ജയനെ ഓര്‍ക്കുമ്പോള്‍ കൗതുകവും കൗതുകവും ആവേശവും വേദനയും എന്നിലൂടെ കടന്നുപോകുന്നു. ഹരിപോത്തനാണ് ജയനെ എനിക്കു പരിചയപ്പെടുത്തിത്തന്നത്. അന്ന് ജയന്‍ സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കൊല്ലത്തുകാരനാണെന്നും യഥാര്‍ഥ പേര് കൃഷ്ണന്‍ നായരാണെന്നും നേവിയിലെ ജോലി രാജിവച്ചശേഷമാണ് സിനിമയിലഭിനയിക്കാനെത്തിയതെന്നുമുള്ള ചില വര്‍ത്തമാനങ്ങള്‍ ആദ്യ പരിചയപ്പെടലില്‍ ജയനില്‍ നിന്നുണ്ടായി. പെരുമാറ്റത്തിലെ മാന്യതയും വിനയവുമാണ് ആദ്യം ജനയനിലേക്ക് എന്നെ ആകര്‍ഷിച്ചത്. ആ സ്വഭാവവിശേഷത ജയന്‍ മരണം വരെ കാത്തു സൂക്ഷിച്ചിരുന്നു. ഏവരോടും ഒരു കലാകാരനുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണവും അതുതന്നെയാണ്. കേവലം പത്തെഴുപത് മാസമേ ജയന് അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ. ചുരുങ്ങിയ ഈ കാലംകൊണ്ടുതന്നെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോയും സൂപ്പര്‍സ്റ്റാറുമായി. ജയന്‍റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, രാഘവന്‍, വിന്‍സെന്‍റ്, സുധീര്‍, മോഹന്‍, രവികുമാര്‍, ഞാന്‍, പിന്നെ കമല്‍ഹാസന്‍ അന്ന് നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്നു ജയന്‍. പക്ഷേ, ജയന്‍റെ വില്ലന്മാര്‍ പലപ്പോഴും പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങിയിരുന്നു. അത് ജയന്‍റെ പ്രത്യേക രീതിയിലുള്ള അഭിനയശൈലി കൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുന്നതുകൊണ്ടുമായിരുന്നു. വില്ലനായും ഉപനായകനായും തുല്യപ്രാധാന്യമുള്ള വേഷങ്ങളിലും ജയന്‍ എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട്. വേഷം എത്ര ചെറുതായാല്‍പ്പോലും അതിന് അതിന്‍റേതായ ഒരു മിഴിവ് നല്‍കാന്‍ ജയന്‍ എപ്പോഴും ശ്രദ്ധിച്ചു. എന്‍റെ ഉമാ സ്റ്റുഡിയോവില്‍ ആദ്യം നിര്‍മിച്ച ‘അസ്തമയ’ത്തിന്‍റെ വര്‍ക്കുകള്‍ നടക്കുന്നതിനിടയിലാണ് ജയന്‍ ഒരിക്കല്‍ കടന്നുവന്നത്. ആ ചിത്രത്തില്‍ ഒരു വേഷം നല്‍കണം എന്നാവശ്യവുമായിട്ടായിരുന്നു ആ വരവ്. കഥയില്‍ ഇല്ലാത്ത ഒരു കഥാപാത്രത്തെ ഞാന്‍ ജയനുവേണ്ടി സൃഷ്ടിക്കുകയായിരുന്നു. വെറും നാലോ അഞ്ചോ സീനില്‍ മാത്രമൊതുങ്ങുന്ന വേഷം കോളേജിലെ എന്‍റെ സഹപാഠി. ആ വേഷം ജയന്‍ ശ്രദ്ധേയമാക്കി. ജയന്‍റെ രണ്ടുമൂന്ന് സംഘട്ടന രംഗങ്ങളും ഈ ചിത്രത്തിലുണ്ടായിരുന്നു. പരിചയപ്പെട്ട കാലം മുതല്‍ ജയനില്‍ എനിക്കു തോന്നിയ മറ്റൊരു സവിശേഷത അദ്ദേഹത്തിന്‍റെ ആരോഗ്യപരിപാലനമായിരുന്നു. നന്നായി വ്യായാമം ചെയ്തു ദൃഢപ്പെടുത്തിയ ആ ശരീരം ജയന്‍ പൊന്നുപോലെയാണ് സൂക്ഷിച്ചത്. ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്‍മാന്‍ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിര്‍ത്താവുന്ന നടനായിരുന്നു ജയന്‍. ഇതിനര്‍ത്ഥം ജയന്‍ വെറും സ്റ്റണ്ട് നടനായിരുന്നു എന്നല്ല. നല്ല അഭിനയശേഷി ജയനിലുണ്ടായിരുന്നു. ഒട്ടേറെ ചിത്രങ്ങള്‍ ഒരുമിച്ചുചെയ്തതുകൊണ്ട് ഇക്കാര്യം എനിക്കു നന്നായിട്ടറിയാം.