ഇഷ്‌ക് വെറുമൊരു പ്രണയകഥയല്ല. കാലികപ്രാധാന്യമുള്ളൊരു വിഷയം പ്രണയത്തിന്റെ മേമ്പൊടിയിൽ പറയുന്ന ചിത്രം. ആദ്യ ചിത്രം പ്രേക്ഷകർ സ്വീകരിച്ചതിന്റെ ആഹ്ലാദത്തിലാണ് സംവിധായകൻ അനുരാജ് മനോഹർ. ഇരുപത്തിയൊന്നു വയസുള്ളപ്പോൾ സിനിമയിൽ എത്തിയതാണ് കൈതപ്രം സ്വദേശിയായ അനുരാജ്. സംവിധായകൻ ബി. ഉണ്ണികൃഷ്ണനൊപ്പമായിരുന്നു തുടക്കം. പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരി, ശ്യംധർ, ശ്രീകാന്ത് മുരളി, കുക്കു സുരേന്ദ്രൻ എന്നിവർക്കൊപ്പവും പ്രവർത്തിച്ചു. ഇഷ്‌കിന്റെ വിശേഷങ്ങളും ജീവിതവും അനുരാജ് മനോഹർ പറയുന്നു.

  • സ്വീകരിക്കപ്പെട്ടതിൽ സന്തോഷം

സിനിമയെക്കുറിച്ച് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. പുതിയൊരു ആശയം പറയുന്ന ചിത്രമായതിനാൽ അതെങ്ങനെ പ്രേക്ഷകർ സ്വീകരിക്കും എന്ന ആശങ്ക മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, സിനിമയെ ജനങ്ങൾ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. നോമ്പിന്റെയും തെരഞ്ഞെടുപ്പിന്റെയും സമയമായിട്ടുപോലും പ്രദർശനത്തിനെത്തിയ എല്ലാ തിയേറ്ററുകളിലും ചിത്രം നന്നായി പോകുന്നു. അത്രയും പോസിറ്റീവായാണ് പ്രേക്ഷകർ സിനിമയെ ഏറ്റെടുത്തത്. സിനിമ മുന്നോട്ടുവയ്ക്കുന്ന ആശയം സത്യസന്ധമായി പറഞ്ഞതുകൊണ്ടാണ് ജനങ്ങളിലേക്കതു കൃത്യമായി എത്തിയത്.

  • ഇഷ്‌കിൽ എത്തിയത്

മൂന്നു വർഷം മുമ്പ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രം പ്ലാൻ ചെയ്തിരുന്നു. എന്നാൽ, പല കാരണങ്ങളാൽ അതു നടന്നില്ല. പിന്നീട് പുള്ളിക്കാരൻ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് തിരക്കഥാകൃത്ത് രതീഷേട്ടനെ പരിചയപ്പെട്ടത്. പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ തിരക്കഥ രതീഷേട്ടനായിരുന്നു. അങ്ങനെയാണ് ഇഷ്‌കിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ സാരഥി ചേട്ടനോട് കഥ പറഞ്ഞു. അദ്ദേഹത്തിന് കഥ ഇഷ്ടമായി.

  • എന്തുകൊണ്ട് പ്രണയകഥയല്ല

നോട്ട് എ ലൗ സ്‌റ്റോറി എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രണയകഥയാണിത്. പ്രണയം മാത്രമല്ല ജീവിതം. ദേഷ്യം, സ്വാർത്ഥത എന്നിവയെല്ലാം പ്രണയവുമായി ബന്ധപ്പെട്ടുണ്ടാവും. പ്രണയത്തിന്റെ ഭാഗമായി വരുന്ന അത്തരം ചില വികാരങ്ങളും സിനിമയിൽ പറയുന്നു. പ്രണയത്തിൽ വിട്ടുവീഴ്ചകൾ വേണ്ടിവരും. എന്നാൽ, വിട്ടുവീഴ്ചകൾ ഇല്ലെങ്കിൽ പ്രണയത്തിന് പൂർണതയുണ്ടാവും. പ്രണയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ഇഷ്‌ക് പറയുന്നത്.

subscribe