തിയേറ്ററുകളെ ഇളക്കിമറിച്ച നിരവധി കോമഡി ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ്. പക്ഷേ, താങ്കൾ ഗൗരവക്കാരനോ? ചോദ്യം സംവിധായകൻ ഷാഫിയോടാണ്. ചിരിയോടെയാണ് അദ്ദേഹം ചോദ്യത്തെ നേരിട്ടത്. ‘എന്നെ കണ്ടാൽ ഭയങ്കര ഗൗരവക്കാരനായി തോന്നും. എല്ലാവരും അങ്ങനെ പറയാറുണ്ട്. കാരണം എന്റെ രൂപം അങ്ങനെയായിപ്പോയി. പക്ഷേ, എന്നോട് അടുപ്പമുള്ളവരാരും ഞാൻ ഗൗരവക്കാരനാണെന്നു പറയില്ല. മിമിക്രിക്കാരും ആർട്ടിസ്റ്റുകളുമായി ഫാമിലി മുഴുവൻ തമാശക്കാരാണ്. എല്ലാം തമാശയിലൂടെ കാണുന്നവരാണ്. പരസ്പരം കളിയാക്കലും. സെറ്റിലും അങ്ങനൊക്കെ തന്നെയാണ്.’ കല്യാണരാമൻ, മായാവി, ടു കൺട്രീസ് പൊട്ടിച്ചിരിയോടെയാണ് ഈ ചിത്രങ്ങളെ ജനങ്ങൾ ഇപ്പോഴും ഓർക്കുന്നത്. ഷാഫി സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

  • ഞാൻ കോമഡിക്കൊപ്പം

ആദ്യ ചിത്രം വൺ മാൻ ഷോ. രണ്ടാമത്തെ ചിത്രം കല്യാണരാമൻ വൻ വിജയമായി. എന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും കല്യാണരാമനായിരിക്കും. ഞാൻ ചെയ്ത എല്ലാ പടങ്ങളും എനിക്ക് ഇഷ്ടപ്പെട്ടതു തന്നെ. മേരിക്കുണ്ടൊരു കുഞ്ഞാട്, മായാവി, ചോക്ലേറ്റ് ഈ മൂന്നു ചിത്രങ്ങൾ കൂടുതൽ സംതൃപ്തി നൽകിയവയാണ്. മറ്റു സിനിമകൾ സംതൃപ്തി നൽകിയില്ലെന്നല്ല പറയുന്നത്. തൊമ്മനും മക്കളും, ടൂ കൺട്രീസ് ഇവയെല്ലാം ഞാൻ വളരെ എൻജോയ് ചെയ്ത പടങ്ങളാണ്. ഏറ്റവും കൂടുതൽ കളക്ട് ചെയ്ത ചിത്രങ്ങളിൽ ഓരോയൊരു കോമഡി പടം ടു കൺട്രീസ് ആണ്. റിയലിസ്റ്റ് ചിത്രങ്ങൾ ട്രെൻഡായി നിൽക്കുമ്പോഴാണ് ടു കൺട്രീസ് ഇറങ്ങുന്നത്. വിജയത്തെപ്പറ്റി ആശങ്കയുണ്ടായിരുന്നു. പക്ഷേ, അത് എന്റെ ചിത്രങ്ങളിൽ ഏറ്റവും അധികം കളക്ട് ചെയ്ത ചിത്രമായി.

ബോക്‌സോഫീസിൽ വലിയ തരംഗമുണ്ടാക്കാത്ത ലോലിപോപ്പ്, ഷെർലക് ടോംസ് പോലുള്ള ചിത്രങ്ങൾ പോലും ചാനലുകളിൽ സജീവമാണ്. ഹ്യൂമർ ഉള്ളതുകൊണ്ടാണ് ചാനലുകൾ ഈ ചിത്രങ്ങൾ ആവർത്തിച്ചു കാണിക്കുന്നത്. കിലുക്കവും ഗോഡ്ഫാദറും പഞ്ചാബി ഹൗസും പോലുള്ള ചിത്രങ്ങൾ എത്ര കണ്ടാലും മതിയാവില്ല. കോമഡി ചിത്രങ്ങൾ, കണ്ടതാണെങ്കിലും ആളുകൾ വീണ്ടും വീണ്ടും കാണും. തമാശപ്പടങ്ങളുടെ മെച്ചം അതാണ്. തമാശയ്ക്ക് മറ്റു കഥകളേക്കാളും സ്വീകാര്യത കൂടുതലാണ്. എന്നെ സംബന്ധിച്ചിടത്തോളം എളുപ്പം ചെയ്യാവുന്നതും വഴങ്ങുന്നതും കോമഡിയാണ്. അതുകൊണ്ടാണ് കോമഡി ചിത്രങ്ങളിൽ ഉറച്ചുനിൽക്കുന്നത്. മറ്റു ചിത്രങ്ങൾ ചെയ്യാൻ ഞാൻ ശ്രമിക്കും, പക്ഷേ, പ്രൊഡ്യൂസർമാർ ചെയ്യാൻ സമ്മതിക്കില്ലെന്നതാണ് വാസ്തവം (ചിരിക്കുന്നു).

  • പ്രേക്ഷകർ ചിരിക്കട്ടെ

കോമഡി ചിത്രങ്ങൾ എളുപ്പത്തിൽ വഴങ്ങുന്നവർക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഓരോർത്തർക്കും ഓരോ കഴിവുകൾ ദൈവം തരുമല്ലോ. എന്നെ സംബന്ധിച്ചിടത്തോളം, എന്റെ കഴിവാണോ എന്നറിയില്ല, ഞാൻ ചെയ്യുന്ന ചിത്രങ്ങൾ കണ്ട് ആളുകൾ ചിരിക്കുന്നുണ്ട്. മറ്റു ജോണറുകൾ പോലയല്ല, കോമഡി ഏറ്റില്ലെങ്കിൽ വലിയ നെഗറ്റീവ് വരും. അതിനാൽ, എഡിറ്റിങ്ങിനായി ഞാൻ കൂടുതൽ സമയം ചെലവഴിക്കും. പടം കമ്മിറ്റ് ചെയ്യുമ്പോൾ എല്ലാ പ്രൊഡ്യൂസർമാരോടും ഞാൻ പറയും, ഡബ്ബിങ് കഴിഞ്ഞാൽ എനിക്കു കുറച്ചുസമയം തരണം.

subscribe