നന്നായി വസ്ത്രധാരണം ചെയ്ത സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരൻ കഥ പറയുകയാണ്

‘ആരും കൊതിയ്ക്കും ബിരുദക്കാരൻ
പാരം കൊഴുത്ത ചെറുപ്പക്കാരൻ
ധീരൻ സുമുഖൻ പ്രഭുകുമാരൻ
ആരെയും കൂസാത്ത ഭാവക്കാരൻ’

മഹാനായ ആ കഥാപ്രസംഗകാരൻ വി. സാംബശിവന്റെ നവതി അതിവിപുലമായി മലയാളക്കര ആഘോഷിക്കുകയാണ്. കഥാപ്രസംഗ രംഗത്തു അദ്ദേഹം ഉപേക്ഷിച്ചു പോയ സിംഹാസനം അദ്ദേഹത്തിനു മാത്രമുള്ളതാണെന്നു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ആ കലാകാരൻ. തിരുവനന്തപുരത്തും കൊല്ലത്തുമായി വി. സാംബശിവൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച മൂന്നു കഥാപ്രസംഗ മേളകളിലും ജനങ്ങൾ കാണിച്ച ആവേശവും ആഹ്ലാദവും അതാണ് അടിവരയിടുന്നത്. ചിരഞ്ജീവിയാണദ്ദേഹം, എന്ന് രണ്ടാമതൊന്ന് ആലോചിയ്ക്കാതെ പറയാൻ കഴിയുന്ന ബഹുമുഖ പ്രതിഭ. മഹാനായ ആ മനുഷ്യ സ്‌നേഹി എഴുതിയ ‘ദിവ്യതീർത്ഥം’എന്ന നോവലിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും ഈ വേളയെ ധന്യമാക്കുന്നു.

‘കലാശാല വിദ്യാഭാസം ചെയ്യാൻ എനിക്ക് കലശലായ മോഹം. ഞാനൊരു കഥാപ്രസംഗം ചെയ്യാം പകരം നിങ്ങൾ എനിക്കു പഠിക്കാൻ പണം തരാൻ ദയവുണ്ടാകണം.’ ഇങ്ങനെ ഒരാമുഖത്തോടെയാണ് സാംബശിവൻ എന്ന യുവാവ് കഥാപ്രസംഗകലയെ ഉപാസിച്ചു തുടങ്ങിയത്. സാമ്പത്തിക ബാധ്യതയുള്ള കുടുംബത്തിലെ ഒൻപത് മക്കളിൽ മൂത്തയാളായിരുന്നു സാംബശിവൻ. കഥപറയുന്നതിന് പ്രതിഫലം കിട്ടിത്തുടങ്ങിയതോടെ കൊല്ലം എസ്. എൻ. കോളേജിൽ ചേർന്നു. കലാലയത്തിൽ ഈ കലാകാരൻ രാഷ്ട്രീയത്തിലും സജീവമായി. അക്കാലത്തു രൂപീകൃത്യമായ സ്റ്റുഡന്റസ് ഫെഡറേഷന്റെ (എസ്.എഫ്) ആദ്യത്തെ പ്രസിഡന്റുമായി.

കഥാപ്രസംഗം ജീവവായുവായി അദ്ദേഹത്തിൽ അലിഞ്ഞുതുടങ്ങിയിരുന്നു. കഥ പറയാത്ത തന്റെ ജീവിതം കഥയില്ലാതായിപ്പോകുമെന്ന് തിരിച്ചറിഞ്ഞ്, കഠിനാദ്ധ്വാനം ചെയ്തുതുടങ്ങി. കെ.കെ. വാദ്ധ്യാരും ജോസഫ് കൈമാപ്പറമ്പനും ആയിരുന്നു കലാമേഖലയിലെ മാർഗദർശികൾ. 1949-ലെ ഓണക്കാലത്ത് ചതയ ദിനത്തിൽ പെട്രോമാക്‌സ് വെളിച്ചത്തിൽ മൈക്കില്ലാതെ ചങ്ങമ്പുഴയുടെ ‘ദേവത’ കഥാപ്രസംഗരൂപത്തിൽ അവതരിപ്പിച്ചു. ഇതിന്റെ ഉത്ഘാടനം നിർവ്വഹിച്ച, ഒ. നാണു ഉപാധ്യായൻ സംസ്‌കൃതപണ്ഡിതനും അധ്യാപകനും കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനും സ്‌നേഹസമ്പന്നനുമായിരുന്നു. അദ്ദേഹത്തിന്റെ
‘ലളിതമായ ഭാഷയിൽ എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ കഥ അവതരിപ്പിയ്ക്കണം’ എന്ന ഉപദേശം സാംബശിവൻ ശിരസാവഹിച്ചു.

ആശാൻ, ഉള്ളൂർ, വള്ളത്തോൾ, മലയാറ്റൂർ, തിരുനെല്ലൂർ കരുണാകരൻ, വയലാർ, ചങ്ങമ്പുഴ തുടങ്ങിയവരുടെ കൃതികളെ ആസ്പദമാക്കി കഥാപ്രസംഗ ശിൽപ്പങ്ങൾ മെനഞ്ഞെടുത്തു. ഇതിലെ ഗാനവും സംഗീതവും എല്ലാം സ്വയം ചിട്ടപ്പെടുത്തി. പുള്ളിമാൻ, ശ്രീനാരായണ ഗുരുദേവൻ, പ്രേമശിൽപ്പി, ദേവലോകം തുടങ്ങി നിരവധി കഥകൾ സഹൃദയ സദസുകളെ കീഴ്‌പ്പെടുത്തി. ഇടയ്ക്ക് മനസിനിണങ്ങുന്ന കഥ ലഭിക്കാതെ വന്നപ്പോൾ ‘പട്ടുനൂലും വാഴനാരും’ സ്വയം എഴുതി അവതരിപ്പിച്ചു.

subscribe