അരങ്ങ് ഒരു വിസ്മയക്കാഴ്ചയായി മാറിയത് എന്റെ ഏഴാം വയസിലാണ്. ആദ്യമായി നാടകം കണ്ടത് വി.ജെ.ടി ഹാളിൽ വച്ചായിരുന്നു. നാടകത്തിന്റെ പേര് ഇപ്പോൾ ഓർമയില്ല. ആ നാടകത്തിനോട് ഇഷ്ടം തോന്നാനുള്ള പ്രധാന കാരണം എന്റെ അപ്പൂപ്പൻ പത്മനാഭൻപിള്ള ഹാസ്യകഥാപാത്രമായി അതിലഭിനയിച്ചിരുന്നു എന്നതുകൊണ്ടാണ്. ഭാര്യയെ ഭയമുള്ള ഒരു കഥാപാത്രമായാണ് അപ്പൂപ്പൻ അരങ്ങിലെത്തിയത്. മുളവനമുക്കിലെ വായനശാലയിലയായിരുന്നു നാടകം അവതരിപ്പിച്ചത്. വായനശാലാപ്രവർത്തകരെല്ലാം കൂടി നാടകത്തിൽ അഭിനയിച്ചപ്പോൾ അപ്പൂപ്പനും ഒപ്പം കൂടിയതാവണം. അല്ലാതെ അതിനു മുമ്പോ പിമ്പോ അപ്പൂപ്പന് നാടകഭ്രമമൊന്നും ഉള്ളതായി കണ്ടിട്ടില്ല. അപ്പൂപ്പന്റെ തകർപ്പൻ അഭിനയമായിരിക്കാം നാടകത്തോടുള്ള താത്പര്യം എന്നിലുണ്ടാക്കിയത്. എന്റെ നാടകതാത്പര്യം ആദ്യമൊന്നും വീട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല. കുട്ടിക്കളിക്കപ്പുറം പ്രാധാന്യമൊന്നും അവരതിനു നൽകിയില്ല. അമ്മാവന്റെ വീട്ടിലെ തൊഴുത്തുകളായിരുന്നു അക്കാലത്ത് ഞങ്ങളുടെ നാടകക്കളരികൾ. പകൽ കന്നുകാലികളെ അഴിച്ചുകെട്ടിയാൽ പിന്നെ തൊഴുത്ത് ഒന്നു കഴുകിവൃത്തിയാക്കേണ്ട കാര്യമേയുള്ളൂ. സ്റ്റേജിന്റെ ആകൃതിയാണ് തൊഴുത്തിന്, ചുറ്റും ഓലകൊണ്ട് മറച്ച് ടിക്കറ്റ് വച്ചാണ് നാടകം കളി. നാലുകാശ്, എട്ടുകാശ്, ഒരു ചക്രം ഇങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്. ടിക്കറ്റെടുക്കാത്ത ആർക്കും പ്രവേശനമില്ല. അക്കാലത്ത് നാടകവുമായി ബന്ധപ്പെട്ട രസകരമായ ഒട്ടേറെ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതിലൊന്നാണ് ‘ദുർവാസാവിന്റെ ഭിക്ഷ’ എന്ന നാടകത്തിന്റെ അവതരണം. നാലാം ക്ലാസിലെ ടെക്സ്റ്റ് ബുക്കിൽ നിന്നെടുത്തതാണ് ആ നാടകം. നാടകത്തിന്റെ റിഹേഴ്‌സലും നാലു ചക്രം വച്ചുള്ള ടിക്കറ്റ് വിൽപ്പനയും നന്നായി നടന്നു. നാടകം അരങ്ങേറാനായപ്പോൾ പാഞ്ചാലിയുടെ വേഷം കെട്ടിയിരുന്ന ചങ്ങാതിയെ കാണാനില്ല. അന്വേഷിച്ചപ്പോൾ ടിക്കറ്റ് വിറ്റ കാശുമായി പാഞ്ചാലി മുങ്ങിയെന്നാണറിയുന്നത്. നാടകം കാണാനെത്തിയവർ വേണ്ടപോലെ ശകാരവും തന്നു മടങ്ങി. സ്‌കൂൾ പഠനകാലത്ത് നാടകം ലഹരിയും ആവേശവുമായി. പക്ഷേ, എം.ജി കോളേജിലെയും യൂണിവേഴ്‌സിറ്റി കോളേജിലെയും പഠനനാളുകളിൽ കലാലയ അരങ്ങിൽ നാടകങ്ങളൊന്നും ഞാൻ അവതരിപ്പിച്ചിരുന്നില്ല. കോളേജിനുപുറത്തെ ആർട്‌സ് ക്ലബ്ബുകളുമായി ബന്ധപ്പെട്ടായിരുന്നു എന്റെ നാടകപ്രവർത്തനങ്ങൾ.

subscribe