രാമന്റെ ഏദൻ തോട്ടം, ഒരു കുപ്രസിദ്ധ പയ്യൻ, ഫുക്രി, ക്യാപ്റ്റൻ, അച്ചായൻസ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രശംസയും ഇഷ്ടവും നേടിയ അഭിനേത്രിയാണ് അനുസിതാര. കുട്ടിക്കാലം മുതൽ തുടങ്ങിയ കലാസപര്യ. കലാമണ്ഡലത്തിലെ ശിക്ഷണത്തിലൂടെ മികച്ച നർത്തകിയെന്ന അംഗീകാരം.

  • നോമ്പുതുറയും കുട്ടിക്കാലവും

നോമ്പുകാല ഓർമകളിൽ പ്രിയപ്പെട്ടത് വൈകുന്നേരത്തെ നോമ്പുതുറയാണ്. നോമ്പുതുറയ്ക്ക് പലതരം പലഹാരങ്ങളും പത്തിരിയും കുഞ്ഞിപ്പത്തിരിയും ചിക്കനുമൊക്കെ ഉണ്ടാവും. കാരയ്ക്കയും വെള്ളവും കുടിച്ചാണ് നോമ്പുതുറ. റവ കൊണ്ടുണ്ടാക്കുന്ന തരിയാണ് നോമ്പുതുറയിലെ പ്രധാന വിഭവം. എല്ലാ നോമ്പും പറ്റില്ലെങ്കിലും ഞാൻ ഇടയ്‌ക്കൊക്കെ നോമ്പെടുക്കും. അച്ഛൻ അബ്ദുൾ സലാമും അമ്മ രേണുകയും പ്രണയിച്ചുവിവാഹം കഴിച്ചവരാണ്. അച്ഛന്റെ അമ്മ ഞങ്ങൾക്കൊപ്പമാണ്. ഉമ്മ എല്ലാ നോമ്പും എടുക്കും. അതിനാൽ, എല്ലാ ദിവസവും വൈകുന്നേരം വീട്ടിൽ നോമ്പുതുറയുണ്ടാവും. എനിക്ക് ഭക്ഷണം ഏറെ ഇഷ്ടമാണ്. നോമ്പുതുറയ്ക്ക് എനിക്കു പ്രിയപ്പെട്ട ഭക്ഷണമൊക്കെയുണ്ടാവും. വിവാഹശേഷവും സമയം കിട്ടുമ്പോഴെല്ലാം ഞാൻ വീട്ടിൽ ഓടിയെത്തും. രണ്ടുമൂന്നു ദിവസം നിന്നിട്ടെ തിരിച്ചുപോകൂ. ഈ നോമ്പുകാലത്തും ഞാൻ നാട്ടിലുണ്ടായിരുന്നു. ഇഷ്ടപ്പെട്ട പലഹാരങ്ങൾ കഴിക്കാനാണ് സമയം കിട്ടുമ്പോഴെല്ലാം നാട്ടിലേക്കുപോകുന്നത്. മലബാർ ഏരിയ അല്ലേ, നോമ്പുസമയത്തൊക്കെ ഭക്ഷണം കുറച്ചു ലാവിഷായിട്ടാവും ഉണ്ടാവുക. നോമ്പുകാലവും നോമ്പുതുറയും ചെറുപ്പം മുതലേ വലിയ ഇഷ്ടമാണ്.

  • ജാതിയും മതവുമില്ലാത്ത ആഘോഷങ്ങൾ

വീട്ടിലുണ്ടെങ്കിൽ ഇഫ്താർ വിരുന്നുകളിൽ പങ്കെടുക്കും. അയൽവാസികളും കുടുംബക്കാരും ക്ഷണിക്കും. അച്ഛന്റെ കുടുംബക്കാരൊക്കെ മലപ്പുറത്താണ്. ഇവിടെ വയനാട്ടിൽ അച്ഛന്റെ രണ്ട് അനിയന്മാരുണ്ട്. അവരുടെ വീടുകളിൽ പോകും. പിന്നെ സുഹൃത്തുക്കളുടെ വീടുകളിലും പോകും. പക്ഷേ, ഇപ്പോൾ വീട്ടിൽ അധികം ഉണ്ടാവാറില്ല. അതിനാൽ, പഴയ പോലെ നോമ്പുതുറയ്‌ക്കൊന്നും പോകാൻ കഴിയാറില്ല. വീട്ടിൽത്തന്നെ വീട്ടിലെത്തിയാൽ എപ്പോഴും ഫ്രീയായി ഇരിക്കാനാണ് ഇഷ്ടം. എവിടെയും പോകില്ല.
പെരുന്നാൾ ഗംഭീരമായി ആഘോഷിക്കും. ബന്ധുക്കളെ വീട്ടിലേക്കു ക്ഷണിക്കും. അച്ഛന്റെയും അമ്മയുടെയും സുഹൃത്തുക്കളും ഉണ്ടാവും. അച്ഛന്റെ കുടുംബക്കാർക്കൊപ്പം എന്റെ അമ്മമ്മയും ചെറിയമ്മയും വിഷ്ണുവേട്ടന്റെ അച്ഛനും അമ്മയും ഒക്കെയുണ്ടാവും. മലയാളികൾ ജാതിയും മതവും ഇല്ലാതെ ആഘോഷങ്ങൾ കൊണ്ടാടും എന്നാണല്ലോ പറയാറ്. പലപ്പോഴും അതു പറയുക മാത്രമേ ചെയ്യാറുള്ളൂ. ഞങ്ങളുടെ വീട്ടിൽ മിക്ക ആഘോഷങ്ങൾക്കും അത് അങ്ങനെ തന്നെയാണ്. ഓണം വന്നാലും പെരുന്നാൾ വന്നാലും ഞങ്ങളുടെ വീട്ടിൽ സദ്യയും ബിരിയാണിയും ഉണ്ടാക്കുന്നത് ഉമ്മയും അമ്മമ്മയും ചേർന്നാണ്. അങ്ങനെയൊരു ഒത്തൊരുമ ഞങ്ങളുടെ കുടുബത്തിൽ വന്നാൽ കാണാൻ പറ്റും. എനിക്ക് ഭയങ്കര അഭിമാനമുള്ള കാര്യമാണത്.

  • ഇഷ്ടം ബിരിയാണി

എനിക്ക് ബിരിയാണിയാണ് ഏറെ ഇഷ്ടം. എന്റെ വീട്ടിൽ ഉണ്ടാക്കുന്ന ബിരിയാണിയെ എനിക്ക് ഇഷ്ടമുള്ളൂ. ഹോട്ടലുകളിൽ നിന്ന് ബിരിയാണി കഴിക്കാറേയില്ല. വീട്ടിൽ ഉണ്ടാക്കുന്ന ബിരിയാണിയുടെ ടേസ്റ്റ് വേറെ എവിടെയും കിട്ടില്ല. വിഷ്ണുവേട്ടന്റെ വീട്ടിലും എന്റെ അമ്മയും ചെറിയമ്മയും ഒക്കെ ഉണ്ടാക്കുന്ന ബിരിയാണി. അത് വേറെ എവിടെയും കിട്ടില്ല. ഏറെ സ്‌പൈസിയായ ബിരിയാണി ഇഷ്ടമല്ല. വീട്ടിൽ എസൻസൊന്നും ചേർക്കാതെ നാടൻ ബിരിയാണി ഉണ്ടാക്കും. അതാണ് എനിക്കിഷ്ടം. പക്ഷേ, എനിക്ക് ബിരിയാണി ഉണ്ടാക്കാനറിയില്ല.

subscribe