
മിസ്റ്റര്‍ മരുമകന് എന്ന ബിഗ് ബജറ്റ് ചിത്രത്തിനു ശേഷം മറ്റൊരു ബിഗ് ബജറ്റ് ചിത്രവുമായി എത്തുകയാണ് നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ്. യുഎഇയിലെ പ്രമുഖ മലയാളി വ്യവസായി കൂടിയായ നെല്‍സണ്‍ ഐപ്പ് മമ്മൂട്ടി നായകനാകുന്ന തന്റെ പുതിയ ചിത്രമായ ‘മധുരരാജ’ യുടെ നിര്മാണത്തിരക്കുകളിലാണ്. ഹിറ്റ് കൂട്ടുകെട്ട് വൈശാഖ്-ഉദയകൃഷ്ണ ടീമാണ് ചിത്രമൊരുക്കുന്നത്. ‘മധുരരാജ’ യുടെയും പ്രവാസത്തിന്റെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെയും കുറിച്ച് നെല്‍സണ്‍ ഐപ്പ്. 2019-നെ പ്രതീക്ഷയോടെ കാണുന്ന നെല്‍സണ്‍ ഐപ്പ് താരചിത്രങ്ങളുടെ അണിയറത്തിരക്കുകളിലുമാണ്
* മിസ്റ്റര്‍ മരുമകനുശേഷം വലിയൊരിടവേള, ഇപ്പോള്‍ മുധരരാജ
മിസ്റ്റര്‍ മരുമകന് എന്ന ചിത്രത്തിന്റെ നിര്‍മാണ പങ്കാളിത്തത്തിലേക്ക് ഞാനെത്തുന്നത് സൗഹൃദത്തിന്റെ വഴികളിലൂടെയാണ്. നിര്‍മാതാവ് മഹാസുബൈറുമായുള്ള സൗഹൃദമാണ് എന്നെ ആ ചിത്രത്തിന്റെ നിര്‍മാണച്ചുമതലയിലേക്ക് എത്തിക്കുന്നത്. ദിലീപ്-സന്ധ്യാമോഹന്-ഉദയകൃഷ്ണ-സിബി കെ. തോമസ്-മഹാസുബൈര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ജനപ്രിയ ഹിറ്റ് ആയിരുന്നു. അന്നു മുതല്‍ എന്റെ ആഗ്രഹമായിരുന്നു ഒരു ചിത്രം ഒറ്റയ്ക്ക് പ്രൊഡ്യൂസ് ചെയ്യുകയെന്നത്. മിസ്റ്റര്‍ മരുമകന്റെ സമയത്തുതന്നെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയുമായി ഇക്കാര്യം ഞാന്‍ ചര്‍ച്ച ചെയ്തിരുന്നു. എനിക്കിണങ്ങിയ പ്രോജക്ട് വരുമ്പോള്‍ പരിഗണിക്കാമെന്ന് ഉദയകൃഷ്ണ എന്നോടു പറഞ്ഞിരുന്നു. അങ്ങനെ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ‘മധുരരാജ’ യുടെ നിര്‍മാണത്തിലേക്ക് എത്തുന്നത്.
* മാസ് സിനിമകള്‍
മാസ് സിനിമകള്‍ മാത്രം തെരഞ്ഞെടുത്ത് ചെയ്യുന്നതല്ല. എന്നെ സംബന്ധിച്ച് സിനിമ സൗഹൃദത്തിന്റെ ഭാഗമാണ്. ബിസിനസ് എനിക്ക് രണ്ടാമത്തെ വിഷയമാണ്. കന്നിച്ചിത്രമായ മിസ്റ്റര്‍ മരുമകനും ഒരു സൗഹൃദത്തിന്റെ സിനിമ ആയിരുന്നു. സിനിമയില്‍ വന്‍ താരനിര തന്നെ ഉണ്ടായിരുന്നു- ദിലീപ്, ഭാഗ്യരാജ്, ഷീല, ഖുശ്ബു, ബിജുമേനോന്, നെടുമുടി വേണു, സലിംകുമാര്‍, ഹരിശ്രീ അശോകന്, കവിയൂര്‍ പൊന്നമ്മ അങ്ങനെ പോകുന്നു. മാത്രമല്ല, ബാലതാരമായി പ്രേക്ഷകരുടെ മനസു കീഴടക്കിയ സനുഷ നായികയാകുന്ന ആദ്യ ചിത്രം കൂടിയായിരുന്നു മിസ്റ്റര്‍ മരുമകന്. ‘മധുരരാജ’, ‘പോക്കിരി രാജ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ വന്‍ താരനിര തന്നെയുണ്ട്. ജയ്, ജഗപതി ബാബു, സിദ്ധിഖ്, അനുശ്രീ, ഷംന കാസിം, നെടുമുടി വേണു, വിജയരാഘവന്, ആശിഷ് വിദ്യാര്‍ത്ഥി, അതുല്‍ കുല്‍ക്കര്‍ണി, സലിംകുമാര്‍, രമേഷ് പിഷാരടി, ധര്മജന് ബോള്‍ഗാട്ടി, ബാല, പ്രശാന്ത് എന്നിവര്‍ സിനിമയിലുണ്ട്. കൂടാതെ, സണ്ണി ലിയോണിന്റെ നൃത്തരംഗവും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. സണ്ണി ലിയോണ്‍ ആദ്യമായാണ് മലയാളസിനിമയില്‍ എത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
* മധുരരാജ
വിഷുവിന് ചിത്രം റിലീസ് ചെയ്യാനുള്ള അവസാനഘട്ട തയാറെടുപ്പുകളിലാണ്. ‘മധുരരാജ’ മമ്മൂക്കയുടെ എക്കാലത്തെയും മികച്ച മാസ് ചിത്രമായിരിക്കും എന്നതില്‍ സംശയമില്ല. മാസ് മൂവി മേക്കേഴ്സ് എന്നു വിളിക്കപ്പെടുന്ന വൈശാഖ്-ഉദയകൃഷ്ണ ടീമാണ് ചിത്രമൊരുക്കുന്നത്. പുലിമുരുകനു ശേഷം വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പുലിമുരുകനു മുമ്പ് അവര്‍ ഒന്നിച്ച പോക്കിരി രാജയും മാസ് ഹിറ്റ് ആയിരുന്നു.
പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തില്‍. പുലിമുരുകന് ഉള്‍പ്പെടെയുള്ള സിനിമകളില്‍ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹെയ്ന് ‘മധുരരാജ’യ്ക്കു വേണ്ടിയും ആക്ഷന്‍ ഒരുക്കുന്നു. പ്രേക്ഷകരുടെ ഇഷ്ടങ്ങള്‍ പിടിച്ചുപറ്റുന്ന എല്ലാ ചേരുവകളും ചേര്‍ത്ത, നൂറുശതമാനവും ഒരു മാസ് മൂവി ആയിരിക്കും ‘മധുരരാജ’.
* സിനിമയുടെ മാറിയ കാലം
സിനിമ നിര്‍മാണം സുഗമമായ ഒരു ജോലിയല്ല. ആര്‍ട്ടിസ്റ്റുകളുടെ മാത്രമല്ല, നൂറു കണക്കിന് ടെക്നിഷ്യന്മാരുടെയും സേവനം സിനിമയ്ക്ക് ആവശ്യമാണ്. ഇവരെയെല്ലാം ഒത്തൊരുമിപ്പിച്ച് ഒരു തോണിയില്‍ പുഴ കടക്കുന്നതുപോലെയാണ് ഇത്. പ്ലാന്‍ ചെയ്ത സമയത്ത് സിനിമ ഷൂട്ട് ചെയ്തു തീര്‍ക്കുക, പബ്ലിസിറ്റി കൊടുക്കുക, തിയേറ്ററുകളിലെത്തിക്കുക അങ്ങനെ പോകുന്നു സിനിമയുടെ ജോലികള്‍. എല്ലാ മേഖലയിലുമുള്ളതു പോലെ സിനിമയിലും അതിന്റേതായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. അതെല്ലാം തരണം ചെയ്യുക തന്നെ വേണം.
എന്നാല്‍, എന്റെ ആദ്യ പ്രോജക്ട് ആയ മിസ്റ്റര്‍ മരുമകനിലോ മധുരരാജയിലോ എനിക്കു പ്രതിസന്ധികളോ മറ്റു പ്രയാസങ്ങളൊന്നും ഉണ്ടായിട്ടില്ല. മിസ്റ്റര്‍ മരുമകന്റെ നിര്മാണച്ചുമതലകളെല്ലാം വഹിച്ചത് മഹാസുബൈറായിരുന്നു. അതുകൊണ്ട് എനിക്കു പ്രയാസങ്ങളൊന്നും അറിയേണ്ടിവന്നിട്ടില്ല. സുബൈര്‍ എന്റെ പ്രിയപ്പെട്ട സുഹൃത്തു കൂടിയാണ്.
മധുരരാജയിലുള്ളവരും എന്റെ പ്രിയപ്പെട്ടവരും ചങ്ങാതിമാരുമാണ്. അതുകൊണ്ടെനിക്ക് വലിയ പ്രയാസങ്ങളില്ല. ഉദയനും വൈശാഖും എനിക്ക് പ്രിയപ്പെട്ടവരാണ്. പിന്നെ, ആരോമ മോഹനേട്ടനും ഈ ചിത്രത്തില്‍ എന്റെ തോളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് സിനിമ സ്മൂത്ത് ആയി മുന്നോട്ടുപോകുന്നത്.
* മലയാള സിനിമയുടെ മാറ്റം
മലയാള സിനിമയുടെ മാറ്റം ഗൗരവത്തോടെ നോക്കിക്കാണുന്ന പ്രൊഡ്യൂസര്‍ ആണ് ഞാന്‍. കാലഘട്ടത്തിനനുസരിച്ച് സിനിമ മാറിയിട്ടുണ്ട്. ഇത് അത്യന്താധുനിക സാങ്കേതികവിദ്യയുടെ കാലമാണ്. സിനിമയില്‍ നൂതന ടെക്നോളജികള്‍ ഉപയോഗിക്കുമ്പോള്‍ ദൃശ്യഭംഗിയില്‍ വലിയ മാറ്റം വരും. സിനിമയെ ന്യൂജെന്‍ സിനിമ അല്ലാത്ത സിനിമ അങ്ങനെയൊരു വേര്‍തിരിവ് വേണോ എന്നെനിക്കറിയില്ല. ആസ്വാദ്യകരമായ ചിത്രങ്ങള്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ പോയി കാണും. അതാണു സിനിമയുടെ വിജയം. പിന്നെ, കാലഘട്ടങ്ങള്‍ക്കനുസരിച്ച് സിനിമയുടെ ട്രീറ്റ്മെന്റുകളില്‍ വ്യത്യാസം വന്നിട്ടുണ്ട്. ജോണ്‍ എബ്രഹാം, പത്മരാജന്, ഭരതന്, അരവിന്ദന്, ലെനിന് രാജേന്ദ്രന്, അടൂര്‍ ഗോപാലകൃഷ്ണന്, കെ.ജി. ജോര്‍ജ് തുടങ്ങിയവര്‍ അവരുടെ കാലത്ത് സിനിമയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നവരാണ്. ഐ.വി. ശശി, ജോഷി, തമ്പി കണ്ണന്താനം, ഭദ്രന്, കമല്‍, സത്യന് അന്തിക്കാട് തുടങ്ങിയവര്‍ വാണിജ്യസിനിമകളില്‍ വന്‍ പരീക്ഷണങ്ങള്‍ നടത്തുകയും ബോക്സ് ഓഫിസ് ഹിറ്റുകള്‍ ഉണ്ടാക്കുകയും ചെയ്തവരാണ്.
സിനിമയുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് പുതുമുഖങ്ങള്‍ക്ക് കടന്നുവരാന്‍ അവസരങ്ങള്‍ ഏറെയാണ്. അതെല്ലാം ഇക്കാലത്തെ മാറ്റങ്ങളാണ്. ബിസിനസ് അടിസ്ഥാനത്തില്‍ സിനിമയ്ക്ക് വന്‍ സാധ്യതകളാണുള്ളത്. ഭാവിയില്‍ അതിന്റെ സാധ്യതകള്‍ വര്‍ദ്ധിക്കുക മാത്രമാണു ചെയ്യുക. ചുരുക്കിപ്പറഞ്ഞാല്‍, സിനിമയുടെ ലോകം കൂടുതല്‍ വിശാലമായി മാറി.
* സിനിമയിലേക്കുള്ള വരവ്
നിര്‍മാതാവ് മഹാസുബൈറുമായുള്ള പരിചയമാണ് എന്നെ സിനിമയിലേക്കെത്തിച്ചത്. 2004 മുതല്‍ അദ്ദേഹം എന്റെ സുഹൃത്താണ്. 2012-ല്‍ മിസ്റ്റര്‍ മരുമകന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചപ്പോള്‍ ഞാന്‍ അതിലേക്ക് എത്തിപ്പെടുകയായിരുന്നു. തുടര്‍ന്നുണ്ടായ സൗഹൃദങ്ങള്‍ എന്നെ സിനിമയില്‍ പിടിച്ചുനിര്‍ത്തുന്നു.
