നെറ്റിത്തടത്തിൽ ഒരു തൂവാലക്കെട്ട്, വേഷം കൈലി മുണ്ടും ബനിയനും. ഒരു ബീഡിപ്പുക കൂടി ഊതിവിട്ടുകൊണ്ട് എനിക്കു മുന്നിൽ പലപ്പോഴും ഈ രൂപത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോൾ ഷൂട്ടിങ് കാണാനെത്തുന്ന ആൾക്കൂട്ടത്തിനിടയിൽ, അല്ലെങ്കിൽ നഗരത്തിലെ ജനപ്രവാഹത്തിൽ, അതുമല്ലെങ്കിൽ കുഗ്രാമങ്ങളിലെ നാട്ടുകവലകളിൽ. അതെ, യാദൃച്ഛികമായി കണ്ടുമുട്ടാറുള്ള ചില നാടൻ മനുഷ്യരിലൂടെ കുതിരവട്ടം പപ്പുവേട്ടന്റെ ഓർമകൾ അവിചാരിതമായി എന്നെ വന്നുപൊതിയാറുണ്ട്. മൺമറഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഏതൊക്കെയോ മനുഷ്യരൂപങ്ങളായി പപ്പുവേട്ടൻ എനിക്കു മുൻപിൽ വരാറുണ്ട്. ആ ചിരിയും ദേഷ്യപ്പെടലുകളും സങ്കടങ്ങളുമെല്ലാം അപ്പോൾ ഓർമയിൽ തളംകെട്ടും. ‘മഞ്ഞിൽവിരിഞ്ഞ പൂക്കളി’ൽ ഞാനഭിനയിക്കുമ്പോൾ പപ്പുവേട്ടൻ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണ്. അദ്ദേഹമില്ലാത്ത ചിത്രങ്ങൾ തന്നെ വിരളമായിരുന്നു. ‘അങ്ങാടി’ തിയേറ്ററുകളിൽ തകർത്തോടുന്ന കാലം. കുതിരവട്ടം പപ്പു എന്ന നടന്റെ അഭിനയസാധ്യതകൾ ഏറെ ഉപയോഗപ്പെടുത്തിയ ചിത്രങ്ങളിൽ ഒന്നായിരുന്നു അങ്ങാടി. അതിലെ അബു എന്ന അദ്ദേഹത്തിന്റെ കഥാപാത്രം ജീവിതത്തിന്റെ നേർപകർപ്പായിരുന്നു. ”പാവാട വേണം മേലാട വേണം പഞ്ചാര പനങ്കിളിക്ക്…” എന്ന അങ്ങാടിയിലെ ഗാനം പപ്പുവേട്ടന്റെ മുഖഭാവങ്ങളോടെയാണ് മനസിലേക്ക് ഓടിയെത്താറുള്ളത്. അത്രമാത്രം അബുവുമായി അദ്ദേഹത്തിലെ നടൻ ഇഴുകിച്ചേർന്നിരുന്നു. മഞ്ഞിൽവിരിഞ്ഞ പൂക്കൾ കഴിഞ്ഞ് രണ്ടുമൂന്നു ചിത്രങ്ങൾക്ക് ശേഷമാണ് ഞാൻ വീണ്ടും പപ്പുവേട്ടനുമായി ഒന്നിക്കുന്നത്. 1981-ലെ ഒരു പകൽവെളിച്ചത്തിൽ കോഴിക്കോട് നഗരം ആദ്യമായി എനിക്ക് ആതിഥ്യമരുളുന്നത് ഗൃഹലക്ഷ്മി പ്രൊക്ഷൻസിനുവേണ്ടി ഐ.വി. ശശി സംവിധാനം ചെയ്ത ‘അഹിംസ’യുടെ ലൊക്കേഷനിലേക്കാണ്. കോഴിക്കോട് നഗരവും തെരുവുകളുമൊക്കെയായിരുന്നു മുഖ്യ ലൊക്കേഷനുകൾ. പുതിയ സൗഹൃദങ്ങളുടെയും പുത്തൻ അനുഭവങ്ങളുടെയും വാതിൽ അഹിംസ എനിക്കു മുൻപിൽ തുറന്നു. അതിനു മുൻപ് അത്രയും വിശാലമായ ഒരു സൗഹൃദവേദിയിലേക്ക് ഞാൻ എത്തിച്ചേർന്നിരുന്നില്ല. കോഴിക്കോടൻ നാടകവേദിയെ പ്രകമ്പനം കൊള്ളിച്ച പരിചയവുമായി സിനിമയിലെത്തിയവരുടെ വലിയ നിര അഹിംസയിലുണ്ടായിരുന്നു. ബാലൻ കെ. നായർ, നെല്ലിക്കോട് ഭാസ്‌കരൻ, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, ഭാസ്‌ക്കരക്കുറുപ്പ്… അങ്ങനെ അങ്ങനെ ഒരുപാട് പ്രതിഭകളുടെ സർഗസാന്നിധ്യത്തിലേക്കാണ് അന്നു ഞാൻ എത്തിപ്പെട്ടത്. പുതുമുഖമെന്ന ഭേദമില്ലാതെ അവർ എന്നെയും ആ കൂട്ടായ്മയിലേക്കു കൂട്ടി. പ്രായഭേദമില്ലാതെ സൗഹൃദം പങ്കിട്ടിരുന്ന ആളായിരുന്നു പപ്പുവേട്ടൻ. അദ്ദേഹം സെറ്റിലുണ്ടെങ്കിൽ ചിരിയുടെ പൂരമായിരിക്കും. അഭ്രപാളിയിലൂടെ മാത്രം അനുഭവിച്ച ആ ചിരി ഞാൻ നേരിൽ അറിയുന്നത് അഹിംസയിൽ അഭിനയിക്കുമ്പോഴാണ്. എനിക്കതിൽ വില്ലൻ വേഷമായിരുന്നു. പപ്പുവേട്ടന് അലക്കുകാരന്റെ വേഷവും. സൗഹൃദത്തിന്റെ വലിയൊരു തണൽമരം കൂടിയാണ് പപ്പുവേട്ടനിലൂടെ എനിക്കു ലഭിച്ചത്. അങ്ങാടിയിലെ പാട്ടുപോലെ അഹിംസയിലും പപ്പുവേട്ടൻ അഭിനയിച്ച സൂപ്പർഹിറ്റ് ഗാനമുണ്ടായിരുന്നു. ”ഞാനൊരു ടോബി… അലക്കുജോലി, ഈ നാട്ടുകാരുടെ വിയർപ്പുമുഴുവൻ…” എന്ന് തുടങ്ങുന്ന ഗാനം ചെറിയകുട്ടികൾക്ക് പോലും അന്ന് കാണാപാഠമായിരുന്നു. കഥാന്ത്യത്തിൽ വില്ലനായ ഞാൻ കൊല്ലപ്പെടുന്നത് പപ്പുവേട്ടന്റെ കൈ കൊണ്ടാണ്. അഹിംസക്കു ശേഷം നിരവധി ചിത്രങ്ങളിൽ ഞങ്ങളൊന്നിച്ചു. സിനിമയിൽ വില്ലനായി തുടങ്ങിയ എന്റെ അഭിനയജീവിതത്തിലെ വളർച്ചയുടെ ഓരോ ഘട്ടവും മൂത്ത ഒരു ജ്യേഷ്ഠസഹോദരന്റെ സ്‌നേഹത്തോടെയാണ് പപ്പുവേട്ടൻ നോക്കി കണ്ടത്. ജീവിതത്തിൽ പല പരുക്കൻ പ്രതലങ്ങളിലൂടെ കടന്നുപോയതിന്റേതാകാം ഒരസാമാന്യ ധൈര്യം പപ്പുവേട്ടനിൽ എപ്പോഴുമുണ്ടായിരുന്നു. അഭിനയിച്ച കഥാപാത്രങ്ങളേക്കാളും സംഭവബഹുലമായിരുന്നു ആ ജീവിതമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമയ്ക്കിടയിലെ സൗഹൃദവേളകളിൽ, കടന്നുപോയ കഠിനജീവിതത്തെക്കുറിച്ച് പലപ്പോഴും അദ്ദേഹം എന്നോട് മനസുതുറന്നിട്ടുണ്ട്. ജനിച്ച് നാൽപ്പതാം നാൾ അച്ഛന്റെ മരണം. പതിനാറാമത്തെ വയസിൽ അമ്മയുടെ വേർപാട്. പിന്നീടുള്ള ജീവിതം അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും നടുവിൽ. ആശ്വാസമായത് നാടകാഭിനയം മാത്രം. നാടകത്തിൽ അഭിനയിക്കാൻ ഒരു അവസരത്തിനുവേണ്ടി പല വലിയ നടന്മാരോട് വരെ യാചിക്കേണ്ടി വന്ന അവസ്ഥ. നാടകട്രൂപ്പിൽ കർട്ടൻ വലിക്കാരാനായി തുടങ്ങിയ ആ കലാജീവിതം എന്തുമാത്രം തീക്ഷ്ണതകളിലൂടെയാണെന്ന് കടന്നുപോയതെന്ന് ഊഹിക്കാൻപോലും കഴിയില്ല. ചിലപ്പോഴൊക്കെ പപ്പുവേട്ടൻ പറയും ”ഈ ചിരി കണ്ണീരിന്റെയാണു മോനേ…” അതു തന്നെയായിരുന്നു യാഥാർത്ഥ്യവും. സിനിമയിലായാലും നാടകത്തിലായാലും പ്രേക്ഷകരെ നന്നായി ചിരിപ്പിച്ചവർക്കെല്ലാം പറയാനുണ്ടാകും കണ്ണീരിന്റെ ഒരു ഭൂതകാലം.