സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവിൽ, സത്യൻ അന്തിക്കാടിന്റെ ‘മനസിനക്കരെ’യുടെ ലൊക്കേഷനിലേക്ക് കടന്നുചെല്ലുമ്പോഴാണ് ആ ശബ്ദം വീണ്ടും എന്റെ കാതുകളിലേക്ക് ഒഴുകിയെത്തിയത്. ‘കറുത്തമ്മാ… കറുത്തമ്മയ്ക്ക് എന്നെ വിട്ടുപോകാൻ കഴിയുമോ?’ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഷൂട്ടിങ് കാണാനെത്തിയ പയ്യൻമാരിൽ ഒരാളാണ് ആ ഡയലോഗ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നുത്. അത് വലിയൊരു കോംപ്ലിമെന്റാണ്. കഥാപാത്രങ്ങളിലൂടെ നടനെ ഓർക്കുക എന്നത്. മധു സാറിന് ലഭിക്കുന്ന ഒരംഗീകാരമായി ഞാനതിനെ കാണുന്നു. പല സംഭാഷണത്തിനിടക്കും ചെമ്മീനിലെ പരീക്കുട്ടിയെക്കുറിച്ച് സാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ അഡ്രസ് ഒന്നുകൊണ്ടുമാത്രമാണ് താൻ ഇന്നും സിനിമാ ഫീൽഡിൽ നിൽക്കുന്നതെന്നൊക്കെ തമാശയായി മധു സാർ പറയാറുണ്ട്.

ഞാനും മധു സാറും ഏതാണ്ട് പത്തു നാൽപത്തിയഞ്ചോളം ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചു എന്നാണ് എന്റെ ഓർമ. 1963-ൽ പുറത്തുവന്ന ‘മൂടുപട’മാണ് ഞങ്ങൾ ഒരുമിച്ചഭിനയിച്ച് റിലീസാവുന്ന സിനിമ. ചന്ദ്രതാരയുടെ ബാനറിൽ പരീകുട്ടി സാഹിബ്ബ് നിർമിച്ച് രാമുകാര്യാട്ട് സംവിധാനം ചെയ്ത മൂടുപടം അക്കാലത്തെ വലിയൊരു ഹിറ്റ് ചിത്രമായിരുന്നു. ഷീല എന്ന നായികയെയും മധുവെന്ന നടനെയും മലയാളികൾ ഏറ്റുവാങ്ങിയ ഒരു ചിത്രമെന്ന സവിശേഷതയും ആ ചിത്രത്തിനുണ്ട്. ഞങ്ങളുടെ വളർച്ചയുടെ ഗതി നിർണയിച്ചൊരു ചിത്രമെന്നുംകൂടി പറയാം. സത്യൻ, പ്രേംനസീർ എന്നീ രണ്ട് നായകന്മാരായിരുന്നു അന്നത്തെ പ്രമുഖ താരങ്ങൾ. അവർക്കിടയിലേക്ക് മറ്റൊരു നായകൻ കൂടി കടന്നുവരുകയായിരുന്നു. മലയാളത്തിന് ലഭിച്ച ആ രണ്ട് വലിയ നടന്മാരും ജന്മം കൊണ്ട് തിരുവനന്തപുരംകാരായിരുന്നു. മൂന്നാമനായെത്തിയ മധു എന്ന മെലിഞ്ഞ് നീണ്ടുയരമുള്ള നടനും തിരുവനന്തപുരംകാരൻ തന്നെയായി എന്നത് മറ്റൊരു ചരിത്രം.

ഒരുപാട് കഥാപാത്രങ്ങളെ മനോഹരമായി എനിക്ക് അവതരിപ്പിക്കാൻ കഴിഞ്ഞത് സത്യൻ മാഷിന്റെയും നസീർ സാറിന്റെയും മധു സാറിന്റെയുമൊക്കെ സപ്പോർട്ട് ഒന്നുകൊണ്ടുമാത്രമാണ്. മധു സാറിനെ ഓർക്കുമ്പോൾ പരീക്കുട്ടിയും ഷീലയെ ഓർക്കുമ്പോൾ കറുത്തമ്മയും പ്രേക്ഷകന്റെ മനസിൽ തെളിയുന്നത് ആ കഥാപാത്രങ്ങളുടെ ശക്തികൊണ്ടുതന്നെയാണ്. പ്രണയവും വിരഹവും ദുരന്തവും നിറഞ്ഞ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും ജീവിതം മധുസാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ചിത്രമായിരുന്നു ചെമ്മീൻ. തകഴിയുടെ വിശ്വ പ്രസിദ്ധനോവലിന്റെ ചലച്ചിത്രാവിഷ്‌കരണം, രാമു കാര്യാട്ടിന്റെ സംവിധാനം, ഇസ്മായിൽ സേട്ടെന്ന കൊച്ചു പയ്യൻ നിർമിച്ച ചിത്രം, മാർക്കസ് ബർട്ട്‌ലി എന്ന വിദേശ ഛായാഗ്രാഹകന്റെ ക്യാമറ. ഋഷികേശ് മുഖർജി എഡിറ്റിങ് നിർവഹിച്ച ആദ്യമലയാള ചിത്രം…. അങ്ങനെ ഒരുപാട് സവിശേഷതകൾ നിറഞ്ഞ ചെമ്മീനിലെ നായകനായി അഭിനയിച്ച് മലാളിയുടെ മനസുകളിൽ ഒരു അത്യുന്നതസ്ഥാനം നേടിയെടുക്കാൻ മധു സാറിന് കഴിഞ്ഞത്, ഒരു പക്ഷേ കാലം കാത്തുവച്ച നിയോഗമായിരിക്കാം. ആ നിയോഗത്തിൽ ഒരെളിയ പങ്ക് ഞാനും നിർവഹിച്ചു എന്നത് ഉൾപുളകത്തോടെ ഞാൻ സ്മരിക്കുന്നു. ഇത്തിരപ്പോന്ന മലയാള സിനിമയിൽനിന്ന് ദേശീയാംഗീകാരത്തിന്റെ തിളക്കവുമായി ചെമ്മീൻ ലോകചലച്ചിത്ര വിഹായസിലേയ്ക്ക് തന്നെ പറന്നുയർന്നു. സ്വാഭാവികമായും ആ ചിത്രത്തിന്റെ നായകനും നായികയും പ്രേക്ഷകമനസുകളെ കീഴടക്കുകതന്നെ ചെയ്യുമല്ലോ. അങ്ങനെ മധു-ഷീല എന്നൊരു താരജോഡി തന്നെ മലയാളി പ്രേക്ഷകന്റെ മനസ്സിൽ ഇടം തേടുകയായിരുന്നു. ഒട്ടേറെ വിജയചിത്രങ്ങളിലും പരാജയചിത്രങ്ങളിലും ഞങ്ങളുടെ ആ ജോഡി തുടരുകയുണ്ടായി. ‘മാന്യശ്രീ വിശ്വാമിത്രനി’ലൂടെയാണ് മധു എന്ന സംവിധായകന്റെ കഴിവ് ഞാൻ ശരിക്കും അറിയുന്നത്. ഞാൻ ആദ്യം സംവിധാനം ചെയ്ത ‘യക്ഷഗാന’ത്തിൽ മധു സാറിനും അഭിനയിക്കാൻ കഴിഞ്ഞിരുന്നു.

subscribe