ആർക്കും എന്തും തുറന്നു പറയാനുള്ള ഒരു കുമ്പസാരക്കൂടായിരുന്നു ഗുരു നിത്യ ചൈതന്യ യതി. ഒരിക്കൽ, ഞാൻ ഗുരുവിന്റെ അടുത്തിരുന്നു അന്നത്തെ തപാലിൽ വന്ന കത്തുകൾ ഓരോന്നായി വായിച്ചു കൊടുക്കുകയായിരുന്നു. ഓരോ കത്തും പൊട്ടിക്കുമ്പോൾ ഗുരു വാങ്ങി നോക്കും. തീർത്തും വ്യക്തിപരമല്ലാത്തതാണെങ്കിൽ ഉറക്കെ വായിക്കാൻ പറയും.

ഒരു ദിവസം അങ്ങനെ ഒട്ടും പരിചയമില്ലാത്ത ഒരാളുടെ കവർ പൊട്ടിച്ചു നോക്കിയിട്ട് ”ഇതെന്താ മോളേ ലേഖനമോ മറ്റോ ആണെന്ന് തോന്നുന്നു. അഞ്ചെട്ട് പേജുണ്ടല്ലോ. നീ ഇതൊന്ന് വായിച്ചേ…” എന്നു പറഞ്ഞ് എന്റെ കൈയിൽ തന്നു.
അത്യന്തം ക്ഷമയോടെ ആ പേജുകൾ മുഴുവൻ ഞാൻ ഉറക്കെ വായിച്ചു. ഗുരു അതു മുഴുവൻ കേട്ടിരുന്നു. പിന്നെ, ഒരു പോസ്റ്റ് കാർഡ് എടുത്ത് അതിൽ ഇങ്ങനെ എഴുതി. ‘പ്രിയപ്പെട്ട പ്രശാന്ത്…. ഈ കാർഡ് കിട്ടിയാൽ ഉടൻ പുറപ്പെടുക. ഇവിടെ നല്ല തണുപ്പാണ്. അതുകൊണ്ട് കമ്പിളി വസ്ത്രങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതും എടുത്ത് രണ്ടാഴ്ച എന്റെ കൂടെ വന്നു താമസിക്കൂ. ഭക്ഷണവും താമസിക്കാനുള്ള മുറിയും ഞാൻ തരാം.
ഇനി കമ്പിളി വസ്ത്രങ്ങൾ ഇല്ലെങ്കിൽ വിഷമിക്കേണ്ട. അതും നമുക്കു ശരിയാക്കാം. എത്രയും വേഗം പുറപ്പെട്ടോളൂ. സ്‌നേഹപൂർവ്വം നിത്യ’. ഇത്ര മാത്രം. എഴുതി പോസ്റ്റ് ചെയ്യാൻ കൊടുത്തു.

എനിക്കു ഭയമാണ് തോന്നിയത്. കാരണം ആ കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. ഫൈനൽ ഇയർ ഡിഗ്രിക്കു പഠിക്കുന്ന ഒരു യുവാവിന് അയാളെ നൊന്തു പെറ്റ അമ്മയോടു കാമം തോന്നുന്നു. ഒരു മകന്റെ ധാർമികതയിൽ അയാൾ സ്വയം നിയന്ത്രിച്ച് നിയന്ത്രിച്ച് പൊട്ടിത്തകരുമെന്ന അവസ്ഥയായപ്പോൾ എന്തും വരട്ടെ എന്നു കരുതി അയാൾ ധൈര്യപൂർവം തുറന്നു പറയാൻ കണ്ടെത്തിയതാണ് നിത്യ ഗുരുവിനെ. അമ്മയോടുള്ള അചഞ്ചലമായ സ്‌നേഹവും ആദരവും ഉള്ളു നിറയെ തുളുമ്പുമ്പോഴും അമ്മ അടുത്തു വരുമ്പോൾ അവൻ വല്ലാതാകും.

subscribe