മലയാള സിനിമയുടെ നിത്യഹരിത നായികയാണ് ഷീല. ഓരോ മലയാളിയുടെയും മനസിലെ സ്വപ്‌ന നായികയും ഷീല തന്നെ. 1963-ൽ ആരംഭിച്ച വെള്ളിത്തിരയിലെ ജീവിതം 56 വർഷം പിന്നിടുമ്പോഴും ഷീല സജീവമാണ്. 1980-ൽ സ്‌ഫോടനം എന്ന ചിത്രത്തോടെ താത്ക്കാലികമായി ചലച്ചിത്രജീവിതത്തിൽ നിന്നു മാറിനിന്ന ഷീല 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മഹാസുബൈർ വർണചിത്ര നിർമിച്ച മനസിനക്കരെ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. സംവിധായകയായും ഷീല തിളങ്ങിയിട്ടുണ്ട്. യക്ഷഗാനം, ശിഖരങ്ങൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ ഒന്നു ചിരിക്കൂ എന്ന ചിത്രത്തിന്റെ കഥ ഷീലയുടേതാണ്. കുയിലിന്റെ കൂട് എന്ന പുസ്തകവും ഷീല രചിച്ചിട്ടുണ്ട്. ഇപ്പോൾ, കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയൽ അവാർഡിന് ഷീല അർഹയായിരിക്കുന്നു. ഷീലയുടെ വിശേഷങ്ങൾ.

  • ജെ.സി. ഡാനിയൽ അവാർഡ്, കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതി

ജെ.സി. ഡാനിയൽ പുരസ്‌കാരം, അഭിനേത്രി എന്ന നിലയിൽ ജീവിതത്തിൽ എനിക്കു കിട്ടിയ വലിയ ബഹുമതിയാണ്. ഞാൻ അതിയായി സന്തോഷിക്കുന്നു. പ്രത്യേകിച്ചും മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി. ഡാനിയൽ എന്ന ചരിത്ര പുരുഷന്റെ പേരിലുള്ള അവാർഡാകുമ്പോൾ അതിന് ഇരട്ടി മധുരം ഉണ്ടാകുമല്ലോ. ഈ പുരസ്‌കാരം ഞാൻ സ്‌നേഹത്തോടെ ഹൃദയത്തോടു ചേർത്തുപിടിക്കുന്നു. അവാർഡ് കിട്ടിയതിനു ശേഷം നിരവധി സഹപ്രവർത്തകർ വിളിച്ച് ആശംസകൾ അറിയിച്ചു.

  • മകൾ, കാമുകി, സഹോദരി, ഭാര്യ, അമ്മ, മുത്തശ്ശി… അങ്ങനെ നിരവധി കഥാപാത്രങ്ങൾ അഭിനയ സ്മരണകളിലേക്കു തിരിഞ്ഞു നോക്കുമ്പോൾ

ശരിയാണ്, ക്യാമറയ്ക്കു മുന്നിൽ അണിയാത്ത വേഷങ്ങളില്ല. എത്രയോ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തു. ആവർത്തനങ്ങൾ വരാതെ ശ്രദ്ധിക്കേണ്ടത് നടിയുടെ കഴിവാണ്. അണിഞ്ഞ വേഷങ്ങളെല്ലാം ഒരു സ്ത്രീ തന്റെ ജീവിതത്തിലൂടെ കടന്നുപോകുന്നവയാണ്. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഇഷ്ടപ്പെട്ടു ചെയ്തവയാണ്. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും അവയുമായി താദാത്മ്യം പ്രാപിക്കലിലും ഞാൻ എന്നും ശ്രദ്ധാലുവായിരുന്നു. ഒരു കഥ കേട്ടു കഴിഞ്ഞാൽ, ആ കഥയിലെ തന്റെ കഥാപാത്രത്തെപ്പറ്റി കൂടുതൽ ചിന്തിച്ച് അതുമായി ഇഴുകിച്ചേർന്നു മാത്രമേ ഞാൻ ക്യാമറയ്ക്കു മുന്നിൽ നിൽക്കാറുള്ളൂ.

  • ആദ്യ സിനിമ കാണലും അച്ഛന്റെ വഴക്കും

സിനിമയുമായോ മറ്റു കലാരൂപങ്ങളുമായോ ബന്ധമുള്ള കുടുംബമായിരുന്നില്ല ഞങ്ങളുടേത്. എന്റെ അച്ഛൻ ഇത്തരം കാര്യങ്ങളിൽ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. കുട്ടിക്കാലത്ത് അയലത്തെ സ്ത്രീ സുഹൃത്തുക്കളുമായി അമ്മയോടൊപ്പം സിനിമ കാണാൻ പോയതിന് അച്ഛൻ എന്നെയും അമ്മയെയും വഴക്കു പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഞങ്ങളുടെ വീട്ടിൽ റേഡിയോ പോലും ഉണ്ടായിരുന്നില്ല.
ആദ്യം അഭിനയിച്ചതു നാടകത്തിലായിരുന്നു. അതിനും അച്ഛന്റെ കൈയിൽ നിന്ന് ധാരാളം വഴക്കു കേട്ടു. റെയിൽവേയിലെ ജീവനക്കാരുടെ നാടകത്തിൽ അപ്രതീക്ഷിതമായാണ് എനിക്ക് നായികയുടെ വേഷം എടുത്തണിയേണ്ടി വന്നത്. നാടകത്തിന്റെ റിഹേഴ്‌സൽ ഞാൻ ഒളിച്ചിരുന്നു കാണുമായിരുന്നു. അങ്ങനെ നായികയുടെ ഡയലോഗുകൾ ഞാൻ കാണാപ്പാഠം പഠിച്ചിരുന്നു. നാടകം രംഗത്ത് അവതരിപ്പിക്കേണ്ട സമയത്ത് നായികയായി അഭിനയിക്കുന്ന കുട്ടി വന്നില്ല. പകരം ഞാൻ സ്റ്റേജിൽ കയറുകയായിരുന്നു.
അക്കാലത്താണ് അച്ഛന്റെ മരണം. അന്ന് ഞങ്ങൾ ട്രിച്ചിയിലായിരുന്നു താമസം. പത്ത് മക്കളുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. ഞങ്ങൾ വല്ലാതെ കഷ്ടപ്പെട്ട കാലമായിരുന്നു. അമ്മയുടെ സഹോദരിമാർ ഞങ്ങളെ അവരുടെ വീടുകളിലേക്ക് കൊണ്ടുപോയി.
എസ്.എസ്. രാജേന്ദ്രനുമായുള്ള പരിചയം അഭിനയരംഗത്തെത്തിച്ചു. ചെന്നൈയിലേക്ക് താമസം മാറ്റി. രാജേന്ദ്രന്റെ തെൻപാണ്ടി വീരൻ എന്ന നാടകത്തിൽ അഭിനയിച്ചു. തമിഴ് എനിക്ക് ശരിക്കും വഴങ്ങുന്നുണ്ടായിരുന്നില്ല. അത് അഭിനയത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ ബാധിച്ചതായി എനിക്കു തോന്നിയിരുന്നു.
എന്റെ ഭാഗ്യത്തിന് എം.ജി.ആറും തമിഴ് ഡയറക്ടറുമായ രാമണ്ണയും നാടകം കാണാൻ എത്തിയിരുന്നു. അവർക്കെന്റെ അഭിനയം ഇഷ്ടപ്പെട്ടു.
പാസം എന്ന സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്ന സമയമായിരുന്നു. ആ ചിത്രത്തിൽ ഒരു പെൺകുട്ടിയുടെ വേഷമുണ്ടായിരുന്നു. ആ വേഷം അവർ എനിക്കു തന്നു.
ആ സമയത്ത് ഭാഗ്യജാതകം എന്ന സിനിമയുടെ ഷൂട്ടിങ് ചെന്നൈയിൽ നടക്കുന്നുണ്ടായിരുന്നു. പാസത്തിന്റെ സെറ്റിൽ വന്ന പി. ഭാസ്‌കരനും സത്യൻ മാഷും എന്നെ ഭാഗ്യജാതകത്തിൽ നായികയായി സെലക്ട് ചെയ്യുകയായിരുന്നു. പിന്നെ ഇങ്ങോട്ടുള്ളതു ചരിത്രം.

  • കറുത്തമ്മ, കള്ളിച്ചെല്ലമ്മ, വെളുത്ത കത്രീന, വത്സല അങ്ങനെ കരുത്തുള്ള കഥാപാത്രങ്ങൾ

അങ്ങനെ ചില ഭാഗ്യങ്ങളുണ്ടായി. ചെമ്മീൻ എന്ന അനശ്വര നോവലിലെ കറുത്തമ്മയാകാൻ അവസരം ലഭിച്ചു. മലയാളക്കര കഥകളിലൂടെ ഏറ്റെടുത്ത പല കഥാപാത്രങ്ങളെയും എനിക്ക് വെള്ളിത്തിരയിൽ എത്തിക്കാൻ കഴിഞ്ഞു. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും തയാറെടുപ്പകളുമൊക്കെ നടത്താറുണ്ട്. പിന്നെ, ഒരു ദിവസം നാലും അഞ്ചും സിനിമകളിൽ അഭിനയിക്കുന്ന കാലമാണ്. ഒരു വർഷം 26 സിനിമ വരെ റിലീസ് ചെയ്തിട്ടുണ്ട്. സെറ്റിലെത്തിക്കഴിഞ്ഞാൽ ഞാൻ പൂർണമായും ഡയറക്ടറുടെ നിർദേശങ്ങൾ പാലിക്കുന്ന നടിയാണ്. അതൊക്കെയായിരിക്കാം കഥാപാത്രങ്ങളുടെ ജനപ്രീതിയും അനശ്വരതയും.

  • സ്വപ്‌ന നായിക / നിത്യഹരിത നായിക

അങ്ങനെയൊക്കെ ആളുകൾ വിളിക്കാറുണ്ട്. പ്രേക്ഷകർ ആഗ്രഹിച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയതിനാലാകാം അവർ അത്തരം കൽപ്പനകളൊക്കെ തരുന്നത്. എന്തെല്ലാം അവാർഡുകൾ കിട്ടിയാലും ജനങ്ങളുടെ മനസിലെ അംഗീകാരമല്ലേ ഏറ്റവും വലിയ അവാർഡ്. അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണെന്നാണ് എന്റെ വിശ്വാസം.

  • നസീർ, സത്യൻ, മധു, കമൽഹാസൻ, ജയൻ തുടങ്ങിയ നായകന്മാർ. നസീർ സാറിനൊപ്പം ഗിന്നസ് റെക്കോർഡ്. ഈ നായകന്മാരെ എങ്ങനെ വിലയിരുത്തുന്നു

എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനേതാക്കൾ. മലയാള സിനിമയിൽ എക്കാലത്തെയും മികച്ച, ചരിത്രത്തിൽ ഇടം നേടിയ നടന്മാർ. സത്യൻ മാഷിന്റെയൊപ്പം ചെയ്തിരുന്നതെല്ലാം കനമുള്ള കഥാപാത്രങ്ങളായിരുന്നു. നസീർ സാറിന്റെയൊപ്പം ചെയ്തവയെല്ലാം ജനപ്രിയ വേഷങ്ങളായിരുന്നു. പാട്ടും ഡാൻസും പ്രണയവുമെല്ലാം അടങ്ങിയവ. മധു സാറിനൊപ്പം രണ്ടു ടൈപ്പ് വേഷങ്ങളും ചെയ്തിട്ടുണ്ട്. അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് എന്നെ വിസ്മയിപ്പിച്ച നടനാണ് കമലഹാസനും. ഓരോരുത്തർക്കും അവരുടേതായ പ്രത്യകതകളും സവിശേഷമായ ശൈലികളുമുണ്ട്.

  • മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ദിലീപ്

എല്ലാവരും വ്യത്യസ്തരായ ആളുകളാണ്. ഏതു വേഷവും തന്മയത്വത്തോടെ ഫലിപ്പിക്കാൻ കഴിവുള്ളവരാണ് ഇവർ. മറ്റു ഭാഷാചിത്രങ്ങൾ പോലെയല്ല മലയാളം. എത്രയോ വലിയ നടീനടന്മാർ നമുക്കുണ്ട്. പിന്നെ, നല്ല വേഷങ്ങൾ കിട്ടുക എന്നത് ഓരോരുത്തരുടെയും ഭാഗ്യം പോലെയിരിക്കും. നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ സത്യൻ അന്തിക്കാട് ചിത്രമായ മനസിനക്കരെയിൽ ജയറാം ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കുടുംബപ്രേക്ഷകരുടെ പ്രിയ നടന്മാരിലൊരാളായ ജയറാമിന്റെ മികച്ച ചിത്രങ്ങളിലൊന്നാണ് മനസിനക്കരെ. സുബൈർ വർണചിത്രയായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. തെന്നിന്ത്യൻ താരമായി ഉയർന്ന നയൻതാരയുടെ ആദ്യ ചിത്രമായിരുന്നു മനസിനക്കരെ. വീണ്ടും സ്‌നേഹവീട് എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ അഭിനയിച്ചു. മോഹൻലാലിന്റെ അമ്മ വേഷമായിരുന്നു. അമ്മയുടെയും മകന്റെയും സ്‌നേഹനിർഭരമായ കഥയാണത്. മമ്മൂട്ടിയൊടൊപ്പം തസ്‌കരവീരൻ, സുരേഷ് ഗോപിയോടൊപ്പം പതാക, ദിലീപിനൊപ്പം മിസ്റ്റർ മരുമകൻ, അതെല്ലാം മികച്ച സൗഹൃദങ്ങളുടെയും ഹിറ്റ് സിനിമകളുടെയും കൂട്ടുകെട്ടാണ്.

subscribe