
ചില ജീവിതങ്ങള്‍ അങ്ങനെയാണ്. എത്ര ശ്രമിച്ചാലും വരച്ചുതീര്ക്കാനാകാത്ത വിശാലമായ ഭൂപടങ്ങള്‍. അത്രയും വലിയ ഒരു ചരിത്രവും പേറിയാണ് മോഹന്‍ലാലും ഭാവിയിലേക്കു നടന്നുകയറുന്നത്. പഴയ മുഖാവരണങ്ങള്‍ അഴിഞ്ഞുവീഴുകയും പുതിയ കാല്വയ്പ്പുകളുമായി മലയാള സിനിമ ഉയരങ്ങളിലേക്കു കുതിക്കുകയും ചെയ്ത കാലമാണ് മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന്റെ മുപ്പത്തിയഞ്ചു വര്‍ഷം. സംഭവബഹുലമായ ഇന്നലെകള്‍ ചരിത്രമായി എഴുതേണ്ട കാലമെത്തിയിരിക്കുകയാണ്. അഭിനയത്തിലൂടെ തന്നെയും തന്റെ കാലത്തെയും അടയാളപ്പെടുത്തിയ മോഹന്‍ലാല്‍ എന്ന നടന്റെ സഞ്ചാരവഴികള്‍ മലയാളസിനിമയുടെയും കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിന്റെയും ചരിത്രം കൂടിയാണ്.
മോഹന്‍ലാല്‍ എന്ന നടന് എന്നിലേക്ക് ആവേശിച്ച കാലം ഏതായിരിക്കണം? 1981-ലെ വിഷുക്കാലത്താണ് മോഹന്‍ലാലിന്റെ ആദ്യചിത്രമായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ ഞാന്‍ കാണുന്നത്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന എനിക്ക് സിനിമയുടെ ലോകം അത്ര പരിചിതമല്ല. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളു’ടെ പോസ്റ്റര്‍ സിനിമ കാണുന്നതിനു മുമ്പു മനസില്‍ പതിഞ്ഞിരുന്നെങ്കിലും അതിലെ നടീനടന്മാരെക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ല. ശങ്കര്‍, മോഹന്‍ലാലിന്റെ മുകളിലേക്ക് ജീപ്പിടിച്ചുകയറ്റുന്ന ക്ലൈമാക്സ് രംഗം പോസ്റ്ററില്‍ വളരെ ആകര്‍ഷകമായിത്തോന്നി. അതാണ് സിനിമ കാണാന്‍ പ്രേരിപ്പിച്ചതും. സിനിമ കഴിയുമ്പോള്‍ മനസില്‍ അവശേഷിച്ചത് വില്ലനായെത്തിയ മോഹന്‍ലാലായിരുന്നു. വില്ലന്‍ സങ്കല്‍പ്പങ്ങള്‍ മാറ്റിയെഴുതിയ ആ വില്ലന്‍ ക്രൂരതയുടെ പര്യായമായി ഉള്ളില്‍ പതിഞ്ഞു. ജോസ് പ്രകാശിനും ബാലന് കെ. നായര്‍ക്കും കെ.പി. ഉമ്മറിനും ജനാര്ദനനുമൊക്കെ ഒരു ഇളമുറക്കാരന് എത്തിയിരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന വില്ലന്‍ വേഷങ്ങളിലാണ് മോഹന്‍ലാല്‍ തുടര്‍ന്ന് പ്രത്യക്ഷപ്പെട്ടത്. സഞ്ചാരി, അട്ടിമറി, ഊതിക്കാച്ചിയ പൊന്ന്, അഹിംസ, കാളിയമര്‍ദനം, എന്തിനോ പൂക്കുന്ന പൂക്കള്‍, ഹലോ മദ്രാസ് ഗേള്‍, ആ ദിവസം, ഭൂകമ്പം, പിന്നിലാവ്, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, കുയിലിനെ തേടി അങ്ങനെ, അങ്ങനെ…. ഒരുപാടു ചിത്രങ്ങള്‍ മോഹന്‍ലാല്‍ എന്ന പുതിയ വില്ലനെ മലയാളികളുടെ മനസില്‍ കുടിയിരുത്തി. പ്രൈമറി സ്കൂളില്‍ പഠിക്കുന്ന എന്റെയുള്ളിലും വെറുപ്പോടെ ആ നടന് കയറിക്കൂടി.
വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല മോഹന്‍ലാല്‍ എന്ന നടന്റെ സാധ്യതകളെന്ന് മലയാളസിനിമ പതിയേ തിരിച്ചറിഞ്ഞുതുടങ്ങി. സഹനടനും നായകനുമായുള്ള അദ്ദേഹത്തിന്റെ പരിണാമം സിനിമയോട് കൂടുതല്‍ അടുത്തുതുടങ്ങിയ എനിക്കും വളരെ ഹൃദ്യമായി. മമ്മൂട്ടിയുടെയും രതീഷിന്റെയും ശങ്കറിന്റെയുമൊക്കെ സഹതാരമായി പടയോട്ടം, ആധിപത്യം, ഒരു മുഖം പല മുഖം, എങ്ങനെ നീ മറക്കും തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ തിളങ്ങി. അത്യാഹിതങ്ങളില്‍ നായകനു സഹായമായെത്താനും നായകനുവേണ്ടി മരിക്കാനും തുനിയുന്ന മോഹന്‍ലാലിനെ പ്രേക്ഷകര്‍ പതിയേ സ്വീകരിച്ചുതുടങ്ങി. സത്യന് അന്തിക്കാടിന്റെ അപ്പുണ്ണി, ഐ.വി. ശശിയുടെ അതിരാത്രം, ഉയരങ്ങളില്‍, പി.ജി. വിശ്വംഭരന്റെ ഒന്നാണു നമ്മള്, ശശികുമാറിന്റെ ഇവിടെ തുടങ്ങുന്നു, ആട്ടക്കലാശം, പ്രിയദര്‍ശന്റെ പൂച്ചയ്ക്കൊരു മൂക്കുത്തി, എ. വിന്‍സന്റിന്റെ ശ്രീകൃഷ്ണപ്പരുന്ത്, ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ഭരതന്റെ കാറ്റത്തെ കിളിക്കൂട് തുടങ്ങിയ ചിത്രങ്ങള്‍ കൂടി തിയേറ്ററുകളില്‍ എത്തിയതോടെ മോഹന്‍ലാല്‍ നായകനായി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടി. വില്ലനും നായകനും എന്ന അന്തരമില്ലാതെ മോഹന്‍ലാല്‍ പ്രതിഭ തെളിയിച്ച ‘ഉയരങ്ങളി’ലെ ജയരാജന് എന്ന കഥാപാത്രം ഹീറോയിസത്തിന്റെ മൂര്‍ത്തരൂപമായി എന്റെയുള്ളില്‍ പതിഞ്ഞു.
മോഹന്‍ലാലിന്റെ ആരാധകനായി മാറിയ ആ കാലത്തു തന്നെ അദ്ദേഹത്തെ നേരില്‍ കാണാനും എനിക്കു കഴിഞ്ഞു. അപ്പുണ്ണി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി ആ ഭാഗ്യമുണ്ടായത്. ഫറോക്കിനടുത്തുള്ള മണ്ണൂര്‍ എന്ന സ്ഥലത്ത് വെച്ചായിരുന്നു ഷൂട്ടിങ്. കുതിരവട്ടം പപ്പു, ശങ്കരാടി, നെടുമുടി വേണു, മേനക തുടങ്ങിയവരോടൊപ്പം വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ഇരിക്കുന്ന മോഹന്‍ലാലിനെ ആരാധനയോടെ നോക്കിനിന്നു. ധരിച്ച വെള്ളവസ്ത്രംപോലെ തന്നെയുള്ള മനസാണ് ലാലിനെന്ന് ആദ്യകാഴ്ചയില്‍ തോന്നി.
