December 2019

You Are Here: Home / December 2019

പ്രകാശം പരത്തുന്ന വില്ലൻ
-മോഹൻലാൽ

Categories:

ജീവിതം കടങ്കഥ പോലെയാണെന്ന് പലപ്പോഴും ജോസ്പ്രകാശ് സാർ പറഞ്ഞിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ ഒരു കടങ്കഥ തന്നെയായിരുന്നു ആ ജീവിതമെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്. ഒരുപാടൊരുപാട് പരുക്കൻ പ്രതലങ്ങളിലൂടെ കടന്നുപോയ ഒന്നായിരുന്നു ജോസ്പ്രകാശ് സാറിന്റ ജീവിതം. പക്ഷേ, ആ പരുക്കൻ അനുഭവങ്ങൾക്കുള്ളിൽ അദ്ദേഹം ജീവിച്ചു തീർത്ത ജീവിതം വളരെ സൗമ്യമായിരുന്നു. ഒടുവിൽ കാണുമ്പോഴും സാർ പറഞ്ഞു:”ലാൽ….ഇങ്ങനെയൊക്കെയാണ് ജീവിതം. ഏറിയാൽ, എൺപതോ തൊണ്ണൂറോ വർഷങ്ങൾ അത്രയൊക്കയേ മനുഷ്യന് ഈ ഭൂമിയിൽ ജീവിക്കാൻ കഴിയൂ. അതിനിടയിൽ മത്സരങ്ങൾ, വിദ്വേഷങ്ങൾ ഒന്നിനും ഒരർത്ഥവുമില്ല.” ജീവിതത്തെ ശരിക്കും പഠിച്ചിരുന്നു ജോസ്പ്രകാശ് സാർ. പ്രമേഹം മൂർച്ഛിച്ച് അദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചു മാറ്റിയ ഘട്ടത്തിൽ ഞാൻ പലപ്പോഴും സാറിനെ വീട്ടിൽ പോയി കണ്ടിട്ടുണ്ട്. അനുഭവങ്ങളുടെ വലിയൊരു സാഗരം അന്നേരങ്ങളിൽ എനിക്കു മുമ്പിൽ നിറഞ്ഞുനിന്നു. വേദനിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ ഓർമകൾ സാറിനെ പൊതിഞ്ഞിരുന്നു. അപ്പോഴും ആരെക്കുറിച്ചും നല്ലതു മാത്രമേ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നുള്ളു. അതു നല്ല മനുഷ്യരിൽ മാത്രം കാണുന്ന സവിശേഷതയാണ്.

ശരിക്കും ജോസ്പ്രകാശ് സാർ നടനെന്നതിനപ്പുറം വലിയൊരു മനുഷ്യനായിരുന്നു. ഒരുപാട് നന്മകളുള്ള ഒരു മനുഷ്യൻ. പക്ഷേ, സിനിമയിൽ പ്രേക്ഷകരുടെ വെറുപ്പും വിദ്വേഷവും പിടിച്ചു പറ്റുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. അപൂർവമായി ലഭിച്ച അഭിനയ സാധ്യതയുള്ള വേഷങ്ങളിൽ സാർ അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്തിരുന്നു. നന്മ നിറഞ്ഞ ആ വില്ലനെ ഞാൻ ആദ്യം നേരിൽ കാണുന്നത് ‘അഹിംസ’യുടെ കോഴിക്കോട്ടെ ലൊക്കേഷനിൽ വച്ചാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ കഴിഞ്ഞ് നാലോ അഞ്ചോ ചിത്രങ്ങൾ കഴിഞ്ഞാണ് അഹിംസയിലേക്കുള്ള വാതിൽ എനിക്കുമുമ്പിൽ തുറന്നത്. മലയാളത്തിലെ മിക്ക താരങ്ങളും ഒന്നിച്ച ആ ചിത്രത്തിലും ജോസ്പ്രകാശ് സാറിന് വില്ലൻ വേഷമായിരുന്നു. എന്റെ കഥാപാത്രവും വില്ലനായിരുന്നു. പുതുമുഖ നടനായ എന്നോടു നിറഞ്ഞ സ്‌നേഹത്തോടെയായിരുന്നു സാർ പെരുമാറിയിരുന്നത്. സിനിമയിലൂടെ ഞാൻ കണ്ടു പരിചയിച്ച ജോസ്പ്രകാശ് എന്ന നടനേ അല്ലായിരുന്നു അത്. അത്രമാത്രം സ്‌നേഹം അദ്ദേഹം എനിക്കു നൽകി. ആ അനുഭവം ഒരു വലിയ സത്യം കൂടി എന്നെ ബോധ്യപ്പെടുത്തി. സിനിമയിലെ മിക്ക വില്ലൻമാരും ജീവിതത്തിൽ നിഷ്‌കളങ്കരാണ്. അതിലൊരു വില്ലനായിരുന്നു പാവം ജോസ്പ്രകാശ് സാറും.

അഹിംസയ്ക്കു ശേഷം പല ചിത്രങ്ങളിലും സാറുമൊന്നിച്ച് അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. ഞാൻ സിനിമയിൽ വരുന്നകാലത്ത് മലയാളത്തിലെ വില്ലൻ കഥാപാത്രങ്ങൾ ബാലൻ കെ. നായരിലും കെ.പി. ഉമ്മറിലും ജനാർദ്ദനനിലും ജോസ്പ്രകാശ് സാറിലും ചുറ്റിക്കറങ്ങുകയായിരുന്നു. നാലുപേർക്കും അവരവരുടേതായ അഭിനയശൈലിയുമുണ്ടായിരുന്നു. ഇവർക്കിടയിലേക്കാണ് പുതിയ വില്ലനായി ഞാൻ രംഗപ്രവേശം ചെയ്യുന്നത്. പിൽക്കാലത്ത് സാർ എന്നോട് പറയുമായിരുന്നു:”ലാലിന്റെ വില്ലൻ വേഷങ്ങളെക്കുറിച്ച് പലപ്പോഴും ഞങ്ങൾ സെറ്റിൽ ചർച്ച ചെയ്യുമായിരുന്നു.” അങ്ങേയറ്റം സ്റ്റൈലൈസ്ഡ് ആയിട്ടുള്ള വില്ലനായിരുന്നു ജോസ്പ്രകാശ് സാർ. ഒരു കാലഘട്ടം മുഴുവൻ അദ്ദേഹത്തിന്റെ വില്ലൻ വേഷങ്ങൾ വെള്ളിത്തിരയെ ഇളക്കിമറിച്ചിരുന്നു. കറുത്ത കോട്ടും കണ്ണടയും ധരിച്ച് ചുണ്ടിൽ പൈപ്പും തിരുകി വാക്കിങ് സ്റ്റിക്ക് കറക്കി നിൽക്കുന്ന ആ വില്ലനെ എങ്ങിനെ മറക്കാനാണ്. കാലം കടന്നപ്പോൾ മെല്ലെ മെല്ലെ ഈ വേഷം മാഞ്ഞു തുടങ്ങി. പുതിയ വില്ലൻമാർ കടന്നു വന്നു. ജോസ്പ്രകാശ് സാർ സ്വഭാവ കഥാപാത്രങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. ശശികുമാർ സാറിന്റെ ‘സ്വന്തമെവിടെ ബന്ധമെവിടെ’ എന്ന ചിത്രത്തിൽ എന്റെ അച്ഛന്റെ വേഷമായിരുന്നു സാറിന്. ആ സിനിമയിലെ നായകൻ ശരിക്കും സാറിന്റെ കഥാപാത്രമായിരുന്നുവെന്ന് പറയാം. നായിക പൊന്നമ്മ ചേച്ചി (കവിയൂർ പൊന്നമ്മ)യും. ഞങ്ങളൊന്നിച്ച അക്കാലത്തെ ഏറെ ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു ‘സ്വന്തമെവിടെ ബന്ധമെവിടെ.’

സിനിമയിൽ വന്ന കാലം മുതലേ ജോസ്പ്രകാശ് സാർ എനിക്കൊരു ഉപദേശം നൽകിയിരുന്നു.”വേഷം ചെറുതോ വലുതോ എന്നൊന്നും നോക്കരുത്. കിട്ടുന്ന അവസരങ്ങൾ ലാൽ നന്നായി പ്രയോജനപ്പെടുത്തണം സിനിമ ഒരു ഭാഗ്യ പരീക്ഷണത്തിന്റെ വേദി കൂടിയാണ്.” സാറിന്റെ ഉപദേശങ്ങൾ ഞാനിന്നും ഏറെ വിലമതിക്കുന്നു. എന്റെ അച്ഛനേക്കാളും പ്രായം സാറിനുണ്ടായിരുന്നു. പക്ഷേ, ഏറ്റവും അടുത്ത ഒരു സുഹൃത്തിനോടെന്നപോലെ ജോസ്പ്രകാശ് സാറിനോട് ഇടപെടാൻ കഴിഞ്ഞിരുന്നു. അങ്ങിനെയൊരു സ്വാതന്ത്ര്യം എനിക്കദ്ദേഹത്തിന്റെ മേൽ ഉണ്ടായി. അതും വലിയൊരു ഭാഗ്യമായി ഞാൻ കാണുന്നു. സാർ എന്നുള്ള വിളി സ്‌നേഹത്തിന്റെ പാരമ്യതയിൽ ജോസേട്ടാ.. എന്നാകും ചിലപ്പോൾ എടാ ജോസേ എന്നായും മാറും. ആ സൗഹൃദവട്ടങ്ങളിൽ വലിപ്പച്ചെറുപ്പം നോക്കാതെ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ജോസ്പ്രകാശ് സാറും കൂടി. അദ്ദേഹത്തിന്റെ കുടുംബവും നല്ലൊരു സൗഹൃദമാണ് എനിക്ക് സമ്മാനിച്ചത്.

subscribe

Aswathy Srikanth Light of My Life & Letters
– അശ്വതി ശ്രീകാന്ത് / മരിയ റാൻസം

Categories:
 • അക്ഷരമുറ്റത്ത് നിന്ന് നാട്യവഴികളിലൂടെ

നാലു വയസു മുതൽ അമ്മയുടെ ശിക്ഷണത്തിൽ നൃത്തം പഠിച്ചിരുന്നു. എങ്കിലും, ഒരു നർത്തകിയാകണമെന്ന തീരുമാനമെടുത്തത് വളരെ വൈകിയാണ്. അമ്മ മറ്റു കുട്ടികളെ പഠിപ്പിക്കുമ്പോൾ അവർക്കൊപ്പം ചേർന്ന് അമ്മ പറയുന്നത് അനുസരിക്കുമെങ്കിലും വലിയൊരു ആഭിമുഖ്യം നൃത്തത്തോടു ചെറിയ കുട്ടി ആയിരിക്കുമ്പോൾ ഞാൻ പുലർത്തിയിരുന്നില്ല. ഏഴാം വയസിൽ മറ്റു കുട്ടികൾക്കൊപ്പം ഗുരുവായൂരിലായിരുന്നു അരങ്ങേറ്റം. അന്നെനിക്ക് മുടി കുറവായിരുന്നു. ഇന്നത്തെപ്പോലെ വിഗ് ഉപയോഗിക്കുന്നത് അപൂർവം. അമ്മയ്ക്കാണെങ്കിൽ നല്ല തിരക്കും. അതുകൊണ്ട് ഒരാൺകുട്ടിയുടെ വേഷത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട്, കുറേ നാൾ അമ്മ മറ്റു കുട്ടികളെ പഠിപ്പിക്കുന്നതിനാപ്പം പഠിച്ചു. പത്താം വയസിൽ അതിനുമൊരു തടസമുണ്ടായി. നൃത്താധ്യാപിക എന്ന നിലയിൽ അമ്മ അച്ചടക്കത്തിന്റെ ആൾരൂപമാണ്. അമ്മയുടെ മറ്റു ശിഷ്യരുടെ കുറ്റങ്ങൾക്കു കൂടി ശിക്ഷ കിട്ടുക എനിക്കാവും. മറ്റു കുട്ടികളോടു പ്രകടിപ്പിക്കാനാത്ത ദേഷ്യം എന്നോടു കാണിച്ചതിൽ പ്രതിഷേധിച്ച് ഒരു ദിവസം ഞാൻ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നെ, രണ്ടു കൊല്ലം നൃത്തം പഠിച്ചില്ല. പതിമൂന്നാം വയസിലാണ് നൃത്തപഠനം വീണ്ടും ആരംഭിച്ചത്. എന്റെ നൃത്തം ആളുകൾ അംഗീകരിക്കുന്നു എന്നൊരു തോന്നൽ വന്നുതുടങ്ങിയത് അക്കാലത്താണ്. ഡിഗ്രി പഠനകാലത്താണ് ഗൗരവമായി നൃത്ത പഠനത്തിലേക്ക് എത്തുന്നത്.

ആറു വയസു മുതൽ സംഗീതവും പഠിച്ചിരുന്നു. ഞാൻ പാട്ടുകാരിയാകണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അമ്മയ്ക്കു സംഗീതം അത്രയ്ക്ക് ഇഷ്ടമായിരുന്നു. അമ്മയുടെ അമ്മയും അനിയത്തിയും നന്നായി പാടുമായിരുന്നു. ആ കാലഘട്ടത്തിൽ, എന്റെ മനസു നിറയെ സാഹിത്യവും പുസ്തകങ്ങളും ആയിരുന്നു. വിഷ്വൽ കമ്യൂണിക്കേഷൻ പഠിക്കാനായിരുന്നു മോഹം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദപഠനം കഴിഞ്ഞ് എൻട്രൻസ് എഴുതി. ചെന്നൈയിൽ സീറ്റ് ലഭിച്ചു. എന്നാൽ, നൃത്തവിദ്യാലയത്തിലെ കാര്യങ്ങൾ അമ്മയ്ക്ക് ഒറ്റയ്ക്ക് നടത്തിക്കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. അവിടത്തെ കാര്യങ്ങൾ ഗൗരവത്തോടെ ഏറ്റെടുക്കേണ്ടി വന്നു. അങ്ങനെ വിഷ്വൽ കമ്യൂണിക്കേഷൻ എന്ന സ്വപ്നം ഉപേക്ഷിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷിൽ മാസ്റ്റർ ഡിഗ്രിക്ക് ചേർന്നു. ഒപ്പം, നൃത്തപഠനവും തുടർന്നു.

‘നൃത്ത്യാലയ’ എന്നത് അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അച്ഛൻ തുടങ്ങിയ സ്ഥാപനമാണ്. പരിസ്ഥിതി സൗഹൃദത്തോടെ നിർമിച്ച കേരളത്തിലെ ആദ്യത്തെ വിദ്യാലയമാണത്. ബോധപൂർവമായ തെരഞ്ഞെടുപ്പ് എന്നതിനപ്പുറം സാഹചര്യങ്ങളും നിയോഗവുമാണ് എന്നെ ഇവിടേക്ക് എത്തിച്ചത്.

 • എം.ടി. വാസുദേവൻ നായർ എന്ന അച്ഛനും കലാമണ്ഡലം സരസ്വതി എന്ന അമ്മയും

ഭാഗ്യം ചെയ്ത മകളാണ് ഞാൻ. എട്ടാം ക്ലാസിലും പത്തിലും മലയാളം ക്ലാസിൽ അച്ഛന്റെ കഥകൾ പഠനവിഷയമായിരുന്നു. പാഠഭാഗമെടുക്കുമ്പോൾ ടീച്ചർ എന്നെ ഇടയ്ക്കിടെ നോക്കുന്നതും തിരിച്ച് ഞാൻ ടീച്ചറെ നോക്കുന്നതുമൊക്കെ ഇന്നും ഓർമയിലുണ്ട്. അച്ഛന്റെ പുസ്തകങ്ങൾ വായിച്ചുതുടങ്ങുന്ന പ്രായവുമതാണ്.

വീട്ടിലാണെങ്കിൽ, അച്ഛന്റെ സിനിമാ-സാഹിത്യ സുഹൃത്തുക്കൾ വരും. പുനത്തിൽ കുഞ്ഞബ്ദുള്ള, തിക്കോടിയൻ, എൻ.പി. മുഹമ്മദ് തുടങ്ങിയ വലിയ എഴുത്തുകാർ വീട്ടിൽ വരും. അവധിക്കാലം ചെലവഴിക്കുക ചെന്നൈയിലാണ്. അവിടെ, അച്ഛനൊരു ഫ്‌ളാറ്റുണ്ടായിരുന്നു. തിരക്കഥയുടെ ജോലികൾക്കായി അച്ഛനവിടെ ആയിരുന്നു. അമ്മയുടെ ഉന്നത പഠനവും ചെന്നൈയിലായിരുന്നു. യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച്, പത്തു വയസു മുതൽ കലാമണ്ഡലത്തിൽ പഠിച്ച് ഒന്നാം റാങ്കോടെ പാസായ വ്യക്തിയാണ് അമ്മ. ഡോ. പത്മ സുബ്രമണ്യം, ചിത്ര വിശ്വേശ്വരൻ മുതലായ വലിയ ഇതിഹാസങ്ങളുടെ അടുത്ത്, അമ്മ പഠിക്കുന്നതും ഗുരുക്കന്മാർ പഠിപ്പിക്കുന്നതും കണ്ടിരിക്കാൻ സാധിച്ചത് പുണ്യം തന്നെയാണ്. ചിന്നസത്യം സാറിന്റെ ക്ലാസുകൾ കാണാൻ സാധിച്ചതെല്ലാം വലിയ ഭാഗ്യം തന്നെ.

subscribe

ഇഷ്ടം സംവിധാനം
– വിനീത് ശ്രീനിവാസൻ / രാജ്കുമാർ ആർ

Categories:

അച്ഛനു വേണ്ടി മകന്റെ പാട്ട്! വിനീത് ശ്രീനിവാസന്റെ സിനിമയിലെ തുടക്കം അങ്ങനെയാണ്, കിളിച്ചുണ്ടൻ മാമ്പഴത്തിലെ പാട്ടിലൂടെ. അച്ഛൻ തിരക്കഥ എഴുതിയ ഉദയനാണ് താരം എന്ന സിനിമയിലും വിനീത് ശ്രീനിവാസൻ അച്ഛനുവേണ്ടി പാടി. സൈക്കിൾ എന്ന ചിത്രത്തിലൂടെ വിനീത് നടനുമായി. പിന്നീട് നിരവധി ചിത്രങ്ങളിൽ കഥാപാത്രങ്ങളായി വിനീത് സ്‌ക്രീനിൽ എത്തി. അതിനിടയിൽ മലർവാടി ആർട്‌സ് ക്ലബിലൂടെ തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും പാട്ടെഴുത്തുകാരന്റെയും തൊപ്പിയും അണിഞ്ഞു. ആനന്ദം, ഹെലൻ എന്നീ ചിത്രങ്ങൾ നിർമിച്ചു. അക്ഷരാർത്ഥത്തിൽ തന്നെ വിനീതിനെ അച്ഛന്റെ മകൻ എന്നുവിളിക്കാം. വിനീത് നായകനായ തണ്ണീർമത്തൻ ദിനങ്ങൾ വൻവിജയമായി. ഒടുവിൽ നിർമിച്ച ഹെലൻ മികച്ച ചിത്രമെന്ന അഭിപ്രായം നേടി. അന്നും ഇന്നും ലാളിത്യമാണ് വിനീതിന്റെ മുഖമുദ്ര.
സിനിമയിലേക്കു ആഗ്രഹം തോന്നിയപ്പോൾ മലർവാടി ആർട്‌സ് ക്ലബ് തന്നു. പിന്നീട് ഒരു ചവിട്ടുപടിയായി തട്ടത്തിൻ മറയത്ത് തന്നു. വർഷങ്ങൾ കഴിഞ്ഞു ഒരു മാറ്റം ആവശ്യമായി വന്നപ്പോൾ ഹെലനും തന്നു. ഒരൊറ്റ പേര് വിനീത് ശ്രീനിവാസൻ… മലർവാടിയിലൂടെ വിനീത് കൈപിടിച്ചുയർത്തിയ അജു വർഗീസ് ഫേസ്ബുക്കിൽ കുറിച്ചതാണിത്. ഇതുപോലെയുള്ള സൗഹൃദങ്ങളാണ് വിനീതിന്റെ കരുത്ത്.

 • സൗഹൃദങ്ങൾ ഭാഗ്യം

നല്ല സൗഹൃദങ്ങൾ എക്കാലത്തും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അവരവരുടെ കാര്യങ്ങളുമായി ചിലർ മാറിപ്പോയിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ മാറ്റം ഉണ്ടാവുമല്ലോ. അങ്ങനെയുള്ള ബന്ധങ്ങളും അതിനൊപ്പം ജീവിതത്തിൽ എല്ലാക്കാലത്തും കൂടെയുള്ളവയും ഉണ്ട്. സൗഹൃദങ്ങൾ ജീവിതത്തിനു ബലം നൽകുന്ന വലിയ ശക്തിയാണ്. കോളേജ് പഠനകാലം മുതൽ കൂടെയുള്ള സുഹൃത്തുക്കൾ മാത്രമല്ല, കഴിഞ്ഞ അഞ്ചാറു വർഷത്തിനിടയിൽ ഞാൻ പ്രവർത്തിച്ച സിനിമകളിൽ എനിക്കൊപ്പം നിന്നവരുമായും അടുത്ത സൗഹൃദമുണ്ട്. അങ്ങനെ ആ സൗഹൃദം വളരുന്നുണ്ട്. അതൊരു വലിയ അനുഗ്രഹമാണ്. ഒരു പ്രായം കഴിഞ്ഞാൽ നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക എന്നത് പ്രയാസമാണ്. ലോകത്തെ കൂടുതൽ മനസിലാക്കുന്നതിന്റെ കുഴപ്പമാണത്. പക്ഷേ, അങ്ങനെയുള്ള സമയത്തുപോലും എനിക്ക് നല്ല സൗഹൃദങ്ങൾ ഉണ്ടാകുന്നുണ്ട്. അത് എന്റെ ഭാഗ്യമാണ്. അജു വർഗീസും ഷാൻ റഹ്മാനും അൽഫോൺസ് പുത്രനും എനിക്കൊപ്പം സിനിമയിൽ വന്നവരാണ്. എന്റെ ചിത്രം നന്നാവണമെന്നു അവരും അവരുടെ ചിത്രം നന്നാവണമെന്നു ഞാനും ആഗ്രഹിക്കാറുണ്ട്. സുഹൃത്തുക്കൾ എന്നതിനപ്പുറം പരസ്പരം പിന്തുണയോടെ നിൽക്കുന്നവരാണ് ഞങ്ങൾ. ഞങ്ങൾക്കിടയിൽ മത്സരങ്ങളില്ല. സിനിമ ഒരു സീസണിൽ സംഭവിക്കുന്നതാണ്. എന്നാൽ, സൗഹൃദങ്ങൾ അങ്ങനെയല്ല; എന്നെന്നും കൂടെയുള്ളതാണ്.
സിനിമയുമായി ബന്ധപ്പെട്ടതെല്ലാം ഞാൻ ആദ്യം പറയുന്നത് ഭാര്യ ദിവ്യയോടാണ്. പിന്നെ ഷാൻ റഹ്മാനോടും നോബിൾ ബാബു തോമസിനോടും പറയും. എന്റെ എല്ലാക്കാര്യങ്ങളും അറിയുന്നത് ഈ മൂന്നുപേരാണ്. ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത് ഇത്തരം സൗഹൃദങ്ങളാണ്.

subscribe

അക്കിത്തം ജ്ഞാനപീഠത്തിന്റെ പ്രഭയിൽ
– എസ്. സന്ദീപ്

Categories:

അറുപത്തിയേഴ് വർഷം മുമ്പ് താനെഴുതിയ കാവ്യത്തിലെ വരികൾ ഇന്നും സാധാരണക്കാരുടെ പോലും ചുണ്ടിൽ നിന്ന് ഉതിർന്നു വീഴുകയും പലതരത്തിലുള്ള വേദികളിൽ ഉദ്ധരിക്കപ്പെടുകയും ചെയ്യുമ്പോൾ കവിക്കുണ്ടാകുന്ന ആത്മസംത്യപ്തി എത്രമാത്രമായിരിക്കും. എന്നാൽ, അക്കിത്തത്തിന് അത്രവലിയ ആത്മസംത്യപ്തിയൊന്നുമില്ല. എന്തൊക്കെയോ മഹാകാര്യങ്ങൾ താൻ ചെയ്‌തെന്ന ഭാവവുമില്ല. എഴുതേണ്ടതു മുഴുവൻ എഴുതിയിട്ടില്ലെന്നും ചെയ്യേണ്ടതു മുഴുവൻ ചെയ്തിട്ടില്ലെന്നുമുള്ള ഒട്ടൊരു അസംത്യപ്തിയും അപൂർണതാ ബോധവുമാണ് ഈ 93-ാം വയസിലും അദ്ദേഹത്തിനുള്ളത്. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാര ലബ്ധി അറിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് വലിയ ഭാവമാറ്റമൊന്നുമില്ല. സന്തോഷത്തിന്റെ ചെറിയ തിരയിളക്കം പ്രത്യക്ഷപ്പെട്ടതൊഴിച്ചാൽ.

അക്കിത്തം അച്യൂതൻ നമ്പൂതിരി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെഴുതിയത് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. ഇപ്പോൾ ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞ് രണ്ടു ദശകം കൂടി കടക്കുന്നു. പക്ഷേ, അത് ആസ്വാദകരുടെ നെഞ്ചിൽ കൊളുത്തുന്ന നാളങ്ങൾ ഈനൂറ്റാണ്ടിലും പഴയ അളവിൽത്തന്നെ.

”വെളിച്ചം ദുഃഖമാണുണ്ണി
തമസല്ലോ സുഖപ്രദം”
എന്നത് ഏറെ ഉദ്ധരിക്കപ്പെടുക മാത്രമല്ല ഏറെ ചിന്തകൾക്കു വഴിയൊരുക്കുക കൂടി ചെയ്തിട്ടുണ്ട്. ആ കവി വാക്യത്തിന്റെ മുഴക്കങ്ങൾ എത്രപേർ മനസിലാക്കിയിട്ടുണ്ടെന്നറിയില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ വെളിച്ചം എങ്ങനെ ദുഃഖമാകുന്നുവെന്നും കവി പറയുന്നുണ്ട് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ദർശനമായിരുന്നു അത്. എത്രത്തോളം വിമർശിക്കപ്പെട്ടുവോ അതിലേറെ പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട് ഈ വരികൾ. എന്നാൽ ആറര പതിറ്റാണ്ടുകൾക്കിപ്പുറവും ആ വീക്ഷണത്തിനു പ്രസക്തി നഷ്ട്ടപ്പെടുന്നില്ല, ഒരുപക്ഷേ ഏറുകയും ചെയ്തിരിക്കുന്നു. ബോധമനസിൽ നിന്നാണ് കവിത ജനിക്കുന്നതെന്നു പോലും കരുതാത്ത കവിക്കാകട്ടെ കവിതയാണ് ജീവിതമെന്ന ഭാവമില്ല. കാപട്യങ്ങളില്ലാത്ത മനസിൽ നിന്ന് ഒഴുകിവരുന്ന നിഷ്‌കളങ്കമായ പുഞ്ചിരിയോടെ അക്കിത്തം അച്യൂതൻ നമ്പൂതിരി, സത്യധർമാദികളെപ്പോലെ കവിതയും ഏറെയൊന്നും ശേഷിച്ചിട്ടില്ലാത്ത പുതിയ കേരളീയ സമൂഹത്തിന്റെ പൂമുഖത്തു ചാരുകസേരയിലിരിക്കുന്നു.

subscribe

സ്‌കൂളിലെ ഷോർട്ട് ഫിലിമും ഹെലനും ഞാനും
– മാത്തുക്കുട്ടി സേവ്യർ / രാജ്കുമാർ ആർ

Categories:

രണ്ടു മാത്തുക്കുട്ടികളും ഒരുമിച്ചുള്ള ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്ത് ആർ.ജെ മാത്തുക്കുട്ടി കുറിച്ചു: ഇതാണ് പലരും ഞാനാണെന്ന് വിചാരിച്ചിരിക്കുന്ന മാത്തുക്കുട്ടി സേവ്യർ. കൺഗ്രാജുലേഷൻസ് ബ്രദർ. നീ പൊളിക്കും എന്ന് എനിക്കുറപ്പായിരുന്നു. ഒന്നൂല്ലേൽ ഇത് എന്റെ പേരല്ലേ… മാത്തുക്കുട്ടി സേവ്യറിന്റെ ആദ്യ ചിത്രം ഹെലനെപ്പറ്റി മറ്റൊരു പോസ്റ്റിൽ ആർ.ജെ മാത്തുക്കുട്ടി എഴുതി: മുണ്ട് മടക്കിക്കുത്തുമ്പോഴും മീശ പിരിക്കുമ്പോഴുമല്ല, മേലെ നിന്നൊരു സ്റ്റീൽ പാത്രം താഴെ വീഴുമ്പോൾ ഒരു തിയേറ്റർ മുഴുവൻ കൈയടിക്കുന്നത് കണ്ടിട്ടുണ്ടോ? ഹെലൻ കാണണം!
പൊള്ളുന്ന പകലുകളും നിയോൺ രാത്രികളുമില്ലാതെ നമുക്കൊരു തണുത്തുറഞ്ഞ ത്രില്ലർ സിനിമയുണ്ടാക്കാമോ?
ഹെലൻ കാണണം. എല്ലാ മരവിപ്പുകൾക്കും മീതെ സ്‌നേഹത്തിന്റെ ഊഷ്മളത വന്ന് പൊതിയുന്നത് അനുഭവിക്കണോ? ഹെലൻ കാണണം. അന്ന ബെൻ, ലാൽ, അജു വർഗീസ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച സർവൈവൽ ത്രില്ലർ ജോണറിലുള്ള ഹെലൻ ഒരു അത്ഭുത ചിത്രമാണ്. മാത്തുക്കുട്ടിയുടെ മനസിൽ സ്‌കൂൾ പഠനകാലത്തേ കയറിക്കൂടിയതാണ് സിനിമ. പഠനശേഷം നിരവധി ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു. ആദ്യ ചിത്രം തിയേറ്ററുകളിൽ സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് മാത്തുക്കുട്ടി.

 • സ്‌കൂളിലെ ഷോർട്ട് ഫിലിം

സ്‌കൂൾ പഠനകാലത്താണ് ആദ്യ ഷോർട്ട് ഫിലിം ചെയ്തത്. സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസുകൾ തുടങ്ങിയ കാലം. സ്‌കൂളിൽ ഒരു പ്രൊജക്ടർ ഉണ്ടായിരുന്നു. അതിന്റെ ആവേശത്തിലാണ് ആദ്യ ഷോർട്ട് ഫിലിം ഒരുക്കിയത്. അന്ന് ഓൺലൈനിൽ നോക്കി പഠിച്ചൊക്കെയാണ് എടുത്തത്. ആ പ്രായത്തിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ കാണുമ്പോൾ പൊട്ടത്തരമായി തോന്നും. ഷോർട്ട് ഫിലിം എടുത്ത ശേഷം റിലീസ് ചെയ്യാനുള്ള അനുമതി വാങ്ങി. രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ്. ഓരോ ക്ലാസിനും പ്രിവ്യൂ വച്ചു. പന്ത്രണ്ടാം ക്ലാസിലെ ചേട്ടന്മാർക്ക് ഞങ്ങളുടെ ഷോർട്ട് ഫിലിം കണ്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നാൽ, ചെറിയ ക്ലാസിലെ കുട്ടികൾ കൈയടിച്ചു. അതു നൽകിയ ആത്മവിശ്വാസവും സന്തോഷവും വലുതായിരുന്നു. അതാണ് സിനിമയിലേക്ക് വരാനുള്ള ആത്മവിശ്വാസം നൽകിയത്. പിന്നീട് അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനാണ് പഠിച്ചത്.

 • സ്വപ്‌നമാണ് ഈ സിനിമ

ഹെലന്റെ കഥ വർഷങ്ങളായി മനസിലുണ്ട്. ഹെലന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ആൽഫ്രഡിന് ന്യൂസ് പേപ്പർ ക്ലിപ്പിങ്‌സ് ശേഖരിക്കുന്ന സ്വഭാവമുണ്ട്. ചിത്രത്തിന്റെ ത്രെഡിൽ സന്ദർഭത്തിന് അനുസരിച്ച് ഈ വാർത്തകൾ ചേർത്തുവച്ചപ്പോഴാണ് ഹെലന്റെ തിരക്കഥ യാഥാർത്ഥ്യമായത്. കഴിഞ്ഞ ജനുവരിയിൽ തിരക്കഥ പൂർത്തിയാക്കി. പുതിയ ആശയങ്ങൾ വരുമ്പോൾ ഞങ്ങൾ വിനീതേട്ടനോട് പറയും. ഹെലന്റെ കഥ വിനീതേട്ടനോട് പറഞ്ഞു. ‘ഞാൻ നിർമിക്കാം’ എന്ന് അദ്ദേഹം ഇങ്ങോട്ടുപറയുകയായിരുന്നു.

subscribe

ratheesh balakrishnan poduval ഒരു പയ്യന്നൂർക്കാരന്റെ സ്വപ്‌നങ്ങൾ
– രതീഷ് ബാലകൃഷ്ണൻ പൊതുവാൾ / രാജ്കുമാർ ആർ

Categories:

രസകരമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറുമൂടുമാണ് പ്രധാന വേഷത്തിൽ. റോബോട്ട് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം മലയാളികളുടെ ഹൃദയം കവർന്നു. രതീഷ് സംസാരിക്കുന്നു.

 • എന്റെ നാടും കഥാപാത്രങ്ങളും

ഞാൻ പയ്യന്നൂർ സ്വദേശിയാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ കഥാപാത്രങ്ങളെ കണ്ടെത്തിയത് എന്റെ നാടായ പയ്യന്നൂരിൽ നിന്നാണ്. നാട്ടിൽ എനിക്ക് പരിചിതമായ സ്ഥലങ്ങളിലായിരുന്നു ഷൂട്ടിങ്ങും. പയ്യന്നൂർ, അന്നൂർ ഭാഗങ്ങളിൽ നിരവധി നാടകനടന്മാരുണ്ട്. അവരെ സിനിമയിലെ കഥാപാത്രങ്ങളാക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. നാട്ടുകാരായ അഭിനേതാക്കളെ ഓഡിഷനിലൂടെ കണ്ടെത്തുന്നത് അങ്ങനെയാണ്. ഭൂരിഭാഗം അഭിനേതാക്കളും വടക്കൻ കേരളത്തിൽ നിന്നുള്ളവരാണ്. കഥാപാത്രങ്ങളുടെയും സംഭാഷണങ്ങളുടെയും പൂർണതയ്ക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്.

 • സിനിമയിൽ പതിനഞ്ചു വർഷം

ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ സ്‌ക്രിപ്റ്റിന്റെ വർക്ക് തുടങ്ങിയിട്ട് നാലഞ്ചു വർഷമായി. ശരിക്കും ഞാൻ പ്രൊഡക്ഷൻ ഡിസൈനറാണ്. മുംബൈയിലാണ് വർക്ക് ചെയ്യുന്നത്. അസിസ്റ്റന്റായും ഇൻഡിപെന്റന്റായും സിനിമയിൽ പതിനഞ്ചു വർഷമായി ആർട്ട് ഡയറക്ടറാണ്. പത്ത് വർഷമായി മുംബൈയിലാണ്. പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ചതാണ് സംവിധായകനാകാനുള്ള എന്റെ പരിചയം. പ്രൊഡക്ഷൻ ഡിസൈനർ എപ്പോഴും ഡയറക്ടറുടെ കൂടെയാണ് വർക്ക് ചെയ്യുന്നത്. ഒരു സിനിമയിൽ എങ്ങനൊക്കെ പ്രവർത്തിക്കാനാവുവോ അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്.

 • സംവിധാനം എന്ന സ്വപ്നം

സംവിധാനം നേരത്തെ മനസിലുണ്ടായിരുന്ന ആഗ്രഹമാണ്. ഈ കഥ എന്റെ സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോൾ വർക്കാവാൻ സാധ്യതയുണ്ടെന്നു ബോധ്യം വന്നതുകൊണ്ടാണ് പ്രോജക്ടുമായി മുന്നോട്ടുപോയത്. സിനിമയുടെ കാമറമാൻ ഷാനു ജോൺ വർഗീസിന്റെ സുഹൃത്തും സഹപാഠിയുമാണ് നിർമാതാവ് സന്തോഷ് ടി. കുരുവിള. സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞ് ഷാനു വഴിയാണ് അദ്ദേഹത്തെ സമീപിച്ചത്. ആൻഡ്രോയിഡ് കുഞ്ഞപ്പനു മുമ്പു ചില തിരക്കഥകൾ എഴുതിയിരുന്നു എങ്കിലും ജോലിത്തിരക്കുമൂലം പൂർത്തിയാക്കാനായില്ല. ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ആശയം തോന്നിയപ്പോൾ എഴുതിനോക്കി. പൂർത്തിയായപ്പോഴാണ് സൗബിനോട് പറഞ്ഞത്.

subscribe

സ്ത്രീ രോഗങ്ങളും ഹോമിയോപ്പതിയും
– ഡോ. ഷിബി പി. വർഗീസ്

Categories:

ഹോമിയോപ്പതി ഒരു വ്യക്ത്യാധിഷ്ഠിത ചികിത്സയാണ്. അതായത് ഓരോ വ്യക്തിയുടെയും പ്രത്യേകതകളെയും സ്വഭാവവിശേഷങ്ങളെയും കണക്കിലെടുത്ത് ഒരേ രോഗം ബാധിക്കുന്ന വിവിധ രോഗികൾക്കു വ്യത്യസ്ഥ മരുന്നുകൾ നൽകി ചികിത്സിക്കുന്ന രീതി ആണ് ഹോമിയോപ്പതിയിൽ ഉള്ളത്. ഒരേ രോഗം ബാധിച്ച വിവിധ രോഗികളിൽ വ്യത്യസ്തങ്ങളായ മരുന്നുകൾ നൽകിയുള്ള ചികിത്സയാണ് വ്യക്ത്യാധിഷ്ഠിത ചികിത്സ. ചികിത്സയിൽ ഒരു രോഗിക്ക് നൽകാവുന്ന ഏറ്റവും വലിയ പരിഗണനയാണ് വ്യക്ത്യാധിഷ്ഠിത ചികിത്സ എന്നത്. രോഗത്തോടൊപ്പമോ ചിലപ്പോൾ അതിനെക്കാളേറെയോ രോഗിക്കു നൽകുന്ന ഈ പരിഗണന തന്നെയാണ് ഹോമിയോപ്പതി ചികിത്സയെ കൂടുതൽ ജനകീയമാക്കുന്നതും.

എല്ലാ ചികിത്സാരീതികളിലും സ്ത്രീരോഗ ചികിത്സക്കു പ്രത്യേക വിഭാഗങ്ങൾ ഉണ്ട്. മോഡേൺ മെഡിസിനിൽ അത് ഗൈനക്കോളജി എന്ന് അറിയപ്പെടും. പ്രസവ ശുശ്രൂഷ മാത്രം പ്രതിപാദിക്കുന്ന പ്രസൂതികാശാസ്ത്രം ആയുർവേദത്തിൽ ഉണ്ട്. ഹോമിയോപ്പതിയിൽ ഔഷധ ഗുണ വിജ്ഞാനിയം എന്ന മരുന്നുകളെ പ്രതിപാദിക്കുന്ന മെറ്റീരിയ മെഡിക്ക എന്ന ഗ്രന്ഥത്തിൽ മരുന്നുകളെ തന്നെ സ്ത്രീ മരുന്നുകൾ എന്നു തരംതിരിച്ചിരിക്കുന്നു. ചില മരുന്നുകൾ സ്ത്രീകൾക്കു വേണ്ടി മാത്രമുള്ളവയാണ് അല്ലെങ്കിൽ പുരുഷന്മാരിൽ വളരെ അപൂർവമായേ ഉപയോഗിക്കേണ്ടി വരാറുള്ളൂ എന്നാണ് മെറ്റീരിയ മെഡിക്കയിൽ പറയുന്നത്. പ്രായോഗിക തലത്തിലും അത് ഏറെ ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. പൾസാറ്റില്ല, സെപിയ തുടങ്ങിയ മരുന്നുകൾ വിവിധങ്ങളായ സ്ത്രീ രോഗങ്ങളിൽ ഏറെ ഫലപ്രദമായി ഉപയോഗിച്ച് വരുന്നു. അമ്പതിലധികം സ്ത്രീ പ്രാമുഖ്യം ഉള്ള മരുന്നുകൾ ദൈനംദിന ചികിത്സയിൽ ഹോമിയോപ്പതിയിൽ വിവിധ രോഗങ്ങൾക്ക് ഉപയോഗിച്ചു വരുന്നു.

സംസ്ഥാന സർക്കാർ ഹോമിയോപ്പതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജനനി എന്ന വന്ധ്യതാചികിത്സാപദ്ധതിയിലൂടെ അഞ്ഞൂറിലേറെ ദമ്പതികൾക്കു കുട്ടികൾ ഉണ്ടായിക്കഴിഞ്ഞു. വന്ധ്യത എന്നത് പുരുഷന്മാരേക്കാൾ അധികം സ്ത്രീകളെ ബാധിക്കുന്ന പ്രശ്‌നം ആണ്. പലപ്പോഴും വന്ധ്യതയ്ക്കു കാരണം പുരുഷന്മാരിലെ പ്രശ്‌നങ്ങൾ ആണെങ്കിലും എപ്പോഴും കുറ്റപ്പെടുത്തലുകൾക്ക് വിധേയമാകുന്നത് സ്ത്രീകളാണ്.

subscribe

BA’GAL HOLIDAYS a biblical discovery of the holyland
– റെജി സി. വർക്കി / പി. ടി. ബിനു

Categories:

ബാഗൽ ഹോളിഡേയ്‌സ് പ്രവർത്തനത്തിന്റെ 20 വർഷം പിന്നിടുന്നു. തീർത്ഥാടകരുടെ വിശ്വാസമാർജിച്ച ബാഗൽ വർഷത്തിൽ മൂന്നു പ്രാവശ്യം ജറുസലേം പുണ്യയാത്ര സംഘടിപ്പിക്കുന്നു. പ്രവർത്തനത്തിന്റെ 20 വർഷം പിന്നിടുന്ന വേളയിൽ ബാഗലിന്റെ മാനേജിങ് ഡയറക്ടർ റെജി സി. വർക്കി പ്രവർത്തന മേഖലയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

 • ബാഗൽ ആരംഭവും പ്രവർത്തനവും

1999 നവംബർ 11 ആണ് ബാഗൽ പ്രവർത്തനം ആരംഭിക്കുന്നത്. കരിമുഗൾ ആണ് ഓഫിസ്. എന്റെ ആത്മീയ ആചാര്യനായ എബ്രഹാം കോറെപ്പിസ്‌കോപ്പ അച്ചന്റെ അനുഗ്രഹാശംസകളടെ, പി.പി. ജോസഫ് നടാപ്പുഴ കത്തനാരുടെ പ്രചോദനവും ഉൾക്കൊണ്ടാണ് ബാഗൽ ഹോളിഡേയ്‌സ് പ്രവർത്തനം ആരംഭിക്കുന്നത്. സ്ഥാപനത്തിന് ബാഗൽ എന്നു പേരിടുന്നതും അദ്ദേഹമാണ്. എന്റെ ഭാര്യാകുടുംബത്തിന്റെ അയൽവാസിയും ആത്മീയ ആചാര്യനുമായിരുന്നു നടാപ്പുഴ കത്തനാർ.
പ്രവർത്തനത്തിന്റെ 20 വർഷം പിന്നിടുന്ന വേളയിൽ ബാഗലിന്റെ ഓഫിസിൽ ആത്മീയ ആചാര്യന്മാരുടെ പ്രത്യേക ഒത്തുചേരലും പ്രാർത്ഥനയും നടന്നു. 99-ൽ കരിമുകളിൽ ചെറിയ മുതൽ മുടക്കിലാണ് ബാഗലിന്റെ ആരംഭം. മുന്നൂറു രൂപ വാടകയ്ക്കാണ് കരിമുഗൾ സിറ്റിയിൽ മുറി എടുക്കുന്നത്. ഏഴായിരം രൂപ മാത്രമായിരുന്നു എന്റെ മുതൽ മുടക്ക്. ട്രാവൽ ആൻഡ് ടൂറിസം കോഴ്‌സ് പഠിച്ചിട്ടുള്ളതും ഗുരുക്കന്മാരും ആത്മീയ ആചാര്യന്മാരും നൽകിയ പ്രചോദനവുമാണ് ബാഗൽ.
ഹോളിലാൻഡ് ട്രാവൽ ഏജൻസിയായ റോയൽ ഒമാനിയയിലെ അച്ചന്റെ സഹോദരിയുടെ മകൻ ജിയോ പോൾ എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ജിയോയുടെ സഹകരണങ്ങളും സഹായവും എനിക്കുണ്ടായിട്ടുണ്ട്. സബ് ഏജന്റ് ആയിട്ടായിരുന്നു തുടക്കം. എല്ലാ പ്രസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നതു പോലെ എനിക്കും നിരവധി ബാലാരിഷ്ടതകൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം ഒന്നൊന്നായി അതിജീവിച്ചു.

 • ആത്മീയ പിൻബലം

ആത്മീയ ആചാര്യന്മാരുടെ പ്രചോദനവും പിൻബലവും എനിക്ക് എന്നുമുണ്ട്. കുട്ടിക്കാലം തൊട്ടേ, പള്ളിയുമായും ഇടവകയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞാൻ സജീവമായി പ്രവർത്തിച്ചിരുന്നു. ദേവാലയത്തിൽ ശുശ്രുഷ കാര്യങ്ങളിൽ വൈദികരോടൊപ്പം പ്രവർത്തിച്ചിരുന്നു അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ. ഇക്കാര്യങ്ങളിൽ എന്റെ ഗുരുനാഥൻ പണത്തുള്ളിൽ കോറെപ്പിസ്‌കോപ്പ അച്ചനാണ്. വൈദികർ അഭ്യസിക്കുന്ന എല്ലാ സുശ്രുഷകളും പണത്തുള്ളിൽ അച്ചൻ എന്നെ പഠിപ്പിച്ചിട്ടുണ്ട്. മൂറോൻ കൂദാശ വരെ അർപ്പിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. വൈദികനാകാൻ കഴിഞ്ഞില്ല എന്നു മാത്രം. ജറുസലേം പുണ്യയാത്രകളിൽ സംഘത്തിലുള്ള തീർത്ഥാടകർക്കു വേണ്ടി ഇക്കാര്യങ്ങളെല്ലാം പ്രയോജനപ്പെടുത്താറുണ്ട്.

 • ടൂർസ് ആൻഡ് ട്രാവൽസ്

2000-ൽ ബാഗൽ ഒരു ടാറ്റ ഇൻഡിക്ക കാർ വാങ്ങി. അധികം വൈകാതെ തന്നെ ടവേര വാങ്ങി. പിന്നെ, ക്വാളിസ് വാങ്ങി. ബിസിനസ് കുഴപ്പമില്ലാതെ മുന്നോട്ടു നീങ്ങി. പിന്നീട് ഇരുപതോളം വാഹനങ്ങൾ ടൂർ ഓപ്പറേഷനുമായി ബന്ധപ്പെട്ടു വാങ്ങി. ആ സമയങ്ങളിൽ ബാഗൽ കമ്യൂണിക്കേഷൻ എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. വാഹനങ്ങളെല്ലാം ആയപ്പോൾ ബാഗൽ ടൂർസ് ആൻഡ് ട്രാവൽസ് എന്ന് പരിഷ്‌കരിച്ചു. പിന്നീട് ബാഗൽ ഹോളിഡേയ്‌സ് എന്നാക്കി.

subscribe

ഹിമാലയത്തിലെ വിസ്മയക്കാഴ്ചകളും ഹോളിയാഘോഷവും
– അരുൺ ടോം

Categories:

ഉറക്കമുണർന്നയുടൻ പുറത്തിറങ്ങി നോക്കാനാണ് തോന്നിയത്. രാത്രിയിൽ എത്തിയതിനാൽ പുറത്തെ അവസ്ഥ എന്താണെന്ന് അറിയാൻ കഴിഞ്ഞിരുന്നില്ല. പൂർണമായി തടിയിൽ തീർത്ത ഒരു കെട്ടിടം ആയിരുന്നതിനാൽ അകത്ത് തണുപ്പുണ്ടായിരുന്നെങ്കിലും താങ്ങാൻ പറ്റുന്നതായിരുന്നു. വാതിൽ തുറന്ന് പുറത്തിറങ്ങിയ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ചുറ്റും മഞ്ഞുമൂടിക്കിടക്കുന്ന മലനിരകൾ. വേറൊരു ലോകത്ത് വന്നെത്തിപ്പെട്ടതുപോലെ. കണ്ണെടുക്കാനേ കഴിഞ്ഞില്ല. അങ്ങനെ തന്നെ നിന്നു അവിടെ കുറെയേറെ നേരം. ഭൂമിയിലെ സ്വർഗം എന്നു വിശേഷിപ്പിക്കുന്നതാവും നല്ലത്. സമുദ്രനിരപ്പിൽനിന്ന് 6150 അടി ഉയരത്തിലാണ് ഇപ്പോൾ നിൽക്കുന്നത്. ഇവിടെ ഇങ്ങനെയാണെങ്കിൽ ഇനിയും മുകളിലേക്കു ചെല്ലുന്തോറും കാണാൻ പോകുന്ന കാഴ്ചകൾ എന്താവും എന്നോർത്ത് അത്ഭുതപ്പെട്ടു നിന്നു.

നിറങ്ങളുടെ ഉത്സവം
…………………………

രാവിലെ ജോൺസൺ അച്ചൻ തന്നെ ഞങ്ങളുടെ മുഖത്ത് നിറങ്ങൾ തേച്ചു ഹോളി ആഘോഷത്തിനു തുടക്കമിട്ടു. അച്ചന്റെ ആവേശം ഞങ്ങളും ഏറ്റെടുത്തു. പരസ്പരം മുഖത്ത് ചായം പൂശി ഞങ്ങളും ആഘോഷം തുടങ്ങി. ഗ്രാമഭംഗി ആസ്വദിക്കാനും സ്ഥലങ്ങൾ കാണിച്ചു തരാനും അച്ചനും ഞങ്ങൾക്കൊപ്പം കൂടി. മലയിടുക്കുകളിൽ തീപ്പെട്ടിക്കൂടുകൾ അടുക്കിവച്ചിരിക്കുന്നതു പോലെ നിരനിരയായി ചെറിയ വീടുകൾ. പരന്ന ആകൃതിയിലുള്ള കല്ലുകൾ അടുക്കിയാണ് മിക്ക പഴയ വീടുകളുടെയും മേൽക്കൂരകൾ നിർമിച്ചിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാനുള്ള മാർഗമാണ് ഇത്. ഒരു വീട്ടിൽ തന്നെ രണ്ടും മൂന്നും കുടുംബങ്ങൾ വരെ താമസിക്കുന്നുണ്ട്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർവരെ നിറങ്ങളുടെ ഉത്സവം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. കുട്ടികൾ വർണപ്പൊടികൾ വാരിയെറിയുകയും നിറങ്ങൾ വെള്ളത്തിൽ കലക്കി പരസ്പരം എറിഞ്ഞ് കളിക്കുമ്പോൾ കുടുംബത്തിലെ മുതിർന്ന ആണുങ്ങൾ എല്ലാം മദ്യലഹരിയിലാണ്. സ്ത്രീകളാകട്ടെ ഒരുമിച്ച് കൂടി പാട്ടും ഡാൻസുമായി ഇരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും വരെ ആഘോഷം തകൃതിയായി നടക്കുന്നു. ഞങ്ങളങ്ങനെ കാഴ്ചകൾ കണ്ട് അച്ചനോടൊത്തു പൊതുനിരത്തിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു നിറമഴപെയ്തു. അച്ചൻ ഓടിക്കോയെന്ന് വിളിച്ചു പറഞ്ഞതും ഞങ്ങൾ ചിതറിയോടി. പിന്നെയാണ് മനസിലാകുന്നത് കുട്ടികൾ വീടിന്റെ മുകളിൽ ഒളിച്ചിരുന്ന് താഴെക്കൂടെ പോകുന്നവരുടെ മേൽ നിറം കലക്കിയ വെള്ളം ഒഴിക്കുന്നതാണെന്ന്. പലപ്പോഴും ഓടിമാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എല്ലാവരും നിറങ്ങളിൽ കുളിച്ചു.

ഹോളികയും ഗുജിയയും
………………..

ഹോളിയുടെ അന്നേദിവസം ഗുജിയ എന്ന പേരിൽ ഒരു പലഹാരം എല്ലാ വീടുകളിലും ഉണ്ടാക്കും ഹോളി സ്‌പെഷ്യൽ വിഭവമാണ്. നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്ന മടക്കപ്പം പോലെയിരിക്കും. ഇതിനുള്ളിൽ തേങ്ങയും മലരും പഞ്ചസാരയുമൊക്കെ മിക്‌സ് ചെയ്ത് നിറച്ച ഒരു വിഭവം. ഞങ്ങൾ സന്ദർശിച്ച വീടുകളിൽ നിന്നെല്ലാം ഗുജിയ കഴിച്ചു. അച്ചനോടൊപ്പം അവിടെയുള്ള വീടുകളും സ്‌കൂളും കോൺവെന്റും ഞങ്ങൾ സന്ദർശിച്ചതിനു ശേഷം ഉച്ചയോടു കൂടി തിരിച്ചു വീട്ടിലെത്തി. ഉച്ചകഴിയുന്നതോടു കൂടി ഹോളിയാഘോഷത്തിന്റെ പരിസമാപ്തി എന്ന രീതിയിൽ എല്ലാവരും കുളിച്ചു നിറങ്ങളൊക്കെ കഴുകിക്കളയും. അതോടുകൂടി ഹോളിയാഘോഷം അവസാനിച്ചു.
മൂന്ന് ലോകങ്ങൾ കീഴടക്കിയ ഹിരണ്യകശ്യപു മൂന്ന് ലോകത്തുള്ളവരും തന്നെ ആരാധിക്കണമെന്ന് ഉത്തരവിട്ടു. എന്നാൽ അഞ്ചരവയസുകാരൻ മകൻ പ്രഹ്ലാദൻ അച്ഛനെ അരാധിച്ചില്ല. ഇതിൽ കലിപൂണ്ട ഹിരണ്യകശ്യപു മകനെ കൊല്ലാൻ ഉത്തരവിടുകയും വിഷ്ണുഭക്തനായ പ്രഹ്ലാദനെ ആർക്കും കൊല്ലാൻ സാധിക്കാതെ വരുകയും ഒടുവിൽ ഹിരണ്യകശ്യപു സഹോദരി ഹോളികയുടെ സഹായം തേടുകയും ചെയ്തു. ഹോളിക അഗ്‌നിക്കിരയാകില്ല എന്ന വരം ഉപയോഗിച്ച് പ്രഹ്ലാദനുമായി തീയിൽ ചാടുകയും തെട്ടടുത്ത നിമിഷം ഹോളിക കത്തിയെരിയുകയും പ്രഹ്ലാദൻ രക്ഷപ്പെട്ടുവെന്നുമാണ് ഐതിഹ്യം. ഹോളിക കത്തിയെരിഞ്ഞതിന്റെ പ്രതീകമായിട്ടാണ് ഹോളിയുടെ തലേന്ന് രാത്രി വിറകുകൾക്കൂട്ടി തീ കത്തിക്കുകയും പിറ്റേന്ന് നിറങ്ങൾ വാരിയെറിഞ്ഞ് സന്തോഷം പങ്കുവയ്ക്കുകയും ചെയ്യുന്നത്.

subscribe

നഴ്‌സിങ് – ഇംഗ്ലീഷ് രാജ്യങ്ങളിലെ അവസരങ്ങൾ
– ഡോ. ഹരീഷ് നായർ, ലണ്ടൻ

Categories:

ഇന്ത്യയിൽ നഴ്‌സിങ് പഠനം പൂർത്തിയാക്കി ഇന്ത്യൻ നഴ്‌സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നഴ്‌സുമാർക്ക് വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ചും വികസിത രാജ്യങ്ങളിൽ വലിയ അവസരങ്ങളുണ്ട്. ജനറൽ നഴ്‌സിങ്, മിഡ്‌വൈഫറി എന്നിവയിലെ അംഗീകൃത ത്രിവത്സര ഡിപ്ലോമയോ നഴ്‌സിങ്ങിൽ സർവകലാശാല ബിരുദമോ വിജയകരമായി പൂർത്തിയാക്കിയവർക്ക് രജിസ്‌ട്രേഷൻ കഴിഞ്ഞുള്ള തൊഴിൽ പരിചയം കൂടാതെ തന്നെ പല വിദേശ രാജ്യങ്ങളിലും തൊഴിൽ നേടാൻ കഴിയും. മിക്ക രാജ്യങ്ങളിലും നഴ്‌സിങ് ജോലിക്ക് സ്ത്രീ-പുരുഷ വ്യത്യാസമില്ല. ഓസ്‌ട്രേലിയ, കാനഡ, അയർലൻഡ്, ന്യൂസിലാൻഡ്, യുകെ, യുഎസ്എ എന്നീ ഇംഗ്ലീഷ് രാജ്യങ്ങളിലും ജർമനി ഉൾപ്പെടെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളിലും വിവിധ ഗൾഫ് രാജ്യങ്ങളിലും മുൻകാലങ്ങളെ അപേക്ഷിച്ച് നഴ്‌സുമാർക്ക് ഇപ്പോൾ കൂടുതൽ അവസരങ്ങളുണ്ട്. ഈ രാജ്യങ്ങളിൽ ഇന്ത്യൻ നഴ്‌സുമാർക്ക് നല്ല ഡിമാന്റുണ്ട്, അതുകൊണ്ട് നഴ്‌സുമാർക്ക് ഇതു സുവർണാവസരമാണ്.

ഇന്ത്യയിലേതുപോലെ തന്ന വികസിത രാജ്യങ്ങളിലെല്ലാം നഴ്‌സിങ് ഒരു റഗുലേറ്റഡ് പ്രൊഫഷൻ ആണ്. അതുകൊണ്ട് അതതു രാജ്യങ്ങളിലെ നഴ്‌സിങ് കൗൺസിൽ അഥവാ തത്തുല്യമായ പ്രൊഫഷണൽ ബോഡിയുടെയും തൊഴിൽ, ഇമിഗ്രേഷൻ മന്ത്രാലയങ്ങളുടെയും നിയന്ത്രണത്തിനും ചടങ്ങൾക്കും വിധേയമായിട്ടാണ് ഇന്ത്യൻ നഴ്‌സുമാർക്ക് അവിടങ്ങളിൽ തൊഴിൽ തേടാനും നേടാനും കഴിയുക.

ഇംഗ്ലീഷ് ദേശീയ ഭാഷയായുള്ള ആറ് വികസിത രാജ്യങ്ങളിലെ നഴ്‌സിങ് അവസരങ്ങളും രജിസ്‌ട്രേഷൻ മാനദണ്ഡങ്ങളുമാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഈ ആറു രാജ്യങ്ങളിലും നഴ്‌സുമാർക്ക് വലിയ അവസരങ്ങളാണ് തുറന്നുകിടക്കുന്നത്. ഈ രാജ്യങ്ങൾ ഇന്ത്യൻ നഴ്‌സുമാരെ പ്രത്യേകിച്ച് മലയാളി നഴ്‌സുമാരെ ഹർദ്ദമായി സ്വാഗതം ചെയ്യുന്നു. അതു മാത്രമല്ല, കുടുംബത്തോടെ എത്താനും അവിടങ്ങളിൽ സെറ്റിൽ ചെയ്യാനുള്ള അവസരങ്ങളും ലഭിക്കുകയും ചെയ്യുന്നു. ഈ രാജ്യങ്ങളിലെ പ്രത്യേക അവസരങ്ങളെക്കുറിച്ചും ആനുകാലിക മാറ്റങ്ങളെക്കുറിച്ചും ഞാൻ മലയാളിയുടെ വരും ലക്കങ്ങളിൽ വായിക്കാം.

subscribe