
കേരളീയ സാംസ്കാരിക ജീവിതത്തിന്റെ കരള്ത്തുടിപ്പായി മലയാള നാടകവേദി മാറിയ കാലം. മൂര്‍ച്ചയുള്ള ഒരു മുള്ള് നെഞ്ചില്‍ തറയ്ക്കുന്നപോലെ കാണികളുടെ ഉള്ളിലേക്ക് അഭിനയവുമായി ആഴ്ന്നിറങ്ങിയവര്‍ അരങ്ങില്‍ നിറഞ്ഞുനിന്ന നാളുകള്‍. അന്നു തുടങ്ങിയതാണ് സാവിത്രി ശ്രീധരന് ഈ യാത്ര. ചായം തേച്ച മുഖങ്ങളിലേക്ക് നടനരസങ്ങളെ ആവാഹിച്ച് അര നൂറ്റാണ്ടിലേറെക്കാലം അരങ്ങില്‍ സാവിത്രി പൊട്ടിച്ചിരിച്ചു, ചിലപ്പോള്‍ ചങ്കുപൊട്ടിക്കരഞ്ഞു, ആടിയും പാടിയും അഴല്പ്പെടുത്തിയും ഒരുപാട് ജീവിതങ്ങള്‍ നമുക്കു മുന്നില്‍ പകര്‍ത്തിവച്ചു. നിറഞ്ഞ കൈയടികളോടെ അതെല്ലാം സ്വീകരിക്കപ്പെട്ടു. പക്ഷേ, അഭിനേത്രി എന്നതിനപ്പുറമുള്ള സാവിത്രിയുടെ ചമയങ്ങളഴിച്ചുവച്ച തിരശ്ശീലയ്ക്കു പിന്നിലെ ജീവിതത്തെക്കുറിച്ചു നമ്മള് അജ്ഞരായിരുന്നു. അരങ്ങില്‍ നിറഞ്ഞുനിന്ന അമ്പതിലേറെ വര്‍ഷം വ്യക്തിജീവിതത്തില്‍ അവര്‍ക്ക് എന്താണ് നേടിക്കൊടുത്തത്? രണ്ടര മണിക്കൂര്‍ ആടിത്തിമിര്‍ത്ത ശേഷം സദസില്‍ നിന്നുയരുന്ന കരഘോഷങ്ങള്‍ മാത്രമാണ് ഇവരുടെ നാടകജീവിതത്തിന്റെ ബാക്കിപത്രം.
കൊട്ടാരസദൃശമായ വീടുകളില്‍ ജീവിക്കാന്‍ സാവിത്രി ആഗ്രഹിച്ചിട്ടില്ല. ശീതീകരിച്ച മുറികളില്‍ കിടന്നുറങ്ങാനോ പട്ടുവസ്ത്രങ്ങളണിഞ്ഞ് നടക്കാനോ അല്ല ഈ കലാകാരി കൊതിച്ചത്. പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നാനാമുഖത്വം സ്വന്തം ഹൃദയത്തോടു ചേര്‍ത്തുവച്ചു നാടകത്തിലേക്കു പകരാനാണ് സാവിത്രി മോഹിച്ചത്. അതിനായി ആത്മാര്‍പ്പണം ചെയ്യേണ്ടി വന്നത് സ്വന്തം ജീവിതവും. സിനിമയുടെ വഴിയിലേക്കു കടന്നപ്പോള്‍ തന്നെ തേടിയെത്തിയ മികച്ച സ്വഭാവനടിക്കുള്ള പുരസ്കാരത്തിന് ഇക്കാലമത്രയും ഈ പെണ്‍ജീവിതം കുടിച്ചു വറ്റിച്ച കണ്ണീരേറെയാണ്. സഹനത്തിന്റെ എത്രയെത്ര കടലുകളാണ് ഇവര്‍ നീന്തിക്കയറിയത്. കനലടങ്ങാത്ത ജീവിതത്തിന്റെ തീച്ചൂളയില്‍ വെന്തുരുകുമ്പോഴും സാവിത്രിക്ക് അഭയവും ആശ്വാസവും ഒന്നുമാത്രമായിരുന്നു, നാടകം. അതെ, നാടകമായിരുന്നു അന്നും ഇന്നും എന്നും സാവിത്രിയുടെ ജീവിതം. അതുകൊണ്ടുതന്നെയാണ് സിനിമാലോകം ഇവരെ കൊണ്ടാടുമ്പോഴും ഈ അഭിനേത്രി ഉറക്കെ വിളിച്ചുപറയുന്നത്: “നാടകമാണ് എന്റെ തട്ടകം. അരങ്ങു നല്കിയ അനുഭവ തീക്ഷ്ണതകളാണ് എന്റെ കരുത്ത്.” – എത്രപേര്‍ക്ക്… എത്രപേര്‍ക്ക്… ഇങ്ങനെ ഉറക്കെ പറയാനാകും. അതാണ് നാടകത്തിന്റെ കരുത്ത്. അതുതന്നെയാണ് സാവിത്രി ശ്രീധരന്റെ പെണ്‍കരുത്ത്.
‘സുഡാനി ഫ്രം നൈജീരിയ’ ഹൃദ്യമായ ഒരു ചെറിയ സിനിമയാണ്. എന്നാല്‍, ചെറിയ മനുഷ്യരുടെ വലിയ ജീവിതമാണ് അതു കാണിച്ചുതരുന്നത്. നാടകവേദികളില്‍ നിറഞ്ഞുനിന്ന കാലത്തും സാവിത്രി ശ്രീധരന് നമുക്കു കാണിച്ചുതന്നിരുന്നത് ചെറിയ മനുഷ്യരുടെ ഇത്തരം വലിയ ജീവിതങ്ങളാണ്. എന്നാല്‍, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് എം.ടി. പറഞ്ഞപോലെ “കളിച്ച നാടകങ്ങളേക്കാള്‍ വലുതായിരുന്നു അവര്‍ അഭിനയിച്ച ജീവിതങ്ങള്‍” എന്ന് നമ്മള് തിരിച്ചറിയുന്നത് അരങ്ങിനും അഭ്രപാളിക്കുമപ്പുറമുള്ള സാവിത്രിയുടെ ജീവിതം കേള്‍ക്കുമ്പോള്‍ മാത്രമാണ്.
തിരൂര്‍ തുഞ്ചന്‍പറമ്പിലേക്ക് ഒരു നട്ടുച്ച നേരത്ത് ചായംതേക്കാത്ത മുഖങ്ങളുമായി സാവിത്രി ശ്രീധരന് കടന്നുവന്നു. എ.സി കാറില്‍ അവര്‍ വന്നിറങ്ങുമ്പോള്‍ അവരുടെ മുഖത്ത് വല്ലാത്തൊരു ചിരിയുണ്ടായിരുന്നു. ലോകം കീഴ്മേല്‍ മറിഞ്ഞതുപോലെ. നാടകനടി മാത്രമായിരുന്നപ്പോള്‍ ക്ഷണിക്കപ്പെട്ട പരിപാടികളില്‍ പങ്കെടുത്ത് മടങ്ങാന്‍ ഓട്ടോറിക്ഷക്കുള്ള കാശുപോലും നല്‍കാതിരുന്ന സംഘാടകരെ അവര്‍ ഓര്ത്തുപോയിട്ടുണ്ടാകാം. വെള്ളിത്തിരയില്‍ മുഖമെത്തിയതോടെ വമ്പന്‍ വാഹനങ്ങളുമായി ആളുകള്‍ യാത്രാസൗകര്യമൊരുക്കുന്നത് കാണുമ്പോള്‍ ഏറെ വേദന കലര്‍ന്ന ഈ ചിരി മാത്രമാണ് ഇവരുട മുഖത്ത് ഭാവമായി വരുന്നത്. “ഇക്കാലമത്രയും ഞങ്ങളുടെ ജീവിതം വെന്തുരുകിയപ്പോള്‍ ആ സങ്കടം കാണാന്‍ നിങ്ങളിലെത്രപേരുണ്ടായി? ഇപ്പോള്‍…. ? ഞങ്ങള്‍ക്കറിയാം, എല്ലാം നാടകമാണെന്ന്. ജീവിതമെന്ന മഹാനാടകത്തിലെ അഭിനേതാക്കളാണ് നമ്മളെല്ലാവരും”… എന്ന് സാവിത്രിയും സരസയും പറയാതെ പറഞ്ഞിട്ടുണ്ടാകാം. അരങ്ങും ഉയിരും അത്രമേല്‍ ഇഴചേര്‍ന്ന ജീവിതാനുഭവങ്ങളിലേക്ക് അവര്‍ നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ്.
രംഗം ഒന്ന്
………………………
കോഴിക്കോട് തിരുവണ്ണൂരിലെ കോട്ടണ്‍ മില്‍ തൊഴിലാളിയായിരുന്ന വേലിക്കല് അപ്പുട്ടിയുടെയും പെണ്ണുട്ടിയുടെയും മകള്‍ സാവിത്രി ശ്രീധരന് അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ട തന്റെ നാടകജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മകളുടെ അരങ്ങിലേക്ക് ആദ്യമെത്തുന്നത് സഖാവ് എ.കെ.ജിയാണ്. കേരളത്തില്‍ കമ്യൂണിസ്റ്റു വേട്ട വ്യാപകമായിരുന്ന നാല്‍പ്പതുകളില്‍ എ.കെ.ജിയുടെയും എ.വി. കുഞ്ഞമ്പുവിന്റെയും ഒളിവുജീവിതം കുറച്ചുനാളുകള്‍ പാര്‍ട്ടി പ്രവര്ത്തകന് കൂടിയായിരുന്ന അപ്പുട്ടിയുടെ വീട്ടിലായിരുന്നു. അന്ന് സാവിത്രിക്ക് രണ്ടര വയസാണ് പ്രായം. “അമ്മ അനിയത്തിയെ പ്രസവിച്ചു കിടക്കുന്ന കാലത്താണ് എ.കെ.ജിയും എ.വി. കുഞ്ഞമ്പുവും ഞങ്ങളുടെ വീട്ടില്‍ ഒളിവില്‍ താമസത്തിനെത്തുന്നത്. അനിയത്തിക്ക് സോന എന്ന പേരിട്ടത് കുഞ്ഞമ്പു സഖാവാണ്. ആ ദിവസങ്ങളില്‍ എ.കെ.ജി എനിക്ക് ഒരുപാട് കഥകള്‍ പറഞ്ഞുതരുമായിരുന്നു. മുടിചീകി മെടഞ്ഞുതന്നിരുന്നത് എ.വി. കുഞ്ഞമ്പുവും. അങ്ങനെ കുറേ ദിവസങ്ങള്‍ അവര്‍ വീട്ടിലുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ ഉറക്കമുണര്‍ന്ന് വരുമ്പോള്‍ രണ്ടുപേരെയും കാണാനില്ല. തലേന്നു രാത്രി സഖാക്കള്‍ വന്നു കൂട്ടിക്കൊണ്ടുപോയി എന്ന് അച്ഛമ്മ പറഞ്ഞപ്പോള്‍ എനിക്കു വല്ലാത്ത വിഷമമുണ്ടായി. പിന്നീടും ഞാന്‍ എ.കെ.ജിയെ കണ്ടു, എന്റെ എട്ടാമത്തെ വയസില്‍. തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ യൂണിയന് വാര്‍ഷികത്തിന്റെ ഉദ്ഘാടനം എ.കെ.ജിയായിരുന്നു. എ.കെ.ജി പ്രസംഗിച്ച ആ വേദിയിലായിരുന്നു നര്‍ത്തകിയായുള്ള എന്റെ അരങ്ങേറ്റം. വീണ്ടും ഒരു തവണകൂടി അദ്ദേഹത്തെ കാണാന്‍ അവസരമുണ്ടായി. തൃക്കരിപ്പൂരില്‍ നടന്ന നാടകമത്സരത്തില്‍ വച്ച് കൊയിലാണ്ടിയിലെ ഒരു അമച്വര്‍ നാടക സമിതിയുടെ നാടകത്തില്‍ അഭിനയിച്ചതിന് മികച്ച നടിയായി ഞാന്‍ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ആ പുരസ്കാരം എനിക്കു നല്‍കിയത് എ.കെ.ജിയായിരുന്നു. അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് അതേറ്റുവാങ്ങുമ്പോള്‍, എ.കെ.ജി പറഞ്ഞുതന്ന കഥകള്‍ കേട്ടുറങ്ങിയ ആ രണ്ടരവയസുകാരിയെ ഞാന്‍ ഓര്‍ത്തു.” എഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും സാവിത്രിയുടെ ഓര്‍മകള്‍ക്ക് ചുവപ്പിന്റെ തുടിപ്പ്.
