
* താരപുത്രന്, എന്നിട്ടും നിശബ്ദമായ അരങ്ങേറ്റം
എന്റെ അച്ഛന് ഉള്‍പ്പെടെ മിക്ക താരങ്ങളും കരിയറിന്റെ ആദ്യകാലത്ത് ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. ആ ഒരു ഊര്‍ജം അവരുടെ സിനിമകളിലുമുണ്ട്. അവരെപ്പോലെ, സ്വന്തം വഴിയിലൂടെ തന്നെ സിനിമയില്‍ നിലനില്ക്കണമെന്നാണു ഞാന്‍ വിചാരിക്കുന്നത്. എന്റെ സിനിമകളുടെ മാര്‍ക്കറ്റിങ്ങിന്റെയോ പ്രമോഷന്റെയോ കാര്യത്തില്‍ അച്ഛന് ഇടപെടാറില്ല.
* ആദ്യ സിനിമ കണ്ട അച്ഛന്റെ പ്രതികരണം
അടുത്ത സമയത്താണ് അച്ഛന് സിനിമ കണ്ടത്. വരുത്തേണ്ട കുറെ മാറ്റങ്ങള്‍ പറഞ്ഞുതന്നു. ഇനിയും നന്നാകാനുണ്ടെന്നും പറഞ്ഞു. ഇര ഇതുവരെ അച്ഛന് കണ്ടിട്ടില്ല. സിനിമയെക്കുറിച്ചു നല്ല അഭിപ്രായമാണ് കേട്ടതെന്നു പറഞ്ഞു. അച്ഛനു സന്തോഷമായിക്കാണും. വൈപ്പിന്‍ കരയിലെ കൂട്ടുകാരന്റെ വീടിനടുത്തുള്ള തിയറ്ററില്‍നിന്നാണ് ഞാന്‍ ഇര കണ്ടത്. മാസ്റ്റര്‍പീസ് കണ്ടതും അവിടുന്നാണ്. ഇവിടെ സിനിമ കാണാന്‍ എത്തുന്നത് വേറൊരു ക്ലാസ് ഓഡിയന്‍സാണ്. അവരുടെ ഒരു വൈബ് അറിയാനാണ് വൈപ്പിനില്‍ തന്നെ സിനിമ കാണാന്‍ പോകുന്നത്.
* സിനിമയിലെത്തിയില്ലെങ്കില്‍
സിനിമയില്‍ എത്തുമെന്നു ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ചെറുപ്പത്തില്‍ തെരുവുനാടകവും കഥകളിയുമൊക്കെ ചെയ്യുമായിരുന്നു. സിനിമ ഒരിക്കലും എന്റെ ലോകമായിരുന്നില്ല. എങ്കിലും ഇവിടെ എത്തിപ്പെട്ടു. സിനിമ തന്നെയാണ് എന്റെയും ചോറ്. സിനിമയില്‍ നിന്നുള്ളതേ ഞങ്ങള്‍ക്കു കിട്ടിയിട്ടുള്ളു. വേറൊരു ബിസിനസിലൂടെയുള്ള ലൈഫൊന്നും എന്ജോയ് ചെയ്തിട്ടില്ല. ആ ഒരു കൂറ് എനിക്ക് സിനിമയോടുണ്ട്. എവിടെപ്പോയാലും എങ്ങനെ ജീവിച്ചാലും അതേപടി നിലനിലനില്ക്കുക തന്നെ ചെയ്യും.
* കഥാപാത്രങ്ങള്‍ക്കു പ്രാധാന്യം
നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയൊന്നുമില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എന്റേത് അതിഥിവേഷമാണ്. പുതിയതായി ചെയ്യുന്ന മറ്റൊരു ചിത്രത്തില്‍ സഹതാരം. അഭിനയ പ്രാധാന്യമുള്ള വേഷമാണെന്നു തോന്നി തെരഞ്ഞെടുത്തു. സിനിമയിലേക്കുള്ള ചവിട്ടുപടി ഓരോരുത്തര്‍ക്കും ഓരോ രീതിയിലായിരിക്കും. ഒരാള്‍ വലുതാകണോ ചെറുതാകണോ എന്നൊക്ക തീരുമാനിക്കുക പ്രേക്ഷകര്‍ ആണ്.
* അച്ഛനും മോഹന്‍ലാലും ഒന്നിച്ച ഇരുപതാംനൂറ്റാണ്ടിനു ശേഷം മക്കള്‍ ഒന്നിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ട്
ഇരുപതാംനൂറ്റാണ്ട് ഒരു പക്കാ ഡോണ്‍ മൂവി ആയിരുന്നു. ഈ സിനിമയുടെ ടാഗ് ലൈനില്‍ തന്നെയുണ്ട് ഇതൊരു ഡോണ്‍ മൂവി അല്ലെന്ന്. അതിന്റെ രണ്ടാം ഭാഗവും അല്ല. അച്ഛനും ലാല്‍ സാറും അത്രമാത്രം ഗംഭീരമായി അഭിനയിച്ച ചിത്രത്തെക്കുറിച്ച് ഞാന്‍ എന്തു പറയാനാണ്. അതിനുള്ള കഴിവ് എനിക്കില്ല. അവരുമായി ഏതെങ്കിലും തരത്തില്‍ പോലും താരതമ്യപ്പെടുത്താന്‍ ഞാന്‍ വളര്‍ന്നിട്ടില്ല.
* പ്രണവിനൊപ്പം
അച്ഛന് സിനിമയില്‍ വലിയ താരമായിരുന്നെങ്കിലും എനിക്ക് സിനിമയുമായോ സിനിമാലോകവുമായോ വ്യക്തിപരമായി വലിയ ബന്ധങ്ങളുണ്ടായിരുന്നില്ല. പ്രണവുമായി എനിക്കു വ്യക്തിപരമായി വലിയ അടുപ്പമില്ല. ആകെ അടുപ്പം അശ്വതി അപ്പച്ചിയുമായി (നടന് ജയറാമങ്കിളിന്റെ വൈഫിനെ അപ്പച്ചി എന്നാണ് വിളിക്കുന്നത്) ആണ്. വളരെ സിംപിള്‍ ആയ വ്യക്തിയാണ് പ്രണവ്. സാധാരണ രണ്ടു മനുഷ്യര്‍ കാണുമ്പോഴുള്ള സംസാരം മാത്രം. മറ്റുള്ളവരുടെ സ്വകാര്യ ഇടങ്ങളിലേക്ക് അധികം സംസാരിക്കാന്‍ ഇഷ്ടമില്ലാത്ത വ്യക്തി ആയതുകൊണ്ട് ഞാന്‍ പ്രണവിനെ അദ്ദേഹത്തിന്റെ ലോകത്തിലേക്കു വിട്ടു.
* ആളുകളുടെ പ്രതികരണം
സിനിമയില്‍ വരുന്നതിനു മുമ്പ് ലാവിഷായി പുറത്തു ചുറ്റിയടിക്കാമായിരുന്നു. സിനിമയിലെത്തിയ ശേഷം ആളുകള്‍ തിരിച്ചറിയുന്നു എന്നതാണ് വ്യത്യാസം. എന്റെ സ്വാതന്ത്ര്യം അവിടെ പോയി. ചിലരൊക്കെ അടുത്തുവന്നു സംസാരിക്കും. അപ്പോള്‍ ഞാന്‍ അവരോടുപറയും, സിനിമയില്‍ വലിയ സംഭവമൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ എന്ന്.
* അച്ഛനെ പോലെ മാര്‍ക്കറ്റിങ്ങില്‍ താത്പര്യം ഇല്ലെന്ന് തോന്നുന്നു
ഞാന്‍ സെല്‍ഫ് മാര്‍ക്കറ്റിങ്ങുമായി വരുന്നതു നിങ്ങള്‍ കണ്ടിട്ടുണ്ടോ? എനിക്കു വേണ്ടി അച്ഛന് പോലും അങ്ങനെ ചെയ്തിട്ടില്ല. ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ പോലും എന്നെ വിളിക്കുന്നത് സിനിമ ചെയ്തതു കൊണ്ടാണ്. എന്റെ കരിയറില്‍ ഒരിടവേള വന്നാലോ ഞാന്‍ നാളെ സിനിമയില്‍ നിന്നു പോയാലോ ആരും തേടി വരില്ല, അത്രയും അടുപ്പമുള്ളവര്‍ അല്ലാതെ. അതുകൊണ്ട് മാര്‍ക്കറ്റിങ്ങില്‍ ഒന്നും ഒരു കാര്യവുമില്ല.
അച്ഛന്റെ മകന് എന്നത് ബാധ്യത അല്ല. അതെനിക്ക് പറയാന്‍ പറ്റാത്ത വികാരം ആണ്. ആദ്യ ചിത്രം വന്നത് അങ്ങനെയൊരു ടാഗ് ലൈനിലായിരുന്നു. പക്ഷേ, അത് ചെയ്യണോ വേണ്ടയോ എന്നത് എന്റെ തീരുമാനം ആയിരുന്നു. ഒരു തുടക്കക്കാരനേ പോലെ തന്നെയാണു ഞാനും. ആദ്യ സിനിമയ്ക്കു ശേഷം പിന്നെയും അവസരങ്ങള്‍ വന്നപ്പോള്‍ മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു.
