വിശാലമായ ലണ്ടൻ നഗരത്തിന്റെ ഓരം ചേർന്ന് ഒരു ഉദ്യാനം പോലെ മനോഹരമായ ആഷ് ടെഡ് എന്ന സമ്പന്നരുടെ ചെറുഗ്രാമം. അവിടെ അൽപ്പം ഉള്ളിലേക്കൊതുങ്ങി വസന്തം നിറഞ്ഞുനിൽക്കുന്ന പാതയോരത്ത് വിശ്രമം കൊള്ളുന്ന ഒരു ചുവന്ന വിക്ടോറിയൻ സൗധം. വിശാലമായ പച്ചപ്പുൽ തകിടികൾക്കും പൂന്തോട്ടത്തിനു നടുവിൽ തലയുയർത്തി നിൽക്കുന്ന മുപ്പതോളം മുറികളുള്ള ‘റെഡ് ഹൗസ്’. രോഗ പീഡിതരും ശയ്യാവലംബികളുമായ പ്രായാധിക്യരുടെ സ്വർഗതുല്യഭവനം. അതിലെ ഓഫിസ് മുറികളിലെ തിരക്കുകൾക്കിടയിലിരുന്ന് ജനറൽ മാനേജർ വൽ മാത്യു എന്ന അനു മാത്യുവിനു പറയാനുള്ളത് അനിതര സാധാരണമായ അതിജീവനത്തിന്റെയും ശ്ലാഖനീയമായ തൊഴിൽ വിജയത്തിന്റെയും ചരിത്രം. ചങ്ങനാശേരി തൃക്കൊടിത്താനം ഗ്രാമത്തിലെ പട്ടിണിയും കഷ്ടപ്പാടുകളും നിറഞ്ഞ ഭൂതകാല ജീവിതത്തിൽ നിന്നു തുടങ്ങി ബ്രിട്ടനിലെ കെയർ മാനേജ്‌മെന്റ് രംഗത്തെ ഉന്നതനേട്ടങ്ങൾ കൈവരിച്ചതിലേക്കുള്ള പ്രചോദനാത്മകവും ഉജ്വലവുമായ ജീവിതകഥ.

ബ്രിട്ടീഷ് സർക്കാരിന്റെ കെയർ ക്വാളിറ്റി കമ്മിഷൻ (CQC) വിപുലവും കർക്കശവുമായ നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം ഈ വർഷം നൽകിയ ഏറ്റവും കഴിവുള്ള മാനേജ്‌മെന്റ് എന്ന ഖ്യാതി റെഡ് ഹൗസിനു നേടിക്കൊടുത്തതിന്റെ സന്തോഷത്തിലാണ് അനു. മാത്രമല്ല, CQC യുടെ ഏറ്റവും ഉയർന്ന ഔട്ട്‌സ്റ്റാൻഡിങ് റേറ്റിങ് റെഡ് ഹൗസിന്റെ പ്രവർത്തനത്തിന് നേടിക്കൊടുക്കാനായതിന്റെ മൊത്തം ക്രെഡിറ്റും അനുവിനു തന്നെ. യുകെയിൽ പ്രവർത്തിക്കുന്ന പന്ത്രണ്ടായിരത്തോളം വരുന്ന കെയർ ഹോമുകളിൽ വിരലിലെണ്ണാവുന്നവയ്ക്കു മാത്രം ലഭിക്കുന്ന അത്യപൂർവ റേറ്റിങ് ആണിത്. കഴിഞ്ഞ ഏഴു വർഷമായി റെഡ് ഹൗസിന്റെ ജനറൽ മാനേജരും ഗ്രൂപ്പ് കോംപ്ലയൻസ് ഹെഡുമായ അനുവിനെ സംബന്ധിച്ചിടത്തോളം ഇതു തന്റെ കരിയറിലെയും ജീവിതത്തിലെയും അവിസ്മരണീയ ഘട്ടം. റെഡ് ഹൗസ് എന്ന കെയർ ഹോമിനെയും അതുൾപ്പെടുന്ന ഗോൾഡൻ ഇയേഴ്‌സ് എന്ന കെയർ ഗ്രൂപ്പിനെയും സംബന്ധിച്ചിടത്തോളം ഇതു സുദൃഢവും ശോഭനകരവുമായ ഭാവിയിലേക്കുള്ള ജാലകം.

അനു മാത്യുവിന് കരിയറിലെ ശ്രദ്ധേയമായ ആദ്യ നേട്ടമല്ല. ബ്രിട്ടനിലെ തന്നെ മാഞ്ചസ്റ്ററിലെ ഒരു നഴ്‌സിങ് ഹോമിൽ പത്തു വർഷങ്ങൾക്കു മുമ്പ് മാനേജരായിരിക്കുമ്പോൾ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ (28 വയസ്) കെയർ ഹോം മാനേജരായിരുന്നു അനു. മാഞ്ചസ്റ്റർ ഏരിയായിലെ ആദ്യത്തെ ഗോൾഡ് സ്റ്റാന്റേർഡ്‌സ് ഫ്രെയിം വർക്ക് (GSF) അവാർഡ് തന്റെ സ്ഥാപനത്തിന് നേടിക്കൊടുത്തതും അനുവിന്റെ കഴിവുകൾക്കുള്ള അംഗീകാരമായിരുന്നു. ഒരു രജിസ്‌റ്റേർഡ് മാനേജർ എന്നതിലുപരി ഒരു അംഗീകൃത കെയർ മാനേജ്‌മെന്റ് പരിശീലക എന്ന നിലയിലും കുറഞ്ഞ കാലം കൊണ്ടുതന്നെ പേരെടുത്തു.

subscribe