October 2019

You Are Here: Home / October 2019

ത്യാഗരാജൻ തിയറ്ററിനെ ഇളക്കിമറിച്ച പേര്
-മോഹൻലാൽ

Categories:

മഞ്ഞിൽവിരിഞ്ഞ പൂക്കൾ’ക്കു ശേഷം എന്റെ രണ്ടാം ചിത്രമായ ‘സഞ്ചാരി’യിൽ അഭിനയിക്കാനാണ് അന്ന് ആലപ്പുഴ ഉദയാ സ്റ്റുഡിയോയിൽ എത്തിയത്. മലയാള സിനിമയിലെ പല മഹാരഥന്മാരെയും നേരിൽ കാണുന്നത് അവിടെവച്ചാണ്. തിക്കുറിശ്ശി ചേട്ടൻ, പ്രേംനസീർ, ജയൻ, കെ.പി. ഉമ്മർ, ആലുംമൂടൻ, ബഹദൂർ, എസ്.പി. പിള്ള, ഗോവിന്ദൻകുട്ടി, ജി.കെ. പിള്ള എന്നിങ്ങനെ പ്രതിഭകളുടെ ഒരു നീണ്ടനിര. ഒരു പുതുമുഖത്തിന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും അനുഗൃഹീതമായ ഒരിടമായി ‘സഞ്ചാരി’യുടെ ലൊക്കേഷൻ എനിക്ക് അനുഭവപ്പെട്ടു. സൂപ്പർ ഹീറോകളായ പ്രേംനസീറിന്റെയും ജയന്റെയും പ്രതിയോഗിയായി അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അതിലേറെ.

തുടക്കക്കാരനായ എനിക്ക് ജയനുമൊത്തുള്ള സംഘട്ടനരംഗങ്ങൾ വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, അതിനെ അഭിമുഖീകരിക്കാനുള്ള കരുത്ത് എനിക്കു പകർന്നു തന്നത് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററായിരുന്നു. നെറ്റിയിലും ശരീരത്തിലും ഭസ്മം പൂശി, നിഷ്‌കളങ്ക ഭാവത്തോടെയെത്തിയ സ്റ്റണ്ട് മാസ്റ്ററെ കണ്ട് ആദ്യം ഞാൻ അത്ഭുതപ്പെട്ടു. ഒരു സ്റ്റണ്ട് മാസ്റ്ററിൽ നിന്നു നമ്മൾ പ്രതീക്ഷിക്കാത്ത രൂപം. എന്നാൽ അദ്ദേഹം പേരുപറഞ്ഞപ്പോൾ ഒരുൾക്കിടിലം എന്നിൽ അനുഭവപ്പെട്ടു. ത്യാഗരാജൻ! തീ പാറുന്ന ആ അക്ഷരങ്ങൾ, ‘സംഘട്ടനം: ത്യാഗരാജൻ’ എന്ന ടൈറ്റിലിൽ എത്രയോ തവണ മുന്നിൽ തെളിഞ്ഞിട്ടുണ്ട്. മിക്ക സിനിമകളുടെയും ടൈറ്റിൽ സീനുകളിൽ ആവർത്തിക്കാറുള്ള ആ പേരു കണ്ട് ഒരു കാലത്ത് ഞാനും ആവേശത്തോടെ കൈയടിച്ചിട്ടുണ്ട്. സഞ്ചാരി യുടെ സെറ്റിൽ വച്ച് ആദ്യമായി നേരിൽ കണ്ടപ്പോഴും അടങ്ങാത്ത ഹർഷാരവം മനസിൽ അലതല്ലി.
മുംബൈയിലെ ഷെട്ടി മുതൽ ലോകപ്രശസ്തനായ ഫൈറ്റ് മാസ്റ്റർ ഗ്രിഫിത്തിനൊപ്പംവരെ പ്രവർത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ, ത്യാഗരാജൻ മാസ്റ്ററുമായുള്ള അടുപ്പം ഒരു സ്റ്റണ്ട് മാസ്റ്റർ എന്നതിലുപരിയാണ്. സഹോദരതുല്യമായ സ്‌നേഹത്തോടെയാണ് ഇക്കാലമത്രയും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. സിനിമയ്ക്കകത്തും പുറത്തും മറക്കാനാവാത്ത ഒരുപാടനുഭവങ്ങൾ ഞങ്ങളുടെ സൗഹൃദത്തിൽ പതിഞ്ഞു കിടപ്പുണ്ട്.

സ്റ്റണ്ടു മാസ്റ്ററായി നിർദ്ദേശങ്ങൾ തരുമ്പോൾ ഇടിവാളിന്റെ മൂർച്ചയാണ് അദ്ദേഹത്തിന്. ഷൂട്ടിങ്ങിനു തിരശ്ശീല വീഴുന്ന നിമിഷം ഉറ്റ ചങ്ങാതിയോ അതിലുപരി ജ്യേഷ്ഠനോ ആയി അദ്ദേഹം മാറിക്കഴിഞ്ഞിരിക്കും. മാസ്റ്ററുമായുള്ള സൗഹൃദം കഴിഞ്ഞ 39 വർഷമായി തീവ്രതയൊട്ടും കുറയാതെ ഞാൻ മനസിൽ സൂക്ഷിക്കുന്നുണ്ട്. ചിലപ്പോൾ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാകും ഞങ്ങൾ ഒന്നിക്കുന്നത്. എത്ര നീണ്ട ഇടവേളയായാലും ‘കണ്ണാ…’ എന്ന വിളിയോടെ, പുഞ്ചിരിയോടെ അരികിലേക്കെത്തുന്ന മാസ്റ്റർ എന്റെ അഭിനയജീവിതത്തിലെ പുണ്യമാണ്.

‘ജീവിക്കുന്ന ഇതിഹാസം’ എന്നെല്ലാം നമ്മൾ ആലങ്കാരികമായി പറയാറുണ്ട്. ആ അലങ്കാരം ചാർത്തിക്കൊടുക്കാൻ തീർത്തും അർഹനാണ് മാസ്റ്റർ. 60 വർഷമായി നീണ്ട ചലച്ചിത്ര സപര്യയിൽ 2000-ലേറെ ചിത്രങ്ങൾക്കാണ് അദ്ദേഹം സംഘട്ടനമൊരുക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, ഒറിയ തുടങ്ങി ഇന്ത്യയിലെ എല്ലാ ഭാഷാ ചിത്രങ്ങൾക്കും സ്റ്റണ്ട് രംഗങ്ങൾ രൂപകൽപ്പന ചെയ്ത ഒരേയൊരാൾ ത്യാഗരാജൻ മാസ്റ്ററായിരിക്കും. നസീറിൽ തുടങ്ങി ഏതാണ്ട് അഞ്ചു തലമുറകൾക്കു വേണ്ടി സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിക്കുക എന്നത് നിസാരമല്ല. കഷ്ടപ്പാടിന്റെ, കഠിനാദ്ധ്വാനത്തിന്റെ ആ കഥ നമ്മൾ ഉദ്വേഗഭരിതരായി ആസ്വദിച്ച ആക്ഷൻ സിനിമകളുടെ ചരിത്രം കൂടിയാണ്.

മാസ്റ്ററുമായുള്ള അടുപ്പം ഏറിവന്ന നാളുകൾ മുതൽ ജീവിതത്തിലെ പല ഏടുകളുടെയും ചുരുൾ എനിക്കു മുന്നിൽ മാസ്റ്റർ നിവർത്തിയിട്ടുണ്ട്. അഭിനയിക്കാനായിരുന്നത്രെ ആദ്യ മോഹം. കാണാൻ പ്രേംനസീറിനെപ്പോലെയുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ, അഭിനയമോഹവുമായി മദ്രാസിലെത്തി. ഒരു ചാൻസിനുവേണ്ടി ഏറെ അലഞ്ഞു. അവസരം ലഭിക്കാതായതോടെ അഭിനയമോഹത്തിന് വിരാമമിട്ടെങ്കിലും സിനിമയിൽത്തന്നെ എന്തെങ്കിലും പണിചെയ്ത് ജീവിക്കുമെന്ന് വാശിയായി. ആ വാശിയിൽ നിന്നാണ് ‘സംഘട്ടനം ത്യാഗരാജ’ന്റെ പിറവി. പുലികേശി എന്നറിയപ്പെടുന്ന ഫൈറ്റ് മാസ്റ്റർ പുരുഷോത്തമന്റെ സംഘത്തിൽ എക്‌സ്ട്രാ നടനും സഹായിയുമായി പ്രവർത്തിച്ചാണ് ഏറെ കഠിനാധ്വാനത്തിലൂടെ ഈ രംഗത്ത് ത്യാഗരാജൻ മാസ്റ്റർ ചുവടുറപ്പിക്കുന്നത്.

ഷൂട്ടിങ് എത്ര വൈകിയാലും അഞ്ചു മണിക്കു തന്നെ മാസ്റ്ററുടെ ഒരു ദിവസം ആരംഭിക്കും. കുളിച്ച് ഈശ്വരനെ ധ്യാനിച്ച് നെറ്റിയിലും ശരീരത്തിലും ഭസ്മം പൂശിയാണ് മാസ്റ്റർ ജോലിക്ക് പ്രവേശിക്കുന്നത്. 79 വർഷത്തെ ജീവിതാനുഭവങ്ങളിൽ 60 വർഷവും മാസ്റ്റർ സഞ്ചരിച്ചത് മലയാള സിനിമയ്‌ക്കൊപ്പമാണ്. തമിഴ്‌നാട്ടിൽ ജനിച്ചു വളർന്നെങ്കിലും അദ്ദേഹത്തിന്റെ കഴിവ് കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും മലയാള സിനിമയാണ്. ‘കേരളത്തിലെ സിനിമാ പ്രേക്ഷകർ തന്റെ ആത്മാവാണ്’ എന്ന് അദ്ദേഹം ഇടയ്ക്കിടെ പറയും. ആ വാക്കുകൾ മലയാള സിനിമയോടുള്ള ത്യാഗരാജൻ മാസ്റ്ററുടെ ഹൃദയവികാരത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

subscribe

Lal Jose @ 25
-ലാൽ ജോസ് / പി. ടി. ബിനു

Categories:

ലാൽ ജോസ് ജനപ്രിയ സംവിധായകനാണ്. വ്യത്യസ്തമായ ശൈലിയിലൂടെ, വിഷയവൈവിധ്യങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ചലച്ചിത്രകാരൻ. മഹാവിജയങ്ങളും പരാജയങ്ങളുമൊക്കെ ചേർന്നതാണ് ലാൽ ജോസ് എന്ന സംവിധായകന്റെ ജീവിതം. മീശമാധവൻ, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ് തുടങ്ങി വ്യത്യസ്തങ്ങളായ 25 ചിത്രങ്ങൾ. ലാൽ ജോസ് ഞാൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം.

 • ഒരു മറവത്തൂർ കനവ് മുതൽ ’41’ വരെ, ഇരുപത്തഞ്ച് സിനിമകൾ

25 സിനിമകൾ, 21 വർഷങ്ങൾ… 1998-ൽ ആണ് ‘ഒരു മറവത്തൂർ കനവ്’ എന്ന എന്റെ ആദ്യ സിനിമ സംഭവിക്കുന്നത്. സ്വതന്ത്ര സംവിധായകനാകുന്നതിനു മുമ്പ് ഒമ്പതു വർഷത്തോളം അസിസ്റ്റന്റ് ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. സിനിമയിലെ മുപ്പതു വർഷങ്ങൾ… അതൊരു വലിയ യാത്രയാണ്, വേറിട്ട ഒരു യാത്ര എന്നും പറയാം.

ഒറ്റപ്പാലത്തെ ഗ്രാമപ്രദേശത്ത് ജനിച്ചു വളർന്ന ഞാൻ ഒരിക്കലും സിനിമയിൽ വരുമെന്നു കരുതിയിരുന്നില്ല. പഠനകാലത്ത് സിനിമ കാണുന്നത് ഇഷ്ടമാണ് എന്നതിലുപരി സിനിമ മനസിൽ കൊണ്ടു നടന്നിട്ടില്ല. സിനിമയുമായി ബന്ധമൊന്നുമില്ലാത്ത കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ലാത്ത ഒരു കാലഘട്ടം ആയിരുന്നു അത്. സിനിമയിൽ വരണമെന്നോ, സംവിധായകനാകണമെന്നോ അങ്ങനെ ആഗ്രഹങ്ങളൊന്നും മനസിൽ പോലും ഉണ്ടായിട്ടില്ല.

ഡിഗ്രി പഠനം കഴിഞ്ഞപ്പോൾ ദുബായിൽ ഒരു ജോലി ശരിയായി. ജോലിയുമായി ബന്ധപ്പെട്ടാണ് മാനുവൽ കളർ പ്രോസസിങ് പഠിക്കാൻ ചെന്നൈയിലേക്ക് വണ്ടികയറുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്റിങ് എനിക്ക് അറിയാമായിരുന്നു. പഠിക്കുന്ന കാലത്ത് കേരള കൗമുദി ദിനപ്പത്രത്തിന്റെ റിപ്പോർട്ടറും ഫോട്ടോഗ്രഫറും ഒറ്റപ്പാലം ഏജന്റുമായിരുന്നു ഞാൻ. പത്രത്തിലെ ജോലിയുടെ ആവശ്യത്തിന് അവിടെയുള്ള ഒരു സ്റ്റുഡിയോയിൽ നിന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് പ്രോസസിങ് പഠിച്ചിരുന്നു. അക്കാലത്ത് മുംബൈയിലും ചെന്നൈയിലുമായിരുന്നു ഈ കോഴ്‌സ് ഉണ്ടായിരുന്നത്. മുംബൈയ്ക്കാണ് ഞാൻ വണ്ടി കയറിയിരുന്നതെങ്കിൽ എന്റെ ജീവിതം മാറിപ്പോകുമായിരുന്നു. ചെന്നൈയിലേക്ക് വണ്ടി കയറാൻ മറ്റൊരു കാരണം കൂടിയുണ്ട്. എന്റെ സുഹൃത്തും സഹപാഠിയും ഗായകനുമായ ദിനേശ് ചെന്നൈയിലുണ്ട്. അക്കാരണത്താൽ എനിക്കു വീട്ടിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചു.

 • പ്രാദേശിക വാർത്തകൾ

ചെന്നൈയിൽ, സിനിമയിൽ ജോലി ചെയ്യുന്നവർ താമസിക്കുന്ന സ്ഥലത്താണ് എനിക്ക് താമസം ശരിയായത്. അസിസ്റ്റന്റ് ഡയറക്ടർ, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയവർ താമസിക്കുന്ന സ്ഥലമായിരുന്നു അത്. അവിചാരിതമായാണ് എനിക്ക് ഡയറക്ടർ കമൽ സാറിനെ പരിചയപ്പെടാൻ അവസരം ലഭിച്ചത്. അതായിരുന്നു എന്റെ ജീവിതത്തിലെ വഴിത്തിരിവ്. സിനിമ എന്താണ്, എങ്ങനെയാണ് ഒരു സിനിമ ഉണ്ടാകുന്നത് എന്നറിയാനും പഠിക്കാനും ആഗ്രഹമുണ്ടായി. അങ്ങനെയാണ് കമൽ സാറിന്റെ കൂടെ പ്രാദേശികവാർത്തകൾ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തത്. കോഴിക്കോടായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാകുന്ന കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞതിനു ശേഷമാണ് ഇക്കാര്യം ഞാൻ വീട്ടിൽ പറയുന്നത്.
പിന്നീട്, കമൽ സാറിന്റെ കൂടെ ഒമ്പതു വർഷത്തോളം പ്രവർത്തിച്ചു. അസിസ്റ്റന്റ് ഡയറക്ടറുടെ ജോലി വലിയ പ്രതിഫലമൊന്നും കിട്ടുന്നതായിരുന്നില്ല. വർഷത്തിൽ രണ്ട് സിനിമയാണ് കമൽ സാർ ചെയ്തിരുന്നത്. ഇതിനിടയിൽ വിവാഹം കഴിഞ്ഞു. കോടമ്പാക്കമെന്നാൽ എടുത്തുപറയേണ്ട കാര്യമില്ല, സിനിമാക്കാരുടെ താവളമാണ്. ഒരുപാടു പേരുടെ ഉയർച്ചയും താഴ്ചയും ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്.

 • സിനിമയിലെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ചു

ശരിയാണ്, സിനിമയിലെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞ വ്യക്തിയാണ് ഞാൻ. പണ്ട് ഒരു സിനിമയുടെ വർക്ക് എല്ലാ ജോലികളും ഉൾപ്പെടെ നാലു മുതൽ അഞ്ചു മാസം വരെ എടുക്കുമായിരുന്നു. സിനിമ അനലോഗിൽ നിന്ന് ഡിജിറ്റലിലേക്ക് മാറി. ഡിജിറ്റലിൽ തന്നെ നിരവധി സാങ്കേതികതകളുണ്ടായി. ഓഡിയോ സൈഡിലും വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമാണ് നമ്മളുടേത്. എനിക്കു കിട്ടിയ ഭാഗ്യം സിനിമയുടെ ആദ്യകാല സാങ്കേതികവിദ്യയോടൊപ്പം ആരംഭിച്ച യാത്ര ഇപ്പോഴും തുടരുന്നു എന്നതാണ്. ഓഡിയോ സൈഡിലാണെങ്കിൽ ലൂബ് സിസ്റ്റത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. പിന്നീട് ടേപ്പ് വന്നു, അതിൽ വർക്ക് ചെയ്തു. 2സി ക്യാമറ ഉപയോഗിക്കുന്ന കാലം മുതൽ ആരി 3 ഡിജിറ്റൽ ക്യാമറ ഉപയോഗിക്കുന്ന ഇക്കാലം വരെ എത്തിനിൽക്കുന്ന ചലച്ചിത്രയാത്രകൾ.
സിനിയുടെ ടോട്ടൽ സ്വഭാവത്തിനു തന്നെ മാറ്റം വന്നു. പ്രമേയം, ടെക്‌നോളജി, ടെക്‌നീഷൻസ് എല്ലാം മാറി. വലിയ ക്യാൻവാസിലായിരുന്നു നമ്മുടെ സിനിമകൾ ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ ചെറിയ സിനിമകളും അതിന്റേതായ വിജയം കണ്ടെത്തുന്നുണ്ട്.

 • താരങ്ങളെ മാത്രം ആഘോഷിക്കാതെ ‘ഒരു ലാൽ ജോസ് ചിത്രം’ എന്ന പേരിൽ പ്രേക്ഷകർ താങ്കളുടെ സിനിമയെ ഉത്സവമാക്കി. എന്താണ് ആ ‘ ലാൽ ജോസ് മാജിക്’

അങ്ങനൊയൊരു ‘മാജിക്’ ഇല്ല. മാജിക് ഉണ്ടായിരുന്നെങ്കിൽ എന്റെ എല്ലാ സിനിമകളും വിജയിക്കണമല്ലോ. പരാജയപ്പെട്ട സിനിമകളും എന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, എന്റെ സിനിമകളുടെ ചിത്രീകരണം ആരംഭിക്കുന്ന വാർത്തകൾ പുറത്തുവരുന്ന സമയം മുതൽ പ്രേക്ഷകർ എന്റെ സിനിമയെ ശ്രദ്ധിക്കാറുണ്ട്. 21 വർഷത്തെ സംവിധാന ജീവിതത്തിനിടയിൽ അക്കാര്യം ഞാൻ മനസിലാക്കിയിട്ടുണ്ട്. ചിലപ്പോൾ, എന്റെ പരാജയചിത്രത്തിനു ശേഷം വരുന്ന സിനിമയാകാം എന്നാലും എന്താണ് ലാൽ ജോസിന്റെ പുതിയ സിനിമ എന്ന് പ്രേക്ഷകർ നോക്കുന്നുണ്ട്.
തുടക്കം മുതൽ വ്യത്യസ്തയ്ക്കു വേണ്ടി ഞാൻ ശ്രമിക്കാറുണ്ട്. വ്യത്യസ്തമായ, പൂർവഭാരമില്ലാത്ത കഥകൾ, കാസ്റ്റിങ്, ടെക്‌നീഷ്യൻസ് തുടങ്ങിയ പുതുമയുള്ളതാകാൻ ശ്രമം നടത്താറുണ്ട്. പഴയ കാലമല്ല. പ്രേക്ഷകരുടെ അഭിരുചിയിലൊക്കെ മാറ്റം വന്നുകൊണ്ടിരിക്കുന്നു. മാറ്റം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. പുതിയ മാറ്റങ്ങൾക്കും വിഷയവൈവിധ്യങ്ങൾക്കും വേണ്ടി ശ്രമങ്ങൾ തുടരുന്നു.

subscribe

Rejisha Vijayan സിനിമയും ഇഷ്ടങ്ങളും
-രജിഷ വിജയൻ / പ്രശോഭ് രവി

Categories:

കോടമ്പാക്കം വിജയലക്ഷ്മിമാരുടെ ശവപ്പറമ്പായിരുന്നു. ജോർജ് സാർ ലേഖയുടെ മരണത്തിൽ അതു വരച്ചിട്ടിട്ടുണ്ട്. ഞാനീ പറയുന്നതിനേക്കാൾ ഹൃദയസ്പൃക്കായി. സിൽക്ക് സ്മിതയും ആ സിനിമയുമൊക്കെ… ഹോ വല്ലാത്ത ഓർമകൾ തന്നെ…

രജിഷ വിജയൻ ആദ്യ സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കിയ അപൂർവം താരങ്ങളിൽ ഒരാൾ. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കുന്ന, അത്തരത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന താരം തന്റെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചും സിനിമാ കാഴ്ചപാടുകളെക്കുറിച്ചും സംസാരിക്കുന്നു.

 • മാറ്റമോ, എനിക്കോ!

എടുത്തു പറയാൻ ഒരുപാടു മാറ്റങ്ങൾ സിനിമ എന്റെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ല. നമ്മൾ ഒരു സ്ഥലത്തു പോകുമ്പോൾ ആളുകൾ തിരിച്ചറിയുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റമായിട്ട് എനിക്കു തോന്നിയിട്ടുള്ളത്. പ്രത്യേകിച്ചും മലയാളികളുടെ ഇടയിൽ. മാത്രമല്ല അതുകൊണ്ടു തന്നെ നമ്മൾ പറയുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം കൂടി എന്നതുകൂടിയാണ്.

 • വ്യത്യസ്ത കഥാപാത്രങ്ങൾ വേണം

എനിക്കു തോന്നുന്നു, സിനിമ തെരഞ്ഞെടുക്കുന്നതിൽ ഏതൊരു ആർട്ടിസ്റ്റും മാനദണ്ഡങ്ങൾ വയ്ക്കും എന്ന്. ഓരോരുത്തരുടെയും മാനദണ്ഡങ്ങൾ അവരവരുടെ ടേയിസ്റ്റിന് അനുസരിച്ച് മാറുന്നു എന്നു മാത്രം. ചുമ്മാ വരുന്ന എല്ലാ റോൾസും എല്ലാവരും സ്വീകരിക്കുമെന്ന് എനിക്കു തോന്നുന്നില്ല. പിന്നെ ഞാൻ സിനിമ തെരഞ്ഞെടുക്കുന്നതിനു മുമ്പേ ആലോചിക്കുന്നത്, അതിൽ ആദ്യത്തെ പോയിന്റ് എന്റെ കഥാപാത്രത്തെ മാറ്റി നിർത്തിയാൽ, അതായത് സ്‌ക്രീൻ ടൈം എത്ര കൂടുതലാണെങ്കിലും എത്ര കുറവാണെങ്കിലും എന്റെ കഥാപാത്രത്തെ മാറ്റി നിർത്തിയാൽ ആ സിനിമ വർക്കാവുമോ എന്നുള്ളതാണ്. അപ്പോ നമുക്ക് അറിയാം നമ്മുടെ കഥാപാത്രത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ട് ആ സിനിമയിൽ എന്ന്. പിന്നെ രണ്ടാമത്തെക്കാര്യം വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുക എന്നുള്ളതാണ്. അതായത് ചെയ്ത കഥാപാത്രങ്ങളെ വീണ്ടും ചെയ്യാൻ വളരെ എളുപ്പമായിരിക്കും. അത്തരത്തിൽ ഒരുപാടൊന്നും ചെയ്യണമെന്ന് ആഗ്രഹവുമില്ല, ലൈഫിൽ. ചെയ്തതിൽ നിന്ന് വ്യത്യസ്തമായി, നേരത്തെ അവതരിപ്പിച്ച കഥാപാത്രങ്ങളുമായി ഫീൽ ചെയ്യാതെ എന്നെ ചലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങൾ. ഇതു രണ്ടുമാണ് സിനിമ തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായും ഞാൻ നോക്കുന്നത്.

 • ആങ്കറായി, പിന്നെ നടിയും

ഞാൻ കോളേജിൽ പഠിക്കുമ്പോൾ തന്നെ സിനിമ പഠിച്ചിട്ടുണ്ട്. കാരണം ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ഫിലിം സ്റ്റഡീസും ആങ്കറിങ്ങുമുണ്ട്. അന്നുമുതൽ അഭിനയത്തോട് താത്പര്യം ഉണ്ടായിരുന്നെങ്കിലും അഭിനേത്രി ആകാൻ പറ്റുമെന്ന ആത്മവിശ്വാസവും ഇല്ലായിരുന്നു എന്നതാണ് സത്യം. പിന്നെ ആങ്കറിങ്ങാണ് ഇഷ്ടം അങ്ങനെ ആങ്കറായി. സിനിമ ആഗ്രഹിച്ചിരുന്നെങ്കിലും ഒരുപാട് ട്രൈ ചെയ്യിതിട്ടില്ല. സിനിമ എന്റെ വഴിയെ വന്നതാണ്. പക്ഷേ, സിനിമയാണ് എന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത് ആദ്യ സിനിമയിൽ ഫസ്റ്റ് ഷോട്ട് കഴിഞ്ഞപ്പോഴാണ്. അതായത് ആദ്യത്തെ സിനിമയിൽ അഭിനയിച്ച ഓരോ മുഹൂർത്തം കഴിയും തോറും ഇത് എന്നെക്കൊണ്ട് പറ്റും അല്ലെങ്കിൽ ഇതാണ് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷവും സംതൃപ്തിയും തരുന്നത് എന്നുള്ള തിരിച്ചറിവ് ആദ്യത്തെ വർക്ക് ചെയ്യുമ്പോഴാണല്ലോ നമുക്കു കിട്ടുക. അത് ഏതാണെങ്കിലും. അനുരാഗകരിക്കിൻ വെള്ളം ചെയ്യാൻ പോകുമ്പോൾ കോൺഫിഡൻസ് ഒട്ടുമില്ലായിരുന്നു എനിക്ക്. കാരണം അതിലെ കഥാപാത്രം അത്രയ്ക്ക് ചലഞ്ചിങ്ങായിരുന്നു. കാണുമ്പോൾ സിമ്പിൾ ആയി തോന്നുമെങ്കിലും ഇത്തിരി ഒന്ന് ഓവറായിപ്പോയാൽ പാളിപ്പോകാൻ ഏറെ സാധ്യതയുള്ള കഥാപാത്രമായിരുന്നു അത്. ആ പേടി ഉണ്ടായിരുന്നു എനിക്ക്. പിന്നെ സിനിമ ഇറങ്ങിയതിന് ശേഷം കണ്ടവർ എല്ലാവരും നന്നായി കഥാപാത്രത്തെ അവതരിപ്പിച്ചു എന്നു പറയുമ്പോഴാണ് എന്നെക്കൊണ്ടു പറ്റും എന്നുള്ള തിരിച്ചറിവുണ്ടാകുന്നത്. അതിനുശേഷമാണ് അഭിനയത്തിൽ ആത്മവിശ്വാസം ഉണ്ടാകുന്നത്.

 • സ്വാധീനിച്ച സിനിമ, പുസ്തകം

സിനിമകൾ കണ്ട് വണ്ടർ അടിച്ചിട്ടുണ്ട്, പുസ്തകങ്ങൾ വായിച്ചു ഞെട്ടിയിട്ടുണ്ട്. എങ്ങനെ ഒരാളുടെ മനസിലൂടെ ഇങ്ങനെ ഒരു ചിന്ത പോയി. ഇങ്ങനെ ഒരു ലോകം ഒരാൾക്ക് എങ്ങനെ ക്രീയേറ്റ് ചെയ്യാൻ പറ്റി അങ്ങനെയൊക്കെ ചിന്തിച്ചു ഞെട്ടി കോരിത്തരിച്ചു നിന്നിട്ടുണ്ട്. അവരുടെ കൂടെയൊക്കെ എന്നെങ്കിലും വർക്ക് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്നു ചിന്തിച്ചിട്ടുണ്ട്. പക്ഷേ, സിനിമയും പുസ്തകങ്ങളും എന്റെ ജീവിതത്തെയോ എന്റെ ആഗ്രഹങ്ങളെയോ പ്രവർത്തികളെയോ ഇതുവരെ സ്വാധീനിച്ചിട്ടില്ല. ഞാൻ എന്താണോ അത് പ്യൂവർല്ലി ഞാനും, എന്റെ ജീവിതത്തിലൂടെ വന്നു പോയ, കണ്ടു പരിചയപ്പെട്ടു സംസാരിച്ച ആൾക്കാരും മാത്രമാണ്. കാരണം ഞാൻ പഠിച്ചത് കേരളത്തിനു പുറത്തായിരുന്നു. അച്ഛൻ പട്ടാളത്തിലായിരുന്നതുകൊണ്ടു ചെറുപ്പം മുതൽ ഒരുപാടു സ്ഥലങ്ങളിൽ നിന്നിട്ടുണ്ട്. ഏഴ് സ്‌കൂളുകളിലായാണ് പഠിച്ചത്. പല പല ആൾക്കാരെ കണ്ടിട്ടുണ്ട്. പല കൾച്ചറുകളിലൂടെ പോയതുകൊണ്ട് ഓരോ കൾച്ചറുകളിലുമുള്ള വ്യത്യാസം അവരുടെ പോയന്റ് ഓഫ് വ്യു എന്നിവ എന്നെ സ്വാധീനിച്ചിട്ടുണ്ട്.

‘വിജയലക്ഷ്മി ഇരന്തു പോച്…’
-കലവൂർ രവികുമാർ

Categories:

ഒരു സെപ്റ്റംബർ ഇരുപത്തിമൂന്നാം തിയതി കടന്നുപോയ സിൽക്ക് സ്മിതയെ കുറിച്ച് സഹതാരം അനുരാധയുടെ ചില ഓർമകൾ ഫേസ്ബുക്കിൽ വായിച്ചു.
സിൽക്ക് സ്മിത ഒരു കാലത്തെ നമ്മുടെ സണ്ണി ലിയോൺ ആയിരുന്നല്ലോ. സണ്ണി ലിയോണിനെ കാത്തുനിന്ന പോലെ അന്ന് ആളുകൾ അവരെ കാത്തു നിന്നു കണ്ടിട്ടുണ്ട്. അവർ കടിച്ച ആപ്പിൾ വരെ ലേലം കൊണ്ടിട്ടുണ്ട്. അതൊന്നുമല്ല പറയാൻ വന്നത്. എന്റെ ചില അനുഭവങ്ങളാണ്. പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായിരുന്നു ജി.എ. ലാൽ ഒരിക്കൽ അവരോട് അഭിമുഖം ചോദിച്ചിട്ടുണ്ട്. കടുത്ത നിഷേധമായിരുന്നു മറുപടി. ലാൽ അപ്പോൾ പറഞ്ഞു എനിക്ക് വിജയലക്ഷ്മിയുടെ അഭിമുഖം ആണു വേണ്ടത്. ലാലിനെ നിമിഷങ്ങളോളം നോക്കി നിന്നു കൊണ്ട് അവർ പറഞ്ഞു, ‘വിജയലക്ഷ്മി ഇരന്തു പോച്..’
ആന്ധ്രയിലെ ഒരു ഗ്രാമത്തിൽ നിന്ന് കോടമ്പാക്കത്തെത്തിയ വിജയലക്ഷ്മി എന്ന നാടൻ പെൺകിടാവിനെ സിനിമ സിൽക്ക് സ്മിതയായി മാറ്റിപ്പണിയുകയായിരുന്നല്ലോ. അപ്പോഴും അവർ വിജയലക്ഷമിയെ സ്‌നേഹിച്ചിരുന്നിരിക്കണം. അല്ലെങ്കിൽ ആ പെൺകുട്ടി മരിച്ചുപോയെന്ന് അവർ പറയുമായിരുന്നോ. സ്‌നേഹത്തിന്റെ സങ്കടക്കടലിൽ ഉഴലുമ്പോഴാണല്ലോ നമ്മൾ നമ്മെ തന്നെ കൊന്നു കളയുന്നത്. ഒടുവിൽ സിൽക്ക് സ്മിത സിൽക്ക് സ്മിതയോട് ചെയ്തതും അതു തന്നെ. അവർ ഒരു സാരി തുമ്പിൽ അവരെ കെട്ടി തൂക്കി നമുക്കുള്ള അവസാന കാഴ്ചയായി.

ഞാൻ അന്ന് പത്രപ്രവർത്തകന്റെ വേഷത്തിൽ മദ്രാസിൽ ഉണ്ട്. അവരുടെ മരണം റിപ്പോർട്ട് ചെയ്യാൻ പോയ ജോൺസൻ ചിറമ്മൽ തിരിച്ചു വന്നു വിഷണ്ണനായി. ആശുപതിയിൽ മൃതദേഹത്തിനടുത്തു അങ്ങനെ ആരുമില്ല. ഞാൻ അപ്പോൾ അറിയാതെ പറഞ്ഞു, ജീവിച്ചിരുന്നപ്പോൾ ആരാധകർ ആഘോഷിച്ച ആ ശരീരം പ്രാണൻ പോയപ്പോൾ അവർക്കും വേണ്ടാ. അത് എഴുതൂ ജോൺസാ….
ജോൺസൻ പിന്നെ മൂകനായിരുന്ന് ആ വാർത്ത എഴുതുന്നതു കണ്ടു.

നക്ഷത്രങ്ങളുടെ ആൽബം എന്ന എന്റെ നോവലിൽ സുചിത്ര എന്ന നടിയുണ്ട്. കോടമ്പാക്കം മാറ്റി തീർത്ത ഒരു ജീവിതം. അവർ സ്മിതയല്ല. അവരെ പോലുള്ള ഒരാൾ. സ്മിത മരിച്ച രാത്രിയിൽ ഞാനും സുഹൃത്തായ ഷാജനും കോടമ്പാക്കത്തൂടെ നടന്നത് ഓർക്കുന്നു. അവിടെ ആരും സ്മിതയെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നില്ല.

കോടമ്പാക്കം വിജയലക്ഷ്മിമാരുടെ ശവപ്പറമ്പായിരുന്നു. ജോർജ് സാർ ലേഖയുടെ മരണത്തിൽ അതു വരച്ചിട്ടിട്ടുണ്ട്. ഞാനീ പറയുന്നതിനേക്കാൾ ഹൃദയസ്പൃക്കായി. സിൽക്ക് സ്മിതയും ആ സിനിമയുമൊക്കെ… ഹോ വല്ലാത്ത ഓർമകൾ തന്നെ…

Adithyan Master of mini screen
-ആദിത്യൻ / ആർ. അശോക്

Categories:

‘മിനി സ്‌ക്രീനിലെ സൂപ്പർ സംവിധായകനാണ് താങ്കൾ.’ സൂപ്പർ ഹിറ്റ് മെഗാ സീരിയൽ വാനമ്പാടിയുടെ സംവിധായകൻ ആദിത്യനോടാണ് ചോദ്യം. ‘ആണോ, എനിക്കറിയില്ല.’ ചിരിയോടെ മറുപടി. മികച്ച സീരിയൽ സംവിധായകനുള്ള ഏഷ്യാനെറ്റിന്റെ പുരസ്‌കാരം വാനമ്പാടിയിലൂടെ ആദിത്യൻ നേടി. വാനമ്പാടി മികച്ച സീരിയലുമായി. കുടുംബ പ്രേക്ഷകരുടെ പൾസറിഞ്ഞ സംവിധാന മികവാണ് ആദിത്യന്റെ പ്രത്യേകത. സീരിയലിനു വേണ്ട ചേരുവകൾക്കൊപ്പം ക്വാളിറ്റിയിൽ ഒരു കോംപ്രമൈസിനും തയാറല്ല അദ്ദേഹം. ആദിത്യന്റെ വിശേഷങ്ങൾ.

തുടക്കം ആകാശദൂതിൽ

ആകാശദൂത് എന്ന സിനിമയുടെ രണ്ടാം ഭാഗം സീരിയലാക്കിയാണ് തുടക്കം. രജപുത്ര രഞ്ജിത്തേട്ടനാണ് നിർമിച്ചത്. സൂര്യ ടിവിക്കു വേണ്ടിയാണ് ചെയ്തത്. ഈ സീരിയൽ വലിയ ഹിറ്റായി. പിന്നീട് ഏഷ്യാനെറ്റിൽ അമ്മ സീരിയലിന്റെ കുറച്ചുഭാഗം ചെയ്തു. നിർമാണം മെറിലാൻഡായിരുന്നു. ശ്രീമൂവിസിന്റെ അനാമിക നൂറ് എപ്പിസോഡ് ചെയ്തു. അമൃത ടിവിയിലാണ് അനാമിക സംപ്രേക്ഷണം ചെയ്തത്. അതിനുശേഷമാണ് വാനമ്പാടി സംവിധാനം ചെയ്തത്. രജപുത്ര രഞ്ജിത്തേട്ടനാണ് നിർമാണം. വാനമ്പാടി തുടങ്ങിയിട്ട് മൂന്നു വർഷമായി. ഇപ്പോഴും സൂപ്പർ ഹിറ്റായി തുടരുന്നു.

മനസിൽ സിനിമ മാത്രം

കൊല്ലം ജില്ലയിൽ അഞ്ചലിനടുത്ത് അറയ്ക്കൽ എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും. തനി നാട്ടിൻപുറം. തടിക്കാട് എൽ.പി.എസിൽ പ്രാഥമിക വിദ്യാഭ്യാസം. പുല്ലങ്കോട് യു.പി.എസ്, വാളകം ആർ.വി.എച്ച്.എസ് എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്‌കൂളിൽ എത്തിയപ്പോൾ സിനിമ മനസിൽ കയറി. പഠനത്തിൽ നന്നായി ഉഴപ്പി. പത്താം ക്ലാസിൽ കഷ്ടിച്ചു ജയിച്ചു. പിന്നീട് രണ്ടു വർഷം ഐ.ടി.സി പഠനം. ഐ.ടി.സി പഠനവും നന്നായി മുന്നോട്ടുപോയില്ല. സിനിമയിലാണ് എനിക്കു താത്പര്യം എന്നു മനസിലാക്കിയ എന്റെ അച്ഛൻ തിരുവനന്തപുരത്തെ സത്യജിത്ത് റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തു. ഇപ്പോഴും ഈ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. ഒരു വർഷമായിരുന്നു കോഴ്‌സ്. ഡോ. ഡി. ബിജുകുമാർ ഒരു ഷോർട്ട് ഫിലിം പ്ലാൻ ചെയ്തു. അദ്ദേഹത്തിന്റെ ആദ്യ ഷോർട്ട് ഫിലിമാണ്. അദ്ദേഹത്തിന്റെ ഒരു സുഹൃത്തു വഴി ഞാൻ ഷോർട്ട് ഫിലിമിൽ അസിസ്റ്റന്റായി. ബ്ലാക് സിഗ്‌നേച്ചർ എന്നായിരുന്നു ഷോർട്ട് ഫിലിമിന്റെ പേര്. ഷോർട്ട് ഫിലിം ഏഷ്യാനെറ്റ് സംപേക്ഷണം ചെയ്തു. അതിനുശേഷമാണ് ഡിഗ്രി പഠിക്കണം എന്നുതോന്നിയത്. അങ്ങനെ കോളജിൽ ഡിഗ്രിക്ക് ചേർന്നു. അതിനിടയിൽ ടെലിഫിലിമുകളിലും വർക്ക് ചെയ്യുമായിരുന്നു. ആ സമയത്ത് ദൂരദർശനിൽ സുരേഷ് ഉണ്ണിത്താൻ സാർ അമ്മ എന്ന സീരിയിൽ സംവിധാനം ചെയ്യുന്നുണ്ടായിരുന്നു. അമ്മയുടെ എപ്പിസോഡ് ഡയറക്ടർ ഉദയകുമാറാണ്. അദ്ദേഹത്തിനൊപ്പം ഞാൻ സംവിധാന സഹായിയായി. ഞാൻ പ്രവർത്തിക്കുന്ന ആദ്യ മെഗാ സീരിയലാണ് അമ്മ. 1999-ലാണിത്. ഉദയകുമാർ കല്യാണക്കുറിമാനം എന്ന സിനിമ സംവിധാനം ചെയ്തപ്പോൾ ഞാൻ അദ്ദേഹത്തിന്റെ അസോസിയേറ്റായി. ഞാനും ജയകുമാർ എന്ന എഴുത്തുകാരനും ചേർന്നാണ് സിനിമയുടെ സംഭാഷണം എഴുതിയത്. അതിനുശേഷം ഒരു തമിഴ് സിനിമയിൽ അവസരം ലഭിച്ചു. ഈ സിനിമയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുറച്ചുനാൾ കുറ്റാലത്ത് താമസിച്ചു. എന്നാൽ, ഈ സിനിമ നടന്നില്ല.

പ്രതിസന്ധിയിലായ ആദ്യ സീരിയൽ

തമിഴ് സിനിമ മുടങ്ങിയതോടെ ഇനി സ്വതന്ത്രമായി സിനിമ ചെയ്താൽ മതിയെന്ന് തീരുമാനിച്ചു. ഈ സമയത്താണ് ഒരു സീരിയൽ സംവിധാനം ചെയ്യാനായി ഒരു നിർമാതാവ് സമീപിച്ചത്. ആകാശദൂതിന്റെ രണ്ടാം ഭാഗം എടുത്താൽ നന്നായിരിക്കും എന്നത് ഹസൻ എന്ന സുഹൃത്തിന്റെ ആശയമായിരുന്നു. ആകാശദൂതിന്റെ നിർമാതാവിൽ നിന്ന് സീരിയൽ ചെയ്യാനുള്ള അവകാശം വാങ്ങി. അപ്പോഴാണ് സംവിധായകനും നിർമാതാവും തുടക്കക്കാരാണെന്ന പ്രതിസന്ധി ഉണ്ടായത്. ഒരു ചാനലും സീരിയൽ സ്വീകരിക്കാൻ തയാറായില്ല. എന്റെ വാക്ക് വിശ്വസിച്ച് നിർമാതാവ് പത്തു ലക്ഷത്തോളം മുടക്കി പൈലറ്റ് എപ്പിസോഡുകൾ എടുത്തിരുന്നു. ചാനലുകൾ പറഞ്ഞത്, പുതിയ സംവിധായകനാണെങ്കിൽ നിർമാതാവ് പരിചയ സമ്പന്നനാവണം. നിർമാതാവ് പുതിയ ആളാണെങ്കിൽ സംവിധായകൻ പരിചയസമ്പന്നനാവണം. ഇക്കാര്യം എനിക്ക് അറിയില്ലായിരുന്നു. മുടക്കിയ പത്തു ലക്ഷം ബാധ്യതയായി. അതിനാൽ, എങ്ങനെയെങ്കിലും സീരിയൽ സംപ്രേക്ഷണം ചെയ്യണം. അതിനായി പിന്നീടുള്ള ശ്രമം. അങ്ങനെയാണ് ഞാൻ രജപുത്ര രഞ്ജിത്തേട്ടനെ സമീപിച്ചത്. ആ സമയത്ത് എനിക്ക് രഞ്ജിത്തേട്ടനെ പരിചയമില്ല. സൂര്യ ടിവിയിൽ എനിക്കുവേണ്ടി ശുപാർശ ചെയ്യണം എന്ന ആവശ്യവുമായാണ് ഞാൻ അദ്ദേഹത്തെ സമീപിച്ചത്. അദ്ദേഹത്തിന് സൂര്യ ടിവിയിൽ നല്ല ബന്ധമാണ്. അദ്ദേഹം സിഡി കണ്ടു. വർക്ക് ഇഷ്ടപ്പെട്ടു. ഇതിനായി ഒരു വർഷത്തോളം ഞാൻ അദ്ദേഹത്തെ നിരന്തരം സമീപിച്ചുകൊണ്ടേയിരുന്നു.

subscribe

വിവേകിന്റെ വിശേഷങ്ങൾ
-വിവേക് / രാജ്കുമാർ

Categories:

ഫഹദ് ഫാസിലും സായി പല്ലവിയും മത്സരിച്ച് അഭിനയിച്ച അതിരൻ വ്യത്യസ്ത ജോണറിലുള്ള ചിത്രമാണ്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിവേകിന്റെ ആദ്യ ചിത്രം. കന്നി ചിത്രത്തിലൂടെ തന്നെ സംവിധായകൻ എന്ന നിലയിൽ കൈയൊപ്പു പതിപ്പിക്കാൻ വിവേകിനായി. പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് വിവേക് ഇപ്പോൾ. പുതിയ പ്രോജക്ടുകളെയും സ്വപ്‌ന സിനിമകളെയും കുറിച്ച് വിവേക് സംസാരിക്കുന്നു.

 • ക്രെഡിറ്റ് ഫഹദിന്

അതിരൻ യാഥാർത്ഥ്യമായതിന്റെ ഫുൾ ക്രെഡിറ്റും ഫഹദിനാണ്. ഞാൻ ചെയ്ത പരസ്യങ്ങളും സിനിമയോടുള്ള എന്റെ പാഷനും മനസിലാക്കി ഫഹദ് എന്നെ സിനിമയിലേക്കു കൈപിടിച്ചുകയറ്റി. നല്ലൊരു കെമിസ്ട്രി ഞങ്ങൾ തമ്മിലുണ്ടായിരുന്നു. ആണെങ്കിലും അല്ലെങ്കിലും എന്ന പേരിൽ ഒരു കോമഡി പ്രോജക്ടാണ് ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ, ആ പ്രോജക്ട് ഉപേക്ഷിച്ചത് ഞങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് എന്നാണ് പലരും കരുതുന്നത്. എന്നാൽ, ഞങ്ങളുടെ പരസ്പര വിശ്വാസമാണ് അതിരൻ എന്ന ചിത്രം യാഥാർത്ഥ്യമാക്കിയത്.
പലരും അതിരന്റെ നിർമാണച്ചുമതല ഏറ്റെടുക്കാൻ മുന്നോട്ടുവന്നെങ്കിലും ഫഹദിന്റെ നിർദ്ദേശപ്രകാരമാണ് ചിത്രം സെഞ്ച്വറി ഏറ്റെടുക്കുന്നത്. അദ്ദേഹം ഞങ്ങൾക്കു നൽകിയ സപ്പോർട്ട് എത്ര പറഞ്ഞാലും മതിയാവില്ല. അതിനാൽ, ഫഹദിനായി നല്ലൊരു ചിത്രം ഒരുക്കുക ഞങ്ങളുടെ ഉത്തരവാദിത്തമായി മാറി. ഫഹദിന്റെ വരത്തൻ, ഞാൻ പ്രകാശൻ, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം അതിരനും വൻ വിജയമായതിൽ വലിയ സന്തോഷമുണ്ട്.
ഫഹദ് ഫാസിൽ എന്ന നടനെ മനസിൽ കണ്ടെഴുതിയ കഥയും തിരക്കഥയുമാണ് അതിരന്റേത്. വരത്തൻ റിലീസ് ആകുന്നതിനു മുമ്പാണ് ഫഹദിനോട് കഥ പറഞ്ഞത്. ഷൂട്ടിങ് തുടങ്ങിയത് കുമ്പളങ്ങി നൈറ്റ്‌സിനു ശേഷവും. എന്നാൽ, ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമാണ് അതിരനിലെ സൈക്യാട്രിസ്റ്റ്.

 • സായി പല്ലവി

അന്യഭാഷാചിത്രങ്ങളിൽ തിരക്കുള്ള താരമാണ് സായി പല്ലവി. പ്രേമവും കലിയുമാണ് സായി പല്ലവിയുടെ മലയാള ചിത്രങ്ങൾ. സായി പല്ലവി ഇടവേളയ്ക്കു ശേഷം മലയാളത്തിൽ തിരിച്ചെത്തിയ ചിത്രമാണ് അതിരൻ. പൂർണമായും തിരക്കഥയാകും മുമ്പാണ് സായി പല്ലവിയെ കാണുന്നത്. കഥ പറഞ്ഞു, ഇഷ്ടമായി. അങ്ങനെയാണ് ഫഹദിന്റെ നായികയായി സായി പല്ലവി വന്നത്. നിത്യ എന്ന നാട്ടിൻപുറത്തുകാരിയായി സായി പല്ലവി അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
36 ദിവസം ഫഹദും 28 ദിവസം സായി പല്ലവിയും ചിത്രത്തിൽ അഭിനയിച്ചു. 55 ദിവസം കൊണ്ട് ചിത്രീകണവും പൂർത്തിയായി. ഫഹദ്-സായി കൂട്ടുകെട്ടിൽ നിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് നൽകാനാണ് ഞങ്ങൾ ശ്രമിച്ചത്. നല്ല കഥ, മികച്ച കഥാപാത്രങ്ങൾ, പിന്നെ പ്രേക്ഷകനെ എന്റർടെയിൻ ചെയ്യിപ്പിക്കുന്ന ഘടകങ്ങൾ. ഇവ പൂർണമായും നിലനിർത്തിയാണ് ചിത്രം ഒരുക്കിയത്. ഷൂട്ടിങ് പൂർത്തിയായപ്പോൾ തന്നെ നല്ലൊരു ചിത്രം ചെയ്തതിന്റെ സന്തോഷമുണ്ടായിരുന്നു. നല്ല കഥാപാത്രങ്ങൾ കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ഫഹദും സായിയും.
ചിത്രത്തിലെ ഹൈലൈറ്റായി പട്ടികളുമായി ഫഹദ് ഫാസിലിന്റെ സംഘട്ടനം ആക്ഷൻ ഡയറക്ടർ രാജശേഖറും റിങ് മാസ്റ്റർ രാജീവും ചേർന്നാണ് ഒരുക്കിയത്. സായി പല്ലവി ആക്ഷൻ സീക്വൻസ് ചെയ്ത ചിത്രം എന്ന പ്രത്യേകതയും അതിരനുണ്ട്. ഇതിനായി രൺജി പണിക്കറും സായി പല്ലവിയും കളരി പഠിച്ചു.
ഫഹദിനൊപ്പം സിനിമ ചെയ്യാനായി സീനിയർ സംവിധായകർ പോലും സമീപിച്ചിട്ടുണ്ടെന്നും എന്നാൽ, അതിരന്റെ കഥയും കഥാപാത്രവുമാണ് ചിത്രത്തിന്റെ ഭാഗമാകാൻ പ്രേരിപ്പിച്ചതെന്ന് സായി പല്ലവി തന്നെ പറഞ്ഞിട്ടുണ്ട്. അതിരനുശേഷം മലയാളത്തിൽ നിന്ന് നിരവധി ഓഫറുകളാണ് സായി പല്ലവിയെയും ബാക്ക് ഗ്രൗണ്ട് സ്‌കോർ ഒരുക്കിയ ജിബ്രാനെയും തേടിയെത്തിയത്. അതിരൻ പോലെ ഒരു ചിത്രത്തിനായി ഇരുവരും കാത്തിരിക്കുകയാണ്.

 • വിജയത്തിനു പിന്നിൽ സെഞ്ച്വറി

നിരവധി വമ്പൻ ചിത്രങ്ങൾ ഒരുക്കിയ ബാനറാണ് സെഞ്ച്വറി. നാൽപ്പതു വർഷമായി തെന്നിന്ത്യൻ സിനിമയിലെ സജീവസാന്നിധ്യം. സെഞ്ച്വറിയുടെ 125-ാമത്തെ ചിത്രമാണ് അതിരൻ. മലയാളത്തിലെ മെഗാതാരങ്ങളെയും സംവിധായകരെയും അണിനിരത്തി ചിത്രങ്ങൾ ഒരുക്കാൻ കഴിയുന്ന പ്രൊഡക്ഷൻ ഹൗസാണ് സെഞ്ചറി. എന്നിട്ടും അണിയറയിൽ ഇത്രയധികം നവാഗതരെ അണിനിരത്തി ചിത്രം ഒരുക്കാൻ സെഞ്ച്വറി തയാറായി. ഞാൻ ഉൾപ്പെടെ, ക്യാമറാമാൻ അനു മൂത്തേടത്ത്, സംഗീതസംവിധായകൻ പി.എസ്. ജയഹരി എന്നിവരുടെയെല്ലാം ആദ്യ സംരംഭമാണ് അതിരൻ. കലാസംവിധായകൻ വിനോദ് രവീന്ദ്രനും മലയാളത്തിൽ തുടക്കക്കാരൻ. സെഞ്ച്വറിയുടെ അമരക്കാരായ രാജു മാത്യുവിന്റെയും കൊച്ചുമോന്റെയും ആത്മവിശ്വാസമാണ് അതിരൻ എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നിൽ.

ലൂസിഫർ, മധുരാജ 2 എന്നീ ചിത്രങ്ങൾക്കൊപ്പമാണ് അതിരനും പ്രദർശനത്തിനെത്തിയത്. ചിത്രം തിയേറ്ററുകളിൽ 100 ദിവസം പിന്നിട്ടു. അതിരന്റെ വിജയത്തിലൂടെ സെഞ്ച്വറി വീണ്ടും മലയാള സിനിമയിൽ സജീവമാകുകയും ചെയ്തു.

 • തിരക്കഥയാണ് താരം

അതിരന്റെ കരുത്ത് തിരക്കഥ തന്നെ. കഥയുടെ ഹൃദയം ഉൾക്കൊള്ളുന്ന തിരക്കഥയാണ് പി.എഫ്. മാത്യൂസ് സാറിന്റെ തൂലികയിൽ പിറന്നത്. മലയാള സിനിമ മാത്രമല്ല, ലോകസിനിമയെ പോലും സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് മാത്യൂസ് സാർ. എക്‌സലന്റ് തിരക്കഥാകൃത്താണ് അദ്ദേഹം. അദ്ദേഹം ഇതുവരെ എഴുതിയ ചിത്രങ്ങൾ പോലെയല്ല, വേറിട്ടൊരു തിരക്കഥാകൃത്തിനെ അതിരനിൽ കാണാം. നവാഗത സംവിധായകനായ എനിക്ക് അദ്ദേഹത്തിന്റെ സപ്പോർട്ട് വളരെ വലുതായിരുന്നു. എന്റെ നിർദ്ദേശങ്ങൾ പരിഗണിച്ചതിനൊപ്പം വ്യത്യസ്തമായി ചിത്രം ഒരുക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം എന്നെ സഹായിച്ചു.

subscribe

നിരഞ്ജ് യുവനിരയിലെ താരം
-നിരഞ്ജ് / രാജ്കുമാർ

Categories:

മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാറായ തിക്കുറിശ്ശിയാണ് നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ മകന് നിരഞ്ജ് എന്ന് പേരിട്ടത്. കുട്ടി ഭാവിയിൽ വലിയ നടനാകുമെന്നും തിക്കുറിശ്ശി പ്രവചിച്ചു. ബ്ലാക് ബട്ടർഫ്‌ളൈ എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തിലാണ് നിരഞ്ജ് സിനിമയിൽ എത്തിയത്. ബോബി എന്ന ചിത്രത്തിലൂടെ നായകനായി. ഓണക്കാലത്ത് പ്രദർശനത്തിനെത്തിയ ഫൈനൽസ് നടനെന്ന നിലയിൽ നിരഞ്ജിനെ അടയാളപ്പെടുത്തുന്ന ചിത്രമാണ്. ഫൈനൽസിലെ മാനുവലായി നിരഞ്ജ് ഗംഭീര പ്രകടനമാണ് നടത്തിയത്. നിരഞ്ജ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

 • പരാജയത്തിൽ നിരാശ തോന്നിയില്ല

ഫൈനൽസ് ഇറങ്ങിയപ്പോൾ ഒരുപാട് നല്ല അഭിപ്രായം വന്നു. മികച്ച നടനാവാൻ പഠിച്ചുകൊണ്ടേയിരിക്കണം. ഓരോ സിനിമ കഴിയുമ്പോഴും മെച്ചപ്പെടുന്നു എന്ന തോന്നലാണ്. ഇനിയും മെച്ചപ്പെടാനുണ്ട്. അതിനായി ഞാൻ പരമാവധി ശ്രമിക്കും. സിനിമയിൽ നായകനായി തുടങ്ങണം എന്ന ചിന്ത അച്ഛനും എനിക്കും ഉണ്ടായിരുന്നില്ല. സിനിമയുടെ ഭാഗമാകണമെന്നേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് വില്ലനായി തുടങ്ങിയത്. ബോബി എന്ന സിനിമയിലാണ് നായകനായത്. ആദ്യമായി നായകനാകുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നു. ആദ്യ ചിത്രം ബ്ലാക് ബട്ടർഫ്‌ളൈസ് വിജയിച്ചില്ല. എന്നാൽ, പരാജയത്തിൽ നിരാശ തോന്നിയതേയില്ല. മറ്റുള്ളവർ നമ്മളെപ്പറ്റി നെഗറ്റീവായി ചിന്തിക്കുമ്പോൾ, അതിനെ ലക്ഷ്യത്തിൽ എത്താനുള്ള മോട്ടിവേഷനായി എടുക്കുകയാണ് വേണ്ടത്. എല്ലാവരും എപ്പോഴും പ്രശംസിച്ചുകൊണ്ടിരുന്നാൽ മുന്നോട്ടുള്ള യാത്രയുണ്ടാവില്ല. എന്റെ ആദ്യ സിനിമയുടെ പരാജയത്തിനുശേഷം ഫഹദിക്ക അച്ഛനോട് പറഞ്ഞു, ആത്മവിശ്വാസം കൈവിടേണ്ട, തിരിച്ചുവരാൻ കഴിയും. അതു ശരിയാണെന്നാണ് എനിക്കും തോന്നുന്നത്. ആദ്യം കുറച്ചു വീഴ്ചകൾ വരും. കഷ്ടപ്പെടുന്നതിന് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കും എന്നുതന്നെയാണ് വിശ്വാസം.

ആദ്യ ചിത്രം പരാജയമായപ്പോൾ, എന്നിൽ വലിയ പ്രതീക്ഷയൊന്നും വേണ്ടെന്നു ചിന്തിച്ചവരുണ്ട്. എന്നാൽ, ഞാനതിനെ വെല്ലുവിളിയായി സ്വീകരിച്ചു. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും എന്നെങ്കിലും തിരിച്ചുവരാനാവും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ മാസ്‌റ്റേഴ്‌സ് പഠനകാലത്ത് സിനിമയെ കൂടുതൽ മനസിലാക്കാൻ ശ്രമിച്ചു. അവിടെ എനിക്ക് ഒരുപാട് ഫ്രീ ടൈം കിട്ടി. വിവിധ സംസ്‌കാരത്തിൽ നിന്നുള്ളവരുമായി ഇടപഴകാൻ സാധിച്ചു. ഇൻഹിബിഷൻസ് മാറുമ്പോഴാണ് കൂടുതൽ സ്വാഭാവികമായി അഭിനയിക്കാൻ കഴിയുക. ഇതിനായി പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി. അതെല്ലാം അഭിനയത്തിലും സഹായിച്ചു.

 • ഫൈനൽസിലെ മാനുവൽ

ഫൈനൽസിന്റെ സംവിധായകൻ അരുൺ ചേട്ടന് മാനുവൽ എന്ന കഥാപാത്രത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. മാനുവലിനെക്കുറിച്ച് കൃത്യമായി അദ്ദേഹം പറഞ്ഞുതന്നു. കട്ടപ്പനയിലായിരുന്നു ഫൈനൽസിന്റെ ഷൂട്ടിങ്. ഷൂട്ടിങ്ങിനിടയിൽ പ്രദേശവാസികളുമായി ഇടപഴകാനും അവരെപ്പറ്റി കൂടുതൽ അറിയാനും സാധിച്ചു. അവരിലൊരാളായി ഞാൻ എന്നെ സങ്കൽപ്പിച്ചപ്പോൾ കാര്യങ്ങൾ എളുപ്പമായി. അച്ഛൻ മുഴുവൻ സമയവും ലൊക്കേഷനിൽ ഉണ്ടായിരുന്നു. എന്നാൽ, അഭിനയത്തിനായി നിർദ്ദേശങ്ങളൊന്നും നൽകിയില്ല. ചിത്രം പൂർത്തിയായ ശേഷമാണ് അച്ഛൻ കണ്ടത്. അച്ഛനു വലിയ സന്തോഷമായി. നന്നായി ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

 • അച്ഛൻ സഹായിക്കില്ല

ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിൽ എത്തിയതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായ കാലം മുതലുള്ള കാര്യങ്ങൾ. ഞങ്ങൾ അതൊന്നും മറക്കാറില്ല, എന്നാലും ഇടയ്‌ക്കൊക്കെ അച്ഛൻ അക്കാലം ഓർമിപ്പിക്കും. സിനിമയിൽ അച്ഛൻ എന്ന സഹായിക്കുകയോ എനിക്കു വേണ്ടി ശുപാർശ ചെയ്യുകയോ ചെയ്തിട്ടില്ല. ഫൈനൽസിൽ പോലും കഥാപാത്രത്തിന് അനുയോജ്യമായതിനാലാണ് എന്നെ തെരഞ്ഞെടുത്തത്. ചിത്രത്തിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രത്തിന് അധിക പ്രാധാന്യമൊന്നും നൽകിയിട്ടില്ല. രജിഷയുടെയോ സുരാജേട്ടന്റെയോ എന്റെയോ കഥാപാത്രത്തെ ഫോക്കസ് ചെയ്യുന്ന ചിത്രമല്ല ഫൈനൽസ്. കഥയ്ക്കാണ് പ്രധാന്യം. അങ്ങനെയൊരു കഥയിൽ കഥാപാത്രം എനിക്ക് അനുയോജ്യമാണെന്നും കഥാപാത്രത്തിന്റെ വിജയത്തിനായി ഞാൻ ശ്രമിക്കും എന്ന ബോധ്യം ഉള്ളതിനാലുമാണ് ഞാൻ ചിത്രത്തിന്റെ ഭാഗമായത്. അഭിനയത്തിനായി കഷ്ടപ്പെടാൻ ഞാൻ തയാറാണെന്ന് അച്ഛനറിയാം. അച്ഛൻ നടനായതിനാൽ സിനിമ പ്രവേശം എളുപ്പമാണ്. എന്നാൽ, സിനിമയിൽ തുടരാൻ ഞാൻ നന്നായി കഷ്ടപ്പെടണം.
നല്ല സിനിമകൾ മാത്രം മതിയെന്നാണ് തീരുമാനം. ഫൈനൽസിലെ പ്രകടനത്തെപ്പറ്റി നല്ല അഭിപ്രായമാണ് ലഭിച്ചത്. ഇനിയൊരു സിനിമ ചെയ്യുമ്പോൾ അത് മോശമായാൽ ഫൈനൽസിലെ പ്രകടനം പ്രേക്ഷകർ മറക്കും. പകരം പുതിയ സിനിമയിലൂടെയാവും അവർ ജഡ്ജ് ചെയ്യുക. അപ്പോൾ അടുത്ത സിനിമയുടെ വിജയം തെരഞ്ഞെടുക്കലിനും കഥാപാത്രത്തോടുള്ള സമീപനത്തിനും അനുസരിച്ചിരിക്കും.

subscribe

ഹിമഗിരി ശൃംഗത്തിലേക്ക്
-അരുൺ ടോം

Categories:

ഹിമാലയം, ഒരു സ്വപനമായിരുന്നു… മഞ്ഞുമലകൾ ചവിട്ടി കൊടുമുടികൾ കീഴടക്കാനുള്ള മനസിന്റെ വെമ്പൽ സ്വപ്‌നമായി പെയ്തിറങ്ങിയ എത്രയോ രാവുകൾ… പൗലോ കൊയ്‌ലോയുടെ വാക്കുകളെ മുറുകെ പിടിച്ചു നടന്ന ദിനങ്ങൾ… സത്യമായിരുന്നു ആ വാക്കുകൾ…
നമ്മൾ ഒരു കാര്യം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആഗ്രഹം ദൃഢമാണെങ്കിൽ അത് വന്നു ചേരാൻ നമുക്കു ചുറ്റുമുള്ള അദൃശ്യശക്തികളെല്ലാം കൂടെയുണ്ടാകുമെന്ന് തെളിയിച്ചുകൊണ്ട് ഞാനും ഭാര്യയും സുഹൃത്തുക്കളായ നിമേഷും രാകേഷും ഹിമാലയൻ കൊടുമുടികൾ കയറാൻ പുറപ്പെട്ടു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നായിരുന്നു യാത്ര. രാത്രിയായിരുന്നു ഡൽഹി ഫ്‌ളൈറ്റ്. ഞങ്ങളെ എയർപോട്ടിൽ കൊണ്ടുവിടാൻ പ്രിയ സുഹൃത്തുക്കൾ ബിൻസും ആൽഫിയും സനുവുമുണ്ടായിരുന്നു. മലപ്പുറത്തു നിന്ന് നിമേഷും കോഴിക്കോട്ടു നിന്ന് രാകേഷും നേരെ എയർപോട്ടിലേക്കാണ് എത്തിയത്. കൊച്ചിയോടു ടാറ്റാ പറഞ്ഞ് ഞങ്ങൾ നാലുപേരും സ്വപ്നലോകത്തേക്കു പറന്നുയർന്നു.

രാവിലെ 5.30-ന് ഡൽഹിയിൽ ലാൻഡ് ചെയ്തു. ആദ്യദിനം ഡൽഹി ചുറ്റിക്കറങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പക്ഷേ, കേരളഹൗസിൽ മുറി കിട്ടാത്തതുകൊണ്ട് താജ്മഹൽ കാണാൻ നേരെ ആഗ്രയ്ക്കു ട്രെയിൻ കയറി. ആഗ്ര സ്റ്റേഷനിൽ ഞങ്ങളെ സ്വാഗതം ചെയ്തത് ടാക്‌സി ഡ്രൈവർമാരും റിക്ഷാവാലകളും റൂം ഏജന്റുമാരുമാണ്. ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെടുകയെന്നത് ശ്രമകരമായ ജോലിയാണ്. പുസ്തകങ്ങളിലും ചിത്രങ്ങളിലും മാത്രം കണ്ടുപരിചയമുള്ള ആ വെണ്ണെക്കൽ കൊട്ടാരത്തിന് ഉള്ളിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ഷാജഹാന് മുംതാസിനോടുള്ള പ്രണയം ഒരോ ചുവരുകളിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു. മുംതാസിന്റെ ശവകുടീരം കണ്ട് തിരിച്ചിറങ്ങിയ ഞങ്ങൾ കുറച്ച് നേരം ആ പ്രണയസൗധത്തിന്റെ പിറകിൽ യമുനാ നദിയെ നോക്കി അലസമായി ഇരുന്നു. വെണ്ണക്കല്ലിനെ തഴുകി കടന്നുപോകുന്ന കാറ്റിനും ഒഴുകുന്ന നദിക്കും പ്രണയത്തിന്റെ ഭാവമാണ്. സഞ്ചാരികളുടെ തിരക്കേറിയപ്പോൾ താജ്മഹലിനോട് യാത്ര പറഞ്ഞ് അടുത്ത ലക്ഷ്യമായ ആഗ്രകോട്ടയിലേക്കു നടന്നു.

താജിൽ നിന്ന് നോക്കിയാൽ കാണാവുന്ന ദൂരമേ ആഗ്രകോട്ടയ്ക്കുള്ളതെങ്കിലും നടന്നു തുടങ്ങിയപ്പോഴാണ് നല്ല ദൂരം ഉണ്ടെന്നു മനസിലായത്. മുഗൾ ചക്രവർത്തി അക്ബർ പണി കഴിപ്പിച്ചതാണ് ആഗ്ര കോട്ട. കോട്ടയ്ക്കുള്ളിലെ മൂസമ്മൻ ബുർജിൽ നിന്ന് താജ്മഹൽ മനോഹരമായി വീക്ഷിക്കാനാകും. പുത്രനായ ഔറംഗസീബ് തടവിലാക്കിയതിനെത്തുടർന്ന് ഷാജഹാൻ തന്റെ ജീവിതത്തിന്റെ അവസാന ഏഴുവർഷം കഴിച്ചുകൂട്ടിയത് മൂസമ്മൻ ബുർജിൽ ആയിരുന്നു എന്നും പറയപ്പെടുന്നു. കോട്ടയ്ക്കുള്ളിലെ വഴികളെക്കുറിച്ച് കൃത്യമായ നിർദേശം നൽകാൻ ആരും ഇല്ലാത്തതുകൊണ്ട് പലപ്പോഴും വഴി തെറ്റി കോട്ടയ്ക്കുള്ളിൽ എവിടെയ്ക്കയോ എത്തി. തിരിച്ചിറങ്ങാനോ മുന്നോട്ട് പോകാനോ വഴിയറിയാതെ പലപ്പോഴും കുഴങ്ങി.

കോട്ടയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് രാകേഷ് പറയുന്നത് ആസിഡ് ആക്രമണത്തിന്റെ ഇരകൾ നടത്തുന്ന ഒരു കഫേ ആഗ്രയിൽ ഉണ്ടെന്ന്. നന്നായി വിശക്കുന്നുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ നേരെ ഷീറോസ് ഹാങ്ഔട്ട് കഫേയിലേക്ക് ഓട്ടോ പിടിച്ചു. രാത്രിയോടെ ഞങ്ങൾ തിരികെ ഡൽഹിയിലെത്തി. ആഗ്രയിൽ വച്ചുതന്നെ മൊബൈൽ ആപ് വഴി രാകേഷ് ഡൽഹിയിൽ റൂം ബുക്ക് ചെയ്തിരുന്നതുകൊണ്ട് ഞങ്ങൾ നേരേ ഹോട്ടലിലേക്കാണു പോയത്.

subscribe

കുട്ടികളുടെ പോഷണം, ആരോഗ്യം വെല്ലുവിളികളും പരിഹാരങ്ങളും
-ഡോ. മിനി സി. BHMS. MSc (Clinical Nturi.)

Categories:

മനുഷ്യജീവിതത്തിൽ ഏറ്റവും സുന്ദരവും ലളിതവും എന്നും ഓർമകളിൽ മിന്നിമറയുന്നതുമായ ഘട്ടമാണ് കുട്ടിക്കാലം. അതേസമയം, ആരോഗ്യപരമായി ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്ന കാലം കൂടിയാണ് കുട്ടിക്കാലം. യഥാർത്ഥത്തിൽ, വ്യക്തിജീവിതത്തിന്റെ അടിത്തറ പാകുന്ന സമയം തന്നെയാണ് ബാല്യം. ശാരീരികതലത്തിൽ മാത്രമല്ല, ബൗദ്ധികവും മാനസികവും പിന്നെ, സാമൂഹികവുമായ തലങ്ങളിൽ വ്യക്തിയുടെ വളർച്ചയ്ക്കു തുടക്കം കുറിക്കുന്നത് ബാല്യത്തിലാണ്. പക്ഷേ, ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്ന സമയവും കുട്ടികാലമണ്. രണ്ടു കാരണങ്ങളാണിതിനുള്ളത്. ഒന്ന്, ആ കാലയളവിൽ കുട്ടിയുടെ എല്ലാ കാര്യങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുടുംബത്തെ ആശ്രയിച്ചിരിക്കുന്നു. അവനവനുവേണ്ടി ചിന്തിക്കാനോ പ്രവർത്തിക്കാനോ സാധിക്കില്ല. ജീവശാസ്ത്രപരമായ പല പോരായ്മകളും ബലഹീനതകളും അപൂർണതകളും ആണ് രണ്ടാമത്തെ കാരണം.

‘ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം’ ഒരു ആപ്തവാക്യം തന്നെ. നാളെത്തെ സമൂഹത്തിന്റെ വാഗ്ദാനങ്ങളെ ആരോഗ്യത്തോടെ വളർത്തിയെടുക്കുക എന്നുള്ളത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ ആദ്യഘടകമായ കുടുംബം തന്നെയാണ് ഇത് ഏറ്റെടുക്കേണ്ടത്. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസിനു സ്ഥാനം. അതുകൊണ്ടുതന്നെ എങ്ങനെ കുട്ടിക്കാലത്തെ ആരോഗ്യപരമായി വളർത്തി കൗമാരത്തിലേക്കു കൈ പിടിച്ചു കയറ്റാം എന്നു നോക്കാം. ഈ അവസരത്തിൽ നമുക്കു പോഷണ സംബന്ധമായ കാര്യങ്ങൾ പരിശോധിക്കാം.

ബാല്യകാലത്തെ നമുക്കു ശാസ്ത്രീയമായി മൂന്നായി വിഭജിക്കാൻ പറ്റും. ജനനം മുതൽ രണ്ടു വയസുവരെയുള്ള സമയം ശൈശവം. മൂന്നു മുതൽ അഞ്ചു വയസുവരെയുള്ള ബാല്യത്തിന്റെ ആദ്യഘട്ടം, പിന്നെ അഞ്ചു വയസു മുതൽ പന്ത്രണ്ട് വയസ് വരെ ഉള്ളത്. ആദ്യത്തെ രണ്ടു ഘട്ടങ്ങളും ഒരു പരിധിവരെ നല്ല നിലയ്ക്കു പോകാറുണ്ട്. കാരണവും വളരെ വ്യക്തം, ഒരു കുട്ടി ഈ കാലമത്രയും ആഹാരകാര്യത്തിൽ മറ്റുള്ളവരെ ഏകദേശം പൂർണമായും ആശ്രയിക്കുന്നു. മൂന്നാമത്തെ ഘട്ടത്തിൽ ആഹാരലഭ്യത അതേ രീതിയിൽ ആണെങ്കിലും കുട്ടികൾ സ്‌കൂൾ എന്ന പുതിയ ഒരു അന്തരീക്ഷത്തോടു പൊരുത്തപ്പെട്ടു തുടങ്ങും. അതോടൊപ്പം സ്വന്തമായി ഭക്ഷണം കഴിക്കുകയും പുതിയ ഭക്ഷണശീലങ്ങൾ അനുകരിക്കുകയും ചെയ്യും. ഈ പുതുമയ്ക്ക് അതിന്റേതായ നല്ല വശവും അതോടൊപ്പം ദൂഷ്യവശങ്ങളും ഉണ്ട്. ഈ പ്രായത്തിൽ സ്ഥിരമായി കാണപ്പെടുന്ന ചില ആരോഗ്യപോഷണ സംബന്ധമായ അവസ്ഥകളെക്കുറിച്ചു പഠിക്കാം. പല തരത്തിലെ പോഷണക്കുറവുകൾ പിൻകാലങ്ങളിൽ സങ്കീർണമായ പ്രശ്‌നങ്ങളിലേക്കു കുട്ടികളെ നയിക്കാറുണ്ട്. ഇതുമൂലം കുട്ടിയുടെ പ്രതിരോധശേഷി കുറയുകയും തന്മൂലം ഉണ്ടാകുന്ന രോഗങ്ങൾക്കായി മരുന്ന് ആരായുകയും ചെയ്യേണ്ടി വരാറുണ്ട്. ശരിയായ മാത്രയിൽ ലഭിക്കേണ്ട പോഷകഘടകങ്ങളുടെ അഭാവത്തിൽ ഒരു കുട്ടി പലതരത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം.

subscribe