മലയാള സിനിമകളൊന്നാകെ മദ്രാസിലെ സ്റ്റുഡിയോകളെ ആശ്രയിച്ചിരുന്ന കാലത്ത് നേരിടേണ്ടി വന്ന പ്രയാസങ്ങളാണ് കേരളത്തിൽ സ്വന്തമായി സ്റ്റുഡിയോ തുടങ്ങുകയെന്ന ആശയത്തിലേക്ക് എന്നെ എത്തിച്ചത്. തിരുവനന്തപുരത്തെ മെറിലാന്റ് സ്റ്റുഡിയോയും ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയും മാത്രമായിരുന്നു അക്കാലത്ത് കേരളത്തിലുണ്ടായിരുന്നത്. ഈ രണ്ടു സ്റ്റുഡിയോ ഉടമകൾക്കും സ്വന്തം പ്രൊഡക്ഷനുകൾ ഉണ്ടായിരുന്നതിനാൽ മറ്റു പടങ്ങൾക്കായി ആ സ്റ്റുഡിയോകൾ വിട്ടുനൽകാനുള്ള സാധ്യത അവർക്കുണ്ടായിരുന്നില്ല. അതിനപ്പുറം മദ്രാസിൽ നിന്ന് കേരളത്തിലേക്ക് മലയാള സിനിമയെ പൂർണമായും പറിച്ചുനടണമെന്ന ചിന്തയും അക്കാലത്ത് വ്യാപകമായിരുന്നു. ഉമ സ്റ്റുഡിയോയിലൂടെ ഞാൻ അതിനു തുടക്കമിട്ടു. അച്ഛന്റെ മേൽനോട്ടത്തിൽ നടന്നിരുന്ന ഉമാ സ്റ്റുഡിയോ അപ്രതീക്ഷിതമായ ചില കാരണങ്ങളാലാണ് അടച്ചുപൂട്ടേണ്ടി വന്നത്.

ഉമ സ്റ്റുഡിയോയുടെ പ്രവർത്തനങ്ങൾ നന്നായി നടക്കുന്ന കാലത്താണ് എന്റെ വീട്ടിൽ ജോലിക്കു നിന്നിരുന്ന പയ്യനെ കാണാതാകുന്നത്. മദ്രാസിലെ ഏതോ ഒരു കമ്പനിയിൽ അവന്റെ അമ്മാവൻ ജോലി ശരിയാക്കിയിട്ടുണ്ടെന്നും പറഞ്ഞ്, അവിടേക്കുള്ള വണ്ടിക്കൂലിയും വാങ്ങിയാണ് അവൻ എന്റെ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് അവൻ എവിടെപ്പോയെന്ന് ആർക്കും ഒരറിവുമില്ല. വീട്ടുകാരും നാട്ടുകാരും അന്വേഷണം തുടങ്ങി. അന്വേഷണത്തിനെത്തിയ ചില രാഷ്ട്രീയക്കാർ ഞാൻ അവനെ കൊന്നു കുഴിച്ചുമൂടി എന്ന കണ്ടെത്തലിലാണ് എത്തിച്ചേർന്നത്. ഇതിനൊപ്പം ഒരു പേര് കൂടി അവരെനിക്ക് ചാർത്തിത്തന്നു- ഘാതകൻ മധു. പതിമൂന്ന് വയസേ അവനുണ്ടായിരുന്നുള്ളൂ. വീട്ടിൽ ജോലി ചെയ്യുന്നതിന്റെ ശമ്പളം അവന്റെ അമ്മ വന്ന് വാങ്ങിക്കൊണ്ടു പോകാറാണ് പതിവ്. ചിലപ്പോൾ അഡ്വാൻസും വാങ്ങും. പക്ഷേ, ചെറുക്കന് ഒരു സിനിമ പോലും കാണെനെന്നല്ല ഒരു ചായ കുടിക്കാനുള്ള കാശുപോലും അവർ കൊടുത്തിരുന്നില്ല. ജോലി ചെയ്തിട്ടും പത്തുപൈസ കൈയിൽ കിട്ടാത്ത അവസ്ഥ വന്നപ്പോൾ അമ്മാവൻ മദ്രാസിൽ ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞു ഒളിച്ചോടുകയായിരുന്നു. മോനെ കാണാതായപ്പോൾ അമ്മയുടെ അന്വേഷണത്തോടൊപ്പം പുളിയറക്കോണത്തെ ഗാന്ധിജിയുടെ പാർട്ടിയിലെ ചിലരും രംഗത്തെത്തി. പയ്യനെ കണ്ടെത്തുകയോ ഈ സംഭവത്തിന്റെ നിജസ്ഥിതി അറിയുകയോ ആയിരുന്നില്ല അവരുടെ ആവശ്യം. എന്നെ ഭീഷണിപ്പെടുത്തി കുറെ കാശ് അടിച്ചു മാറ്റണമെന്നായിരുന്നു ഉദ്ദേശം.

സ്റ്റുഡിയോയുടെ മതിലിനു മുകളിൽ വരെ ഘാതകൻ മധു എന്നുപറഞ്ഞു അവർ പോസ്റ്ററൊട്ടിച്ചു. ഇതിനുള്ള കാശെല്ലാം പയ്യന്റെ അമ്മയിൽ നിന്നാണ് അവർ വാങ്ങിയിരുന്നത്. വീട്ടിൽ ആടിനെ വിറ്റും വാഴക്കുല വിറ്റുമൊക്കെ കുറേ കാശ് ആ സ്ത്രീ അവർക്ക് കൊടുത്തു. കൊടുത്തു എന്നു പറയുന്നതിനെക്കാളും അവർ വാങ്ങിച്ചെടുത്തു എന്നു പറയുന്നതാവും ശരി. എനിക്കെതിരേ തിരുവനന്തപുരത്തെ മഞ്ഞപ്പത്രങ്ങൾക്കുവരെ അവർ വാർത്ത കൊടുത്തു. പക്ഷേ, ആ പത്രക്കാർ ഇപ്പറഞ്ഞ രാഷ്ട്രീയക്കാരെക്കാളും എത്രയോ മാന്യന്മാരായിരുന്നു. അവർ എന്നെ വിളിച്ചു പറഞ്ഞു. ‘സാർ വീട്ടിൽ വേലയ്ക്കു നിന്ന പയ്യനെ കൊന്നു എന്ന വാർത്തയുമായി ചില രാഷ്ട്രീയക്കാർ വന്നിട്ടുണ്ട്. ഞങ്ങൾ ആ വാർത്ത കൊടുക്കുന്നില്ല. പക്ഷേ, സാറു സൂക്ഷിക്കണം’. ഞാൻ തെറ്റു ചെയ്‌തെങ്കിലല്ലേ ഭയപ്പെടേണ്ടതുള്ളൂ.

ഞാൻ വെറുതേയിരുന്നില്ല. ഞാനും അന്വേഷണം തുടർന്നു. പയ്യന്റെ വീട്ടിലേക്ക് വരുന്ന കത്തുകൾ ശ്രദ്ധിക്കാൻ ഞാൻ ഏർപ്പാട് ചെയ്തിരുന്നു. അവനും അമ്മയും ഒരു കുന്നിൻപുറത്താണ് താമസിച്ചിരുന്നത്. കുന്നു കയറി ഓരോ വീട്ടിലും കത്ത് എത്തിക്കാൻ പോസ്റ്റുമാന് ആകുമായിരുന്നില്ല. ഒരു പലവ്യഞ്ജനകടയിലാണ് കത്തുകൾ അയാൾ ഏൽപ്പിക്കാറുള്ളത്. കടയിൽ സാധനങ്ങൾ വാങ്ങിക്കാൻ വരുമ്പോഴാണ് കടയുടമ കത്തു കൈമാറുന്നത്. പയ്യന്റെ അമ്മയുടെ പേരിൽ കത്തു വന്നു. ആ കത്തു എന്റെ കൈയിൽ ലഭിച്ചു. പൊട്ടിച്ചു നോക്കിയപ്പോൾ അവൻ കോഴിക്കോട് കല്ലായിയിലുള്ള ഒരു ഹോട്ടലിൽ ജോലിക്കു നിൽക്കുകയാണെന്ന് മനസിലായി. ഈ വിവരം ഞാൻ ഉടനെ പിവിജിയെ (പി.വി. ഗംഗാധരൻ) വിളിച്ചു പറഞ്ഞു. അദ്ദേഹം പോലിസുമായി ഹോട്ടലിൽ ചെന്ന് അന്വേഷിച്ചപ്പോൾ പയ്യൻ സിനിമക്കു പോയിരിക്കുകയാണ്. ഉടനെ തിയേറ്ററിലെത്തി. സിനിമ നിർത്തിച്ചു. പയ്യനെ കയ്യോടെ പിടികൂടി. തിരുവനന്തപുരത്ത് മധു അവനെ കൊന്ന കാര്യമൊന്നും അവനറിഞ്ഞിട്ടേയില്ല. ഏഴു ദിവസമായിരുന്നു ഈ കൊലപാതക കഥയുടെ ദൈർഘ്യം. കൊല്ലപ്പെട്ട ആളിനെ ഏഴാം ദിവസം ജീവനോടെ പിടികൂടി. അതിനുശേഷം പയ്യന്മാരെ ഞാൻ വീട്ടിൽ ജോലിക്ക് നിർത്തിയിട്ടില്ല. ഉമ ആർട്‌സ് സ്റ്റുഡിയോ എന്ന സ്ഥാപനം ആ നാടിന് ഏറെ നേട്ടങ്ങൾ നൽകി. കുറേ പേർക്ക് ജോലി ലഭിച്ചു. ഒടുവിൽ തിരിച്ച് കിട്ടിയതോ ഘാതകൻ മധു എന്ന പേരും. നന്ദിക്കേടിന്റെ, മനുഷ്യത്വമില്ലായ്മയുടെ കുറെ ഓർമകളാണ് പുളിയറക്കോണത്തുകാർ എനിക്കു നൽകിയത്. ഈ വിശേഷണത്തിനപ്പുറം ഇനി എന്ത് അവാർഡ് ലഭിക്കാൻ.

സ്റ്റുഡിയോ നിലനിന്നിരുന്ന സ്ഥലത്തിന്റെ വലിയൊരു ഭാഗം പെനിൻസുലാർ പോളിമേഴ്‌സിനും ബാക്കി വരുന്ന കുറേ സ്ഥലം പിന്നീട് ഏഷ്യാനെറ്റ് ചാനലിനും വിൽക്കുകയായിരുന്നു. സത്യത്തിൽ സ്റ്റുഡിയോ തുടങ്ങിയതു കൊണ്ടാണ് ദാരിദ്രമില്ലാതെ ഞാനിപ്പോഴും കഴിയുന്നത്. സിനിമയിലഭിനയിച്ചും സിനിമ നിർമിച്ചും കിട്ടിയ കാശിൽ വലിയൊരു ഭാഗവും ഞാൻ ചിലവഴിച്ചത് സിനിമയ്ക്ക് വേണ്ടിയായിരുന്നു. സിനിമ നിർമിച്ചിരുന്ന കാലത്ത് രണ്ട് പടങ്ങൾ പൊട്ടിപ്പോയാൽ മതി, പാപ്പരാകുമായിരുന്നു. അപ്പോഴും സാമ്പത്തികമായി എന്നെ നിലനിർത്തിയത് സ്റ്റുഡിയോയിൽ നിന്നുള്ള വരുമാനമാണ്. സ്റ്റുഡിയോക്കു വേണ്ടി പുളിയറക്കോണത്ത് വാങ്ങിയ സ്ഥലത്തിന്റെ ക്രയവിക്രയത്തിൽ നിന്നുള്ള സാമ്പത്തിക നേട്ടങ്ങളാണ് എന്നെ ഇന്നും ദാരിദ്ര്യമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നത്.

subscribe