പൂർത്തീകരിക്കാനാകാതെ പോയ ഒരാഗ്രഹത്തിന്റെ കനലിനാൽ നീറുന്ന ഹൃദയവുമായാണ് ഈ കുറിപ്പ് ഞാനെഴുതുന്നത്. അപ്രതീക്ഷിത വേർപാടിന്റെ വേദനയിൽ വിറകൊള്ളുന്ന മനസുമായാണ് കെ. രാഘവൻ മാഷെക്കുറിച്ചുള്ള ഓർമകളിലേക്ക് ഞാൻ ഇറങ്ങിച്ചെല്ലുന്നത്. രാഘവൻ മാഷ് എന്ന സംഗീതവിസ്മയത്തെക്കുറിച്ച് എഴുതണമെന്ന് ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണ്. മാഷ് നൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയാണ് ആ സംഗീത സപര്യയെ ഓർക്കാനുചിതം എന്നു കരുതി എഴുത്ത് നീട്ടിവച്ചു. ഇന്ന് നിറകണ്ണുകളോടെ പേന ചലിപ്പിക്കുമ്പോൾ, ആ മഹാപ്രതിഭയുടെ വിയോഗവേദനയ്‌ക്കൊപ്പം ജീവിച്ചിരുന്ന നാളുകളിൽ അദ്ദേഹത്തെ അനുസ്മരിക്കാൻ കഴിയാതെ പോയതിന്റെ നൊമ്പരം കൂടി എന്റെയുള്ളിൽ പടരുന്നുണ്ട്.

മാഷെക്കുറിച്ചുള്ള ഓർമകൾ ആ സാന്നിധ്യത്തെ രണ്ട് രൂപത്തിലാണ് എന്നിൽ അനുഭവപ്പെടുത്താറുള്ളത്. വ്യക്തിപരമായ സ്‌നേഹത്തിന്റെ രൂപത്തിൽ, ചിലപ്പോൾ ആ സംഗീതം അനുഭവവേദ്യമാക്കിയ ഗാനങ്ങളുടെ രൂപത്തിൽ. എനിക്ക് മാഷ് വലിയൊരു സ്വപ്‌നമാണ്. ഞാൻ അധികം സ്വപ്‌നം കാണുന്ന ആളല്ല. എന്നെ പക്ഷേ, ഒരുപാട് പേർ സ്വപ്‌നം കണ്ടതായി പറയാറുണ്ട്. രാഘവൻ മാഷും ഒരിക്കൽ എന്നെ സ്വപ്‌നം കണ്ടുവത്രെ. ഞാൻ കഥകളി വേഷമിട്ടു നിൽക്കുന്ന സ്വപ്‌നം. കുറേക്കാലം കഴിഞ്ഞ്, വാനപ്രസ്ഥത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മാഷ് എന്നെ കാണാൻ വന്നു. അവിടെ ഞാൻ കഥകളിവേഷത്തിലായിരുന്നു. കുതിരമാളികയിലെ ലൊക്കേഷനിൽ വച്ചുണ്ടായ ആ സമാഗമത്തിൽ ഞങ്ങൾക്ക് ഒന്നും സംസാരിക്കാനായില്ല. പച്ചവേഷത്തിന്റെ നിറവിൽ നിന്നുകൊണ്ട് ഞാൻ മാഷെ നമസ്‌കരിച്ചു. തിരിച്ച് മാഷും. ‘നന്നായി വരും’ എന്ന അനുഗ്രഹം നല്കിയാണ് മാഷ് കുതിരമാളികയുടെ പടിയിറങ്ങിയത്. പിന്നീട് എനിക്കദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. ഇടയ്‌ക്കെപ്പോഴോ മാഷിന്റെ പിറന്നാൾ ദിനത്തിൽ ഫോണിലൂടെ ഞാൻ ആശംസ അറിയിച്ചിരുന്നു.
പരിചയപ്പെട്ട നാൾമുതൽ നിർവചിക്കാനാവാത്ത എന്തോ ഒരാത്മബന്ധം എനിക്ക് മാഷോടുളളതായി തോന്നിയിട്ടുണ്ട്. സംഗീതം പകർന്ന ഗാനങ്ങളെപ്പോലെ മധുരം നിറയുന്ന ജീവിതം. നിഷ്‌കളങ്കത നിറയുന്ന പുഞ്ചിരി. മാഷുമായി ഹൃദയബന്ധം സ്ഥാപിക്കാൻ ആർക്കും അധിക നേരം വേണ്ട. എന്നാൽ ഏറെ പരുക്കൻ പ്രതലങ്ങളിലൂടെ കടന്നുപോയ ഒരു ജീവിതം കൂടിയാണ് മാഷിന്റേതെന്നോർക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ സംഗീതം ഒരു നേർത്ത വേദന എന്റെ സിരകളിൽ പടർത്താറുണ്ട്.

മണ്ണിന്റെ മണവും മലയാളിത്തവുമുള്ള ഒരുപിടി ഗാനങ്ങളിലൂടെ, മലയാള സിനിമയിലെ ഗാനാലാപന ശൈലിയെ മാറ്റിത്തീർത്ത ‘നീലക്കുയിലി’ലൂടെയാണ് ആ സംഗീതം കേരളക്കരയെ ഇളക്കിമറിച്ചു തുടങ്ങിയത്. മലയാള സിനിമയുടെ യശസ് ദേശീയതലത്തോളം ഉയർത്തിയ ‘നീലക്കുയി’ലിന്റെ 60-ാം വാർഷികത്തിലും ആ ഗാനങ്ങൾ സംഗീതപ്രേമികളിൽ ഹരം നിറയ്ക്കുന്നു. പങ്കെടുക്കുന്ന സ്റ്റേജ് ഷോകളെല്ലാം അക്കാര്യം എന്നെ ബോധ്യപ്പെടുത്തുന്നു. മാഷ് പാടിയ ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ’ എന്ന ഗാനത്തിന് തലമുറകൾ താളം പിടിക്കുന്നത് കാണുമ്പോൾ മലയാളത്തനിമയുടെ നാടൻശീലുകൾ നമ്മുടെ ഹൃദയതാളങ്ങളിൽ എത്രമാത്രം ഇണക്കിച്ചേർക്കാൻ മാഷിന് കഴിഞ്ഞു എന്നോർത്ത് ഞാൻ അദ്ഭുതപ്പെടാറുണ്ട്. പറഞ്ഞുകേട്ട ഒരനുഭവമാണ്, സംഗീതക്കച്ചേരികൾ കഴിഞ്ഞ് മാഷ് ഇറങ്ങുമ്പോൾ സംഘാടകർ ‘കായലരികത്ത്’ കൂടി പാടിയിട്ട് പോയാൽ മതിയെന്ന് നിർബന്ധിക്കുമായിരുന്നുവത്രെ! അത്രമാത്രം മാഷിന്റെ ശബ്ദവും ആ പാട്ടും നമ്മൾ നെഞ്ചേറ്റി എന്നതാണ് സത്യം.

ലാളിത്യമാണ് മാഷിന്റെ പാട്ടിന്റെ മുഖമുദ്ര. അവ നിങ്ങൾക്കും എനിക്കും ഏതൊരാൾക്കും എപ്പോഴും പാടാവുന്നതാണ്. നൂറാം വയസിന്റെ പടിവാതിലിൽ എത്തിയ മാഷെ ഓർമിച്ചുകൊണ്ട്, മാഷുടെ വിയോഗത്തിന് രണ്ടാഴ്ചയ്ക്ക് മുമ്പ് മസ്‌കറ്റിലെ ഒരു സ്റ്റേജ് ഷോയിൽ വെച്ച് ‘മഞ്ജുഭാഷിണി’ എന്ന ഗാനം ഞാൻ പാടിയപ്പോൾ കിട്ടിയ കൈയടികൾ രാഘവൻ മാഷിന്റെ ഈണങ്ങളുടെ അനശ്വരതയെയാണ് എന്നെ ബോധ്യപ്പെടുത്തിയത്. മരണമില്ലാതെ നൂറ്റാണ്ടുകളോളം ജീവിക്കുന്ന പാട്ടുകൾ. പാട്ടുകളിലെ ആ ലാളിത്യം ജീവിതത്തിലും പുലർത്തിയിരുന്നു എന്നതാണ് മാഷെ വ്യത്യസ്തനാക്കുന്നത്.

subscribe