കോപ്പൻ ഹേഗനിൽ വച്ച് വളരെ യാദൃശ്ചികമായാണ് എ.എൻ.ആർ. എന്ന ചുരുക്കപ്പേരുള്ള അക്കിനേനി നാഗേശ്വര റാവുവിനെ ഞാൻ പരിചയപ്പെടുന്നത്. പ്രിയദർശന്റെ ‘ഗാണ്ഡീവം’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണത്. ഒരു പക്ഷേ, കാലം എനിക്കായി നീക്കിവച്ച സൗഭാഗ്യങ്ങളിലൊന്നായിരിക്കാം കോപ്പൻഹേഗനിലേക്കുള്ള എന്റെ ആ യാത്ര. നാഗേശ്വരറാവു സാറിനൊപ്പം ബാലകൃഷ്ണയും, നാഗേഷും റോജയുമെല്ലാം ‘ഗാണ്ഡീവ’ ത്തിൽ അഭിനയിച്ചിരുന്നു.

എസ്.പി. ബാലസുബ്രഹ്മണ്യവും എം.ജി. ശ്രീകുമാറും അനുരാധാശ്രീറാമും ചേർന്നാലപിച്ച ‘ഗോരുവാങ്കവാലകനെ…’എന്നാരംഭിക്കുന്ന ഗാനരംഗത്ത് നാഗേശ്വരറാവു സാറിനൊപ്പം ഞാനും അഭിനയിക്കണമെന്ന് പ്രിയൻ പറഞ്ഞപ്പോൾ, സിനിമ എനിക്ക് നൽകിയ മഹാഭാഗ്യങ്ങളിലൊന്നായി ഞാനതിനെകണ്ടു. കാരണം ഇന്ത്യൻ സിനിമയിലെ അത്ഭുതപ്രതിഭാസമായ സാറിനൊപ്പം അഭിനയിക്കാൻ ഏതൊരാർട്ടിസ്റ്റും ആഗ്രഹിക്കാതിരിക്കില്ല. ശരിക്കും ഒരു ഹോളിഡെ ആഘോഷം പോലെയായിരുന്നു സാറിനൊപ്പം ചെലവഴിച്ച ദിവസങ്ങൾ. എം.എം. കീരവാണി സംഗീതം നൽകിയ ആ ഗാനരംഗത്തിന്റെ ചിത്രീകരണം പോലും വളരെ രസകരമായിരുന്നു. എഴുപതു പിന്നിട്ട സാർ ഇരുപതുകാരന്റെ ചുറുചുറുക്കോടെ ആടിപ്പാടി അഭിനയിക്കുന്നത് കണ്ട് ഞാനും വിസ്മയിച്ചു. പെരുവിരൽ മുതൽ ശിരസ് വരെ നടനം മാത്രം നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ശരീരഭാഷ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തി.

ഗാണ്ഡീവത്തിന്റെ ചിത്രീകരണകാലത്ത് (1994) നാഗേശ്വരറാവു സാറിനെക്കുറിച്ച് എനിക്ക് തോന്നിയ പ്രധാനപ്പെട്ട ഒരു കാര്യം സെറ്റിലുള്ളവരെല്ലാം അദ്ദേഹത്തോട് വളരെയധികം ആദരവു കലർന്ന ഒരകലം സൂക്ഷിച്ചിരുന്നുവെന്നതാണ്. അത് മറ്റൊന്നും കൊണ്ടല്ല, കലാരംഗത്ത് ഏറ്റവും ഉന്നതനായ ഒരു വ്യക്തിയോട് നമ്മൾ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും തന്നെയാണത്. എല്ലാവരും അദ്ദേഹത്തെ ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും, അടുത്ത് ചെന്ന് സംസാരിക്കാൻ പലർക്കും നേരിയ ഭയമായിരുന്നു.

കോപ്പൻഹേഗനിൽ സാറ് താമസിച്ച ഹോട്ടലിൽ ആയിരുന്നു ഞാനും താമസിച്ചത്. രാവിലെ മിക്കവാറും ഞങ്ങൾ കാണുന്നത് ഡൈനിങ്ഹാളിൽ വച്ചായിരുക്കും. മറ്റെല്ലാവർക്കും ആവശ്യമുള്ള ഭക്ഷണം സപ്ലെയർമാർ തീൻമേശയിലെത്തിക്കുമ്പോൾ, സാറ് മാത്രം തനിക്കാവശ്യമുള്ള ഭക്ഷണം സ്വയം എടുത്ത് കഴിക്കുമായിരുന്നു. പഞ്ചസാരയും കാപ്പിപ്പൊടിയും, ചൂടുവെള്ളവും കൊണ്ട് വന്ന് തന്റെ ടേസ്റ്റിനനുസരിച്ച് സാറ് തന്നെ കാപ്പി ഉണ്ടാക്കും. ഇതുകണ്ടപ്പോൾ ഞാൻ പറഞ്ഞു, ‘സാർ ഇരിക്കൂ, കാപ്പി ഞാനെടുത്തുതരാം’. തുടർന്നുള്ള ദിവസങ്ങളിൽ സാറിനുള്ള ബ്രേക്ക് ഫാസ്റ്റ് ഞാനെടുത്തു കൊടുക്കുകയായിരുന്നു. അതദ്ദേഹത്തിന് വലിയ സന്തോഷമുണ്ടാക്കി എന്നാണ് തോന്നുന്നത്. വളരെ സീനിയറായ ഒരാർട്ടിസ്റ്റിനോട് കാണിക്കേണ്ട മര്യാദ മാത്രമേ ഞാൻ കാണിച്ചിട്ടുള്ളൂ.

പിന്നീട് എന്റെ ഭാര്യയുടെ അച്ഛൻ (ബാലാജി) ചോദിച്ചു: ‘ലാലിന്റെ പി.ആർ.ഒ. ആണോ നാഗേശ്വരറാവു?’ എനിക്ക് കാര്യം മനസിലായില്ല. ‘നാഗേശ്വരറാവു പോകുന്നിടത്തൊക്കെ ലാലിനെക്കുറിച്ച് വളരെ മതിപ്പോടെയാണ് സംസാരിക്കുന്നത്. സീനിയറായ ആർട്ടിസ്റ്റുകളെ എങ്ങനെ ബഹുമാനിക്കണമെന്ന് ലാലിനെകണ്ട് പഠിക്കണമെന്നാണ് അദ്ദേഹം പറയുന്നത്’. അച്ഛൻ ഇതുപറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.

നാഗേശ്വരറാവു സാറിന്റെ സംഭവബഹുലമായ ജീവിതത്തിനു മുന്നിൽ പലപ്പോഴും ഒരു പ്രേക്ഷകനെപ്പോലെ ഞാൻ വിസ്മയിച്ചുനിന്നിട്ടുണ്ട്. നമ്മൾക്കൊന്നും ഊഹിക്കാൻപോലും കഴിയാത്ത അനുഭവങ്ങളിലൂടെയാണ് ഇന്ത്യൻ സിനിമയിലെ അത്ഭുതങ്ങളിലൊന്നായി അദ്ദേഹം മാറിയത്. ദുരിതങ്ങളുടെയും, കണ്ണീരിന്റെയും ഒരുപാട് ഫ്രെയിമുകളുള്ള ജീവിതമാണത്. വളരെ ദരിദ്രമായ ഒരു കർഷകകുടുംബത്തിൽ ജനിച്ച് തെരുവുനാടകങ്ങളിൽ നിന്നു തുടങ്ങി ഇന്ത്യൻ സിനിമയിലെ പരമോന്നതബഹുമതിയായ ദാദാസാഹേബ് ഫാൽക്കേവരെയുള്ള അംഗീകാരങ്ങൾ നേടിയ ആ ജീവിതം ഫലഭാരത്താൽ നമ്രമാകുന്ന വൃക്ഷത്തെപ്പോലെയാണ്. പരിചയപ്പെട്ട കാലം മുതൽ പിന്നീടുണ്ടായ സമാഗമങ്ങളിലെല്ലാം സ്‌നേഹത്തിന്റെ വലിയൊരു കടലായാണ് അദ്ദേഹം എന്നിൽ നിറഞ്ഞത്.

‘ഗാണ്ഡീവ’ത്തിൽ ഒരുമിച്ചഭിനയിക്കുന്നതിനു മുൻപ് ദേവദാസ്, കാളിദാസ, മായാബസാർ, ഡോ. ചക്രവർത്തി, പ്രേമാഭിഷേകം, പ്രേംനഗർ, തെന്നാലി രാമകൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലൂടെ സിൽവർ സ്‌ക്രീനിൽ അഭിനയത്തിന്റെ മാജിക് വിരിയിച്ച നാഗേശ്വര റാവു എന്ന അഭിനയപ്രതിഭയെക്കുറിച്ച് മാത്രമേ എനിക്ക് അറിവുണ്ടായിരുന്നുള്ളൂ. പിന്നീടാണ് ആ മഹാനടന്റെ ജീവിതം അദ്ദേഹം ആടിയ മുന്നൂറോളം വേഷങ്ങൾക്കും ഉയരത്തിലാണെന്ന് മനസിലാവുന്നത്. സാറിന്റെ ജീവിതവഴികളിലെ കഠിനതകളെക്കുറിച്ച് പലപ്പോഴും എനിക്ക് പറഞ്ഞുതന്നത് സുചിയുടെ അച്ഛനാണ്. തെന്നിന്ത്യൻ സിനിമ മദ്രാസിനെ മാത്രം ആശ്രയിച്ചിരുന്ന കാലത്ത് തുടങ്ങിയ സൗഹൃദമാണ് അച്ഛനും സാറും തമ്മിലുള്ളത്. മരണംവരെ ആ സ്‌നേഹം അച്ഛൻ മനസിൽ സൂക്ഷിച്ചു. ബാലാജിയുടെ മരുമകൻ എന്ന നിലയിലും നാഗേശ്വരറാവു സാർ എന്നോട് പ്രത്യേക സ്‌നേഹം വച്ചുപുലർത്തിയിരുന്നു.

തെലുങ്ക് സിനിമകൾക്ക് സ്വന്തമായി ഒരടിത്തറ സൃഷ്ടിക്കാൻ പ്രയത്‌നിച്ചവരിൽ പ്രമുഖനാണ് നാഗേശ്വരറാവു സാർ. തെലുങ്ക് സിനിമയ്ക്ക് തനതായ വ്യക്തിത്വമുണ്ടാകണമെങ്കിൽ അതിന്റെ ആസ്ഥാനം ഹൈദരാബാദ് തന്നെയാകണമെന്ന വിവിധ നേതാക്കളുടെ തീരുമാനം നാഗേശ്വര റാവുവിലൂടെയാണ് സാക്ഷാത്ക്കരിക്കപ്പെട്ടതെന്നതും ഏറെ അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. അദ്ദേഹം രൂപം കൊടുത്ത ‘അന്നപൂർണ സ്റ്റുഡിയോ’യിൽ ചിത്രീകരിച്ച പല ചിത്രങ്ങളും പിൽക്കാലത്ത് ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ഞാനഭിനയിച്ച ‘കടത്തനാടൻ അമ്പാടി’ അന്നപൂർണയിലാണ് ഷൂട്ട് ചെയ്തത്. പിന്നീട് രണ്ടു മൂന്നു ചിത്രങ്ങളുമായി ബന്ധപ്പെട്ട ഞാൻ അന്നപൂർണയിൽ പോയിട്ടുണ്ട്. ഹൈദരാബാദിൽ റാമോജി ഫിലിം സിറ്റി വരും മുമ്പേ, വിവിധ ഭാഷാചിത്രങ്ങൾ ആശ്രയിച്ചിരുന്നത് സാറിന്റെ സ്റ്റുഡിയോയെയാണ്.

subscribe