ഫഹദ് ഫാസിലും സായി പല്ലവിയും മത്സരിച്ച് അഭിനയിച്ച അതിരൻ വ്യത്യസ്ത ജോണറിലുള്ള ചിത്രമാണ്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിവേകിന്റെ ആദ്യ ചിത്രം. കന്നി ചിത്രത്തിലൂടെ തന്നെ സംവിധായകൻ എന്ന നിലയിൽ കൈയൊപ്പു പതിപ്പിക്കാൻ വിവേകിനായി. പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് വിവേക് ഇപ്പോൾ. പുതിയ പ്രോജക്ടുകളെയും സ്വപ്‌ന സിനിമകളെയും കുറിച്ച് വിവേക് സംസാരിക്കുന്നു.

  • ക്രെഡിറ്റ് ഫഹദിന്

അതിരൻ യാഥാർത്ഥ്യമായതിന്റെ ഫുൾ ക്രെഡിറ്റും ഫഹദിനാണ്. ഞാൻ ചെയ്ത പരസ്യങ്ങളും സിനിമയോടുള്ള എന്റെ പാഷനും മനസിലാക്കി ഫഹദ് എന്നെ സിനിമയിലേക്കു കൈപിടിച്ചുകയറ്റി. നല്ലൊരു കെമിസ്ട്രി ഞങ്ങൾ തമ്മിലുണ്ടായിരുന്നു. ആണെങ്കിലും അല്ലെങ്കിലും എന്ന പേരിൽ ഒരു കോമഡി പ്രോജക്ടാണ് ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ, ആ പ്രോജക്ട് ഉപേക്ഷിച്ചത് ഞങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് എന്നാണ് പലരും കരുതുന്നത്. എന്നാൽ, ഞങ്ങളുടെ പരസ്പര വിശ്വാസമാണ് അതിരൻ എന്ന ചിത്രം യാഥാർത്ഥ്യമാക്കിയത്.
പലരും അതിരന്റെ നിർമാണച്ചുമതല ഏറ്റെടുക്കാൻ മുന്നോട്ടുവന്നെങ്കിലും ഫഹദിന്റെ നിർദ്ദേശപ്രകാരമാണ് ചിത്രം സെഞ്ച്വറി ഏറ്റെടുക്കുന്നത്. അദ്ദേഹം ഞങ്ങൾക്കു നൽകിയ സപ്പോർട്ട് എത്ര പറഞ്ഞാലും മതിയാവില്ല. അതിനാൽ, ഫഹദിനായി നല്ലൊരു ചിത്രം ഒരുക്കുക ഞങ്ങളുടെ ഉത്തരവാദിത്തമായി മാറി. ഫഹദിന്റെ വരത്തൻ, ഞാൻ പ്രകാശൻ, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം അതിരനും വൻ വിജയമായതിൽ വലിയ സന്തോഷമുണ്ട്.
ഫഹദ് ഫാസിൽ എന്ന നടനെ മനസിൽ കണ്ടെഴുതിയ കഥയും തിരക്കഥയുമാണ് അതിരന്റേത്. വരത്തൻ റിലീസ് ആകുന്നതിനു മുമ്പാണ് ഫഹദിനോട് കഥ പറഞ്ഞത്. ഷൂട്ടിങ് തുടങ്ങിയത് കുമ്പളങ്ങി നൈറ്റ്‌സിനു ശേഷവും. എന്നാൽ, ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമാണ് അതിരനിലെ സൈക്യാട്രിസ്റ്റ്.

  • സായി പല്ലവി

അന്യഭാഷാചിത്രങ്ങളിൽ തിരക്കുള്ള താരമാണ് സായി പല്ലവി. പ്രേമവും കലിയുമാണ് സായി പല്ലവിയുടെ മലയാള ചിത്രങ്ങൾ. സായി പല്ലവി ഇടവേളയ്ക്കു ശേഷം മലയാളത്തിൽ തിരിച്ചെത്തിയ ചിത്രമാണ് അതിരൻ. പൂർണമായും തിരക്കഥയാകും മുമ്പാണ് സായി പല്ലവിയെ കാണുന്നത്. കഥ പറഞ്ഞു, ഇഷ്ടമായി. അങ്ങനെയാണ് ഫഹദിന്റെ നായികയായി സായി പല്ലവി വന്നത്. നിത്യ എന്ന നാട്ടിൻപുറത്തുകാരിയായി സായി പല്ലവി അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
36 ദിവസം ഫഹദും 28 ദിവസം സായി പല്ലവിയും ചിത്രത്തിൽ അഭിനയിച്ചു. 55 ദിവസം കൊണ്ട് ചിത്രീകണവും പൂർത്തിയായി. ഫഹദ്-സായി കൂട്ടുകെട്ടിൽ നിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് നൽകാനാണ് ഞങ്ങൾ ശ്രമിച്ചത്. നല്ല കഥ, മികച്ച കഥാപാത്രങ്ങൾ, പിന്നെ പ്രേക്ഷകനെ എന്റർടെയിൻ ചെയ്യിപ്പിക്കുന്ന ഘടകങ്ങൾ. ഇവ പൂർണമായും നിലനിർത്തിയാണ് ചിത്രം ഒരുക്കിയത്. ഷൂട്ടിങ് പൂർത്തിയായപ്പോൾ തന്നെ നല്ലൊരു ചിത്രം ചെയ്തതിന്റെ സന്തോഷമുണ്ടായിരുന്നു. നല്ല കഥാപാത്രങ്ങൾ കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ഫഹദും സായിയും.
ചിത്രത്തിലെ ഹൈലൈറ്റായി പട്ടികളുമായി ഫഹദ് ഫാസിലിന്റെ സംഘട്ടനം ആക്ഷൻ ഡയറക്ടർ രാജശേഖറും റിങ് മാസ്റ്റർ രാജീവും ചേർന്നാണ് ഒരുക്കിയത്. സായി പല്ലവി ആക്ഷൻ സീക്വൻസ് ചെയ്ത ചിത്രം എന്ന പ്രത്യേകതയും അതിരനുണ്ട്. ഇതിനായി രൺജി പണിക്കറും സായി പല്ലവിയും കളരി പഠിച്ചു.
ഫഹദിനൊപ്പം സിനിമ ചെയ്യാനായി സീനിയർ സംവിധായകർ പോലും സമീപിച്ചിട്ടുണ്ടെന്നും എന്നാൽ, അതിരന്റെ കഥയും കഥാപാത്രവുമാണ് ചിത്രത്തിന്റെ ഭാഗമാകാൻ പ്രേരിപ്പിച്ചതെന്ന് സായി പല്ലവി തന്നെ പറഞ്ഞിട്ടുണ്ട്. അതിരനുശേഷം മലയാളത്തിൽ നിന്ന് നിരവധി ഓഫറുകളാണ് സായി പല്ലവിയെയും ബാക്ക് ഗ്രൗണ്ട് സ്‌കോർ ഒരുക്കിയ ജിബ്രാനെയും തേടിയെത്തിയത്. അതിരൻ പോലെ ഒരു ചിത്രത്തിനായി ഇരുവരും കാത്തിരിക്കുകയാണ്.

  • വിജയത്തിനു പിന്നിൽ സെഞ്ച്വറി

നിരവധി വമ്പൻ ചിത്രങ്ങൾ ഒരുക്കിയ ബാനറാണ് സെഞ്ച്വറി. നാൽപ്പതു വർഷമായി തെന്നിന്ത്യൻ സിനിമയിലെ സജീവസാന്നിധ്യം. സെഞ്ച്വറിയുടെ 125-ാമത്തെ ചിത്രമാണ് അതിരൻ. മലയാളത്തിലെ മെഗാതാരങ്ങളെയും സംവിധായകരെയും അണിനിരത്തി ചിത്രങ്ങൾ ഒരുക്കാൻ കഴിയുന്ന പ്രൊഡക്ഷൻ ഹൗസാണ് സെഞ്ചറി. എന്നിട്ടും അണിയറയിൽ ഇത്രയധികം നവാഗതരെ അണിനിരത്തി ചിത്രം ഒരുക്കാൻ സെഞ്ച്വറി തയാറായി. ഞാൻ ഉൾപ്പെടെ, ക്യാമറാമാൻ അനു മൂത്തേടത്ത്, സംഗീതസംവിധായകൻ പി.എസ്. ജയഹരി എന്നിവരുടെയെല്ലാം ആദ്യ സംരംഭമാണ് അതിരൻ. കലാസംവിധായകൻ വിനോദ് രവീന്ദ്രനും മലയാളത്തിൽ തുടക്കക്കാരൻ. സെഞ്ച്വറിയുടെ അമരക്കാരായ രാജു മാത്യുവിന്റെയും കൊച്ചുമോന്റെയും ആത്മവിശ്വാസമാണ് അതിരൻ എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നിൽ.

ലൂസിഫർ, മധുരാജ 2 എന്നീ ചിത്രങ്ങൾക്കൊപ്പമാണ് അതിരനും പ്രദർശനത്തിനെത്തിയത്. ചിത്രം തിയേറ്ററുകളിൽ 100 ദിവസം പിന്നിട്ടു. അതിരന്റെ വിജയത്തിലൂടെ സെഞ്ച്വറി വീണ്ടും മലയാള സിനിമയിൽ സജീവമാകുകയും ചെയ്തു.

  • തിരക്കഥയാണ് താരം

അതിരന്റെ കരുത്ത് തിരക്കഥ തന്നെ. കഥയുടെ ഹൃദയം ഉൾക്കൊള്ളുന്ന തിരക്കഥയാണ് പി.എഫ്. മാത്യൂസ് സാറിന്റെ തൂലികയിൽ പിറന്നത്. മലയാള സിനിമ മാത്രമല്ല, ലോകസിനിമയെ പോലും സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് മാത്യൂസ് സാർ. എക്‌സലന്റ് തിരക്കഥാകൃത്താണ് അദ്ദേഹം. അദ്ദേഹം ഇതുവരെ എഴുതിയ ചിത്രങ്ങൾ പോലെയല്ല, വേറിട്ടൊരു തിരക്കഥാകൃത്തിനെ അതിരനിൽ കാണാം. നവാഗത സംവിധായകനായ എനിക്ക് അദ്ദേഹത്തിന്റെ സപ്പോർട്ട് വളരെ വലുതായിരുന്നു. എന്റെ നിർദ്ദേശങ്ങൾ പരിഗണിച്ചതിനൊപ്പം വ്യത്യസ്തമായി ചിത്രം ഒരുക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം എന്നെ സഹായിച്ചു.

subscribe