ആയുർവേദ വിധിപ്രകാരം മനസിനെയും ശരീരത്തെയും ഒരുപോലെ പരിപാലിക്കേണ്ട സമയമാണ് കർക്കടകം. ശരീരത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് അതിനെ പുനരുജ്ജീവിപ്പിക്കാനുള്ള കാലം. പരമ്പരാഗത ആരോഗ്യ സംരക്ഷണ മാർഗമാണ് കർക്കടക ചികിത്സ. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യത്തിന്റെ അടിസ്ഥാന ശില. ഇതിനു ഭംഗം നേരിടുമ്പോൾ ശരീരത്തെ രോഗങ്ങൾ കീഴ്‌പ്പെടുത്തും. വേനലിൽ നിന്നു മഴയിലേക്കു മാറുന്നതോടെ ശരീരബലം കുറയും. ഇതുവഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി സുഖചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കും. ശരീരത്തിലെയും മനസിലെയും മാലിന്യങ്ങളെ തുടച്ചുനീക്കി ജീവിതത്തെ പുതുക്കിപ്പണിയുക കൂടിയാണ് കർക്കടക ചികിത്സയിലൂടെ. ആരോഗ്യകാര്യത്തിലും ആത്മീയകാര്യത്തിലും ഒരു പോലെ പ്രാധാന്യം നൽകുന്നു എന്നതാണ് ഈ മാസത്തിന്റെ പ്രത്യേകത. പൊതുവേ പഞ്ഞമാസം എന്നാണ് കർക്കടകം അറിയപ്പെടുന്നത്.

സുഖചികിത്സ
………………………

ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള ദോഷങ്ങളെ അകറ്റാനും മനസിനും ശരീരത്തിനും ഊർജം പകരാനുമാണു സുഖചികിത്സ നടത്തുന്നത്. കൃത്യമായ മാർഗങ്ങളിലൂടെ ശരീരത്തിൽ വർധിച്ചിരിക്കുന്ന ദോഷങ്ങളെ പുറത്തേക്കുതള്ളി ആരോഗ്യം നിലനിർത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കിൽക്കൂടി ശരീരത്തിന്റെ സ്വാസ്ഥ്യം സംരക്ഷിക്കുന്നതിനായി ഈ ചികിത്സ ചെയ്യാവുന്നതാണ്. അധികം ചൂടും തണുപ്പുമില്ലാത്ത കർക്കടകം, ചിങ്ങം മാസങ്ങളാണു സുഖചികിത്സയ്ക്ക് ഉത്തമം. സാധാരണയായി ഏഴ്, 14, 21 ദിവസങ്ങളിലാണു സുഖചികിത്സ ചെയ്യേണ്ടത്. എത്ര ദിവസം ചികിത്സ നടത്തിയാലും അത്രയും നാൾ പഥ്യം പാലിക്കണം. പ്രധാന പഥ്യങ്ങളിൽ ഒന്ന് ബ്രഹ്മചര്യമാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ലഹരിപദാർത്ഥങ്ങൾ ഉപേക്ഷിക്കുക, പകലുറക്കവും രാത്രിയിൽ ഉറക്കമൊഴിയുന്നതും ഒഴിവാക്കുക, ശരീരം അധികം ഇളകാതെ വിശ്രമിക്കുക, ദേഷ്യം, കോപം, അസൂയ തുടങ്ങിയ ദോഷവികാരങ്ങൾ അകറ്റുക, പ്രാർഥനയ്ക്കു പ്രാധാന്യം കൊടുക്കുക എന്നിങ്ങനെ മനസിനും ശരീരത്തിനും ബാധകമായ പഥ്യങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു. വസ്തി, കിഴി, ധാര, പിഴിച്ചിൽ തുടങ്ങിയ ആയുർവേദ ചികിത്സകൾ സുഖചികിത്സയിൽ ഉൾപ്പെടുത്താറുണ്ട്.

ഉഴിച്ചിൽ
………………….

ശരീരത്തിന് ഇളപ്പമുള്ള കാലമായതിനാൽ ഉഴിച്ചിലിനും പിഴിച്ചിലിനും കർക്കടകം നല്ല സമയമാണ്. രക്തയോട്ടം വർധിപ്പിക്കുന്നതിനും മൃതകോശങ്ങളെ പുറന്തള്ളി പുതിയ കോശങ്ങളുടെ വർധനയ്ക്കും ശരീരത്തിലെ വിഷവസ്തുക്കളെ പുറത്താക്കുന്നതിനും ഉഴിച്ചിലും പിഴിച്ചിലും നല്ലതാണ്. ഓരോ പ്രായക്കാർക്കും ഓരോ തരത്തിലാണ് കർക്കടകത്തിലെ ചര്യ. കർക്കടക മാസത്തിൽ ചെയ്യുന്ന പഞ്ചകർമ ചികിത്സയാണ് കർക്കടക ചികിത്സ. ശരീരത്തിനു താങ്ങായിരിക്കുന്ന ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയെ പുന:ക്രമീകരിക്കുന്ന ചികിത്സാരീതികളും പഥ്യാഹാരങ്ങളുമാണ് കർക്കടക ചികിത്സയിലുള്ളത്. ആയുർവേദത്തിൽ പഞ്ചകർമങ്ങളെന്ന് അറിയപ്പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ ശോധന ചികിത്സകളാണു പ്രധാനം. പഞ്ചകർമ ചികിത്സകൾക്കു മുമ്പായി സ്‌നേഹ, സ്വേദ രൂപത്തിലുള്ള ക്രിയകൾ (പൂർവകർമങ്ങൾ) ചെയ്യുന്നു. ശരീരധാതുക്കളിൽ വ്യാപിച്ചിരിക്കുന്ന മാലിന്യങ്ങളെ സ്‌നേഹ, സ്വേദങ്ങൾ വഴി പുറത്തെത്തിക്കാൻ കഴിയും. കൂടാതെ ഇലക്കിഴി, അഭ്യംഗം, പിഴിച്ചിൽ, ഞവരക്കിഴി തുടങ്ങിയവയും പൂർവ കർമങ്ങളിൽപ്പെടുന്നു. കർക്കടകത്തിൽ പ്രത്യേകം തയാറാക്കിയ പാത്തിയിൽ കിടത്തി ചെയ്യുന്ന ചികിത്സയാണു പിഴിച്ചിൽ. രോഗമില്ലാത്തവർക്ക് എണ്ണയും കുഴമ്പുകളും ഉപയോഗിക്കുന്നു. രോഗമുള്ളവർക്ക് അവരുടെ രോഗാവസ്ഥയ്ക്കനുസരിച്ചുള്ള ഔഷധങ്ങൾ ചേർത്ത എണ്ണ ഉപയോഗിക്കുന്നു. ശരീരത്തിന്റെ സൗമ്യഭാവം നിലനിർത്താൻ ഉപകരിക്കുന്ന ഞവരക്കിഴി 14, 21 ദിവസങ്ങളിൽ ചെയ്യാറുണ്ട്. ഞവരയരി കിഴിപോലെ കെട്ടി, കുറുന്തോട്ടിക്കഷായവും പാലും ചേർത്തു തിളപ്പിച്ചതിൽ ഇട്ടു വേവിച്ചശേഷം ആ കിഴി മരുന്നിൽ മുക്കി ശരീരം ഉഴിയുന്നു.

തേച്ചുകുളി
……………………….

കർക്കടകത്തിൽ ദിവസേന തേച്ചുകുളി ആയുർവേദത്തിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. തേച്ചുകുളി വാതം, ക്ഷീണം എന്നിവ ശമിപ്പിക്കുന്നതിനും ജരാനരകൾ തടയുന്നതിനും കാഴ്ചശക്തി, ദേഹപുഷ്ടി, ദീർഘായുസ്, നല്ല ഉറക്കം, തൊലിക്ക് മാർദ്ദവവും ഉറപ്പും എന്നിവയ്ക്കു കാരണമാകുന്നു. തലയിലും ചെവിയിലും ഉള്ളം കാലിലും പ്രത്യേകമായി എണ്ണ തേയ്ക്കണം. കഫം വർധിച്ചിരിക്കുന്നവരും, ഛർദ്ദിപ്പിക്കുക, വയറിളക്കുക എന്നിവയ്ക്കു വിധേയമായിരിക്കുന്നവരും തേച്ചുകുളി നടത്തരുത്. അജീർണമുള്ളവരും എണ്ണ തേയ്ക്കരുത്. പ്ലാവില, വാതം കൊല്ലിയില, ആവണക്കില, കടുക്കതോട് ഇവയിട്ടു തിളപ്പിച്ച വെള്ളം കുളിക്കാൻ ഉപയോഗിക്കാം. രാവിലെ തയാറാക്കിയ കർക്കടക കഞ്ഞി, തേച്ചു കുളികഴിഞ്ഞു കഴിക്കാം. പകലുറക്കം പാടില്ല. കൂടുതൽ അദ്ധ്വാനം, വെയിൽ ഒഴിവാക്കണം. ഭക്ഷണം, വിശ്രമം, മൈഥുനം, ഉറക്കം ഇവ ഏറ്റക്കുറച്ചിലില്ലാതെയും മിതമായും അനുവർത്തിക്കേണ്ട കാലമാണ് കർക്കടകം. വ്യായാമം അധികമാകാതെ ശ്രദ്ധിക്കണം. പനി മുതൽ വയറിളക്കം വരെ നീളുന്ന പകർച്ചവ്യാധികൾ കർക്കടകം എത്താൻവേണ്ടി കാത്തിരിക്കുകയാണ്. നനഞ്ഞ വസ്ത്രങ്ങൾ ഉപേക്ഷിക്കാം. തണുത്ത ഭക്ഷണം പൂർണമായും വർജിക്കണം. എരിവിനും ചവർപ്പിനും മുൻതൂക്കം കൊടുക്കാം. ധാന്യങ്ങളും പയറും കൂടുതൽ കഴിക്കാം. തണുപ്പിൽ വീടിനുള്ളിൽ രോഗാണുക്കളുടെ സാന്നിധ്യം വർധിക്കും. വീടും പരിസരവും പുകയ്ക്കുന്നത് ഇവയെ പുറംതള്ളാനാണ്. ഇതിനായി കുന്തിരിക്കം, ഗുൽഗുലു, അഷ്ടഗന്ധം തുടങ്ങിയ സുഗന്ധവസ്തുക്കൾ ഉപയോഗിക്കാം. മാംസം വർജിക്കണമെന്നില്ലെങ്കിലും ദഹനക്കുറവിന് ഇടയാക്കുന്നതിനാൽ അമിത ഉപയോഗം കുറയ്ക്കണം. മോര് കാച്ചി ഉപയോഗിക്കാം, പക്ഷേ, തൈര് വർജിക്കണം. പകലുറക്കം വിശപ്പു കുറയ്ക്കുകയും ദഹനപ്രക്രിയകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മാത്രമല്ല കർക്കടകക്കഞ്ഞിയുടെ പ്രവർത്തനം

subscribe