ഓണത്തെക്കുറിച്ചു പറയുമ്പോൾ എന്റെ മനസ് നിറമുള്ള ഓർമകളാൽ നിറയും. പാതി മലയാളിയാണെന്ന അഭിമാനവും മലയാളികൾ ഹൃദയപൂർവം ഇപ്പോഴും സ്‌നേഹിക്കുന്നുവെന്ന സന്തോഷവുമാണു കാരണം. ഒണമെന്നാൽ ആളുകളുടെ ഒത്തുചേരലും സ്‌നേഹവുമെന്നാണ് ഞാൻ ആദ്യം പറയുക. രണ്ടാമത്, നല്ല ഒന്നാന്തരം പാൽപ്പായസം. ഓർത്തു നോക്കാൻ തന്നെ എന്തു രസമാണ്. അകലേയുള്ള മക്കളും കൊച്ചുമക്കളും ബന്ധുക്കളുമൊക്കെ തറവാട്ടിൽ വരുക. പിന്നെ അവരുടെ ബഹളം. എല്ലാവരും ഒന്നുചേർന്നുള്ള തമാശ പറച്ചിലുകളും കളിയാക്കലും. ഒന്നിച്ചുള്ള സദ്യയൊരുക്കൽ. കൂട്ടായി ഇരുന്ന് മുറ്റത്ത് പൂവിടുക. സ്വാദോടെ സദ്യയുണ്ണുക. വർഷം മുഴുവൻ ഓടിപ്പാഞ്ഞു നടക്കുന്നതുതന്നെ എല്ലാവരും കൂടെയിരുന്നു സന്തോഷമായി ഓണം ആഘോഷിക്കാനല്ലേ. ആ ഒരൊറ്റ ദിവസത്തിന്റെ ഊർജം പോരേ വർഷം മുഴുവൻ പാറിനടക്കാൻ.

‘കേരളം വല്ലാത്തൊരനുഭവമാണെനിക്ക് മൂന്നു വർഷം മുൻപ് തിരുവനന്തപുരത്ത് പോയിരുന്നു. ശ്രീകുമാരൻ തമ്പി സാറിന്റെ ‘അമ്മയ്‌ക്കൊരു താരാട്ട്’ എന്ന ചിത്രത്തിലഭിനയിക്കാൻ. വെള്ളായണിയിലായിരുന്നു ഷൂട്ട്. വളരെ മനോഹരമായ സ്ഥലമാണ്. പത്തു പതിനഞ്ചു ദിവസം അവിടെയുണ്ടായിരുന്നു. അവിടത്തെ സ്ത്രീകളുടെ സ്‌നേഹം എന്നെ കരയിച്ചു. എത്ര അടുപ്പത്തോടെയാണവർ കൈപിടിക്കുന്നത്. വളരെ ദൂരെനിന്നാണ് അവരൊക്കെ വരുന്നത്. ഇത്ര കഷ്ടപ്പെട്ട് നന്നെ രാവിലെ വീട്ടിൽനിന്നു പുറപ്പെട്ട് ഇവിടെ വരെയെത്തിയത് നിങ്ങളെ കാണാൻ മാത്രമാണെന്ന് അവർ പറയുമ്പോൾ നമ്മൾ കരഞ്ഞുപോകും. പിന്നെ മറ്റൊരു കാര്യമുണ്ട്. പലർക്കും ഞാൻ പാതി മലയാളിയാണെന്നു അറിയില്ല. എന്റെ അപ്പൂപ്പൻ കോഴിക്കോട്ടുകാരനാണ്. സത്യം പറഞ്ഞാൽ മലയാളികൾ, തമിഴ്‌നാട്ടുകാർ, ആന്ധ്രക്കാർ എന്നിങ്ങനെ ആളുകളെ വിവേചിച്ചു പറയുന്നത് എനിക്കിഷ്ടമല്ല. നമ്മളെല്ലാം പുറത്തു പോകുകയാണെങ്കിൽ ഇന്ത്യക്കാർ എന്നു മാത്രമല്ലേ പറയൂ’ – കരുത്തുള്ള കഥാപാത്രത്തിന്റെ ശബ്ദത്തിൽ ശാരദ പറഞ്ഞു. പിന്നെ ഏതോ നല്ലൊരു ഓർമയിൽ ഓണനിലാവുപോലെ പുഞ്ചിരിച്ചു.

subscribe