സിനിമയിലെത്തി വർഷങ്ങൾ കഴിഞ്ഞ് നാലാളുകൾ അറിഞ്ഞു തുടങ്ങി ഇത്തിരി ചില്ലറ കിട്ടിയൊന്നു പച്ച പിടിച്ചു തുടങ്ങിയതോടെ സ്ഥിരം കേൾക്കുന്ന ഒരു വാചകമുണ്ടായിരുന്നു.
‘ഇനിയൊരു കാർ വാങ്ങാനുള്ള സമയമായിട്ടോ…’
സുഖമുള്ള വാക്കുകളായിരുന്നെങ്കിലും എനിക്കതിൽ താത്പര്യവും ആഗ്രഹവുമില്ലായിരുന്നു. എന്റെ ജോലിക്ക് അതിന്റെ ആവശ്യവുമില്ല. അതിനേക്കാൾ ഉപരി കാർ ഓടിക്കുന്നതിൽ എന്തോ ഭയവുമുണ്ടായിരുന്നു.
ലൈസൻസ് എടുക്കു, കാറിന്റെ കാര്യം നമുക്ക് പരിഗണിക്കാമെന്ന് ഒരു നിർമാതാവ് പറഞ്ഞപ്പോഴും ഞാൻ അതിനൊന്നും ശ്രമിച്ചില്ല. സൈക്കിളിൽ സഞ്ചരിച്ചിരുന്ന എനിക്കിപ്പോളുള്ള ആക്ടീവ തന്നെ ധാരാളം. അതു കൊണ്ട് സ്വന്തമായ ഒരു കാർ എന്റെ മനസിലില്ല. മറ്റുള്ളവരെ കാണിക്കാൻ മുറ്റത്ത് ഒരു കാർ വേണ്ടയെന്നാണ് വീട്ടുകാരും.

ഇനിയാണ് ട്വിസ്റ്റ്.
അറുപതാം പിറന്നാളിനു ഒരു മാസം മുമ്പ് പെട്ടെന്നൊരു തോന്നൽ. ഈ വിശേഷ പിറന്നാളിനു ഞാൻ എനിക്ക് എന്തു സമ്മാനമാണ് നൽകാൻ കഴിയുക?
ഈ പ്രായത്തിൽ എന്താണ് പഠിക്കാനുള്ളത്? വെളിച്ചം മിന്നി. കാർ ഓടിക്കാൻ പഠിച്ചാല്ലോ? ആലോചിച്ചപ്പോഴേ ഭയം വിരുന്നെത്തി. പിന്നെ അതിനെ ക്കുറിച്ചായി ചിന്ത. എത്രയോ പേർ ഓടിക്കുന്നു. അപ്പോ എനിക്കും കഴിയണം. മാത്രമല്ല അറുപതിൽ പഠിക്കാൻ പോകുകയെന്നത് ഒരു ത്രില്ലല്ലേ?
അങ്ങനെ എന്തും വരട്ടെയെന്നു കരുതി ഡ്രൈവിങ് സ്‌കൂളിൽ ചേർന്നു. എന്റെ ജീവിതത്തിലെ കുട്ടിത്തം നിറഞ്ഞ ഓർമകൾ സമ്മാനിച്ച അസുലഭ ദിവസങ്ങൾ.

അറുപതുക്കാരൻ ആറു വയസുകാരനായി ഒന്നാം ക്ലാസിൽ പോകുമ്പോഴുള്ള അത്ഭുതവും ഒന്നുമറിയാത്തവന്റെ മാനസികാവസ്ഥയും. എനിക്കിപ്പോൾ അത് ഏറ്റവും മൂല്യമുള്ള അനുഭവമാണ്. ഞാൻ ഒന്നുമല്ലയെന്ന് വീണ്ടും ബോധ്യപ്പെട്ട നിമിഷങ്ങൾ. എന്നെക്കാൾ പകുതിയിലധികം പ്രായക്കുറവുള്ള ആശാൻ
വഴക്കു പറയുമ്പോൾ പരിഹസിക്കുമ്പോൾ ഒടുവിൽ നിവൃത്തിയില്ലാതെ ചെവിക്കു പിടിക്കുമ്പോൾ ഭയത്താൽ വിറക്കുന്ന ആറുകാരനായി. വാക്കുകൾക്കതീതമാണ് ആ അനുഭവം.

subscribe