കമൽഹാസനെ ഓർക്കുമ്പോൾ അന്നും ഇന്നും എന്നും അത്ഭുതാദരങ്ങളോടെ മാത്രമേ എനിക്ക് എഴുതാനാവൂ. കാരണം ഇന്ത്യൻ സിനിമാവേദിയിൽ തന്റെ ജീവിതം കൊണ്ടും പ്രതിഭ കൊണ്ടും ഇത്രയേറെ അത്ഭുതങ്ങൾ സൃഷ്ടിച്ച മറ്റൊരു കലാകാരനുണ്ടാവില്ല. കമലുമൊത്തു നിരവധി ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരമുണ്ടായിട്ടുണ്ട്. ഒരു നടിയെന്ന നിലയിൽ അതൊരു ഭാഗ്യമായി തന്നെ ഞാൻ കാണുന്നുണ്ട്. ബേബി സംവിധാനം ചെയ്ത ‘കാത്തിരുന്ന നിമിഷം’ എന്ന സിനിമയിലെ ചില രംഗങ്ങൾ ഓർമവരുന്നു. സോമനും, സുകുമാരനും, ജയനും, ജയഭാരതിയും മല്ലികയുമെല്ലാം ആ ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ടായിരുന്നു. ഒരു സ്ത്രീയുടെ പ്രതികാരകഥയായിരുന്നെങ്കിലും ആ ചിത്രത്തിൽ കമലിന്റെയും ജയന്റെയും കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. എന്റെ കാമുകനായി കമലും ജ്യേഷ്ഠനായി ജയനുമായിരുന്നു അഭിനയിച്ചത്. രണ്ടുപേരും തമ്മിലുള്ള സംഘട്ടനരംഗങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ല. ആ സംഘട്ടനം സിനിമയുടെ ഹൈലൈറ്റുമായിരുന്നു. സെറ്റിൽ ഞങ്ങളതിനെക്കുറിച്ചു പലപ്പോഴും ചർച്ച ചെയ്തിരുന്നു.

മറ്റൊരു കാര്യം അതേ ചിത്രത്തിലെ ഒരു ഗാനരംഗമാണ്. ‘ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പളി ചുംബനം കൊള്ളാനൊരുങ്ങി…..’ ഈ രംഗത്ത് ഞാനും കമൽഹാസനുമായിരുന്നു അഭിനയിച്ചത്. മലയാളത്തിലെ മികച്ച ഗാനങ്ങളിലൊന്ന് കമലിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ചലച്ചിത്രജീവിതത്തിലെ വലിയൊരു നേട്ടമായി ഞാൻ കാണുന്നു. ഇന്നും ഗാനമേളകളിൽ ഈ ഗാനത്തിന് വലിയൊരു സ്‌പേസുണ്ട്. ഒരർത്ഥത്തിൽ ഇന്നും ആഘോഷിക്കപ്പെടുന്ന ഗാനമാണത്. ഇങ്ങനെ ആരാധകർ ഉത്സവമാക്കിയ നിരവധി കമൽഗീതങ്ങൾ മലയാളത്തിലുമുണ്ട്.

‘സത്യവാൻ സാവിത്രി’യിലെ ‘നീലാംബുജങ്ങൾ മിഴിതുറന്നു’, ‘ആഷാഢം….. മയങ്ങി’, ‘മദനോത്സവ’ത്തിലെ ‘മാടപ്രാവേ വാ’ തുടങ്ങിയ കമലിന്റെ ഗാനങ്ങൾ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. ഗാനരംഗങ്ങളിൽ അഭിനയിക്കുമ്പോൾ കമലിന്റെ ഭാവങ്ങൾക്ക് ഒരു പ്രത്യേകത തന്നെയുണ്ട്. മലയാളിയുടെ കാമുകസങ്കൽപ്പങ്ങളുടെ ഒരു മൂർത്തഭാവം തന്നെയായിരുന്നു ഒരു കാലത്ത് കമൽ. ക്യാംപസുകളെ ഇളക്കിമറിച്ച ഗാനങ്ങളായിരുന്നു പലതും. മലയാളത്തിൽ നസീർ സാറും മധുസാറും പിന്നെ സോമനും സുകുമാരനും ജയനും രാഘവനും സുധീറും വിൻസന്റും രവികുമാറും മോഹനുമൊക്കെ നിറഞ്ഞുനിന്ന കാലത്ത് തന്നെയാണ് മലയാളികൾ കമലഹാസനെ ഇഷ്ടപ്പെട്ടതും കൊണ്ടാടിയതും. അമ്പതിലധികം ചിത്രങ്ങൾ കമൽ മലയാളത്തിൽ ചെയ്തിട്ടുണ്ടാവില്ല എന്നാണ് തോന്നുന്നത്. എങ്കിലും ഏറെ ചിത്രങ്ങളും വലിയ വിജയങ്ങളായിരുന്നു. കമലിനെ ഒരു അതിഥിയായിട്ടല്ല മലയാളികൾ കണ്ടത്. മലയാളത്തിലെ നമ്പർ വൺ താരങ്ങളിലൊരാളായിട്ടാണ് അദ്ദേഹം സ്വീകരിക്കപ്പെട്ടത്. എൺപതുകൾക്കു ശേഷം എണ്ണപ്പെട്ട മലയാളചിത്രങ്ങളിലെ കമൽ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആ ചിത്രങ്ങളും പലതലമുറകൾ ആഘോഷിക്കുകയായിരുന്നു.

സിനിമ വിട്ടു മറ്റൊരു ജീവിതമില്ലെന്നു ശരിക്കും മനസിലാകണമെങ്കിൽ കമലിന്റെ ജീവിതം തന്നെ കാണണം. ഏതൊക്കെ വഴികളിലൂടെ കടന്നുപോയാലും കമൽ സിനിമയിൽ തന്നെയുണ്ടാവും. സിനിമയ്ക്കുവേണ്ടി പുതിയ പുതിയ സ്വപ്നങ്ങൾ നെയ്ത് അതിനെക്കുറിച്ച് വളരെ ആഴത്തിൽ പഠിച്ച് ഒരു അഭ്രവിസ്മയം സൃഷ്ടിക്കുകയെന്നത് കമലിന്റെ രീതിയാണ്. അതിനുവേണ്ടി എന്തു കഷ്ടപ്പാടുകൾ സഹിക്കാനും അദ്ദേഹം തയാറാണ്. അങ്ങനെ കമലുണ്ടാക്കിയ ചിത്രങ്ങളെല്ലാം ഇന്ത്യൻ സിനിമയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചവയാണ്. ഇനിയും എത്രയോ സിനിമാമാജിക്കുകൾ കമലിൽ നിന്നും ഉണ്ടാകാനിരിക്കുന്നതേയുള്ളൂ. അത്തരം പരീക്ഷണങ്ങളെല്ലാം സിനിമാ മേഖലയ്ക്ക് അദ്ദേഹത്തിൽ നിന്നുണ്ടാകുന്ന അമൂല്യമായ സംഭാവനകളായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല.

subscribe