൂടെ കൂട്ടി. മറ്റു പറയത്തക്ക ജോലിയില്ലാത്തതിനാൽ തമ്പി സാറിന്റെ ഓഫിസിലെ നിത്യസന്ദർശകനായിരുന്നു. അന്ന് ആരുമല്ലാതിരുന്ന എന്നെ അദ്ദേഹം നിർമിച്ച പഞ്ചലോഹം എന്ന സിനിമയിൽ പി.ആർ.ഒ ആക്കി. സ്വപ്നത്തിൽ പോലും ചിന്തിക്കാത്തത് ഒരു നിയോഗം പോലെ കടന്നുവന്ന ജീവിത പാതയിൽ എന്റെ ആദ്യത്തെ ചുവടുവെപ്പിന് തമ്പി സാറിന്റെ സ്‌നേഹവും വിശ്വാസവും ഊർജവുമുണ്ടായിരുന്നു.

നാലു ദിക്കിലോട്ടും നോക്കി ഒരിടത്തും നീങ്ങാതിരുന്ന എന്റെ കൈ പിടിച്ചു മുന്നോട്ടു നടന്നുപോകാനുള്ള വഴി കാണിച്ച് ആത്മധൈര്യം പകർന്ന തമ്പി സാറിനെ കൂടുതൽ പറഞ്ഞു ചെറുതാക്കുന്നില്ല. എന്റെ സിനിമാ ജീവിതവിജയം തമ്പി കണ്ണന്താനത്തിന്റെ ഓർമകളിലൂടെയാണു വിടർന്നുല്ലസിക്കുന്നത്.
ഓർമകൾ ഓർമിക്കാൻ മാത്രമുള്ളതല്ല, നെഞ്ചിനോരം സൂക്ഷിക്കാനുമുള്ളതാണ്.

subscribe

ഞാൻ സാധാരണക്കാരൻ
-മണികണ്ഠൻ ആചാരി / ബി. ഹരികൃഷ്ണൻ

Categories:

ആദ്യ ചിത്രമായ കമ്മട്ടിപ്പാടത്തിലെ ബാലേട്ടൻ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് മണികണ്ഠൻ ആചാരി. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരവും ബാലേട്ടനിലൂടെ അദ്ദേഹത്തെ തേടിയെത്തി. അലമാര, ഈട, വർണ്യത്തിൽ ആശങ്ക, കാർബൺ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലും ബ്രഹ്മാണ്ഡ ചിത്രം പേട്ടയിലും മണികണ്ഠൻ അഭിനയിച്ചു. മണികണ്ഠൻ സിനിമാവിശേഷങ്ങൾ പറയുന്നു.

 • മാമാങ്കത്തിലെ കുങ്കൻ

മാമാങ്കത്തിൽ വളരെ ചെറിയൊരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. പത്തുപതിനഞ്ച് മിനിറ്റ് മാത്രമേ ഞാൻ ആ ചിത്രത്തിൽ ഉള്ളൂ. ആ കഥയും കഥാപാത്രങ്ങളെയും എല്ലാവർക്കും അറിയാവുന്നതാണ്. എന്റെ കഥാപാത്രം മമ്മൂക്ക ചെയ്യുന്ന കഥാപാത്രത്തിന്റെ യാത്രയിൽ സഹായിക്കുന്ന ഒരു കഥാപാത്രമാണ്. സാമൂതിരിക്കെതിരേ പടപൊരുതുന്നവരെ സഹായിക്കുന്ന കഥാപാത്രം. കുങ്കൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. അത് ചെയ്യാനായിട്ട് പ്രത്യേകിച്ച് തയാറെടുപ്പുകൾ ഒന്നും നടത്തിയിട്ടില്ല. ആ കാലത്തെ ഭാഷയാണ് ഉപയോഗിക്കുന്നത് അത് പറഞ്ഞു തരുമ്പോൾ പഠിക്കാൻ ശ്രമിച്ചു. ശാരീരികമായിട്ടോ മറ്റു വലിയ തയാറെടുപ്പുകൾ ഒന്നും വേണ്ടുന്ന ഒരു കഥാപാത്രമല്ല. ഒരു സപ്പോർട്ടിങ് കഥാപാത്രമാണ്. വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രം വരുന്നു.

 • നടൻ ഓപ്പണാവണം

ഒരു നടൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും സംതൃപ്തി ലഭിക്കുന്നത്, എന്റെ അഭിപ്രായത്തിൽ നിർവാണ അവസ്ഥയിൽ നിൽക്കുമ്പോഴാണ്. നിർവാണ അവസ്ഥ എന്ന് പറയുന്നത് നമ്മൾ ഒന്നുമില്ലാതെ, അതായത് ഉള്ളതെല്ലാം തുറന്ന് കാണിച്ച് ഓപ്പണായി നിൽക്കുമ്പോഴാണ്. അപ്പോൾ ലഭിക്കുന്ന ഒരു പരമാനന്ദ സുഖമുണ്ട്. അത് മനുഷ്യജീവിതത്തിൽ എല്ലാവർക്കും കിട്ടുന്നതല്ല. അതിന് വേണ്ടിയാണ് എല്ലാവരും ജീവിക്കുന്നതെന്ന് തോന്നുന്നു. ഒന്നുമില്ലാത്ത അവസ്ഥയിലേക്ക്, നഗ്‌നമായ അവസ്ഥയിലേക്ക് എത്താൻ വേണ്ടിയുള്ള പ്രയാണമാണ് ജീവിതം. അതുപോലെ തന്നെയാണ് അഭിനയവും. എന്റെ എല്ലാ കഴിവുകളും തുറന്ന് കാണിച്ച് നിൽക്കാൻ കഴിയുക. അങ്ങനത്തെ ഒരവസരം കിട്ടുക. അതിന് വേണ്ടിയിട്ടാണ് എന്റെ മുന്നോട്ടുള്ള പോക്ക്. അതാണ് ഏറ്റവും വലിയ ആഗ്രഹവും. അത് ഏതു വരെ സാധിച്ചിട്ടുണ്ട് എന്ന് ചോദിച്ചാൽ, കമ്മട്ടിപ്പാടം എന്റെ ആദ്യ സിനിമയാണ്. ആദ്യ സിനിമയിൽത്തന്നെ അതിന്റെ അടുത്തുവരെ എത്താൻ കഴിഞ്ഞു. തുണിയില്ലാതെ നിൽക്കുക എന്നല്ല അതിന്റെ അർത്ഥം. നമ്മുടെ മനസിനെ നിയന്ത്രിക്കാതെ, നമ്മുടെ വികാരങ്ങളെ കടിഞ്ഞാണിട്ട് പൂട്ടിവയ്ക്കാതെ എല്ലാം തുറന്ന് ഓപ്പണാവാൻ പറ്റിയിട്ടുള്ളത് കമ്മട്ടിപ്പാടത്തിലെ ബാലൻ എന്ന കഥാപാത്രം മാത്രമാണ്. അതിനുശേഷം എല്ലാത്തിനും ഒരു ഒളിവും മറയും ഉണ്ട്. ഒരു മതിൽ കെട്ടിനകത്ത് നിന്നു കൊണ്ടാണ് എല്ലാ കഥാപാത്രങ്ങളും നിൽക്കുന്നത്. അപ്പോൾ അത് ഇതുവരെ പൊളിക്കാൻ പറ്റിയിട്ടില്ല. അതാണ് എന്റെയൊരാഗ്രഹം. അതിനു വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്.

subscribe

പാഠം ഒന്ന്, ആന്റോ ജോസഫ്
-ഷാജി പട്ടിക്കര

Categories:

പട്ടിക്കര ഡയറീസ് – ഈ പംക്തി എഴുതിത്തുടങ്ങുമ്പോൾ എന്തൊക്കെ എഴുതണം, എങ്ങനെ എഴുതണം തുടങ്ങിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, എവിടെ തുടങ്ങണം എന്ന കാര്യത്തിൽ എനിക്ക് രണ്ടാമതൊരു ചിന്ത ഇല്ലായിരുന്നു. എന്റെ തുടക്കം പോലെ ആന്റോ ജോസഫിൽ നിന്നു തന്നെ തുടങ്ങാം. സിനിമയ്ക്കു വേണ്ടിയുള്ള അഹോരാത്ര പരിശ്രമങ്ങൾക്കൊടുവിൽ – മോഹൻലാലിന്റെ ഭാഷയിൽ പറഞ്ഞാൽ – ഞാൻ എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ ആയിരുന്നു. സാക്ഷാൽ ആന്റോ ജോസഫിന്റെ മടയിൽ!

ആ കഥ പറയാം, അതിനുമുമ്പ് എന്റെ നാട്ടിലേക്കൊന്നു പോകാം, തൃശൂർ ജില്ലയിലെ പട്ടിക്കര. എല്ലാ അർത്ഥത്തിലും തനി നാട്ടിൻപുറം! വിദ്യാഭ്യാസം കഴിഞ്ഞ് ഉള്ളിലൊളിപ്പിച്ച സിനിമാമോഹവുമായി നടക്കുന്ന കാലം. നാട്ടിലെ യുവതരംഗം ക്ലബ്ബിന്റെ സെക്രട്ടറിയായി ചില്ലറ പ്രവർത്തനങ്ങളുമായി നടക്കുമ്പോഴാണ് പ്രിയ സുഹൃത്തുക്കളായ പ്രദീപ് നാരായണൻ, പ്രകാശൻ എന്നിവർ ടെലിഫിലിമുകൾ എടുത്തു തുടങ്ങുന്നത്. സമാന മനസ്‌ക്കരായ ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ഒപ്പം കൂടി. ഓരോരുത്തർക്ക് ഓരോ ജോലി. ആർട്ടിസ്റ്റുകളെ കൂട്ടിക്കൊണ്ടുവരിക, ഹോട്ടൽ ബുക്കിങ് തുടങ്ങിയ പ്രൊഡക്ഷന്റെ ചുമതലകൾ എനിക്കായിരുന്നു. അതായിരുന്നു എന്റെ ബാലപാഠങ്ങൾ.

കുറേ നാളത്തെ പരിശ്രമത്തിനു ശേഷം എനിക്ക് ഒരു സിനിമയിൽ പ്രൊഡക്ഷൻ മാനേജരായി അവസരം കിട്ടി. ജനശക്തി ഫിലിംസിന്റെ ബാനറിൽ ജയപാല മേനോൻ നിർമിച്ച് പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ഗർഷോം ആയിരുന്നു സിനിമ. ആരിഫ് പൊന്നാനി ആയിരുന്നു അതിന്റെ പ്രൊഡക്ഷൻ കൺട്രോളർ. കൂറ്റനാടും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. കൂറ്റനാടിനടുത്ത് വളയംകുളത്തുള്ള ‘മാനംകണ്ടത്ത് തറവാട്’ ചിത്രത്തിലെ ഒരു പ്രധാന ലൊക്കേഷൻ ആയിരുന്നു.

അവിടത്തെ ചിത്രീകരണം കഴിഞ്ഞ് കൂറ്റനാട് ചിത്രീകരണം നടന്നുകൊണ്ടിരിക്കേ, വേറൊരു സിനിമയുടെ അണിയറ പ്രവർത്തകർ ലൊക്കേഷൻ തേടി അവിടെയെത്തി. അവർക്ക് വേണ്ടത് പ്രൗഢിയുള്ള ഒരു മുസ്‌ലിം തറവാടായിരുന്നു. മാനംകണ്ടത്ത് തറവാടിന്റെ സ്റ്റിൽസ് കണ്ട് അവർക്ക് ഇഷ്ടപ്പെട്ടു. നേരിട്ട് ആ വീട് കാണണം എന്നായി. അങ്ങനെ, അവർക്ക് വഴി കാണിക്കാനായി സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന ഖാദർ കൊച്ചന്നൂരിന്റെ നിർദ്ദേശപ്രകാരം ഞാനും അവരുടെ കാറിൽ കയറി. വന്നവരുടെ കൂട്ടത്തിൽ ആന്റോ സാർ ഉണ്ടായിരുന്നു. ആ കാർ യാത്രയിലാണ് ഞാൻ സാറിനെ പരിചയപ്പെടുന്നത്. എന്തായാലും വീട് കണ്ടു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഷൂട്ടിന് തീയതിയും തീരുമാനിച്ചു. അങ്ങനെ വഴികാട്ടിയായ ഞാൻ ആ ചിത്രത്തിൽ ആന്റോ സാറിനൊപ്പം കൂടി.

subscribe

സിസ്റ്റർ സാന്ദ്ര സോണിയ സന്യാസവും ചിത്രകലയും
-കെ.വി. സുനിൽ ജോസ്

Categories:

കലയും കാതലുള്ള ഒരു ജീവിതത്തിനുടമയുമാണ് സിസ്റ്റർ സാന്ദ്രാ സോണിയ. കണ്ണൂർ ജില്ലയിലെ ചെറുപുഴ ഉമ്മറപോയിലാണ് ജന്മദേശം. സ്‌കൂൾ പഠന കാലയളവിൽ കലാമത്സരങ്ങളിൽ പങ്കെടുക്കാൻ വിമുഖ കാണിച്ച പെൺകുട്ടി. ചിത്രങ്ങൾ വരച്ച് വീടിന്റെ ഭിത്തികളിൽ ഒട്ടിച്ചുവയ്ക്കുന്ന പതിവുണ്ടായിരുന്നു. വീട്ടുകാരും കൂട്ടുകാരും കൂടെ നിന്ന് ചിത്രങ്ങൾ നന്നായെന്നു പറഞ്ഞു പ്രോത്സാഹനം നൽകി.

മുതിർന്നപ്പോൾ സന്യാസദൈവിളി സ്വീകരിച്ച് കോഴിക്കോട്ടുള്ള സെന്റ് ഫിലിപ്പ് നേരി കോൺഗ്രിഷേനിൽ ചേർന്ന സാന്ദ്രാ സോണിയ തന്റെ ഉള്ളിലെ കലാകാരിയെ പുറത്തുനിർത്തിയില്ല. മഠത്തിന്റെ ഉള്ളിലേക്ക് മഴവിൽ നിറങ്ങൾ നിറഞ്ഞ തന്റെ മനസിനെ അവൾ കൊണ്ടുപോയി. ദൈവമാണല്ലോ ഏറ്റവും വലിയ കലാകാരൻ. അവന്റെ ക്യാൻവാസാണ് ഈ ലോകം. ആ മഹാ വിസ്മയത്തൻ പങ്കുപറ്റുക മറ്റൊരു ദൈവിളിയാണല്ലോ.

ക്രിസ്തുവിന്റെ മണവാട്ടി അവന്റെ കലയിലും പങ്കുപറ്റേണ്ടവൾ തന്നെ. കോഴിക്കോട് യൂണിവേഴ്‌സൽ ആർട്ടിൽ നിന്ന് ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കി. തുടർ പഠനം തൃപ്പൂണിത്തുറ ആൽ.എൽ.വി കോളേജിൽ നിന്നായിരുന്നു. ബി.എഫ്.എ നല്ല നിലയിൽ പൂർത്തിയാക്കിയ സി. സാന്ദ്ര കേരളത്തിനകത്തും പുറത്തും ധാരാളം മികച്ച ചിത്രപ്രദർശനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ബംഗളൂരു ഇ.സി.സി, ഡേവിഡ് ഹാൾ ഫോർട്ട് കൊച്ചി, ഡർബാർ ഹാൾ കൊച്ചി, ലളിത കലാ അക്കാദമിയുടെ വിവിധ ഗാലറികൾ തുടങ്ങിയ വിവിധ ഇടങ്ങളിൽ പ്രമുഖരോടൊപ്പം സി. സാന്ദ്ര ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

സന്യാസ ദൈവവിളി പോലെ കലാജീവിതത്തെയും ഒരു ദൈവവിളിയായി കാണുന്ന സി. സാന്ദ്ര തന്റെ ചിത്രങ്ങളിൽ പ്രകൃതിയെ അനുകരിക്കുകയല്ല ക്യാൻവാസിൽ. സവിശേഷമായ ഒരു ദൈവദർശനത്തെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. തന്റെ സന്യാസ സഭാവസ്ത്രം ലക്ഷ്യങ്ങൾക്കും മേലുള്ള തിരശീല അല്ലെന്ന് അവർ തെളിയിക്കുന്നു.

പ്രകൃതിയെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും കുറിച്ചുള്ള തന്റെ ബോധ്യങ്ങളെ ശക്തമായ കലാഭാഷയിൽ തന്റെ ചിത്രങ്ങളിൽ സാന്ദ്ര ആവിഷ്‌കരിക്കുന്നു. പ്രകൃതി മനുഷ്യബന്ധങ്ങളിലെ സങ്കീർണതകൾ, ചൂഷണങ്ങൾ, അനീതികൾ, വഴിതെറ്റലുകൾ തുടങ്ങിയവ ചിത്രങ്ങളിൽ വിരൽച്ചൂണ്ടികളാകുന്നു. പ്രഷ്യൻ ബ്ലൂവിനെയും സാപ് ഗ്രീനിനെയും ഏറെ ഇഷ്ടപ്പെടുന്ന ചിത്രകാരി ഇരുണ്ട നിറങ്ങളിൽ മിഴിവുറ്റ ഒരു ചിത്രത്തെ, ഒരു ആശയത്തെ, കാഴ്ചക്കാരുടെ കണ്ണിലൂടക്കും വിധം പുറത്തെടുക്കുന്നു. തുടർന്ന് അത് ഒരാളുടെ മനസിലേക്കും കയറിക്കൂടുന്നു. വർത്തമാനകാല ലോകത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടായി അത് അവരിൽ വളരുന്നു.

‘ടൈം വ്യൂ ക്രോണിക്കിൾ’, ‘ലൈഫ് ബ്രൂട്ട്‌സ്’, ‘റ്റോർമെന്റ്’, ‘നിർവാണ’, ‘ബ്യൂട്ടി ഓഫ് ബീറ്റ്‌സ്’, ‘ഹിസ്റ്ററി ഓഫ് ലൈഫ്’, ‘മിസ്റ്ററി ഓഫ് ലൈഫ്’ തുടങ്ങിയവ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്.

subscribe

കെ.വി. മോഹൻകുമാർ എഴുത്തും ജീവിതവും
-കെ.വി. മോഹൻകുമാർ / മിനി വിനീത്

Categories:
 • ബാല്യവും സർഗയാത്രയും

എന്നെ രൂപപ്പെടുത്തിയത് എന്റെ ബാല്യകാലമാണ്. അങ്ങനെയൊരു ബാല്യം ഉണ്ടായിരുന്നതുകൊണ്ടാണ് ഞാൻ ഇപ്പോഴത്തെ ഞാനായി ത്തീർന്നത്. ആലപ്പുഴയിലാണ് ജനിച്ചതെങ്കിലും അച്ഛന്റെ മരണശേഷം അമ്മയുടെ നാടായ ചേർത്തലയിലേക്ക് ഞങ്ങൾ താമസം മാറി. എനിക്കപ്പോൾ എട്ട് വയസായിരുന്നു പ്രായം. ആ പറിച്ചുനടീൽ, മാർകേസിന്റെ മക്കൊണ്ട പോലൊരു വിചിത്ര സ്ഥലത്തേക്കുള്ള വരവായിരുന്നു എനിക്ക്. ഏറെ അരക്ഷിതമായ കുറച്ചു നാളുകൾക്കു ശേഷം അമ്മയുടെ കുടുംബവകയിൽയിൽപ്പെട്ട, ചെറുതെങ്കിലും മനോഹരമായ ഒരു വീട്ടിലേക്ക് ഞങ്ങൾ താമസം മാറ്റി. വീടിന്റെ മൂന്നു വശവും പാടങ്ങളാണ്. എപ്പോഴും നല്ല കാറ്റ്. സർപ്പക്കാവും, ഇരുനൂറോളം വർഷം പഴക്കമുള്ള ഇലഞ്ഞിയും കുളവും ഒക്കെ എന്റെ ലോകമായി. നാട്ടിൻപുറത്തുകാരായ കുറച്ചു കൂട്ടുകാർക്കൊപ്പം വിശപ്പും ഉറ്റ തോഴനായിരുന്ന ആ കാലഘട്ടമാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയതെന്ന് ഞാൻ വിശ്വസിക്കുന്നു.

 • ആദ്യമായെഴുതിയ കഥയെക്കുറിച്ചുള്ള ഓർമകൾ

പത്താമത്തെ വയസിൽ, അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി കഥയെഴുതുന്നത്. ഒരുപാട് വിശന്നിരിക്കുന്ന ഒരു കുട്ടിയുടെ ആംഗിളിൽ എഴുതിയ കഥ. അക്കാലം റേഷനരി കിട്ടാൻ വളരെ വൈകി. അമ്മ ഞങ്ങൾക്കു കഴിക്കാനായി കപ്പ വേവിച്ചു. കടലിനടുത്തായിരുന്നതിനാൽ കുറഞ്ഞ വിലയ്ക്കു ധാരാളം മീൻ കിട്ടുമായിരുന്നു. അടുക്കളയിൽ അമ്മ മീൻ പീര വയ്ക്കുന്നു. ഇതിന്റെയെല്ലാം മണം കേട്ടപ്പോൾ വിശപ്പ് കത്തിക്കാളി. അന്ന് ഞങ്ങളുടെ വീട്ടിൽ ധാരാളം പൂച്ചകൾ വരുമായിരുന്നു. പൂച്ചകളെയെല്ലാം കൂടി കണ്ടപ്പോൾ കുട്ടിയായിരുന്ന എന്റെ മനസിൽ വല്ലാത്ത ആശങ്ക തോന്നി. അവയെല്ലാം കൂടി ആ മീനെങ്ങാനും മോഷ്ടിച്ചു തിന്നാൽ ഞാൻ എന്തു കഴിക്കും. ആ ആശങ്കയിൽ നിന്നുണ്ടായ കഥയാണ് ‘വിശപ്പിന്റെ വിളി’.ചേട്ടൻ ആ പേര് പരിഷ്‌കരിച്ച് വിശപ്പ് എന്നാക്കി. കഥ മറ്റാരെയെങ്കിലും കാണിച്ചതായി ഓർക്കുന്നില്ല. പിന്നീട് നോട്ടുബുക്കുകൾ മേടിച്ച് അതിൽ കഥകൾ എഴുതാൻ തുടങ്ങി. പക്ഷേ അവയൊന്നും സൂക്ഷിച്ചുവയ്ക്കാൻ സാധിച്ചില്ല.

 • പുസ്തകങ്ങൾ കൂട്ടുകാർ

അഞ്ചാം ക്ലാസ് മുതൽ പുസ്തകങ്ങൾ വായിച്ചുതുടങ്ങി. ആ ദിവസങ്ങളിൽ എപ്പോഴെങ്കിലും കിട്ടും എന്നല്ലാതെ ആഹാരത്തിന് കൃത്യമായി സമയമൊന്നുമില്ലായിരുന്നു. എനിക്കാണെങ്കിൽ നല്ല വിശപ്പും. ചേട്ടൻ വിശപ്പൊന്നും ബാധിക്കാത്ത മട്ടിൽ ഇരിക്കുന്നതു കാണാം. ചേട്ടന്റെ കൈയിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. എന്തിനാണ് ഇത്രയും പുസ്തകങ്ങൾ എന്നു ചോദിച്ചപ്പോളാണ് ആ രഹസ്യം പറഞ്ഞു തന്നത്. പുസ്തകങ്ങൾ വായിച്ചാൽ വിശപ്പറിയില്ലത്രേ. അങ്ങനെ എന്റെ ആവശ്യപ്രകാരം ചേട്ടൻ എനിക്കും പുസ്തകങ്ങൾ തന്നു. ക്രമേണ പുസ്തകങ്ങളോടു വലിയ കമ്പമായി.

 • തസ്രാക്ക് എന്ന സാഹിത്യ തീർത്ഥാടനകേന്ദ്രം

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നത്. എങ്കിലും അതിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാൻ എനിക്കായില്ല. കോളേജിൽ പഠിക്കുന്ന സമയത്ത് വീണ്ടും പലതവണ വായിച്ചു. അങ്ങനെ ആ പുസ്തകത്തോട് ഒരു മാനസിക അടുപ്പം ഉണ്ടായി. നാളുകൾക്കു ശേഷം മനോരമയുടെ റിപ്പോർട്ടറായി ഞാൻ പാലക്കാട് ചെല്ലുന്നു. ഒരു ദിവസം രാവിലെ ഒ.വി. വിജയൻ പാലക്കാട് ടൗണിൽ കൊപ്പത്തുള്ള പത്രം ഓഫിസിലേക്ക് വന്നു. 1990-91 ൽ. ഞങ്ങൾ പരിചയപ്പെട്ടു .’വിജയേട്ടാ ‘എന്ന് വിളിച്ചത് അദ്ദേഹത്തിനു വലിയ ഇഷ്ടമായി. ആ പരിചയപ്പെടലിനു ശേഷമാണ് ഞാൻ തസ്രാക്ക് കാണാൻ പോകുന്നത്. ഞാറ്റുപുരയും അറബിക്കുളവും ഓത്തുപള്ളിയുമൊക്കെ എന്റെ മനസിൽ പതിഞ്ഞു. ആ സമയത്തു തന്നെ തസ്രാക്ക് എന്ന സാഹിത്യതീർത്ഥാടന കേന്ദ്രം എന്റെ മനസിൽ നിർമിക്കപ്പെട്ടു. പിന്നീട് പാലക്കാട് കളക്ടറായി ചാർജെടുത്തതിനു ശേഷമുള്ള പ്രസ് മീറ്റിങ്ങിൽ പത്രക്കാർ എന്നോട് ചോദിച്ചു പാലക്കാടിനെ ഒരുപാട് അടുത്തറിയാവുന്ന ഒരാൾ എന്ന നിലയിൽ എന്താണ് പാലക്കാടിന് നൽകാനുദ്ദേശിക്കുന്നത്. അപ്പോൾ ഞാനെന്റെ ആഗ്രഹം അവരോടു പങ്കുവച്ചു.

subscribe

ഒരു ജീവിതം രണ്ടു റോളുകൾ
-രാജീവ് മണ്ണാളി / രാജ്കുമാർ ആർ

Categories:

‘ജീവനെടുക്കാൻ പരിശീലനം നേടിയ ഞാൻ, ജീവിതം തിരിച്ചുനൽകുന്ന മേഖലയിൽ എത്തിയത് അപൂർവ ഭാഗ്യമായി കരുതുന്നു. 34 കൊല്ലം പട്ടാളക്കാരനായിരുന്നു. 10 വർഷമായി ആതുരസേവനരംഗത്താണ്. എല്ലാം ഈശ്വരൻ നിശ്ചയിച്ചുറപ്പിച്ചതാണെന്നാണ് എന്റെ വിശ്വാസം. വിധിയിൽ ഞാൻ വിശ്വസിക്കുന്നു. പട്ടാളക്കാർ പൊതുവെ അന്ധവിശ്വാസികളാണ്. ഞാൻ കുറച്ചുകൂടുതൽ അന്ധവിശ്വാസിയാണ്.’
കേണൽ രാജീവ് മണ്ണാളി സംസാരിക്കുന്നത് പട്ടാളക്കാരന്റെ ചിട്ടയും മോട്ടിവേഷണൽ സ്പീക്കറുടെ വ്യക്തതയും മനുഷ്യസ്‌നേഹിയുടെ ആർദ്രതയും നിറഞ്ഞ വാക്കുകളിലാണ്. ചിലപ്പോൾ അദ്ദേഹം ഒരു തത്വചിന്തകനെപ്പോലെയാകും. അദ്ദേഹം പട്ടാളക്കഥകൾ പറയുമ്പോൾ അതിൽ മനുഷ്യത്വത്തിന്റെ മധുരവും നിറയും. ഇന്നുവരെ ഒരാളും തന്റെ കൈകൊണ്ട് കൊല്ലപ്പെട്ടിട്ടില്ല എന്ന് അഭിമാനത്തോടെ പറയുന്ന പട്ടാളക്കാരൻ. ജീവിതത്തിൽ പല റോളുകളിൽ നിൽക്കാൻ അദ്ദേഹത്തിനു സാധിക്കുന്നതിന്റെ രസതന്ത്രവും അതാവും. ജീവിതത്തെ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: ഒരു ജീവിതം, രണ്ടു റോളുകൾ. സൈനിക ഉദ്യോഗസ്ഥന്റെ യൂണിഫോമിൽ നിന്ന് അഡ്മിനിസ്‌ട്രേറ്ററുടെ റോളിലേക്കുള്ള മാറ്റം. രണ്ടു റോളുകളും അദ്ദേഹം ഒരുപോലെ ആസ്വദിക്കുന്നു. തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറിന്റെ കസേരയിലിരുന്ന് കേണൽ രാജീവ് മണ്ണാളി ജീവിതം പറയുന്നു.

 • ജീവിതം യൂണിഫോമിൽ

യൂണിഫോമുമായുള്ള ബന്ധം തുടങ്ങുന്നത് 1966 ഫെബ്രുവരി മാസത്തിലാണ്. കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി രണ്ടിന് കഴക്കൂട്ടം സൈനിക് സ്‌കൂളിൽ കേഡറ്റായി ചേർന്നപ്പോൾ. അച്ഛൻ അഞ്ചു വർഷം ബ്രിട്ടീഷ് ആർമിയിൽ ചീഫ് കമ്മിഷൻഡ് ഓഫിസർ ആയിരുന്നു. അദ്ദേഹത്തിന്റെ അനുഭവങ്ങൾ കേട്ടാണ് പട്ടാളക്കാരനാവണം എന്ന ആഗ്രഹം കുട്ടിക്കാലത്ത് മനസിൽ കയറിയത്. അഭിഭാഷകനും കമ്യൂണിസ്റ്റ് നേതാവും തൊഴിലാളി യൂണിയൻ നേതാവുമൊക്കെയായിരുന്നു അച്ഛൻ മണ്ണാളി വിശ്വനാഥൻ. അച്ഛനും അമ്മയും എന്നെ സൈനിക് സ്‌കൂളിൽ കൊണ്ടുവന്ന ദിവസം ഇന്നും എന്റെ ഓർമയിലുണ്ട്. അന്ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി സെന്ററിൽ നിൽക്കുമ്പോൾത്തന്നെ സൈനിക് സ്‌കൂൾ കാണാം. ദൂരെ നിന്നു കണ്ടപ്പോൾ കൊട്ടാരം പോലെയാണ് തോന്നിയത്.

അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും പിരിഞ്ഞുള്ള ജീവിതവും സൈനിക് സ്‌കൂളിലെ പരിശീലനവും ആദ്യം കുറച്ചു ബുദ്ധിമുട്ടായി തോന്നിയെങ്കിലും പിന്നീട് അതൊരു ഹരമായി. പെട്ടെന്നു തന്നെ സൈനിക് സ്‌കൂൾ ജീവിതത്തിന്റെ ഭാഗമായി മാറി. പുതിയ കൂട്ടുകാരും ജീവിതരീതിയുമായി വളരെ വേഗം ഇഴുകിച്ചേരാനും സാധിച്ചു. ആറു വർഷം കടന്നുപോയത് അറിഞ്ഞില്ല. 1972-ൽ കോഴ്‌സ് പൂർത്തിയാക്കി സൈനിക് സ്‌കൂളിൽ നിന്ന് വിട പറയുമ്പോഴേക്കും നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം ലഭിച്ചിരുന്നു. 1972 ജൂലൈയിൽ മഹാരാഷ്ട്രയിലെ ഖഡക് വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ മൂന്നു കൊല്ലം പരിശീലനം. വളരെ ദുഷ്‌കരമായിരുന്നു പരിശീലനം. പതിനേഴുകാരന്റെ മനസിനും ശരീരത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. ഇത്രയും ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതുണ്ടോ, ജീവിതം ഇതു തന്നെയായി മാറുമോ എന്നൊക്കെയുള്ള സന്ദേഹങ്ങൾ മനസിൽ നിറഞ്ഞു. പക്ഷേ, അതിനെയെല്ലാം അതിജീവിക്കാനും പരിശീലനം പൂർത്തിയാക്കാനും കഴിഞ്ഞു. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പരിശീലനത്തിനു ശേഷം 1975-ൽ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ തുടർപരിശീലനത്തിനായി പോയി. ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ ഒരു വർഷത്തെ പ്രത്യേക പരിശീലനത്തിനു ശേഷം 1976-ൽ കമ്മിഷൻഡ് ഓഫിസറായി പുറത്തുവരുമ്പോഴേക്കും ജീവിതവും കാഴ്ചപ്പാടുകളും മാറിമറിഞ്ഞിരുന്നു.

subscribe

തണുപ്പും താരനും പിന്നെ തൈരും
-മിനി പി.എസ്. നായർ

Categories:

ആറിൽ മൂന്നു പേർക്ക് ഒരിക്കലെങ്കിലും താരൻ വന്നിട്ടുണ്ടാകും എന്നാണ് കണക്ക്. വന്നാൽ കണക്കിന് ഉപദ്രവിക്കുകയും (പ്രത്യേകിച്ച് തണുപ്പുകാലത്ത്) ചെയ്യുന്ന ഒരു അവസ്ഥയാണ് താരൻ. താരന്റെ കാരണങ്ങൾ എന്താണ് എന്നത് ഇപ്പോഴും പഠനവിഷയമാണ്. പുതിയ പഠനങ്ങൾ പറയുന്നത് ഫംഗസ് പോലെ തന്നെ ബാക്ടീരിയയും ഒരു കാരണം ആണെന്നാണ്. ആന്റി ബാക്ടീരിയൽ സ്വഭാവമുള്ള ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ഒരു പരിധി വരെ താരനെ തടയും. തൈരിലെ പ്രോട്ടീൻ മുടിയുടെ ആരോഗ്യത്തിനു ഗുണം ചെയ്യും.

ഉപയോഗക്രമം
…………………………..

ഇളം ചൂടുവെള്ളത്തിൽ തല നന്നായി കഴുകി വൃത്തിയാക്കുക. മുടിയിൽ നിന്നു വെള്ളം ഇറ്റു വീഴാത്ത രീതിയിൽ ടൗവൽ കൊണ്ട് തോർത്തുക. അതിനു ശേഷം തൈര് അൽപ്പാൽപ്പമായി വിരലുകൾ കൊണ്ട് തലയോട്ടിയിൽ പുരട്ടുക. മുടിയിഴകളിലും പുരട്ടാം. പത്ത് മിനിറ്റ് കഴിഞ്ഞതിനു ശേഷം കഴുകിക്കളയുക. താരന്റെ കാഠിന്യത്തിനനുസരിച്ച് ആഴ്ചയിൽ രണ്ടു തവണ വരെ ചെയ്യാം.

ശ്രദ്ധിക്കുക- കൈയിലോ, ചെവിക്കു പിന്നിലോ പുരട്ടി അലർജിയില്ല എന്നുറപ്പു വരുത്തിയ ശേഷം മാത്രം തലയിൽ ഉപയോഗിക്കുക.