മലയാള സിനിമയിലെ ഹാസ്യതാരങ്ങളിൽ പ്രമുഖനാണ് കലാഭവൻ ഷാജോൺ. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ ഷാജോൺ, കോമഡി, വില്ലൻ, ക്യാരക്ടർ വേഷങ്ങളിലൂടെ സിനിമയിൽ സജീവ സാന്നിധ്യമായി. ദൃശ്യത്തിലെ വില്ലൻ വേഷം ഷാജോണിനു നൽകിയത് പുതിയൊരു ഇമേജാണ്. ഇപ്പോൾ സംവിധായകനായി ക്യാമറയിക്കു പിന്നിലും അദ്ദേഹം എത്തി. പൃഥ്വിരാജ് നായകനായി അഭിനയിച്ച ബ്രദേഴ്‌സ് ഡേക്ക് തിരക്കഥ ഒരുക്കിയതും ഷാജോൺ ആണ്. ഷാജോൺ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

  • ക്യാമറയ്ക്കു പിന്നിൽ ആദ്യമായി

ക്യാമറയ്ക്കു മുന്നിൽ നിന്ന് പിന്നിൽ വന്നപ്പോൾ എനിക്കങ്ങനെ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എല്ലാവരും പരിചയമുള്ളവരും ഒപ്പം പ്രവർത്തിച്ചിട്ടുള്ളവരുമായിരുന്നു. മുന്നിൽ നിന്ന് അഭിനയിക്കുന്നു, ഇത് പിന്നിൽ നിന്ന് അഭിനയിപ്പിക്കുന്നു എന്നതല്ലാതെ മറ്റൊന്നിനെപ്പറ്റിയും ചിന്തിച്ചതേയില്ല. എന്റെ മനസിലുള്ള സിനിമയെ പകർത്താനാണ് ശ്രമിച്ചത്. സത്യത്തിൽ അതിനെ ഡയറക്ഷൻ എന്നുപറയാമോ, ഇതാണോ ഫിലിം മേക്കിങ് എന്നൊന്നും എനിക്കറിയില്ല. മനസിലുള്ള ഒരു സിനിമ ഞാൻ എഴുതി, അതുപോലെ അതു ചിത്രീകരിക്കാനും ഞാൻ ശ്രമിച്ചു. അതിനപ്പുറം ക്യാമറയ്ക്കു മുന്നിലാണോ പിന്നിലാണോ എന്നൊന്നും ഞാൻ ചിന്തിച്ചില്ല. കൂടെയുള്ളവരെല്ലാം വലിയ സപ്പോർട്ട് ആയിരുന്നു. നന്നായി എടുക്കാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം.

  • സംവിധായകനായത് ഇങ്ങനെ

വർഷങ്ങൾക്കു മുമ്പ് തോന്നിയതാണ് ബ്രദേഴ്‌സ് ഡേയുടെ ത്രെഡ്. അതിനെ വികസിപ്പിച്ചുകൊണ്ടിരുന്നു. ദൃശ്യം കഴിഞ്ഞപ്പോൾ സിനിമയിൽ കുറച്ചുതിരക്കായി. അപ്പോൾ ഇതു മാറ്റിവച്ചു. കുറച്ചുവർഷത്തിനുശേഷം വീണ്ടും പൊടിതട്ടിയെടുത്തുനോക്കി. സുഹൃത്തുക്കളെ വായിച്ചുകേൾപ്പിച്ചപ്പോൾ ഒന്നുകൂടി പുതുക്കിയെടുത്താൽ നന്നായിരിക്കും എന്നാണ് അവർ പറഞ്ഞത്.
മൂന്നു വർഷം മുമ്പാണ് രാജുവിനോട് (പൃഥ്വിരാജ്) കഥ പറഞ്ഞത്. സത്യത്തിൽ മറ്റാരെകൊണ്ടെങ്കിലും സംവിധാനം ചെയ്യിക്കാം എന്നായിരുന്നു മനസിൽ. എന്നാൽ, രാജുവാണ് ഇതു ചേട്ടന് സംവിധാനം ചെയ്തുകൂടെ എന്നുചോദിച്ചത്. മനസിൽ സംവിധാനം എന്ന ആഗ്രഹമുണ്ടായിരുന്നു എന്നത് സത്യമാണ്. എന്റെ മാത്രമല്ല, സിനിമയിലുള്ള എല്ലാവരുടെയും ആഗ്രഹമാണത്. അതല്ലാതെ സംവിധാനത്തെപ്പറ്റി ഗൗരവത്തോടെ ചിന്തിച്ചിട്ടില്ല. അത്യാവശ്യം സിനിമയൊക്കെ ഇപ്പോഴുണ്ട്, സംവിധാനം ചെയ്യണോ എന്നാണ് ഞാൻ രാജുവിനോട് ചോദിച്ചത്. ചേട്ടനിതു ചെയ്യാൻ പറ്റും, ചേട്ടൻ ഡയറക്ട് ചെയ്താൽ ഞാൻ ഡേറ്റ് തരാം എന്നാണ് രാജു പറഞ്ഞത്. രാജുവിന് എന്നിൽ തോന്നിയ കോൺഫിഡൻസ്, അതാണ് എന്നെ സംവിധായകനാക്കിയത്.

  • ലൂസിഫറിനു ശേഷം പൃഥ്വിരാജ്

ഹീറോ മാത്രമല്ല, നല്ലൊരു നടനും കൂടിയാണ് രാജുവെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹം ഗംഭീര ഫിലിം മേക്കറാണ് എന്ന് ലൂസിഫറിലൂടെ തെളിയിച്ചു. അതിനുശേഷം അദ്ദേഹം നായകനായി അഭിനയിക്കുന്ന ചിത്രം ഡയറക്ട് ചെയ്യാൻ പറ്റി എന്നത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.
രാജുവിന്റെ കാര്യത്തിൽ ഞാൻ വളരെ ഭാഗ്യവാനാണ്. ഒരു കഥ ഉണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ രാജു കേൾക്കാൻ തയാറായി. കേട്ടയുടൻ ഞാനിതു ചെയ്യാം എന്നുപറഞ്ഞു. സംവിധാനം ചെയ്യാൻ എന്നെ അദ്ദേഹം നിർബന്ധിച്ചു. അപ്പോൾ എന്തുകൊണ്ടും ഞാൻ വളരെ ഭാഗ്യവാനാണ്. പ്രത്യേകിച്ച് ലൂസിഫറിനു ശേഷം രാജു അഭിനയിക്കുന്ന ചിത്രം. ലൂസിഫറിനു ശേഷമുള്ള രാജുവിന്റെ ചിത്രം എന്നുപറയുമ്പോൾ, എല്ലാവരും എന്നോട് ചോദിച്ചു, പൃഥ്വിരാജ് എങ്ങനെയുണ്ടായിരുന്നു ലൊക്കേഷനിൽ. സംവിധാനത്തിൽ ഇടപെടുമായിരുന്നോ. നിർദ്ദേശങ്ങൾ പറയുമായിരുന്നോ എന്നൊക്കെ. എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു രാജു. സത്യം പറഞ്ഞാൽ, ഞാൻ അങ്ങോട്ടുപറയുമ്പോഴാണ് രാജു ഞാൻ എടുത്ത സീൻ പോലും കാണുന്നത്. ഞാൻ ആദ്യം വിചാരിച്ചു, എന്താണ് രാജു ഇങ്ങനെ. രാജുവിന്റെ നിർദ്ദേശങ്ങൾ ഞാനും ആഗ്രഹിച്ചിരുന്നു. രാജു പറഞ്ഞത്, ചേട്ടാ ഞാനിത് എൻജോയ് ചെയ്യാൻ വേണ്ടി വരുന്ന സിനിമയാണ്, ഇത് ചേട്ടൻ നന്നായി ചെയ്യും എന്നെനിക്കറിയാം, ചേട്ടന്റെ ജോലി ചേട്ടൻ ചെയ്‌തോളൂ എന്നാണ്.
ഞാനാണ് രാജുവിനോട് എടുത്ത സീനുകൾ കാണണം, എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ പറയണം എന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ചേട്ടാ ഒരു ടെൻഷനും വേണ്ട. ചേട്ടൻ നന്നായി ചെയ്യുന്നുണ്ട്. എന്നോട് കഥ പറഞ്ഞതുപോലെ ചേട്ടൻ സിനിമയെടുക്ക്. ചേട്ടനു വേണ്ട എല്ലാ സപ്പോർട്ടുമായി ഞാനുണ്ട് എന്നാണ് രാജു പറഞ്ഞത്. ഒന്നിലും അനാവശ്യമായി ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്തില്ല. എന്നോടൊപ്പം വർക്ക് ചെയ്തവർ തന്നെ പറഞ്ഞു, ചേട്ടാ രാജു ചേട്ടൻ ഇത്രയധികം ചേട്ടനെ വിശ്വസിച്ച് ജോലി ചെയ്യുക എന്നു പറയുന്നത് ഭയങ്കര അത്ഭുതമാണ്. രാജുവിന്റെ കൂടെയുള്ളവർ പോലും ഇതെന്നോട് പറഞ്ഞു.
രാജു ജോയിൻ ചെയ്ത ദിവസം എട്ടുപേരുള്ള ഒരു സീനാണ് എടുത്തത്. രാജു, വിജയരാഘവൻ ചേട്ടൻ, ഐശ്വര്യ ലക്ഷ്മി, ദിനേശ് പണിക്കർ ചേട്ടൻ ഉൾപ്പെടെയുള്ളവരാണ് ഉണ്ടായിരുന്നത്. അന്നത്തെ ഷൂട്ടിങ് കഴിഞ്ഞ് രാത്രി രാജു എന്നെ വിളിച്ചു. ചേട്ടാ ഞാൻ ഒരു ഹാപ്പി ന്യൂസ് പറയാൻ വിളിച്ചതാണ്. എന്താണെന്നായി ഞാൻ. രാജു പറഞ്ഞു, ചേട്ടാ ഞാൻ ഭയങ്കര ഹാപ്പിയാണ്, ഞാൻ വിചാരിച്ചതിന്റെ നൂറു മടങ്ങ് മുകളിൽ നിന്നുകൊണ്ട് ചേട്ടൻ ചെയ്യുന്നുണ്ട്. ഞാൻ ഭയങ്കര ഹാപ്പിയാണ്. ഞാൻ ഇനി കസേരയിൽ വെറുതെ ഇരിക്കുകയേയുള്ളൂ. ഇതുപോലെ ഇനിയങ്ങോട്ടും ചേട്ടൻ ചെയ്താൽ മതി. രാജുവിന്റെ വാക്കുകൾ എനിക്കു തന്ന ആത്മവിശ്വാസം വളരെ വലുതാണ്.

subscribe