
പ്രമുഖ ഇന്ത്യൻ വാഹന നിർമാതാക്കൾ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് യൂട്ടിലിറ്റി വെഹിക്കിൾ സെഗ്മെന്റിൽ പുതിയ കോംപാക്റ്റ് സ്പോർട്സ് യൂട്ടിലിറ്റി (കോംപാക്റ്റ് എക്സ്യുവി) വാഹനമായ എക്സ്യുവി 300 വിപണിയിലിറക്കി. ഇന്ത്യൻ നിരത്തുകൾക്കു പ്രിയപ്പെട്ട വാഹനമായി മാറുന്നു ഈ ചെറു എക്സ്യുവി. അഞ്ചു പേർക്കു സുഖമായി യാത്ര ചെയ്യാം.
മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്യോങിന്റെ ചെറു എസ്യുവി ടിവോളിയെ അടിസ്ഥാനമാക്കിയാണ് എക്സ്യുവി നിർമിച്ചിരിക്കുന്നത്. സാങ് യോങ് അമ്പതിലധികം രാജ്യങ്ങളിലായി 2.6 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച ടിവോളിയുടെ പ്ലാറ്റ്ഫോം പങ്കുവച്ചുകൊണ്ടാണ് ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ വിഭാഗത്തിലുമുള്ള വാഹനപ്രേമികൾക്ക് ആവേശം പകരുന്നതാണ് എക്സ്യുവി 300.
കൂടുതൽ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, നവീകരിച്ച സസ്പെൻഷൻ, സ്റ്റിയറിങ് സംവിധാനങ്ങൾ എന്നിവയുള്ള ഈ വാഹനം ഏഴ് എയർ ബാഗുകളുള്ള ഇന്ത്യയിലെ ഒരേയൊരു കോംപാക്റ്റ് എക്സ്യുവിയാണ്. ഉന്നത ഗുണനിലവാരവും നവീനമായ ഒരു വാഹനാനുഭവവുമാണ് എക്സ്യുവി 300-ലൂടെ മഹീന്ദ്ര നൽകുന്നത്. ബോഡി ഘടകങ്ങളും രൂപകൽപ്പനയുമെല്ലാം ടിവോളിയിൽ അടിസ്ഥാനമാക്കിയാണെങ്കിലും ഇന്ത്യൻ സാഹചര്യങ്ങൾക്കായി വാഹനത്തിന്റെ സസ്പെൻഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എംപിവിയായ മറാസോയിൽ അരങ്ങേറിയ 1.5 ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ എൻജിനാവും എക്സ്യുവി 300-നും കരുത്തുപകരുന്നത്. കോംപാക്ട് എസ്യുവിയിലെത്തുമ്പോൾ ഈ ഡീസൽ എൻജിൻ 300 എൻഎം ടോർക്ക് സൃഷ്ടിക്കും.
