Sep 7, 2019

You Are Here: Home / 7 Sep 2019

അമ്മയുടെ അവിയലും ഓലനും സാമ്പാറും
-മോഹൻലാൽ

Categories:

മണ്ണിൽ നിൽക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാള മനസിലേക്കു പ്രവഹിപ്പിച്ച സ്‌നേഹം, ആർദ്രത… യഥാർഥ ജീവിതത്തിലും പുലർത്താൻ ശ്രമിക്കുന്ന വ്യക്തിയാണ് ഞാൻ, ഒപ്പം ഒരു കലാകാരന്റെ പ്രതിബദ്ധതയും. ഹൃദയത്തിൽ നിന്ന് ആർദ്രതയുടെ പാട്ടും കവിതയും കേൾക്കുമ്പോൾ, സ്‌നേഹത്തിന്റെ പതാക ഉയരുമ്പോൾ, നാടും നഗരവും ഓണത്തിരക്കിനാൽ നിറയുമ്പോൾ എനിക്കുമുണ്ട് മനസുതുറന്നു പറയാൻ ചില ഓണസങ്കൽപ്പങ്ങൾ.

ജീവിതം എങ്ങനെ ജീവിച്ചുതീർക്കമെന്നു ചോദിക്കുന്നവരോട് ഞാൻ പറയാറുണ്ട്, ജീവതത്തിൽ സന്തോഷിക്കുക, ജീവിതം ഒരു ആഘോഷമാക്കുക എന്ന്. ഓണവും വിഷുവും ബക്രീദും ക്രിസ്മസുമൊക്കെ കടന്നുവരുമ്പോൾ അതിനെ ആഘോഷപൂർവം വരവേൽക്കുന്ന നമുക്ക് എന്തുകൊണ്ട് ജീവിതം മുഴുവൻ ഒരാഘോഷമാക്കിത്തീർത്തുകൂടാ. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ ആഘോഷങ്ങളും ഒരുപോലെയാണ്. സെലിബ്രേഷന് വേണ്ടിയാണ് ഞാൻ ഈ ‘പ്ലാനറ്റി’ൽ വന്നിരിക്കുന്നത്. വളരെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ സഞ്ചരിക്കുന്ന എനിക്ക് ഒന്നും മാറ്റിമറിക്കാനാകില്ല. വരാൻപോകുന്ന കാര്യങ്ങളെക്കുറിച്ചും അറിയില്ല.

ഇപ്പോഴുള്ള ചലനത്തിൽ ഈ ജീവിതം രസകരമായി ജീവിച്ചുതീർക്കുക എന്നതാണ് എന്റെ ഫിലോസഫി. മാറുന്ന ഓണത്തെക്കുറിച്ചു പലരും ചോദിക്കാറുണ്ട്. നമ്മുടെ ജീവിതരീതിയൊക്കെ മാറിയില്ലേ? പന്തുകളിച്ചും ഗോട്ടികളിച്ചും ചുള്ളിയും കോലും കളിച്ചും നടന്ന എന്റെ കുട്ടിക്കാലമല്ല എന്റെ മകന്റേത്. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ ജീവിതരീതിയിലും ഒരുപാടു മാറ്റങ്ങളുണ്ടായി. ആ മാറ്റം നമ്മുടെ ആഘോഷങ്ങളിലുമുണ്ടായി എന്നതാണ് സത്യം. പക്ഷേ, പുതിയ തലമുറ നമ്മുടെ പൈതൃകത്തെ നിരാകരിക്കുന്നവരല്ല. കുറെ മുമ്പുവരെ മരിച്ചുപോയവരെ പോലും മറക്കുന്ന രീതിയായിരുന്നു. ഇന്നത് മാറി. പിതൃക്കളെ സ്‌നേഹിക്കാനും അവർക്കു ബലിയിടാനും ലക്ഷങ്ങളാണ് എത്തുന്നത്. അപ്പോൾ എനിക്കു തോന്നുന്നത് ഇത് ‘സൈക്ലിക്ക്’ ആണെന്നാണ്. വീണ്ടും നമ്മുടെ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന ഒരു തലമുറ വരുമായിരിക്കും. അങ്ങനെ വരട്ടെ എന്നു പ്രാർത്ഥിക്കാം. ഇന്നത്തെ തലമുറ പഴയപോലെ നടക്കണമെന്നു പറയുന്നതിലൊന്നും ഒരു കാര്യവുമില്ല. പക്ഷേ, അവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ കടമയുമാണ്. വർഷങ്ങളായി സിനിമയുടെ ചതുരവടിവുകളിലൂടെ സഞ്ചരിക്കുന്ന എന്റെ ആഘോഷങ്ങൾ പലപ്പോഴും സെറ്റിലാകാറാണു പതിവ്. എങ്കിലും, ഓർമയിൽ ഇപ്പോഴും ഈ ഓണക്കാലമുണ്ട്. അമ്മയുണ്ടാക്കുന്ന അവിയലും ഓലനും സാമ്പാറും പപ്പടവും പായസവും ചേർന്നുള്ള ഒന്നാന്തരം സദ്യയുടെ രുചി ഇപ്പോഴും നാവിൻ തുമ്പിലുണ്ട്.

subscribe

Anaswara rajan Little Princess of Mollywood
-അനശ്വര രാജൻ / രാജ്കുമാർ ആർ

Categories:

സ്‌കൂളിൽ നിന്നു പരീക്ഷ കഴിഞ്ഞുള്ള വരവാണ്. കുട്ടിത്തം വിട്ടുമാറാത്ത മുഖത്ത് അതിന്റെ ക്ഷീണമുണ്ട്. തണ്ണീർമത്തൻ ദിനങ്ങളിലെ കീർത്തിയെപ്പോലെ യൂണിഫോമൊക്കെയിട്ട്, സ്‌കൂൾ കുട്ടിയായി. 50 കോടി ക്ലബിൽ കയറിയ സിനിമയിലെ നായികയാണ്. അതിന്റെ മട്ടും ഭാവവുമൊന്നുമില്ലാത്ത തനി നാട്ടിൻപുറത്തുകാരി. സംസാരിച്ചുതുടങ്ങിയപ്പോൾ അനശ്വര രാജന്റെ ക്ഷീണമെല്ലാം മാറി. കൗമാരത്തിന്റെ ചുറുചുറുക്കും കുസൃതിയും നിറച്ച് താരം പക്കാ ‘കണ്ണൂരുകാരി’യായി വിശേഷങ്ങൾ പങ്കുവച്ചു. അനശ്വരയ്ക്ക് ഇപ്പോഴും സിനിമ കൗതുകലോകമാണ്. ആദ്യ ചിത്രം ഉദാഹരണം സുജാതയിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാൻ എത്തുമ്പോൾ അനശ്വരക്ക് സിനിമയെക്കുറിച്ച് അറിയാവുന്നത് ‘ആക്ഷനും കട്ടും’ മാത്രം! ലൊക്കേഷനിൽ ക്യാമറ കണ്ട് അന്തംവിട്ടു നിന്നതു പറയുമ്പോൾ അനശ്വരയുടെ മുഖത്ത് ചമ്മലിൽ പൊതിഞ്ഞ ചിരി. ഇഷ്ടതാരം ദുൽഖർ സൽമാനെ കണ്ടതും ഫോട്ടോ എടുത്തതും വിവരിക്കുമ്പോൾ അനശ്വര ഡിക്യുവിന്റെ ‘ഫാൻ ഗേളാ’യി.

 • കണ്ണൂരുകാർ സ്‌നേഹവും നന്മയുമുള്ളവരാണ്

അതെയതെ, ഒരുപാട് സ്‌നേഹമുള്ളവരാ. നാട്ടിലെല്ലാവർക്കും എന്നോട് വലിയ ഇഷ്ടമാണ്. ഇവിടുന്നൊരു കുട്ടി സിനിമയിൽ എത്തിയതിലുള്ള സന്തോഷം അവർക്കുണ്ട്. കുട്ടികൾക്ക് എന്നോട് ബഹുമാനമാണ്. കണ്ണൂർക്കാരി എന്നുപറയുന്നത് തന്നെ അഭിമാനമാണ്. കണ്ണൂരാണെന്നു പറയുമ്പോൾ ബോംബുണ്ടോ കൈയിൽ എന്നൊക്കെയാണ് ചോദിക്കുന്നത്. ഞാൻ പറയും, ചേട്ടാ അങ്ങനൊന്നുമല്ല ഇവിടെ. ഇവിടെ എല്ലാവരും സ്‌നേഹമുള്ളവരാണ്.

 • താരമായ അനശ്വരയെ അമ്മ പഴയ പോലെ വഴക്കുപറയുമോ

ഏയ് അങ്ങനൊന്നും ഇല്ല. എന്നോടിപ്പോഴും പഴയ പോലെ തന്നെയാ. ദേഷ്യം വരുമ്പോൾ അമ്മ ഇപ്പോഴും ചൂലെടുത്ത് എന്നെ അടിക്കും. ഒരുമാറ്റവും ഇല്ല. താരമൊക്കെ പുറത്ത്. വീട്ടിൽ ഞാൻ വെറും അനശ്വരയാ.

 • ബാല്യകാല ഓർമകൾ

കണ്ണൂർ ആലക്കാട് കോറത്താണ് ജനിച്ചതും വളർന്നതും. പക്കാ നാട്ടിൻപുറം. കുട്ടിക്കാലത്തെ ഓർമകൾ ഒരുപാടുണ്ട്. കുളത്തിൽ കുളിക്കാൻ പോകും. സന്ധ്യയായാലും ഞങ്ങൾ തിരിച്ചുകയറില്ല. അപ്പോൾ അമ്മ വടിയെടുത്തുവരും. മഴയത്തും മണ്ണിലും കളിച്ചിട്ടുണ്ട്. ഊഞ്ഞാലാടും. എത്രയോ തവണ ഊഞ്ഞാലിൽ നിന്ന് വീണിട്ടുണ്ട്. നാട്ടിൽ കുറെ കൂട്ടുകാരുണ്ടായിരുന്നു. ഞാൻ കോൺമെന്റ് സ്‌കൂളിലാണ് പഠിച്ചത്. അതുകൊണ്ട് സ്‌കൂളിൽ വലിയ ഓർമകളൊന്നുമില്ല. നല്ല ഓർമകൾ എന്റെ നാട്ടിൽത്തന്നെയാണ്.

 • അന്നത്തെ ഓണം

കുട്ടിക്കാലത്ത് ഓണത്തിന് പൂക്കൾ പറിച്ചിട്ടാണ് അത്തപ്പൂക്കളമിടുക. പൂപറിക്കാൻ ഞങ്ങൾ ഒരു വലിയ ഗ്രൂപ്പുതന്നെയുണ്ടാവും. ആൺകുട്ടികൾ മരത്തിനു മുകളിലൊക്കെ കയറി പൂപറിക്കും. പെൺകുട്ടികൾ വയലിൽ പോയി പറിക്കും. സ്‌കൂളിൽ ഓണപ്പൂക്കള മത്സരമുണ്ടാകും. ചേച്ചിമാരാണ് മത്സരിക്കുക. ഞങ്ങൾ ചെറിയ കുട്ടികളല്ലേ. ഞങ്ങൾ ചേച്ചിമാരെ പൂപറിക്കാൻ സഹായിക്കും. നാട്ടിൽ അമ്മമ്മയുടെ സ്‌പെഷ്യൽ പായസം ഉണ്ടാവും. ഓണദിവസം കുടുംബത്തിലെ എല്ലാവരും ഒത്തുകൂടും. രാവിലെ അമ്പലത്തിൽ പോകും. നാട്ടിലെ ഓണാഘോഷവും രസകരമാണല്ലോ.

 • സ്‌കൂളിലെ കലാമത്സരങ്ങൾ

ആറാം ക്ലാസ് മുതൽ ഞാൻ മോണോ ആക്ടിൽ പങ്കെടുക്കുമായിരുന്നു. ആദ്യ മത്സരത്തിൽ എനിക്ക് മൂന്നാം സമ്മാനം കിട്ടി. കാരണം മറ്റു കുട്ടികളൊക്കെ നന്നായി പ്രാക്ടീസ് ചെയ്തിട്ടാണ് മത്സരിച്ചത്. എനിക്കാണെങ്കിൽ നാട്ടിലെ ഒരു മാഷിന്റെ സഹായം മാത്രമാണ് ഉണ്ടായിരുന്നത്. ഞാൻ തനിയെ പഠിച്ചതാണ്. സമ്മാനം കിട്ടിയപ്പോൾ എനിക്കു സന്തോഷം തോന്നി. എട്ടാം ക്ലാസ് വരെ മോണോ ആക്ട് ചെയ്തു. പത്തിൽ ഇംഗ്ലീഷ് സ്‌കിറ്റിൽ പങ്കെടുത്തു.

 • കുട്ടിക്കാലത്ത് കണ്ട സിനിമകൾ

കുട്ടിക്കാലത്ത് വല്ലപ്പോഴും മാത്രമാണ് തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്നത്. വർഷത്തിലൊരിക്കലോ മറ്റോ. പക്ഷേ ടിവിയിൽ കാണും. ഞാൻ കുഞ്ഞായിരിക്കുമ്പോൾ കണ്ട സിനിമ നേരറിയാൻ സിബിഐ ആണ്. എനിക്ക് ഓർമയില്ല കേട്ടോ. ഞാൻ കൈക്കുഞ്ഞായിരുന്നു. അമ്മ പറഞ്ഞിട്ടുള്ളതാണ്. എന്റെ ഓർമയിലുള്ള സിനിമ എൽസമ്മ എന്ന ആൺകുട്ടിയാണ്.

 • അന്ന് സിനിമാമോഹം ഉണ്ടായിരുന്നോ

ഇല്ലില്ല. അഭിനയിക്കണമെന്ന തോന്നൽ ഉണ്ടാകാനുള്ള ഒരു സിറ്റുവേഷൻ ഉണ്ടായിട്ടില്ല. കാരണം നാട്ടിൻപുറത്തെ ഒരു മിഡിൽ ക്ലാസ് ഫാമിലിയാണ്. സിനിമ എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു ലോകമാണ്. അപ്പോൾ സിനിമയിൽ വരണം എന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ല.
ഗ്ലോബ് എന്ന ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ച ശേഷമാണ് സിനിമയെപ്പറ്റി ചിന്തിക്കുന്നത് തന്നെ. സിനിമയിൽ എത്തിയാൽ എങ്ങനെയിരിക്കും എന്നു ചിന്തിച്ചു, അത്ര മാത്രം. പക്ഷേ, അഭിനയിക്കണം എന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ഷോർട്ട് ഫിലിമിൽ നന്നായിട്ടുണ്ടെന്നു പറഞ്ഞതുകൊണ്ട് ചിന്തിച്ചെന്നേയുള്ളൂ.

 • ഉദാഹരണം സുജാതയിൽ എത്തിയത്

എട്ട് കഴിഞ്ഞ് വെക്കേഷൻ സമയത്താണ് ഉദാഹരണം സുജാതയിൽ അഭിനയിക്കുന്നത്. ഓഡിഷൻ വഴിയാണ് എത്തിയത്. എറണാകുളത്തായിരുന്നു ഓഡിഷൻ. മഞ്ജു ചേച്ചിയുടെ സിനിമയിൽ കുട്ടികളെ വേണം എന്ന പരസ്യം കണ്ടിട്ടാണ് അയച്ചത്. സത്യത്തിൽ പേടിയുണ്ടായിരുന്നു. കാരണം സിനിമ എന്തെന്നറിയില്ല. കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ ഡയറക്ടർ ലിജുവേട്ടൻ ഞങ്ങളുടെ ഫാമിലി ഫ്രെണ്ടാണ്. ലിജുവേട്ടനാണ് പറഞ്ഞത്, നല്ല ടീമാണ്, ചാർളി സിനിമയുടെ ടീമാണ്, മഞ്ജു ചേച്ചിയുടെ സിനിമയാണ്, പേടിക്കുകയൊന്നും വേണ്ട എന്നൊക്കെ. അങ്ങനെയാണ് ഫോട്ടോ അയച്ചത്. ഓഡിഷനു വിളിച്ചു. അവിടെ പോയി. ആറായിരം പേരാണ് ഫോട്ടോ അയച്ചത്. അതിൽ നിന്ന് അറുപത് പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഓഡിഷനു ശേഷമാണ് എന്നെ സെലക്ട് ചെയ്തത്.

 • മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കാൻ അവസരം. എന്തായിരുന്നു മനസിൽ

ഓഡിഷൻ കഴിഞ്ഞ് വിളിക്കാമെന്നു പറഞ്ഞിരുന്നു. അതിനുശേഷം രണ്ടാഴ്ച കഴിഞ്ഞാണ് വിളിക്കുന്നത്. ബാക്കിയുള്ള കുട്ടികളോട് വിളിക്കാം എന്നു പറഞ്ഞുവിട്ടപ്പോൾ എന്നെ അധികമായി കുറെ സീനുകൾ ചെയ്യിപ്പിച്ചിരുന്നു. രണ്ടാഴ്ചയോളം വിളിക്കാതിരുന്നപ്പോൾ എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഒരുദിവസം വീട്ടിൽ ഞാൻ വെറുതെ ഇരിക്കുമ്പോഴാണ് അമ്മ വിളിച്ചിട്ടുപറയുന്നത്, സിനിമയിൽ നിന്നു വിളിച്ചിരുന്നു, നിന്നോട് സംസാരിക്കണം എന്നു പറഞ്ഞു എന്ന്. ശരിക്കും ഞാൻ തന്നെ ഞെട്ടിപ്പോയി. ഞാൻ വിളിച്ചു. അസിസ്റ്റന്റ് ഡയറക്ടറാണ് സംസാരിച്ചത്. അനശ്വര സെലക്ടായി, സന്തോഷമായോ എന്നുചോദിച്ചു. സന്തോഷമായെന്നു ഞാൻ പറഞ്ഞു. പിന്നെ സിനിമയുടെ ഡയറക്ടറും സംസാരിച്ചു.

 • ആദ്യമായി തിരുവന്തപുരത്ത് എത്തിപ്പോൾ. വടക്ക് ഇവിടുത്തെപ്പറ്റി നല്ല ഇമേജല്ല

അത് ശരിയാണ്. പക്ഷേ, അവിടെ എത്തിയപ്പോൾ അങ്ങനെ തോന്നിയില്ല. നഗരത്തിലെ കോട്ടൺ ഹിൽ സ്‌കൂളിലും അട്ടക്കുളങ്ങര സ്‌കൂളിലുമായിരുന്നു അധികവും ഷൂട്ടിങ്ങുണ്ടായിരുന്നത്. പിന്നെ ചെങ്കൽച്ചൂളയിൽ വച്ച്. പക്ഷേ, എല്ലാവരും നല്ല സപ്പോർട്ടാണ് തന്നത്. ഷൂട്ടിങ് നടക്കുമ്പോൾ എല്ലാവരും അതിനുള്ള സിറ്റുവേഷൻ ഒരുക്കിത്തന്നു. അവിടെ ഷൂട്ട് ചെയ്യാൻ പ്രോബ്ലംസ് ഒന്നും ഉണ്ടായിരുന്നില്ല. തിരുവനന്തപുരം ഭാഷ പഠിക്കാൻ കുറച്ചു പണിയുണ്ടായിരുന്നു. അവിടെയുള്ള കുട്ടികളോട് വർത്തമാനം പറഞ്ഞപ്പോൾ അതു പിടികിട്ടി.

 • തിരുവനന്തപുരം ഭാഷ ആദ്യമായി നേരിട്ടു കേൾക്കുകയല്ലേ

എന്നോട് പറഞ്ഞിരുന്നു പക്ക തിരുവനന്തപുരം ഭാഷയാണ് സിനിമയിൽ. അതു പഠിക്കണം. തുടക്കത്തിൽ ഞാൻ പെട്ടുപോയിട്ടുണ്ട്. ഒരിക്കൽ ഞാൻ ഒരാളോട് ചോദിച്ചു, ചായ കുടിച്ചോ… മറുപടി ഓ… ഞാൻ ചോദിച്ചു, അല്ല ചായ കുടിച്ചോ… വീണ്ടും അതു തന്നെ മറുപടി. ഓ… എന്നു പറയുമ്പോൾ കേൾക്കാത്തതു കൊണ്ടു പറയുന്ന ഓ… ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. അതെ, കുടിച്ചു എന്നുള്ളതിനാണ് അവർ ഓ… എന്നു പറയുന്നത്. അപ്പോൾ ഞാൻ അതൊക്കെ കുറച്ചുപഠിച്ചു. പിന്നെ അവരുടെ എന്തര്… തുടങ്ങിയ ശൈലിയൊക്കെ ഞാൻ കുട്ട്യോളോട് സംസാരിച്ചു പഠിച്ചു. അതിനായി ഞാൻ ചെങ്കൽച്ചൂളയിലെ കുട്ടികളോടൊക്കെ സംസാരിച്ചു. ഡബ്ബിങ്ങിന് എന്നെ സഹായിക്കാൻ ഒരു ആർട്ടിസ്റ്റ് ഉണ്ടായിരുന്നു. അങ്ങനെ കുഴപ്പമില്ലാത്ത രീതിയിൽ ഡബ്ബ് ചെയ്യാൻ പറ്റി.

subscribe

Kalabhavan Shajon Action Cut
-കലാഭവൻ ഷാജോൺ/രാജ്കുമാർ

Categories:

മലയാള സിനിമയിലെ ഹാസ്യതാരങ്ങളിൽ പ്രമുഖനാണ് കലാഭവൻ ഷാജോൺ. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ ഷാജോൺ, കോമഡി, വില്ലൻ, ക്യാരക്ടർ വേഷങ്ങളിലൂടെ സിനിമയിൽ സജീവ സാന്നിധ്യമായി. ദൃശ്യത്തിലെ വില്ലൻ വേഷം ഷാജോണിനു നൽകിയത് പുതിയൊരു ഇമേജാണ്. ഇപ്പോൾ സംവിധായകനായി ക്യാമറയിക്കു പിന്നിലും അദ്ദേഹം എത്തി. പൃഥ്വിരാജ് നായകനായി അഭിനയിച്ച ബ്രദേഴ്‌സ് ഡേക്ക് തിരക്കഥ ഒരുക്കിയതും ഷാജോൺ ആണ്. ഷാജോൺ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

 • ക്യാമറയ്ക്കു പിന്നിൽ ആദ്യമായി

ക്യാമറയ്ക്കു മുന്നിൽ നിന്ന് പിന്നിൽ വന്നപ്പോൾ എനിക്കങ്ങനെ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എല്ലാവരും പരിചയമുള്ളവരും ഒപ്പം പ്രവർത്തിച്ചിട്ടുള്ളവരുമായിരുന്നു. മുന്നിൽ നിന്ന് അഭിനയിക്കുന്നു, ഇത് പിന്നിൽ നിന്ന് അഭിനയിപ്പിക്കുന്നു എന്നതല്ലാതെ മറ്റൊന്നിനെപ്പറ്റിയും ചിന്തിച്ചതേയില്ല. എന്റെ മനസിലുള്ള സിനിമയെ പകർത്താനാണ് ശ്രമിച്ചത്. സത്യത്തിൽ അതിനെ ഡയറക്ഷൻ എന്നുപറയാമോ, ഇതാണോ ഫിലിം മേക്കിങ് എന്നൊന്നും എനിക്കറിയില്ല. മനസിലുള്ള ഒരു സിനിമ ഞാൻ എഴുതി, അതുപോലെ അതു ചിത്രീകരിക്കാനും ഞാൻ ശ്രമിച്ചു. അതിനപ്പുറം ക്യാമറയ്ക്കു മുന്നിലാണോ പിന്നിലാണോ എന്നൊന്നും ഞാൻ ചിന്തിച്ചില്ല. കൂടെയുള്ളവരെല്ലാം വലിയ സപ്പോർട്ട് ആയിരുന്നു. നന്നായി എടുക്കാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം.

 • സംവിധായകനായത് ഇങ്ങനെ

വർഷങ്ങൾക്കു മുമ്പ് തോന്നിയതാണ് ബ്രദേഴ്‌സ് ഡേയുടെ ത്രെഡ്. അതിനെ വികസിപ്പിച്ചുകൊണ്ടിരുന്നു. ദൃശ്യം കഴിഞ്ഞപ്പോൾ സിനിമയിൽ കുറച്ചുതിരക്കായി. അപ്പോൾ ഇതു മാറ്റിവച്ചു. കുറച്ചുവർഷത്തിനുശേഷം വീണ്ടും പൊടിതട്ടിയെടുത്തുനോക്കി. സുഹൃത്തുക്കളെ വായിച്ചുകേൾപ്പിച്ചപ്പോൾ ഒന്നുകൂടി പുതുക്കിയെടുത്താൽ നന്നായിരിക്കും എന്നാണ് അവർ പറഞ്ഞത്.
മൂന്നു വർഷം മുമ്പാണ് രാജുവിനോട് (പൃഥ്വിരാജ്) കഥ പറഞ്ഞത്. സത്യത്തിൽ മറ്റാരെകൊണ്ടെങ്കിലും സംവിധാനം ചെയ്യിക്കാം എന്നായിരുന്നു മനസിൽ. എന്നാൽ, രാജുവാണ് ഇതു ചേട്ടന് സംവിധാനം ചെയ്തുകൂടെ എന്നുചോദിച്ചത്. മനസിൽ സംവിധാനം എന്ന ആഗ്രഹമുണ്ടായിരുന്നു എന്നത് സത്യമാണ്. എന്റെ മാത്രമല്ല, സിനിമയിലുള്ള എല്ലാവരുടെയും ആഗ്രഹമാണത്. അതല്ലാതെ സംവിധാനത്തെപ്പറ്റി ഗൗരവത്തോടെ ചിന്തിച്ചിട്ടില്ല. അത്യാവശ്യം സിനിമയൊക്കെ ഇപ്പോഴുണ്ട്, സംവിധാനം ചെയ്യണോ എന്നാണ് ഞാൻ രാജുവിനോട് ചോദിച്ചത്. ചേട്ടനിതു ചെയ്യാൻ പറ്റും, ചേട്ടൻ ഡയറക്ട് ചെയ്താൽ ഞാൻ ഡേറ്റ് തരാം എന്നാണ് രാജു പറഞ്ഞത്. രാജുവിന് എന്നിൽ തോന്നിയ കോൺഫിഡൻസ്, അതാണ് എന്നെ സംവിധായകനാക്കിയത്.

 • ലൂസിഫറിനു ശേഷം പൃഥ്വിരാജ്

ഹീറോ മാത്രമല്ല, നല്ലൊരു നടനും കൂടിയാണ് രാജുവെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹം ഗംഭീര ഫിലിം മേക്കറാണ് എന്ന് ലൂസിഫറിലൂടെ തെളിയിച്ചു. അതിനുശേഷം അദ്ദേഹം നായകനായി അഭിനയിക്കുന്ന ചിത്രം ഡയറക്ട് ചെയ്യാൻ പറ്റി എന്നത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.
രാജുവിന്റെ കാര്യത്തിൽ ഞാൻ വളരെ ഭാഗ്യവാനാണ്. ഒരു കഥ ഉണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ രാജു കേൾക്കാൻ തയാറായി. കേട്ടയുടൻ ഞാനിതു ചെയ്യാം എന്നുപറഞ്ഞു. സംവിധാനം ചെയ്യാൻ എന്നെ അദ്ദേഹം നിർബന്ധിച്ചു. അപ്പോൾ എന്തുകൊണ്ടും ഞാൻ വളരെ ഭാഗ്യവാനാണ്. പ്രത്യേകിച്ച് ലൂസിഫറിനു ശേഷം രാജു അഭിനയിക്കുന്ന ചിത്രം. ലൂസിഫറിനു ശേഷമുള്ള രാജുവിന്റെ ചിത്രം എന്നുപറയുമ്പോൾ, എല്ലാവരും എന്നോട് ചോദിച്ചു, പൃഥ്വിരാജ് എങ്ങനെയുണ്ടായിരുന്നു ലൊക്കേഷനിൽ. സംവിധാനത്തിൽ ഇടപെടുമായിരുന്നോ. നിർദ്ദേശങ്ങൾ പറയുമായിരുന്നോ എന്നൊക്കെ. എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു രാജു. സത്യം പറഞ്ഞാൽ, ഞാൻ അങ്ങോട്ടുപറയുമ്പോഴാണ് രാജു ഞാൻ എടുത്ത സീൻ പോലും കാണുന്നത്. ഞാൻ ആദ്യം വിചാരിച്ചു, എന്താണ് രാജു ഇങ്ങനെ. രാജുവിന്റെ നിർദ്ദേശങ്ങൾ ഞാനും ആഗ്രഹിച്ചിരുന്നു. രാജു പറഞ്ഞത്, ചേട്ടാ ഞാനിത് എൻജോയ് ചെയ്യാൻ വേണ്ടി വരുന്ന സിനിമയാണ്, ഇത് ചേട്ടൻ നന്നായി ചെയ്യും എന്നെനിക്കറിയാം, ചേട്ടന്റെ ജോലി ചേട്ടൻ ചെയ്‌തോളൂ എന്നാണ്.
ഞാനാണ് രാജുവിനോട് എടുത്ത സീനുകൾ കാണണം, എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ പറയണം എന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ചേട്ടാ ഒരു ടെൻഷനും വേണ്ട. ചേട്ടൻ നന്നായി ചെയ്യുന്നുണ്ട്. എന്നോട് കഥ പറഞ്ഞതുപോലെ ചേട്ടൻ സിനിമയെടുക്ക്. ചേട്ടനു വേണ്ട എല്ലാ സപ്പോർട്ടുമായി ഞാനുണ്ട് എന്നാണ് രാജു പറഞ്ഞത്. ഒന്നിലും അനാവശ്യമായി ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്തില്ല. എന്നോടൊപ്പം വർക്ക് ചെയ്തവർ തന്നെ പറഞ്ഞു, ചേട്ടാ രാജു ചേട്ടൻ ഇത്രയധികം ചേട്ടനെ വിശ്വസിച്ച് ജോലി ചെയ്യുക എന്നു പറയുന്നത് ഭയങ്കര അത്ഭുതമാണ്. രാജുവിന്റെ കൂടെയുള്ളവർ പോലും ഇതെന്നോട് പറഞ്ഞു.
രാജു ജോയിൻ ചെയ്ത ദിവസം എട്ടുപേരുള്ള ഒരു സീനാണ് എടുത്തത്. രാജു, വിജയരാഘവൻ ചേട്ടൻ, ഐശ്വര്യ ലക്ഷ്മി, ദിനേശ് പണിക്കർ ചേട്ടൻ ഉൾപ്പെടെയുള്ളവരാണ് ഉണ്ടായിരുന്നത്. അന്നത്തെ ഷൂട്ടിങ് കഴിഞ്ഞ് രാത്രി രാജു എന്നെ വിളിച്ചു. ചേട്ടാ ഞാൻ ഒരു ഹാപ്പി ന്യൂസ് പറയാൻ വിളിച്ചതാണ്. എന്താണെന്നായി ഞാൻ. രാജു പറഞ്ഞു, ചേട്ടാ ഞാൻ ഭയങ്കര ഹാപ്പിയാണ്, ഞാൻ വിചാരിച്ചതിന്റെ നൂറു മടങ്ങ് മുകളിൽ നിന്നുകൊണ്ട് ചേട്ടൻ ചെയ്യുന്നുണ്ട്. ഞാൻ ഭയങ്കര ഹാപ്പിയാണ്. ഞാൻ ഇനി കസേരയിൽ വെറുതെ ഇരിക്കുകയേയുള്ളൂ. ഇതുപോലെ ഇനിയങ്ങോട്ടും ചേട്ടൻ ചെയ്താൽ മതി. രാജുവിന്റെ വാക്കുകൾ എനിക്കു തന്ന ആത്മവിശ്വാസം വളരെ വലുതാണ്.

subscribe

ഓണരസങ്ങളിൽ ശ്രീനിവാസൻ
-ശ്രീനിവാസൻ / ഭാനുപ്രകാശ്

Categories:

ചാണകം മെഴുകിയ വീട്ടുമുറ്റത്ത് സമൃദ്ധിയുടെ വർണപ്പൂക്കളം. പൂക്കുടചൂടിയ പൂക്കളത്തിൽ നിരന്നു നിൽക്കുന്ന തൃക്കാക്കരയപ്പൻ. പൂവട്ടിയേന്തി, പൂപ്പൊലി പാടി പറമ്പുകളിലും കുറ്റിക്കാടുകളിലും വയലുകളിലും പൂവു തേടിപ്പോകുന്ന ബാല്യം. ആയത്തിലാടുന്ന ഊഞ്ഞാലിലെ ആഹ്ലാദത്തിമിർപ്പ്. തിരുവോണനാളിലെ വിഭവസമൃദ്ധമായ സദ്യ… ശ്രീനിവാസന്റെ മധുരസ്മരണകളിൽ ഓണക്കാലത്തിന് ആഹ്ലാദത്തിന്റെയും സമൃദ്ധിയുടെയും പത്തര മാറ്റുതിളക്കമുണ്ട്.

സ്വന്തം അനുഭവങ്ങളുടെ നേർചിത്രങ്ങളാണ് ശ്രീനിവാസൻ പലപ്പോഴും തന്റെ സിനിമകളിൽ വരച്ചിടാറ്. പാട്യം ഗ്രാമത്തിൽ വളർന്ന ഒരു സാധാരണക്കാരന്റെ ജീവിതാനുഭവങ്ങൾ. ആ അനുഭവങ്ങളെ മലയാളി ആസ്വദിച്ചു. സ്വന്തം അനുഭവങ്ങളിൽനിന്ന് വേർതിരിക്കാതെ മനസിൽ ഒരു ചില്ലുകൂട്ടിൽ സൂക്ഷിച്ചുവച്ചു. അതുകൊണ്ടുതന്നെ ശ്രീനിവാസൻ തന്റെ ‘ഓണം’ ഓർമയിൽനിന്ന് ചികഞ്ഞെടുക്കുമ്പോൾ അവയിൽ പലതും നാമോരുത്തരും കണ്ടുമറന്നവയും അനുഭവിച്ചറിയുന്നവയുമായി തോന്നിപ്പോയാൽ അത്ഭുതപ്പെടാനില്ല. കാരണം, ശ്രീനിവാസന്റെ സിനിമകളും ചിന്തകളും സാധാരണക്കാരന്റെ ജീവിതവുമായി അത്രത്തോളം കെട്ടുപിണഞ്ഞുകിടക്കുന്നു.

ഓണക്കോടി കീറിയ ഓണസിനിമ
………………………………………………………..

കഥ നടക്കുന്നതു തിരുവോണനാളിൽ. വെട്ടിത്തിളങ്ങുന്ന ഓണക്കോടിയും ധരിച്ച് ശ്രീനിവാസൻ നടക്കുന്നത് ‘തലശേരി മുകുന്ദ് ടാക്കീസി’ലേക്ക്. പ്രംനസീറും ബാലൻ കെ. നായരുമൊക്കെ അഭിനയിച്ച ‘നിഴലാട്ടം’ സിനിമ കാണുകയാണ് ലക്ഷ്യം. അന്ന് ശ്രീനിവാസന് പതിനേഴ് വയസ്. റിലീസ് ദിവസം തന്നെ സിനിമ കണ്ടില്ലെങ്കിൽ ആകെ ഒരസ്വസ്ഥതയാണ്. പ്രത്യേകിച്ചും ഓണനാളിൽ. ടാക്കീസിനു മുന്നിലെത്തിയപ്പോൾ വൻ ജനക്കൂട്ടം. ഒരാൾക്ക് കഷ്ടിച്ചു കടന്നുപോകാൻ മാത്രം കഴിയുന്ന ഇടനാഴിയിലൂടെ പോയി വേണം ടിക്കറ്റെടുക്കാൻ. അസാധാരണമായ തിക്കും തിരക്കും. ശ്രീനിവാസന്റെ ഭാഷയിൽ പറഞ്ഞാൽ ഇങ്ങനെ ”കുറെ തിക്കി… എങ്ങനെയൊക്കെയോ ഇടനാഴികയ്ക്കുള്ളിൽ കയറിപ്പറ്റി. ഒന്നുംകാണുന്നില്ല. വല്ലാത്ത ഇരുട്ട്. ഇടനാഴിയിലൂടെ ശ്വാസം മുട്ടി ഞരങ്ങിഞരങ്ങി ഒരു കണക്കിനു കൗണ്ടറിനടുത്തെത്തി. അപ്പോഴേക്കും പളപളാ മിന്നുന്ന ഒണക്കോടി കീറി. എങ്കിലും സാരമില്ല, സിനിമ കാണാമല്ലോ എന്നു കരുതി. ടിക്കറ്റെടുക്കാൻ അഞ്ചും ആറും കൈകളാണ് ഒരുമിച്ചു കൗണ്ടറിനകത്തേക്ക് കുത്തിക്കയറുന്നത്. ഇതും പോരാഞ്ഞ് ടിക്കറ്റെടുക്കാൻ മുകളിലൂടെയുള്ള ചാട്ടവും. ധൃതിയിൽ ഷർട്ടിന്റെ പോക്കറ്റിൽനിന്ന് കാശെടുത്ത് ടിക്കറ്റ് വാങ്ങിയശേഷം വാതിലിനടുത്തേക്കോടി. വാതിൽക്കൽ വച്ചാണ് കണ്ടത്, കൈയിലിരിക്കുന്നത് ബസ് ടിക്കറ്റ്! തിരക്കിനിടെ കാശിനു പകരം എടുത്തു കൊടുത്തത് ബസ് ടിക്കറ്റായിരുന്നു. കൗണ്ടറിലിരുന്ന ആൾ അത് അതേപടി തിരിച്ചു തരികയും ചെയ്തു. ഒന്നു കൂടി ടിക്കറ്റെടുക്കാമെന്ന് കരുതി കൗണ്ടറിനടുത്തേക്ക് ഓടാൻ തുടങ്ങുമ്പോഴേക്കും ഇടനാഴിയിലുണ്ടായിരുന്നവർ ആർത്തുവിളിച്ചു. ബന്ദ്… ബന്ദ്… മനസിലായില്ലേ? ഹൗസ് ഫുൾ ബോർഡ് തൂങ്ങിക്കഴിഞ്ഞിരുന്നു. പിന്നെ ആലോചിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ഒട്ടും സമയം കയാതെ അടുത്ത ടാക്കീസിലേക്കോടി. പക്ഷേ, അവിടെയും ഹൗസ്ഫുൾ ആയിരുന്നു.” അങ്ങനെ തിരുവോണനാളിൽ സിനിമ കാണാൻ പോയി ടിക്കറ്റ് കിട്ടാതെ വിയർത്തുകുളിച്ച്, കീറിയ ഓണക്കോടിയുമായി ശ്രീനിവാസൻ തിരിച്ചു വീട്ടിലേക്കുനടന്നു.

ഇപ്പോൾ വീണ്ടും ഓണം
………………………………….

”സിനിമ തലയ്ക്കുപിടിച്ച ആ കാലത്ത് ആഴ്ചയിൽ മൂന്നും നാലും സിനിമകൾ ഞാൻ കണ്ടിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു വീട്ടിൽനിന്നിറങ്ങും. മാറ്റിനി, ഫസ്റ്റ്‌ഷോ, സെക്കൻഡ്‌ഷോ- മൂന്നും കണ്ടശേഷമാണ് വീട്ടിലേക്കു തിരിക്കുക. കണ്ട സിനിമകളുടെ കഥ കേൾക്കാൻ കുടുംബക്കാരും അയൽ വീട്ടിലുള്ളവരും എനിക്കു ചുറ്റും വട്ടമിട്ടിരിക്കും. പിന്നെ പറയണോ, പൊടിപ്പും തൊങ്ങലും വച്ച് ഞാൻ കഥയങ്ങു കാച്ചും. സിനിമയിൽ ചില സീനുകളൊക്കെ വേണ്ടത്ര നന്നായില്ല എന്നു നമുക്കു തോന്നാറിലേ? എന്റെ കഥ പറച്ചിലിൽ ഞാനതെല്ലാം ശരിയാക്കും. സിനിമയിൽ കണ്ടതും കണ്ടതിനപ്പുറവും പറഞ്ഞ് ഞാൻ ആളുകളെ പിടിച്ചിരുത്തും. ഒരുപക്ഷേ, സിനിമ കാണുന്നതിലും രസകരമായിരിക്കും എന്റെ കഥപറച്ചിൽ കേൾക്കുന്നത് -” ഒരു പൊട്ടിച്ചിരിയോടെ ശ്രീനിവാസൻ പറയുന്നു. പലപ്പോഴും ഓണവും വിഷുവമുമൊക്കെ സിനിമാസെറ്റിലായിരിക്കും. തിരക്കിൽനിന്നു പെട്ടെന്നു മാറിനിൽക്കാൻ പറ്റുമോ? എന്റെ ഭാര്യയ്ക്കും മക്കൾക്കും ഇതു നന്നായറിയാവുന്നതുകൊണ്ട് അവർക്കതിൽ പരിഭവമില്ല. എങ്കിലും ഓണവും വിഷുവുമൊക്കെ കടന്നുവരുമ്പോൾ ഗൃഹാതുരസ്മരണകൾ എന്നെ വേട്ടയാടാറുണ്ട്.”

subscribe

പരീക്കുട്ടിയുടെ കറുത്തമ്മ
-ഷീല

Categories:

സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവിൽ, സത്യൻ അന്തിക്കാടിന്റെ ‘മനസിനക്കരെ’യുടെ ലൊക്കേഷനിലേക്ക് കടന്നുചെല്ലുമ്പോഴാണ് ആ ശബ്ദം വീണ്ടും എന്റെ കാതുകളിലേക്ക് ഒഴുകിയെത്തിയത്. ‘കറുത്തമ്മാ… കറുത്തമ്മയ്ക്ക് എന്നെ വിട്ടുപോകാൻ കഴിയുമോ?’ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഷൂട്ടിങ് കാണാനെത്തിയ പയ്യൻമാരിൽ ഒരാളാണ് ആ ഡയലോഗ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നുത്. അത് വലിയൊരു കോംപ്ലിമെന്റാണ്. കഥാപാത്രങ്ങളിലൂടെ നടനെ ഓർക്കുക എന്നത്. മധു സാറിന് ലഭിക്കുന്ന ഒരംഗീകാരമായി ഞാനതിനെ കാണുന്നു. പല സംഭാഷണത്തിനിടക്കും ചെമ്മീനിലെ പരീക്കുട്ടിയെക്കുറിച്ച് സാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ അഡ്രസ് ഒന്നുകൊണ്ടുമാത്രമാണ് താൻ ഇന്നും സിനിമാ ഫീൽഡിൽ നിൽക്കുന്നതെന്നൊക്കെ തമാശയായി മധു സാർ പറയാറുണ്ട്.

ഞാനും മധു സാറും ഏതാണ്ട് പത്തു നാൽപത്തിയഞ്ചോളം ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചു എന്നാണ് എന്റെ ഓർമ. 1963-ൽ പുറത്തുവന്ന ‘മൂടുപട’മാണ് ഞങ്ങൾ ഒരുമിച്ചഭിനയിച്ച് റിലീസാവുന്ന സിനിമ. ചന്ദ്രതാരയുടെ ബാനറിൽ പരീകുട്ടി സാഹിബ്ബ് നിർമിച്ച് രാമുകാര്യാട്ട് സംവിധാനം ചെയ്ത മൂടുപടം അക്കാലത്തെ വലിയൊരു ഹിറ്റ് ചിത്രമായിരുന്നു. ഷീല എന്ന നായികയെയും മധുവെന്ന നടനെയും മലയാളികൾ ഏറ്റുവാങ്ങിയ ഒരു ചിത്രമെന്ന സവിശേഷതയും ആ ചിത്രത്തിനുണ്ട്. ഞങ്ങളുടെ വളർച്ചയുടെ ഗതി നിർണയിച്ചൊരു ചിത്രമെന്നുംകൂടി പറയാം. സത്യൻ, പ്രേംനസീർ എന്നീ രണ്ട് നായകന്മാരായിരുന്നു അന്നത്തെ പ്രമുഖ താരങ്ങൾ. അവർക്കിടയിലേക്ക് മറ്റൊരു നായകൻ കൂടി കടന്നുവരുകയായിരുന്നു. മലയാളത്തിന് ലഭിച്ച ആ രണ്ട് വലിയ നടന്മാരും ജന്മം കൊണ്ട് തിരുവനന്തപുരംകാരായിരുന്നു. മൂന്നാമനായെത്തിയ മധു എന്ന മെലിഞ്ഞ് നീണ്ടുയരമുള്ള നടനും തിരുവനന്തപുരംകാരൻ തന്നെയായി എന്നത് മറ്റൊരു ചരിത്രം.

ഒരുപാട് കഥാപാത്രങ്ങളെ മനോഹരമായി എനിക്ക് അവതരിപ്പിക്കാൻ കഴിഞ്ഞത് സത്യൻ മാഷിന്റെയും നസീർ സാറിന്റെയും മധു സാറിന്റെയുമൊക്കെ സപ്പോർട്ട് ഒന്നുകൊണ്ടുമാത്രമാണ്. മധു സാറിനെ ഓർക്കുമ്പോൾ പരീക്കുട്ടിയും ഷീലയെ ഓർക്കുമ്പോൾ കറുത്തമ്മയും പ്രേക്ഷകന്റെ മനസിൽ തെളിയുന്നത് ആ കഥാപാത്രങ്ങളുടെ ശക്തികൊണ്ടുതന്നെയാണ്. പ്രണയവും വിരഹവും ദുരന്തവും നിറഞ്ഞ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും ജീവിതം മധുസാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ചിത്രമായിരുന്നു ചെമ്മീൻ. തകഴിയുടെ വിശ്വ പ്രസിദ്ധനോവലിന്റെ ചലച്ചിത്രാവിഷ്‌കരണം, രാമു കാര്യാട്ടിന്റെ സംവിധാനം, ഇസ്മായിൽ സേട്ടെന്ന കൊച്ചു പയ്യൻ നിർമിച്ച ചിത്രം, മാർക്കസ് ബർട്ട്‌ലി എന്ന വിദേശ ഛായാഗ്രാഹകന്റെ ക്യാമറ. ഋഷികേശ് മുഖർജി എഡിറ്റിങ് നിർവഹിച്ച ആദ്യമലയാള ചിത്രം…. അങ്ങനെ ഒരുപാട് സവിശേഷതകൾ നിറഞ്ഞ ചെമ്മീനിലെ നായകനായി അഭിനയിച്ച് മലാളിയുടെ മനസുകളിൽ ഒരു അത്യുന്നതസ്ഥാനം നേടിയെടുക്കാൻ മധു സാറിന് കഴിഞ്ഞത്, ഒരു പക്ഷേ കാലം കാത്തുവച്ച നിയോഗമായിരിക്കാം. ആ നിയോഗത്തിൽ ഒരെളിയ പങ്ക് ഞാനും നിർവഹിച്ചു എന്നത് ഉൾപുളകത്തോടെ ഞാൻ സ്മരിക്കുന്നു. ഇത്തിരപ്പോന്ന മലയാള സിനിമയിൽനിന്ന് ദേശീയാംഗീകാരത്തിന്റെ തിളക്കവുമായി ചെമ്മീൻ ലോകചലച്ചിത്ര വിഹായസിലേയ്ക്ക് തന്നെ പറന്നുയർന്നു. സ്വാഭാവികമായും ആ ചിത്രത്തിന്റെ നായകനും നായികയും പ്രേക്ഷകമനസുകളെ കീഴടക്കുകതന്നെ ചെയ്യുമല്ലോ. അങ്ങനെ മധു-ഷീല എന്നൊരു താരജോഡി തന്നെ മലയാളി പ്രേക്ഷകന്റെ മനസ്സിൽ ഇടം തേടുകയായിരുന്നു. ഒട്ടേറെ വിജയചിത്രങ്ങളിലും പരാജയചിത്രങ്ങളിലും ഞങ്ങളുടെ ആ ജോഡി തുടരുകയുണ്ടായി. ‘മാന്യശ്രീ വിശ്വാമിത്രനി’ലൂടെയാണ് മധു എന്ന സംവിധായകന്റെ കഴിവ് ഞാൻ ശരിക്കും അറിയുന്നത്. ഞാൻ ആദ്യം സംവിധാനം ചെയ്ത ‘യക്ഷഗാന’ത്തിൽ മധു സാറിനും അഭിനയിക്കാൻ കഴിഞ്ഞിരുന്നു.

subscribe

പൂവേ പൊലി…
-ശാരദ

Categories:

ഓണത്തെക്കുറിച്ചു പറയുമ്പോൾ എന്റെ മനസ് നിറമുള്ള ഓർമകളാൽ നിറയും. പാതി മലയാളിയാണെന്ന അഭിമാനവും മലയാളികൾ ഹൃദയപൂർവം ഇപ്പോഴും സ്‌നേഹിക്കുന്നുവെന്ന സന്തോഷവുമാണു കാരണം. ഒണമെന്നാൽ ആളുകളുടെ ഒത്തുചേരലും സ്‌നേഹവുമെന്നാണ് ഞാൻ ആദ്യം പറയുക. രണ്ടാമത്, നല്ല ഒന്നാന്തരം പാൽപ്പായസം. ഓർത്തു നോക്കാൻ തന്നെ എന്തു രസമാണ്. അകലേയുള്ള മക്കളും കൊച്ചുമക്കളും ബന്ധുക്കളുമൊക്കെ തറവാട്ടിൽ വരുക. പിന്നെ അവരുടെ ബഹളം. എല്ലാവരും ഒന്നുചേർന്നുള്ള തമാശ പറച്ചിലുകളും കളിയാക്കലും. ഒന്നിച്ചുള്ള സദ്യയൊരുക്കൽ. കൂട്ടായി ഇരുന്ന് മുറ്റത്ത് പൂവിടുക. സ്വാദോടെ സദ്യയുണ്ണുക. വർഷം മുഴുവൻ ഓടിപ്പാഞ്ഞു നടക്കുന്നതുതന്നെ എല്ലാവരും കൂടെയിരുന്നു സന്തോഷമായി ഓണം ആഘോഷിക്കാനല്ലേ. ആ ഒരൊറ്റ ദിവസത്തിന്റെ ഊർജം പോരേ വർഷം മുഴുവൻ പാറിനടക്കാൻ.

‘കേരളം വല്ലാത്തൊരനുഭവമാണെനിക്ക് മൂന്നു വർഷം മുൻപ് തിരുവനന്തപുരത്ത് പോയിരുന്നു. ശ്രീകുമാരൻ തമ്പി സാറിന്റെ ‘അമ്മയ്‌ക്കൊരു താരാട്ട്’ എന്ന ചിത്രത്തിലഭിനയിക്കാൻ. വെള്ളായണിയിലായിരുന്നു ഷൂട്ട്. വളരെ മനോഹരമായ സ്ഥലമാണ്. പത്തു പതിനഞ്ചു ദിവസം അവിടെയുണ്ടായിരുന്നു. അവിടത്തെ സ്ത്രീകളുടെ സ്‌നേഹം എന്നെ കരയിച്ചു. എത്ര അടുപ്പത്തോടെയാണവർ കൈപിടിക്കുന്നത്. വളരെ ദൂരെനിന്നാണ് അവരൊക്കെ വരുന്നത്. ഇത്ര കഷ്ടപ്പെട്ട് നന്നെ രാവിലെ വീട്ടിൽനിന്നു പുറപ്പെട്ട് ഇവിടെ വരെയെത്തിയത് നിങ്ങളെ കാണാൻ മാത്രമാണെന്ന് അവർ പറയുമ്പോൾ നമ്മൾ കരഞ്ഞുപോകും. പിന്നെ മറ്റൊരു കാര്യമുണ്ട്. പലർക്കും ഞാൻ പാതി മലയാളിയാണെന്നു അറിയില്ല. എന്റെ അപ്പൂപ്പൻ കോഴിക്കോട്ടുകാരനാണ്. സത്യം പറഞ്ഞാൽ മലയാളികൾ, തമിഴ്‌നാട്ടുകാർ, ആന്ധ്രക്കാർ എന്നിങ്ങനെ ആളുകളെ വിവേചിച്ചു പറയുന്നത് എനിക്കിഷ്ടമല്ല. നമ്മളെല്ലാം പുറത്തു പോകുകയാണെങ്കിൽ ഇന്ത്യക്കാർ എന്നു മാത്രമല്ലേ പറയൂ’ – കരുത്തുള്ള കഥാപാത്രത്തിന്റെ ശബ്ദത്തിൽ ശാരദ പറഞ്ഞു. പിന്നെ ഏതോ നല്ലൊരു ഓർമയിൽ ഓണനിലാവുപോലെ പുഞ്ചിരിച്ചു.

subscribe

ഗിരീഷിന്റെ തണ്ണീർമത്തൻ ദിനങ്ങൾ
-ഗിരീഷ് എ.ഡി / കണ്ണൻ തട്ടയിൽ

Categories:
 • തണ്ണീർമത്തൻ ദിനങ്ങൾ

2013 മുതലാണ് സിനിമ സംവിധാനം ചെയ്യണമെന്നു ചിന്തിച്ചു തുടങ്ങുന്നത്. 2014-ൽ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചു. പിന്നെ, അടുത്തവർഷം ചെയ്യാമെന്നു കരുതി ചില പ്രോജക്ടുകൾ മനസിൽ കണ്ടു. അങ്ങനെയങ്ങനെ സമയം പോയി. പിന്ന മനസിലായി ഇത് അടുത്തെങ്ങും നടക്കില്ലെന്ന്. വെറുതേ ഇരിക്കണ്ടെന്നു കരുതി, ഷോർട്ട് ഫിലിം ചെയ്യാൻ തീരുമാനിച്ചു. ആദ്യത്തെ ഷോർട്ട് ഫിലിം (യാഷ്പാൽ ) 2017-ലാണ് ഇറങ്ങുന്നത്. രണ്ടാമത്തെ ഷോർട്ട് ഫിലിമും (വിശുദ്ധ ആമ്രോസ്) ആ വർഷം തന്നെ പുറത്തിറങ്ങി. മുന്നാമത്തെ ഷോർട്ട് ഫിലിം (മുക്കുത്തി) കഴിഞ്ഞ വർഷം പുറത്തിറങ്ങി.

 • വിവാഹവും സിനിമയും

പ്രണയ വിവാഹമായിരുന്നു. വർഷങ്ങളായുള്ള അടുപ്പമാണ്. അതുകൊണ്ട് വിവാഹശേഷം പ്രത്യേക മാറ്റങ്ങളൊന്നും തോന്നിയിട്ടില്ല. സിനിമ പ്രേക്ഷകർ ഏറ്റെടുത്തതിൽ സന്തോഷം. സിനിമ കണ്ട് സുഹൃത്തുക്കളും എന്നെ സ്‌നേഹിക്കുന്നവരും വിളിച്ചു, അഭിനന്ദനങ്ങളറിയിച്ചു. അതൊക്കെയല്ലേ സന്തോഷം തരുന്ന കാര്യങ്ങൾ

 • ഓണം

ഓണക്കാലവുമായി ബന്ധപ്പെട്ട് പ്രത്യേക ഓർമകളൊന്നുമില്ല. സദ്യ പോലുള്ള പരിപാടികൾ ഉണ്ടെന്നല്ലാതെ എനിക്കതിലൊന്നും അങ്ങനെ ഇൻവോൾമെന്റ് ഒന്നുമില്ല. ഒണനാളുകളിൽ, കുട്ടികാലത്ത് എല്ലാവരും ഒത്തുകൂടുമായിരുന്നു. പിന്നീട്, അതെല്ലാം മാറിപ്പോയി. പിന്നെ, മലയാളികളുടെ ഓണം ടിവിയിലായി. ഇപ്പോൾ ഓണം മൊബൈലിൽ ആയി. ഇത്തവണ എല്ലാവരും ഒത്തു കൂടും എന്നു തോന്നുന്നു.
പൂവിറുക്കാൻ പോകുന്നതും പൂക്കളം ഇടുന്നതുമായിരുന്നു എന്റെയൊക്ക കുട്ടിക്കാലത്തെ വിനോദ മാർഗങ്ങൾ. അക്കാലത്ത് വേറെയൊന്നും ഇല്ലായിരുന്നു. ഇന്ന്, നൂറു വഴികളുണ്ട്, ടിവി, മൊബൈൽ, ഇന്റർനെറ്റ് അങ്ങനെയങ്ങനെ. ഇക്കാലത്തെ കുട്ടികൾക്ക് എന്നും ആഘോഷങ്ങളാണല്ലോ.

 • കുടുംബാംഗങ്ങളുടെ പിന്തുണ

സിനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാര്യമായി വീട്ടുകാരോട് ചർച്ച ചെയ്തില്ല എന്നു വേണമെങ്കിലും പറയാം. എനിക്ക് തന്നെ അറിയില്ലായിരുന്നു ഞാൻ സിനിമ എടുക്കുമോ ഇല്ലയോ എന്ന്. പക്ഷേ, സിനിമയിൽ മാത്രമായിരുന്നു എനിക്ക് താത്പര്യം. അക്കാര്യം വീട്ടിൽ എല്ലാവരും മനസിലാക്കി. ജോലി ചെയ്യുന്നുണ്ടായിരുന്നു, അതുകൊണ്ട് വലിയ പ്രശ്‌നം ഇല്ലായിരുന്നു. എന്നു കരുതി വലിയ പിന്തുണയൊന്നും ഇല്ലായിരുന്നു. എന്നാൽ, എതിർപ്പും ഇല്ലായിരുന്നു. ‘നീ നിന്റെ ഇഷ്ടത്തിനു ചെയ്യ്, ഇപ്പോൾ ജോലി ചെയ്യുന്നുണ്ടല്ലോ… അതിന്നിടയിൽ എന്താണെന്ന് വച്ചാൽ ചെയ്യ്…’ അങ്ങനെയുള്ള ഒരു ലൈൻ ആയിരുന്നു. സിനിമ ചെയ്ത് കഴിഞ്ഞപ്പോൾ വീട്ടിലെല്ലാവരും ഹാപ്പി ആയി.

subscribe

സാംബശിവൻ നവതി കഥ തുടരുന്നു
-മിനി ഗോപിനാഥ്

Categories:

നന്നായി വസ്ത്രധാരണം ചെയ്ത സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരൻ കഥ പറയുകയാണ്

‘ആരും കൊതിയ്ക്കും ബിരുദക്കാരൻ
പാരം കൊഴുത്ത ചെറുപ്പക്കാരൻ
ധീരൻ സുമുഖൻ പ്രഭുകുമാരൻ
ആരെയും കൂസാത്ത ഭാവക്കാരൻ’

മഹാനായ ആ കഥാപ്രസംഗകാരൻ വി. സാംബശിവന്റെ നവതി അതിവിപുലമായി മലയാളക്കര ആഘോഷിക്കുകയാണ്. കഥാപ്രസംഗ രംഗത്തു അദ്ദേഹം ഉപേക്ഷിച്ചു പോയ സിംഹാസനം അദ്ദേഹത്തിനു മാത്രമുള്ളതാണെന്നു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ആ കലാകാരൻ. തിരുവനന്തപുരത്തും കൊല്ലത്തുമായി വി. സാംബശിവൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച മൂന്നു കഥാപ്രസംഗ മേളകളിലും ജനങ്ങൾ കാണിച്ച ആവേശവും ആഹ്ലാദവും അതാണ് അടിവരയിടുന്നത്. ചിരഞ്ജീവിയാണദ്ദേഹം, എന്ന് രണ്ടാമതൊന്ന് ആലോചിയ്ക്കാതെ പറയാൻ കഴിയുന്ന ബഹുമുഖ പ്രതിഭ. മഹാനായ ആ മനുഷ്യ സ്‌നേഹി എഴുതിയ ‘ദിവ്യതീർത്ഥം’എന്ന നോവലിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും ഈ വേളയെ ധന്യമാക്കുന്നു.

‘കലാശാല വിദ്യാഭാസം ചെയ്യാൻ എനിക്ക് കലശലായ മോഹം. ഞാനൊരു കഥാപ്രസംഗം ചെയ്യാം പകരം നിങ്ങൾ എനിക്കു പഠിക്കാൻ പണം തരാൻ ദയവുണ്ടാകണം.’ ഇങ്ങനെ ഒരാമുഖത്തോടെയാണ് സാംബശിവൻ എന്ന യുവാവ് കഥാപ്രസംഗകലയെ ഉപാസിച്ചു തുടങ്ങിയത്. സാമ്പത്തിക ബാധ്യതയുള്ള കുടുംബത്തിലെ ഒൻപത് മക്കളിൽ മൂത്തയാളായിരുന്നു സാംബശിവൻ. കഥപറയുന്നതിന് പ്രതിഫലം കിട്ടിത്തുടങ്ങിയതോടെ കൊല്ലം എസ്. എൻ. കോളേജിൽ ചേർന്നു. കലാലയത്തിൽ ഈ കലാകാരൻ രാഷ്ട്രീയത്തിലും സജീവമായി. അക്കാലത്തു രൂപീകൃത്യമായ സ്റ്റുഡന്റസ് ഫെഡറേഷന്റെ (എസ്.എഫ്) ആദ്യത്തെ പ്രസിഡന്റുമായി.

കഥാപ്രസംഗം ജീവവായുവായി അദ്ദേഹത്തിൽ അലിഞ്ഞുതുടങ്ങിയിരുന്നു. കഥ പറയാത്ത തന്റെ ജീവിതം കഥയില്ലാതായിപ്പോകുമെന്ന് തിരിച്ചറിഞ്ഞ്, കഠിനാദ്ധ്വാനം ചെയ്തുതുടങ്ങി. കെ.കെ. വാദ്ധ്യാരും ജോസഫ് കൈമാപ്പറമ്പനും ആയിരുന്നു കലാമേഖലയിലെ മാർഗദർശികൾ. 1949-ലെ ഓണക്കാലത്ത് ചതയ ദിനത്തിൽ പെട്രോമാക്‌സ് വെളിച്ചത്തിൽ മൈക്കില്ലാതെ ചങ്ങമ്പുഴയുടെ ‘ദേവത’ കഥാപ്രസംഗരൂപത്തിൽ അവതരിപ്പിച്ചു. ഇതിന്റെ ഉത്ഘാടനം നിർവ്വഹിച്ച, ഒ. നാണു ഉപാധ്യായൻ സംസ്‌കൃതപണ്ഡിതനും അധ്യാപകനും കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനും സ്‌നേഹസമ്പന്നനുമായിരുന്നു. അദ്ദേഹത്തിന്റെ
‘ലളിതമായ ഭാഷയിൽ എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ കഥ അവതരിപ്പിയ്ക്കണം’ എന്ന ഉപദേശം സാംബശിവൻ ശിരസാവഹിച്ചു.

ആശാൻ, ഉള്ളൂർ, വള്ളത്തോൾ, മലയാറ്റൂർ, തിരുനെല്ലൂർ കരുണാകരൻ, വയലാർ, ചങ്ങമ്പുഴ തുടങ്ങിയവരുടെ കൃതികളെ ആസ്പദമാക്കി കഥാപ്രസംഗ ശിൽപ്പങ്ങൾ മെനഞ്ഞെടുത്തു. ഇതിലെ ഗാനവും സംഗീതവും എല്ലാം സ്വയം ചിട്ടപ്പെടുത്തി. പുള്ളിമാൻ, ശ്രീനാരായണ ഗുരുദേവൻ, പ്രേമശിൽപ്പി, ദേവലോകം തുടങ്ങി നിരവധി കഥകൾ സഹൃദയ സദസുകളെ കീഴ്‌പ്പെടുത്തി. ഇടയ്ക്ക് മനസിനിണങ്ങുന്ന കഥ ലഭിക്കാതെ വന്നപ്പോൾ ‘പട്ടുനൂലും വാഴനാരും’ സ്വയം എഴുതി അവതരിപ്പിച്ചു.

subscribe

ദേവഭൂമിയിലേക്കൊരു യാത്ര
-അരുൺ ടോം

Categories:

തിരശീലയിൽ മാത്രം പരിചയമുള്ള സാറിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ബംഗളൂരുവിലെ എന്റെ സുഹൃത്ത് മാത്യു വഴിയാണ്. ഏറെ സവിശേഷതകളുള്ള വ്യക്തിയാണ് മാത്യു. പലപ്പോഴും സാറിന്റെ വീട്ടിൽ പോകാറുണ്ട്. സാറിന്റെ മക്കൾ മാത്യുവിന്റെ സുഹൃത്തുക്കളാണ്. ‘മോഹൻലാലിന്റെ സുഹൃത്താണ്’ എന്നു പറഞ്ഞാണ് മാത്യുവിനെ മക്കൾ ആദ്യം പരിചയപ്പെടുത്തിയത്. അതു കേട്ടപ്പോൾ സാർ പറഞ്ഞത്രേ: ‘എനിക്കൊരു പാട് ഫാൻസുണ്ട്. പക്ഷേ, ഞാൻ മോഹൻലാലിന്റെ ഫാനാണ്. ലാലിന്റെ കുറേ പടങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. എനിക്കദ്ദേഹത്തെ ഒന്നു കാണണം.’
ഈ വിവരം മാത്യു എന്നോട് പറഞ്ഞു. അങ്ങനെയാണ് സാറിനെ കാണാൻ ഞാൻ ബംഗളൂരുവിലെ വീട്ടിൽ പോകുന്നത്. വീടിന്റെ പടികൾ കയറിവന്ന എന്നെ ‘ഞാൻ നിന്റെ പെരിയ ഫാൻ; വാ…’ എന്നുപറഞ്ഞ് കെട്ടിപ്പിടിച്ചു കൊണ്ടാണ് അദ്ദേഹം സ്വീകരിച്ചത്. ഏറെ വശ്യതയുള്ള ഒരാളായിരുന്നു രാജ്കുമാർ സാർ. അദ്ദേഹം നന്നായി യോഗ ചെയ്തിരുന്നു. കെട്ടിപ്പിടിച്ചപ്പോൾ ഒരുനിമിഷം വല്ലാത്തൊരു എനർജി എന്റെ ശരീരത്തിൽ ഫീൽ ചെയ്തത് യോഗയുടെ ഫലമാകാം. അന്ന് സാറുമായി ഒരുപാട് സംസാരിച്ചു. എന്റെ സിനിമകളെക്കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായി. അത് രാജ്കുമാർ എന്ന മഹാനടൻ മോഹൻലാൽ എന്ന നടനു നല്കിയ ആദരവു കൂടിയായിരുന്നു.

സാഹസിക സഞ്ചാരികളുടെ ഇഷ്ടയിടമാണ് ഹിമാലയം. വിവിധ വഴികളിൽ ഹിമാലയം കയറാമെങ്കിലും ദേവഭൂമിയെന്ന് അറിയപ്പെടുന്ന ഉത്തരാഖണ്ഡ് വഴിയുള്ള യാത്രയിൽ എന്തൊക്കെ കാഴ്ചകളാണ് സഞ്ചാരികൾക്കായി കാത്തിരിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. ദേവഭൂമിയെങ്കിലും ഹിമാലയൻ യാത്രയെ തീർത്ഥാടനമെന്നു പറയാൻ കഴിയില്ല. ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക വിനോദകേന്ദ്രം മുതൽ ആറു മാസം മഞ്ഞിനടിയിൽ ഉറങ്ങുന്ന ഇന്ത്യൻ ഗ്രാമം വരെയുണ്ട് ഈ വഴിയിൽ. തീർത്ഥാടകർക്കും സാഹസികർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഹിമാലയൻ യാത്രയെക്കുറിച്ച്

ഹരിദ്വാർ
……………………

ഹരിദ്വാർ എന്നതിന്റെ സംസ്‌കൃത അർത്ഥം വിഷ്ണുവിലേക്കുള്ള കവാടം എന്നാണ്. വിഷ്ണുവിന്റെ ഇടമായി ഹിന്ദുമത വിശ്വാസികൾ കരുതപ്പെടുന്ന ബദരിനാഥ് ക്ഷേത്രത്തിലേക്കുള്ള വഴി ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏഴു പുണ്യസ്ഥലങ്ങളിൽ ഒന്നാണ് ഹരിദ്വാർ. 12 വർഷത്തിലൊരിക്കൽ ഇവിടെ കുംഭമേള നടക്കാറുണ്ട്. ഹരിദ്വാറിൽ ഗംഗയിൽ നടത്തുന്ന ആരതി എന്ന ആരാധന പ്രസിദ്ധമാണ്. പ്രധാന സ്‌നാനഘട്ടമായ ഹർ കി പൗരീ (ഹരിപാദം) അഥവാ ബ്രഹ്മകുണ്ഡത്തിലാണ് പൂജകൾ നടക്കുക. ഇവിടെ സ്‌നാനം ചെയ്താൽ പാപമോചനമുണ്ടാകുമെന്നും മുക്തി ലഭിക്കുമെന്നുമാണ് ഹിന്ദുമത വിശ്വാസം.

ഋഷികേശ്
…………………………

ഇന്ത്യയിൽ സാഹസികവിനോദങ്ങൾക്ക് പേരുകേട്ട ഇടമാണ് ഋഷികേശ്. റിവർ റാഫ്റ്റിങ്, കയാക്കിങ്്, ട്രെക്കിങ്്, ക്യാംപിങ്, ബങ്കി ജംപിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾ ഇവിടെയുണ്ട്. ഋഷികേശിലെ പ്രധാനപ്പെട്ട രണ്ടു തൂക്കുപാലങ്ങളാണ് ലക്ഷ്മൺ ജൂളയും രാം ജൂളയും. ടേഹ്രി, പൗരി എന്നീ ജില്ലകളെ ബന്ധിപ്പിച്ചിരിക്കുന്ന പാലം കൂടിയാണ് ലക്ഷ്മൺ ജൂള. ഗംഗയ്ക്കു കുറുകെ ചണക്കയറിലൂടെ ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണൻ കടന്നുപോയിട്ടുണ്ടെന്ന വിശ്വാസത്തിന്മേലാണ് പാലത്തിന് ഈ പേരു ലഭിച്ചത്. ലക്ഷ്മൺ ജൂള പോലെ തന്നെ പ്രശസ്തമായ മറ്റൊരു തൂക്കുപാലമാണ് രാം ജൂള. ശിവാനന്ദ ആശ്രമവും സ്വർഗാശ്രമവും തമ്മിൽ ബന്ധിപ്പിക്കാനാണ് ഈ പാലം നിർമിച്ചിരിക്കുന്നത്.

ദേവപ്രയാഗ്
………………………

ഹിമാലയത്തിലെ നന്ദാദേവി കൊടുമുടിയിൽ നിന്നുള്ള ഹിമനദിയിൽ നിന്ന് ഉദ്ഭവിക്കുന്ന അളകനന്ദയും ഗംഗോത്രി ഹിമാനിയിലെ ഗോമുഖിൽ നിന്ന് ഉദ്ഭവിക്കുന്ന ഭാഗീരഥിയും കൂടിച്ചേർന്ന് ഗംഗാനദി രൂപം കൊള്ളുന്നിടമാണ് ദേവപ്രയാഗ്. നിരവധി വിദേശ സഞ്ചാരികൾ എത്തുന്ന ഒരു സ്ഥലം കൂടിയാണിത്.

യമുനോത്രി
…………………………

യമുനാനദിയുടെ ഉദ്ഭവസ്ഥാനമാണ് യമുനോത്രി. ഹിന്ദുമത വിശ്വാസപ്രകാരം ദൈവങ്ങളുടെ ഇരിപ്പിടമാണിവിടം.

subscribe