തിളക്കമാർന്ന വിജയമാണ് ഷെയിൻ നിഗം എന്ന യുവതാരം സ്വന്തമാക്കിയത്. കിസ്മത്ത് എന്ന ചെറിയ ചിത്രത്തിലൂടെ നായകനായി, കുമ്പളങ്ങി നൈറ്റ്‌സിലൂടെ താരമായ ഷെയിനിന്റെ പുതിയ ചിത്രം ഇഷ്‌കും വിജയമായി. അബിയുടെ മകൻ എന്ന ഇഷ്ടവും മലയാളിക്ക് ഷെയിനിനോടുണ്ട്. താരപരിവേഷമില്ലാതെ മോളിവുഡിന്റെ യങ് സെൻസേഷൻ സംസാരിക്കുന്നു.

  • താരമായ ബോബി

കുമ്പങ്ങി നൈറ്റ്‌സിലെ ബോബി ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. കിസ്മത്തിന്റെ ട്രെയിലർ ഇറങ്ങിയ സമയത്താണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ കഥ പറയുന്നത്. വാപ്പച്ചിയുള്ള സമയമാണ്. ആദ്യം വൺ ലൈൻ പറഞ്ഞു. പിന്നീട് വീട്ടിൽ വന്ന് വിശദമായി സംസാരിച്ചു. പിന്നെയും കുറേ നാളുകൾക്കുശേഷമാണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്. കുമ്പങ്ങി നൈറ്റ്‌സിന്റെ ഷൂട്ടിങ് നടക്കുമ്പോഴും ഒരു സിനിമ ചെയ്യുന്നു എന്നുള്ളതു മാത്രമേ ചിന്തിച്ചിട്ടുള്ളൂ. മനസിൽ അതിനപ്പുറം വലിയ കാര്യങ്ങളൊന്നുമില്ല. ഒരു നിയോഗം പോലെ എല്ലാം ശരിയായി വന്നതാണ്. ഈ ടീമിനൊപ്പം വർക്ക് ചെയ്യുക എന്നുള്ളത് നല്ല അനുഭവമാണ്. ഇപ്പോൾ മലയാള സിനിമയിൽ സ്വന്തമായൊരു ഐഡന്റിറ്റിയിൽ സിനിമ ചെയ്യുന്ന ടീമാണ്. വളരെ മനോഹരമായാണ് അവർ സിനിമ ഓർഗനൈസ് ചെയ്യുന്നത്. അവർക്കൊപ്പം പ്രവർത്തിക്കുമ്പോഴും വളരെ കംഫർട്ടബിളാണ്.

  • ഇർഫാൻ ഫേവറിറ്റ്

കിസ്മത്തിലെ ഇർഫാനോട് ഇഷ്ടക്കൂടുതൽ ഉണ്ട്. വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെ ഇറങ്ങിയ സിനിമയാണ്. എന്നാൽ, ആ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരുപാടുപേരുടെ സത്യസന്ധമായ പരിശ്രമത്തിന്റെ ഫലമാണ് ആ ചിത്രം. മറ്റൊരു കഥാപാത്രത്തിനു വേണ്ടിയും ഞാൻ ഇത്രയും വർക്ക് ചെയ്തിട്ടില്ല. പിന്നെ എന്റെ ആദ്യത്തെ പ്രധാന വേഷമാണ് ഇർഫാൻ. അതുകൊണ്ടുകൂടിയാവാം ആ കഥാപാത്രം ഏറെ പ്രിയപ്പെട്ടതാകുന്നത്. സിനിമ ഹിറ്റാവണം, സാറ്റലൈറ്റ് കിട്ടണം, അത്തരം ചിന്തകളൊന്നും ഇല്ലാതെയാണ് കിസ്മത്തിൽ അഭിനയിച്ചത്. ആ സിനിമ ഇറങ്ങി ശ്രദ്ധിക്കപ്പെട്ടപ്പോഴാണ് ഞാൻ അക്കാര്യങ്ങളെല്ലാം ചിന്തിക്കുന്നത്.

  • മറ്റൊരാളാകുന്നത് രസമല്ലേ

കഥ കേൾക്കുമ്പോൾ കഥാപാത്രത്തിനെ മനസിലാക്കാൻ ശ്രമിക്കും. തിരക്കഥ വായിക്കുമ്പോൾ കാര്യങ്ങൾ മനസിലാവും. സംശയങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്യും. കഥാപാത്രത്തെ സിനിമാറ്റിക്കായി ഉൾക്കൊള്ളാൻ എനിക്കു പലപ്പോഴും സാധിക്കാറില്ല. ഞാൻ വളരെ റിയലിസ്റ്റിക്കായി ചിന്തിക്കും. അതാണ് പ്രശ്‌നം. പിന്നെ അത്തരം കാര്യങ്ങളൊക്കെ പഠിച്ചുവരുന്നതേയുള്ളൂ. പിന്നെ മറ്റൊരാളാകുന്നത് ഒരു രസമല്ലേ?

  • ലേബലിങ്ങിൽ വിശ്വാസമില്ല

പ്രണയനായകനായി ഞാൻ എന്നെ ലേബൽ ചെയ്തിട്ടില്ല. മറ്റുള്ളവരാണല്ലോ ലേബൽ ചെയ്യുന്നത്. അതുകൊണ്ട്, ലേബലിങ്ങിൽ എനിക്കു പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ ചെയ്യുന്ന പടങ്ങൾക്ക് അനുസരിച്ചാണല്ലോ ലേബലിങ്. ഒരു ചിത്രം ഞാൻ തെരഞ്ഞെടുക്കുന്നതിനു പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. അത് റിസൾട്ട് മാത്രം പ്രതീക്ഷിച്ചല്ല. കുറെ കാര്യങ്ങൾ ചേർന്നുവരുമ്പോഴാണ് ഒരു സിനിമ ഉണ്ടാകുന്നത്. ഒന്നിനെയും കാറ്റഗറൈസ് ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം. ആളുകൾ എല്ലാവർക്കും ഓരോ ഐഡന്റിറ്റി നൽകും. എപ്പോഴും ഒരു ഫോം വേണം. ഞാൻ ഒന്നിനും ഫോം കൊടുത്തിട്ടില്ല. എനിക്ക് എല്ലാ അവസ്ഥയും എല്ലാ മനുഷ്യരും ഒന്നുപോലെയാണ്.

  • താരമായാൽ മതി

നടൻ, താരം ഇതിൽ ഞാൻ താരത്തിനെ തെരഞ്ഞെടുക്കും. കാരണം ഇപ്പോൾ നല്ല സിനിമ ചെയ്യാനും അത് ആളുകളിലേക്ക് പരമാവധി എത്താനും നല്ല ബജറ്റ് വേണം. താരമല്ലെങ്കിൽ ബജറ്റിന്റെ പരിമിതിയുണ്ടാവും. ഉദ്ദേശിക്കുന്ന രീതിയിൽ സിനിമ എടുക്കാൻ പറ്റില്ല. താരമാണെങ്കിൽ ബജറ്റിന്റെ പ്രശ്‌നം വരില്ല. പിന്നെ താരമാകാൻ നല്ല നടൻ കൂടിയാകണം. താരമാകാൻ ആളുകളുടെ ഇഷ്ടം വേണം. അഭിനയത്തിലൂടെയാണ് ആ ഇഷ്ടം കിട്ടുന്നത്. താരപദവി നല്ല രീതിയിൽ ഉപയോഗിക്കാനും കഴിയണം. താരമാകുക വലിയൊരു ഉത്തരവാദിത്തവും കൂടിയാണ്.

  • ശ്രദ്ധിക്കുന്നത് പ്രകടനമല്ല, പെരുമാറ്റം

എന്നോടൊപ്പം അഭിനയിക്കുന്നവരുടെ പ്രകടനം നിരീക്ഷിക്കുന്നതിലുപരി അവരുടെ പെരുമാറ്റമാണ് ശ്രദ്ധിക്കാറുള്ളത്. മറ്റുള്ളവരോട് എങ്ങനെയാണ് അവരുടെ സമീപനം, അവർ ഒരാളെ എങ്ങനെ ഹാൻഡിൽ ചെയ്യുന്നു. എങ്ങനെയാണ് അവർ മറ്റുള്ളവരോട് സംസാരിക്കുന്നത്. ഇത്തരം കാര്യങ്ങളാണ് ഞാൻ പൊതുവെ ശ്രദ്ധിക്കുന്നത്. സിനിമയിൽ മറ്റുള്ളവരെ ഹാൻഡിൽ ചെയ്യാനുള്ള കഴിവാണ് വേണ്ടത്. അവരെ വേദനിപ്പിക്കാതെ ഹാൻഡിൽ ചെയ്യണം. ഒരാളിൽ നിന്നും അല്ലെങ്കിൽ സീനിയർ നടന്മാരിൽ നിന്നും നമ്മൾ എങ്ങനെ പഠിക്കുന്നു എന്ന ചോദ്യത്തിന്റെ മറുപടി. പിന്നെ അച്ചടക്കം. ഇങ്ങനെ ബേസിക്കായ കാര്യങ്ങളാണ് മറ്റുള്ളവരിൽ ഞാൻ ശ്രദ്ധിക്കുന്നത്.

  • വിലയിരുത്തൽ കുറവാ

സിനിമകൾ കാര്യമായൊന്നും ശ്രദ്ധിക്കാറില്ല. എന്റെ മുന്നിലുള്ളതെല്ലാം ഞാൻ കാണുന്നു. എന്നാൽ, പ്രത്യേകമായി ഒന്നും വിലയിരുത്താറില്ല. എനിക്ക് അത് അറിയില്ല എന്നുപറയുന്നതാവും ശരി. ഒരു സിനിമ കാണുമ്പോൾ, ചിലത് നല്ല പടമായിരിക്കും. പക്ഷേ, എനിക്ക് ഇഷ്ടപ്പെടില്ല. പക്ഷേ, ചില സിനിമകളിൽ എന്തൊക്കെയോ ചില പോരായ്മകൾ ഉണ്ടാവും. എന്നാൽ, എനിക്ക് ഇഷ്ടപ്പെടും. അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. വിലയിരുത്തൽ തികച്ചും വ്യക്തിപരമാണ്.

  • എല്ലാം സെറ്റായി വരണം

ചില കഥകൾ കേൾക്കുമ്പോൾ ഇഷ്ടം തോന്നില്ല. നല്ല കഥയായിരിക്കും. പക്ഷേ, എനിക്ക് ഒരു കഥാപാത്രം അല്ലെങ്കിൽ കഥ എക്‌സൈറ്റിങ് ആവണം. എങ്കിൽ മാത്രമേ അഭിനയിക്കുമ്പോൾ ഒരു ഫീലിൽ ഉണ്ടാവൂ. ആ ഫീൽ ഉണ്ടെങ്കിലേ നന്നായി പെർഫോം ചെയ്യാനാവൂ. പിന്നെ ഹൃദയത്തിൽ തൊടുന്ന കഥയാണെങ്കിലേ അതിനൊരു ഡെപ്തുള്ളൂ. അതെത്രത്തോളം ചെയ്തുവരും എന്നുള്ളത് എല്ലാം കൂടി കൂടിയിട്ടുള്ളൊരു കാര്യമാണ്. അതു കറക്ടായി വരണം, സംഭവിക്കണം. പിന്നെ അടിപൊളി കഥയാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, അതു ചെയ്തു വരുമ്പോൾ ചിലപ്പോൾ നന്നാവില്ല. ഈ എല്ലാ ഘടകങ്ങളും നന്നായി വരണം. അങ്ങനെ എല്ലാം കൂടി സെറ്റായി വന്ന പടമാണ് കുമ്പളങ്ങി നൈറ്റ്‌സ്. എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടൊരു പടമാണ്.

  • സംവിധായകനാവുമോ

തത്ക്കാലം സംവിധാനം ചെയ്യാൻ പ്ലാനൊന്നുമില്ല. പക്ഷേ, ചെയ്യണമെന്നൊക്കെയുണ്ട്. അത്ര നല്ലത് ആണെങ്കിൽ മാത്രമേ ചെയ്യൂ. പണ്ട് സിനിമ ചെയ്യാൻ കുറെ കഥകൾ ആലോചിച്ചിരുന്നു. എന്നാൽ, ആ കഥകളൊന്നും ഇപ്പോൾ ചെയ്യാൻ പറ്റില്ല. ഇപ്പോൾ ചിന്തിക്കുമ്പോൾ മനസിലാവുന്നുണ്ട്, അതൊക്കെ കുട്ടിക്കഥകളാണെന്ന്. ഇപ്പോൾ എന്താണ് ചെയ്യേണ്ടതെന്നറിയില്ല. സംവിധാനം ചെയ്യുന്നത് നല്ലൊരു ചിത്രമാവണം എന്നാണ് ആഗ്രഹം.

subscribe